- മാമുക്കോയ & താഹ മാടായി
മാമുക്കോയയുടെ ജീവിതകഥ കേള്‍ക്കുന്നതിന്‍റെ അഞ്ചാം പകല്‍.
മാമുക്കോയ തുടര്‍ന്നു:
ജീവിതത്തെക്കുറിച്ച് എനിക്ക് തോന്നുന്നത്, ജനിച്ചതുകൊണ്ട് ജീവിക്കാന്‍ നിര്‍ബന്ധിതരായ കുറേ ആള്‍ക്കാര്‍ ഈ ഭൂമിയിലുണ്ട്. ജനനത്തിനും മരണത്തിനുമിടയിലെ ഇരുകാലിലുള്ള പാച്ചിലാണല്ലോ ജീവിതം. ഓരോ കാറ്റടിക്കുമ്പം അങ്ങോട്ടുപോകും; ഓരോ ഒഴുക്കിലും ഇങ്ങോട്ടുവരും. കാലത്തിന്‍റെ പോക്കനുസരിച്ച് അങ്ങനെ ഒരു പോക്ക്. ഏതോ ഒരു സ്ത്രീ ഏതോ ഒരു പുരുഷനുമായി ബന്ധപ്പെടുന്നു, കുട്ടികളുണ്ടാവുന്നു, കുടുംബമാവുന്നു. ആലോചിച്ചുപോയാല്‍ വലിയ പിടി കിട്ടാത്ത സംഗതിയാണ് ജീവിതം. കാറ്റ്, വെളിച്ചം, വായു, ഇവയ്ക്കെല്ലാം ഞാന്‍ പടച്ചോന് നല്‍കുന്ന നികുതിയാണ് പ്രാര്‍ത്ഥന. ബുദ്ധന്‍, ക്രിസ്തു, മുഹമ്മദ് നബി, ഗാന്ധിജി ഇവരൊക്കെ മഹാന്മാരാവ്ന്നത് നമ്മളെപ്പോല്ള്ള ചെറിയ മനുഷ്യന്മാര്‍ ജീവിചിരിക്കുന്നതുകൊണ്ടാണ്. അവര് മഹാന്മാരാണ് എന്ന് തിരിച്ചറിയാനുള്ള നമ്മുടെ കഴിവിന്‍റെ മഹത്വം കാരണമാണ് അവരൊക്കെ മഹാന്മാരായിത്തീര്‍ന്നത്. ഇതൊക്കെ നമ്മള് കുറേ കാലമായി മനസ്സിലിട്ട് കളിക്കുന്ന കാര്യമാണ്. ജീവിതം ഒരു വല്ലാത്ത സംഗതിയാണ്. മഹാന്മാര്‍ പറഞ്ഞതിനനുസരിച്ച് ജീവിക്കാനാവൂല്ല. ജീവിക്കാനുള്ള പങ്കപ്പാടിനിടയില്‍ ഇടയ്ക്കെല്ലാം ഓര്‍ക്കാന്‍ ഒരു ക്രിസ്തു, ഒരു ബുദ്ധന്‍, ഒരു നബി, ഒരു ഗാന്ധിജി. നമ്മള് ഇടയ്ക്ക് കണ്ണാടി നോക്കാറുണ്ടല്ലോ. അതുപോലെ ഇടയ്ക്കിടെ നോക്കാന്‍ കുറേ ആള്‍ക്കണ്ണാടികള്.
(താഹ മാടായി തയ്യാറാക്കിയ 'മാമുക്കോയ: വായനക്കാരുടെ ഹൃദയം കവര്‍ന്ന ഒരു ജീവിതകഥ' എന്ന കൃതിയില്‍നിന്നുമെടുത്താണ്, 'മഹാന്മാര്‍' എന്ന ഈ ഭാഗം ഇവിടെ ചേര്‍ത്തിരിക്കുന്നത്.
ഈ കൃതിയുടെ അവതാരികയില്‍ പ്രശസ്ത സാഹിത്യകാരനായ ടി പദ്മനാഭന്‍ ഇങ്ങനെ പറയുന്നു : '...ആത്മാര്‍ത്ഥതയുടെ സ്ഫുരണം മാമുക്കോയയുടെ ഓര്‍മ്മകള്‍ക്കുണ്ട്. ഇതെഴുതിയതിലൂടെ താഹ മാടായി എല്ലാ പാപങ്ങളില്‍നിന്നും മുക്തി നേടിയിരിക്കുന്നു എന്നുപോലും ഞാന്‍ ഉറപ്പിച്ചു പറയുന്നു. കാരണം, അത്രയധികം ഹൃദയസ്പര്‍ശിയാണ് ഈ ജീവിതകഥ'.)
No comments:
Post a Comment