Saturday, June 17, 2023

ഹൃദയമുള്ള സര്‍പ്പം


 

 

 

 

 

- ചങ്ങമ്പുഴ കൃഷ്ണപിള്ള


 

തെറ്റിദ്ധരിച്ചിതന്നെന്നെ നീപോലു,മെന്‍-

കഷ്ടകാലത്തിന്‍റെ ശക്തിമൂലം.

ആരെന്തു ചൊല്‍കിലും ചഞ്ചലമാവുകി-

ല്ലാ മനസ്സെന്നു ഞാന്‍ വിശ്വസിച്ചു.

അല്ലലാണെല്ലാമെനിക്കു, നിന്‍ കണ്മുന-

ത്തെല്ലൊന്നിലേ ചെറ്റു ശാന്തിയുള്ളൂ.

ദുസ്സഹമാണെനി,ക്കേവ,മേതും വെറും

ദുശ്ശങ്കമൂലം ജലാര്‍ദ്രമായാല്‍!

ശത്രുക്കളാണെനിക്കൊക്കെ, നീ മാത്രമേ

മിത്രമായിന്നെനിക്കുള്ളു മന്നില്‍

ലോകമെമ്മട്ടെല്ലാമെന്നെപ്പഴിക്കിലും

ശോകാര്‍ത്തനല്ലതിലൊന്നിലും ഞാന്‍.

നീ മാത്രമൊന്നെന്നെ വിശ്വസിച്ചാല്‍ മതി

നീറുമല്ലെങ്കിലെന്നന്തരംഗം!

വഞ്ചിക്കയില്ലയേ, നിന്നെ മാത്രം പ്രിയേ,

നെഞ്ചിടിപ്പറ്റു ഞാന്‍ വീഴുവോളം!

ചെഞ്ചോര വാര്‍ത്തു പിടയ്ക്കുകില്‍ കൂടിയും

ചഞ്ചലമാവുകില്ലെന്‍ ഹൃദയം.

എന്നെ നീ വിസ്മരിച്ചാലും, മറക്കില്ല

നിന്നെ ഞാനെന്‍ കണ്ണടയുവോളം!

 

സര്‍പ്പമാകാം ഞാന്‍, വിഷം വമിക്കാ,മുഗ്ര-

ദര്‍പ്പവുമുണ്ടാമെനിക്കു, പക്ഷേ-

അത്രയ്ക്കുമാത്രം മനസ്വിനിയാണു നീ-

കൊത്തുകയില്ല ഞാന്‍ നിന്നെമാത്രം!

ഓടക്കുഴല്‍വിളിയായ നിന്മുന്നില്‍നി-

ന്നാടും ഫണം വിരിച്ചോമനേ, ഞാന്‍!

കാണിക്കപോലുമില്ലെന്‍ വിഷപ്പല്ലുകള്‍

പ്രാണനും പ്രാണനായുള്ള നിന്നെ!

 

സര്‍പ്പത്തിനുണ്ടൊരുജ്ജ്വലസൌന്ദര്യം

സത്തമേ, നീയതു കണ്ടറിഞ്ഞു

എന്നല്ല, നീയതില്‍ക്കണ്‍കുളുര്‍ത്തങ്ങനെ

നിന്നതിന്‍ വിസ്തൃതമാം ഫണത്തില്‍,

പൂവിതള്‍കൂടിയും തൊട്ടാല്‍, മുറിപ്പെട്ടു

നോവു,മിളം കൈവിരലുകളാല്‍

ദേഹം പുളകത്തില്‍ മൂടി മൂടി സ്വയം

സ്നേഹപുരസ്സരമോമനിച്ചു!

ഓരോ വിരലും മുറിഞ്ഞു മുറിഞ്ഞയ്യോ

ചോരയൊലിച്ചിട്ടുമോമനിച്ചു!

ലോകം മുഴുവന്‍ വെറുക്കുമതിനു, നീ-

യേകി, നിന്നാര്‍ദ്രമാമന്തരംഗം!-

മന്ദഹസിക്കുമാക്കുന്ദപുഷ്പത്തിലും

സുന്ദരമായുള്ളൊരന്തരംഗം-

അംഗുലീസ്പര്‍ശത്തിലാ വീണക്കമ്പിപോല്‍

സംഗീതം സ്പന്ദിക്കുമന്തരംഗം!

 

സന്ദേഹമില്ലുഗ്രസര്‍പ്പത്തിനുംകൂടി

നന്ദികേടില്ലാ മനുഷ്യനോളം!

നന്നായ് നിനക്കതറിയാം-കൃതജ്ഞനാ-

ണെന്നുമിസ്സര്‍പ്പം, നീ വിശ്വസിക്കൂ!

സന്നദ്ധനാണതിന്‍ പ്രാണനുംകൂടി, നിന്‍

മന്ദസ്മിതത്തിനായ് സന്ത്യജിക്കാന്‍!

മേദുരസ്നേഹാര്‍ദ്രമായൊരാക്കണ്ണുക-

ളാദര്‍ശമൂര്‍ത്തിയായ്ക്കാണ്മിതെന്നെ-

നിന്ദ്യസര്‍പ്പത്തിനെ-ത്തീവ്രമാമീമന-

സ്പന്ദമെമ്മട്ടൊന്നടക്കിടും ഞാന്‍!

ദേവി, നീ കാണുമീമട്ടില്‍, നിന്മുന്നില്‍ ഞാന്‍

ദേവനായ് നില്‍ക്കും മരിക്കുവോളം!

തെറ്റിദ്ധരിക്കരുതെന്നെ നീ മേലില്‍- ഞാന്‍

തെറ്റുചെയ്യില്ല നിന്നോടു ചെറ്റും!....

 

('പ്രൊഫസര്‍ എം കെ സാനു തിരഞ്ഞെടുത്ത മലയാളത്തിന്‍റെ പ്രിയ കവിതകള്‍' എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്. 1944 ഒക്ടോബര്‍ 19നാണ് ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഈ കവിത പ്രസിദ്ധീകരിക്കുന്നത്.)

No comments: