Tuesday, July 19, 2022

ശരിയുടെ ഒരു നിമിഷം

 










- എം ടി വാസുദേവന്‍ നായര്‍


     യാത്രയാരംഭിച്ച് വര്‍ഷങ്ങള്‍ വളരെ കഴിഞ്ഞുവെന്ന് ഇപ്പോള്‍ ചില സുഹൃത്തുക്കള്‍ ഓര്‍മ്മിപ്പിക്കുന്നു. മനസ്സിന്‍റെ വേഗത്തിനൊപ്പമെത്താന്‍ ചിലപ്പോള്‍ പാടുപെടുന്ന ശരീരവും ഇത് പിറുപിറുക്കാറുണ്ട്. ആഘോഷമില്ലേ എന്ന് ചിലര്‍. ഇല്ലല്ലോ! വാര്‍ധക്യം ഋതുഭേദം പോലെ ഒരു പ്രകൃതിനിയമം മാത്രമാണല്ലോ! അതിലെന്താഘോഷിക്കാന്‍?

     പിറന്നാളുകള്‍ ഞാന്‍ ആഘോഷിക്കാറില്ല. കുറച്ചുകാലമായി ചില കൊല്ലങ്ങളില്‍ മൂകാംബിയില്‍ പോകും. അത് എന്‍റെ പിറന്നാളിനോ, അത് കഴിഞ്ഞാല്‍ മൂന്നാംദിവസം വരുന്ന മകള്‍ അശ്വതിയുടെ പിറന്നാളിനോ. മൂകാംബിയില്‍ ഗോവിന്ദ അടികളുടെ വീട്ടിലാണ് ശാപ്പാട്. ആ ക്ഷേത്രവും പരിസരവും എനിക്ക് സ്വാസ്ഥ്യം നല്‍കുന്നു. വീട്ടുകാര്‍ ഒരു ചിട്ട ഉണ്ടാക്കിയതുകൊണ്ട് കൊല്ലത്തിലൊരിക്കല്‍ അവിടെ എത്തിച്ചേരാന്‍ ബാധ്യസ്ഥനാകുന്നു.

     ഇന്നലെ കഴിഞ്ഞപോലെ തോന്നുന്ന ബാല്യം അത്ര അകലെയാണെന്ന് ഇപ്പോള്‍ ഓര്‍ത്തുപോകുന്നു. വീടിന് പിന്നിലെ താന്നിക്കുന്നിന്‍റെ ചെരുവില്‍ കഥയും കവിതയും ആലോചിച്ചു കൊണ്ടുനടന്ന ദിവസങ്ങള്‍. അന്ന് ഒരു കുട്ടിക്ക് കൂട്ടുകാരില്ലാതെ തനിയെ കളിക്കാവുന്ന ഒരു വിനോദമായിരുന്നു അത്. മനസ്സില്‍ വാക്കുകള്‍ ഉരുട്ടിക്കളിച്ച് അതിനൊരു ചിട്ടയോ ക്രമമോ ഉണ്ടാക്കല്‍.

     ദിവസവും എന്തെങ്കിലുമൊക്കെ കടലാസില്‍ കുറിച്ചിടാന്‍ കഴിയുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ഈ കടലാസുകള്‍ യാത്രയാരംഭിക്കുന്നു. ഇറവെള്ളത്തില്‍ ഒഴുക്കിവിടുന്നതുപോലെ വിലാസമറിയുന്ന പത്രമോഫീസുകളിലേക്കാണ് ഒഴുക്കിവിടുന്നത്. പലതും വഴികളിലെവിടെയോ മുങ്ങിമറിഞ്ഞു. എങ്കിലും വിനോദം തുടരുന്നു. അങ്ങനെ ചിലത് ഭാഗ്യത്തിന് അച്ചടിയുടെ കരയിലണയുന്നു. ഇതൊരു കുട്ടിക്കളിയല്ല എന്ന് ക്രമത്തില്‍ ബോധ്യമാവുന്നു.

     യുവത്വത്തിന്‍റെ കാലഘട്ടത്തില്‍, ഇരുപതുകളിലും മുപ്പതുകളിലും എഴുത്ത് വേഗത്തിലാണ്. ഒരുതരം ഭ്രാന്തമായ ആവേശം. മനസ്സില്‍ കൊണ്ടുനടന്ന കഥ രൂപപ്പെട്ടെന്ന് തോന്നിയാല്‍ ഉടന്‍ എഴുതിത്തീര്‍ക്കണം. പകലത്തെ ജോലി കഴിഞ്ഞ്, രാത്രി ഹോട്ടലില്‍ നിന്ന് ഊണ് കഴിച്ച് പാര്‍പ്പിടത്തില്‍ എത്തുന്നു. സമയത്തെപ്പറ്റി ചിന്തിക്കാറില്ല. ചിലപ്പോള്‍ മൂന്നുമണി കഴിഞ്ഞിരിക്കും ആദ്യപകര്‍പ്പ് എഴുതിത്തീരാന്‍. അല്‍പ്പം മണിക്കൂറുകള്‍ ഉറങ്ങി വീണ്ടും ജോലിക്ക് തയ്യാറാവുന്നു. അപ്പോള്‍ തലേന്നെഴുതിയ പേജുകള്‍, വരികള്‍ എല്ലാം മനസ്സിലുണ്ട്. അടുത്ത ഒഴിവുദിവസമായ ഞായറാഴ്ചയ്ക്ക് ഇനിയും ദൂരമുണ്ട്. ഒരു പകല്‍ മുഴുവന്‍ കിട്ടണം അതൊന്ന് പകര്‍ത്തിയെഴുതാന്‍. എഴുതിയ പേജുകളുടെ മാര്‍ജിനില്‍ എനിക്ക് തന്നെയുള്ള ചില നിര്‍ദ്ദേശങ്ങള്‍ രാത്രികളില്‍ കുറിച്ചിടുന്നു. ചില വരികള്‍ വെട്ടുന്നു. തിരുത്തുന്നു. ഞായറാഴ്ച സാവകാശത്തിലിരുന്ന് അത് പകര്‍ത്തിയെടുത്തു കഴിഞ്ഞാല്‍ ഉല്ലാസത്തോടെ പുറത്തിറങ്ങി നടക്കാം.

     വിശേഷാല്‍ പ്രതികള്‍ക്ക് വേണ്ടിയുള്ള കത്തുകള്‍ വരുമ്പോള്‍ രണ്ടാഴ്ച കൊണ്ട് മൂന്ന് കഥകളുണ്ടാക്കിയ അനുഭവങ്ങളുണ്ട്. ഡേറ്റ് ലൈനുകള്‍ തെറ്റാതിരിക്കാന്‍ കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്തു.

     നാല്‍പ്പതുകളിലേക്ക് കടന്നപ്പോള്‍ എഴുത്ത് കൂടുതല്‍ ക്ലേശകരമാവുന്നു. സമയമല്ല പ്രശ്നം. എഴുതിത്തുടങ്ങി കുറച്ചുകഴിയുമ്പോള്‍ അത് ഉപേക്ഷിക്കേണ്ടി വരുന്നു. ശരിയായില്ല എന്ന തോന്നല്‍! ദിവസങ്ങള്‍ക്കുശേഷം, മുമ്പ് മാറ്റിവച്ച മറ്റൊന്ന് തുടങ്ങുന്നു. അങ്ങിനെ തുടങ്ങിയും നിര്‍ത്തിയും ഉപേക്ഷിച്ചും ദിവസങ്ങള്‍ നീങ്ങുമ്പോള്‍ ഒരു നിമിഷത്തില്‍ ശരിയാവുന്നു എന്ന തോന്നലുണ്ടാവുന്നു. ആശ്വാസത്തിന്‍റെ നിമിഷം, അടക്കിനിര്‍ത്തിയ ആഹ്ലാദം.

