Sunday, August 23, 2026

ഞങ്ങള്‍ മറിയമാര്‍


 
 
 
 
 
 
 
ഇവള്‍ മറിയം, അവള്‍ മറിയം
ഞാനും മറിയം.
ഞങ്ങള്‍ മറിയമാര്‍
- പീഡാനുഭവത്തിന്‍റെ തിക്തശബ്ദങ്ങള്‍   

അമ്മ, സഹോദരി, മകള്‍, കാമുകി, ഭാര്യ,

വെപ്പാട്ടി, വേശ്യ, വിധവ......
ചരിത്രത്തോളം പ്രായമുള്ളവര്‍ ഞങ്ങള്‍.
ഞങ്ങള്‍ മൂന്നു മറിയമാര്‍
- പീഡാനുഭവത്തിന്‍റെ തീച്ചൂളകള്‍.

കണ്ണുനീര്‍കൊണ്ട് കൈക്കുമ്പിള്‍ നിറച്ച്

കാലത്തിന്‍റെ നനവുവറ്റാതെ സൂക്ഷിക്കുന്നവര്‍,
ഞങ്ങള്‍ മറിയമാര്‍ മാത്രം
- പീഡാനുഭവത്തിന്‍റെ തിരക്കഥകള്‍.

മകനേ, സഹോദരാ, അച്ഛാ, കാമുകാ, ഭര്‍ത്താവേ.....

എന്നെല്ലാം വിലപിക്കുവാന്‍ ശീലിച്ചവര്‍;
ഞങ്ങള്‍ വെറും മറിയമാര്‍
- പീഡാനുഭവത്തിന്‍റെ രക്തസാക്ഷികള്‍.

കടലിരമ്പുന്നു, കാര്‍മേഘം ഉലയുന്നു

മിന്നല്‍ക്കൊടി പാറുന്നു;
ഇടിമുഴക്കത്തില്‍ ആകാശം വിറയ്ക്കുന്നു.
പക്ഷെ, ഞങ്ങള്‍ മറിയമാര്‍
- പീഡാനുഭവത്തിന്‍റെ മാപ്പുസാക്ഷികള്‍.

ക്രൂശിന്‍റെ കീഴറ്റം ഭൂമി പിളരുന്നു,

മേലറ്റം മനസ്സ് പിളരുന്നു.
ഇടംകൈയ്യും വലംകൈയ്യും അകന്നുപോകുമ്പോള്‍
കീഴ്വയറ്റില്‍ പുഴുക്കളിഴയുന്നു.
എന്നിട്ടും ഞങ്ങള്‍ മറിയമാര്‍
- പീഡാനുഭവത്തിന്‍റെ മനസാക്ഷിക്കുന്നുകള്‍.

മകനേ, സഹോദരാ, നാഥാ, വാഴ്ത്തപ്പെട്ടവനേ...

നിനക്കുയിര്‍ത്തെഴുന്നേല്‍പ്പെങ്കിലുമുണ്ടല്ലോ...
ഞങ്ങള്‍ക്കോ?
ഞങ്ങള്‍ മറിയമാര്‍
- ഉയിര്‍ത്തെഴുന്നേല്‍ക്കാനാവതില്ലാത്ത പീഡാനുഭവങ്ങള്‍,
വെറും മറിയമാര്‍....

No comments: