പ്രധാനമന്ത്രി മലമുകളില്‍നിന്നും ചോദിച്ചു-
"പ്രജകളേ, നിങ്ങള്‍ എന്തിനെപ്പറ്റി ചിന്തിക്കുന്നു?"
പ്രജകള്‍ പറഞ്ഞു-
"ഞങ്ങള്‍ ചിന്തിയ്ക്കുന്നില്ല. കാരണം, ഞങ്ങള്‍ കഴിഞ്ഞുകൂടുന്നു."
"അതെങ്ങനെ?" - എന്ന് പ്രധാനമന്ത്രി.
"വരള്‍ച്ചയ്ക്കിടയില്‍ വെള്ളം കിട്ടുന്ന ദിനങ്ങളുണ്ട്.മണ്ണ് മാന്തിയാല്‍വേരോ കിഴങ്ങിന്‍ കഷണമോ കിട്ടും. ഏതവസ്ഥയിലും പണ്ടേ മുണ്ട് മുറുക്കിയുടുക്കാനും പട്ടിണിയും ഏകാദശിയും നോറ്റ് കഴിയാനുമാണല്ലോ നാം പഠിച്ചിട്ടുള്ളത്." - ജനം കൂട്ടത്തോടെ കരഞ്ഞു.
കാര്‍ട്ടൂണിലെ കത്തനാര്‍കഷണ്ടി പോലുള്ള തന്‍റെ കൊച്ചുപപ്പടവൃത്തത്തില്‍, ശിരസ്സില്‍, തടകിക്കൊണ്ട് യുവാവായ പ്രധാനന്‍ പറഞ്ഞു-
"നിങ്ങള്‍ മടിയന്മാര്‍... പത്തൊമ്പതാം നൂറ്റാണ്ടുകള്‍... കാളവണ്ടിയുഗത്തില്‍ കഴിയുന്നവര്‍... ഞാന്‍ ഹിറ്റ്ലറുടെ സിദ്ധാന്തം പറയുകയല്ല. ഞാന്‍ റേസിസ്റ്റ് അല്ല. റേസും രക്തവും ഒന്നല്ല. പക്ഷെ രക്തത്തിലെ വ്യത്യാസങ്ങളാണ് തലമുറകള്‍ക്ക് ഊര്‍ജ്ജം പകരുന്നത്. നിങ്ങള്‍ തൊട്ടയലത്തെ പെണ്‍കുട്ടികളെ വേള്‍ക്കുന്നു. ജനപ്പെരുപ്പം ഉണ്ടാകുന്നു. നിങ്ങളുടെ കുറ്റസമ്മതമനുസരിച്ചുതന്നെ, നിങ്ങള്‍ ചിന്തിക്കുന്നില്ല. ഇല്ല പ്രഭോ!"
"നിങ്ങള്‍ നാളെയെപ്പറ്റി ചിന്തിക്കുന്നുണ്ടോ?"
"പ്രധാനാ, ഇന്ന് കഴിഞ്ഞല്ലേ നാളെ വരൂ... ഇന്നത്തെ അവസ്ഥ തന്നെ മഹാകഷ്ടം."
"നിങ്ങള്‍ പതിവായി 'കാമായ്' സോപ്പ് തേച്ച് കുളിക്കുന്നുണ്ടോ?"
"കുളി കഷ്ടിയാണ്."
"ഉപയോഗിക്കുന്ന സോപ്പ്?"
"ഇഞ്ച... ചിലപ്പോള്‍ പയറുപൊടി.."
"വെറുതെയല്ല നാറുന്നത്. വെറുതെയല്ല ഭാരതം ഉലകസദസ്സുകളില്‍ നാറുന്നത്."
"പ്രഭോ...പ്രധാനാ... ഞങ്ങള്‍ എന്താണാവോ ചെയ്യേണ്ടത്?" - ജനം നെഞ്ചില്‍ മദ്ദളമടിച്ച് കരഞ്ഞു.
"നിങ്ങള്‍ പ്രകൃതിയെ സ്നേഹിക്കുന്നില്ലേ?"
"പ്രഭോ, ഞങ്ങള്‍ മണ്ണിന്‍റെ മക്കളല്ലേ?"
"വികൃതികളേ, ഉറുമ്പിനെക്കണ്ട് പഠിക്കുക!"
"എന്താണ് പ്രഭോ പഠിക്കേണ്ടത്?"
"ഇഡിയറ്റുകളേ, തേനീച്ചകളെക്കണ്ട് പഠിക്കുക."
"മനസ്സിലായില്ല പ്രധാനാ!"
"നിങ്ങള്‍ അണ്ണാനെക്കണ്ടെങ്കിലും പഠിക്കുമോ?"
"ആ നവോദയം പറഞ്ഞുതരൂ പ്രധാനാ!"
പ്രധാനന്‍ ഒരു സിനിമാപ്പോസില്‍ നിന്നുകൊണ്ട് പ്രഖ്യാപിച്ചു -
"ഉറുമ്പ് മഴക്കാലത്തേക്കുള്ള വിഭവങ്ങള്‍ വേനല്‍ക്കാലത്തുതന്നെ സംഭരിക്കുന്നു. തേനീച്ച മറ്റൊരു വരള്‍ച്ചയെ ഭയന്ന്, ഇന്നേ തേന്‍ ശേഖരിച്ച് സ്വന്തം ഉടലില്‍ നിന്നുണ്ടാക്കിയ മെഴുകുകൂടുകളില്‍ നിറച്ചുവയ്ക്കുന്നു. പണ്ട് ശ്രീലങ്കയിലേക്ക് പാലം പണിത അണ്ണാറക്കണ്ണനും ഭാവിയിലേക്ക് വേണ്ടി ചക്കക്കുരുവും പുളിങ്കുരുവും ഡെപ്പോസിറ്റ് ചെയ്യുന്നു. സംസ്ക്കാരത്തിന്‍റെ ആരംഭം കുറിച്ചതവരാണ്. ഈ ജീവികള്‍!... നിങ്ങള്‍ വിവരം കെട്ടവര്‍, സംസ്ക്കാര വിരുദ്ധന്മാര്‍!"
"പ്രഭോ!" - ജനക്കൂട്ടത്തില്‍നിന്നും ഒരൊറ്റയാന്‍ ശബ്ദമുയര്‍ന്നു, കൂക്കല്‍ പോലെ.
"ആരവന്‍?" - എന്ന് പ്രധാനന്‍.
ഒറ്റയാന്‍ ചോദിച്ചു-
"സ്വിറ്റ്സര്‍ലന്‍ഡിലുമുണ്ടോ ചേര്‍ത്തുവയ്ക്കുന്ന ഉറുമ്പും തേനീച്ചയും അണ്ണാനും?"
ഈ സംഭവത്തിനുശേഷമാണ് ഭരണഘടനയിലെ 12001 (A)-B വകുപ്പ് പ്രകാരം നാട്ടില്‍ സമാധാനമുണ്ടായത്.
ജനം ഇല്ലാതായി.
ഉറുമ്പും തേനീച്ചകളും അണ്ണാന്മാരും ഭാരതമാകെ ഓടിയും പറന്നും ഇഴഞ്ഞും നടന്നു.
"നല്ല ഹൈമവതഭൂമി!" - ഒരു കള്‍ച്ചറല്‍ സംഘത്തില്‍ കലര്‍ന്ന് വിദേശത്തേക്ക് പോയ സ്പെഷ്യല്‍ തേനീച്ചകള്‍ പാടി... നീട്ടിപ്പാടി.
ബാഹ്യലോകം കീഴടങ്ങി.
ജയ് ഹിന്ദ്!
(മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതിയ ഏതാനും കഥകളുടെ സമാഹാരമായ കലക്ടര്‍ എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ കഥ ഇവിടെ ചേര്‍ത്തിരിക്കുന്നത്. പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.)
No comments:
Post a Comment