Sunday, July 30, 2023

സംതൃപ്തന്‍


 

 

 

 

 - ബാലചന്ദ്രന്‍ ചുള്ളിക്കാട്

 

അയാള്‍ ആരുമാകാം.

 

ജീവിതം അയാള്‍ക്ക് സ്വൈരം കൊടുത്തില്ല.

വിരമിക്കാന്‍ ഒരു ചാരുകസേര കൊടുത്തില്ല.

ഇണ ചേരാന്‍ ഒരിടം,

ഒരു പാത്രം മറവി,

ഇരവിലോ രാവിലോ

ഭയരഹിതമായ ഒരു നിമിഷം - ഒന്നും കൊടുത്തില്ല.

 

എന്നാല്‍ അയാളോ?

ജീവിക്കുന്ന ഓരോ നിമിഷത്തിനും

വാടക കൊടുത്തു.

ഓരോ സ്വപ്നത്തിനും നികുതി കൊടുത്തു.

അന്യരെ വില്‍ക്കാനറിയാത്തതുകൊണ്ട്

തന്നെത്തന്നെ വിറ്റുതീര്‍ത്തു.

സുഖവും ദുഃഖവും സഹിച്ചുസഹിച്ച്

അയാള്‍ വിളഞ്ഞു കടുത്തു.

 

എങ്കിലും

ചിലരെ സ്നേഹിക്കുന്നതുകൊണ്ട്

അയാള്‍ നിരാശനാകുന്നില്ല.

ചിലരാല്‍ സ്നേഹിക്കപ്പെടുന്നതുകൊണ്ട്

അയാള്‍ ആനന്ദിക്കാതിരിക്കുന്നില്ല.

അതിലധികം ആഗ്രഹിക്കാത്തതുകൊണ്ട്

അയാള്‍ ആത്മഹത്യ ചെയ്യുന്നില്ല.

 

ഒരു നിമിഷം പോലും

പൊരുതാതിരിക്കുന്നുമില്ല.

ഒടുവില്‍,

തോറ്റിട്ടും കളി തുടരുന്ന

ഈ ചതുരംഗക്കാരനോട്‌

പത്രക്കാര്‍ ചോദിച്ചു:

     "താങ്കള്‍ക്ക് മടുത്തില്ലേ?"

അയാള്‍ പറഞ്ഞു:

     "ഞാന്‍ സംതൃപ്തനാണ്."

 (കലാകൌമുദിയുടെ 1982 ഡിസംബര്‍ 19 ലക്കത്തില്‍ വന്ന ഈ കവിത, ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ ഗസല്‍ എന്ന കവിതാസമാഹരത്തില്‍ നിന്നുമെടുത്താണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്)

No comments: