നിങ്ങള്‍ എത്ര മണിക്ക് ഉണര്‍ന്നാലും ഒരു വാതിലടയ്ക്കുന്ന ശബ്ദം കേള്‍ക്കാം. അവര്‍ കൈകോര്‍ത്തുപിടിച്ച് ഒരു മുറിയില്‍നിന്ന് മറ്റൊരു മുറിയിലേക്ക് നടന്നുകൊണ്ടിരുന്നു. അവിടെയൊന്ന് പൊക്കി, ഇവിടെയൊന്നു തുറന്ന്, ഉറപ്പുവരുത്തി - ആ പ്രേതദമ്പതികള്‍.
"ഇവിടെയാണ് നമ്മളത് വച്ചത്." - അവര്‍ പറഞ്ഞു.
അയാള്‍ കൂട്ടിച്ചേര്‍ത്തു: "ഓ, ഇവിടെയും വച്ചു."
"അത് മുകളിലത്തെ നിലയിലാണ്." - അവള്‍ പിറുപിറുത്തു.
"തോട്ടത്തിലാണ്." - അയാള്‍ മന്ത്രിച്ചു.
"പതുക്കെ." - അവര്‍ പറഞ്ഞു - "അല്ലെങ്കില്‍ നമ്മള്‍ അവരെ ഉണര്‍ത്തും."
പക്ഷേ, നിങ്ങള്‍ ഞങ്ങളെ ഉണര്‍ത്തി എന്നതല്ല കാര്യം. തീര്‍ച്ചയായും അല്ല.
"അവര്‍ അത് തിരയുകയാണ്. അവര്‍ കര്‍ട്ടന്‍ വലിക്കുന്നു." - നമ്മില്‍ ഒരാള്‍ പറയും, എന്നിട്ട് ഒന്നോ രണ്ടോ പേജ് വായിക്കും - "ഇപ്പോള്‍ അവര്‍ അത് കണ്ടുപിടിച്ചു." - മാര്‍ജിനില്‍ എഴുതിക്കൊണ്ടിരുന്ന പെന്‍സില്‍ കൈയില്‍ പിടിച്ച് ആ ആള്‍ തീര്‍ച്ചയാക്കും. വായിച്ചു മടുക്കുമ്പോള്‍ മെല്ലെ എഴുന്നേല്‍ക്കും. നേരിട്ട് പരിശോധിക്കാം എന്ന് കരുതും. വീട് തീര്‍ത്തും ശൂന്യമാണ്. വാതിലുകള്‍ തുറന്നുകിടക്കുന്നു. കാട്ടുപ്രാവുകള്‍ തൃപ്തിയോടെ കുറുകുന്നതുമാത്രം കേള്‍ക്കാം. ദൂരെ കൃഷിസ്ഥലത്ത് ഒരു മെതിയന്ത്രത്തിന്‍റെ ഇരമ്പല്‍.
"ഞാന്‍ എന്തിനാണ് ഇങ്ങോട്ടുവന്നത്? എനിക്ക് എന്താണ് കണ്ടെത്താനുള്ളത്?"
"എന്‍റെ കരങ്ങള്‍ ശൂന്യമായിരുന്നു."
"ഒരുപക്ഷെ, അത് മുകളിലാണെങ്കിലോ?"
തട്ടിന്‍പുറത്ത് ആപ്പിളുകള്‍ ഉണ്ടായിരുന്നു. എന്നിട്ട് വീണ്ടും താഴേക്ക്. പൂന്തോട്ടം പതിവുപോലെ ശാന്തം. പുസ്തകം പുല്ലിലേക്ക് തെന്നിവീണിരിക്കുന്നെന്ന് മാത്രം.
പക്ഷെ, അവര്‍ അത് ഇരിപ്പുമുറിയില്‍ കണ്ടെത്തിക്കഴിഞ്ഞിരുന്നു. ആര്‍ക്കെങ്കിലും അവരെ കാണാന്‍ കഴിയുമെന്നല്ല. ജനല്‍ച്ചില്ലുകള്‍ ആപ്പിളിനെയും റോസാപ്പൂക്കളെയും പ്രതിഫലിപ്പിച്ചു. ആ ചില്ലുകളില്‍ ഇലകള്‍ക്കെല്ലാം പച്ച നിറമായിരുന്നു. അവര്‍ ഇരിപ്പുമുറിയില്‍ അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയെങ്കില്‍ ആപ്പിളിന്‍റെ മഞ്ഞഭാഗം മാത്രമായിരുന്നു കാണുന്നത്. എങ്കിലും അടുത്ത നിമിഷം വാതില്‍ തുറന്നാല്‍, നിലത്ത് പരന്ന്, ഭിത്തികളില്‍ തൂങ്ങി, മച്ചില്‍നിന്ന് താഴോട്ടുതൂങ്ങി, എന്താണ്? യാതൊന്നുമില്ല! എന്‍റെ കൈകള്‍ ശൂന്യമായിരുന്നു. പരവതാനിക്കുമീതെ ഒരു മൈനയുടെ നിഴല്‍ നീങ്ങിപ്പോയി. നിശ്ശബ്ദതയുടെ അഗാധതയില്‍നിന്ന് കാട്ടുപ്രാവുകള്‍ തങ്ങളുടെ ശബ്ദത്തിന്‍റെ കുമിളകള്‍ വലിച്ചെടുത്തു.
"ഭദ്രം, ഭദ്രം, ഭദ്രം." - വീടിന്‍റെ നാഡി സാവകാശം മിടിച്ചുകൊണ്ടിരുന്നു. - "നിധി കുഴിച്ചിട്ടിരിക്കുകയാണ്; മുറി...." - നാഡിമിടിപ്പ് പെട്ടെന്നുനിന്നു.
ഓ, കുഴിച്ചിട്ട നിധിയായിരുന്നോ അത്?
അടുത്തനിമിഷം വെളിച്ചം മങ്ങി. വെളിയില്‍ പൂന്തോട്ടത്തിലേക്ക് പോയാലോ? അലയുന്ന ഒരു സൂര്യരശ്മിക്കുവേണ്ടി വൃക്ഷങ്ങള്‍ അവിടെ ഇരുട്ടിന്‍റെ നൂല്‍കൊണ്ട് വല കെട്ടിയിരുന്നു. തീരെ നേര്‍ത്തതും അപൂര്‍വ്വവും, തണുപ്പോടെ ഉപരിതലത്തിനടിയില്‍ മറഞ്ഞിരിക്കുന്നതുമായ ആ രശ്മിയെയാണ് ഞാന്‍ തേടിയത്. അത് എപ്പോഴും കണ്ണാടിച്ചില്ലിനു പിന്നില്‍ ജ്വലിച്ചുനിന്നു. ആ കണ്ണാടിച്ചില്ല് മരണമാണ്. നമുക്കിടയില്‍ ഉള്ളത് മരണമാണ്.
നൂറുകണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് മരണം ആദ്യമെത്തിയത് ആ സ്ത്രീയെ തേടിയാണ്. പിന്നെ ജനലെല്ലാം അടച്ച് കുറ്റിയിട്ട്, മുറികളെല്ലാം ഇരുട്ടിലാഴ്ത്തി വീടുവിട്ടുപോയി. അയാള്‍ വീട് ഉപേക്ഷിച്ച്, അവളെ വിട്ട് വടക്കോട്ടും കിഴക്കോട്ടും ഒക്കെ പോയി. തെക്കന്‍ സമുദ്രത്തില്‍ നക്ഷത്രങ്ങള്‍ മറയുന്നതുകണ്ടു. വീടുതേടി തിരിച്ചെത്തിയപ്പോള്‍ അത് മൊട്ടക്കുന്നിനു കീഴെ തകര്‍ന്നു കിടന്നു.
"ഭദ്രം, ഭദ്രം, ഭദ്രം" - വീട് ആഹ്ളാദത്തോടെ മിടിച്ചു - "നിധി നിങ്ങളുടേതാണ്."
വെളിയിലെ പാതയില്‍ കാറ്റ് അലറിവിളിക്കുന്നു. മരങ്ങള്‍ കുനിഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും ആടുന്നു. മഴയില്‍ ചന്ദ്രരശ്മികള്‍ ഭ്രാന്തമായി വെട്ടിത്തിളങ്ങുകയും ചിന്നിച്ചിതറുകയും ചെയ്യുന്നു. പക്ഷെ വിളക്കിന്‍റെ കിരണം ജനലില്‍നിന്നും നേരെതന്നെ പതിക്കുന്നു. മെഴുകുതിരി ഉറച്ച്, നിശ്ചലമായി നിന്ന് പ്രകാശിക്കുന്നു. വീട്ടിലെല്ലാം അലഞ്ഞുനടന്ന്, ജനലുകള്‍ തുറന്ന്, ഞങ്ങളെ ഉണര്‍ത്താതിരിക്കാന്‍വേണ്ടി പിറുപിറുത്തുകൊണ്ട് ആ പ്രേതദമ്പതികള്‍ തങ്ങളുടെ ആനന്ദം തേടുകയാണ്.
"ഇവിടെയാണ് നമ്മള്‍ ഉറങ്ങിയത്." - അവര്‍ പറയുന്നു.
"എണ്ണമില്ലാത്തത്ര ചുംബനങ്ങള്‍." - അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു.
"പ്രഭാതത്തില്‍ ഉണരുമ്പോള്‍" - "മരങ്ങള്‍ക്കിടയില്‍ വെള്ളി" - "മുകളിലെ നിലയില്‍" - "പൂന്തോട്ടത്തില്‍" - "വസന്തം വന്നപ്പോള്‍" - "ശീതകാലത്ത് മഞ്ഞ് പൊഴിയുംനേരം" - വിദൂരതയില്‍ വാതിലുകള്‍ അടയുന്നു - ഹൃദയമിടിപ്പുപോലെ പതിഞ്ഞ ശബ്ദത്തില്‍.
അവര്‍ അടുത്തടുത്തുവരുന്നു; വാതില്‍ക്കല്‍ നില്‍ക്കുന്നു; കാറ്റ് ശമിക്കുന്നു; മഴ കണ്ണാടിച്ചില്ലില്‍ വെള്ളിപൂശി തെന്നിയിറങ്ങുന്നു. ഞങ്ങളുടെ കണ്ണുകള്‍ ഇരുളുന്നു. ഞങ്ങള്‍ തൊട്ടടുത്ത് കാലടിശബ്ദം കേള്‍ക്കുന്നേയില്ല. പ്രേതത്തിന്‍റെതു പോലുള്ള മേല്‍ക്കുപ്പായം വിടര്‍ത്തി നില്‍ക്കുന്ന സ്ത്രീയെ ഞങ്ങള്‍ കാണുന്നില്ല. അയാളുടെ കൈകള്‍ റാന്തല്‍ വിളക്കിനെ പൊതിയുന്നു.
"നോക്കൂ." - അയാള്‍ മന്ത്രിക്കുന്നു - "നല്ല ഉറക്കം, അവരുടെ ചുണ്ടുകളില്‍ പ്രേമം."
കുനിഞ്ഞ് അവരുടെ വെള്ളിവിളക്ക് ഞങ്ങള്‍ക്കു മുകളില്‍ പിടിച്ചുകൊണ്ട് അവര്‍ ഏറെനേരം ഞങ്ങളെ അഗാധമായി നോക്കിനില്‍ക്കുന്നു. അവര്‍ ഏറെനേരം ഞങ്ങളെ അഗാധമായി നോക്കി നില്‍ക്കുന്നു. അവര്‍ ഏറെ നേരമായി നില്‍ക്കുന്നു. കാറ്റ് നേരെ വീശുന്നു. വിളക്കിന്‍റെ ജ്വാല അല്‍പ്പം ചെരിയുന്നു. നിലാവിന്‍റെ ഭ്രാന്തകിരണങ്ങള്‍ ഭിത്തിയിലും തറയിലും നെടുകെയും കുറുകെയും പാഞ്ഞ് ഒത്തുചേര്‍ന്ന് അവരുടെ കുനിഞ്ഞ മുഖങ്ങളില്‍ നിഴല്‍ വീഴ്ത്തുന്നു. ഗാഡമായി ചിന്തിക്കുന്ന മുഖങ്ങള്‍. ഉറങ്ങിക്കിടക്കുന്നവരെ പരിശോധിച്ച്, അവരുടെ നിഗൂഡമായ ആനന്ദം തേടുന്ന മുഖങ്ങള്‍.
"ഭദ്രം, ഭദ്രം, ഭദ്രം" - വീടിന്‍റെ ഹൃദയം സ്വാഭിമാനം മിടിക്കുന്നു.
"നീണ്ട വര്‍ഷങ്ങള്‍-" - അയാള്‍ നെടുവീര്‍പ്പിടുന്നു.
"നിങ്ങള്‍ വീണ്ടും എന്നെ കണ്ടെത്തി." - അവള്‍ പിറുപിറുത്തു.
"ഇവിടെ ഉറങ്ങുന്നത്, പൂന്തോട്ടത്തിലിരുന്ന് വായിക്കുന്നത്, തട്ടിന്‍പുറത്ത് ആപ്പിളുകള്‍ ഉരുട്ടി ചിരിക്കുന്നത്, ഇവിടെയാണ് നാം നമ്മുടെ നിധി വെച്ചിട്ടുപോയത്" - കുനിഞ്ഞപ്പോള്‍ അവരുടെ പ്രകാശം എന്‍റെ കണ്‍പോളകളെ തുറക്കുന്നു.
"ഭദ്രം, ഭദ്രം, ഭദ്രം" - വീടിന്‍റെ നാഡി ഭ്രാന്തമായി മിടിക്കുന്നു.
ഉണര്‍ന്ന് ഞാന്‍ ഉറക്കെ വിളിച്ചു ചോദിക്കുന്നു. "ഓ, ഇതാണോ നിങ്ങളുടെ-കുഴിച്ചിട്ട നിധി? ഹൃദയത്തിലെ പ്രകാശം!?"
(വിര്‍ജീനിയ വൂള്‍ഫ് രചിച്ച എട്ട് കഥകളടങ്ങിയ MONDAY OR TUESDAY എന്ന സമാഹാരത്തിലെ THE HAUNTED HOUSE എന്ന കഥയുടെ ഈ മലയാളം പരിഭാഷ ചെയ്തിരിക്കുന്നത് വി. രാധാമണിക്കുഞ്ഞമ്മ ആണ്.)
No comments:
Post a Comment