വിഭാഗങ്ങള്‍
- അഭിമുഖം (1)
- ആത്മകഥ (2)
- ഓര്‍മ്മക്കുറിപ്പുകള്‍ (14)
- കഥ (41)
- കവിത (104)
- പലവക (8)
- പ്രസംഗം (2)
- ഭക്തികാവ്യം (2)
- യാത്രാവിവരണം (3)
- വിവര്‍ത്തനം (8)
- സിനിമ (4)
Monday, February 28, 2022
വിധി
Thursday, February 10, 2022
ദലമര്‍മ്മരങ്ങള്‍
പാടുന്നൂ വിഷുപ്പക്ഷികള്‍, മെല്ലെ
മേടസംക്രമസന്ധ്യയില്‍...
ഒന്നു പൂക്കാന്‍ മറന്നേപോയൊരു
കൊന്നതന്‍ കുളിര്‍ച്ചില്ലമേല്‍...
കാറ്റു തൊട്ടുവിളിച്ചു മെല്ലെ നിന്
കാതിലോരോന്നു ചൊല്ലവെ...
കേട്ടുവോ, നിന്റെ ബാല്യകാലത്തിന്
കാല്ച്ചിലമ്പിലെ മര്മ്മരം...
മാവുപൂത്ത തൊടികളും, മുറ്റ-
ത്താദ്യം പൂവിട്ട മുല്ലയും...
ആറ്റുതീരത്തിലഞ്ഞിക്കാവിലെ
ആര്‍ദ്രമാം ശംഖനാദവും...
നന്മ തോറ്റുവാനെത്തും പാണന്റെ
നന്തുണിപ്പാട്ടിന്നീണവും...
ഒറ്റത്താമര മാത്രം പൂവിടും
പുണ്യകാലപ്പുലരിയും...
രാത്രിയില്‍, മുളംകാട്ടില്‍ നിന്നാരോ-
മൂളും, ഹിന്ദോളരാഗവും...
സ്വപ്നത്തില്‍ മാത്രം കണ്ട ഗന്ധര്വന്
സത്യത്തില്‍, മുന്നില്‍ നില്‍പ്പതും...
ഏതോ ലജ്ജയാല്‍, നീ മുഖം, തുടു-
ത്താകെ വാടിത്തളര്‍ന്നതും...
ഓര്‍മ്മകള്‍, മഞ്ഞുപാളികള്‍ മാറ്റി
ഇന്നും നിന്നെ വിളിക്കവേ...
സ്നേഹസാന്ദ്രമായ് പൂക്കുന്നു, നീയീ
പാഴ്ത്തൊടിയിലെ കൊന്നപോല്‍...
(ശ്രീ. V K പ്രകാശ് സംവിധാനം നിര്‍വഹിച്ച്, 2000ല്‍ പുറത്തിറങ്ങിയ പുനരധിവാസം എന്ന ചിത്രത്തില്‍ ഈ കവിത ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സംഗീതം നല്കി ആലപിച്ചത് ശ്രീ. G വേണുഗോപാല്‍ ആണ്. അദ്ദേഹവും മകന്, അരവിന്ദ് വേണുഗോപാലും ചേര്‍ന്ന് ഈ കവിത (ഗാനം) ആലപിക്കുന്ന മറ്റൊരു വേര്‍ഷന്‍ ഇവിടെ ആസ്വദിക്കാം.)