Friday, July 5, 2024

ഒരു കറുമ്പിപ്പെണ്ണും പത്രാധിപരും


 

 

 

 

 - വൈക്കം മുഹമ്മദ്‌ ബഷീര്‍

 

     ഞാൻ പണ്ട് എറണാകുളത്ത് ഒരു സ്പോർട്സ് കമ്പനിയുടെ ഏജന്‍റ് ആയി പ്രവർത്തിച്ചിരുന്നു. കളിക്കോപ്പുകളുടെ സാമ്പിളുകളുമായി​ എന്നും പട്ടണം ചുറ്റും. ഫുൾസ്യൂട്ടിലാണ് കറക്കം. സംഗതി സൈക്കിളിൽ. ഹാറ്റും ടൈയ്യും ഉണ്ട്. ചുരുളൻ മുടി. കാലിൽ സ്റ്റൈലൻ ഷൂ.

    ഹോസ്റ്റലിലായിരുന്നു താമസം. ശാപ്പാടൊക്കെ ഹോട്ടലുകളിൽ നിന്ന്. അന്ന് രണ്ടണ കൊടുത്താൽ ഒരു ഊണ് കിട്ടും. സംഗതി കുശാൽ - ആറു പൈസക്ക് ഒരു ഊണ്! പിന്നെ ചായയ്ക്കോ? കേവലം കാൽ രൂപ! അങ്ങനെ ജീവിതം സുന്ദരമായി കഴിഞ്ഞുവരികയായിരുന്നു.

    ഒരു ദിവസം ഞാൻ ഷണ്മുഖം റോഡിലൂടെ സൈക്കിളിൽ വരികയാണ്. നല്ല സ്പീഡ്. ചെറിയ ഇറക്കം. സാമ്പിൾപ്പെട്ടി സൈക്കിളിന്റെ വിളക്കുകാലിൽ തൂക്കിയിട്ടിരിക്കുകയായിരുന്നു. ഇറക്കത്തുവച്ച് ഹാൻഡിൽ പൊട്ടി. സാമ്പിൾപ്പെട്ടി സൈക്കിളിന്റെ ചക്രത്തിൽ കുടുങ്ങി. സൈക്കിൾ മറിഞ്ഞു. ഞാനും തെറിച്ചുവീണു. എല്ലാം പെട്ടെന്ന് കഴിഞ്ഞു.

    ഞാൻ കോട്ടും ഹാറ്റും ഒക്കെ ഊരി. ദേഹത്ത് നല്ല പരിക്കുണ്ട്. നടക്കാൻ തീരെ വയ്യ. എങ്ങനെയോ ഹോസ്റ്റലിൽ എത്തി. അവിടെ കിടന്നു. കൈയ്യിലുണ്ടായിരുന്ന പണം ഒരാഴ്ച കൊണ്ട് തീർന്നു. കച്ചവടം ഇല്ലല്ലോ. അതിനാൽ സ്പോർട്സ് സാമഗ്രികളുടെ സാമ്പിൾ വിറ്റു. അതും തീർന്നപ്പോൾ കുറെ ദിവസം പട്ടിണി!

    കാലിലെ പരിക്കു മാറിയപ്പോൾ മെല്ലെ പുറത്തിറങ്ങി. ഒരു ജോലി വേണം. പലയിടത്തും അന്വേഷിച്ചു. ആരും ഗൗനിക്കുന്ന മട്ടില്ല. മുഖലക്ഷണം നോക്കിയായിരുന്നു ഞാൻ ജോലി ചോദിച്ചത്. മുഖം കണ്ടാൽ അറിയാം, ജോലി തരുമോ എന്ന്.

    അങ്ങനെ ഒരു ദിവസം ഞാനൊരു മുഖം കണ്ടു. ഒരു ചെറിയ മുറി. അതിൽ ഒരു മനുഷ്യൻ ഒറ്റയ്ക്കിരിക്കുന്നു.

പുറത്തൊരു ബോർഡുണ്ട്: 'ജയകേസരി'

അയാള്‍ അതിന്‍റെ പത്രാധിപരാണ് : പത്മനാഭ പൈ.

    ഞാൻ നേരെ അകത്തേക്ക് കയറിച്ചെന്നു.

    "ഇരിക്കൂ." : അയാൾ പറഞ്ഞു.

    "ഞാൻ ഇരിക്കാൻ വന്നതല്ല, ഒരു ജോലി വേണം." : ഞാൻ പറഞ്ഞു. 

    പൈ അതുകേട്ട് ചിരിച്ചു.

    "ഞാൻ ഇതിന്‍റെ പത്രാധിപരാണ്. എഴുത്തുകാരനും പ്രൂഫ് വായനക്കാരനും വില്‍പ്പനക്കാരനും ഞാൻ തന്നെ. ഇനി വേറെ ജോലിയൊന്നുമില്ല."

    എനിക്ക് അതുകേട്ടപ്പോൾ ചിരി വന്നു. പക്ഷെ അയാളുടെ മുഖലക്ഷണം! ഞാൻ വീണ്ടും നോക്കി.

    "കഥയെഴുതാൻ അറിയാമോ? കഥയെഴുതിത്തന്നാൽ പൈസ തരാം." - അയാൾ പറഞ്ഞു.

    ഞാൻ സമ്മതിച്ചു.

    ഞാനുടനെ ഹോസ്റ്റലിലേക്ക് മടങ്ങി.

    എനിക്കാണെങ്കിൽ കഥ എഴുതണമെന്ന തോന്നൽ നേരത്തെയുണ്ട്.

    പക്ഷേ, എന്തിനെപ്പറ്റിയെഴുതും? എന്‍റെ മുറിയിൽനിന്ന് നോക്കിയാൽ റോഡ്. ഞാൻ റോഡിലേക്കുനോക്കി കുറേദിവസം കിടന്നതാണല്ലോ. അവിടെ ഒരു പൈപ്പുണ്ട്. പൊതുവക. അതില്‍നിന്ന് വെള്ളം പിടിക്കാന്‍ ധാരാളം പെണ്ണുങ്ങൾ തടിച്ചുകൂടാറുണ്ട്. സുന്ദരികള്‍! പക്ഷെ അവര്‍ക്കൊക്കെ കാമുകന്മാര്‍ ഹോസ്റ്റലിൽ ഉണ്ടായിരുന്നു. അവരെ മനസാ വരിച്ചവർ. എനിക്കാണെങ്കിൽ ഒന്നിനെയും കിട്ടിയില്ല!

    അങ്ങനെയിരിക്കുമ്പോഴാണ് ഒരു കറുമ്പിക്കൂനി. അവളെ ആർക്കും വേണ്ട. അവൾ വെള്ളം കുടിക്കാൻ വന്നാൽ ആരും തിരിഞ്ഞുനോക്കില്ല. ഞാൻ വിചാരിച്ചു, 'അവളെ ചാമ്പ്യൻ ചെയ്താലോ?' ഞാനവളെ എടുത്തു.

    അന്ന് ഇത്തരം കറുമ്പിക്കൂനികളെപ്പറ്റി ആരും കഥകൾ എഴുതിയിട്ടില്ല. രാജാക്കന്മാരെപ്പറ്റിയും രാജകുമാരികളെപ്പറ്റിയും മറ്റുമായിരുന്നു കഥകൾ. ഇത്തരം കറുമ്പിക്കൂനി. അവളെ ആർക്കുവേണം? ഇവളുടെ കഥ ആർക്കു വായിക്കണം? എങ്കിലും എഴുതി.

    അവൾ വെള്ളമെടുക്കാൻ വന്നു. ഞാൻ അവളെ നോക്കി കഥയെഴുതി. അവളുടെ പേരൊന്നും എനിക്കറിയില്ല. ഞാൻ അവൾക്ക് ഒരു പേരിട്ടു - തങ്കം. എൻറെ തങ്കം!

    എന്‍റെ ആദ്യത്തെ കഥ അതാണ് - എന്‍റെ തങ്കം.

    ഞാൻ കഥയുമായി നേരെ ജയകേസരി പത്രാധിപരുടെ മുറിയിലെത്തി. ആ കഥ ജയകേസരിയിൽ അച്ചടിച്ചുവന്നു. ജയകേസരിയില്‍ ഞാൻ രണ്ടുമൂന്നു കഥകൾ കൂടി എഴുതി. ജയകേസരിയുടെ മുമ്പില്‍ ഒരു ചായപ്പീടിക ഉണ്ടായിരുന്നു. അവിടെ ഞാൻ പറ്റായി. അധികം നേരവും ഞാന്‍ ജയകേസരി ഓഫീസിൽ ഇരിക്കും. ചിലപ്പോൾ പ്രൂഫ് വായന. പിന്നെ സൊറ പറഞ്ഞിരിക്കും.

