Monday, December 26, 2022

ഞാൻ പാള്‍മുനിയെ കണ്ടു


 

 

 

 

 

 

- എന്‍ എന്‍ പിള്ള

 

 

      കാണുക മാത്രമല്ല കേരളബന്ധുവിന്‍റെയും സിംഗപ്പൂർ ഹെറാൾഡ് എന്ന ഇംഗ്ലീഷ് പത്രത്തിന്‍റെയും സ്റ്റാഫ് റിപ്പോർട്ടർ എന്ന നിലയ്ക്ക് ഒരു ഇന്‍റര്‍വ്യൂവും നടത്തി. ഞാനെത്ര രാജാക്കന്മാരെയും മഹാരാജാക്കന്മാരെയും സുൽത്താന്മാരെയും കണ്ടു! പിൽക്കാലജീവിതത്തിൽ എത്രയെത്ര നടീനടന്മാരെ കണ്ടു! എന്നാൽ 'പാള്‍മുനിയെ കണ്ടു' എന്ന് പറയുമ്പോൾ എന്തോ അസാധാരണമായ ഒരഭിമാനം തോന്നുന്നു. സിംഗപ്പൂരിൽ ലാറൻസ് ഒളിവിയറും സംഘവും കൂടി പ്രദർശിപ്പിച്ച ഹാംലെറ്റും കിങ് ലിയറും ഞാൻ കണ്ടു. സത്യത്തിൽ അവരുടെ അവതരണരീതിയും അഭിനയരീതിയുമൊന്നും എനിക്ക് പിടിച്ചില്ല. എടുത്തു പറയത്തക്കതായി ഒന്നും തോന്നുന്നുമില്ല. എന്നാൽ പാള്‍മുനി! അതെന്നും ഓർക്കും.

     ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയൊമ്പതോടുകൂടി സിനിമാഭിനയം തൽക്കാലം നിർത്തിവച്ചിട്ട് വിനോദാർത്ഥം ഒരു ലോകസഞ്ചാരം നടത്തുന്നതിനിടയിലാണ് പാള്‍മുനിയുടെ കപ്പൽ സിംഗപ്പൂരിൽ അടുത്തത്. പാള്‍മുനി വരുന്ന വിവരം കാലേക്കൂട്ടി അറിഞ്ഞ ഞങ്ങൾ പോർട്ടാഫീസ് മുഖാന്തിരം ഇന്‍റര്‍വ്യൂവിന് ഏർപ്പാട് ചെയ്തിരുന്നതാണ്. തലേന്നു സന്ധ്യയ്ക്ക് കപ്പൽ തുറമുഖത്തടുത്തിരുന്നു. മലെമെയില്‍, സ്ട്രെയിറ്റ് ടൈംസ് എന്നീ പത്രങ്ങളുടെ പ്രതിനിധികളുമൊന്നിച്ച് രാവിലെ കൃത്യം പത്തുമണിക്ക് തന്നെ ഞാൻ കപ്പലിലെത്തി. അദ്ദേഹം ഞങ്ങളെ കാത്തുനിന്നിരുന്നു. ഞങ്ങളെ കണ്ടതും ചുറുചുറുക്കോടെ പട്ടാളച്ചിട്ടയിൽ നടന്നടുത്ത് ഹസ്തദാനങ്ങളും കുശലപ്രശ്നങ്ങളും നടത്തുന്ന ആ സായിപ്പ് തന്നെയാണ് പാള്‍മുനിയെന്ന് ഉറപ്പിച്ച് അങ്ങോട്ട് വിശ്വസിക്കാൻ എനിക്ക് കുറച്ചു സമയം വേണ്ടിവന്നു. ഒരു സായിപ്പ്, ഒരു വെറും സാധാരണ സായിപ്പ്! ആ മനുഷ്യനിൽ എന്‍റെ  സങ്കൽപ്പത്തിലുളള പാള്‍മുനിയില്ല! ഞാൻ പ്രതീക്ഷിച്ചത് വിശ്വവിഖ്യാതനായ പാള്‍മുനി എന്ന നടനസവ്യസാചിയെയാണ്, അതിന്‍റെ എല്ലാ ധടപടാലിറ്റികളോടും കൂടി. ഞാൻ കാണുന്നതോ, സുമുഖനും മധ്യവയസ്കനുമായ ഒരിടത്തരം അമേരിക്കക്കാരനെ. യാതൊരാർഭാടവുമില്ല. അഹന്തയുടെ ലവലേശമില്ല. ചുരുക്കത്തിൽ ഞങ്ങളെ എതിരേറ്റ പാള്‍മുനിയിൽ, പാള്‍മുനിയേയില്ലായിരുന്നു.

     കണ്ടുമുട്ടി അഞ്ചു മിനിറ്റിനുള്ളിൽ അദ്ദേഹം ഞങ്ങളുടെ ആത്മസുഹൃത്തായി മാറി. ഇന്‍റര്‍വ്യൂ പകുതി അദ്ദേഹത്തിന്‍റെ ക്യാബിനിലും പകുതി ഡക്കിലുമായിരുന്നു. സംഭാഷണമാരംഭിച്ചത് ഓരോ പെഗ്ഗ് വിസ്കിയോടുകൂടിയാണ്. സംസാരിച്ചുകൊണ്ടുതന്നെ വിസ്കി ബോട്ടിലെടുക്കുന്നതും ഗ്ലാസ്സുകള്‍ നിറയ്ക്കുന്നതും ഞങ്ങളെ സല്‍ക്കരിക്കുന്നതുമെല്ലാം അസാധാരണമായ അനായാസതയോടുകൂടിയാണ്. സല്‍ക്കാരവേളയിലെ ചലനവിധങ്ങളിലും സംസാരരീതിയിലും അംഗവിക്ഷേപങ്ങളിലുമെല്ലാം ഞാന്‍ അതീവശ്രദ്ധയോടെ അന്വേഷിച്ചുകൊണ്ടിരുന്നു, 'ഗുഡ് എര്‍ത്ത്'-ലെ 'വാങ്ങി'നെ. പാള്‍മുനിയെ അനശ്വരനടനാക്കിയ ആ ചിത്രം ഞാന്‍ രണ്ടു തവണ കണ്ടിരുന്നു.

     അതിലെ 'വാങ്' എന്ന കഥാപാത്രത്തെ അന്നെന്നല്ല ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ഇരിപ്പിലും നടപ്പിലും അംഗവിക്ഷേപങ്ങളിലും ഭാവസ്ഫുരണങ്ങളിലും എന്തിന് ഒരിമവെട്ടലില്‍പോലും 'വാങ്' ഒരു ചീനന്‍ തന്നെയായിരുന്നു; നിരക്ഷരകുക്ഷിയും മുരടനുമായ ഒരുള്‍നാടന്‍ ചീനന്‍.ഇംഗ്ലീഷ് ഉച്ചാരണം പോലും ചീനന്‍റെ ആക്സെന്‍ടിലായിരുന്നു. നൂറുശതമാനം ചീനനായ വാങ് ജനിച്ചത്, നൂറുശതമാനം അമേരിക്കക്കാരനായ ഈ സായിപ്പില്‍നിന്നാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. സംഭാഷണത്തിനിടയ്ക്ക് ഞാനൊരു ചോദ്യം ചോദിച്ചു, 'അതുവരെ അദ്ദേഹത്തിന്‍റെ അഭിനയജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട കഥാപാത്രം ഏതായിരുന്നു' എന്ന്‍. ആ മുഖത്ത് ഒരു പുഞ്ചിരി പരന്നു. തുടര്‍ന്ന് ഗൌരവഭാവത്തില്‍ത്തന്നെ പറഞ്ഞു: 'കുട്ടിക്കാലത്ത് കാര്‍ണിവലില്‍ കെട്ടിയിരുന്ന കോമാളിവേഷം മുതല്‍നിങ്ങള്‍ ഉദ്ദേശിക്കുന്ന ഗുഡ് എര്‍ത്തിലെ വാങ് വരെ എല്ലാ വേഷങ്ങളും എനിക്കിഷ്ടപ്പെട്ടവതന്നെയാണ്. എനിക്കിഷ്ടപ്പെടാത്ത വേഷം ഞാന്‍ കെട്ടാറില്ല. എന്നാല്‍ വാങ്ങിനോളം എന്നെ ബുദ്ധിമുട്ടിച്ച കഥാപാത്രങ്ങളില്ല. ഒന്‍പതുമാസം ചീനന്‍റെ കൂടെ ചീനനായിട്ട് ജീവിച്ചു. അവസാനം സെറ്റിലെത്തുന്നതിനുമുമ്പ് എന്‍റെ തല മൊട്ടയടിക്കേണ്ടിയും വന്നു. മാത്രമല്ല പലപ്പോഴും എനിക്ക് സംവിധായകനെ ധിക്കരിക്കേണ്ടിയും വന്നു.'

     ആ നാക്കില്‍നിന്ന് അവസാനത്തെ ഈ വാക്യം അടര്‍ന്നുവീഴുമ്പോള്‍ ആ മുഖത്ത് അഗാധമായ ഒരു കുറ്റബോധം നിഴലിക്കുന്നതായി തോന്നി. സംവിധായകനെ ധിക്കരിക്കുന്നത് ഒരു പാപമായിട്ടാണ് പാശ്ചാത്യര്‍ കരുതിപ്പോരുന്നത്. ഇന്നത്തെ നമ്മുടെ പല സിനിമാവേഷക്കാരും ആ ധിക്കാരം മഹത്വത്തിന്‍റെ മാനദണ്ഡമായിപ്പോലും കരുതുന്നതായി കാണുമ്പോള്‍ കഷ്ടം തോന്നും.

     കൊടുംപട്ടിണിയില്‍നിന്ന് കുബേരത്വത്തിലേക്കുയര്‍ന്ന ആ അതുല്യനടന്‍ ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയൊമ്പതിലെ ആ ഊരുചുറ്റലിനുശേഷം നേരെപോയത് 'ബ്രോഡ് വേ'യിലേക്കായിരുന്നു. പാള്‍മുനിക്ക് സിനിമയേക്കാളിഷ്ടം നാടകവേദിയായിരുന്നു.

     ആ മഹാനടനോട്‌ വിടവാങ്ങിയ ഞങ്ങള്‍ വാര്‍ഫില്‍ എത്തി. തിരിഞ്ഞ് നോക്കിയപ്പോഴും അദ്ദേഹം കപ്പല്‍ത്തട്ടില്‍നിന്ന് കൈവീശുന്നത്‌ കണ്ടു.

     ഞാന്‍ കൈയുയര്‍ത്തി വീശി.

 

(മഹാനായ നാടകാചാര്യന്‍ എന്‍ എന്‍ പിള്ള-യുടെ 'ഞാന്‍' എന്ന ആത്മകഥയില്‍നിന്നുള്ള ഭാഗമാണ് ഇത്. കറന്‍റ് ബുക്ക്സ് ആണ് പുസ്തകത്തിന്‍റെ പ്രസാധകര്‍.)

No comments: