വക്കീല്‍പണി തുടങ്ങിയ കാലം. തുടങ്ങിയ കാലമെന്ന് പറയുമ്പോള്‍ അത് അധികം നീണ്ടുനിന്നിട്ടില്ലെന്ന് അറിയാമല്ലോ. നിയമം, കോടതി, കേസ് എന്നെല്ലാം കേട്ടാല്‍ ആകെയൊരു പരിഭ്രമമാണ്. ആദ്യമായി കോടതിക്കു മുന്നില്‍ വാദിച്ച ദിവസം എനിക്ക് മുട്ടിടിക്കുകയായിരുന്നു. അന്നെല്ലാം കോടതികളില്‍നിന്ന് കോടതികളിലേക്ക് നടന്ന് കേസ് കേട്ടുപഠിക്കുകയാണ് ചെയ്തത്.
മഞ്ചേരി കോടതിയിലെ ആ കേസ് ഞാനാദ്യം ശ്രദ്ധിച്ചത് കേസുകളിലുള്ള താത്പര്യം കൊണ്ടാണ്. പ്രായം അറുപത് കഴിഞ്ഞ നല്ല സുന്ദരിയായൊരു ഭാര്യയും കൃഷിക്കാരനെപ്പോലെയുള്ള ലളിതവസ്ത്രധാരിയായ എഴുപത്തിരണ്ടുകാരന്‍ ഭര്‍ത്താവും. എല്ലാ കക്ഷികളെയും പോലെ അവരും അതികാലത്ത് കോടതി വരാന്തയിലെത്തും. മിക്കപ്പോഴും വൈകുന്നേരം വരെ അവിടെത്തന്നെ കാണും. ഭര്‍ത്താവിനെതിരെ ചെലവിനു കിട്ടാന്‍ ഭാര്യ കേസ് കൊടുത്തിരിക്കുകയാണ്. അന്ന് മഞ്ചേരി കോടതിയില്‍ ഇത്തരം ധാരാളം കേസുകളുണ്ട്. പലതും സത്യസന്ധമായ കേസുകള്‍. ചിലത് ബന്ധുക്കള്‍ തമ്മിലുള്ള പോരിന്‍റെ പേരില്‍ കൊടുത്ത കേസുകള്‍. ഭാര്യയ്ക്കോ ഭര്‍ത്താവിനോ അതില്‍ പങ്കുണ്ടാകില്ല.
പതുക്കെപ്പതുക്കെ ഞാനിവരെ ശ്രദ്ധിക്കാന്‍ തുടങ്ങി. സ്ത്രീ വന്നിരിക്കുന്നത് അവരുടെ സഹോദരന്മാരുടെ കൂടെയാണ്. കണ്ടാലറിയാം കേസ് നടത്തുന്നത് സഹോദരന്മാരുടെ ആവശ്യമാണെന്ന്. ഭര്‍ത്താവ് ബസ്സില്‍ കയറി ആരുടെയും തുണയില്ലാതെ വരും.
കോടതിക്കകത്ത് തലങ്ങും വിലങ്ങും പോരാടുമെങ്കിലും ഞങ്ങള്‍ കുട്ടിവക്കീലന്മാര്‍ ഒരു സിഗരറ്റ് മാറി വലിക്കുകയും ഒരു ചായ പകുത്തു കുടിക്കുകയും ചെയ്യുന്നവരാണ്. പക്ഷെ കൂട്ടില്‍ നില്‍ക്കുന്ന കക്ഷികളുടെ മുന്നില്‍ ഈ സൌഹൃദമൊന്നും കാണിക്കാറില്ല. കേസ് ജയിക്കാനും അവതരിപ്പിക്കുന്ന കാര്യങ്ങള്‍ കോടതിക്ക് മുന്നില്‍ ഉറപ്പിക്കാനും ഞങ്ങള്‍ കടിച്ചുകീറും. മാനുഷിക പരിഗണനയില്‍ ചോദ്യം ചോദിക്കാതിരുന്നാല്‍ കേസ് കുളമാകും.
ഈ വൃദ്ധന്‍റെ കേസിലും സ്ഥിതി മറിച്ചായിരുന്നില്ല. അദ്ദേഹത്തോട് കടുത്ത ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ വളരെ പതിഞ്ഞ ഭാഷയില്‍ ഉത്തരം പറഞ്ഞുകൊണ്ടിരുന്നു. അത് കേള്‍ക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചത് സ്ത്രീയുടെ മുഖമായിരുന്നു. ഭര്‍ത്താവിനോടുള്ള മാഞ്ഞുപോകാത്ത സ്നേഹവും ബഹുമാനവും ആ മുഖത്തുണ്ടായിരുന്നു. ഓരോ ചോദ്യവും അവരുടെ നെഞ്ചിലും കൂടി തറയ്ക്കുന്നുണ്ടെന്ന് ഉറപ്പായിരുന്നു.
വിചാരണയ്ക്കുശേഷം കൂട്ടില്‍ നിന്നിറങ്ങുമ്പോള്‍ അയാള്‍ ഭാര്യയെയൊന്ന് നോക്കും. അയാളുടെ മുഖത്ത് വിങ്ങിപ്പൊട്ടാന്‍ നില്‍ക്കുന്ന കുറേ വിചാരങ്ങള്‍ കാണാമായിരുന്നു.
ഭാര്യയുടെ വിചാരണ നടക്കുമ്പോള്‍ വൃദ്ധന്‍ കൂട്ടില്‍ നില്‍പ്പുണ്ട്. പ്രായവും സ്ത്രീത്വവും കടന്നുപോകുന്നതായിരിക്കും പലപ്പോഴും കോടതിയുടെ മുന്നില്‍ നിന്നുള്ള ചോദ്യങ്ങള്‍. സ്ക്കൂളിന്‍റെ വരാന്ത പോലും കാണാത്ത ആ സ്ത്രീ എതിര്‍വിചാരണ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും വക്കീല്‍ പഠിപ്പിച്ചതൊക്കെ മറന്നു.
നാടന്‍ഭാഷയില്‍ കളങ്കമില്ലാത്ത വാക്കുകളില്‍ അവര്‍ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. കള്ളം പറയേണ്ടി വരുന്നതിലെ വിങ്ങല്‍ അവരുടെ വാക്കുകളില്‍ പ്രകടമായിരുന്നു. ഭര്‍ത്താവിന്‍റെ ക്രൂരതയേയും സ്നേഹമില്ലായ്മയേയും പീഡനത്തേയും കുത്തഴിഞ്ഞ ജീവിതത്തേയും കുറിച്ച് വക്കീല്‍ അവരോട് ചോദിച്ചപ്പോള്‍ കേട്ടുനിന്ന വൃദ്ധന്‍റെ കണ്ണുകള്‍ പതുക്കെ നിറഞ്ഞു. ഒരാശ്രയത്തിനുവേണ്ടി അയാള്‍ നാലുവശത്തേക്കും കണ്ണോടിച്ചു. താങ്ങിനുവേണ്ടി കൂടിന്‍റെ അഴികളിലേക്ക് കയ്യൂന്നി ചേര്‍ന്നുനിന്ന് ഭാര്യയെയൊന്ന് നോക്കി. മനസ്സിലുള്ളത് പറയാനാകാതെ ആ സ്ത്രീ പൊട്ടിപ്പൊട്ടിക്കരഞ്ഞു.
അവരുടെ നിലവിളി കോടതിയിലുള്ള ഓരോരുത്തരുടെയും നെഞ്ചിലൂടെ കടന്നുപോയെന്നാണ് ഞാന്‍ കരുതുന്നത്. പെറുക്കിപ്പെറുക്കി പറയുന്ന വാക്കുകള്‍ക്കിടയില്‍ എവിടെയോ വച്ച് ആ സ്ത്രീ ഒരു ഏങ്ങലോടെ 'നിയ്ക്ക് വയ്യ' എന്നും പറഞ്ഞ് കൂട്ടില്‍ തളര്‍ന്നുവീണു. കോടതിയില്‍ മൊട്ടുസൂചിയിട്ടാല്‍ കേള്‍ക്കാവുന്ന നിശബ്ദത.
പെട്ടെന്ന് അയാള്‍ കൂട്ടില്‍നിന്നറങ്ങി ഭാര്യയെ താങ്ങി എഴുന്നേല്‍പ്പിച്ചു. തോളിലെ തോര്‍ത്തു കൊണ്ട് മുഖം തുടച്ച ശേഷം നെഞ്ചോടുചേര്‍ത്ത് നിര്‍ത്തി പതുക്കെ നടന്നു തുടങ്ങി.
കോടതിയുടെയോ വക്കീലിന്‍റെയോ അനുമതിയില്ലാതെ അവരെ കുട്ടികളെ തോളത്ത് ചേര്‍ത്തു പിടിക്കുന്നതുപോലെ പിടിച്ച് അയാള്‍ വക്കീലന്മാര്‍ക്കിടയിലൂടെ പുറത്തിറങ്ങി. പടിയിറങ്ങുംമുമ്പ് തിരിഞ്ഞുനിന്ന് ഞങ്ങളെ നോക്കിയപ്പോള്‍ ആ കണ്ണുകളില്‍ കണ്ടത് പകയല്ലായിരുന്നു. കോടതികള്‍ക്ക് അളക്കാന്‍ പറ്റാത്ത ആഴങ്ങളിലുള്ള സ്നേഹമായിരുന്നു. 22 വര്‍ഷംമുമ്പ് വീട്ടില്‍നിന്ന് ഇറക്കിവിടപ്പെട്ട ആ മനുഷ്യന്‍ അതിനുശേഷം അന്ന് ആദ്യമായി തന്‍റെ ഭാര്യയെ തൊടുകയായിരുന്നു; അവരോട് സംസാരിക്കുകയായിരുന്നു. വീട്ടുകാരുടെ കുടിപ്പകയ്ക്കിടയിലും അവരിരുവരും വാക്കുകള്‍ പോലുമില്ലാതെ വെറും നോട്ടം കൊണ്ട് നെഞ്ചിലെ അണയാത്ത സ്നേഹം കൊണ്ടുനടന്നു. കൊടുങ്കാറ്റുകള്‍ക്കിടയിലൂടെ കെടാതെയൊരു നെയ് വിളക്ക് കൊണ്ടുപോകുന്നതുപോലെ. അന്ന് ആ കേസ് അവധിക്കുവച്ചു. പിന്നീടൊരിക്കലും ഒരവധിക്കും അവരിരുവരും കോടതിയില്‍ വരികയുണ്ടായില്ല.
അച്ഛനെയോ അമ്മയെയോ മക്കളെയോ വാക്കുകൊണ്ട് തള്ളിപ്പറഞ്ഞാലും നിയമം കൊണ്ട് ബന്ധം വേര്‍പ്പെടുത്താനാകില്ല. പക്ഷേ, ഭാര്യയെയും ഭര്‍ത്താവിനെയും നിയമം കൊണ്ട് വേര്‍പ്പെടുത്താം. അച്ഛനും അമ്മയും മക്കളും എല്ലാം ഉണ്ടാകുന്നതും എല്ലാ ബന്ധങ്ങളുടെ അടിത്തറയും ഇതാണുതാനും. സ്നേഹം കൊണ്ടുമാത്രം ചേര്‍ക്കപ്പെട്ട ഈ ബന്ധം നിയമം കൊണ്ട് വേര്‍പ്പെടുത്താനാകില്ലെന്ന് അന്നെനിക്ക് ബോധ്യമായി.
എന്‍റെ ഭാര്യയോടൊരു വാക്ക് കടുപ്പിച്ചു പറയുമ്പോള്‍ പോലും ഓര്‍ക്കുന്നത് ആ മനുഷ്യന്‍റെ തുളുമ്പിയ കണ്ണുകളെയാണ്. വെറുമൊരു കൊച്ചു തെന്നലില്‍പ്പോലും അണഞ്ഞുപോകുന്ന ബന്ധങ്ങളെ ഞാനെത്രയോ തവണ കോടതിയിലും ജീവിതത്തിലും കണ്ടിട്ടുണ്ട്. അന്നു ഞാന്‍ കല്യാണം കഴിച്ചിട്ടില്ല. എനിക്കൊരു ഭാര്യയുണ്ടാകുമ്പോള്‍ അവരെ ഞാന്‍ ഇതുപോലെ സ്നേഹിച്ചുകൊള്ളാമെന്ന് പലപ്പോഴും പ്രതിജ്ഞയെടുത്തിട്ടുണ്ട്. കൈക്കുമ്പിളോളം സ്നേഹം കയ്യിലുണ്ടെന്നതിന്‍റെ പേരില്‍ അഹങ്കരിക്കുന്ന ഞാന്‍ അന്നുകണ്ടത് കടലായിരുന്നു. സ്നേഹത്തിന്‍റെ കലര്‍പ്പില്ലാത്ത കടല്‍. ഓര്‍മ്മയുടെ ആ കടല്‍ത്തീരത്ത് നില്‍ക്കുന്നതുപോലും മനസ്സ് കുളിര്‍പ്പിക്കുന്നു. നമുക്കും അവരെപ്പോലെ സ്നേഹിക്കാം.
(ഏറെ പ്രിയപ്പെട്ട ശ്രീ. മമ്മൂട്ടി എഴുതിയ, അദ്ദേഹത്തിന്‍റെ ഏതാനും ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ കാഴ്ചപ്പാട് എന്ന പുസ്തകത്തില്‍നിന്നുമെടുത്താണ് ഈ രചന ഇവിടെ ചേര്‍ത്തിരിക്കുന്നത്. 2002 നവംബര്‍ 1നാണ് അദ്ദേഹം ഇത് എഴുതിയത്. കറന്‍റ് ബുക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.)
No comments:
Post a Comment