Friday, December 27, 2024

മരണത്തിന്‍റെ മുഖം

 


 

 

 

 

 

- മലയാറ്റൂർ രാമകൃഷ്ണൻ

        

        വീണ്ടും അയാള്‍ കണ്ണ് തുറക്കുമെന്ന് ആരും വിചാരിച്ചതല്ല. എങ്കിലും എല്ലാവരും കാത്തുനിന്നു. അവര്‍ക്കെല്ലാം തിരക്കുണ്ടായിരുന്നു. പക്ഷെ, എങ്ങനെ പോകാനാണ്? മക്കള്‍, മക്കളുടെ മക്കള്‍, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍... വന്നുപോയില്ലേ? ഇനി അവസാനം കാണാതെ പോകാന്‍ വയ്യ. മര്യാദകേടാകും.

        ആരെയും ബുദ്ധിമുട്ടിക്കാതെ മരിക്കണമെന്നായിരുന്നു അയാളുടെ ആഗ്രഹം. ആരോഗ്യമുള്ള കാലത്ത് അയാള്‍ പറയുമായിരുന്നു: 'കിടന്നു നരകിക്കാതെ പോകണം. ആര്‍ക്കും ഭാരമാകരുത്.

        തിന്നും കുടിച്ചും പ്രേമിച്ചും ഭോഗിച്ചും ശണ്ഠയുണ്ടാക്കിയും സ്ഥാനമാനങ്ങൾ നേടിയും വളർന്ന മനുഷ്യനാണ്. മുന്നും പിന്നും നോക്കാതെ ജീവിച്ച മനുഷ്യൻ. നല്ലവനെന്നു ചിലർ കരുതി. തെമ്മാടിയാണെന്ന് ചിലർ വിധിച്ചു. പണ്ടുപണ്ടുതന്നെ, എതിർപ്പ് അയാളുടെ ചോരയേക്കാൾ കട്ടിയുള്ള പുളിച്ച തേനായിരുന്നു. ആ തേനിലും ചൂടുള്ള ചോരയിലും അയാൾ നീന്തിത്തുടിച്ചു. അറുപത് കഴിഞ്ഞിട്ടും തലമുടി നരച്ചില്ല. കാമം കൊഴിഞ്ഞുവീണില്ല. അറുപത്തിയെട്ടെത്തിയപ്പോള്‍ എങ്ങുനിന്നോ മാറാത്ത ഒരു ചുമ അയാളുടെ കനത്ത നെഞ്ചിന്‍കൂടിൽ കടന്നുകൂടി. ചുമച്ചുതീരുമ്പോൾ അയാൾ ചിരിക്കുമായിരുന്നു. അറുപത് കടന്ന ഭാര്യയുടെ എല്ലുന്തിയ അരക്കെട്ടിലമര്‍ത്തിപ്പിടിച്ചുകൊണ്ടയാൾ പറയുമായിരുന്നു: "മരണം ഉൾക്കടമായ ഒരു വികാരമൂർച്ചയുടെ ശീഘ്രവിമോചനസൗഖ്യത്തോടെ വന്നെത്തണം." സ്വയം തൃപ്തിപ്പെടാനെന്നോണം അയാൾ കൂട്ടിച്ചേർക്കുമായിരുന്നു- "എനിക്കങ്ങനെ തന്നെ വരുമെടീ."

        പിന്നെയും രണ്ടു കൊല്ലങ്ങൾ കഴിഞ്ഞു.

        അക്കാലമത്രയും അയാൾ വീടിനകത്ത് ചുറ്റിക്കറങ്ങി നടന്നു. മുറ്റത്ത് വളരുന്ന തെറ്റിക്കും മന്ദാരത്തിനും വെള്ളമൊഴിച്ചു.

        പിന്നീടയാൾ ഒരു ബോറായി.

        അനേകം വർഷങ്ങൾക്കുമുമ്പ്- എന്നു പറഞ്ഞാൽ മതിയോ, പത്തൊമ്പതു വയസ്സുള്ളപ്പോൾ- പഠിച്ച ഒരു പാഠത്തെപ്പറ്റി കിഴവിയായ ഭാര്യയോട് ഉപന്യസിക്കാൻ തുടങ്ങി. കൂടെക്കൂടെ. ബോറൻ മട്ടിൽ.

        "എടീ. ബി.എ.യ്ക്ക് ഞാനൊരു പാഠം പഠിച്ചു. പ്രോസ് ടെക്സ്റ്റിൽ. സ്റ്റീവൻസന്‍റെ വക- പേര് ഫ്രഞ്ചിൽ.'എ ട്രിപ്ളേ.'

        "എന്നുവച്ചാല്‍?"

        "മൂന്ന് തവണ ഉരുക്കിക്കട്ടിയായ..."

        അപ്പോളയാൾക്കു നീണ്ട ചുമ വന്നു.

        "ഒന്നുറങ്ങൂ."

        "എടീ, നമ്മുടെ ആദ്യരാത്രി ഓർമ്മയുണ്ടോ?"

        "ഒന്നുറങ്ങു."

        "ലോകത്തിലെ ഏറ്റവും വലിയ ധീരനാരാടീ?"

        കിഴവിയായ ഭാര്യ മിണ്ടിയില്ല. കൊളംബസ്സാവാം - അലക്സാണ്ടറാവാം - നെപ്പോളിയനാകാം - അഭൗതിക തലങ്ങളിലാണെങ്കിൽ ബുദ്ധനും ക്രിസ്തുവും ശങ്കരനുമാകാം. വേണ്ട, ഒന്നും പറയണ്ട. ഒന്നുറങ്ങട്ടെ.

