Tuesday, January 31, 2023

ആദ്യ സര്‍വ്വകലാശാല

 


 

 

 

 

- കെ ജയകുമാര്‍

 

     ജോലി കിട്ടി വീട്ടില്‍നിന്നു മാറിനില്‍ക്കേണ്ടിവന്ന കാലം വരേയ്ക്കും ഞാനൊരു ഗ്രന്ഥശാലാ പ്രവര്‍ത്തകനായിരുന്നു. തിരുവനന്തപുരം പട്ടണത്തിനോടു ചേര്‍ന്ന മണ്ണന്തലയിലെ ചെഞ്ചേരി എന്ന ഗ്രാമത്തിലെ യുവജനസമാജം വായനശാലയായിരുന്നു എന്‍റെ കളരി. 1958ലോ മറ്റോ ആണ് വായനശാല സ്ഥാപിതമായത്. എന്‍റെ അച്ഛനും ആ തലമുറയില്‍പ്പെട്ട (അന്നത്തെ) ചെറുപ്പക്കാരുമായിരുന്നു ആരംഭകാലത്തെ ഉത്സാഹികള്‍. (നൂറായിരുന്നു അച്ഛന്‍റെ അംഗത്വ നമ്പര്‍. ആ നമ്പറില്‍ ഞാന്‍ എത്രയോ കാലം പുസ്തകങ്ങള്‍ എടുത്തിരുന്നു). ആറ്-ഏഴ് ക്ലാസ്സുകളില്‍ പഠിക്കുന്ന സമയം മുതല്‍ ഞാന്‍ ഈ വായനശാലയിലെ നിത്യസന്ദര്‍ശകനായിത്തീര്‍ന്നു.

     അഞ്ചു സെന്‍റ് സ്ഥലത്ത്, വയലിന്‍കരയിലാണ് വായനശാല തലയുയര്‍ത്തി നില്‍ക്കുന്നത്. ആകെ മൂന്നു മുറികള്‍. ഒന്ന് വായനാമുറി, പുസ്തകങ്ങള്‍ സൂക്ഷിക്കാനും മറ്റുമായി രണ്ടാമതൊരു മുറി. പിന്നെ കൂട്ടിച്ചേര്‍ത്ത ഒരു മുറി, വിനോദത്തിനുള്ളത്. വൈകുന്നേരങ്ങളില്‍ ഇവിടെ സ്ഥിരമായി വന്നിരുന്ന മുതിര്‍ന്ന ആളുകള്‍ ഉണ്ടായിരുന്നു, ചീട്ടുകളിക്കാനും കാരംസ് കളിക്കാനും. വിദ്യാര്‍ത്ഥികള്‍ കുറവായിരുന്നുവെന്നാണ് ഓര്‍മ്മ. വൈകുന്നേരം 4 മുതല്‍ 8 മണി വരെയാണ് വായനശാലയുടെ പ്രവര്‍ത്തനം. ഒരു റേഡിയോയും ഉണ്ടായിരുന്നു. അന്ന് അയല്‍വീടുകളിലൊന്നും റേഡിയോ ഇല്ല. ഞങ്ങളുടെ സംഗീതകാമനകള്‍ക്കുള്ള ഏക ആശ്രയം ആകാശവാണി പ്രക്ഷേപണം ചെയ്യുന്ന സിനിമാഗാനങ്ങള്‍ മാത്രം. അത് കേള്‍ക്കാന്‍ ഏകമാര്‍ഗ്ഗം വായനശാലയിലെ റേഡിയോയും.

     അസാമാന്യമായ വായനാശീലം കൊണ്ടൊന്നുമല്ല ഞാന്‍ വായനശാലയില്‍ പോയിത്തുടങ്ങിയത്. എന്‍റെ അമ്മയ്ക്ക് ഒരു ദിവസം ഒരു നോവല്‍ എന്ന നിലയില്‍ വായിച്ചുതീര്‍ക്കണം. അത് എടുത്തുകൊടുക്കുകയാണ് എന്‍റെ ദൌത്യം. അമ്മയ്ക്ക് പ്രിയപ്പെട്ട എഴുത്തുകാരുണ്ട്. അതുപോലെതന്നെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ കൊള്ളാത്തവരുമുണ്ട് പട്ടികയില്‍. ഡിറ്റക്റ്റീവ് നോവലുകളും കവിതകളും ആകാം. ജീവചരിത്രം, യാത്രാവിവരണം എന്നിവയോട് അമ്മയ്ക്ക് വലിയ പഥ്യമില്ല. അങ്ങനെയാണ് ഞാന്‍ എഴുത്തുകാരെയൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്; ഓരോ എഴുത്തുകാരന്‍റെയും ആപേക്ഷിക പ്രാധാന്യവും സ്ഥാനവുമൊക്കെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. അങ്ങനെ കാരൂരും തകഴിയും പൊറ്റെക്കാട്ടും ഉറൂബുമൊക്കെ ഞങ്ങളുടെ വീട്ടിലെ നിത്യസന്ദര്‍ശകരായി. ചങ്ങമ്പുഴയും വൈലോപ്പിള്ളിയും ഇടയ്ക്കിടെ വിരുന്നുവന്നു.

