Wednesday, April 4, 2012

ശീമത്തമ്പുരാന്‍


-സി വി ശ്രീരാമന്‍

     പഴയ ആനവാതില്‍ക്കല്‍ മാട നിന്നു.ഇന്ന് ആനവാതിലിനു മേല്ക്കൂരയില്ല.കരിങ്കല്‍ വിരിച്ച പടവുകള്‍ അതുപോലെ തന്നെയുണ്ട്.ആനവാതില്‍ കടന്നാല്‍ ഇരുവശവും ചെങ്കല്‍മതിലാണ്.കൈയട്ടള വഴി.വല്ലാതെ കിതപ്പുതോന്നി. മാട അവിടെത്തന്നെ ഇരുന്നു.പൂമുഖത്തേയ്ക്കു നോക്കി.പൂമുഖം ഒഴിഞ്ഞുകിടക്കുന്നതു കണ്ടപ്പോള്‍ മാടയ്ക്കു ഭയം തോന്നി.മാട ഇന്നുവരെ പൂമുഖത്തു കാലുകുത്തിയിട്ടില്ല.തമ്പ്രാന്‍ സ്ഥാനമുള്ള നായന്മാരു വീടാണ്.എന്നാലും നമ്പൂരിത്തമ്പ്രാക്കന്മാരുപോലും പൂമുഖത്തു കയറിയാല്‍ ഇരിക്കാന്‍ ഭയപ്പെട്ടിരുന്നു. തീണ്ടലിലൊന്നും ശീമത്തമ്പുരാന്‍ വിശ്വസിച്ചിരുന്നില്ല. എന്നിട്ടും ശീമത്തമ്പുരാന്റെ കാലത്തും പഴയതിനൊന്നും മാറ്റം സംഭവിച്ചില്ല.ശീമത്തമ്പുരാന്‍ ശീമയില്‍വെച്ചു മാര്‍ഗം കൂടിയിരുന്നു എന്നൊരു കേട്ടുകേള്‍വിയുണ്ട്.നേരോ നൊണയോ...മാടയ്ക്ക് ഇന്നും സംശയമുണ്ട്.ശീമത്തമ്പുരാന്‍ എന്നും സന്ധ്യക്കു മേലുകഴുകിവന്നു ഭസ്മം തൊടുമായിരുന്നു. മുറിയിലിരുന്നു നാമം ചൊല്ലുന്നത് ആ വീടാകെ മുഴങ്ങിക്കേള്‍ക്കാമായിരുന്നു.ഇന്നും ആ ശബ്ദം അവിടെ മുഴുവന്‍ മുഴങ്ങുന്നതായി മാടയ്ക്കു തോന്നി;ഇപ്പോഴും ശീമത്തമ്പുരാന്‍ വിളിക്കുന്നതായി... രാത്രികാലങ്ങളില്‍ വിളികേട്ടുകൊണ്ട് മാട ഉണരും. അപ്പോഴൊക്കെ ശീമത്തമ്പുരാന്റെ ചുരുട്ടിന്റെ മണമേല്‍ക്കാറുണ്ടായിരുന്നു. ശീമത്തമ്പുരാന്റെ തല്ലുവാങ്ങാത്ത ഒരൊറ്റ വല്ലി ആളരും ഉണ്ടായിരുന്നില്ല.പുഞ്ചപ്പടവിന്റെ മേല്‍വരമ്പു പൊട്ടി കൃഷി ആകെ നശിച്ചു.ഉണ്ടായത് മാടയുടെ നോട്ടക്കുറവു കൊണ്ടാണെന്നു ശീമത്തമ്പുരാന്‍ മനസ്സിലാക്കി.എന്നിട്ടും മാടയെ തല്ലിയില്ല.ഒരിക്കല്‍ മാത്രം...കാക്കാത്തുരുത്തിലെ വയലിലേയ്ക്ക് ഊരാളന്‍ ചെറുങ്ങോരന്‍ പ്രത്യേകം ക്ഷണിച്ചിരുന്നു.മാട പനങ്കള്ളും തെങ്ങിന്‍താവരവും മൂക്കറ്റം കുടിച്ചു.നാലുകാലിന്മേലാണ് തിരിച്ചെത്തിയത്. ശീമത്തമ്പുരാന്റെ ചെവിയിലുമെത്തി.
അടുത്തേക്കുവിളിച്ച് ഇടയറിയാതെ ഒരൊറ്റ അടി.  
   "ഇനി കുടിക്ക്വോ......"
   കണ്ണും ചെവിയും പൊത്തി ഒരൊറ്റ അടി.തോട്ടുവരമ്പത്തുനിന്ന് ഉരുണ്ട് നെല്ലിന്‍ കണ്ടത്തില്‍ ചെന്നുവീണു.എട്ടുനാഴികനേരം ചെന്നപ്പോഴാണു ബോധം വീണത്‌.ശീമത്തമ്പുരാന്‍ ശീമനാടുകളില്‍ എത്രയോകാലം കഴിഞ്ഞതാണ്.ജീവിതത്തില്‍ ഒരിക്കല്‍പ്പോലും മദ്യപിച്ചിട്ടില്ല.മാട കൊടുങ്ങല്ലൂരെ ഭരണിക്കു പോകുമ്പോള്‍ ശീമത്തമ്പുരാന്‍ കുടിക്കാനുള്ള കാശും അനുവാദവും തന്നിരുന്നു.എന്നിട്ടും കുടിക്കാനുള്ള ധൈര്യം മാടയ്ക്കുണ്ടായിരുന്നില്ല.ഒരിക്കലും പിന്നെ കുടിച്ചിട്ടുമില്ല.
   ഇന്ന് ഈ തറവാടിന്റെ മുറ്റത്ത് ഇരിക്കുമ്പോള്‍ മാട എന്തെല്ലാം ഓര്‍ത്തുപോകുന്നു.
   വീടിനകത്തുനിന്ന് ശീമത്തമ്പുരാന്റെ ചുരുട്ടിന്റെ പുക വരുന്നു.മണം മൂക്കില്‍ ഇരമ്പിക്കയറുന്നു.
   മാട പൂമുഖത്തേക്കു നോക്കി.ഒരു ഈച്ച പോലും പറക്കാന്‍ ധൈര്യപ്പെടാത്ത ആദ്യകാലത്തെ പൂമുഖം.പിന്നെപ്പിന്നെ കുടുംബഛിദ്രം വന്നു.കാളി ദാരികന്മാരുടെ വേലപ്പറമ്പുപോലെ ഈ പൂമുഖം അങ്കക്കലികളും കണ്ടിട്ടുണ്ട്.ഈ പൂമുഖത്തിന്റെ മുകളില്‍ നീലച്ചില്ലുകളുടെ പാളികളുള്ള ജനാലകളുണ്ടായിരുന്നു.ഇന്നില്ല.അതിന്റെ കിഴക്കുവശത്തായിരുന്നു ശീമത്തമ്പുരാന്റെ മുറി.മാട ആ മുറിയുടെ ഭാഗത്തേക്കുനോക്കി.രാത്രിയില്‍ എപ്പോഴെങ്കിലും ഒരു വിളി:
   "മാടേ..... "       
   മാടയ്ക്കു മുറ്റത്തൊന്നും ചവിട്ടാന്‍ പാടില്ലായിരുന്നു. ശീമത്തമ്പുരാന്റെ മുറിയുടെ പിന്നില്‍ നില്‍ക്കുന്ന കവുങ്ങില്‍ കയറി മുറിയുടെ എകരംവരെ എത്തി തളപ്പിട്ട കാലുകള്‍ ഇറുക്കി കവുങ്ങില്‍ത്തന്നെ ഇരിക്കും.പിറ്റേന്നാള്‍ ചെയ്യേണ്ട പനിയുടെ വിവരം ശീമത്തമ്പുരാന്‍ പറഞ്ഞുതരും.എല്ലാം പറഞ്ഞുതീരുമ്പോള്‍ ശീമത്തമ്പുരാന്‍ പറയും,'ഇനി മാട പോയി കിടന്നോ...'.ആ നേരം മുഴുവന്‍ മാട കവുങ്ങില്‍ത്തന്നെ ഇരിക്കും.അതൊരു പതിവായി മാറി.
   ശീമത്തമ്പുരാനു രാത്രികാലങ്ങളില്‍ ഉറക്കം ഉണ്ടായിരുന്നില്ല. പാട്ടുപെട്ടിയില്‍ പാട്ടുവയ്ക്കും.ഒരു പുസ്തകം ഏടുമറിച്ചുകൊണ്ടിരുന്നു.അതില്‍ നിറയെ ഒട്ടിച്ച പോട്ടങ്ങളായിരുന്നു.അതും നോക്കി ഖേദിച്ചുകൊണ്ടിരിക്കും.ചിലപ്പോള്‍ തമ്പുരാന്‍ പൊട്ടിക്കരയാറുമുണ്ടായിരുന്നു.
   മാട ഇതൊക്കെ ഓര്‍ക്കുമ്പോഴും നോട്ടം വീടിനകത്തേക്കായിരുന്നു.ജനാലയില്‍ക്കൂടി പുക വരുന്നു.ശീമത്തമ്പുരാന്റെ ചുരുട്ടിന്റെ മണം.ഇപ്പോള്‍ ചുരുട്ടിന്റെ പുക പൂമുഖത്തു പരക്കുന്നു.മാട നടുങ്ങി.പൂമുഖത്ത്‌ ഒരാള്‍ നില്‍ക്കുന്നു.ശീമത്തമ്പുരാന്റെ  അതേ ചുരുട്ട് വലിക്കുന്നു.ഒരു മുഴം ചുരുട്ട്.ആ മനുഷ്യന്‍ തിണ്ണയുടെ അറ്റം വരെ വന്നു.
   "എന്താടോ പേടിച്ചു നില്‍ക്കുന്നത്?ഇങ്ങട് അടുത്തുവാടോ..."
   "ഇബടെ ഒരു തമ്പ്രാനുണ്ടായിരുന്നു.മൂപ്പര് ഈ ചുരുട്ടാ വലിക്ക്യാ.....ആ തമ്പ്രാനെ ഓര്‍ത്തുനിന്നതാ...."
-മാട പറഞ്ഞു.
   "ഈ ചുരുട്ടോ?ഈ ചുരുട്ടൊന്നും ഇപ്പോള്‍ ഇവിടെ കിട്ടില്ല.ചെക്കന്മാര് ഗള്‍ഫില്‍നിന്നു കൊണ്ടുവന്നതാ."
   ചുരുട്ട് വലിക്കുന്ന ആള്‍ ഈ വീടിന്റെ പുതിയ ഉടമസ്ഥനായിരിക്കും.മാട കരുതി.
   "തന്റെ പേരെന്താ?"
   "എന്റെ പേര് മാട."
   "ഓ....മാടയോ?ഇവിടത്തെ ഏറ്റവും പഴയ പണിക്കാരന്‍,അല്ലേ?"
-മാട മിഴിച്ചു നിന്നു.
   "എടോ മാടേ,ഇങ്ങട് അടുത്തുവരൂ.എനിക്ക് ഒച്ച ഇടാന്‍ വയ്യ."
   മാട ഇന്നുവരെ പൂമുഖത്തൊന്നും കാലുകുത്തിയിട്ടില്ല. ശങ്കിച്ചുനിന്നു.
   "അതൊക്കെ പഴയകാലത്ത്.ഇപ്പൊ തനിക്ക് ഇങ്ങട് അടുത്തുവരാം."
   മാട എഴുന്നേറ്റു.കടക്കാന്‍ പാടില്ലാത്തിടത്തു കടക്കുന്നു എന്നു തോന്നിയതുകൊണ്ടാവാം,മാട ഊന്നുവടിയില്‍ കൂടുതല്‍ അമര്‍ത്തി.ആവശ്യത്തിലേറെ ഊന്നിയതുകൊണ്ടാവാം മാട വല്ലാതെ കിതച്ചിരുന്നു.മാട പൂമുഖത്തിണ്ണയില്‍ കൈയമര്‍ത്തി നിന്നു.കിതച്ചുകൊണ്ടു ചോദിച്ചു:        
   "എന്തിനാ എനിക്ക് ആളെ അയച്ചത്?...."
   "ആളു വന്നിരുന്നു അല്ലേ?തന്നെ കണ്ട് ഒരു നൂറുകൂട്ടം കാര്യങ്ങള്‍ അറിയാനുണ്ട്."
   മാട അന്തംവിട്ടു തിണ്ണയില്‍ രണ്ടുകൈകളും ഊന്നിനിന്നു.
   "എടോ മാടേ,ഈ വീട് വാങ്ങിക്കാന്‍ വിചാരിച്ചപ്പോ എനിക്ക് എന്താ തോന്നീന്നോ?ഈ വീട് പൊളിച്ചാല്‍ ഒരു നാലു വീടിനുള്ള ചെങ്കല്ലും മരവും കിട്ടും.ഇതൊക്കെ പൊളിച്ച് നാലു വീടു വയ്ക്കണംന്ന്തന്ന്യാ ഞാന്‍ പ്ലാനിട്ടത്.ഇപ്പോള്‍ ചാടിയാല്‍ പൊന്താതെയായി.മൂന്നു മക്കളും വിസ കാന്‍സലാക്കി പോന്നു.ഒരു ബസ് ഉണ്ടായിരുന്നത് പുഴയ്ക്കല്‍ പാലത്തിന്മേല്‍ ചെന്ന് ഇടിച്ചു തോട്ടില്‍ മറിഞ്ഞു.മൂന്നാള് മരിച്ചു.കൈയ്യൊടിഞ്ഞോരും കാലൊടിഞ്ഞോരും വേറെ.ബസ് വിറ്റാല്‍ നഷ്ടപരിഹാരം കൊടുത്തു തീര്‍ക്കാന്‍ പറ്റില്ല.എല്ലാംകൊണ്ടും പൊറുതിമുട്ടിയപ്പോഴാണ് ഇവിടെ വന്നു താമസിക്കുവാന്‍ തീരുമാനിച്ചത്.അത് അതിലേറെ തകരാറിലായി."
   അയാള്‍ തിണ്ണയിലിരുന്നിട്ടു വര്‍ത്തമാനം തുടര്‍ന്നു:
   "ഇവിടെ താമസം തുടങ്ങിയപ്പോഴല്ലേ വിവരം അറിഞ്ഞത്."
   മാട തരിച്ചു നിന്നു.വളരെ വിഷമത്തോടെ ചോദിച്ചു.
   "എന്താണാവോ ഇബടംകൊണ്ട് ഒരു ദോഷം കണ്ടത്?"
   "ദോഷം ചില്ലറയൊന്നുമല്ല.ആദ്യം കണ്ടത് എന്റെ മൂത്ത മകന്റെ മോള് കുന്നൂര് പഠിക്കുന്ന കുട്ട്യാ.ആ കുട്ടിക്ക് ഇവിടെ വന്നാല്‍ ഉറക്കം തീരെ ഉണ്ടാവില്ല.ഇംഗ്ലീഷ് പാട്ട് പാടണുണ്ട്.അത് ഏറ്റുപാടാനും പറഞ്ഞു.നേരം പുലരോളം പാട്ടുതന്നെ..."
   മാട മിഴിച്ചുനിന്നു.
   "എടോ മാടേ,ഈ പൂമുഖത്തിനു നേരെമുകളില്‍ സൈഡ് മുറിയില്ലേ?അതിന്റെ താക്കോല്‍ ആരുടെ കയ്യിലാ?വീട് തന്നപ്പോഴ്‌ ആ മുറീടെ താക്കോലുമാത്രം കിട്ടിയില്ല.'ആരുടെയോ കയ്യിലുണ്ട്.വാങ്ങിത്തരാം' എന്ന് പറഞ്ഞു."
   മാട നെഞ്ചുതടവിക്കൊണ്ട് എല്ലാം ഓര്‍ത്തുപോകുകയാണ്.ഒടുവിലൊടുവില്‍,ശീമത്തമ്പുരാന്റെ അമ്മയ്ക്ക് തലയ്ക്ക് ഒട്ടും വെളിവുണ്ടായിരുന്നില്ല.ഒരിക്കല്‍ ആ മുറിയുടെ താക്കോല്‍ മാടയ്ക്കു തന്നിരുന്നു.
   "ഈ മുറീടെ ശരിക്കുള്ള അവകാശി നീ തന്ന്യാ.നീ സൂക്ഷിച്ചോ.അവള് വരുമ്പോ തുറന്നുകൊടുത്തോ..."
   മാട എന്തോ സൂത്രംപറഞ്ഞ് താക്കോലുവാങ്ങാതെ ഒഴിഞ്ഞുമാറി.
   പുതിയ വീട്ടുടമസ്ഥന്‍ ഒരു പരാതിപോലെ പറയാന്‍ തുടങ്ങി:
   "ഇതുവരെ താക്കോല്‍ കിട്ടിയില്ല.വാതിലില്‍ ഉറപ്പിച്ച ഇരട്ടപ്പൂട്ടാണ്.ആ വാതില്‍ ആകെ പൊളിച്ചാലേ മുറിതുറക്കാന്‍ പറ്റൂ.ആ പൂട്ടിനെപ്പറ്റി അറിയുന്ന ഒരു പഴയ കരുവാനെ കണ്ടു.താക്കോല്‍ ഉണ്ടാക്കാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്."
   മാട അപ്പോഴും ശീമത്തമ്പുരാന്റെ അമ്മയെ കണ്മുന്നില്‍ കാണുകയായിരുന്നു.ആ വീട്ടില്‍ നിന്നും ഒറ്റപ്പെട്ടുപോയ സ്ത്രീ...!
പുതിയ വീട്ടുടമസ്ഥന്‍ പൊടുന്നനെ ഒരു ചോദ്യം:
   "താന്‍ ഇവിടത്തെ പഴയ ആളല്ലേ?ഇവിടെ വല്ല ദുര്‍മരണവും ഉണ്ടായിട്ടുണ്ടോ?"
   "ഇവിടെ കൊലപാതകൊന്നും ഉണ്ടായതായിട്ടു എന്റെ ഓര്‍മ്മേലില്ല..."
   "കൊലപാതകം മാത്രമാണോ ദുര്‍മരണം.ആരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടോ?"
   മാട അറിയാതെതന്നെ പൂമുഖത്തിണ്ണയില്‍നിന്നു കയ്യെടുത്തു.കുന്തക്കാലില്‍ ഇരിക്കാന്‍ ശ്രമിച്ചു.സാധിച്ചില്ല.മൂടു നിലത്തുകുത്തി കാലുകള്‍ നീട്ടി ഇരുന്നു.എന്നിട്ടും ഇരുപ്പിന് ഊന്നുവടിയുടെ സഹായം വേണ്ടിവന്നു.
   പെട്ടെന്ന് വീട്ടിനകത്തുനിന്ന് തുരുതുരാ മണിയൊച്ച മുഴങ്ങി.പുതിയ വീട്ടുടമസ്ഥന്‍ അകത്തേക്കുപോയി.
   മാട അവിടെത്തന്നെ ഇരുന്നു.നല്ല ചന്തമുള്ള ഒരു പയ്യന്‍ പൂമുഖത്തേക്ക്‌ വന്നു.അമ്പലപ്പറമ്പില്‍ ഇപ്പോള്‍ കുട്ടികള്‍ കളിക്കാറുള്ള കനംകുറഞ്ഞ പിടിയുള്ള മാന്തന്‍വടി തിണ്ണയില്‍ ചാരിവച്ചു.കയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല.എന്നിട്ടും എന്തോ ചുഴറ്റിയെറിയുന്നതുപോലെ രണ്ടുമൂന്നു തവണ ആംഗ്യം കാണിച്ചു.അപ്പോഴാണ്‌ മാടയെ കണ്ടത്.
   "ഹലോ,നിങ്ങളാണോ മാട?"
   മാട തലയാട്ടി.
   "ഹലോ മാട,നിങ്ങള്‍ ശീമത്തമ്പുരാനെ കണ്ടിട്ടുണ്ടോ...?"
   "എന്നെ വളര്‍ത്ത്യേത് ശീമത്തമ്പ്രാനാ..."
   "ശീമത്തമ്പുരാന്‍ ഐറിഷ് ഫ്രീഡം മൂവ്മെന്റില്‍ പങ്കെടുത്തതുകൊണ്ട്  ഇംഗ്ലണ്ടില്‍നിന്ന് ഇന്ത്യയിലേക്ക് റീ പേട്രിയേറ്റ് ചെയ്തതാണോ...?അതായത് ഇംഗ്ലണ്ടില്‍നിന്നും ഇങ്ങോട്ടു കയറ്റി അയച്ചതാണോ?"
   മാടയ്ക്ക് ഒന്നും മനസ്സിലായില്ല.ഏതോ ലഹളയില്‍ ശീമത്തമ്പുരാന്‍ പങ്കെടുത്തുവെന്നും ഇനി ഒരിക്കലും ശീമയിലേക്ക് തമ്പുരാന് പോകാന്‍പറ്റില്ലെന്നും തമ്പുരാന്‍തന്നെ പറഞ്ഞ അറിവ് മാടയ്ക്കുണ്ടായിരുന്നു.എന്നിട്ടും മാട ഒന്നുംമിണ്ടിയില്ല.തുടര്‍ന്ന് ഒന്നും ചോദിക്കാതെ ആ പയ്യന്‍ വണ്ണംകുറഞ്ഞ പിടിയുള്ള മന്തന്‍വടിയുമെടുത്ത് സൈക്കിളില്‍ കയറിപ്പോയി.
   മാട അവിടെത്തന്നെ ഇരുന്നു.ഒരു ഓര്‍മ്മമാത്രം മാടയെ  അലട്ടിയിരുന്നു.
   'അതൊരു ദുര്‍മരണമായിരുന്നുവോ!!!?'
   മാട ചിന്തിക്കുന്നു,ഓര്‍മ്മയും യുക്തിയുമെടുത്ത്...                

 (ശ്രീ.സി വി ശ്രീരാമന്‍ എഴുതിയ ഈ കഥയും അദ്ദേഹത്തിന്റെ തന്നെ 'പൊന്തന്‍മാട' എന്ന കഥയുമാണ് ശ്രീ.ടി വി ചന്ദ്രന്‍ രചിച്ച,1993-ല്‍ പുറത്തിറങ്ങിയ 'പൊന്തന്‍മാട' എന്ന ചലച്ചിത്രത്തിന് ആധാരം.)  
         

          

Wednesday, February 29, 2012

കുതിരനൃത്തം


-അയ്യപ്പപ്പണിക്കര്‍ 

നാലു കൂറ്റന്‍ കുതിരകള്‍ 
ഒരുങ്ങിവന്നു.
ഒന്ന് വെളുപ്പന്‍,ഒന്ന് ചുവപ്പന്‍,
ഒന്ന് കറുമ്പന്‍,ഒന്നിന് തവിട്ടുനിറം.
ഒരുത്തന് നാലുകാല്; 
ഒരുത്തന് മൂന്നുകാല്; 
മൂന്നാമന് രണ്ടുകാല്; 
നാലാമന്‍ ഒറ്റക്കാലന്‍.
ഒറ്റക്കാലന്‍ കുതിര പറഞ്ഞു, 
മറ്റുള്ളവരോട്:
'നൃത്തത്തിനുള്ള സമയമായല്ലോ,കൂട്ടരേ,
നമുക്കൊറ്റക്കാലില്‍ നൃത്തംചെയ്യാം.
മറ്റുള്ളവരതു ശരിവച്ചു ;
നൃത്തംതുടങ്ങി .


നാലുകാലന്‍ നടുങ്ങിവീണു;
മൂന്നുകാലന്‍ മൂര്‍ച്ചിച്ചുവീണു;
രണ്ടുകാലന്‍ ഞൊണ്ടിക്കിതച്ചു;
ഒറ്റക്കാലന്‍ നേതാവുമാത്രം 
നൃത്തം തുടര്‍ന്ന് തുടര്‍ന്നൂ ...

Tuesday, November 8, 2011

സദ്ഗതി

-ബാലചന്ദ്രന്‍ ചുള്ളിക്കാട് 


ഒടുവില്‍ അമംഗളദര്‍ശനയായ് 
ബധിരയായന്ധയായ് മൂകയായി
നിരുപമപിംഗലകേശിനിയായ്
മരണം നിന്‍മുന്നിലും വന്നുനില്‍ക്കും  


പരിതാപമില്ലാതവളൊടൊപ്പം
പരലോകയാത്രയ്ക്കിറങ്ങും മുമ്പേ 
വഴിവായനയ്ക്കൊന്നു കൊണ്ടുപോകാന്‍
സ്മരണതന്‍ ഗ്രന്ഥാലയത്തിലെങ്ങും    
ധൃതിയിലെന്നോമനേ നിന്‍ഹൃദയം
പരത്തി പരത്തി തളര്‍ന്നുപോകെ,
ഒരുനാളും നോക്കാതെ മാറ്റിവച്ച
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും.
അതിലന്നു നീയെന്‍റെ പേരു കാണും...
അതിലെന്‍റെ ജീവന്‍റെ നേരു കാണും... 
      
പരകോടിയെത്തിയെന്‍ യക്ഷജന്‍മം
പരമാണു ഭേദിക്കുമാ നിമിഷം
ഉദിതാന്തരബാഷ്പ പൌര്‍ണമിയില്‍
പരിദീപ്തമാകും നിന്നന്തരംഗം
ക്ഷണികേ ജഗല്‍സ്വപ്നമുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും.       



Friday, October 21, 2011

മൃത്യുവചനം

- എ അയ്യപ്പന്‍


മൃത്യുവിന് 
ഒരു വാക്കേയുള്ളൂ- 
'വരൂ...പോകാം.' 


മൃത്യു
അതിഥിയാണ്.
ആതിഥേയന്‍ നല്‍കേണ്ടത് 
അവന്‍റെ നെഞ്ചിടിപ്പുകള്‍,
കാഴ്ച,
നടക്കാന്‍ മറക്കേണ്ട കാലുകള്‍...


ആകാശത്തിലേക്ക് പറക്കുന്ന 
പോത്തിന്‍റെ പുറകെ നടക്കുക...
ജീവിതത്തിലേക്ക് 
തിരിഞ്ഞുനോക്കരുത്.


നിന്നെ സ്നേഹിച്ചവര്‍ 
പുച്ഛിച്ചവര്‍ 
ഏവരും 
നിന്‍റെ ജഡത്തില്‍ വീണു കരയും.


സ്വര്‍ഗത്തിലെ സുവര്‍ണസിംഹാസനം
തുരുമ്പിച്ചുപോയി.
നരകത്തില്‍ 
നിനക്ക് 
അഗ്നിയും,
തിളയ്ക്കുന്ന വെള്ളവും,
ദൈവത്തിന്‍റെ കഴുത്തില്‍നിന്നും
ഇഴഞ്ഞുപോയ
കണ്‍ഠഭരണവുമുണ്ട്.


മൃത്യു,
പ്രിയപ്പെട്ട അതിഥീ;
എനിക്കൊരു വാക്കേയുള്ളൂ.
'വറുതികളുടെ ജീവിതത്തില്‍ നിന്ന് 
വരൂ...'

  

Sunday, September 11, 2011

കള്ള് വില്‍ക്കുന്നതിനേക്കാള്‍ ലാഭം

- സി രാധാകൃഷ്ണന്‍

   ത്രിശൂല്‍ പുറപ്പെടാറായിരിക്കുന്നു.അഗ്നി പിന്നാലെ ചുര മാന്തി നില്പുണ്ട്-രണ്ടും ലിമിറ്റഡുസ്റ്റോപ്പ്‌ ബസ്സുകള്‍.ടൌണ്‍ ബസ്‌ സ്റ്റാന്‍ഡില്‍ നല്ല  തിരക്ക്.വൈകുന്നേരമായല്ലോ!വീടെത്താനുള്ള തിരക്കിലാണ് ആളുകള്‍.ഇതിനിടയില്‍ അന്തിക്കടലയും അന്തിക്കടലാസുമൊക്കെ വില്‍ക്കാനുള്ള ബഹളവുമുണ്ട്.
ഞാന്‍ ത്രിശൂലില്‍ കയറി.(ഇത് ഞാന്‍ കയറിയ വാഹനത്തിന്‍റെ യഥാര്‍ത്ഥമായ പേരല്ല.ഈ പേരില്‍ ഒരു ബസ്സുണ്ടെങ്കില്‍-ആ വാഹനവും അതിന്‍റെ ഉടമസ്ഥനും ക്ഷമിക്കണം.അറിഞ്ഞുകൊണ്ടല്ല ഈ പരാമര്‍ശം.)
   ബസ്സില്‍ നിറയെ ആളുണ്ട്.എങ്കിലും എനിക്ക് ഒരു സീറ്റ് കിട്ടി;പിടിക്കാന്‍ മുമ്പിലെ കമ്പി കിട്ടി;തിരക്കുകൂടിയാല്‍ ശ്വസിക്കാന്‍,വായുകടക്കാന്‍,ഒരു വശത്തൊരു പഴുതും കിട്ടി.ആശ്വാസമായി.ഇനി വഴിയില്‍ മൂക്കുകുത്തി വീഴാതെ അങ്ങെത്തിക്കിട്ടിയാല്‍ മതിയല്ലോ!
   ഭൂപടം മുതല്‍ കളിപ്പാട്ടങ്ങളും ജാതകഫലങ്ങളും വരെ വില്‍ക്കുന്നവര്‍ വാഹനത്തില്‍ കയറി കച്ചവടം നടത്തി ഇറങ്ങിപ്പോകുന്നതിനിടെ വലിപ്പമുള്ള ഒരു പുസ്തകം പൊക്കിക്കാണിച്ച് ഒരാള്‍ വന്നു.തോളില്‍,പൊക്കണം നിറയെ അതേ ഉരുപ്പടിയായിരിക്കും എന്ന് കുറ്റാന്വേഷകരല്ലാത്തവര്‍ക്കും അനായാസം ഊഹിക്കാം.
   മിനി ഭഗവദ്ഗീതയാണ് സാധനം.ഒരു മള്‍ട്ടി നാഷണല്‍ കോര്‍പ്പറേഷന്‍റെ സെയില്‍സ് മാനേജരാകാന്‍ തക്ക സാമര്‍ഥ്യമുള്ള ഒരാളാണ് അത് വില്‍ക്കുന്നതെന്ന് അയാളുടെ അവതാരിക കേട്ടപ്പോഴേ തോന്നി.വില്‍പ്പനയുടെ സൂത്രങ്ങള്‍ ഒരു അടവും പിഴയ്ക്കാതെ അയാള്‍ അവതരിപ്പിച്ചു.മാര്‍ക്കറ്റിംഗ് പാഠപുസ്തകങ്ങളില്‍ പറയുന്ന എല്ലാ ചിട്ടവട്ടങ്ങളും ഒപ്പിച്ചു കൊണ്ടായിരുന്നു മുന്നേറ്റം.പുസ്തകത്തിന്‍റെ സവിശേഷതകള്‍ ആദ്യമേ അയാള്‍ വിശദീകരിച്ചു.
-'ഇതൊരു സാധാരണ പുസ്തകമല്ല.ഇത് കൊണ്ടുനടക്കാന്‍ വളരെ എളുപ്പമാണ്.ഏതു പോക്കറ്റിനും പാകം.മറ്റൊരുതരത്തിലും പാകം തന്നെ.പതിനെട്ട് അധ്യായങ്ങളും വ്യാഖ്യാനവുമുള്ള ഈ സമഗ്രഗീതാഗ്രന്ഥത്തിന് വില വെറും പത്തുറുപ്പിക.ഒരു ഇളനീരിനെക്കാള്‍,കൊക്കകോളയെക്കാള്‍,ടൂത്ത് പേസ്റ്റിനേക്കാള്‍,എന്തിനേറെ ഒരു സോപ്പുകട്ടയെക്കാള്‍ കുറവ്.'
   ആരോ ഒരാള്‍ പുസ്തകം വാങ്ങി.ചെറുപ്പക്കാരന് ഉഷാറായി.അയാള്‍ പ്രഖ്യാപിച്ചു:ഇതാ ഒരാള്‍ കൂടുതല്‍ ജ്ഞാനിയാകാന്‍ നിശ്ചയിച്ചിരിക്കുന്നു.എത്രയെത്ര അനാവശ്യകാര്യങ്ങള്‍ക്കു നാം പണം ചെലവാക്കുന്നു!എത്ര പണം പോക്കറ്റടിച്ചു പോകുന്നു!വെറും പത്തുറുപ്പികയ്ക്ക് അറിവിന്‍റെ അറിവായ കാര്യം വാങ്ങി സൂക്ഷിക്കാം!വായിക്കാന്‍ ഇപ്പോള്‍ സമയമില്ലെങ്കിലും പിന്നീട് വായിക്കാനായി വാങ്ങിവയ്ക്കാം.സന്തതിപരമ്പരകള്‍ക്ക് വായിക്കാന്‍ ഈ ഒരു അമൂല്യസമ്പാദ്യം വീട്ടില്‍ ഇരിക്കട്ടെ...!അപൂര്‍വ്വമായി ലഭിക്കുന്ന ഭാഗ്യം...
   ബസ്സിന്‍റെ ഒരറ്റംമുതല്‍ മറ്റേഅറ്റം വരെ നടന്നിട്ടും പക്ഷെ,രണ്ടാമതൊരു പുസ്തകം ആരും വാങ്ങിയില്ല.അയാളുടെ സ്വരം മാറി:
'മഹാലോകരെ,കേള്‍പ്പിന്‍...സാക്ഷാല്‍ ഭഗവാന്‍ അര്‍ജുനനു നല്‍കിയ ഉപദേശമാണ് ഇതാ പത്തു വെള്ളിക്കാശിന്, ക്ഷമിക്കണം, ഈയക്കാശിന് നിങ്ങളുടെ മുന്നില്‍ എത്തിയിരിക്കുന്നത്.ഇതൊരു സുവര്‍ണാവസരമാണ്.എനിക്കിതൊരു നിയോഗം മാത്രം!ഒത്താല്‍ അരിക്കാശു കിട്ടുമെന്നേ ഉള്ളു.അത് ഈ വണ്ടിയില്‍ നിന്നല്ലെങ്കില്‍ നിങ്ങള്ക്ക് നഷ്ടപ്പെടുന്നത് ഈ ജീവിതത്തില്‍ നേടാവുന്ന ഏറ്റവും വലിയ അറിവാണ്.ഇതിനപ്പുറം ഒരു അറിവില്ല.അനുഗ്രഹമില്ല.'
   ഇതുകൊണ്ടും രണ്ടാമതൊരു പുസ്തകം വിട്ടില്ല.പക്ഷെ,ആ ചെറുപ്പക്കാരനില്‍ ഒട്ടും നിരാശ കണ്ടില്ല.അയാള്‍ സ്വരം വീണ്ടും മാറ്റി:
'ജീവിതത്തില്‍ പല പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരാണ് നമ്മളെല്ലാം.എത്രയെത്ര പ്രശ്നങ്ങള്‍!എന്‍റെ മുന്നിലിരിക്കുന്ന നിനങ്ങള്‍ ഓരോരുത്തരും അങ്കലാപ്പുകളുടെ ഓരോ ഹിമാലയമാണ്.ഈ ഞാനും അങ്ങനെ തന്നെ.ഈ പുസ്തകം അതിനെല്ലാം പരിഹാരമാണ്.ഒരെണ്ണം വാങ്ങിനോക്കുക.ഉടനെ ഫലം കാണും.അപകടങ്ങളില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടും.സാധിക്കില്ലെന്നു തോന്നിയത് സാധിക്കും.കിട്ടാത്തത് കിട്ടും.ഉറക്കം കൂടും...ഇത് വെറുതെ പറയുന്നതല്ല എന്നറിയാന്‍ വെറും പത്തുരൂപയേ ചിലവുള്ളൂ.ഞാന്‍ ഇത് ചുമ്മാ പറയുകയല്ല.ഈ സ്റ്റാന്ടില്‍ എന്നെ നാളെയും കാണാം.
രണ്ടുമൂന്നു പുസ്തകങ്ങള്‍ കൂടി വിറ്റു.വേറെ ചിലര്‍ വാങ്ങാന്‍ പുറപ്പെട്ടപ്പോള്‍ പിന്നില്‍ ഇരിക്കുന്ന ഒരാള്‍ താക്കീതു ചെയ്തു.
'അന്ധവിശ്വാസം പ്രചരിപ്പിക്കരുത്.'
   വില്‍പ്പനക്കാരന്‍റെ മട്ടുമാറി:
'പ്രിയസുഹൃത്തേ,ഞാന്‍ എന്‍റെ വിശ്വാസമാണ് പ്രചരിപ്പിക്കുന്നത്.താങ്കള്‍ അത് സ്വീകരിക്കണമെന്നു ഞാന്‍ പറഞ്ഞില്ലല്ലോ.ഞാന്‍ വിശ്വസിക്കുന്നതില്‍ വിശ്വസിക്കുന്ന ആളുകള്‍ ഈ വാഹനത്തിലുണ്ടെന്ന് എനിക്കറിയാം.അവരെ ഉദ്ദേശിച്ചാണ് ഞാന്‍ ഈ മഹാഗ്രന്ഥവുമായി നടക്കുന്നത്.ഇതൊരു പുണ്യകര്‍മ്മമാണ്‌.നോക്കുക,എനിക്കു സോപ്പോ ചീപ്പോ ചാരായമോ വില്‍ക്കാന്‍ പോകാമായിരുന്നില്ലേ?ഇതിനേക്കാള്‍ ലാഭമല്ലേ അത്?താങ്കളെപ്പോലെയുള്ളവരുടെ ചീത്ത കേള്‍ക്കേണ്ടിയും വരില്ല.'
   'ഈ പറഞ്ഞതാണ് ശരി'എന്ന് ചില യാത്രക്കാര്‍ക്കുതോന്നി.എന്നു മാത്രമല്ല അവര്‍ അത് തുറന്നുപറയുകയും പുസ്തകംവാങ്ങുകയും ചെയ്തു.അതിനിടെ മറ്റുചിലര്‍ മറ്റേപക്ഷത്തും ചേര്‍ന്നു.'നാട്‌ കുട്ടിച്ചോറാക്കുന്നത് അന്ധവിശ്വാസം കൊണ്ടാണ്' എന്ന വാദമുണ്ടായി.
   'നിങ്ങളൊക്കെ അന്ധമായി വിശ്വസിക്കുന്നത് മറ്റുചിലതിലാണെന്നല്ലേ ഉള്ളു?'എന്ന് ആരോ തിരികെ ചോദിച്ചതോടെ ഞങ്ങളും നിങ്ങളുമായി.അത് കുറച്ചുകൂടി മുന്നേറി കശപിശയായി;ചെറിയ ഉന്തും തള്ളുമായി;വെല്ലുവിളിയായി.തങ്ങളുടെ പക്ഷത്തോടുള്ള കൂറു തെളിയിക്കാന്‍ ധാരാളംപേര്‍ പുസ്തകം വാങ്ങി.
   അഞ്ചു മിനിട്ടിനകം ഇത്രയും നടന്നു.കണ്ടക്ടര്‍ കയറിവരുമ്പോള്‍ ബസ്സിനകത്ത് സംഘര്‍ഷം മൂത്തിരിക്കുന്നു.ഒരു ചിരിയോടെ അയാള്‍ ചോദിച്ചു:
'ഗീതക്കാരന്‍ വന്നായിരിക്കും?'
   ഉവ്വെന്ന് ആരോ പറഞ്ഞു.
   'മാന്യമഹാജനങ്ങളെ,ആരും മനമിളകി അലമ്പാക്കരുത്.ഇത് ആ വിദ്വാന്‍റെ പതിവാണ്.പുസ്തകംവിറ്റ് അയാളങ്ങു പോകും.കുഴങ്ങുന്നത് നിങ്ങളും ഞാനും മാത്രം!അടങ്ങിന്‍!'
   എന്‍റെ പിന്നിലെ സീറ്റിലെ ജ്ഞാനി ചിരിച്ചു:'പല ഗീതാരഹസ്യങ്ങളില്‍ ഒന്ന് ഇതും!'

നീതിസാരം:ഏറ്റവും ലാഭകരമായ കച്ചവടം ഇന്നലെവരെ കള്ളക്കള്ളും വിഷച്ചാരായവും ആയിരുന്നു.ഇപ്പോള്‍ അത് ജാതിമത വിഷലഹരിയാകുന്നു.     


(2006 മാര്‍ച്ചിലെ 'ഗ്രന്ഥാലോകം' എന്ന പുസ്തകത്തില്‍ കണ്ട കഥയാണ്‌ ഇത്. ഈ എഴുത്തുകാരനെപ്പറ്റിയുള്ള കൂടുതല്‍ കാര്യങ്ങള്‍ എനിക്ക് അറിയില്ല...)

Thursday, April 21, 2011

മൂന്നു കുട്ടികള്‍

- സേതു

   അവര്‍,മൂന്നു കുട്ടികള്‍,ഒരു വൈകുന്നേരം സ്കൂള്‍ വിട്ടു മടങ്ങുകയായിരുന്നു.

-നന്തന്‍,അയ്യപ്പന്‍,ബാപ്പൂട്ടി.


   ഉരുളന്‍ കല്ലുകള്‍ ചിതറിക്കിടക്കുന്ന ചെമ്മണ്‍പാത പിന്നിട്ട് ചെറിയൊരു കുന്നുകയറിയിറങ്ങി,വലിയൊരു പാടം മുറിച്ചുകടന്ന്,അങ്ങനെ രണ്ടുമൂന്നു നാഴിക നടന്നുവേണം അവര്‍ക്കു വീട്ടിലെത്താന്‍.

   സ്കൂളുവിട്ടിട്ടും ഇത്തിരിനേരമൊക്കെ ചുറ്റിപ്പറ്റി നിന്നു. മാറ്റപ്പാടത്തു മുതിര്‍ന്നകുട്ടികള്‍ വാറുകളിക്കുന്നതും നോക്കി കുറെനേരം കളഞ്ഞു.അപ്പോഴേക്കും ചെണ്ടയും കൊട്ടിക്കൊണ്ട് സിനിമാപരസ്യക്കാരുടെ വരവായി. നോട്ടീസിനു വേണ്ടി കൈനീട്ടിക്കൊണ്ട് കുറെനേരം അവരുടെ പിറകെ നടന്നു.

   അങ്ങനെ കുന്നിന്‍ ചെരുവിലെത്തിയപ്പോഴേക്കും സൂര്യന്‍ വലിയൊരു ചാമ്പയ്ക്കപോലെ തുടുത്തു താഴുകയായിരുന്നു.

   പഴുത്തു ചീയുന്ന പറങ്കിമാങ്ങകളുടെ മണമായിരുന്നു കുന്നിന്‍ചെരുവിന്.നന്തനും കൂട്ടരും തെല്ലുനേരം മൂക്കുവിടര്‍ത്തി നിന്നു.പരുങ്ങലോടെ മുഖത്തോടു മുഖംനോക്കി സംശയിച്ചു നിന്നു.പിന്നെ കാലുകള്‍ താനേ നീങ്ങി.

   കുണ്ടന്‍കിണറ്റിനരികില്‍,പറങ്കിമാവിന്‍ തോട്ടത്തിന്‍റെ തുടക്കത്തില്‍ അവര്‍ പിന്നെയും കുറേനേരം അന്തിച്ചുനിന്നു. വീണ്ടും മുഖത്തോടു മുഖംനോക്കി.

   പിന്നീട് കുന്നിറങ്ങിവരുന്ന ഇളംകാറ്റില്‍ കശുമാങ്ങകളുടെ ഗന്ധം കനത്തപ്പോള്‍  അവര്‍ക്ക് അടക്കാനായില്ല. കൂട്ടത്തില്‍ തടിയനായ നന്തന്‍ തന്നെ തുടക്കമിട്ടു. മുന്നോട്ടോടിക്കൊണ്ട് അവന്‍ വിളിച്ചു കൂവി:

   "വാടാ മോനെ,നേരം കളയാണ്ട്..."

   പിന്നെ അവര്‍ സംശയിച്ചില്ല. ആര്‍ത്തുവിളിച്ചു കൊണ്ട്ഒപ്പംകൂടി അയ്യപ്പനും ബാപ്പുട്ടിയും.

   കുന്നുകൂടി കിടക്കുന്ന കരിയിലകള്‍ തട്ടിത്തെറുപ്പിച്ചുകൊണ്ട് അവര്‍ ഓടി. നന്തന്‍ മുമ്പിലായിരുന്നു. അവനോടൊപ്പം ഓടിയെത്താന്‍ നന്നേ വിഷമമായിരുന്നു. അയ്യപ്പനും ബാപ്പുട്ടിയും തോപ്പിനു നടുവിലെത്തിയപ്പോഴേക്കും നന്തന്‍ ഒരു തടിയന്‍മാവില്‍ പൊത്തിപ്പിടിച്ചു കയറാന്‍ തുടങ്ങിയിരുന്നു. അവന്‍ കുപ്പായമൂരി അരയില്‍ ചുറ്റിക്കെട്ടിയിരുന്നു. പുളിയുറുമ്പുകളെ നുള്ളിയെറിഞ്ഞ്, പതുക്കെ ചിരിച്ചുകൊണ്ട് അവനങ്ങനെ പൊത്തിക്കയറുകയായിരുന്നു.

   ഇടതുകാലിന് അല്പം ബലക്കുറവുള്ളതുകൊണ്ട് അയ്യപ്പന്‍ മരത്തില്‍ കയറാറില്ല. ചപ്പുചവറുകള്‍ക്കിടയില്‍ പൂണ്ടുപോയ കശുവണ്ടികള്‍ പെറുക്കിയെടുക്കാനുള്ള തിടുക്കത്തിലായിരുന്നു അവനും ബാപ്പുട്ടിയും.

   കുന്നിനപ്പുറത്ത് സൂര്യന്‍ താഴുകയായിരുന്നു.

   തോട്ടത്തില്‍ വെളിച്ചം മങ്ങിവന്നു.നന്തന്‍ മരഞ്ചാടിയെപ്പോലെ ഒരു കൊമ്പില്‍നിന്നു തൂങ്ങിയാടി മറ്റൊന്നിലേക്കു പകരുകയായിരുന്നു. ഒരു കൈകൊണ്ട് കൊമ്പില്‍ അള്ളിപ്പിടിച്ച്, മറുകൈകൊണ്ട് പുളിയുറുമ്പുകളെ നുള്ളിപ്പറിച്ചു കളയുമ്പോള്‍ അവന്‍ പതുക്കെ ചൂളമടിക്കുന്നുണ്ടായിരുന്നു.

   മുകളിലേക്ക് നോക്കി വാ പൊളിച്ചു നില്‍ക്കുകയായിരുന്നു ബാപ്പുട്ടി.

   "പറിച്ചു താഴോട്ടിടടാ ജിണ്ടാ,ഞാന്‍ പിടിച്ചോളാം." - അവന്‍ വിളിച്ചു പറഞ്ഞു.

   അതിനു മറുപടിയായി നന്തന്‍ വീണ്ടും ഉറക്കെ ചൂളംവിളിച്ചു. ഈണമില്ലാത്ത, പൊരുളില്ലാത്ത, പ്രാകൃതമായ ചൂളംവിളി. ആ കൂര്‍ത്ത ശബ്ദം മാവിലകളെ തുളച്ച്, മാഞ്ചില്ലകളില്‍ തല്ലിയലച്ച്, ചിതറിപ്പടര്‍ന്നു കൊണ്ടിരുന്നു. 
ഉയരങ്ങളില്‍ ചിതറുന്ന ആ വികൃതമായ ഒച്ചയുടെ തീവ്രത താഴെ കുട്ടികള്‍ക്ക്,അയ്യപ്പനും  ബാപ്പുട്ടിക്കും, മനസ്സിലായതുമില്ല.

   "വേഗം പറിക്കെടാ,ഇരുട്ടാന്‍ പോണു..."- ബാപ്പുട്ടി വീണ്ടും വിളിച്ചു കൂവി.

   അപ്പോഴും നന്തന്‍ ഒന്നും പറഞ്ഞില്ല. ഉറക്കെ ചൂളമടിച്ചുകൊണ്ട് ഒറ്റക്കയ്യില്‍ തൂങ്ങിയാടി അവന്‍  ഒരു കൊമ്പില്‍നിന്നു മറ്റൊന്നിലേക്കു പകരുന്നത് കുട്ടികള്‍ ആന്തലോടെ നോക്കിനിന്നു.

   അയ്യപ്പന് അല്പം പേടി തോന്നി.ബാപ്പുട്ടിയുടെ തോളത്തു കൈവച്ചുകൊണ്ട് അവന്‍ പിറുപിറുത്തു-

   "നമുക്ക് പൂവ്വാടാ,വല്യേട്ടന്‍ വഴക്കുപറയും."

   ബാപ്പുട്ടിയാകട്ടെ ഒരക്ഷരം ഉരിയാടാനാകാതെ, മുകളിലേക്കു  മിഴിച്ചുനോക്കി നില്‍ക്കുകയായിരുന്നു. അവന്‍റെ നെഞ്ചിടിപ്പു പെരുകുന്നത് അയ്യപ്പനറിഞ്ഞു.മേലാകെ വിയര്‍പ്പില്‍ കുതിര്‍ന്നിരിക്കുന്നു.

   "നന്താ..."- ബാപ്പുട്ടി നീട്ടിവിളിച്ചു. അവന്‍റെ ശബ്ദം ചിലമ്പിയിരുന്നു.

   നന്തന്‍ പിന്നെയും പൊത്തിപ്പിടിച്ചു കയറുകയാണ്. അവന്‍ മിണ്ടിയില്ല.

   ഇരുണ്ട ഇലചാര്‍ത്തിനിടയില്‍ നന്തന്‍റെ അരയില്‍ ചുറ്റിയ കുപ്പായത്തിന്റെ മങ്ങിയ വെളുപ്പ്‌ പതുക്കെ തെളിയുകയും മായുകയും ചെയ്തു. അകലുന്ന നേര്‍ത്ത ചൂളംവിളിയോടൊപ്പം പിന്നെ എപ്പോഴോ അതും കലങ്ങി മാഞ്ഞുപോയി.

   "നന്താ...ഇറങ്ങിവാടാ..."- ബാപ്പുട്ടി കരച്ചിലിന്‍റെ വക്കോളമെത്തിയിരുന്നു.

   പെട്ടെന്ന് അയ്യപ്പന്‍റെ തോളില്‍ ഒരു കശുമാമ്പഴം വന്നുവീണു.അവന്‍ ഞെട്ടിത്തരിച്ചു പോയി.ചതഞ്ഞ മാമ്പഴത്തിന്റെ നീര് അവന്‍റെ ഉടുപ്പിലൂടെ ഒലിച്ചിറങ്ങി. വീണ്ടും ഒന്നുകൂടി. ബാപ്പുട്ടിയുടെ മുതുകത്ത്.

    "പിടിച്ചോടാ അയ്യപ്പാ...താഴെ വീഴ്ത്തരുത്; ചതഞ്ഞു പോകും..." എന്നൊക്കെ ആദ്യം പറഞ്ഞെങ്കിലും രണ്ടുമൂന്നെണ്ണം ഒരുവിധത്തില്‍ പിടിച്ചെടുത്ത് ആര്‍ത്തിയോടെ കടിച്ചു തുപ്പിയെങ്കിലും, ഏറു തുടര്‍ന്നപ്പോള്‍, മുകളില്‍നിന്ന് തുരുതുരാ പറങ്കിമാങ്ങകള്‍ വന്നു വീഴാന്‍ തുടങ്ങിയപ്പോള്‍ ബാപ്പുട്ടി പകച്ചുപോയി.
   
   ഉയരങ്ങളില്‍ ഒരു പൊട്ടിച്ചിരി കേട്ടു.

   അതോടൊപ്പം പറങ്കിമാവ് ആകെ ആടിയുലയുന്നതായി കുട്ടികള്‍ക്കു തോന്നി. ഒന്നും തെളിഞ്ഞു കണ്ടുകൂടാ. ഇരുണ്ട ഇലച്ചാര്‍ത്തും അവയ്ക്കിടയില്‍ നേര്‍ത്ത വരകള്‍ പോലെ ചില്ലകളും. എല്ലാം പതിഞ്ഞ ഇരുട്ടില്‍ കുലുങ്ങി വിറയ്ക്കുന്നതുപോലെ.

   മാമ്പഴങ്ങള്‍ ചറുപിറാ ഉതിര്‍ന്നുവീഴുകയാണ്. തലയില്‍, കഴുത്തില്‍, മുതുകത്ത്, കരിയിലകളില്‍...

   ഏറില്‍ നിന്ന് ഒഴിയാനായി അങ്ങോട്ടുമിങ്ങോട്ടും ചുവടുവെയ്ക്കാന്‍ തുടങ്ങിയെങ്കിലും കുട്ടികള്‍ക്കു രക്ഷപ്പെടാനായില്ല. പഴുത്തുവിങ്ങിയ മാമ്പഴങ്ങള്‍ ഉന്നംതെറ്റാതെ അവരുടെ ശരീരങ്ങളില്‍ തന്നെ വന്നു വീണ് ചതഞ്ഞു നീരൊലിപ്പിച്ച്,തെറിച്ചു പോയിക്കൊണ്ടിരുന്നു.

   മുകളിലെവിടെയോനിന്നു വീണ്ടും അതേ ചിരി. അത് നന്തന്‍റെ ഒച്ചയായിരുന്നില്ല.ഏറെക്കുറെ മുതിര്‍ന്ന ഒരാളുടെ പരുക്കന്‍ തൊണ്ടയിലൂടെ തള്ളിത്തെറിച്ചുവരുന്ന ശബ്ദങ്ങള്‍. അക്കൂട്ടത്തില്‍ ചെറിയൊരു കിളുന്തുശബ്ദം കൂടി പൊടുന്നനെ മുളച്ച്,പെട്ടെന്ന് ഒടിഞ്ഞു പോയിരുന്നോ?

   അത് നന്തന്‍റെ ശബ്ദമായിരുന്നോ?

   മേലാകെ ഒലിച്ചിറങ്ങുന്ന കനച്ച നീരില്‍ കുതിര്‍ന്നു വിറച്ചുകൊണ്ട്, പേടിച്ചരണ്ട്, അയ്യപ്പന്‍ ബാപ്പുട്ടിയുടെ കൈ പിടിച്ചുവലിച്ച് ഓടാനാഞ്ഞു.

   ബാപ്പുട്ടിയാകട്ടെ അപ്പോഴും ചിലമ്പിയ ശബ്ദത്തില്‍ നന്തനെ വിളിക്കുകയായിരുന്നു. അയ്യപ്പന്‍ അവനോട് ഇറുമ്മിപ്പിടിച്ചു നിന്നു.

   ഇത്തിരിനേരംകൂടി അവര്‍ അതേ നില്‍പ്പു നിന്നിരിക്കണം. മുകളില്‍ ആ വികൃതമായ ചിരി നിലച്ചിരുന്നു. മാമ്പഴങ്ങളുടെ പെയ്ത്തും ഒടുങ്ങിയിരുന്നു. കനംവെച്ച  ഇരുട്ടില്‍ ചില്ലകള്‍ അനക്കമറ്റുനിന്നു.

   പിന്നെ, കുട്ടികള്‍ക്ക് അവിടെ നില്‍ക്കാനായില്ല. പൊരുളറിയാത്ത ഒരു പേടിസ്വപ്നം പകര്‍ന്നു കൊടുക്കുന്ന ഭയപ്പാടോടെ,മരവിച്ച കാലുകള്‍ വലിച്ചിഴച്ച്, ചതഞ്ഞ കശുമാങ്ങകള്‍ ചവിട്ടിയരച്ച് അവര്‍ നീങ്ങാന്‍ തുടങ്ങുമ്പോള്‍ മുകളില്‍നിന്ന് എന്തോ പാറിപ്പറന്ന് മുമ്പില്‍ വന്നുവീണു.

   ബാപ്പുട്ടി കുനിഞ്ഞെടുത്തുനോക്കി.

   നന്തന്‍റെ ഷര്‍ട്ട്.......

   പകച്ചുനോക്കി നില്‍ക്കെ മറ്റൊന്ന്-

   നന്തന്‍റെ നിക്കര്‍....

   കുട്ടികള്‍ പതുക്കെ തേങ്ങാന്‍ തുടങ്ങിയിരുന്നു. അധികം കഴിഞ്ഞില്ല.വേറൊന്നുകൂടി.

   അല്‍പ്പം നനഞ്ഞ ഒരു പട്ടുകോണകം...

   അത്രമാത്രം....

   ഒരുമാസം കഴിഞ്ഞപ്പോഴാണ് സ്കൂളിലെ ഹാജര്‍ പുസ്തകത്തില്‍ നന്തന്‍റെ പേരു വെട്ടിയത്.

   കാലം എത്ര കഴിഞ്ഞുപോയി...

   ഇന്നും ആ പറങ്കിമാവിന്‍തോപ്പിനടുത്തുകൂടി ഭയത്തോടെ കടന്നുപോകുമ്പോള്‍ കുട്ടികള്‍ വിറകൊള്ളുന്ന ശബ്ദത്തില്‍ പിറുപിറുക്കുന്നു:

   'പണ്ടുപണ്ട് നന്തന്‍ എന്നൊരു കുട്ടിയുണ്ടായിരുന്നു ...'               

Thursday, March 3, 2011

കുട്ടന്‍

-കാവാലം നാരായണപ്പണിക്കര്‍ 


കരുമാടിക്കരിനിലത്തില്‍
കന്നിന്റെ കുളമ്പടിക്കല്‍
പൊന്തി വന്നു...
കുട്ടന്‍
പൊന്തി വന്നൂ...
 ഉഴവുചാലിന്‍
 കരിങ്കല്ലിന്‍
 ഉരുവമാര്‍ന്നും
 പരുവമാര്‍ന്നും
 അവതരിച്ചൂ...
കുട്ടന്‍
 എണ്ണക്കറുപ്പായ്
 അഞ്ജനക്കറുപ്പായ്
 കണ്ണുതുറന്നൂ....
കുട്ടന്‍
 വയല്‍ വയറ്റില്‍
 പോക്കില്‍ക്കൊടിയിട്ടു
 വേരിളക്കി
 വേഷമിട്ടതേതു കാലം...


വേലക്കയ്യില്‍ കടഞ്ഞ കോലം
ചെത്തിയൊരുക്കിയതേതു തച്ചന്‍
സ്വയംഭുവായാല്‍-
അച്ഛനുണ്ടോ തച്ചനുണ്ടോ
ജനനമുണ്ടോ മരണവുമുണ്ടോ
കുട്ടന്‍
 മണ്ണിന്റെ  മനസ്സിന്റെ
 കണ്ണു തെളിഞ്ഞതല്ലേ
 കാലത്തിന്‍ സങ്കടങ്ങള്‍
 കല്ലച്ചു വന്നതല്ലേ...


നാടിന്റെ തത്സ്വരൂപം
നാട്ടാര്‍ക്ക് ചില്‍സ്വരൂപം
കാണാതെ മറഞ്ഞരൂപം
കാണായ സ്വന്തരൂപം
തനിമയെന്ന തനിരൂപം
തന്മയോടു തറഞ്ഞരൂപം


കുട്ടന്‍
കുട്ടനാട്ടെ കനിക്കാകെ
കുടികള്‍കാക്കും മാടനാര്...
കുരുന്നവയലിനു പൊലിഞ്ഞ വിളവിടും
കൂടോത്രചാത്തനാര്...


കുട്ടന്‍
കുടഞ്ഞെണീറ്റൂ...
പിടഞ്ഞെണീറ്റൂ...
നിലയില്‍ നിന്നിട്ടുറഞ്ഞു തുള്ളീ...
കുലഞ്ഞ കരിനിലത്തുഴറുമടവിയി-
ലുലഞ്ഞ മുടിയാട്ടം...
 കുട്ടന്‍
 ചക്രപ്പാട്ടില്‍
 പതിനെട്ടിലയില്‍
 തുടിച്ചു കുളിച്ചു...
 വട്ടിക്കുള്ളിലെ
 തുടുത്ത വിത്തായ്
 ചെളിനിലത്തില്‍
 പുരണ്ടു കളിച്ചു...
കുട്ടന്‍
 ഞാറ്റുപാട്ടിന്റെ
 തെയ്ത്തിനുന്തോം
 ഏറ്റുപാടി ചവിട്ടിനടന്നേ....
 വേലുത്താനിട്ടു
 കറക്കും ശംഖിലെ  
 രാശി തെളിച്ചേ...
കുട്ടന്‍
 വെള്ളുപ്പന്‍ കോഴീടെ
 ചാറ്റിലുദിച്ചേ...
 കൊയ്ത്തുമൂടിയില്‍
 കുതിച്ചുകുതിച്ചേ...
 രാത്രി മുഴുക്കെയും
 കളത്തില്‍ കാവലായ്
 ഉറക്കമിളച്ചേ...


ഉത്തരായന ചൂട്ടുപടയണി
കത്തിയെരിയണ ഉച്ചവെയിലത്ത്...
പച്ചത്തപ്പിന്റെ  
താണശ്രുതി വച്ച
രാത്രിമഞ്ഞത്ത് ...
മീനഭരണിക്ക്
മാനത്തൂന്നിങ്ങു
താഴും ഗരുഡന്റെ
താനവട്ടത്തില്‍
കൂര്‍ത്ത ചൂണ്ടലില്‍
കോര്‍ത്തുടക്കിയ
മുതുകത്തുദിരം
തുളിതുളിച്ചൂ...
കുട്ടന്‍
വരമ്പിനറിയാത്ത
മണ്ണിനറിയാത്ത
വരത്തനാണോ
കുട്ടന്‍
പൊക്കിള്‍കൊടിയിട്ടു
വേരുരച്ചൊരു
ക്ടാത്തനല്ലേ
വീണനിലത്തില്‍
താണനിലത്തില്‍
ചൂണ്ടയുടക്കിയ
തൂക്കക്കാരന്റെ
ചോര കണ്ടേ...
കലിച്ചുകലിച്ചുറക്കെ ...
കലിച്ചുകലികലിച്ചുറക്കെയുറക്കെ -
യലറിക്കൊണ്ടടക്കി ഭരിച്ചേ
കുട്ടന്‍
കനക്കും മുകിലായ്
നടുക്കും ഇടിയായ്
തെറിക്കും മിന്നലേ
തകര്‍ക്കും മഴയായ്
മണ്ണിന്‍ മടിയില്‍
വയലിന്‍ വയറ്റില്‍
ചെളിതന്‍ പശയില്‍
മറഞ്ഞു നിന്നേ...
പിന്നെയുണരാന്‍
എന്നുമുണരാന്‍ 
മഞ്ഞില്‍ വെയിലില്‍ 
കാറ്റില്‍ മഴയില്‍ 
വേലക്കരുവായ് 
വേലനുകമായ് 
വേലയരിവാളായ്...
കുട്ടന്‍ 
നിറഞ്ഞുനിന്നല്ലോ 
കുട്ടന്‍ 
നിറഞ്ഞു നിന്നല്ലോ..