        അയാള്‍ ചരിഞ്ഞു. ഉരുണ്ടു. പിന്നെയും ചുമച്ചു. മലർന്നു. ഇപ്പോൾ മുഖം ശാന്തമായിരുന്നു.

        അടുത്ത ദിവസമാണ് കിഴവിയായ ഭാര്യ മക്കൾക്ക് കമ്പിയും കേബിളും അയച്ചത്.

        വേൾഡ് ബാങ്കിൽ ജോലിയുള്ള മകൻ.

        കുവൈറ്റിൽ പണിയെടുക്കുന്ന മകളുടെ ഭർത്താവ്.

        അവിടംവരെയൊന്നുമെത്താത്ത രണ്ടാമത്തെ മകൻ, സുൽത്താൻ ബത്തേരിയിലെ ഡെപ്യൂട്ടി തഹസിൽദാർ. എല്ലാവരും വന്നെത്തി.

        വിളിക്കപ്പെടാത്ത ബന്ധുക്കളും പരിചയക്കാരും വന്നെത്തി.

        എല്ലാവരും തിരക്കുള്ളവർ.

        ജോലിയുള്ളവർ.

        ലീവില്ലാത്തവർ.

        മരണം വികാരമൂർച്ചയുടെ ശീഘ്രവിമോചന സുഖത്തോടും വേഗതയോടും വന്നണഞ്ഞില്ല.

        വന്നെത്തിയവരെല്ലാം ബുദ്ധിമുട്ടിലായി. വന്നുപോയില്ലേ? ഇനി അവസാനം കാണാതെ പോകുന്നതെങ്ങനെ?

        രാത്രി വളരെ വൈകി.

        ചുമയുടെ വടംവലിയിൽ കുരുങ്ങി അയാൾ പിടഞ്ഞു. ഉരുണ്ടു. അയാളുടെ ഒത്ത ശരീരം പെട്ടെന്ന് ശുഷ്കമായി. ഒരു തുണിപ്പാവ പോലെ അയാൾ അശക്തനായി ചുരുണ്ടുകിടന്നു.

        അയാൾ മരിക്കുകയായിരുന്നു.

        കാലിന്‍റെ പെരുവിരല്‍ തൊട്ട് കഴുത്തിന്‍റെ മുഴയും ഞരമ്പുകളും വരെ അയാൾ മരിച്ചു.

        അപ്പോൾ അയാളുടെ എഴുപത് വയസ്സെത്തിയ തലച്ചോറില്‍ ചിന്തകളുടെ അനുസ്യൂതമായ സ്ഖലനമുണ്ടായി.

        ഞാൻ.

        ജനിച്ചപ്പോൾ അശക്തന്‍.

        മനസ്സൊരു മൃഗത്തിന്‍റെ.

        കാലം ചെന്നപ്പോൾ ഞാൻ കണ്ടു, കേട്ടു, പഠിച്ചു, അറിഞ്ഞു, ശക്തനായി, പിന്നെ... വിവേകിയായി.

        മനസ്സിനൊപ്പം ഞാൻ ശരീരവും വളർത്തി. ഇന്നത് ശുഷ്കം, ജീര്‍ണ്ണം. നിര്‍ജ്ജീവം.

        ഇക്കഴിഞ്ഞ 70 വർഷങ്ങൾക്കെന്തർത്ഥം?

        ജയിക്കുന്നതാര്?

        മരണം തന്നെ.

        അപ്പോൾ അകലെനിന്ന് ഒരു വിമാനത്തിന്‍റെ മൂളല്‍ കേട്ടു.

        മരിച്ചുതുടങ്ങിയ തലച്ചോറിൽ ഇക്കാറസ്സിന്‍റെ ചിത്രമുയര്‍ന്നു. മൂവായിരം കൊല്ലം മുമ്പ് പറക്കാന്‍ ശ്രമിച്ചവൻ. ശരീരത്തിൽ ചിറകുകള്‍ വച്ചുകെട്ടി കടലിലേക്കു കുതിച്ചവന്‍. അന്ന് അവൻ പറന്നില്ലെങ്കിലും ഈ മരിക്കുന്ന വേളയിൽ ഞാനൊരു വിമാനത്തിന്‍റെ ഇരമ്പൽ കേൾക്കുന്നു.

        അയാൾ അവസാനമായി കണ്ണുതുറന്നു.

        മുറിയിലാരുമില്ല.

        ഭാര്യ പോലും.

        നേരം വെളുത്തോ?

        കോഴി കൂവുകയാണോ?

        ആകാശം ചുവക്കുന്നു.

        മന്ദാരത്തിന്‍റെയും തെറ്റിയുടെയും ഇതളുകൾ വിരിയുന്നു. വയലേലകളില്‍ പ്രകാശം പരക്കുന്നു. പുല്‍ക്കൊടികള്‍ ധിക്കാരത്തോടെ എഴുന്നുനിൽക്കുന്നു. കുട്ടികളുടെ പൊട്ടിച്ചിരി എങ്ങുനിന്നോ ഉയരുന്നു. എവിടെയോ കാമുകൻ കാമുകിയുടെ നനവാര്‍ന്ന ചുണ്ട് നുണയുന്നു. ഞാൻ മരിക്കുന്നു. ഞാനെന്‍റെ ജന്മംകൊണ്ട് ഒരു നെല്ലിടയെങ്കിലും ജീവിതത്തിന്‍റെ മേന്മയ്ക്ക് പകിട്ടേകി. ആ ജോലി തുടർന്നുപോകും. അത് മിച്ചമുള്ളവര്‍ വരാനിരിക്കുന്നവര്‍ ചെയ്യും. അപ്പോൾ... ജയിക്കുന്നതാര്?

        ജീവിതം തന്നെ.

(പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ കലക്ടര്‍ എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ കഥ ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

No comments: