Tuesday, November 29, 2022

ആട് മത്തായി

 

 

 

 

 

- മലയാറ്റൂർ രാമകൃഷ്ണൻ



     ആട് മത്തായി എനിക്ക് മാപ്പ് തന്നോ? അറിഞ്ഞു കൂടാ.

     വളരെ വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ്.

     സംഭവത്തെപ്പറ്റി പറയുന്നതിനുമുമ്പ് മത്തായിയെപ്പറ്റി പറയട്ടെ.

     ഞങ്ങൾ സ്കൂൾ ഫൈനൽ ക്ലാസിൽ ഒന്നിച്ചു പഠിച്ചു. ക്ലാസിലെ പ്രധാന തമാശക്കാരൻ മലയാളത്തിൽ എപ്പോഴും ഒന്നാം സ്ഥാനം നേടിപ്പോന്ന കുഞ്ഞനാണ്. കുഞ്ഞനാണ് മത്തായിക്ക് ആട് എന്ന് പേരിട്ടത്. കാരണം മത്തായിയുടെ താടയിൽ നിന്നും രണ്ടുമൂന്ന് നീളൻ രോമങ്ങൾ തൂങ്ങുന്നു.

"മത്തായിടാടു പെറ്റേ-

കുട്ടി രണ്ടുണ്ടേ...

മത്തായിടാടു പെറ്റേ!" - എന്ന വരികൾ പ്രചരിപ്പിച്ചതും കുഞ്ഞനാണ്.

     സ്ക്കൂൾഫൈനൽ പരീക്ഷാഫലം പുറത്തു വന്നു.

     ഒന്നിച്ചു പഠിച്ചവർ തമ്മിൽ പിരിയുന്നു. ചിതറുന്നു. അനേകവർഷങ്ങൾ കഴിയുന്നു.

     ഞാൻ ഒരു സ്ഥലത്ത് പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കാനെത്തുന്നു.

     ചാർജ്ജെടുത്തശേഷം, ആദ്യത്തെ കടലാസുകളിൽ ഒപ്പുവയ്ക്കുന്ന എന്റെ മുമ്പിൽ വിനീതരായി നിൽക്കുകയാണ് കീഴുദ്യോഗസ്ഥന്മാർ. അപ്പോൾ അയലത്തുള്ള മുൻസിഫ് കോടതിയിൽ നിന്നും ഒരാൾ പാഞ്ഞെത്തുന്നു - "എടാ രാമകൃഷ്ണാ" എന്നാർത്തുകൊണ്ട്.

     ഞാൻ നിമിഷനേരം അന്ധാളിച്ചിരിക്കുന്നു.

     വന്നയാൾ എന്‍റെ കീഴുദ്യോഗസ്ഥന്മാരോട് ഭയഭക്തി പുരസ്സരമാണ് പെരുമാറിയത്. അവരെ "സാർ" വിളിക്കുന്നുമുണ്ട്. എന്നിട്ട് എന്നോട് വീണ്ടും - "എടാ രാമകൃഷ്ണാ, എന്നെ മനസ്സിലായില്ലേ"

     പെട്ടെന്നെനിക്ക് മനസ്സിലായി.

     ആടുമത്തായി.

     ആ താടിരോമങ്ങൾ കൊഴിഞ്ഞുപോയിട്ടില്ല.

      "മത്തായിയല്ലേ? ഇരിക്ക്." - ഞാൻ പറഞ്ഞു. പിന്നീട് വീണിടംകൊണ്ടുളള എൻ്റെ വിദ്യ.

     കീഴുദ്യോഗസ്ഥന്മാരോട് ഞാൻ പറഞ്ഞു - "മത്തായി എന്‍റെ പഴയ ക്ലാസ്‌മേറ്റാണ്. ഞങ്ങൾ കുറേനേരം പഴയ കഥകൾ പറഞ്ഞിരിക്കട്ടെ. നിങ്ങളെല്ലാം നാളെ വരൂ!"

