Friday, July 29, 2022

കണ്ടല്‍ ജീവിതം








- കല്ലേന്‍ പൊക്കുടന്‍


     ഭാവിയില്‍ ആരായിത്തീരണം എന്നൊരു ചോദ്യം പുതുതലമുറയില്‍പ്പെട്ട കുട്ടികള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്. രക്ഷിതാവോ, ക്ലാസ് മാഷോ ആരെങ്കിലുമായിരിക്കാം ചോദ്യകര്‍ത്താവ്. എന്‍റെ കുട്ടിക്കാലത്ത് അങ്ങനെ ആരും ചോദിച്ചിരുന്നില്ല. സ്വന്തം ഭാവിയെക്കുറിച്ച് ആരുംതന്നെ ആലോചിച്ചിരുന്നില്ല. ഇന്നിപ്പോള്‍ ഭാവിയില്‍ എങ്ങനെ അറിയപ്പെടണമെന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്‍റെ ഉത്തരം വളരെ ലളിതമാണ് - കണ്ടല്‍ പൊക്കുടന്‍ എന്ന പേരില്‍ അറിയപ്പെടണം - അതാണ് എന്‍റെ ആഗ്രഹം. കാരണം കണ്ടലിനെ ഞാന്‍ അത്രയധികം സ്നേഹിക്കുന്നു. കുറെയൊക്കെ ഞാനത് നട്ടുപിടിപ്പിച്ചിട്ടുണ്ട്. പലരും അത് നശിപ്പിച്ചിട്ടുണ്ട്. എങ്കിലും എനിക്ക് നിരാശയില്ല. നശിപ്പിച്ചവരാണല്ലോ യഥാര്‍ത്ഥത്തില്‍ നിരാശപ്പെടേണ്ടത്.

     കുറേക്കാലം ഞാന്‍ നല്ല ഒരു രാഷ്ട്രീയക്കാരനായിരുന്നു. കമ്മ്യൂണിസം എന്താണെന്നൊന്നും പണ്ടും എനിക്കറിയില്ല. പക്ഷെ, ഞാന്‍ ഉള്‍പ്പെടെ എന്‍റെ ചുറ്റുപാടുമുള്ള ആളുകള്‍ക്കിടയില്‍ വലിയവരും ചെറിയവരും പണക്കാരും പാവങ്ങളും ഉണ്ടെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു. അതില്‍ പാവങ്ങളുടെ കൂടെ നില്‍ക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണെന്ന് എനിക്ക് മനസ്സിലായി. അങ്ങനെ ഞാന്‍ അവരുടെ കൂടെ കൂടി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് എ.കെ.ജി ആണ്. പാര്‍ട്ടി നടത്തിയ സമരങ്ങളിലെല്ലാം ഞാന്‍ പങ്കെടുത്തു. പാര്‍ട്ടി ആവശ്യപ്പെട്ടതെല്ലാം ഞാന്‍ ചെയ്തു. പക്ഷെ, പിന്നീട് പിന്നീട് പലേ കാരണങ്ങള്‍ കൊണ്ടും പാര്‍ട്ടിയോടുള്ള അടുപ്പം കുറഞ്ഞു. കുടിയാന്‍ബില്ല് സംരക്ഷിക്കാന്‍ ചെയ്ത സമരവും മട്ടക്കണ കൊണ്ട് പത്ത് സെന്‍റ് അളന്നുകൊടുക്കാന്‍ കാണിച്ച ആവേശവും എണ്‍പത് ആയപ്പോഴേക്കും ഇല്ലാതായി. നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് എന്തൊക്കെയോ തകരാറുണ്ടെന്ന തോന്നല്‍ ശക്തമായി. മനസ്സ് വല്ലാതെ മടുത്തു. ഒരു ഇടതുപക്ഷക്കാരനായ പുലയനെ ഉള്‍ക്കൊള്ളാനൊന്നും പുലയ സമുദായം അന്ന് വളര്‍ന്നിട്ടില്ലായിരുന്നു. അവരെ ഉള്‍ക്കൊള്ളാന്‍ ഇടതുപക്ഷം ഇന്നും വളര്‍ന്നിട്ടില്ലെന്നും തോന്നുന്നു. സമുദായവും പാര്‍ട്ടിയും - ഇഷ്ടപ്പെട്ട രണ്ട് വിഭാഗവും - എനിക്ക് അന്യമായി തോന്നി. കുറച്ചുകാലം ഒന്നും ചെയ്തില്ല. എന്തുപറഞ്ഞാലും ജാതിയുണ്ടാക്കിയ ദുരിതം ചെറുതൊന്നുമല്ല. ഒന്നും ചെയ്യാതിരുന്നാല്‍ നേരം പോകില്ല എന്ന ചിന്ത ബലപ്പെട്ടു. പലേ കാലത്തായി ആറായിരത്തിലധികം ചെടികള്‍ നട്ടു. ഏറെ പരീക്ഷണങ്ങള്‍ നടത്തി. ഒട്ടു മിക്കതും വിജയമായിരുന്നു. വിദേശത്തൊക്കെ കോടികള്‍ മുടക്കി ഗവണ്മെന്‍റ് കണ്ടല്‍ നട്ടുപിടിപ്പിക്കുന്നുണ്ടെന്ന് ജാഫര്‍ പറയാറുണ്ട്. അതുകേള്‍ക്കുമ്പോള്‍ അഭിമാനം തോന്നും. എനിക്കിത്രയെങ്കിലും ചെയ്യാനായല്ലോ!

     കണ്ടല്‍ കൃഷിയുടെ രണ്ടാംഘട്ടത്തില്‍ ഏതാണ്ട് ആയിരം ചെടികള്‍ ഭംഗിയായി വളര്‍ന്നു വരുമ്പോഴാണ് പയ്യന്നൂര്‍ കോളേജിലെ ടി.പവിത്രന്‍ മാഷ് ഇത് കാണാനിടയായത്. മാഷ് മാതൃഭൂമിയിലെ ഫോട്ടോക്കാരന്‍ മധുരാജിനോടു പറഞ്ഞ്‌ ഒരു പടമെടുത്ത് മാതൃഭൂമിയുടെ ഒന്നാം പേജില്‍ ഒരു വാര്‍ത്തയാക്കി. പിന്നെ ധാരാളം പേര്‍ ഇത് പഠിക്കാന്‍ വന്നു. എനിക്ക് രാഷ്ട്രീയത്തില്‍ പൂര്‍ണ്ണമായും താത്പര്യമില്ലാതായി. രാഷ്ട്രീയത്തിനുപുറത്ത് ഒരുപാട് സുഹൃത്തുക്കളെ കിട്ടി. നല്ലവര്‍. ഇന്ന് ഞാനൊരു രാഷ്ട്രീയക്കാരനല്ല. എനിക്ക് ഒരു വഴിയുണ്ട്. ഞാന്‍ സ്വയം തെരഞ്ഞെടുത്ത വഴി. ശരിയും തെറ്റുമുണ്ടാകാം. എല്ലാം നിസ്സാരമായി കാണുന്നവര്‍ക്ക് ഇതും ഒരു തമാശയായി തോന്നാം. അവശേഷിക്കുന്ന ഈ കാടിന്‍റെ പച്ചപ്പും ചതുപ്പിന്‍റെ മണവും ഉപ്പുകാറ്റുമാണ് എനിക്ക് ജീവിതം.

     പുഴവക്കത്ത് മുന്നൂറ്റിചില്വാനം കണ്ടല്‍ച്ചെടികള്‍ നട്ടു. പൊഴയിലെ മോതയടിച്ച് (തിരയടിച്ച്) ചിറ തകരുന്നത് തടയാനും കുട്ടികള്‍ സ്കൂളില്‍ പോകുമ്പോള്‍ കാറ്റ്ന്നു രക്ഷ നേടാനും വേണ്ടിയായിരുന്നു ഞാനിത് വെച്ചുതുടങ്ങിയത്. ചെടികള്‍ വളര്‍ന്നുവന്നപ്പോള്‍ പുതിയൊരു കാഴ്ചയും! ആരും നോക്കി ആസ്വദിക്കുകയും സന്തോഷിക്കുകയും ചെയ്ത അവസരത്തില്‍ അനന്തന്‍മോന്‍റെ സ്നേഹിതര്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകരായ നാരായണന്‍കുട്ടി മാഷും മറ്റു ചിലരും കൂടി നെരുവമ്പ്രത്ത് വച്ച് ഒരു സ്വീകരണം തന്നു. പിന്നീട് സീക്കിന്‍റെ പ്രവര്‍ത്തകരായ പപ്പന്‍ മാഷ്‌, ടി പവിത്രന്‍ (പയ്യന്നൂര്‍ കോളേജ്), ജാഫര്‍ പാലോട്ട്, ബാബു കാമ്പ്രത്ത്, നന്ദു, വി സി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ നിരന്തരം ഇതുവന്ന് കാണുകയും പഠിക്കുകയും ചെയ്തു. അതിനുശേഷം ഒരുപാട് ശാസ്ത്രജ്ഞന്‍മാര്‍ ഇവിടെവന്ന് എന്‍റെ കണ്ടല്‍ ചെടികള്‍ കണ്ട് പോയി. ഞാന്‍ നട്ടുവളര്‍ത്തിയ കണ്ടല്‍ ചെടികളില്‍ പതിനായിരം എണ്ണം വികസനക്കാര്‍ നശിപ്പിച്ചു. കുറെയൊക്കെ ഇപ്പഴും വളരുന്നു. നട്ടുപിടിപ്പിച്ചുകൊണ്ടിരിക്കുന്നു. പിന്നെ ഫോറസ്റ്റുകാരെയും മറ്റ് സംഘടനകളെയും ഇതില്‍ സഹായിക്കുകയും ചെയ്യുന്നു.

     പ്രകൃതി കോപിച്ച് നാശം വിതയ്ക്കുമ്പോള്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. അടുത്ത കാലത്തായി കൊടുങ്കാറ്റ് അടിച്ചുണ്ടായ ജീവനാശവും മറ്റും പത്രത്തിലും ടിവിയിലും നാം കണ്ടതല്ലേ (ഒറീസ ദുരന്തം). ഇതിന്‍റെ കാരണം മനുഷ്യന്‍ തന്നെയാണ്. യാതൊരു വീണ്ടുവിചാരവുമില്ലാതെ പുതിയ മനുഷ്യന്‍ നമ്മുടെ തീരക്കാടുകളെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കുമെല്ലാം ഈ കാര്യത്തില്‍ ഒരേ താത്പര്യമാണ്. പുഴയും ചതുപ്പും മണ്ണിട്ട്‌ നികത്തുമ്പോള്‍ വര്‍ഷകാലത്തെ അധികജലം ഉള്‍ക്കൊള്ളാനാവാതെ വെള്ളപ്പൊക്കമുണ്ടാകും. തീരപ്രദേശത്തെ കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചില്ലായെങ്കില്‍ നേരത്തേ പറഞ്ഞ കൊടുങ്കാറ്റില്‍നിന്നൊക്കെ നമുക്ക് രക്ഷപ്പെടാമെന്നുള്ള അഭിപ്രായങ്ങള്‍ പത്രത്തിലൊക്കെ വന്നുതുടങ്ങി. എല്ലാ പച്ചപ്പും ഇല്ലാതാകുമ്പോള്‍ ചുഴറ്റിയടിക്കുന്ന ഒരു കാറ്റില്‍ നമുക്ക് എല്ലാം നഷ്ടപ്പെടും. നമുക്ക് എന്നാണ് ഇതൊക്കെ ബോധ്യപ്പെടുക?

     ഉപ്പുവെള്ളത്തെ ശുദ്ധീകരിക്കാനും കാറ്റിനെ തടയാനും കരയെ സംരക്ഷിക്കാനും ഈ കാടുകള്‍ വേണം. എണ്ണിയാലൊടുങ്ങാത്ത മത്സ്യയിനങ്ങള്‍ മുട്ടയിടുന്നതും പെരുകുന്നതും ഈ കാടുകള്‍ക്കിടയിലാണ്. 1991 ഫെബ്രുവരിയില്‍ പാസാക്കിയ തീരദേശ പരിപാലനം ദുര്‍ബലപ്പെടുത്തരുതെന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതി പറഞ്ഞപ്പോള്‍ അത് വികസനത്തിനെതിരാണെന്നും പറഞ്ഞവരാണ് നമ്മുടെ ആളുകള്‍. ഈ വികസനം തുടര്‍ന്നാല്‍ കുടിക്കാനുള്ള വെള്ളവും ഞണ്ടും ചെമ്മീനും എന്തിന്, പുഴപോലും ഒരോര്‍മ്മ മാത്രമാകും. എന്തെങ്കിലും ചെയ്തേ തീരൂ. പഞ്ചായത്തധികാരികള്‍ക്ക് ഒരുപാട് ചെയ്യാന്‍ കഴിയും. ഞാന്‍ പറഞ്ഞതെല്ലാം ഒരു പ്രേരണയാകുമെന്ന് വിചാരിച്ചാണ് അത്രയൊന്നും വലുതല്ലെങ്കിലും എന്‍റെ ജീവിതകഥ പറയാനൊരുങ്ങിയത്. ജീവിക്കുന്ന പരിസ്ഥിതിയെക്കുറിച്ചാണല്ലോ ഞാനേറെയും പറഞ്ഞതെന്ന സമാധാനവുമുണ്ട്. നന്ദി.


(കല്ലേന്‍ പൊക്കുടന്‍ എന്ന പൊക്കുടന്‍റെ, 'കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്‍റെ ജീവിതം' എന്ന ആത്മകഥയില്‍ നിന്നുമെടുത്താണ് 'കണ്ടല്‍ ജീവിതം' എന്ന ഈ ഭാഗം ഇവിടെ ചേര്‍ത്തിരിക്കുന്നത്. D C BOOKS ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.)

No comments: