Thursday, October 27, 2022

സത്യത്തിനെത്ര വയസ്സായി?







- വയലാര്‍ രാമവര്‍മ്മ


സ്വര്‍ഗ്ഗവാതില്‍പ്പക്ഷി ചോദിച്ചു: "ഭൂമിയില്‍

സത്യത്തിനെത്ര വയസ്സായി?"


അബ്ധിത്തിരകള്‍തന്‍ വാചാലതയ്ക്കതി-

ന്നുത്തരമില്ലായിരുന്നൂ

ഉത്തുംഗവിന്ധ്യഹിമാചലങ്ങള്‍ക്കതി-

ന്നുത്തരമില്ലായിരുന്നു.


അന്ധകാരത്തിനെക്കാവിയുടുപ്പിച്ചു

സന്ധ്യ പടിഞ്ഞാറു വന്നൂ

സത്യത്തെ മിഥ്യതന്‍ ചുട്ടി കുത്തിക്കുന്ന

ശില്പിയെപ്പോല്‍ നിഴല്‍ നിന്നൂ

പോയ വസന്തങ്ങള്‍ താലത്തില്‍ നീട്ടിയ

പൂജാമലരുകള്‍ തേടി

ശാപങ്ങളാല്‍ ശിലാരൂപങ്ങളായ്ത്തീര്‍ന്ന

ദൈവങ്ങള്‍ നിശ്ചലം നിന്നൂ!


സ്വര്‍ഗ്ഗവാതില്‍പ്പക്ഷി ചോദിച്ചു : "ഭൂമിയില്‍

സത്യത്തിനെത്ര വയസ്സായി?"


വേദങ്ങളിലെ മഹര്‍ഷിമാര്‍ മന്ത്രിച്ചു:

".....വേറൊരിടത്താണു സത്യം....."

ഭൂമിയിലഗ്നിയായ്, കാറ്റായ്, തമോമയ-

രൂപിയാകും മൃത്യുവായി,

സര്‍ഗ്ഗസ്ഥിതിലയകാരണഭൂതമാം

സത്യമെങ്ങുന്നോ വന്നൂ

വന്നവഴിക്കതു പോകുന്നു; കാണാത്ത

സ്വര്‍ണ്ണച്ചിറകുകള്‍ വീശി!


തത്ത്വമസിയുടെ നാട്ടില്‍, - ലൌകിക-

സത്യമന്വേഷിച്ചു പോയി

പണ്ടു മഹാവിഷ്ണുവെന്ന രാജാവിന്‍റെ

പാല്‍ക്കടല്‍ദ്വീപിലിറങ്ങി,

വിശ്വസംസ്കാരമഹാശില്പികള്‍ നിന്നു

വിസ്മയം പൂണ്ടൊരു കാലം,

കൌസ്തുഭരത്നവും നാഭീമൃണാളവും

കണ്ടു കണ്ണഞ്ചിയ കാലം

ഭാരതം കേട്ടു പ്രണവം കണക്കൊരു

നാമസങ്കീര്‍ത്തനാലപം:

"പാലാഴിയിലെ പ്രപഞ്ചസത്യത്തിനെ

പള്ളിയുണര്‍ത്തുക നമ്മള്‍..."


സ്വര്‍ഗ്ഗവാതില്‍പ്പക്ഷി ചോദിച്ചു : "ഭൂമിയില്‍

സത്യത്തിനെത്ര വയസ്സായി?"


ആര്യമതത്തെ ഹരിശ്രീ പഠിപ്പിച്ച

യാജ്ഞവല്‍ക്യന്‍ നിന്നു പാടീ:

"സ്വര്‍ണ്ണപാത്രം കൊണ്ടു മൂടിയിരിക്കുന്നു

മണ്ണിലെ ശാശ്വതസത്യം."


(1962ല്‍ രചിക്കപ്പെട്ട ഈ കവിത, വയലാര്‍ കൃതികള്‍ എന്ന പുസ്തകത്തില്‍നിന്നുമെടുത്താണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

1968ല്‍ KPAC അവതരിപ്പിച്ച തുലാഭാരം എന്ന നാടകത്തില്‍ ഈ കവിത ഒരു ഗാനമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വി ദക്ഷിണാമൂര്‍ത്തിയുടെ ഈണത്തില്‍ M G രവി, B ലളിത എന്നിവരാലപിച്ച ആ ഗാനം ഇവിടെ ആസ്വദിക്കാം.

[യൂട്യൂബ് Ⓒ] 

No comments: