Saturday, December 23, 2023

ഒറ്റയ്ക്ക്

 


 

 

 

 

 

 

 

- സുഗതകുമാരി

 

ഒറ്റയ്ക്കിരിക്കാന്‍

     പഠിച്ചുകഴിഞ്ഞു ഞാന്‍

കുറ്റിരുട്ടില്‍, കൊടു-

     ങ്കാട്ടി,ലെന്‍റെതാകു-

മൊറ്റമരത്തിന്‍

     ചുവട്ടില്‍, പുറകിലൂ-

ടെത്തുന്ന പാമ്പിനെ,-

     ക്കാട്ടാളനെ,ബ്ഭയം

ചെറ്റുമില്ലാതെ,-

     യുറക്കെക്കരയാതെ-

യൊറ്റയ്ക്കിരിക്കാന്‍

     പഠിച്ചുകഴിഞ്ഞു ഞാന്‍,

ശക്തമാം നിന്‍വലം-

     കയ്യില്‍ പിടിക്കാതെ,

ദുര്‍ഘടമീ വഴി-

     ത്താരയിലൂടവേ,

ലക്ഷ്യമില്ലാതെ,

     കുനിഞ്ഞ ശിരസ്സുമായ്‌,

ഒറ്റയ്ക്കു പോകാന്‍

     പഠിച്ചുകഴിഞ്ഞു ഞാന്‍.

 

ഒറ്റയ്ക്കു പാടാന്‍

     പഠിച്ചുകഴിഞ്ഞു ഞാന്‍

ഒപ്പം ചിരിച്ചുകൊ-

     ണ്ടേറ്റു പാടാന്‍ കൂട്ടി-

നാരുമില്ലാതെ-

     യാര്‍ക്കും വേണ്ടിയല്ലാതെ-

യേതോ ബധിരത

     തന്‍ മുന്നിലേകമാം

ശബ്ദമായ് നിന്നു,

     വിറയ്ക്കാത്ത കണ്ഠമാര്‍-

ന്നൊറ്റയ്ക്കു പാടാന്‍

     പഠിച്ചുകഴിഞ്ഞു ഞാന്‍.

 

ഒറ്റയ്ക്കുറങ്ങാന്‍

     പഠിച്ചുകഴിഞ്ഞു ഞാന്‍,

സ്വപ്നങ്ങളില്ലാതെ,

     കണ്ണുനീരില്ലാതെ-

യര്‍ദ്ധരാത്രിക്കു

     നടുങ്ങിയുണര്‍ന്നു നിന്‍

ഹസ്തമുപധാന-

     മാക്കാതെ, തോഴനാ-

മൊറ്റയുറക്ക

     ഗുളികതന്‍ ചുംബന

മുദ്രയെന്‍ ചുട്ട

     നെറുകയിലേറ്റു കൊ-

ണ്ടൊറ്റയ്ക്കുറങ്ങാന്‍

     പഠിച്ചുകഴിഞ്ഞു ഞാന്‍.

 

ഒറ്റയ്ക്കു വീണു

     മരിക്കാന്‍ പഠിച്ചു ഞാന്‍

ചുറ്റിലും രോദന-

     മില്ലാതെ, നിന്‍ മടി-

ത്തട്ടിലല്ലാതെ,

     നിന്‍ പൊന്നുകയ്യാലെയൊ-

രിറ്റുജലം നുകരാതെ,

     നിന്‍ കണ്ണിലെന്‍

ദൃഷ്ടി ചേര്‍ക്കാതെ,

     ഹാ, യാത്ര ചോദിക്കാതെ,

ഒറ്റയ്ക്കു വീണു

     മരിക്കാന്‍ പഠിച്ചു ഞാന്‍.

 

(നാഷണല്‍ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച 'ദിശകള്‍: മലയാളകവിത 1947-2007' എന്ന കവിതാ സമാഹാരത്തില്‍ നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

No comments: