Sunday, June 26, 2022

ത്യജിച്ചു ഭുജിക്കുക






- കാവാലം നാരായണപ്പണിക്കര്‍



ആദം കൊതിയാല്‍ തിന്ന പഴം

ആണിന്‍തൊണ്ടയില്‍ മുഴയായ്

പാലാഴിക്കടയലില്‍ വാസുകി കക്കിയ

നഞ്ചുണ്ടോന്‍ നീലകണ്ഠനായ്‌.

ഏദന്‍തൊടിയില്‍

വളക്കൂറുള്ള നിലങ്ങളില്‍നിന്നു-

മായുസ്സില്‍ മനുഷ്യന്നറുതി വരുത്തും

കാര്യത്തിന്നാദിപാപ കാരണമുണ്ടായ്.


മണ്ണിലിഴയുമൊരു പൊടിതീനിയാം

മാപാപിയവന്‍ നല്‍കിയ മോഹഭയം

ആജീവനരതിയായ്, മൃതിരതിയായ്

കൊണ്ടാടും ഭവരോഗം

കദനകുതൂഹലമായം...

ആദിമനുവാമാദം തിന്നതു

ദിവ്യവിഷം...

അഖിലാണ്ഡഹരന്‍ തിന്നതു

കര്‍മ്മഫലം...

ലോകാനുഗ്രഹഹേതുവായ്

കനി തിന്നരുതെന്നു വിലക്കീ പാര്‍വ്വതി.


വായപൊത്തി നഞ്ഞാമമൃതു തടഞ്ഞതും,

അമൃതാലമരത്വം മര്‍ത്ത്യനു വേണ്ടെന്നു വിധിച്ചതും,

നിയതം ബ്രഹ്മവിചാരം...

നിഗ്രഹേശരക്ഷയ്ക്കായ്

പാര്‍വ്വതിയും

സൃഷ്ടികള്‍തന്‍ പരിപാലനവ്യഗ്രതയാല്‍

ശ്രീഹരിയും

മൃത്യുവിന്‍ പരിപൂജയ്ക്കായ്

മര്‍ത്ത്യതയുടെ ദിവ്യവിഭൂതിക-

ളൂട്ടിയുറപ്പിക്കാന്‍

ജീവിതനിറഭേദങ്ങളെ-

യാവതുമവിരാമമൊരുത്സവമാക്കാന്‍

ആദമവ്വകള്‍ ഹരിഹരനായ്.

വാസുകി കടയലിലെക്കയറാകെ-

പ്പൈശാചികഭാവം പൂണ്ടു തളര്‍ന്നു.

ഇവിടെ പ്രേരകനാരെന്നും പ്രേരിതനാരെന്നും

പ്രേരണയെന്തെന്നും തിരയും

'ത്രിപുടി'യില്‍

നേരറിയാതെ നുണഞ്ഞു നാം നഞ്ചിന്‍റെ രസം.


അമൃതുണ്ടു മടുത്താല്‍ വിഷമേ വിരസത പോക്കൂ.

അമൃതുണ്ണാനിനിയും ജനിതേടണമോ...

'ഇതു മതി' 'ഇതു മതി' എന്ന വിചാരം

സഫലതയുടെ 'ഈശാവാസ്യം'.


(നാഷണല്‍ ബുക്ക് സ്റ്റാള്‍ പുറത്തിറക്കിയ കാവാലം കവിതകള്‍ എന്ന പുസ്തകത്തില്‍ നിന്നുമെടുത്താണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. 1995 ജൂലൈ 6നാണ് അദ്ദേഹം ഈ കവിതയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.)

No comments: