അറിയുക, ഞാനീയുലകി-
ന്നവിരത ബാഷ്പവികാസം,
വിശാലവാനില്‍ ഗാഡാംലിംഗന-
നിലീനമങ്ങു കിടക്കെ,
എന്നിലൊതുങ്ങാദ്ദുഖം
മിന്നല്‍പ്പിണരുകളായി;
ഉള്‍ക്കളഭിത്തി തകര്‍ക്കും രോദന-
മുഗ്രമൊരിടിരവമായി
തകര്‍ന്നു നിന്നേന്‍ തെല്ലിടയേവം;
ക്ഷണികം സ്വര്‍ഗ്ഗാഭോഗം!
മലതന്‍ കുളിര്‍ ചുംബനമേ-
റ്റലിയും കണ്ണീര്‍ച്ചാലായ് ഞാ-
നൊഴുകി വാനിന്‍ കവിളില്‍ക്കൂടി-
പ്പൊള്ളും ധരയുടെ മാറില്‍
കരഞ്ഞു വീര്‍ത്തൊരു വിണ്‍ കണ്ണില്‍
കലങ്ങിനിന്നൂ ചെങ്കതിരോന്‍.
പരുത്ത പാറക്കല്ലുകളപ്പോള്‍
സ്നേഹോഷ്മളമാം ഹൃദയം
തുറന്നുതന്നൂ സദയം;
കണ്ടേനങ്ങെന്നഭയം,
അകമേയെന്നെയുറക്കി-ശ്ശില
ശിശിരിത നിദ്രയില്‍ മുങ്ങി; - ഉടല്‍
വെള്ളത്തുണിയാല്‍ മൂടി- ഒരു
കന്യക വന്നു തലോടി- ഞാ-
നവളുടെ പാണിതലത്തില്‍ കുളിരില്‍ മ-
യങ്ങിയുറങ്ങീ പല മാസം; ബീജം
മണ്ണിന്നടിയില്‍പ്പോലെ.
അദമ്യമാമെന്നുടലാവാഹി-
ച്ചുള്ളിലുറക്കിയ ശിലയോടകമേ,
നന്ദി വിജ്രുംഭിതമായ് മേ- പൊട്ടി-
ത്തകരുകയായീ ശിലയും
കല്ലുമുടയ്ക്കും കണ്ണീരില്‍
കാഠിന്യത്തെത്തഴുകുകയായ്
സ്നേഹച്ചൂടാല്‍പ്പകലോ,നപ്പോള്‍
വീണ്ടുമുണര്‍ന്നേന്‍ കുതി കൊണ്ടേന്‍
പൂവിരി തോട്ടം കാലില്‍
കണ്ടകമേല്‍പ്പിക്കാനോ
സ്വാഗതമോതീ താഴ്മയൊടപ്പോള്‍
കാനനസാനുതലങ്ങള്‍!
സമതലമെത്തിയ നേരം
സമാശ്വസിച്ചേന്‍ പാരം; ഇ-
ത്തടിനിയൊലിച്ചങ്ങെത്തും- ഇനി
തടവിയലാതലകടലില്‍
അവിടെ ജനിച്ചവളല്ലേ, പക്ഷെ
മുടക്കി നിന്നൂ വഴി നീളെ,
ജീവിതമൂല്യമുരയ്ക്കും
നികഷോപലമെന്നോണം.
ഉലകിന്‍ കണ്ണീര്‍ മുഴുവന്‍- തന്‍
ഹൃദയാന്തത്തിലൊതുക്കും- അല-
കടലിന്‍ കരളിലൊളിച്ചേന്‍ ഞാന്‍
നിരതന്‍ കൈവിരലേല്‍ക്കെ- ച്ചിര-
രുജയുടെ തന്ത്രി മുറിഞ്ഞു;
എവിടെയുമലിയാതുള്ളെന്‍-
മിഴിനീരവിടെയലിഞ്ഞു.
എങ്ങുമടങ്ങാതുള്ളെന്‍-
തിങ്ങലുമവിടെയടങ്ങി; പക്ഷെ
എന്നിലെ വേദന, യെന്നിലെ മിഴിനീ-
രെല്ലാമുള്‍ക്കൊണ്ടതുപോലെ,
എന്നിലെ വിങ്ങലുമെന്നിലെ വീര്‍പ്പും
തന്നിലൊതുക്കിയ പോലെ
കടലിതു പാടുകയല്ലോ
കണ്ണീരിന്‍റെ വികാസം.
No comments:
Post a Comment