പ്രണയമെഴുതുക...
വിരലിന്‍റെ തൂവലാല്‍-
ക്കരളിന്‍റെ ഭിത്തിമേല്‍,
കറ കലരുമന്തരാത്മാവിന്‍റെ പാറമേല്‍!
മുറുകുന്ന മുജ്ജന്മബന്ധങ്ങളില്‍, നമ്മ-
ളുരുകുന്ന സൂര്യസംഗീതക്കിടക്കമേല്‍...
അന്ധമാക്കപ്പെടുന്നെന്നു തോന്നിക്കുന്ന
രതിബന്ധനത്തിന്‍റെ താളക്കുടുക്കമേല്‍...
കല്ലേറ്റു മുറിയുന്ന കാലടിപ്പൂക്കളില്‍...
കല്യാണസൌഗന്ധികത്തിന്‍ ദളങ്ങളില്‍!
പ്രണയമെഴുതുക...
തൂവെളിച്ചത്തിന്‍റെ-
തുടുമുഖശ്രീകളില്‍,
തുയിലുണരൂ മഹസ്സിന്‍റെയശ്വവേഗങ്ങളില്‍!
ഏകാന്തയാമങ്ങളിറ്റുവീഴുന്നൊരീ-
യവസാനരാവിന്‍റെയാകാശനാഭിയില്‍...
ധ്യാനിച്ചു നില്‍ക്കും നിലാവിന്‍റെ നെറ്റിമേല്‍
നാദം വിതുമ്പുന്ന നഗ്നസാരംഗിയില്‍...
കനിവാര്‍ന്നു നില്‍ക്കുന്ന, കടലാവുമോര്‍മ്മയില്‍...
കല്പാന്തമേഘം പിളര്‍ക്കുന്ന മിന്നലില്‍...!
പ്രണയമെഴുതുക...
വിറകൊണ്ട വിരലിനാല്‍ നീ നിന്‍റെ
വിരഹസന്താപത്തിന്‍റെ വീണാമുഖങ്ങളില്‍...
പ്രണയമെഴുതുക... പ്രണയമെഴുതുക...!
(മാതൃഭൂമി ബുക്ക്സ് പുറത്തിറക്കിയ ഗിരീഷ് പുത്തഞ്ചേരിയുടെ കവിതകള്‍ എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്.)
No comments:
Post a Comment