     കുറച്ചുകഴിഞ്ഞപ്പോള്‍ അച്ഛന്‍റെ മാത്രം അംഗത്വം കൊണ്ട് ഞങ്ങളുടെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ കഴിയാതായി. അങ്ങനെ അമ്മയുടെ പേരിലും എന്‍റെ പേരിലും അംഗത്വമെടുത്തു. അങ്ങനെ മൂന്നു പുസ്തകങ്ങള്‍ എടുക്കാന്‍ കഴിയുമെന്ന സ്ഥിതിയായി. ഈ സായാഹ്ന സന്ദര്‍ശനങ്ങളില്‍ വായനാമുറിയില്‍ കുറച്ചുനേരം ചെലവിടുക എന്നത് ഒരു ശീലമായി. ആദ്യമായി എത്രയെത്ര മാസികകള്‍ കാണാനായി! സോവിയറ്റ് ലാന്‍ഡ്, സ്പുട്നിക്, സ്പാന്‍ എന്നിങ്ങനെയുള്ള ആനുകാലികങ്ങള്‍ സ്ഥിരമായി വായിക്കാനായി. പിന്നെ, നിരവധി മലയാളം പ്രസിദ്ധീകരണങ്ങളും വര്‍ത്തമാനപത്രങ്ങളും. വീട്ടില്‍ അന്ന് ആകെ ഒരു പത്രമേ വരുത്തുകയുള്ളു ഇംഗ്ലീഷ് പേപ്പര്‍ വായിച്ചുതുടങ്ങുന്നതും വായനശാലയില്‍ വച്ചുതന്നെ. പഠിക്കുന്ന വിഷയങ്ങള്‍ക്കപ്പുറമുള്ള വിശാലമായ ലോകത്തെക്കുറിച്ചൊരു അവബോധം സൃഷ്ടിക്കാനായതായിരുന്നു ആ നാളുകളിലെ ഏറ്റവും വലിയ നേട്ടം എന്ന്‍ ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. ഒരു വിജ്ഞാനശാഖയും നമുക്കന്യമല്ല എന്ന വിചാരം ഉളവായിവന്നു വിനോദത്തിനുവേണ്ടി മാത്രമല്ലാതെയുള്ള വായനയ്ക്ക് പ്രാധാന്യമുണ്ടെന്ന അറിവ് അമ്മയുടെ കര്‍ശനമായ വായനാഭിരുചിയോടുള്ള അബോധപൂര്‍വ്വമായ പ്രതികരണവും പ്രതിരോധവും ആയിരുന്നോ? നിശ്ചയമില്ല. ഏതായാലും എല്ലാം വായിച്ചറിയാന്‍ ശ്രമിക്കുക എന്ന ശീലം ജീവിതത്തില്‍ ഗുണം മാത്രമേ ചെയ്തുള്ളു. (ഇന്ന് എന്‍റെ സ്വകാര്യ പുസ്തകശേഖരത്തിന്‍റെ സ്വഭാവത്തില്‍ ഈ ശീലത്തിന്‍റെ പ്രത്യാഘാതം കണ്ടറിയാന്‍ സാധിക്കും. അവയുടെ വിഷയവൈവിധ്യം എന്നെത്തന്നെ ചിലപ്പോള്‍ അന്ധാളിപ്പിക്കുന്നുണ്ട്). പിന്നീട് ഈ വായനശാലയ്ക്ക് ഞാന്‍ മുന്നൂറോളം പുസ്തകങ്ങള്‍ എന്‍റെ ശേഖരത്തില്‍ നിന്ന് സംഭാവന ചെയ്യുകയുമുണ്ടായി.

     വീട്ടില്‍ അന്ന് മലയാളവും ഇംഗ്ലീഷും നിഘണ്ടുവില്ല. വായനശാലയില്‍ പോകുമ്പോള്‍ ഞാന്‍ ചില അര്‍ത്ഥമറിയാത്ത വാക്കുകള്‍ കുറിച്ച് പോക്കറ്റില്‍ വയ്ക്കും. നിഘണ്ടു നോക്കി അര്‍ത്ഥമറിയുമ്പോള്‍ വലിയൊരു ചാരിതാര്‍ത്ഥ്യം വന്നുപൊതിയും. (കൈയ്യിലിരിക്കുന്ന മൊബൈല്‍ ഫോണിനോട്‌ ചോദിച്ചാല്‍ ക്ഷണനേരംകൊണ്ട് എന്തും അറിഞ്ഞുതരുന്ന കാലം പുലര്‍ന്നിട്ട് 15 വര്‍ഷമാകുന്നതേയുള്ളൂ എന്ന് സഹസ്രാബ്ദ തലമുറയെ ഓര്‍മ്മപ്പെടുത്താന്‍ ഇത് ചിലപ്പോള്‍ സഹായിക്കും).

     ഞങ്ങളുടെ വായനശാലയില്‍ കൂടുതലും മലയാളം പുസ്തകങ്ങളായിരുന്നെങ്കിലും കുറച്ച് ഇംഗ്ലീഷ് പുസ്തകങ്ങളും ഉണ്ടായിരുന്നു. ആദ്യമായി ടെക്സ്റ്റ്ബുക്ക് അല്ലാതെ ഒരു ഇംഗ്ലീഷ് നോവല്‍ വായിച്ചുതീര്‍ത്ത പുളകം എനിക്ക് ഇപ്പോഴും ഓര്‍ത്തെടുക്കാം. ഇത്തിരിക്കൂടി മുതിര്‍ന്നപ്പോള്‍ ഞാന്‍ വായനശാലാ കമ്മിറ്റി അംഗവും പിന്നെ ഒരു വര്‍ഷം സെക്രട്ടറിയുമായി. വാര്‍ഷിക ഗ്രാന്‍റ് കിട്ടിക്കഴിഞ്ഞാല്‍ പുതിയ പുസ്തകങ്ങള്‍ വാങ്ങാന്‍ പോവുക എന്നതാണ് സെക്രട്ടറിയുടെ ജീവിതത്തിലെ അഭിമാനകരമായ ഒരു ദിവസം. പുതിയ പുസ്തകങ്ങള്‍ കണ്ടുകഴിയുമ്പോള്‍ ചില അംഗങ്ങള്‍ നെറ്റി ചുളിക്കും. ചിലര്‍ക്കിഷ്ടപ്പെടും. ഞാന്‍ സെക്രട്ടറിയായിരുന്ന വര്‍ഷത്തെ പുസ്തകം വാങ്ങല്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇട കൊടുത്തില്ലെന്നാണ് ഓര്‍മ്മ. അത് ശരിയായിരിക്കാം. കാരണം എന്‍റെ താത്പര്യങ്ങള്‍ തന്നെ അനേക മേഖലകളിലായിരുന്നല്ലോ. അപ്പോള്‍ ഞാന്‍ വാങ്ങിയ പുസ്തകങ്ങളില്‍ എല്ലാ വിഭാഗം വായനക്കാരെയും തൃപ്തിപ്പെടുത്താനുള്ള പുസ്തകങ്ങള്‍ ഉണ്ടായിരുന്നിരിക്കണം.

     വാര്‍ഷികാഘോഷമാണ് സെക്രട്ടറിയുടെ മറ്റൊരു പ്രധാന ദിവസം. ഞങ്ങളുടെ വായനശാലയെപ്പറ്റി നിലനിന്നിരുന്ന ഒരന്ധവിശ്വാസമുണ്ട്. ഗ്രാമത്തില്‍ മഴ വേണമെങ്കില്‍ വായനശാലയുടെ വാര്‍ഷികം നിശ്ചയിച്ചാല്‍ മതിയെന്ന്. അങ്ങനെ വിശ്വസിച്ചുപോയതില്‍ തെറ്റ് പറഞ്ഞുകൂടാ. എന്‍റെ ഓര്‍മ്മയില്‍ ഒന്നോ രണ്ടോ വര്‍ഷം ഒഴിച്ചാല്‍ മറ്റെല്ലാ വാര്‍ഷികാഘോഷവും മഴയില്‍ ഒലിച്ചുപോയിട്ടുണ്ട്. നല്ല വേനല്‍ചൂടാണെങ്കിലും, വാര്‍ഷികദിവസം ഉച്ച തിരിയുന്നതോടെ ആകാശം ഇരുളും. ഇടിമുഴങ്ങും. പൊതുസമ്മേളനം തുടങ്ങേണ്ട സമയമാവുമ്പോഴേക്കും വയലില്‍ വെള്ളം നിറയും. തവളകള്‍ കരയാന്‍ തുടങ്ങും. പിന്നെ എങ്ങനെയും ചെളി കെട്ടാത്ത ഒരു സ്ഥലത്തേക്ക് സ്റ്റേജ് മാറ്റിയെടുത്ത് പ്രസംഗങ്ങള്‍ നടത്തി ക്ഷണിതാക്കളെ തിരിച്ചയയ്ക്കും.(ഈ പ്രതികൂല സാഹചര്യങ്ങള്‍ തൃണവല്‍ഗണിച്ചുകൊണ്ട് ഒന്നര മണിക്കൂര്‍ പ്രസംഗിച്ച അതിഥിദേവന്മാരും ഗ്രാമത്തിന്‍റെ ഓര്‍മ്മയിലുണ്ട്!)

     കഥാപ്രസംഗം അല്ലെങ്കില്‍ നാടകം - അതാണ് പതിവ് കലാപരിപാടി. അടുത്ത ക്ഷേത്രങ്ങളില്‍ ഇതുവരെ വരാത്ത കാഥികനെ കണ്ടെത്തണം. നാടകത്തില്‍ വഷളത്തം പാടില്ല. ഗ്രാമം സ്വയം നിശ്ചയിച്ച സെന്‍സര്‍ ബോര്‍ഡിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിക്കണം.

     ഒരിക്കല്‍ വായനശാലാ വാര്‍ഷികത്തിന് ഞങ്ങള്‍ ഗ്രാമീണ കലാകാരന്മാര്‍ തന്നെ നാടകം അഭിനയിക്കാമെന്ന് തീരുമാനിച്ചു. ഒരു മാസത്തിലേറെ നീണ്ട റിഹേഴ്സല്‍. മറക്കാന്‍ കഴിയാത്ത ദിവസങ്ങള്‍. വീട്ടില്‍ തിരിച്ചെത്താനുള്ള സമയപരിധിയ്ക്ക് അമ്മയില്‍നിന്ന് എനിക്ക് ഇളവുകിട്ടിയ സ്വാതന്ത്ര്യത്തിന്‍റെ ദിനങ്ങള്‍! പെണ്‍വേഷമായിരുന്നു എനിക്ക്. നിര്‍മ്മല എന്ന യുവതി. പിന്നീട് എത്രയോ കാലം എന്നെ 'നിര്‍മ്മലേ' എന്ന്‍ ആളുകള്‍ സ്നേഹപൂര്‍വ്വം വിളിച്ചിരുന്നു! എത്രയെത്ര ഫലിതങ്ങള്‍, കളിയാക്കലുകള്‍, ഗ്രാമത്തിലെ സ്വകാര്യരഹസ്യങ്ങള്‍!

     ഇങ്ങനെ അറിവും ആഹ്ലാദവും വിനോദവും ലാളിത്യവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു എന്‍റെ ഗ്രന്ഥശാലാ സ്മൃതികള്‍. എന്‍റെ ജീവിതത്തില്‍ ആ ചെറിയ വായനശാല വഹിച്ച പങ്ക് എത്ര വലുതായിരുന്നു എന്ന് പറഞ്ഞറിയിക്കാവതല്ല. അത് ഒരു ഗ്രന്ഥശാലയായിരുന്നില്ല, എന്‍റെ ആദ്യ സര്‍വ്വകലാശാല തന്നെയായിരുന്നല്ലോ!

 

(2018 ഡിസംബര്‍ ലക്കം ഗ്രന്ഥാലോകം മാസികയില്‍ 'എന്‍റെ ഗ്രന്ഥശാല' എന്ന പ്രത്യേക പംക്തിയില്‍ നല്‍കിയിരിക്കുന്ന ലേഖനമാണ് ഇത്.) 

Image Ⓒ : Jerry Jenkins

No comments: