മാർപാപ്പയുടെ അരമനയും സെന്‍റ് പോൾസ് പള്ളിയും നോക്കി ചത്വരത്തില്‍ നിന്നാൽ ചുറ്റും ഒഴുകുന്നത് പല നാടുകളിൽ നിന്നു വരുന്ന സന്ദർശകരാണ്. 71ന് ശേഷം ഞാൻ വീണ്ടും റോമിൽ വന്നതാണ്. ആവശ്യമൊന്നുമില്ല. പിരിഞ്ഞുപോയ ചെറിയ ജോലിക്കാർ പണ്ട് ജോലി ചെയ്ത സ്ഥാപനങ്ങൾ വെറുതെ കണ്ടുനിൽക്കാറുണ്ടല്ലോ. അതേ മനോഭാവമാണെന്ന് പറയാം.
വത്തിക്കാന്‍ റേഡിയോയിലെ മലയാള വിഭാഗത്തിലെ സുഹൃത്ത് ചോദിച്ചു: 'എന്തൊക്കെ മാറ്റമാണ് വന്നത്?' 'ആൾക്കൂട്ടം. പണ്ടത്തേതിനേക്കാൾ എത്രയോ ഇരട്ടി ആൾക്കൂട്ടം. ഭക്തരെക്കാൾ എത്രയോ മടങ്ങ് വിനോദസഞ്ചാരികൾ.
ചെറിയ വാടകയ്ക്ക് മുറികൾ കിട്ടാൻ പ്രയാസം. ഫ്രാങ്ക്ഫർട്ടിൽ നിന്ന് ആനീ സ്വീബല്‍ പലവട്ടം വിളിച്ചതിന്‍റെ ഫലമായിട്ടാണ് തിയോളജിയിൽ ഉപരിപഠനം നടത്തുന്ന ജോൺ സാപ്ടിന്‍റെ രണ്ടു മുറികൾ ഉറപ്പിച്ചത്.
മുപ്പത്താറ് വർഷം മുമ്പ് വന്നപ്പോൾ ഞാൻ തനിച്ചായിരുന്നു. വത്തിക്കാൻ പരിസരത്തിലെ പല വീടുകളും മുറികൾ വാടകയ്ക്ക് കൊടുത്തിരുന്നു. ഡോളറിന് ആറുറുപ്പിക ഉണ്ടായിരുന്ന കാലത്ത് മുറിക്ക് മൂന്ന് ഡോളർ കൊടുത്താൽ മതി. ഇപ്പോൾ വളരെ ഇടത്തരത്തിൽപ്പെട്ട ഹോട്ടലിൽ തൊണ്ണൂറ് യൂറോ കൊടുക്കണം. വീട്ടുമുറികൾ വളരെ നേരത്തെ സന്ദർശകരിൽപ്പെട്ട കുടുംബങ്ങൾ ബുക്ക് ചെയ്തിരിക്കുന്നു.
വത്തിക്കാൻ ഇപ്പോഴും ഒരത്ഭുതമാണ്. മഹാരഹസ്യം പോലെയാണ്. ഡാവിഞ്ചി കോഡിന്‍റെ കർത്താവായ ഡാൻ ബ്രൗൺ വളരെ മാസങ്ങൾ ഇവിടെ താമസിച്ച് ഗവേഷണം നടത്തിയിട്ടുണ്ടെന്ന് വായനക്കാരനായ ഫാദർ വിൻസെന്‍റ് അറയ്ക്കൽ പറഞ്ഞു. അദ്ദേഹം വാത്തിക്കാനിലെ ആരോഗ്യ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പിനോട് ബന്ധപ്പെട്ട് നടത്തുന്ന ഉപജാപങ്ങളും കൊലപാതകങ്ങളുമാണ് ഡാൻ ബ്രൗൺ 'എയ്ഞ്ചൽസ് ആൻഡ് ഡെമോൺസ്'-ല്‍ എഴുതിയത്. ഡാവിഞ്ചി കോഡ് വന്ന ശേഷമാണ് ഈ നോവൽ ബെസ്റ്റ് സെല്ലർ ആയത്. ഡാനിയൽ സിൽവയുടെ കൺഫെസർ, വത്തിക്കാന്‍റെ സ്വകാര്യ ചാരസംഘടനയെ പറ്റിയാണ്. ഒരു ശുദ്ധഗതിക്കാരൻ മാർപാപ്പ രണ്ടാം ലോക മഹായുദ്ധകാലത്ത് തന്‍റെ ഒരു മുൻഗാമി, നാസി നേതാക്കൾക്ക് ജൂതരെ നശിപ്പിക്കുവാൻ സഹായം നൽകിയതിന്‍റെ തെളിവുകൾ കണ്ടെത്തുകയും ജൂതസമൂഹത്തോട് മുഴുവൻ മാപ്പ് പറയാനൊരുങ്ങുകയും ചെയ്യുകയാണ്. അത് തടയാനും, വേണ്ടിവന്നാൽ മാർപാപ്പയെത്തന്നെ വധിക്കാനും ഈ സ്വകാര്യ സംഘടന ശ്രമിക്കുന്നുണ്ട്. അതാണ് കൺഫെസര്‍.
ഇപ്പോഴും പല രഹസ്യങ്ങളും സൂക്ഷിച്ചു വെക്കുന്ന ഈ കൊട്ടാരം ഇനിയും ത്രില്ലറെഴുത്തുകാർക്ക് വിഷയമായേക്കും.
വീണ്ടും സിസ്റ്റിൻ ചാപ്പലില്‍ പോണം. കുറെ സമയം ചെലവഴിക്കണം. ക്യൂ കണ്ടപ്പോൾ അത്ഭുതപ്പെട്ടു. മുമ്പ് വന്നപ്പോൾ ഞാൻ പലപ്പോഴും കയറിപ്പോയിട്ടുണ്ട്. രണ്ട് മണിക്കൂറും 40 മിനിറ്റും ക്യൂവില്‍ നിന്ന ശേഷമാണ് ആനിയും ഞാനും ഇത്തവണ അകത്തു കയറിയത്. ക്യൂവില്‍ മുമ്പേ സ്ഥലം പിടിച്ചവരുമായി പണം കൊടുത്ത് സ്ഥലം കൈമാറാൻ ആനി ഒരു ശ്രമം നടത്തി. എല്ലാം സംഘങ്ങളായി വന്നവരാണ്. ട്രാവൽ ഏജൻസികൾ നേരത്തെ അവരുടെ ടിക്കറ്റ് വാങ്ങിയതാണ്. പറ്റില്ല.
കോൺ ഇഗ് ഗുല്‍ഡണ്‍ (Conn Iggulden) എന്ന ഇംഗ്ലീഷുകാരൻ നാല് വോള്യങ്ങളായി ജൂലിയസ് സീസറുടെ ചരിത്രമെഴുതിയിട്ടുണ്ട്. അദ്ദേഹവും റോമിൽ വന്ന് കുറേക്കാലം താമസിച്ചിരുന്നു. ഗംഭീരമായ ഒരു ചരിത്രനോവലാണതെന്ന് ഫാദര്‍ അറയ്ക്കൽ ശിപാർശ ചെയ്തു. (പോരുമ്പോൾ ഫാദർ അതെനിക്ക് സമ്മാനമായി തന്നു.)
ഞങ്ങൾ നടക്കുന്ന ഈ റോഡ് പണ്ട് ഒരു സ്വകാര്യ വഴിയായിരുന്നു. ബോർജിയ വെപ്പാട്ടിയെ സന്ദർശിക്കാൻ വേണ്ടി പ്രത്യേകമുണ്ടാക്കിയത്.
കൊളോസിയത്തിലേക്കും നീണ്ട ക്യൂവാണ്. അടിമകളെയും ആദ്യകാല വിശ്വാസികളെയും വിശക്കുന്ന സിംഹത്തിന് ഇട്ടുകൊടുത്ത് ചക്രവർത്തിയും കുടുംബാംഗങ്ങളും രസിച്ച വിശാലമായ അങ്കത്തട്ട്. 'ക്വോവോദിസ്' ഓർമിക്കാം; പീറ്റര്‍ ഉസ്ത്തിനോവിനേയും. പക്ഷെ റോമിലെ സഞ്ചാരികൾ പലരും ഇപ്പോഴും ഓർമ്മിക്കുന്നത് 'റോമൻ ഹോളിഡേ' ആണ്. ഈ പടവുകളിൽ ഇരുന്നാണ് ഗ്രെയ്സ് കെല്ലിയും ഗ്രിഗറി പെക്കും സംസാരിച്ചത്. പഴയ തലമുറക്കാർക്ക് ഗ്രിഗറി പെക്കും ഗ്രെയ്സ് കെല്ലിയും ഇപ്പോഴും പ്രിയപ്പെട്ട താരങ്ങളാണല്ലോ.
റോം ഒരു നഗരം മാത്രമായിരുന്നില്ല. ഗ്രീസും ഈജിപ്തും പിടിച്ചടക്കിയ ഭരണാധികാരികൾക്ക് മധ്യധരണ്യാഴി ഒരു കളിപ്പൊയ്കയായി മാറി. മറിയൂസും സുല്ലയും എതിർപ്പുകളുണ്ടാക്കുമെന്ന് തോന്നിയവരെ മുഴുവൻ കൊന്നുകളഞ്ഞു. 73 BCയില്‍ സ്പാർട്ടക്കസിന്‍റെ നേതൃത്വത്തിൽ അടിമകൾ പോരാടി സ്വാതന്ത്ര്യം നേടി. പക്ഷെ, സ്പാർട്ടക്കസിനെ തോൽപ്പിച്ച ക്രാസസ്സിനും ഏകാധിപതിയാവാനായിരുന്നു മോഹം. ആറായിരം അടിമകളെ റോമിലേക്കുള്ള വഴികളിൽ കഴുവിലേറ്റി അയാൾ തന്‍റെ കരബലവും ആയുധബലവും പ്രഖ്യാപിച്ചു. പിന്നീട് വന്ന പോംപേയ്ക്കും ജൂലിയസ് സീസറിനും ഇതേ മോഹം തന്നെ ആയിരുന്നു - ഏകാധിപത്യം. രാജാവല്ല , രാജാവിനേക്കാള്‍ വലിയ ദൈവമാണെന്ന് ജനങ്ങൾ അംഗീകരിക്കണം. ജൂലിയസ് സീസര്‍ സ്വയം നിര്‍മ്മിച്ച ക്ഷേത്രത്തിൽ തന്‍റെ പ്രതിമ സ്ഥാപിച്ചു. 'അജയ്യനായ ദൈവത്തിന്' എന്നായിരുന്നു പ്രതിമയുടെ വിശേഷണമായി രേഖപ്പെടുത്തിയത്.
മഹായുദ്ധങ്ങളുടെ ശ്മശാനഭൂമിയിലാണ് വര്‍ഷങ്ങള്‍ക്കുശേഷം ഞാൻ വീണ്ടും എത്തിയിരിക്കുന്നത്.
ദൈവത്തേക്കാൾ അജയ്യനായ സീസറെ അടുത്ത സുഹൃത്തുക്കൾ കുത്തിക്കൊന്ന സെനറ്റ് മന്ദിരം ദാ, ഈ സ്ഥലത്തായിരുന്നു. പണ്ട് വന്നപ്പോൾ എനിക്ക് തുണയായി കിട്ടിയ ചരിത്രവിദ്യാർത്ഥി പറഞ്ഞത് ഞാന്‍ വീണ്ടും ഓർത്തുപോയി. ചക്രവർത്തിമാർ വിജയാഘോഷത്തിൽ നിർമ്മിച്ച സൗധങ്ങൾ പലതിന്‍റെയും അവശിഷ്ടങ്ങളാണ് ഇപ്പോഴുള്ളത്. കീഴടക്കിയ നാടുകളിൽനിന്ന് കൊണ്ടുവന്ന അത്ഭുത വസ്തുക്കളിൽ ചിലതൊക്കെ മ്യൂസിയത്തിലുണ്ട്. ചക്രവർത്തിമാരുടെ പേരുകളും കാലക്രമങ്ങളുമൊക്കെ ഇപ്പോൾ ചരിത്ര വിദ്യാർത്ഥികൾക്കേ അറിയൂ. ചില പഴമൊഴികൾ നീറോവിനെപ്പോലെയുള്ളവരുടെ പേരുകൾ നിലനിർത്തുന്നുണ്ടെങ്കിലും.
എല്ലാ പടയോട്ടങ്ങളും യുദ്ധവിജയങ്ങളും എത്ര നിസ്സാരമായി കാലം മായ്ച്ചുകളയുന്നു എന്ന് ചിതറിയ കല്ലുകളുടെയും വീണുകിടക്കുന്ന സ്തൂപങ്ങളുടെയും ഇടയിലൂടെ നടക്കുമ്പോൾ നാം ഓർമിക്കുന്നു.
പക്ഷെ, ബോത്തിച്ചെല്ലിയുടെയും മൈക്കലാഞ്ചലോവിന്‍റെയും മറ്റും മഹത്തായ സൃഷ്ടികൾക്കു മുമ്പിൽ നിൽക്കുമ്പോൾ നാം മനസ്സിൽ ഈ മഹാപ്രതിഭകളെ വന്ദിക്കുന്നു. കാലം മായ്ക്കാതെ തലമുറകൾക്കായി കരുതിവച്ച അത്ഭുത സ്മാരകങ്ങൾ നിലനിൽക്കുന്നു.
ഒരു ട്രാവൽ ഏജൻസിയിൽ ജോലി നോക്കുന്ന മനോജ് ഞങ്ങൾക്കൊരു കാറ് തന്നു. വാടക വേണ്ട. ഡ്രൈവർക്ക് ഭക്ഷണവും ടിപ്പും കൊടുത്താൽ മതി.
വത്തിക്കാൻ പരിസരത്തിൽ കാറിന്‍റെ ആവശ്യമില്ല. വാഹനങ്ങളുടെയും ആളുകളുടെയും തിരക്ക്. സാല്‍വത്തോര്‍ എന്ന ഡ്രൈവർക്ക് മറ്റു ഭാഷകളൊന്നും അറിയില്ല. ഇംഗ്ലീഷും ജർമ്മനും ആനിക്കറിയാം. കാര്യമില്ല. പിന്നെ കൈയാംഗ്യത്തിന്‍റെ സഹായത്തോടെ മലയാളം പറഞ്ഞു - 'ഞങ്ങൾ ഭക്ഷണം കഴിച്ച് വിശ്രമിക്കും. നാലുമണിക്ക് സാൽവത്തോര്‍ ഇവിടെ വരണം. നാലുമണിക്ക്.'
സാൽവത്തോർ ശരിവെക്കുന്നു. കണ്ടില്ലേ, സാല്‍വത്തോറിന് കാര്യം മനസ്സിലായി. ഭാഷയറിയാത്ത സാൽവത്തോറാണ് കീറ്റ്സിന്‍റെയും ശവകുടീരത്തിൽ കൊണ്ടുപോയത്. അത്ഭുതം! പിറ്റേന്ന് ഞങ്ങൾ ഫ്ലോറൻസിലേക്ക്. ദാന്തെയുടെ നഗരം. മൈക്കലാഞ്ചലോ ജനിച്ചുവളര്‍ന്നത് അവിടെയാണ്. ഫ്ലോറൻസിലെ മ്യൂസിയത്തിലാണ് മൈക്കലാഞ്ചലോയുടെ പ്രശസ്തമായ മാർബിൾ ശില്‍പ്പം. മ്യൂസിയത്തിലേക്ക് കയറാൻ ഒരു മണിക്കൂറിലേറെ ക്യൂവിൽ നിന്നു.
ഫ്ലോറന്‍സുകാരനായ സാല്‍വത്തോറിന് ഞങ്ങള്‍ ആ നഗരം കാണാൻ വന്നതിൽ പ്രത്യേകം സന്തോഷമുണ്ട്. ജർമ്മനറിയാവുന്ന ഒരു സഞ്ചാരിയെ കൂട്ടി സാൽവത്തോര്‍ വന്നു. കുറച്ചുകൂടി ഞങ്ങൾക്കു പറഞ്ഞുതരാനുണ്ട്. സാന്‍ടാ ക്രോച്ചേ പള്ളി കാണണം. അവിടെ മാക്യവെല്ലിയുടെയും മൈക്കലാഞ്ചലോവിന്‍റെയും ശവകുടീരങ്ങളുണ്ട്. മൈക്കലാഞ്ചലോ ശിൽപ്പിയായിരുന്നു. കൂടുതൽ ശില്‍പ്പങ്ങൾ ചെയ്യാനായിരുന്നു താല്‍പര്യം. റോമിലെ ഭരണാധികാരികൾ നിർബന്ധിച്ചാണ് സിസ്റ്റിന്‍ ചാപ്പലിലെ ചിത്രങ്ങൾ വരയ്ക്കാൻ കൊണ്ടുപോയത്. മിക്കവാറും നാലുവർഷം ചാപ്പലില്‍ തടവിലിട്ട പോലെയായിരുന്നു എന്നാണ് സാല്‍വത്തോർ പറയുന്നത്.
വത്തിക്കാനില്‍ തിരിച്ചെത്തിയപ്പോൾ സാല്‍വത്തോര്‍ ആനിക്ക് ഒരു ഉപദേശം കൊടുത്തു. ഒരു ജനപ്രവാഹവും ശില്‍പ്പങ്ങളുമുള്ള സ്ഥലം ആനിക്കറിയാം. അവിടെ എന്നെ കൊണ്ടുപോണം. കണ്ടുപോരുമ്പോൾ തലചുറ്റി പിന്നിലേക്ക് കുറച്ച് കാശെറിയണം. വീണ്ടും വേഗം വരാൻ റോമിലെ ദൈവങ്ങൾ അനുഗ്രഹിക്കുമത്രേ!
ആനിയുടെ നിര്‍ബന്ധം കൊണ്ട് പിറ്റേന്ന് മറ്റൊരു ടാക്സിയില്‍ പോയി ഉഴിഞ്ഞിടാനും മറന്നില്ല. വീണ്ടും റോം വിളിക്കുമായിരിക്കും.
സിസ്റ്റിൻ ചാപ്പലിലേയും ഫ്ലോറൻസ് അക്കാദമിയിലെയും ശില്‍പ്പങ്ങളും ചിത്രങ്ങളും എന്നെ വിളിച്ചുകൊണ്ടേയിരിക്കും എന്നത് ഉറപ്പാണ്.
(മാതൃഭൂമിയുടെ യാത്രയില്‍ 2008 സെപ്റ്റംബർ മാസം പ്രസിദ്ധീകരിച്ച ഈ യാത്രാവിവരണം, സജി തോമസ് സമാഹരിച്ച്, മാതൃഭൂമി ബുക്ക്സ് പുറത്തിറക്കിയ 'ധനുഷ്കോടി മുതല്‍ സഹാറ വരെ' എന്ന കൃതിയില്‍നിന്നുമെടുത്താണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.)
No comments:
Post a Comment