വൈക്കംമുഹമ്മദ് ബഷീര്‍ എന്ന ഞാന്‍ തലയോലപ്പറമ്പിലാണ് ജനിച്ചത്. തലയോലപ്പറമ്പുകാരനായ ഞാന്‍ ഒരാളെ രക്ഷിക്കാന്‍ വേണ്ടിയാണ് വൈക്കം മുഹമ്മദ് ബഷീറായത്. സര്‍ സി.പി-ക്കെതിരെ തിരുവിതാംകൂറില്‍ ജോറായി സമരം നടക്കുന്ന കാലം. ഞാന്‍ സചിവോത്തമനെ വിമര്‍ശിച്ചും പരിഹസിച്ചും ലേഖനങ്ങളും നാടകങ്ങളും എഴുതി. ഇതൊക്കെ എഴുതുന്ന മുഹമ്മദ് ബഷീറിനെത്തേടി പോലീസ് നടന്നു. അവര്‍ക്ക് പരവൂര്‍കാരന്‍ മുഹമ്മദ് ബഷീറിനെ ആയിരുന്നു സംശയം. ആ സാധുമനുഷ്യനെ രക്ഷിക്കാന്‍ വേണ്ടി പേര് ഒന്നുകൂടി വ്യക്തമാക്കാന്‍ തീരുമാനിച്ചു. തലയോലപ്പറമ്പ് എന്ന സ്ഥലപ്പേര് കൂട്ടിച്ചേര്‍ത്താല്‍ പേരിനു നീളം കൂടും. അതുകൊണ്ട് താലൂക്കിന്‍റെ പേരു ചേര്‍ത്ത് വൈക്കം മുഹമ്മദ് ബഷീര്‍ എന്നെഴുതി. പരവൂര്‍ മുഹമ്മദ് ബഷീര്‍ രക്ഷപ്പെട്ടു.
എന്‍റെ ബാപ്പ, കായി അബ്ദുറഹ്മാന്‍ ഉത്പതിഷ്ണുവായിരുന്നു. മുസ്ലീങ്ങള്‍ വിദ്യാഭ്യാസം ചെയ്താല്‍ കാഫിറായിപ്പോകുമെന്ന് മുസ്ലിയാക്കന്മാര്‍ പ്രസംഗിച്ചും വിദ്യാഭ്യാസത്തിന് പോകുന്നവരെ ഒറ്റപ്പെടുത്തിയും വിലസുന്ന കാലം. വക്കം മൌലവിയും മറ്റും ആധുനിക വിദ്യാഭ്യാസത്തിനുവേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ബാപ്പ ഞങ്ങള്‍ മക്കളെ സ്ക്കൂളിലയച്ചു. ആദ്യം തലയോലപ്പറമ്പ് മുഹമ്മദന്‍ സ്കൂളിലും പിന്നീട് വൈക്കം ഇംഗ്ലീഷ് ഹൈസ്കൂളിലും.
അന്നു പത്രങ്ങള്‍ വളരെക്കുറവാണ്. വായനക്കാരും കുറവ്. വിദ്യാഭ്യാസമില്ലാത്തതുതന്നെ കാരണം. വീട്ടില്‍ പത്രം വരുത്തിയിരുന്നു. വാര്‍ത്തകള്‍ കേള്‍ക്കാന്‍ അയല്‍ക്കാരും വരും. അവരെ വായിച്ചു കേള്‍പ്പിക്കുന്ന ഡ്യൂട്ടി എനിക്കാണ്. ഞാന്‍ സ്റ്റൈലായി അങ്ങനെ വായിക്കും.
പാഠപുസ്തകത്തിനപ്പുറത്തും വൈക്കം താലൂക്കിന് വെളിയിലും ഉള്ള ലോകത്തെക്കുറിച്ച് ഈ പത്രവായന എന്നെ ബോധവാനാക്കി. സ്വാതന്ത്ര്യസമരത്തിന്‍റെ ചൂടില്‍ എന്‍റെ മാതൃഭൂമി തിളച്ചുമറിയുകയാണെന്നു ഞാന്‍ മനസ്സിലാക്കി. വൈക്കം ക്ഷേത്രപ്രവേശന സത്യഗ്രഹം നടന്നുകൊണ്ടിരിക്കുകയാണ്. സ്കൂളില്‍ പോകുന്ന വഴി സത്യഗ്രഹികളുടെ അടുത്തുപോകും. പന്തലില്‍ അവരോടൊപ്പം കുറേസമയം ഇരിക്കും. അക്കാലത്താണ് ഗാന്ധിജി സത്യഗ്രഹികളെ സന്ദര്‍ശിക്കാന്‍ വന്നത്. ഞാന്‍ കണ്ടു. തുറന്ന കാറില്‍ ചിരിച്ചുകൊണ്ട് ഗാന്ധിജി. തിരക്കിനിടയിലൂടെ തുളച്ചുകയറി ഞാന്‍ കാറിനടുത്തെത്തി. ഞാന്‍ ഗാന്ധിജിയെ തൊട്ടു. എന്നെ നോക്കി ഗാന്ധിജി ചിരിച്ചു. ഞാന്‍ ഖദര്‍ സ്ഥിരമായി ധരിച്ചു തുടങ്ങി. അതിന് രാജഭക്തനായ ഹെഡ്മാസ്റ്റര്‍ എന്നെ തല്ലി. ഞാന്‍ ഖദര്‍ ഉപേക്ഷിച്ചില്ല.
ബ്രിട്ടീഷ് ഭരണത്തിലുള്ള മലബാറില്‍ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട് നടക്കുകയാണ്. തിരുവിതാംകൂറിലും കൊച്ചിയിലും സമരമില്ല, നാട്ടുരാജ്യങ്ങളാണ്. കോഴിക്കോട്ട് ഉപ്പുസത്യഗ്രഹം നടന്നുകൊണ്ടിരിക്കുന്നു. ഞാന്‍ വീട്ടില്‍നിന്നും ഒളിച്ചോടി കോഴിക്കോട്ടെത്തി. കള്ളവണ്ടി കയറിയാണ്. അല്‍ അമീന്‍ പത്രത്തില്‍ എന്‍റെ നാട്ടുകാരനായ സൈദുമുഹമ്മദ് ജോലി ചെയ്യുന്നുണ്ട്. അദ്ദേഹത്തെ കാണാന്‍ പോയി. ആള്‍ സ്ഥലത്തില്ല. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ബല്ലാരി ജയിലില്‍ തടവില്‍ കഴിയുകയാണ്. ഇനിയെന്തുചെയ്യും? പരിചയക്കാരും സഹായികളും ഇല്ല. കൈയ്യില്‍ കാല്‍ക്കാശില്ല. ആപ്പീസിനുള്ളില്‍ ചൂടുപിടിച്ച വര്‍ത്തമാനം നടക്കുന്നുണ്ട്. എനിക്ക് താത്പര്യം തോന്നിയില്ല. സന്ധ്യയായി. കോലായില്‍ ഇരുന്നു. പിന്നെ ചുരുണ്ടുകൂടി കിടന്നു. അങ്ങനെ ഉറങ്ങാതെ ഏറെ നേരം കിടന്നിരിക്കണം. മുറ്റത്ത് ഒരു ടോര്‍ച്ചുലൈറ്റിന്‍റെ മിന്നിച്ചയും ഷൂസിന്‍റെ ബലമായ ചവിട്ടും.
"ആരാ പുറത്തുകിടക്കുന്നത്?" - ചോദ്യം എന്നോടായിരുന്നു.
"ഞാന്‍ ഇവിടത്തുകാരനല്ല. പറഞ്ഞാല്‍ അറിയില്ല." - ഞാന്‍ അറിഞ്ഞു.
"എന്നാലും പറയൂ." - ദീര്‍ഘകായനായ ആ മനുഷ്യന്‍ നടന്നുമുന്നിലെത്തി.
ഞാന്‍ അല്‍പ്പം ദേഷ്യത്തോടെ പറഞ്ഞു - "ഞാന്‍ ഇവിടത്തുകാരനല്ല. പറഞ്ഞാല്‍ അറിയില്ല."
അതേ ഗൗരവത്തില്‍ത്തന്നെ അദ്ദേഹം ചോദിച്ചു - "ഊണു കഴിച്ചോ?"
"ഇല്ല."
പേരും മേല്‍വിലാസവും ഇല്ലാതെ തന്നെ ഊണുകഴിഞ്ഞ് ലോഡ്ജില്‍ പായും തലയിണയുമായി സുഖശയനം ചെയ്യുമ്പോള്‍ ഞാന്‍ മനസ്സിലാക്കി, അതാണ് മുഹമ്മദ് അബ്ദുറഹ്മാന്‍.
ഞാന്‍ സ്വാതന്ത്ര്യസമരപോരാളിയായി സമരം ചെയ്തു. അടിയും ഇടിയും കൊണ്ടു. ലോക്കപ്പുകളിലും ജയിലുകളിലും കിടന്നു. ഇന്ത്യ സ്വതന്ത്രയായി. വെട്ടിമുറിച്ചു ചോരയൊഴുകി അംഗഭംഗം വന്ന ഇന്ത്യ. ഞാന്‍ രാഷ്ട്രീയം വിട്ടുജീവിക്കണമല്ലോ. എനിക്ക് ഒരുപാട് അനുഭവങ്ങളുണ്ട്. അതില്‍ ചിലത് ഞാന്‍ കഥയാക്കി. അങ്ങനെ എഴുത്തുകാരനായി. എന്‍റെ മുന്നില്‍ ഇരുട്ടും വെളിച്ചവും ഇടകലര്‍ന്നുനിന്ന മുസ്ലീം സമുദായമുണ്ടായിരുന്നു. അതിനെക്കുറിച്ചും ചിലതൊക്കെ എഴുതി. ബാല്യകാലസഖിയുടെ സ്ക്രിപ്റ്റ് വായിച്ചുകേട്ട മുസ്ലീം പ്രസാധകര്‍ക്ക് അത് മുസ്ലീം സമുദായത്തെ ആക്ഷേപിക്കുന്നതാണെന്ന് തോന്നി.
പത്രക്കാര്‍ എന്നോട് ഒരിക്കല്‍ ചോദിച്ചു - "താങ്കളുടെ സാഹിത്യരചനകള്‍ മുസ്ലീം സമുദായത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടോ?" - എന്ന്.
അന്ന് ഞാന്‍ പറഞ്ഞു - "എന്‍റെ സമുദായം അക്ഷരാഭ്യാസം ഇല്ലാത്തവരാണ്. അവര്‍ വായിക്കാതെ എങ്ങനെ എനിക്ക് അവരെ സ്വാധീനിക്കാന്‍ കഴിയും?"
ഇന്ന് ആ നില മാറി. വിദ്യാഭ്യാസരംഗത്ത് ഏറ്റവും പിന്നില്‍ നിന്ന മലപ്പുറം ജില്ലയില്‍ മുസ്ലീം പെണ്‍കുട്ടികള്‍ പോലും വലിയ വലിയ ഡിഗ്രികള്‍ നേടിക്കഴിഞ്ഞു. പല കാര്യങ്ങളെക്കുറിച്ചും എനിക്ക് പലരും കത്തയയ്ക്കാറുണ്ട്. ഇത് വിദ്യാഭ്യാസം വരുത്തിയ മാറ്റമാണ്. വിദ്യാഭ്യാസം നിര്‍ബന്ധമാണെന്നും സംസ്ക്കാരമുണ്ടാവണമെന്നും വൃത്തിയായി ജീവിക്കുകയും മറ്റുള്ളവര്‍ക്ക് മാതൃകയാവുകയും ചെയ്യണമെന്നും അനുകമ്പയും കാരുണ്യവും വിശ്വാസത്തിന്‍റെ ഭാഗമാണെന്നും ഞാന്‍ എന്‍റെ കൃതികളിലൂടെ പറഞ്ഞു. ഇന്ന് സമുദായത്തില്‍ അന്ധവിശ്വാസവും അനാചാരവും കുറെയൊക്കെ ഇല്ലാതായി. ഇനിയും ഒരുപാട് മാറ്റം വരാനുണ്ട്. ഞാന്‍ ശുഭാപ്തിവിശ്വാസിയാണ്. കരുണാമയനായ സര്‍വ്വശക്തന്‍ ഈ രാജ്യത്തെയും ജനങ്ങളെയും പ്രപഞ്ചങ്ങളായ എല്ലാ പ്രപഞ്ചങ്ങളെയും കാത്തുരക്ഷിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
എല്ലാവര്‍ക്കും നന്മ നേരുന്നു.
ശുഭം.
(DC BOOKS പുറത്തിറക്കിയ ബഷീര്‍-സമ്പൂര്‍ണ്ണകൃതികള്‍ എന്ന കൃതിയില്‍നിന്നും എടുത്താണ് ഇത് ഇവിടെ ചേര്‍ത്തിരിക്കുന്നത്.)
No comments:
Post a Comment