Friday, April 23, 2021

പുസ്തകങ്ങളുടെ കൂര

 


  




- ശില്‍പ നിരവില്‍പ്പുഴ 



എന്നെങ്കിലുമൊരിക്കല്‍

പുസ്തകങ്ങള്‍ കൊണ്ടൊരു

കൂര പണിയുകയാണെങ്കില്‍

തസ്‌ലീമയുടെ ലജ്ജ കൊണ്ട്

മുന്‍വാതില്‍ പണിയണം.

കൊല്ലാന്‍ തീരുമാനിച്ചൊരുവന്‍ വന്നാലും

കരുത്തേറിയ വാതിലുകള്‍

അവനെ തടുത്തുവച്ചോളും.


എംടിയുടെ മഞ്ഞുകൊണ്ട്

ചുമര് കെട്ടിപ്പടുക്കണം.

മൃദുലമനോഹരമായ 

അതിന്‍റെ ആഴമേറിയ ഉള്ളറകള്‍

നമ്മളെ വാത്സല്യത്തോടെ

പൊതിഞ്ഞുസൂക്ഷിച്ചുകൊള്ളും.


മേല്‍ക്കൂരയില്‍

കമലയുടെ നീര്‍മാതളം പൂത്ത കാലം

മേഞ്ഞ് നിരപ്പാക്കണം.

കുളിരുള്ള ഓരോ മഴയും

എരിയുന്ന വെയിലും വേനലും

വന്യമായ പ്രകൃതിയുടെ നൃത്തവും

അത് ഹൃദയത്തിലേറ്റുവാങ്ങും.


ബെന്യാമിന്‍റെ ആടുജീവിതം

ജനല്‍പ്പാളികളില്‍ പാകണം.

അനുഭവിക്കാത്ത ജീവിതങ്ങള്‍

കെട്ടുകഥകളല്ലെന്ന് മനസ്സിലാക്കാനും

ചുറ്റിലുമുള്ള ചതിക്കുഴികളില്‍പ്പെട്ട്

താണുപോകാതിരിക്കാനുള്ള ദൂരക്കാഴ്ച

അത് നമുക്ക് തരും.


പെരുമ്പടവത്തിന്‍റെ സങ്കീര്‍ത്തനം പോലെ

കിടപ്പുമുറിയിലെ മേശപ്പുറത്ത്

സൂക്ഷിക്കാന്‍ പാകത്തില്‍

ഗ്രാമഫോണായി മാറ്റണം.

അതിലൊഴുകുന്ന ഗസലുകള്‍ക്ക്

കടലോളം നന്മയുണ്ടാകും.


സാറയുടെ ആതി, മുറ്റത്ത്

ഭംഗിയുള്ള പൂന്തോട്ടമാക്കണം.

കാലമെത്ര മാറിവന്നാലും

വസന്തം അവിടെവിട്ടുപോകില്ല.


വീടിനരികിലെ വലിയ കൊമ്പില്‍

എസ്കെയുടെ ദേശത്തിന്‍റെ കഥകൊണ്ട്

ഒരൂഞ്ഞാല് കെട്ടണം.

അതിലിരുന്നാടിയാല്‍

ഈരേഴുലോകവുമൊരുപോലെ കാണാം.


മുറ്റത്തൊരു കോണില്‍

നന്ദിതയുടെ കവിത കൊ-

ണ്ടൊരു പൊയ്ക തീര്‍ക്കണം.

അതിലൊന്നു മുങ്ങി നിവര്‍ന്നാല്‍

രാവും പകലും ദേഹം പനിനീരൊഴുക്കും.


സ്വയമെഴുതിയ കുത്തിക്കുറിപ്പുകള്‍

നിലത്തു വിരിക്കണം.

നമ്മെ സ്വസ്ഥമായുറക്കാന്‍

നമ്മുടെ സ്വപ്നങ്ങളോളം

കഴിവുള്ളത് മറ്റാര്‍ക്കാണ്!


(പ്രിയപ്പെട്ട നടന്മാരില്‍ ഒരാളായ ശ്രീ.ഇര്‍ഷാദ്, അദ്ദേഹത്തിന്‍റെ, 'കേച്ചേരി പുഴ' എന്ന യൂട്യൂബ് ചാനലില്‍ ചൊല്ലിക്കേട്ടതാണ് പുസ്തകങ്ങളുടെ കൂര എന്ന ഈ കവിത. നല്ല കൌതുകം തോന്നി കേട്ടപ്പോള്‍.)

image Ⓒ Cheryl Rainfield