     കീഴുദ്യോഗസ്ഥന്മാർ പോയി.

     ഞാൻ മത്തായിയോട് - "എടാ ആടേ, നീ എന്തായീ കാണിച്ചത്!"

     മത്തായി : "ഞാൻ നിന്നെ കാണാൻ വന്നു. നീ വല്യ ഉദ്യോഗസ്ഥനായതിൽ എനിക്കും സന്തോഷമില്ലേടാ? ഞാൻ മുൻസിഫ് കോടതി കോപ്പിയിസ്റ്റേ ആയുള്ളു."

     ഞാൻ : "മത്തായീ, നീ എന്‍റെ കീഴുദ്യോഗസ്ഥന്മാരെ സാറെന്ന് വിളിക്കുകയും എന്നെ എടാ എന്ന് വിളിക്കുകയും...അതും എന്‍റെ ഓഫീസിൽ വച്ച്... ഛെ!"

     മത്തായിയുടെ മുഖം വാടി.

     ഞാൻ തുടർന്നു : "നിന്നെ ഞാൻ കുറ്റം പറയുകയല്ല. നീ ഒരു കാര്യം ചെയ്യ്. ഞാൻ വൈകിട്ട് ആറ് മണിക്ക് ശേഷം ഗവണ്മെന്‍റ് ഹൗസിലുണ്ടാകും. നമുക്കവിടെ കൂടാം. നീ വരണം."

     മത്തായി ഗവണ്മെന്‍റ് ഹൗസിൽ വന്നു.

     ഞങ്ങൾ സ്‌കൂൾഫൈനൽ ക്ലാസിലെ കഥകൾ പറഞ്ഞുകൊണ്ടിരുന്നു.

     മത്തായിയെ സന്തോഷിപ്പിക്കണമെന്ന് എനിക്ക് നിർബന്ധമായിരുന്നു. ഓഫീസിൽ വച്ച് ഞാൻ അൽപ്പം മുഷിഞ്ഞല്ലേ സംസാരിച്ചത്!

     "മത്തായീ, നീ മറ്റേവനെ കഴിക്കുമോ?"

     "കഴിക്കും."

     "ഞാൻ വരുത്താം."

     "വേണ്ടെടാ... നീ വല്യ ഉദ്യോഗസ്ഥൻ. ഞാൻ വെറും കോപ്പിയിസ്റ്റ്. ഞാൻ കാരണം നിനക്ക് ചീത്തപ്പേരുണ്ടാകരുത്."

     "മിണ്ടാതിരിയെടാ ആടേ!"

     ഞാൻ മദ്യം വരുത്തി. ഞങ്ങൾ തമാശകൾ പറഞ്ഞുകൊണ്ടിരുന്നു.

     പിറ്റേന്നാണ് എനിക്ക് ഷോക്കേറ്റത്.

     മത്തായിയുടെ കത്ത് - 'ഞാൻ കുറേനാൾ അവധിയിൽ പോകുന്നു. വേണമെങ്കിൽ സ്ഥലംമാറ്റം വാങ്ങിപ്പോകാം. നീ പറഞ്ഞത് നേരാ.. നിന്‍റെ  തഹസിൽദാരന്മാരെ ഞാൻ സാർ വിളിക്കുന്നു. നിന്നെ സാർ വിളിക്കാനെനിക്ക് വയ്യതാനും. അത് നിനക്ക് മോശമാ!'

     മത്തായിയെ പിന്നീട്‌ ഞാൻ കണ്ടിട്ടില്ല.

     എനിക്ക് ആ സ്ഥലത്തുനിന്നും പ്രതീക്ഷിച്ചതിലും നേരത്തേ സ്ഥലംമാറ്റമുണ്ടായി.

     മത്തായി ലീവ് കഴിഞ്ഞ് മടങ്ങിയോ?

     മത്തായി എനിക്ക് മാപ്പു തന്നോ?

     അറിഞ്ഞുകൂടാ!

No comments: