Wednesday, March 30, 2022

ഭാരതം!

 






- ഓ വി വിജയന്‍


     മഹാഭാരതം കേട്ടെഴുതുന്നതിന്‍റെ തിരക്ക്. വ്യാസന് കേട്ടെഴുത്തുകാരനെ വിശ്വാസമായിരുന്നു.

"ഗണേശന് ചുരുക്കെഴുത്ത് പിഴയ്ക്കില്ല." - മഹര്‍ഷി പറഞ്ഞു.

     അതുകൊണ്ട് അദ്ദേഹം ചൊല്ലിക്കൊടുത്തത് പുറകോട്ടുചെന്ന് വായിച്ചു നോക്കാന്‍ മെനക്കെട്ടില്ല.

     എന്നാല്‍ ഭഗവത്‌ഗീതയില്‍ 'ചാതുര്‍വര്‍ണ്യം മയാസൃഷ്ടം' എന്ന ഭാഗം കഴിഞ്ഞപ്പോള്‍, അത് സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതാണെന്ന് വ്യാസന് തോന്നുകയും, അക്കാരണത്താല്‍ പ്രസിദ്ധീകരണത്തിനുമുമ്പ് ഒന്നുകൂടി തിരുത്തണമെന്ന് നിശ്ചയിക്കുകയും ചെയ്തു.

     ഗണേശന്‍ അന്ന് വരുന്നതിനുമുമ്പുതന്നെ ഈ വീണ്ടുവായന കഴിയ്ക്കാനായി വ്യാസന്‍ താളിയോലകള്‍ പുറത്തെടുത്തു. അദ്ദേഹം നടുങ്ങി. ഭഗവാന്‍ തന്നെയാണ് ജാതി സൃഷ്ടിച്ചതെന്നിരിക്കിലും അധകൃതര്‍ക്ക്, ലത്തീന്‍ ക്രിസ്ത്യാനികള്‍ക്കടക്കം, ഒട്ടധികം ആനുകൂല്യങ്ങള്‍ അവിടുന്ന് എഴുതിവച്ചിരുന്നു. ആ ശ്ലോകങ്ങള്‍ കാണാനില്ല.

     ഗണേശന്‍ വന്നപ്പോള്‍ ഇക്കാര്യം വ്യാസന്‍ പറഞ്ഞു. ഗണേശന്‍ അഹന്തക്കാരനാണെന്ന് നമുക്കറിയാമല്ലോ. താന്‍ എഴുതുന്ന വേഗതയില്‍, മിനിട്ടിന് എണ്‍പത് വാക്ക്, വ്യാസന്‍ ദ്രുതകവനം ചെയ്യണം എന്നായിരുന്നുവല്ലോ അവന്‍റെ നിര്‍ബന്ധം.

     ഏതായാലും നഷ്ടപ്പെട്ട ശ്ലോകങ്ങളെ പിന്നെപ്പോഴെങ്കിലും എഴുതാമെന്ന് സമാധാനിച്ച് വ്യാസന്‍ കവനം തുടര്‍ന്നു.

     എഴുതിവരുന്ന മഹാഭാരതം മാത്രമല്ല, മറ്റ് പല ഗ്രന്ഥങ്ങളുടെയും ഓലത്താളുകള്‍ കാണാനില്ലാതായിരിക്കുന്നുവെന്ന് വ്യാസന്‍ മനസ്സിലാക്കി. അപ്പോള്‍ ഒരോലത്താളിന്‍റെ കെട്ട് നിലത്തുകിടക്കുന്നത് കണ്ടു. അതിനെയെടുത്ത് പരിശോധിച്ചുനോക്കി. മനസ്സില്‍ കൈപ്പുറ്റ സംശയം നിറഞ്ഞു. ഏതും ഉരിയാടാതെ മഹര്‍ഷി വിളക്കണച്ചു കാത്തിരുന്നു.

     പാതിരയ്ക്ക് കിരുകിരാ ശബ്ദം. ഇരുട്ടില്‍ ഒരു നീണ്ട മുഖം ചുവട്ടില്‍നിന്ന് പൊങ്ങിവരുന്നു. വായതുറന്ന് അത് താളിയോലക്കെട്ടുകളുടെ നേര്‍ക്കടുക്കുന്നു. ഇപ്പോള്‍ പൈശാചികങ്ങളായ വെളുത്ത പല്ലുകള്‍ കാണാം. അവ ഓലക്കെട്ടുകളെ ആക്രമിക്കുകയാണ്.

     വ്യാസന്‍ വടിയെടുത്ത് ആ ജന്തുവിന്‍റെ പുറത്തു തല്ലി. അത് നിലവിളിച്ചുചാടി ജനാലയിലൂടെ പുറത്തേയ്ക്കോടി.

     നിലാവില്‍ വ്യാസമഹര്‍ഷി വ്യക്തമായി കണ്ടു. ഒരു പടുകൂറ്റന്‍ എലി - ഗണപതിയുടെ എലി.

     വ്യാസനും ഗണേശനും ഒന്നും ചെയ്യാന്‍ വയ്യാത്ത പരുവമായി. രണ്ടുപേര്‍ക്കും ചൊല്ലുന്നതിലും എഴുതുന്നതിലും താത്പര്യമില്ലാതായി. എഴുതിയിട്ടെന്തു കാര്യം! അസ്തിത്വവാദികള്‍ പറയുന്നതുപോലെ എല്ലാം എലിതിന്നുപോകുന്നു.

     മഹാഭാരതത്തിലെ വിടവുകള്‍ നികത്തപ്പെടാതെ കിടന്നു; ഇന്നും കിടക്കുന്നു. എലി കരണ്ടു പോയതാണെന്ന് പറഞ്ഞാല്‍ മൌലികവാദികള്‍ ബഹളമുണ്ടാക്കും. പക്ഷെ നല്ലവന്മാരായ മൌലികവാദികള്‍ ഇങ്ങനെയും പറയുന്നു:

"ഭഗവാനാണ് ജാതിയുണ്ടാക്കിയതെന്ന് പറയുന്നത് ശരിതന്നെ. എന്നാല്‍ സംവരണവും ഭഗവാന്‍ സൃഷ്ടിച്ചു. ആ വിവരങ്ങളാണ് കള്ളനായ ഈ എലി കരണ്ടുതിന്നത്. എത്ര ശതമാനമാണ് സംവരണമെന്ന കാര്യത്തില്‍ ഭഗവാന്‍റെ നിയമം നമുക്ക് ലംഘിച്ചു കൂടാ. ആ കണക്കുകളെല്ലാം എലി തിന്നുപോയി. ഭഗവാന്‍ വീണ്ടും അവതരിച്ച് കണക്കുകള്‍ വെളിവാക്കുന്നതുവരെ സംവരണം പ്രായോഗികമാക്കാതിരിക്കുകയാണ് നല്ലത്."

     കേട്ടെഴുതിയ്ക്കുന്നതിന്‍റെ പ്രശ്നങ്ങള്‍ ഇതൊക്കെയാണ്.

No comments: