കുരുടനും മുണ്ടനും സുന്ദരനും മക്കളായിപ്പിറന്നപ്പോൾ സുന്ദരനെ മാത്രം സ്നേഹിക്കുന്നതാണ് എന്നിലെ പിതാവെങ്കിൽ ഞാനെങ്ങനെ അച്ഛന്മാരുടെ ഗണത്തിൽപ്പെടും?
എന്‍റെ എഴുതപ്പെട്ട കവിതകളിൽ മുണ്ടന്മാരും കുരുടന്മാരും സുന്ദരന്മാരും പിറന്നു. അതിൽ സുന്ദരരൂപം പൂണ്ടവയെമാത്രം ഒക്കത്തെടുത്തു താലോലിച്ചാൽ, എന്നിലെ കവി കവികൾക്ക് ഒരപവാദമാകും. രചനയിൽ വൈകല്യം പുരണ്ട എന്‍റെ കവിതകൾപോലും എനിക്ക് പ്രിയപ്പെട്ടവയാണ്. ഒരു കവിയ്ക്ക് അയാളുടെ ഒരു കവിത മാത്രം പ്രിയപ്പെട്ടതായി കാണാനാവില്ല. കുറെ കവിതകൾ ചേർന്നതാണ് അയാളുടെ ജീവിതം തന്നെ.
സ്വര്‍ണ്ണപ്പണിക്കാരുടെ കുടുംബത്തിലാണ് എന്‍റെ പിറവി. അക്കൂട്ടത്തില്‍ തലതിരിഞ്ഞൊരു കരടായി ഞാൻ മാത്രം. ബാക്കിയെല്ലാവരും കാശുണ്ടാക്കി കാറിൽ യാത്ര ചെയ്യുന്ന കൂട്ടർ. അവരുടെ പിടിക്കണക്കുകളിൽ പെടാത്തതുകൊണ്ട് ആ ഭാഗത്തേക്കെങ്ങും ഞാൻ പോകാറുമില്ല. സുബ്ബലക്ഷ്മിയുണ്ട്, ഒരു പെങ്ങളായി. അവിടേയ്ക്കും പോക്കില്ല. വീടില്ല. കുടുംബമില്ല. അച്ഛനില്ല. അമ്മയില്ല. ബന്ധുക്കളില്ല. കുറേ കൂട്ടുകാർ മാത്രം.
ഇന്നിവിടെയെങ്കിൽ നാളെ മറ്റൊരിടം. കഴിഞ്ഞ നാള്‍ പാളയത്തൊരു കടത്തിണ്ണയിൽ ഇരുന്നുറങ്ങി രാത്രിപോക്കി. പോലീസ് ഭീതിയാല്‍ കിടന്നുറക്കം ഉപേക്ഷിക്കുകയായിരുന്നു.
അച്ഛന്‍ അറുമുഖം. അച്ഛന്‍റെ മരണത്തിന് പൊട്ടാസ്യം സൈനൈഡിന്‍റെ ചുവയുണ്ടായിരുന്നത്രേ. സ്വയം ചെയ്തതല്ല. ഒരു മദ്യസൽക്കാരത്തിൽ ചാരായത്തില്‍ കലർത്തി 'ഇന്നാ ഇതിരിക്കട്ടെ' എന്ന സ്റ്റൈലില്‍ സുഹൃത്തിന്‍റെ മഹാമനസ്കത എന്നാണ് കഥ.
അമ്മ മുത്തമ്മാള്‍, കൂലിപ്പണി ചെയ്താണ് ഞങ്ങൾക്ക് അരവയറിനെങ്കിലും വകയുണ്ടാക്കിയിരുന്നത്. പട്ടിണി ഇന്നും അന്നും കുറവല്ല. ഞാനറിയാതെതന്നെ എനിക്ക് മറ്റുള്ളവരുടെ ഒരുപാട് ദയയ്ക്ക് പാത്രമായി ജീവിക്കേണ്ടിവന്നിട്ടുണ്ട്. അധ്വാനിക്കുകയും നന്നായി പ്രതിഫലം പറ്റുകയും ചെയ്യുമ്പോൾപോലും കൂട്ടുകാർ എന്‍റെ ജീവിതത്തിന് ഉറപ്പുനൽകുന്നു. അവർ നൽകുന്ന ചോറ്, എന്‍റെ ആമാശയാഗ്നി കെടുത്തുന്നു.
വൈദ്യശാസ്ത്രത്തിന്‍റെ കണക്ക് തെറ്റിച്ചൊരാൾ; ഡോക്ടർമാർ എന്നെ കാണുന്നത് 'ഇയാൾ ഇതിപ്പോഴുമുണ്ടോ?' എന്നൊരു ഭാവത്തിലും. മെഡിസിനും ആൽക്കഹോളും ഒത്താണ് കഴിക്കുന്നത്. കാരണം എനിക്ക് മരിക്കുന്നത് ഇഷ്ടമല്ല.
അത്തത്തിൽ പിറന്ന് നാല്‍പ്പത്തിനാലില്‍ അറുപതിന്‍റെ രൂപവും ആകാരവുമുള്ള ഇവന് അത്താഴത്തിന് മുട്ടുള്ള ദിവസങ്ങളാണേറെയും. അപ്പോളെനിക്കൊരു കവിത ഓർമ്മവരുന്നു. എന്നിലെ എന്നെ കോറിയിട്ടിട്ടുള്ള കവിത- 'അത്താഴം.'
(എന്‍റെ സുഹൃത്ത് സിവിക് ചന്ദ്രന്‍റെ 'പ്രേരണ'യില്‍ അടിച്ചുവന്നു.)
അവന്‍റെ മരണം എനിക്കു പ്രശ്നമല്ല. അവന്‍റെ മരണത്തേക്കാൾ എനിക്കു പ്രധാനം അവന്‍റെ പോക്കറ്റിൽനിന്നും പറന്ന അഞ്ചു രൂപയായിരുന്നു. അത്രയ്ക്കും വിശപ്പ് എനിക്കുണ്ടായിരുന്നു. മരിച്ചുകിടക്കുന്നവന്‍റെ പോക്കറ്റിൽനിന്നും രൂപ അടിച്ചുമാറ്റുക എന്നത് ക്രൂരമാണ്. അതും ഞാൻ ചെയ്തിട്ടുണ്ട്. കൂട്ടുകാരുടെ പോക്കറ്റിൽനിന്നും ഇപ്പോഴും രൂപ അടിച്ചുമാറ്റും. ചോദിച്ചാൽ തരില്ല.
ഗദ്യകവിതയാണെങ്കിലും 'അത്താഴ'ത്തിന് ഒരു മുഴക്കം ഉണ്ടെന്നാണെന്‍റെ വിശ്വാസം. വൃത്തം ഒപ്പിച്ചാണ് ഇതെഴുതിയിരുന്നതെങ്കിൽ ഇന്നുള്ള മുഴക്കം കിട്ടുമായിരുന്നു എന്നും തോന്നുന്നില്ല.
ഗദ്യത്തെ കാവ്യവത്ക്കരിക്കുന്നതിലാണ് എനിക്ക് താല്‍പര്യം. വൃത്തബദ്ധമായ കവിതകളും എഴുതാറുണ്ട്. വേനൽ മഴ, ഗ്രീഷ്മം തന്ന കിരീടം തുടങ്ങിയവ അക്കൂട്ടത്തിൽപ്പെടും.
"ഗ്രീഷ്മമേ, സഖീ, നമുക്കൊരൂഷ്മള ദീപ്തിയാര്‍-
ന്നൊരീ മധ്യാഹ്നവേനല്‍."
('ഗ്രീഷ്മം തന്ന കിരീട'ത്തില്‍ നിന്ന്.)
പെൺപേരിൽ ആദ്യ കവിതകളെഴുതി- 'സരസ്വതി'. പേരിൽത്തന്നെയൊരു കവിത്വമുണ്ടെന്നു തോന്നി. അയ്യപ്പൻ എന്ന പേരിൽ കവിത അയച്ചാൽ പത്രാധിപന്മാർ കരുതും- 'എടാ, ഇതേതു കേസ്, അയ്യപ്പനോ?'. ചവറ്റുകുട്ടയിൽ. അതിനായിരുന്നു ഈ പേരുമാറ്റം. പിന്നെപ്പിന്നെ അവർ തന്നെ പറഞ്ഞു, അയ്യപ്പനായിത്തന്നെ നിന്നോളാൻ.
ഒരു കവിത തന്നെ പല പേരിൽ കൊടുത്തു പണം പറ്റിയിട്ടുണ്ട്. പുട്ടടി തന്നെ ലക്ഷ്യം. ഒരു കവിത തന്നെ തലക്കെട്ടുമാറ്റി പലയിടത്തു കൊടുക്കും. ഇപ്പോഴങ്ങനൊന്നും ചെയ്യാറില്ല. പഴയതുപോലെ എഴുത്തും ഇല്ല. കുറേ എഴുതിക്കഴിയുമ്പോൾ നന്നായേ എഴുതാവൂ എന്ന തോന്നലുണ്ടാവും. അപ്പോൾ വേഗത കുറയും.
മലയാളത്തിൽ ചങ്ങമ്പുഴയും ഇടപ്പള്ളിയും എന്‍റെ അടുപ്പക്കാരാകുന്നു. അവരുടെ ജീവിതങ്ങളും ദുരന്തപൂർണ്ണങ്ങളായി. എനിക്കും സ്നേഹബന്ധങ്ങൾ ഉണ്ടായി. അവരൊക്കെ രക്ഷപ്പെട്ടെന്നുവേണം പറയാന്‍. എനിക്കു നഷ്ടവും!
അത്താഴമുട്ടുമായ് അലയുന്ന ഞാൻ സ്വയം ചുമക്കുന്ന ചുമടുകളുമായി ഈ വഴിയോരങ്ങൾ താണ്ടട്ടെ, മരിക്കാൻ മനസ്സില്ലാത്തവനായി.
(എ അയ്യപ്പന്‍ രചിച്ച ഓര്‍മ്മക്കുറിപ്പുകള്‍ ആയ 'തെറ്റിയോടുന്ന സെക്കന്‍റ് സൂചി'-യില്‍ നിന്നുമെടുത്താണ് ഇതിവിടെ ചേര്‍ത്തിരിക്കുന്നത്.
ഫേബിയന്‍ ബുക്ക്സ് ആണ് ഈ പുസ്തകം പുറത്തിറങ്ങിയത്.)
No comments:
Post a Comment