"അമ്മിഞ്ഞപ്പാലോലും ചോരിവാ കൊണ്ടാദ്യ-
മമ്മയെത്തന്നേ വിളിച്ച കുഞ്ഞേ,
മറ്റൊരു മാതാവു കൂടിയുണ്ടെന്മ-
ന്നുറ്റ വാത്സല്യമോടോമനിപ്പാന്."
തന്മടിത്തട്ടിലിരിക്കും കിടാവിന്റെ
കമ്രമാം കൂന്തലില്ക്കൈ നടത്തി
ചെമ്മലര്ച്ചുണ്ടത്തും പിഞ്ചുകവിളത്തു-
മുമ്മവെച്ചച്ഛന് തുടര്ന്നു ചൊല്ലീ:
"ഈയമ്മ നാള്തോറും ലാളിച്ചു, നിന്മണി-
വായിലൊഴുക്കുന്നു പാലും തേനും;
ആ നിജഭാഷയാമമ്മയോ, മാധുര്യ-
മാര്ന്ന സൂക്തങ്ങളെത്തൂകീടുന്നു.
ഏതാനും ദൂരത്തു കാണുന്നതില്ലയോ
നൂതനശാലയൊന്നക്കോവിലില്
ഭൂതികാമന്മാര് പ്രതിഷ്ഠിച്ചിട്ടുണ്ടാ, നിന്-
മാതാവാം കൈരളീദേവതയെ.
അങ്ങുചെന്നന്വഹം സേവിക്ക തന്നിളം-
ചങ്ങാതിമാരൊത്ത,ദ്ദേവിയെ നീ;
നിങ്ങള്ക്കേവര്ക്കും ക്രമത്താലേ കൈവരും
മംഗളഹേതുവാം തല്പ്രസാദം.
ആയായ് മടിക്കരുതെന്തിനു പേടി? നിന്
തായാട്ടും തായയെത്തോഷിപ്പിക്കും!
തപ്പിയും തെറ്റിയുമുച്ചരിച്ചാലതു-
മര്ഭകവത്സലയ്ക്കിഷ്ടഗീതം;
കൈക്കല്പലകമേലക്ഷരം 'കാക്കിരി-
പൂക്കിരി'യായ് നീ വരച്ചുകൊള്ളൂ,
നേര്ക്കതില്ക്കാണാ,മാ പ്രേമസ്വരൂപതന്
പാല്ക്കുളിര്പ്പുഞ്ചിരിത്തുള്ളികളെ,
നീ വെണ്കടലാസു ചീന്തിയിടുന്നതും
ദേവിക്കു താമരപ്പൂവിതളാം!"
ബാലന് ധരിക്കുമോ ചൊല്വതിന് സാരമെ-
ന്നാലോചിച്ചീലച്ഛനാവേശത്താല്:
നമ്മുടെ നാടിതല്ലൂ,ര്ജ്ജസ്വിയാമൊരു
വെണ്മഴു നിര്മ്മിച്ച ദേശമത്രേ;
നമ്മുടെയോരോരോ വീര്പ്പിലുമുള്ക്കൊള്വ-
തമ്മന്നിന് നിര്മ്മലവായു തന്നേ.
അമ്മയ്ക്കുമച്ഛനുമഷ്ടി കിടയ്ക്കുവാ-
നിമ്മറുനാട്ടില് വസിക്കുകയും
ദ്വീപാന്തരത്തിലെബ്ഭാശയില് നാവിനെ
വ്യാപാരിപ്പിക്കയും വേണ്ടിവന്നൂ.
എത്ര വിദേശഭാഷാഭിജ്ഞനാകിലും
മര്ത്യനു തന്ഭാഷയൊന്നുകൊണ്ടേ
ശക്തിയുണ്ടായ് വരൂ, ശക്തിമത്താകിയ
ഹൃദ്വികാരത്തെ വെളിപ്പെടുത്താന്.
നേരോര്ത്താലിപ്പരഭാഷാവ്യവഹാരം,
ചോറു വില്ക്കുന്നിടത്തുണ്ണലത്രേ;
ചെമ്മേ സ്വഭാഷയില് സംസാരിക്കുന്നതാ-
ണമ്മ വിളമ്പിത്തരുന്ന ഭോജ്യം!
എന്മകനേതു വിദേശത്തു വാഴ്കിലും
നിന്മനക്കാമ്പിലീയോര്മ്മ വേണം:
"എന്നുടെ ഭാഷതാനെ,ന് തറവാട്ടമ്മ'-
യന്യയാം ഭാഷ വിരുന്നുകാരി."

No comments:
Post a Comment