    ഹോട്ടലിലെ പറ്റു വർദ്ധിച്ചപ്പോൾ പത്മനാഭ പൈ അറിഞ്ഞു. പൈ എനിക്ക് പതിനൊന്നണ തന്നു. ആ പതിനൊന്നണയാണ് എന്‍റെ ജീവിതത്തിൽ കഥയിൽ നിന്ന് കിട്ടുന്ന ആദ്യത്തെ പ്രതിഫലം. അതുകൊണ്ടു ഞാൻ കടംവീട്ടി. അങ്ങനെ ഞാനൊരു കഥാകൃത്തായി.

    ജയകേസരിയില്‍ വന്ന കഥ പില്‍ക്കാലത്ത് പുസ്തകരൂപത്തില്‍ അച്ചടിച്ചിട്ടുണ്ട്. 1954ല്‍ വിശപ്പ് എന്ന കഥാസമാഹാരം മംഗളോദയം ഇറക്കിയപ്പോൾ 'എന്‍റെ തങ്കം' കൂടി ഞാൻ അതിൽ ഉൾപ്പെടുത്തി. പുസ്തകത്തിൽ ചേർത്തപ്പോൾ തങ്കം എന്നു മാത്രമാക്കി. 'എന്‍റെ തങ്കം' എഴുതിയത് ഏത് വർഷമാണെന്ന് കൃത്യമായി ഓർക്കുന്നില്ല. ആ കഥ എനിക്കൊരു അത്ഭുതം തന്നെയാണ്. പത്രാധിപര്‍ പറഞ്ഞിട്ട് എഴുതിയ കഥ. അത്തരമൊന്നാണ് വിശപ്പിന്‍റെ വിളി.

    സാധാരണ ഞാൻ എഴുതുമ്പോൾ കഥ ക്ലീനായി മനസ്സിൽ വന്നുചേരാറുണ്ട്. എന്നാൽ 'എന്‍റെ തങ്കം' എഴുതുമ്പോൾ സത്യത്തിൽ അങ്ങനെയൊരു അനുഭവം ഇല്ലായിരുന്നു. മഴവില്ലൊളിയാൽ പൊന്നുടുപ്പിട്ട വസന്തപ്രഭാതമായിട്ടാണ് ആ കറുമ്പിക്കൂനി എന്‍റെ മുമ്പിൽ വെള്ളം പിടിക്കാൻ വന്നത്!

    അവള്‍ ഇപ്പോഴും എന്‍റെ മനസ്സിലുണ്ട്. അവളുടെ നിറം തനിക്കറുപ്പാണ്. കറുപ്പല്ലാത്ത ഭാഗം എന്നുപറയാവുന്നത് കണ്ണിന്‍റെ വെള്ള മാത്രമേയുള്ളു. പല്ലും നഖവും പോലും കറുത്തതുതന്നെ. തങ്കം ചിരിക്കുമ്പോൾ അവളുടെ മുഖത്തിനുചുറ്റും ഒരു പ്രകാശം. പക്ഷെ അത് അന്ധകാരത്തിന്‍റെ മൂടുപടമിട്ടതാണ്. കറുത്തചിമ്മിനിയിൽനിന്ന് പരക്കുന്ന വെളിച്ചത്തിന്‍റെ ഒരു കാളിമ...

 

DC ബുക്ക്സ്‌ പുറത്തിറക്കിയ 'ബഷീറിന്‍റെ സമ്പൂര്‍ണ്ണകൃതികള്‍'-ല്‍ നിന്നുമെടുത്താണ് ഇത് ഇവിടെ ചേര്‍ത്തിരിക്കുന്നത്. ജീവിതം ഒരനുഗ്രഹം എന്ന കൃതിയുടെ ഭാഗമായുള്ള ഈ ലേഖനം 1991ലാണ് എഴുതപ്പെട്ടിട്ടുള്ളത്. 1937ലാണ് എന്‍റെ തങ്കം ജയകേസരിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.

No comments: