ഓഫീസിലേക്ക് പോകുമ്പോഴാണ്, പേപ്പട്ടിയെ കണ്ടത്.
റോഡിന്‍റെ അരികുപറ്റി, കറങ്ങിക്കറങ്ങി നടക്കുന്നു. പിറകെ ഒരുകൂട്ടം തെണ്ടിപ്പിള്ളേരുമുണ്ട്.
യാത്രക്കാര്‍ ആ വശത്തുകൂടി നടക്കാന്‍ ഭയപ്പെടുന്നത് അയാള്‍ കണ്ടു. കുറേ ദൂരെയെത്തുമ്പോള്‍ത്തന്നെ റോഡിന്‍റെ മറ്റേ അരികിലേക്ക് നീങ്ങുന്നു.
"ഇതിനെ തല്ലിക്കൊല്ലാനാരുമില്ലേ?" - അയാള്‍ തെണ്ടിപ്പിള്ളേരോട് ചോദിച്ചു.
"ഇല്ല."
"അതെന്താ?"
"എല്ലാവരെയും കടിക്കട്ടെ."
അയാള്‍ ഞെട്ടി. മനുഷ്യവിദ്വേഷികളായ ഒരുകൂട്ടം പിള്ളേര്‍, ഒരു പേപ്പട്ടിയേയും കൊണ്ടുനടക്കുന്നു. മനുഷ്യര്‍ക്ക് ഭ്രാന്ത് പിടിപ്പിക്കാന്‍.
'തല്ലിക്കൊല്ലണം'. അയാള്‍ തീരുമാനിച്ചു. ഓഫീസിലേക്ക് ഒരു ദിവസത്തെ ലീവിനപേക്ഷിച്ചിട്ട് അയാള്‍ പേപ്പട്ടിയുടെ പിറകെക്കൂടി.
വെയില്‍ മൂത്തു.
തെണ്ടിപ്പിള്ളേര്‍ പിരിഞ്ഞുപോയി. പേപ്പട്ടി മാത്രം, ആരെയും കടിക്കാതെ എന്നാല്‍ എല്ലാവരെയും ഭയപ്പെടുത്തിക്കൊണ്ട് അലഞ്ഞുനടന്നു. അയാള്‍ അല്‍പ്പം പിന്നിലായി എതിരെ വരുന്നവര്‍ക്ക് മുന്നറിയിപ്പ് കൊടുത്തുകൊണ്ട് ഊര്‍ജ്ജസ്വലതയോടെ ഓടി. ഉച്ച വന്നു.
അയാള്‍ വിയര്‍ത്തൊലിച്ചു. കയ്യില്‍ ഒരു ചെറിയ വടി കരുതി. ഈ വെയിലില്‍ത്തന്നെ അവനെ കാച്ചണം.
വെയില്‍ താണു.
പേപ്പട്ടി അപ്പോഴും അലഞ്ഞുനടക്കുക തന്നെ. ഇടയ്ക്കിടെ അയാളുടെ നേരെ തിരിഞ്ഞുനോക്കിക്കൊണ്ട്, ക്രൂരമായി പല്ലിളിച്ചു കാട്ടി. അയാള്‍ എറിഞ്ഞു. പേപ്പട്ടി പിടഞ്ഞുവീണു. പിന്നെ കുടഞ്ഞെണീറ്റ് പൂര്‍വ്വാധികം വേഗത്തില്‍ ഓടി.
'ഓട്.'
'നീ സമുദായത്തില്‍ വിഷം ചേര്‍ക്കാന്‍ ഓടുകയാണ്, അല്ലേ?'
'സമുദായത്തെ കബളിപ്പിക്കാന്‍ നടക്കുകയാണ്, അല്ലേ?'
'ഓട്. എവിടെവരെ ഓടുമെന്ന് ഒന്ന് കാണട്ടെ!'
അയാള്‍ വീണ്ടും എറിഞ്ഞു. ഏറുകള്‍ക്ക് ശക്തിയേറി. ഏറില്‍നിന്നൊഴിഞ്ഞ്, അവന്‍ അടുത്തുള്ള ഒരു മദ്യഷാപ്പിലേക്ക് ഓടിക്കയറി. അയാള്‍ ഒപ്പമെത്തിയപ്പോഴേക്കും, അവന്‍ ചെറ്റ പൊളിച്ചു പുറത്തുചാടിയിരുന്നു.
"എന്താ? എന്താ?" - ചാരായം കുടിച്ചുകൊണ്ടിരുന്നവര്‍ ചാടിയെണീറ്റു.
"പേപ്പട്ടി."
"എവിടെ?"
"ഇതിലേ പോയി." - അയാള്‍ ഭയത്തോടെ പറഞ്ഞു.
"അത്രേയുള്ളോ?" - അവര്‍ ഇരുന്നു.
"ഹ! ഹ!!" - അവരെല്ലാംകൂടി ആര്‍ത്തുചിരിച്ചു.
അയാള്‍ കൂടുതല്‍ കനമുള്ള ഒരു വടി കണ്ടുപിടിച്ച് പുറത്തേക്കോടി.
വൈകുന്നേരമായപ്പോഴേക്കും, പേപ്പട്ടിയും അയാളും കൂടി നഗരം മുഴുവന്‍ ചുറ്റിക്കഴിഞ്ഞിരുന്നു.
പേപ്പട്ടി മദ്യപിച്ചിരുന്നു. കാറ്റില്‍ മണം തങ്ങിനിന്നു.
പേപ്പട്ടിക്കും അയാള്‍ക്കും പിന്നിലായി ഒരുകൂട്ടം ആളുകള്‍ നടന്നും ഓടിയും പിന്തുടര്‍ന്നിരുന്നു.
അയാള്‍ തിരിഞ്ഞുനോക്കുമ്പോള്‍ അവര്‍ നിന്നു.
അയാള്‍ നടക്കുമ്പോള്‍ അവരും നടന്നു. ക്ഷുഭിതമായ ജനക്കൂട്ടം.
"പേപ്പട്ടി." - അയാള്‍ അവരോടു പറഞ്ഞു. അതുകേട്ടപ്പോള്‍ അവര്‍ ഒരുമിച്ച് ഭയന്നുകൂവി.
അയാള്‍ അവരെ ശ്രദ്ധിക്കാതെ വീണ്ടും തന്‍റെ കൃത്യത്തില്‍ വ്യാപൃതനായി. അനുധാവനം തുടര്‍ന്നു പിറകില്‍ അംഗസംഖ്യ കൂടുന്നതായും അവര്‍ ഭയപ്പെടുന്നത് തന്നെയാണെന്നും അയാള്‍ക്ക് മനസ്സിലായിരുന്നു. അവര്‍ എരിയുന്ന കല്ലുകള്‍ പിന്നില്‍ വന്നുവീഴുന്നു.
സന്ധ്യ എത്തി.
പേപ്പട്ടിയെ കാണാന്‍കൂടി വിഷമമായി. അത് ഒന്നും ശ്രദ്ധിക്കാത്തതുപോലെ ഓടിക്കൊണ്ടിരുന്നു. അയാള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഒരുകൂട്ടം ആളുകള്‍ ടോര്‍ച്ചും ചൂട്ടുമൊക്കെയായി പിറകെയുണ്ട്. ഇടയ്ക്കിടെ ഏറുകള്‍ വന്നുവീഴുന്നുമുണ്ട്.
അയാള്‍ ഓടിയപ്പോള്‍ അവര്‍ ഓടി. അയാള്‍ നിന്നപ്പോള്‍ അവര്‍ നിന്നു. അയാളുടെ ദേഹത്ത് കല്ലുകള്‍ വന്നുവീണു. പിറകില്‍നിന്ന് ആരോ 'പേപ്പട്ടി', 'പേപ്പട്ടി' എന്ന് വിളിച്ചുപറയുന്നത് അയാള്‍ക്ക് കേള്‍ക്കാമായിരുന്നു.
ഓടി ക്ഷീണിച്ചപ്പോള്‍ അയാള്‍ നിന്നു. അയാളുടെ കാലുകള്‍ തളര്‍ന്നിരുന്നു. അതുകൊണ്ട് മുന്‍കൈകളിലും കാലുകളിലുമായി ശരീരം താങ്ങി നിര്‍ത്തിക്കൊണ്ട് അയാള്‍ അണച്ചു.
എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷെ, ഒന്നിനും സാധിച്ചില്ല. നാവ് ഉണങ്ങി വരണ്ടിരുന്നു. അയാള്‍ അലറി.
ശബ്ദം പുറത്തുവന്നപ്പോള്‍ അയാള്‍ക്ക് അത്ഭുതം തോന്നി. താന്‍ കുരയ്ക്കുന്നു; ശരിയായ ഒരു പട്ടിയെപ്പോലെ.
ജനക്കൂട്ടം അടുത്തുവന്നു. അയാള്‍ കുരച്ചുകൊണ്ട്, വൈരാഗ്യത്തോടെ അവരുടെ നേരെ ചാടിവീണു.
അപ്പോള്‍, ഒരു പരന്ന കാര്‍ പതറിപ്പാഞ്ഞ് ഒഴുകിവന്നു. ജനക്കൂട്ടത്തെ കണ്ട് കാറിന്‍റെ വേഗം കുറഞ്ഞു. പിന്‍സീറ്റില്‍ മലര്‍ന്നുകിടക്കുന്ന രൂപത്തെ അയാള്‍ കണ്ട് ഞെട്ടിപ്പോയി.
അയാള്‍ അതിന്‍റെ നേരെ കുരച്ചു.
പേപ്പട്ടി, നിസ്സംഗഭാവത്തോടെ, തളര്‍ന്നുകിടന്ന് കുരയ്ക്കുന്ന അയാളെയും ജനക്കൂട്ടത്തെയും നോക്കിയിരുന്നു.
കാര്‍ നീങ്ങിപ്പോയി.
അയാള്‍ അത്യുച്ചത്തില്‍ കുരച്ചുകൊണ്ടിരുന്നു.
(എന്‍റെ പ്രിയപ്പെട്ട കഥകള്‍ എന്ന പേരിലുള്ള, പി പത്മരാജന്‍റെ കഥാസമാഹാരത്തില്‍ നിന്നുമെടുത്താണ് ഈ കഥ ഇവിടെ ചേര്‍ത്തിരിക്കുന്നത്. DC Books ആണ് ഈ കൃതി പ്രസിദ്ധീരിച്ച ഈ സമാഹാരത്തിലെ കൃതികള്‍ തിരഞ്ഞെടുത്തത് പത്മരാജന്‍റെ ഭാര്യയായ രാധാലക്ഷ്മി പത്മരാജന്‍ ആണ്.)
No comments:
Post a Comment