Monday, June 13, 2022

മീന്‍കാരി പെണ്‍കുട്ടിക്ക് ഒരു സ്മാരകം

 







- എം ടി വാസുദേവന്‍ നായര്‍


     

     രണ്ടു വര്‍ഷം മുമ്പാണ് ഞാന്‍ അയര്‍ലന്‍ഡില്‍ പോകുന്നത്. തലസ്ഥാനമായ ഡബ്ലിന്‍ നഗരത്തില്‍ കുറെയേറെ മലയാളി കുടുംബങ്ങളുണ്ട്. വിജയദശമി ദിവസം അവിടത്തെ കുറെ കുട്ടികളെ എഴുത്തിനിരുത്താന്‍ വരണമെന്ന് ചില സുഹൃത്തുക്കള്‍ ക്ഷണിച്ചു. ആ ദിവസം ഞാന്‍ തുഞ്ചന്‍ പറമ്പില്‍ എഴുത്തിനിരുത്താന്‍ പോകുന്ന പതിവുണ്ട്. അതൊരു മഹോത്സവമാണ്. കേരളത്തിന്‍റെ പല ഭാഗത്തുനിന്നും നാലായിരത്തിലേറെ കുട്ടികള്‍ വരും. തുഞ്ചത്താചാര്യന്‍റെ മണ്ണില്‍ ആദ്യാക്ഷരം കുറിക്കാന്‍ ജാതിമതഭേദമില്ലാതെ കുട്ടികള്‍ വരും. എഴുത്തുകാര്‍, അദ്ധ്യാപകര്‍ അങ്ങിനെ എട്ടുപത്തുപേര്‍ കാലത്ത് അഞ്ചുമണി തൊട്ട് എഴുതിക്കാന്‍ തുടങ്ങും. അതൊഴിവാക്കുവാന്‍ പ്രയാസമുണ്ടായിരുന്നു.

     പക്ഷെ, അയര്‍ലന്‍ഡിലെ സുഹൃത്തുക്കളുടെ നിര്‍ബന്ധം - യാത്രയില്‍ എന്‍റെ സഹായത്തിന് എന്‍റെ പ്രസാധകന്‍ കൂടിയായ പെപ്പിന്‍ തോമസ്‌ കൂടെവരും. അതുകൊണ്ട് സമ്മതിച്ചു.

     അയര്‍ലന്‍ഡ് മുമ്പ് പോകാത്ത ഒരു നാടാണ്. അതിപ്രശസ്തരായ പല എഴുത്തുകാരുടെയും നാടെന്ന നിലയ്ക്ക് നമുക്കൊക്കെ അയര്‍ലന്‍ഡിനോട്‌ ഒരു പ്രത്യേക ആത്മബന്ധവുമുണ്ട്.ഗള്ളിവേഴ്സ് ട്രാവല്‍സിന്‍റെ കര്‍ത്താവായ ജൊനാഥന്‍ സ്വിഫ്റ്റിനെപ്പറ്റി നാം കുട്ടിക്കാലത്തേ കേട്ടിട്ടുണ്ട്. ജീനിയസ്സുകളുടെ നാട് എന്ന് ഐറിഷുകാര്‍ സ്വന്തം ജന്മദേശത്തെ വിശേഷിപ്പിക്കാറുണ്ട്. നോവല്‍സാഹിത്യത്തിലെ ആധുനികതയ്ക്ക് ആരംഭം കുറിച്ച ജെയിംസ് ജോയ്സ്, ടാഗോറിനെ ലോകത്തിന് പരിചയപ്പെടുത്തിയ കവി W B യേറ്റ്സ്, ബര്‍ണാഡ് ഷാ, ഓസ്ക്കര്‍ വൈല്‍ഡ് തുടങ്ങിയ പലരും അയര്‍ലന്‍ഡുകാരാണ്. ലോകമെമ്പാടും വിവര്‍ത്തനങ്ങളിലൂടെ പ്രചരിച്ച ഡ്രാക്കുളയുടെ കര്‍ത്താവ് ബ്രാം സ്റ്റോക്കര്‍ കൂടി അയര്‍ലന്‍ഡുകാരനായിരുന്നു.

     ഇവിടത്തെ എഴുത്തുകാര്‍ക്ക് കൂടുതലായി ആരാധന ജെയിംസ് ജോയ്സിനോടാണ്. നമ്മുടെ കവികളെ കൂടുതല്‍ സ്വാധീനിച്ചത് T S എലിയറ്റാണ്. പക്ഷെ എലിയറ്റിനെക്കാള്‍ ഉയരത്തില്‍ W B യേറ്റ്സിനെ പല നിരൂപകരും പ്രതിഷ്ഠിക്കാറുണ്ട്. ടാഗോര്‍ ബന്ധം കൊണ്ട് മാത്രമല്ല, കാവ്യഭംഗിയും അതിനു കാരണമാണ്.

     ഡബ്ലിനിലെ മലയാളി കുടുംബങ്ങളുടെ ആതിഥ്യം മനോഹരമായിരുന്നു. രാജന്‍ ദേവസ്സിയായിരുന്നു വിദ്യാരംഭത്തിന് ഒരുക്കങ്ങള്‍ ചെയ്തിരുന്നത്. രാജന്‍റെ ഭാര്യ മോനി ലീവെടുത്ത് സ്ഥലങ്ങള്‍ കാണിച്ചുതന്നു. ഫോട്ടോഗ്രാഫര്‍ അജിത്തും കൂടെയുണ്ട്. ജെയിംസ് ജോയ്സിന്‍റെ സ്മാരകത്തില്‍ നിന്നുതന്നെ തുടങ്ങാമെന്ന് വച്ചു. കടലോരത്തില്‍ ദീപസ്തംഭം പോലുള്ള ഒരു പഴയ കെട്ടിടമാണ് സ്മാരകം. അവിടെ കുറച്ചുകാലം ജോയ്സ് താമസിച്ചിട്ടുണ്ട്. എത്തിയപ്പോഴാണറിയുന്നത് അന്ന് ഒഴിവുദിവസമാണ്. സ്മാരകം അടച്ചിട്ടിരിക്കുന്നു. സാഹിത്യവിദ്യാര്‍ത്ഥികളും ഗവേഷകരുമാണ് അവിടെ വരാറുള്ളത്. ചിലര്‍ ഞങ്ങളെപ്പോലെ ഒഴിവുദിവസം മാറിയതറിയാതെ വന്നു നിരാശരായി നില്‍ക്കുന്നുണ്ട്. മറ്റൊരു ദിവസമാകാമെന്നുവെച്ച് മടങ്ങി. ഞാന്‍ പോരുന്നതുവരെ രാജനും മോനിയും അജിത്തും എല്ലാം ലീവെടുത്തിരിക്കുകയാണ്. കാര്‍ലോവിനടുത്ത് ഒരു ഗ്രാമപ്രദേശത്ത് ഒരു ദിവസം താമസിക്കണമെന്നും ഞങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.

     മടക്കത്തില്‍ യേറ്റ്സിന്‍റെ മ്യൂസിയം കണ്ടു. പല കാലഘട്ടങ്ങളിലെടുത്ത ഫോട്ടോഗ്രാഫുകളുടെ പ്രദര്‍ശനമാണ്. മനോഹരങ്ങളായ ഫോട്ടോഗ്രാഫുകള്‍, അദ്ദേഹത്തെ സ്വാധീനിച്ച പ്രകൃതിദൃശ്യങ്ങള്‍, കാവ്യശകലങ്ങള്‍... പോരുമ്പോള്‍ സന്ദര്‍ശകരുടെ പുസ്തകത്തില്‍ ഞാനെഴുതി:

'ടാഗോറിന്‍റെ ഒരു ചിത്രം ഉള്‍പ്പെടുത്തേണ്ടതായിരുന്നു.'

ടാഗോറിന്‍റെ പ്രശസ്തി പലനാടുകളിലും വല്ലാതെ പടര്‍ന്നു കയറിയപ്പോള്‍ യേറ്റ്സിന് വിഷമം തോന്നിയോ ആവോ? ഒരുഘട്ടത്തില്‍ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്:

'Damn this Tagore!'

     ആ പകല്‍ മുഴുവന്‍ ഡബ്ലിന്‍ നഗരത്തില്‍ പലേടത്തായി ഞങ്ങള്‍ ചുറ്റിനടന്നു. നഗരത്തില്‍ ചരിത്രപുരുഷന്മാരുടെ പ്രതിമകളുണ്ട്. ജെയിംസ് ജോയ്സിന്‍റെ ഒരു പ്രതിമ വയ്ക്കാന്‍ അവര്‍ മറന്നിട്ടില്ല. അങ്ങനെ നടന്നപ്പോള്‍ ഒരത്ഭുതം കണ്ടു. ഒരു മീന്‍കാരി പെണ്‍കുട്ടിയുടെ പ്രതിമ! ഒരു പ്രധാന ചതുരത്തില്‍ ഗ്രാഫ്ടന്‍ തെരുവും ബഫോക്ക് തെരുവും ചേരുന്ന സ്ഥലത്ത് ഉന്തുവണ്ടിയില്‍ മീന്‍ വില്‍ക്കുന്ന മോളി മലോണ്‍ എന്ന ഐറിഷ് പെണ്‍കിടാവ്! അത് പശ്ചാത്തലത്തില്‍ കിട്ടാവുന്ന വിധത്തില്‍ പല സന്ദര്‍ശകരും ഫോട്ടോ എടുക്കുന്നു. പാവം ജെയിംസ് ജോയ്സിന്‍റെ പ്രതിമയില്‍ സഞ്ചാരികള്‍ക്ക് വലിയ താത്പര്യമൊന്നുമില്ല.

     ആരാണീ മീന്‍കാരി? ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ ചിക്കുവാണ് കൂടുതല്‍ വിവരങ്ങള്‍ തന്നത്. രാജന്‍, മോനി ദമ്പതിമാരുടെ മകള്‍ ചിക്കു എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിനിയാണ്.

     300 കൊല്ലം മുമ്പാണ് മോളി നഗരത്തില്‍ മീന്‍വണ്ടിയുമായി വന്നു കച്ചവടം ചെയ്തിരുന്നത്. സുന്ദരി. പഴമക്കാരെ പ്രകോപിപ്പിക്കുന്ന വിധത്തിലായിരുന്നു വസ്ത്രധാരണം. മീന്‍കച്ചവടം കഴിഞ്ഞാല്‍ അവള്‍ വേഷം മാറി തൊട്ടടുത്ത ട്രിനിറ്റി കോളേജിലെ ആണ്‍കുട്ടികളുമായി കൂട്ട് കൂടും. ആടിപ്പാടി നടക്കും. ടൈഫോയ്ഡ് പിടിച്ചാണ് മോളി മരിച്ചത്. നഗരത്തിന്‍റെ വക്കില്‍ പാവപ്പെട്ടവര്‍ താമസിക്കുന്ന സ്ഥലത്ത് അവളുടെ മൃതദേഹം കിടക്കുന്നത് കണ്ടു.കേട്ടുകേള്‍പ്പിച്ച് പലരും വന്നു.

     സെയ്ന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ചിലെ പാതിരി പറഞ്ഞു:

"മീന്‍കാരി ആയതുകൊണ്ട് അവള്‍ മോശക്കാരി ആകുമോ? യേശുദേവന്‍റെ അപ്പോസ്തലന്മാരില്‍ പലരും മീന്‍പിടുത്തക്കാര്‍ ആയിരുന്നില്ലേ?"

     ഭേദപ്പെട്ട നിലയില്‍ അവളുടെ മൃതദേഹം സംസ്ക്കരിച്ചു. അവള്‍ക്ക് അപ്പോള്‍ ഇരുപത്തഞ്ച് വയസ്സായിരുന്നു.

     രാത്രയില്‍ പണ്ടവള്‍ മീന്‍ വിറ്റുനടന്നിരുന്ന വഴികളിലൂടെ അവളുടെ ഉന്തുവണ്ടി നീങ്ങുന്ന ശബ്ദം പലരും കേട്ടു. മോളിയെപ്പറ്റി ആരൊക്കെയോ പാട്ടുകള്‍ ഉണ്ടാക്കി.

     'കക്ക-കക്ക-കല്ലുമ്മക്കായ

      ജീവനുള്ള കല്ലുമ്മക്കായ'

അവള്‍ വിളിച്ചുപറയുന്നത് പലരും കേട്ടിരുന്നുവത്രേ.

     മോളി മലോണിനെപ്പറ്റിയുള്ള പാട്ടിന് വലിയ പ്രചാരമായി. ബാറുകളിലും ചെറുപ്പക്കാര്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിലുമൊക്കെ ആ പാട്ട് ആളുകള്‍ പാടി. അയര്‍ലന്‍ഡിന്‍റെ ദേശീയഗാനത്തേക്കാള്‍ അതിന് പ്രചാരം വര്‍ദ്ധിച്ചു. ഇപ്പോഴും അങ്ങനെയാണ്.

     1988ല്‍ ഡബ്ലിന്‍ നഗരത്തിന്‍റെ ആയിരത്താണ്ടാണെന്ന് ചരിത്ര ഗവേഷകര്‍ കണ്ടെത്തി. നഗരത്തില്‍ മോളി മലോണിന്‍റെ പ്രതിമ സ്ഥാപിക്കണമെന്ന്‍ പലരും ആവശ്യപ്പെട്ടു. നഗരസഭയ്ക്ക് അതിനു വഴങ്ങേണ്ടി വന്നു. അങ്ങനെയാണ് ഈ പ്രതിമ ഉണ്ടായത്.

     ജൂണ്‍ 13നാണ് മോളി മരിച്ചത്. ജൂണ്‍ 13 മോളി മലോണ്‍ ദിവസമായി അധികാരികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഒരു തലസ്ഥാന നഗരിയില്‍ ഒരു മീന്‍കാരി പെണ്‍കിടാവിന്‍റെ പ്രതിമയ്ക്ക് മാന്യസ്ഥാനം നല്‍കിയത് ഒരുപക്ഷേ ലോകത്തില്‍ അയര്‍ലന്‍ഡ് മാത്രമായിരിക്കും.


(കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ, കുട്ടികള്‍ക്കായുള്ള  പ്രസിദ്ധീകരണമായ തളിര് മാഗസിന്    വേണ്ടി എം ടി വാസുദേവന്‍ നായര്‍ തയ്യാറാക്കിയ യാത്രാവിവരണമാണ് ഇത്.

2011 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഓണപ്പതിപ്പില്‍ നിന്നുമെടുത്താണ് ഇത് ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

No comments: