- ഇടപ്പള്ളി രാഘവന്‍പിള്ള
മണിമുഴക്കം!മരണദിനത്തിന്‍റെ
മണിമുഴക്കം!മരണദിനത്തിന്‍റെ
മണിമുഴക്കം മധുരം!-വരുന്നു ഞാന്‍!
അനുനയിക്കുവാനെത്തുമെന്‍ കൂട്ടരോ-
ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി:
മറവി തന്നില്‍ മറഞ്ഞു മനസ്സാലെന്‍
മരണഭേരിയടിക്കും സഖാക്കളേ!
സഹതപിക്കാത്ത ലോകമേ!യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!
കവനലീലയിലെന്നുറ്റ തോഴരാം
കനകതൂലികേ!കാനനപ്രാന്തമേ!
മധുരമല്ലാത്തൊരെന്‍ മൌനഗാനത്തില്‍
മദതരളമാം മാമരക്കൂട്ടമേ!
പിരികയാണിതാ,ഞാനൊരധകൃതന്‍
കരയുവാനായ്പ്പിറന്നോരു കാമുകന്‍!
മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ
പ്രണയമറ്റതാമീ മണ്‍പ്രദീപകം!
അഴകൊഴുകുന്ന ജീവിതപ്പൂക്കളം,
വഴിയരികിലെ വിശ്രമത്താവളം,
കഴുകനിജ്ജഡം കാത്തുസൂക്ഷിക്കുന്ന
കഴുമരം!-ഹാ,ഭ്രമിച്ചു ഞാന്‍ തെല്ലിട!
അഴലിലാനന്ദലേശമിട്ടെപ്പൊഴും
മെഴുകി മോടി കലര്‍ത്തുമീ മേടയില്‍
കഴലൊരല്‍പമുയര്‍ത്തിയൂന്നീടുകില്‍
വഴുതിവീഴാതിരിക്കില്ലൊരിക്കലും.
മലമുകളിലിഴഞ്ഞിഴഞ്ഞേറിടും
മഴമുകിലെന്നപോലെ ഞാനിത്രനാള്‍
സുഖദസുന്ദരസ്വപ്നശതങ്ങള്‍തന്‍
സുലളിതാനന്ദഗാനനിമഗ്നനായ്
പ്രതിനിമിഷം നിറഞ്ഞുതുളുമ്പിടും
പ്രണയമാധ്വീലഹരിയില്‍ ലീനനായ്
സ്വജനവേഷം ചമഞ്ഞവരേകിടും
സുമമനോഹരസുസ്മിതാകൃഷ്ടനായ്
അടിയുറയ്ക്കാതെ മേല്‍പ്പോട്ടുയര്‍ന്നുപൊ-
യലകടലിന്‍റെയാഴമളക്കുവാന്‍!
മിഴിതുറന്നൊന്നു നോക്കവേ,കാരിരു-
മ്പഴികള്‍തട്ടിത്തഴമ്പിച്ചതാണു ഞാന്‍!
തടവെഴാപ്രേമദാരിദ്ര്യബാധയാല്‍
തടവുകാരനായ് തീര്‍ന്നവനാണു ഞാന്‍!
കുടിലു കൊട്ടാരമാകാനുയരുന്നൂ ;
കടലിരമ്പുന്നു കൈത്തോട്ടിലെത്തുവാന്‍,
പ്രണയമൊന്നിച്ചിണക്കാനൊരുങ്ങിയാ-
ലണിമുറിക്കാനിരുളുമണഞ്ഞിടും!
മണിമുഴക്കം!മരണദിനത്തിന്‍റെ
മണിമുഴക്കം മധുരം!-വരുന്നു ഞാന്‍!
ചിരികള്‍തോറുമെന്‍ പട്ടടതീപ്പൊരി
ചിതറിടുന്നോരരങ്ങത്തുനിന്നിനി,
വിടതരൂ,മതി പോകട്ടെ ഞാനുമെന്‍
നടനവിദ്യയും മൂകസംഗീതവും!
വിവിധരീതിയിലൊറ്റ നിമിഷത്തില്‍
വിഷമമാണെനിക്കാടുവാന്‍,പാടുവാന്‍;
നവരസങ്ങള്‍ സ്ഫുരിക്കണമൊക്കെയു -
മവരവര്‍ക്കിഷ്ടമായിട്ടിരിക്കണം!
അരുതരുതെനിയ്ക്കീരീതിതെല്ലുമി -
ച്ചരിതമെന്നുമപൂര്‍ണമാണെങ്കിലും
അണിയലൊക്കെക്കഴിഞ്ഞു ഞാന്‍ പിന്നെയു-
മണിയറയിലിരുന്നു നിഗൂഡമായ്
പലദിനവും നവനവരീതികള്‍
പരിചയിച്ചു,ഫലിച്ചില്ലോരല്‍പവും !
തവിടുപോലെ തകരുമെന്‍മാനസ-
മവിടെയെത്തിച്ചിരിച്ചു കുഴയണം!
ഹഹഹ!വിസ്മയം,വിസ്മയം,ലോകമേ!
അതിവിചിത്രമീ നൃത്തശിക്ഷാക്രമം!
കളരിമാറി ഞാന്‍ കച്ചകെട്ടാമിനി;
കളിയരങ്ങൊന്നു മാറിനോക്കാമിനി ;
പ്രണയനാടകമെന്നുമിതുവിധം
നിണമണിച്ചിലിലെത്താതിരുന്നിടാ !
മണിമുഴക്കം!മരണദിനത്തിന്‍റെ
മണിമുഴക്കം മധുരം!-വരുന്നു ഞാന്‍!
ഉദയമുണ്ടിനി മേലിലതെങ്കിലെ -
ന്നുദകകൃത്യങ്ങള്‍ ചെയ്യുവാനെത്തിടും.
സ്ഥിരതയില്ലാത്ത ലോകത്തിലെന്തിനായ്
ചിരവിരഹി ഞാന്‍ മേലിലും കേഴണം?
മധുരചിന്തകള്‍ മാഞ്ഞുപോയീടവേ,
മരണമാണിനിജ്ജീവിച്ചിരിക്കുവാന്‍;
ഇരുളിലാരുമറിയാതെയെത്രനാള്‍
കരളുനൊന്തു ഞാന്‍ കേഴുമനര്‍ഗ്ഗളം?
ഹൃദയമില്ലാത്ത ലോകമേ,യെന്തിനാ-
യതിനു കാരണം ചോദിപ്പൂ നീ സദാ?
പരസഹസ്രം രഹസ്യമുണ്ടെന്നുമെന്‍
പുറകില്‍ നിന്നിദം വിങ്ങിക്കരയുവാന്‍-
സ്മരണയായിപ്പറന്നുവന്നെന്നുമെന്‍
മരണശയ്യയില്‍ മാന്തളിര്‍ ചാര്‍ത്തുവാന്‍-
സമയമായി,ഞാന്‍-നീളും നിഴലുകള്‍
ക്ഷമയളന്നതാ നില്‍ക്കുന്നു നീളവേ.
പവിഴരേഖയാല്‍ ചുറ്റുമനന്തമാം
ഗഗനസീമയില്‍,പ്രേമപ്പോളിമയില്‍,
കതിര്‍വിരിച്ചു വിളങ്ങുമാക്കാര്‍ത്തികാ
കനകതാരമുണ്ടെന്‍ കര്‍മ്മസാക്ഷിയായ്.
അവളപങ്കില ദൂരെയാണെങ്കിലു-
മരികിലുണ്ടെനിക്കെപ്പൊഴും കൂട്ടിനായ്.
കഠിനകാലം കദനമൊരല്‍പമാ-
ക്കവിളിണയില്‍ക്കലര്‍ത്താതിരിക്കണേ!
പരിഭവത്തിന്‍ പരുഷപാഷാണകം
തുരുതുരെയായ്പ്പതിച്ചു തളര്‍ന്നൊരെന്‍
ഹൃദയമണ്‍ഭിത്തി ഭേദിച്ചുതിരുമീ
രുധിരബിന്ദുക്കളോരോന്നുമൂഴിയില്‍
പ്രണയഗാനമെഴുതുന്ന തൂലിക-
യ്ക്കുണര്‍വിയറ്റുമോ?യേറ്റാല്‍ ഫലിക്കുമോ?
No comments:
Post a Comment