Friday, October 16, 2026

തറവാട്ടമ്മ

 


 

 

 

 

 

                        - വള്ളത്തോള്‍ നാരായണമേനോന്‍ 

 

"അമ്മിഞ്ഞപ്പാലോലും ചോരിവാ കൊണ്ടാദ്യ-

മമ്മയെത്തന്നേ വിളിച്ച കുഞ്ഞേ,

മറ്റൊരു മാതാവു കൂടിയുണ്ടെന്മ-

ന്നുറ്റ വാത്സല്യമോടോമനിപ്പാന്‍."

 

തന്മടിത്തട്ടിലിരിക്കും കിടാവിന്‍റെ

കമ്രമാം കൂന്തലില്‍ക്കൈ നടത്തി

ചെമ്മലര്‍ച്ചുണ്ടത്തും പിഞ്ചുകവിളത്തു-

മുമ്മവെച്ചച്ഛന്‍ തുടര്‍ന്നു ചൊല്ലീ:

 

"ഈയമ്മ നാള്‍തോറും ലാളിച്ചു, നിന്മണി-

വായിലൊഴുക്കുന്നു പാലും തേനും;

ആ നിജഭാഷയാമമ്മയോ, മാധുര്യ-

മാര്‍ന്ന സൂക്തങ്ങളെത്തൂകീടുന്നു.

ഏതാനും ദൂരത്തു കാണുന്നതില്ലയോ

നൂതനശാലയൊന്നക്കോവിലില്‍

ഭൂതികാമന്മാര്‍ പ്രതിഷ്ഠിച്ചിട്ടുണ്ടാ, നിന്‍-

മാതാവാം കൈരളീദേവതയെ.

അങ്ങുചെന്നന്വഹം സേവിക്ക തന്നിളം-

ചങ്ങാതിമാരൊത്ത,ദ്ദേവിയെ നീ;

നിങ്ങള്‍ക്കേവര്‍ക്കും ക്രമത്താലേ കൈവരും

മംഗളഹേതുവാം തല്‍പ്രസാദം.

ആയായ് മടിക്കരുതെന്തിനു പേടി? നിന്‍

തായാട്ടും തായയെത്തോഷിപ്പിക്കും!

തപ്പിയും തെറ്റിയുമുച്ചരിച്ചാലതു-

മര്‍ഭകവത്സലയ്ക്കിഷ്ടഗീതം;

കൈക്കല്‍പലകമേലക്ഷരം 'കാക്കിരി-

പൂക്കിരി'യായ് നീ വരച്ചുകൊള്ളൂ,

നേര്‍ക്കതില്‍ക്കാണാ,മാ പ്രേമസ്വരൂപതന്‍

പാല്‍ക്കുളിര്‍പ്പുഞ്ചിരിത്തുള്ളികളെ,

നീ വെണ്‍കടലാസു ചീന്തിയിടുന്നതും

ദേവിക്കു താമരപ്പൂവിതളാം!"

  

ബാലന്‍ ധരിക്കുമോ ചൊല്‍വതിന്‍ സാരമെ-

ന്നാലോചിച്ചീലച്ഛനാവേശത്താല്‍:

നമ്മുടെ നാടിതല്ലൂ,ര്‍ജ്ജസ്വിയാമൊരു

വെണ്മഴു നിര്‍മ്മിച്ച ദേശമത്രേ;

നമ്മുടെയോരോരോ വീര്‍പ്പിലുമുള്‍ക്കൊള്‍വ-

തമ്മന്നിന്‍ നിര്‍മ്മലവായു തന്നേ.

അമ്മയ്ക്കുമച്ഛനുമഷ്ടി കിടയ്ക്കുവാ-

നിമ്മറുനാട്ടില്‍ വസിക്കുകയും

ദ്വീപാന്തരത്തിലെബ്ഭാശയില്‍ നാവിനെ

വ്യാപാരിപ്പിക്കയും വേണ്ടിവന്നൂ.

 

എത്ര വിദേശഭാഷാഭിജ്ഞനാകിലും

മര്‍ത്യനു തന്‍ഭാഷയൊന്നുകൊണ്ടേ

ശക്തിയുണ്ടായ് വരൂ, ശക്തിമത്താകിയ

ഹൃദ്വികാരത്തെ വെളിപ്പെടുത്താന്‍.

നേരോര്‍ത്താലിപ്പരഭാഷാവ്യവഹാരം,

ചോറു വില്‍ക്കുന്നിടത്തുണ്ണലത്രേ;

ചെമ്മേ സ്വഭാഷയില്‍ സംസാരിക്കുന്നതാ-

ണമ്മ വിളമ്പിത്തരുന്ന ഭോജ്യം!

 

എന്മകനേതു വിദേശത്തു വാഴ്കിലും

നിന്മനക്കാമ്പിലീയോര്‍മ്മ വേണം:

"എന്നുടെ ഭാഷതാനെ,ന്‍ തറവാട്ടമ്മ'-

യന്യയാം ഭാഷ വിരുന്നുകാരി."