     വര്‍ഷങ്ങള്‍ പിന്നെയും കടന്നുപോകുന്നു. എഴുതാനുള്ളത് മനസ്സില്‍ കൃത്യമായി സ്ഥാനം പിടിച്ചിട്ടുണ്ട്. പക്ഷെ, പിന്നെയാവാമെന്ന് പറഞ്ഞ് മാറ്റിവെക്കാനാണ് തിടുക്കം. മാറ്റിവെക്കലിന് എളുപ്പത്തില്‍ കാരണങ്ങള്‍ കണ്ടെത്തുന്നു. വേനലാണെങ്കില്‍ ഉഷ്ണത്തെ ശപിക്കും. ഭയങ്കരമായ ഈ ഉഷ്ണം ഒന്നവസാനിക്കട്ടെ. മഴ പെയ്ത് ഈ അന്തരീക്ഷം ഒന്ന് തണുക്കട്ടെ. മഴക്കാലം വന്നാലോ? തിരക്കുകൂട്ടാന്‍ വരട്ടെ. മഴയും തണുപ്പും ചേര്‍ന്ന് ഈ അലസതയും ഒന്നാഘോഷിക്കേണ്ടതല്ലേ?

     മൂടിക്കെട്ടിയ ആകാശം. ചന്നംപിന്നം പെയ്യുന്ന മഴ.

     ഒന്ന് തെളിയട്ടെ. പ്രകൃതി ഒന്ന് തെളിഞ്ഞിട്ടാവാം.

     എല്ലാം ഒത്തുവന്നു എന്ന് കരുതുമ്പോള്‍ തിരക്കുകള്‍, ആള്‍ക്കൂട്ടങ്ങള്‍, ശരി, എവിടെയെങ്കിലും ഏകാന്തതയിലിരുന്ന് ജോലി ചെയ്യാം. ആളുകളും ശല്യങ്ങളും ഇല്ലാത്ത ഒരിടം. അതിനുള്ള സ്ഥലം കണ്ടെത്തുന്നു. അപ്പോഴാണ്‌ മനസ്സിലാവുന്നത് ആള്‍ക്കൂട്ടവും ബഹളവും അടുത്തേക്ക് ആക്രമിച്ചുകയറാത്ത വിധം തൊട്ടപ്പുറത്ത് വേണം. ഏകാന്തതയുടെ തുരുത്ത് പേടിപ്പെടുത്തുന്നു.

     എഴുതിത്തുടങ്ങിയിട്ട് അനേകം വര്‍ഷങ്ങളായി. പക്ഷെ, പരീക്ഷാഹാളില്‍ ഉത്തരക്കടലാസിന് മുന്നിലിരിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ഉത്കണ്ഠയും ഭീതിയുമുണ്ട് ഇപ്പോഴും എഴുതാനിരിക്കുമ്പോള്‍. ഇളംപ്രായത്തില്‍ എഴുത്ത് ഒരു വിനോദമായിരുന്നു. ഇപ്പോള്‍ അത് സംഘര്‍ഷമാണ്. വാക്കുകള്‍ തൃപ്തികരമായി നിരന്നുവരാനുള്ള തീവ്രമായ പ്രാര്‍ത്ഥനയാണ്, ആവാഹനമാണ്. ശരിയാവുന്നു, ശരിയാവുന്നു എന്ന് തോന്നുമ്പോഴുള്ള ആഹ്ലാദത്തിന്‍റെ നിമിഷം അകലെ അവ്യക്തമായി കാണുന്നു. അതിലേക്ക് എത്തിച്ചേരാനുള്ള തീവ്രയത്നം തുടരുന്നു. അത് അകലെയല്ല, അകലെയല്ല എന്ന് മനസ്സ് മന്ത്രിക്കുന്നു. പതുക്കെപ്പതുക്കെ മുമ്പോട്ടുള്ള ആ കാല്‍വെപ്പുകളാണ് ജീവിതത്തെ അര്‍ത്ഥവത്താക്കുന്നത്.


(MTയുടെ പ്രഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്, കൈരളി ബുക്സ് പുറത്തിറക്കിയ 'ജാലകങ്ങളും പ്രഭാഷണങ്ങളും' എന്ന പുസ്തകത്തില്‍ നിന്നുമെടുത്താണ് ഇതിവിടെ ചേര്‍ത്തിരിക്കുന്നത്.)

No comments: