Monday, July 13, 2026

തളിരിട്ട കിനാക്കള്‍

 


 

 

 

 

 

- രവി മേനോന്‍



"മറക്കുവാൻ പറയാൻ എന്തെളുപ്പം

മണ്ണിൽ പിറക്കാതിരിക്കലാണതിലെളുപ്പം" 

- എന്നെഴുതിയ കവി, ചുറ്റും ചിതറി വീണ ഓര്‍മ്മത്തുണ്ടുകള്‍ പെറുക്കിയെടുത്ത് കൂട്ടിവെക്കാനാവാതെ കിടക്കയുടെ ഓരത്ത് തളര്‍ന്നിരിക്കുന്നു. തൊട്ടുമുന്നില്‍, കവിയുടെ അനേകമനേകം ഗാനങ്ങള്‍ക്ക് ആത്മാവ് പകർന്നു നല്‍കിയ ഗായിക S ജാനകി.

വികാരഭരിതമായ ഒരു കൂടിക്കാഴ്‌ച. അന്നാണ് ഭാസ്ക്കരന്‍ മാസ്റ്ററെ അവസാനമായി കണ്ടത്. മറവിയുടെ തിരശ്ശീലയ്ക്ക് അപ്പുറത്തായിരുന്നു അദ്ദേഹം: ഞങ്ങൾ നിസ്സഹായരായി ഇപ്പുറത്തും.

തിരുവനന്തപുരത്ത് ഒരു ഗാനമേളയിൽ പങ്കെടുക്കാൻ വന്നതായിരുന്നു ജാനകിയമ്മ. 
പാറ്റൂർ EMS നഗറിലെ ഫ്ലാറ്റിൽ ഒരുമിച്ചിരുന്ന് പ്രാതൽ കഴിക്കേ മനസ്സിലുള്ള ഒരാഗ്രഹം വെളിപ്പെടുത്തുന്നു അവർ. : "ഭാസ്ക്കരന്‍ മാഷിനെ കാണണം. സുഖമില്ല എന്ന് കേട്ടിരുന്നു. എന്നെ ഞാനാക്കിയ പാട്ടെഴുത്തുകാരനല്ലേ?"

മൂടുപടം എന്ന സിനിമയ്ക്കുവേണ്ടി 'തളിരിട്ട കിനാക്കൾതൻ താമര മാല വാങ്ങാൻ' എന്ന പാട്ട് പാടാൻ ചെന്നപ്പോഴുണ്ടായ ഒരനുഭവം ഓര്‍മ്മയിലുണ്ട്. കടുത്ത ആസ്‌ത്‌മയുടെ ആക്രമണം കൊണ്ട് വലയുന്ന കാലം. എളുപ്പത്തിൽ അസുഖം മാറ്റാൻ പോന്ന മരുന്നുകളും ഇൻഹേലറുകളും ഒന്നും പ്രചാരത്തിൽ ഇല്ല അന്ന്. വലിയ അളവിൽ എഫിഡ്രിന്‍ കഴിച്ചും കോർട്ടിസോൺ ഇഞ്ചക്ഷൻ എടുത്തുമൊക്കെയാണ് പാട്ട് പാടാൻ പോകുക. കിതപ്പോടെ രേവതി സ്റ്റുഡിയോയിൽ ചെന്നപ്പോൾ അവിടെ ബാബുരാജും ഭാസ്‌ക്കരനും കാത്തിരിക്കുന്നു. ഹാർമോണിയം വായിച്ച് ബാബുരാജ് പാടിത്തരുന്നത് കേട്ടിരുന്നപ്പോൾ, എങ്ങനെ ഇത്രയും ഭാവമാധുര്യം സ്വന്തം ആലാപനത്തിൽ കൊണ്ടുവരാൻ കഴിയും എന്നോർത്ത് ആശങ്കപ്പെടുകയായിരുന്നു മനസ്സ്. അറിയുന്ന ദൈവങ്ങളെയെല്ലാം ധ്യാനിച്ചു.

മൈക്കിനു മുന്നിൽ ചെന്നുനിന്നു പാടി ജാനകി. ഒരൊറ്റ ടേക്കിൽ പാട്ട് ഓക്കെ. പുറത്തു വന്നപ്പോൾ തൊഴുകൈയുമായി മുന്നിൽ നില്‍ക്കുന്നു ഭാസ്ക്കരന്‍ മാസ്റ്റർ. : "
നിങ്ങൾ മലയാളി അല്ലെന്നു വിശ്വസിക്കാൻ ആകുന്നില്ല. എന്തോ ഒരു മുജ്ജന്മബന്ധം മലയാളവുമായി ഉണ്ടായിരിക്കും. അല്ലെങ്കിൽ ഇങ്ങനെ പാടാൻ കഴിയുമോ?

ലജ്ജകലർന്ന വിനയത്തോടെ ഒന്നും മിണ്ടാതെ നിന്നു ആന്ധ്രക്കാരിയായ ഗായിക. മലയാളത്തിൽ ജാനകിയുടെ സംഗീതജൈത്രയാത്ര തുടങ്ങിയത് ആ പാട്ടിൽ നിന്നാണ്; അതിനകം കുറച്ചു സിനിമകൾക്കുവേണ്ടി പാടിക്കഴിഞ്ഞിരുന്നെങ്കിലും.

പിന്നെ എത്രയെത്ര ഭാസ്‌ക്കരഗീതികൾ. മധുരം തുളുമ്പുന്ന ആ പാട്ടുകളുടെ ഓർമ്മയിൽ അലിഞ്ഞ് ജാനകിയമ്മയോടൊപ്പം ജവഹർ നഗറിലെ വീട്ടിൽ ചെല്ലുമ്പോൾ ഉറക്കത്തിലാണ് മാസ്റ്റർ. കൈകൾ രണ്ടും മാറോടു ചേർത്തുവെച്ച്, നിഷ്കളങ്കനായ ഒരു കുഞ്ഞിനെപ്പോലെ. സുഖനിദ്രയ്ക്കൊടുവിൽ ജാനകി വന്ന വിവരം ഭാര്യ ഉണർത്തിച്ചപ്പോൾ, മാസ്റ്ററുടെ മുഖത്തു പടർന്ന നിസ്സംഗഭാവം ഈ ജന്മം മറക്കില്ല. ഏതോ അപരിചിതയെ എന്നവണ്ണം ജാനകിയെ നോക്കി കിടന്നു അദ്ദേഹം. : "
ആരാ? മനസ്സിലായില്ലല്ലോ?" - ഗൗരവത്തോടെ മാസ്റ്ററുടെ ചോദ്യം.

ജാനകിയമ്മയുടെ ഹൃദയത്തിൽനിന്നുതിർന്ന ഗദ്‌ഗദം ഇതാ ഈ നിമിഷവും മുഴങ്ങുന്നു കാതിൽ. മാസ്റ്ററുടെ ദുർബലമായ കൈകൾ രണ്ടും ചേർത്തുപിടിച്ച് അവർ പതുക്കെ ഉരുവിട്ട വാക്കുകളും: "മാസ്റ്റർ, ഇത് ഞാനാണ്, ജാനകി."

ഓർമ്മയുടെ വിജനവീഥികളിൽ വൃഥാ അലഞ്ഞ ശേഷം നിസ്സഹായനായി തിരികെയെത്തുന്നു ഭാസ്‌ക്കരൻ മാസ്റ്റർ. : "
ഇല്ല. ഈ മുഖം മുൻപ് കണ്ടിട്ടേയില്ല ഞാൻ..." - അപ്രതീക്ഷിതമായ തിരസ്‌കാരത്തിന്‍റെ ആഘാതത്തിൽ എന്തുപറയണം എന്നറിയാതെ തരിച്ചിരുന്ന ജാനകിയമ്മയുടെ മുഖം ശ്രദ്ധിക്കുകയായിരുന്നു ഞാൻ. അവിടെ ഒരു വിതുമ്പൽ തങ്ങിനില്‍ക്കുന്നു. ഏതു നിമിഷവും അതൊരു കരച്ചിലായി പുറത്തേക്കൊഴുകാം.

"
ജാനകിയമ്മ വിഷമിക്കരുത്. കുറച്ചു കാലമായി മാഷ് ഇങ്ങനെയാണ്. അടുത്ത കുടുംബാംഗങ്ങളെപ്പോലും തിരിച്ചറിയാനാവാത്ത അവസ്ഥ." - ആശ്വാസവാക്കുകൾകൊണ്ട് കാര്യമില്ലെന്നറിഞ്ഞിട്ടും പറഞ്ഞു: "ഒരു പാട്ട് പാടിനോക്കൂ; മുഖം മറന്നാലും ആ ശബ്ദം മറക്കാനാകുമോ മാഷിന്?"

വാതിലിൽ ചാരിനിന്ന് ജാനകി പാടി. ഭാസ്ക്കരൻ മാസ്റ്റർ ഹൃദയം കൊണ്ടെഴുതിയ അപൂർവസുന്ദരമായ ആ ഗസൽ : 

"തളിരിട്ട കിനാക്കൾതൻ താമരമാല വാങ്ങാൻ

വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരൻ..."

- ബാബുരാജ് എന്ന മാന്ത്രികൻ ഈണംകൊണ്ട് അനുഗ്രഹിച്ച വിരഹാർദ്രഗാനം.

ഗാനത്തിന്‍റെ പല്ലവി കഴിഞ്ഞ് ചരണത്തിന്‍റെ തുടക്കം എത്തിയപ്പോൾ, ഏതോ ഉൾവിളിയാലെന്നവണ്ണം മാസ്റ്റർ പതുക്കെ കട്ടിലിൽ എഴുന്നേറ്റിരിക്കുന്നു. - "പൂനുള്ളി പൂനുള്ളി കൈവിരൽ കുഴഞ്ഞല്ലോ, പൂക്കാരീ മലരിനി ആർക്കുവേണ്ടി...' - ഇടയ്ക്കെവിടെയോവെച്ച് ജാനകിയോടൊപ്പം ആ ഗാനത്തില്‍ പങ്കുചേരുന്നു മാസ്റ്റര്‍. - "മധുരപ്രതീക്ഷതൻ മണിദീപം കൊളുത്തിയ മാനസപൂജയിനി ആര്‍ക്കുവേണ്ടി..." - കവിയും ഗായികയും ചേർന്ന് ഗാനത്തിന്‍റെ ആത്മാവിലൂടെ ഒഴുകവേ മാസ്റ്ററുടെ ഭാര്യ തൊട്ടടുത്തിരുന്ന് കണ്ണീരൊപ്പി.

ജാനകി പിന്നെയും പാടി, മലയാളിയുടെ സംഗീതഹൃദയത്തെ ആർദ്രമാക്കിയ ഭാസ്‌ക്കരഗീതങ്ങൾ - ഒരു കൊച്ചുസ്വപ്‌നത്തിൻ, ആരാധികയുടെ പൂജാകുസുമം, കേശാദിപാദം തൊഴുന്നേൻ, ഇന്നലെ നീയൊരു സുന്ദരരാഗമായെൻ, വാസന്തപഞ്ചമിനാളിൽ, താമരക്കുമ്പിളല്ലോ മമ ഹ്യദയം, നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൾ...... ഓരോ ഗാനവും പല്ലവി കടന്ന് ചരണത്തിലേക്കു പ്രവേശിക്കുമ്പോൾ സ്വയമറിയാതെ മാസ്റ്റർ അതിൽ പങ്കുചേരുന്നുണ്ടായിരുന്നു.

പതിറ്റാണ്ടുകൾക്കുമുമ്പ് ബാബുരാജിനും ദക്ഷിണാമൂർത്തിക്കും ചിദംബരനാഥിനും ഒക്കെ വേണ്ടി താൻ രചിച്ച വരികൾ ആവേശപൂർവം മാസ്റ്റർ ഏറ്റുപാടുന്നത് അദ്ഭുതത്തോടെ കേട്ടിരുന്നു ഞങ്ങൾ. ഓർമ്മക്കുറവ് അപ്പോഴൊന്നും അദ്ദേഹത്തെ അലട്ടുന്നതേ ഉണ്ടായിരുന്നില്ല.

ജീവിതത്തിൽ ഒരിക്കലും മറന്നുകൂടാത്ത നിമിഷങ്ങൾ. യാത്രപറഞ്ഞിറങ്ങവേ ജാനകിയുടെ നേർക്ക് കൈകൂപ്പി ഹൃദ്യമായ ഒരു ചിരിയോടെ മാസ്റ്റർ ചോദിച്ചു : "
ഇതൊക്കെ ആരുടെ പാട്ടുകളാ? അസ്സലായിട്ടുണ്ട്. ഇനീം വന്നു പാടിത്തരണംട്ടോ..."

മാസ്റ്ററുടെ കണ്ണുകളിലെ നിഷ്കളങ്കതയിലേക്ക് ഉറ്റുനോക്കി ജാനകി നിശ്ശബ്ദയായി നിന്നു. എന്ത് മറുപടി പറയാൻ?!

തിരിച്ചുപോരുമ്പോൾ, കണ്ണുകൾ അടച്ച് കാറിന്‍റെ പിൻസീറ്റിൽ ചാരിക്കിടന്നു ജാനകി. പിന്നിലേക്ക് ഓടിമറയുന്ന നഗരക്കാഴ്ചകളൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല അവർ.

"പ്രായമാകുമ്പോൾ എല്ലാവർക്കും ഇങ്ങനെയൊക്കെ സംഭവിക്കുമോ?" - ആരോടെന്നില്ലാതെ അവർ ചോദിച്ചു. - "എന്‍റെ ജീവിതത്തിൽ ഇത് രണ്ടാമത്തെ അനുഭവമാണ്. K V മഹാദേവൻ സാറിനെ അദ്ദേഹത്തിന്‍റെ അവസാനനാളുകളിൽ കാണാൻ ചെന്നപ്പോഴും ഇതുതന്നെ സംഭവിച്ചു. കണ്ടപ്പോൾ എന്നെ തിരിച്ചറിഞ്ഞില്ല. പൂർണമായും മറവി അദ്ദേഹത്തെ കീഴ്പ്പെടുത്തിക്കഴിഞ്ഞിരുന്നു. പക്ഷേ, K V M സാറിനുവേണ്ടി ഞാൻ പാടിയ ഒരു പാട്ട് പാടിത്തുടങ്ങിയപ്പോൾ അദ്ദേഹം പതുക്കെ അതിനൊത്ത് താളമിട്ടു. പിന്നെ ഏറ്റുപാടി. സംഗീതത്തോളം നല്ലൊരു മരുന്നില്ല മറവിക്ക്, അല്ലേ?" - വേദനകലർന്ന നേർത്ത പുഞ്ചിരിയോടെ ജാനകിയമ്മ ചോദിക്കുന്നു.

മറുപടിയായി ഞാൻ ഒരു അനുഭവകഥ പറഞ്ഞു. ഓർമ്മ മാത്രമല്ല ജീവിതംതന്നെ പാട്ടിലൂടെ വീണ്ടെടുത്ത ഒരു സാധാരണ മനുഷ്യന്‍റെ അസാധാരണമായ കഥ. ആളുടെ പേര് സുബ്രഹ്മണ്യൻ. നേരിട്ട് ഇതുവരെ കണ്ടിട്ടില്ല അദ്ദേഹത്തെ. സ്ഥിരമായി ഫോണിൽ വിളിക്കും. ഇഷ്ടപ്പെട്ട പാട്ടുകൾ പാടും; ഒപ്പം സംഗീതലേഖനങ്ങളെ കുറിച്ചുള്ള അഭിപ്രായം പങ്കുവെക്കും. ഇടയ്ക്കെപ്പോഴോ ആ വിളി നിലച്ചു. ആറുമാസത്തെ ഇടവേള. മനസ്സിൽനിന്ന് ആ ശബ്ദം പതുക്കെ മാഞ്ഞുതുടങ്ങുമ്പോള്‍, ഒരുനാള്‍ നിനച്ചിരിക്കാതെ സുബ്രഹ്മണ്യന്‍ വീണ്ടും വിളിക്കുന്നു : "
പിന്നേയ്, ഞാന്‍ ജീവനോടെ ഉണ്ട്ട്ടോ. കുറച്ചുകാലം വെളിവില്ലാതെ കിടന്നുപോയി."

      
ആ ഇടവേളയുടെ കഥ വികാരഭരിതമായ വാക്കുകളില്‍ സുബ്രഹ്മണ്യന്‍ വിവരിക്കേ, വിസ്‌മയത്തോടെ അത് കേട്ടിരുന്നു ഞാൻ. വടപളനിയില്‍ വച്ച് ഒരു വൈകുന്നേരം സുബ്രഹ്മണ്യന്‍റെ ബൈക്കിൽ ഒരു കാർ വന്നിടിക്കുന്നു. പിന്നൊന്നും ഓർമയില്ല. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂൽപ്പാലത്തിലൂടെ ആയിരുന്നു തുടർന്നുള്ള സഞ്ചാരം എന്നറിഞ്ഞത് ബോധം തെളിഞ്ഞ ശേഷമാണ്. ജീവച്ഛവംപോലെ മലർന്നു കിടക്കുകയായിരുന്നുവത്രേ കിടക്കയിൽ. ശ്വാസോച്ഛ്വാസമുണ്ട്. പക്ഷേ, കണ്ണിലെ കൃഷ്ണമണി പോലും അനങ്ങില്ല. ശബ്ദവും ഇല്ല. തോരാത്ത കണ്ണീരോടെ ഭാര്യയും ഒരേയൊരു മകനും കിടക്കയ്ക്കരികിൽ കാത്തിരുന്നു ആറുമാസക്കാലം.

പിന്നീടെപ്പോഴോ ഡോക്‌ടർമാരെപ്പോലും അദ്ഭുതപ്പെടുത്തിക്കൊണ്ട് ബോധം തിരിച്ചു വന്നപ്പോൾ തമിഴത്തിയായ ഭാര്യ വിചിത്രമായ ഒരനുഭവം വിവരിച്ചു : "
നിശ്ചലനായി, നിശ്ശബ്ദനായി, കിടന്ന കാലത്തും S ജാനകിയുടെ പാട്ടുകൾ കേള്‍ക്കുമ്പോള്‍ എന്‍റെ കൈവിരലുകളും കണ്ണുകളും ചുണ്ടുകളും അനങ്ങുമായിരുന്നുവത്രേ. ഈശ്വരന് സ്‌തുതി; ജാനകിയമ്മയ്ക്കും. അവരുടെ പാട്ടുകൾ കേട്ടുവളർന്ന ബാല്യമാണ് എന്‍റെത്. ഇന്നും ഉറക്കത്തിൽ പോലും എന്നെ വന്നുതഴുകും അവ. എന്നെങ്കിലും ജാനകിയമ്മയെ കാണുമ്പോൾ ഈ സംഭവത്തെക്കുറിച്ച് പറയണം എന്നുണ്ട്...'

കഥ പറഞ്ഞുനിർത്തി തിരിഞ്ഞുനോക്കിയപ്പോൾ കൈകൾ കൂപ്പി കണ്ണടച്ചിരിക്കുന്നു ജാനകിയമ്മ. 

കാറിലെ സ്റ്റീരിയോ പാടിക്കൊണ്ടേയിരുന്നു:

"താതാ നിൻ കല്‌പനയാൽ പൂവനംതന്നിലൊരു

പാതിരാപ്പൂവായി വിരിഞ്ഞൂ ഞാൻ..."

 

(ശ്രീ രവി മേനോന്‍ രചിച്ച് മാതൃഭൂമി ബുക്ക്സ് പുറത്തിറക്കിയ പൂര്‍ണേന്ദുമുഖി എന്ന പുസ്തകത്തില്‍നിന്നും എടുത്താണ് ഈ ഭാഗം ഇവിടെ ചേര്‍ത്തിരിക്കുന്നത്.)   

No comments: