മണ്‍പുറ്റടര്‍ന്നു മനസ്സിന്‍റെയുള്ളില്‍
കണ്‍മിഴിച്ചുണരുന്ന കവിതേ നിന്‍റെ-
യേകാന്ത യാഗാശ്രമത്തില്‍ജ്ജ്വലിക്കുന്ന
മന്ത്രമണി ദീപത്തെയര്‍ത്ഥിച്ചുണര്‍ത്തി ഞാന്‍!
രാമപാദം കാത്തുകല്ലായ്ക്കിടന്നും
ബാലരാമനുയിരിന്‍റെ ഹലമായ്പ്പുലര്‍ന്നും
കലികാലശാപമായ്, കാളിയന്‍ ചീറ്റുന്ന-
കാകോളമാവോളമൂറ്റിക്കുടിച്ചും...
നേരിന്‍റെ ജനകജയെ നെറികേടു പേടിച്ചു
കാടിന്‍റെ നടുവില്‍ക്കളഞ്ഞും...
ആര്‍ത്തയാ,യശരണയായ് നെഞ്ചത്തടിക്കുന്നൊ-
രബലയാം കൃഷ്ണയെക്കാത്തും...
മന്വന്തരങ്ങളായ് വന്നുണര്‍ത്തീലയോ
വരസിദ്ധിയാര്‍ന്ന നിന്‍ വറ്റാത്ത നിര്‍ഝരി!
ഹിമഗിരിയി,ലുടജത്തി-
ലുണരുന്നൊരുമതന്‍റെ
തരളമാം തപസ്സില്‍പ്പുലര്‍ന്നും...
ഡമരുവിലൊരു ചടുലതാളപ്രമാണമായ്
താണ്ഡവത്തീയില്‍ ദഹിച്ചും...
കുളിരുരുകുമുഷ്ണപ്രവാഹമായ് വന്നു നീ
കാളിദാസന്‍റെയും നെഞ്ചില്‍...
ഭയരഹിത വരമുദ്രയായിത്തെളിഞ്ഞു നീ
ഭരതന്‍റെ വരദയാം വിരലില്‍...
കടല്‍ നടുവില്‍ നാവികന്‍ ദിക്കറ്റുനില്‍ക്കവേ
കനിവിന്‍റെ നൌകയായ് തീര്‍ന്നു...
പ്രാചീനഗോപുരദ്വാരത്തില്‍, നീ നിന്‍റെ
പ്രാക്തനസ്മൃതികള്‍ കുടഞ്ഞൂ!
ഗയയില്‍ നീ ബുദ്ധന്നു ബോധം പകര്‍ന്നൂ,
ഗമകമായ് രാഗം പൊതിഞ്ഞൂ...
നഗരത്തിലുയരുന്ന ചത്വരത്തില്‍ നേര്‍ത്ത
നരകപടമൂരിക്കളഞ്ഞൂ...
യുദ്ധകാണ്ഡങ്ങളില്‍, ശാന്തിസന്ദേശവും
പേറി നീ, പ്രാവായ് പറന്നൂ...!
തിന വിളയുമോര്‍മ്മ തന്‍ പാതിരാപ്പാടത്തു
തേക്കുപാട്ടായിക്കുതിര്‍ന്നു!
(മാതൃഭൂമി ബുക്ക്സ് പുറത്തിറക്കിയ, 'ഗിരീഷ് പുത്തഞ്ചേരിയുടെ കവിതകള്‍' എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

No comments:
Post a Comment