Wednesday, January 1, 2025

ഒന്നും പറയാതെ ഒരുപാട് പറഞ്ഞയാള്‍

 

 

 

 

 

 

 

 

 

 - സേതു

          

        എം.ടി.യെക്കുറിച്ച് എന്താണ് എഴുതുക?

        നീണ്ട കാലയളവിലെ പല അരങ്ങുകളിലേക്കുള്ള പകർച്ചകൾക്കിടയിൽ വരുംകാലചരിത്രം എങ്ങനെയാണ് അദ്ദേഹത്തെ അടയാളപ്പെടുത്തേണ്ടത്? എഴുത്തുകാരന്‍? ചലച്ചിത്രകാരന്‍? പത്രാധിപര്‍? സാമൂഹ്യജീവി?...

        മറുപടി ഒന്നേയുള്ളു എനിക്ക്: ആദ്യം വരേണ്ടത് പത്രാധിപര്‍ തന്നെ. പിന്നെയാവാം എഴുത്തുകാരനും ചലച്ചിത്രകാരനും സാമൂഹ്യജീവിയുമൊക്കെ. കാരണം, സൃഷ്ടിയെക്കാൾ വലിയൊരു കർമ്മമാണ് സ്രഷ്ടാക്കളെ സൃഷ്ടിക്കുക എന്നത്.

        അദ്ദേഹത്തിന് മുമ്പും പിമ്പുമായി, വലുതും ചെറുതുമായി ഒട്ടേറെ എഴുത്തുകാർ നമ്മുടെ ഭാഷയിൽ ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാകുകയും ചെയ്യും. അതുപോലെതന്നെ ചലച്ചിത്രകാരന്മാരും. പക്ഷെ, ഏതാണ്ട് അര നൂറ്റാണ്ട് കാലത്തോളം ഒരു ഭാഷയിലെ കഥാസാഹിത്യത്തിന് കാവൽ നിൽക്കുക എന്ന നിയോഗം ഏറ്റെടുക്കേണ്ടിവന്ന ഒരാളെന്ന നിലയില്‍ വരുംകാല സാഹിത്യചരിത്രത്തിൽ അദ്ദേഹത്തിന് പൂർവ്വമാതൃകകളില്ലാത്ത പ്രത്യേകമൊരു സ്ഥാനം കൊടുക്കേണ്ടതല്ലേ?

        സാഹിത്യകാരന്മാരുടെ വഴികാട്ടിയായി മുമ്പൊരു കാലത്ത് ഒരു കേസരി ഉണ്ടായിരുന്നെങ്കിലും പണ്ഡിതനും ചിന്തകനും സൈദ്ധാന്തികനും ആയിരുന്ന അദ്ദേഹം സർഗാത്മക എഴുത്തുകാരനായിരുന്നില്ല. മാതൃഭൂമിയിലേക്ക് എന്‍.വി.യുടെയും എം.ടി.യുടെയും വരവോടെയാണ് സാഹിത്യ പത്രാധിപത്യം എന്ന സങ്കല്‍പ്പം തന്നെ സാകല്യാവസ്ഥയിലെത്തുന്നത്. ചിത്രകാരന്മാരായ എം.ഇ.ദേവനും നമ്പൂതിരിയും എ.എസ്.നായരും ഒപ്പംകൂടിയതോടെ ഭാരതീയ പ്രസാധനരംഗത്തുതന്നെ അത് അത്യപൂർവമായൊരു ഒത്തുചേരലായി മാറി.

        ഒരു തലമുറയിലെ, ഒരു കൂട്ടം എഴുത്തുകാരുടെ, രൂപീകരണത്തിൽ എവിടെയാണ് പത്രാധിപര്‍ കടന്നുവരുന്നത്? വെറും അവസരം കൊടുക്കലുകൾക്ക് അപ്പുറമായി അവിടെ സർഗ്ഗപരമായ ഇടപെടലുകൾ നടക്കുന്നുണ്ടോ? 'കുലപതി' എന്ന സ്വയം പ്രഖ്യാപിത റോള്‍ ഏറ്റെടുത്ത് പത്രാധിപത്യത്തെ മറ്റൊരു അധികാര കേന്ദ്രമാക്കി മാറ്റാനുള്ള പ്രലോഭനത്തെ എങ്ങനെയാണ് അയാൾ പ്രതിരോധിക്കുക?

        വ്യക്തിബന്ധങ്ങൾക്കുമേൽ സ്വാർത്ഥതാത്പര്യങ്ങള്‍ മുൻകൈ നേടുന്ന, അയല്‍ക്കാരനെക്കാൾ അയൽക്കാരന്‍റെ അയല്‍ക്കാരനും, അടുത്ത തലമുറയേക്കാൾ അതിനടുത്ത തലമുറയും പ്രിയങ്കരമാകുന്ന ഇന്നത്തെ ചുറ്റുപാടുകളിൽ എം.ടി എന്ന പത്രാധിപരുടെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ അടയാളപ്പെടുത്തേണ്ട ചുമതല നമുക്കുണ്ട്.

        രണ്ടു തലമുറകളിലെ രചനകൾ ഒരേ മനസ്സോടെ കൈകാര്യം ചെയ്യുക എന്നത് എളുപ്പമായ കാര്യമല്ല. പ്രത്യേകിച്ചും ആ കൃത്യത്തിൽ ഏർപ്പെടുന്നയാൾ സ്വയം ഒരു മുൻനിര എഴുത്തുകാരനും രചനയിൽ പ്രകടമായ ഇഷ്ടാനിഷ്ടങ്ങളും ഉള്ള ആളും ആകുമ്പോള്‍. ഇവിടെ എഴുത്തുകാരനായ പത്രാധിപർക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളികൾ ചെറുതല്ല. സന്തുലനത്തിന്‍റെ, സമന്വയത്തിന്‍റെ, ഒത്തുതീർപ്പുകളുടെ പാത സ്വീകരിക്കേണ്ടി വരുമ്പോഴൊക്കെ അയാള്‍ക്ക് ഒരുപാട് സ്വയം വിമർശനങ്ങൾക്ക് വഴങ്ങേണ്ടിവരുന്നു. എന്തായാലും, എഴുത്തിന്‍റെ, വായനയുടെ, സംവേദനത്തിന്‍റെ, തലങ്ങളിൽ നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന ജൈവപരമായ പരിണാമങ്ങളോട് ഇഴചേർന്നുകൊണ്ട് സ്വന്തം ഭാഷയിലെ രചനകളെയും പരുവപ്പെടുത്തുക എന്ന ചരിത്രപരമായ ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു എം.ടി. ഗൗരവപൂർവമായ സാഹിത്യം കൈകാര്യം ചെയ്തിരുന്ന ഒരേയൊരു പ്രസിദ്ധീകരണത്തിന്‍റെ അമരക്കാരൻ എന്ന നിലയിൽ ഉത്തരവാദിത്വത്തിന്‍റെ ഭാരവും വലിപ്പവും ഏറെ വലുതായിരുന്നുതാനും.

        പത്രാധിപരുടെ ഈ ക്ലേശകരമായ റോളിനെ മൂന്ന് ഘട്ടങ്ങളായി വേർതിരിച്ചുകാണാമെന്ന് തോന്നുന്നു:- കണ്ടെത്തൽ, ഒപ്പം നിൽക്കൽ, മുന്നോട്ടുകൊണ്ടുപോകല്‍.

        ആദ്യമായി ഈ കണ്ടെത്തലിന്‍റെ കാര്യം തന്നെയെടുക്കാം. മലയാളകഥ കാല്പനികതയുടെ മോഹവലയത്തിൽ, പ്രണയഭംഗങ്ങളുടെയും സ്വകാര്യ വിഷാദങ്ങളുടെയും ലോകത്ത് മയങ്ങിക്കിടന്നിരുന്ന കാലത്ത് നിത്യവും കയ്യിൽ വന്നുപെടുന്ന അസംഖ്യം കയ്യെഴുത്ത് പ്രതികളിൽനിന്ന് എം.പി.നാരായണപിള്ളയുടെ 'ജോര്‍ജ്ജ് ആറാമന്‍റെ കോടതി' എന്ന കഥ തെരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കും? അന്നത്തെ നടപ്പുശീലങ്ങളനുസരിച്ച് പത്രാധിപരുടെ ചവറ്റുകുട്ടയില്‍ത്തന്നെ അവസാനിക്കേണ്ട ആ കിറുക്കന്‍ കഥ എങ്ങനെ ആഴ്ചപ്പതിപ്പിന്‍റെ താളുകളിലെത്തി?

        തികച്ചും സാധാരണമെന്ന് ഇന്ന് തോന്നിയേക്കാമെങ്കിലും മാതൃഭൂമി പിന്തുടർന്നുപോന്നിരുന്ന യാഥാസ്ഥിതിക ശീലങ്ങളിൽ നിന്നുള്ള വലിയൊരു കുതറിമാറലായിരുന്നു അത്. അതേവരെയുണ്ടായിരുന്ന സകല സാഹിത്യ സങ്കല്‍പ്പങ്ങളെയും കീഴ്മേല്‍ മറിച്ചുകൊണ്ട് ആസ്വാദകന്‍റെ നെറുകയിൽ വന്നുവീണ ആ കഥ അക്കാലത്ത് ഉണ്ടാക്കിയ കോലാഹലങ്ങൾ ചെറുതായിരുന്നില്ല. ആ മുഴക്കമാകട്ടെ ഏറെക്കാലം നീണ്ടുനിൽക്കുകയും ചെയ്തു.

        ലോകസാഹിത്യത്തിലെ പുതിയ ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാളെന്ന നിലയിൽ തന്‍റെ കർമ്മമേഖല വ്യക്തമായി തിരിച്ചറിഞ്ഞ്, സ്വകീയമായ രുചിഭേദങ്ങളെ മാറ്റി നിറുത്തി, കാലം ആവശ്യപ്പെടുന്ന സാര്‍വലൌകികതയും ഭാവുകത്വ പരിണാമവും തന്‍റെ ഭാഷയിലേക്കും സാഹിത്യത്തിലേക്കും സംക്രമിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായിരുന്നു അത്. സാമാന്യമായ പത്രധർമ്മത്തിനപ്പുറമായി വ്യക്തമായ തിരിച്ചറിവും ഉള്‍ക്കാഴ്ചയും അതിന് പിറകിലുണ്ടായിരുന്നു.

        അങ്ങനെ മുൻതലമുറയിലെ പ്രമുഖനായ എഴുത്തുകാരൻ പിന്നീട് വന്ന ആധുനികതയുടെ പിറകിലുള്ള ചാലകശക്തിയായി മാറിയത് സ്വാഭാവികമായും പലരെയും ക്ഷോഭിപ്പിച്ചു. ഒരിക്കലും ഇളകാത്ത തങ്ങളുടെ സിംഹാസനങ്ങളെപ്പറ്റി പ്രത്യക്ഷമായി സൂചിപ്പിച്ചുകൊണ്ട് തകഴിയും കേശവദേവും ഓടിനടന്ന് പ്രസംഗിച്ചു കൊണ്ടിരുന്നപ്പോഴൊക്കെ അതൊന്നും ഗൗനിക്കാത്ത മട്ടിലായിരുന്നു പത്രാധിപര്‍. കാരണം, അദ്ദേഹത്തിന് തന്‍റെ നിലപാടുതറയെപ്പറ്റി വ്യക്തമായ ബോധ്യമുണ്ടായിരുന്നു. ചെറുപ്പക്കാരുമായുള്ള അടുത്ത ബന്ധം കൊണ്ടാകാം അദ്ദേഹത്തിന്‍റെ നോട്ടം എന്നും വരുംകാലങ്ങളിലായിരുന്നു. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകഗതിയനുസരിച്ച് തന്‍റെ ഭാഷയിലെ സാഹിത്യം അപ്പോഴും അരനൂറ്റാണ്ടെങ്കിലും പിറകിലാണെന്ന് അദ്ദേഹം വ്യക്തമായി തിരിച്ചറിഞ്ഞിരുന്നു.

        ആധുനികത കത്തിക്കയറിനിന്നിരുന്ന എഴുപതുകളില്‍, ഇളക്കം തട്ടാത്ത സിംഹാസനങ്ങളെപ്പറ്റിയുള്ള മുതിർന്നവരുടെ അവകാശവാദങ്ങളെപ്പറ്റിയുള്ള ചോദ്യത്തിന് ഒരു സ്വകാര്യസംഭാഷണത്തിൽ എം.ടി പറഞ്ഞത് ഓർമ്മയുണ്ട്: "ഒരുകാലത്തും ഒരു പരിഭ്രമം തോന്നിയിട്ടില്ല. ഇനിയൊട്ട് തോന്നാനും പോകുന്നില്ല." തന്‍റെ കാല്‍ച്ചുവട്ടിലെ മണ്ണിന്‍റെ ഉറപ്പിനെക്കുറിച്ച് വേണ്ടത്ര ധാരണയും ആത്മവിശ്വാസവുമുള്ള എഴുത്തുകാരനേ അങ്ങനെ പറയാനാകൂ. എന്തായാലും അന്നത്തെ പുതിയ എഴുത്തുകാരുടെ തലമുറ തിരശീലയ്ക്ക് പിറകിൽ വലിയൊരു സാന്നിധ്യമുള്ള അദ്ദേഹത്തിന്‍റെ നിൽപ്പ് കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. എറണാകുളത്തെ നർമ്മദാ പ്രസ്സിൽ അച്ചടിച്ചു പുറത്തിറക്കിയ ആദ്യ കഥാസമാഹാരം സമർപ്പിച്ചിരിക്കുന്നത് എം.ടി.യ്ക്കാണെന്ന് മാത്രമല്ല പല വേദികളിലും തന്‍റെ തലമുറയുടെ രൂപീകരണത്തിൽ അദ്ദേഹം വഹിച്ച പരോക്ഷമായ പങ്കിനെപ്പറ്റി തുറന്നു പറയാനുള്ള ആർജ്ജവം കാട്ടുകയും ചെയ്തിട്ടുണ്ട്.

        എഴുത്തുകാരനായ പത്രാധിപര്‍. പത്രാധിപരായ എഴുത്തുകാരൻ. തീർത്തും വ്യത്യസ്തമായ ഈ രണ്ടു റോളുകളും പരസ്പരം ഉരസുന്ന നിമിഷങ്ങളിൽ തന്‍റെ ചരിത്രപരമായ ദൗത്യത്തിന്‍റെ ഗൗരവം കൃത്യമായി തിരിച്ചറിഞ്ഞ് രണ്ടിനെയും വേറിട്ടുകാണാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പത്രാധിപരായിരുന്ന കാലത്ത് തന്‍റെ രചനകളോ അതേപ്പറ്റിയുള്ള പരാമർശങ്ങളോ ആഴ്ചപ്പതിപ്പിൽ കടന്നുവരാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

        തിരിഞ്ഞുനോക്കുമ്പോൾ, 45 വർഷങ്ങൾക്കുമുമ്പ്, സാഹിത്യത്തെപ്പറ്റി, കഥയെഴുത്തിനെപ്പറ്റി, കൃത്യമായ ബോധ്യങ്ങളൊന്നുമില്ലാതെ, ഡല്‍ഹിയിലെ ഒരു ബർസാത്തിയിലിരുന്ന് എന്തൊക്കെയോ കുത്തിക്കുറിച്ചുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥ ഓർമ്മവരുന്നു. ഒരു ഉത്തരേന്ത്യൻ വേനല്‍ക്കാലത്ത് ചൂട് വല്ലാതെ നെറുകയില്‍ കയറിയപ്പോൾ കുറിച്ചിട്ട ചില താളുകൾ പകർത്തിയെഴുതി മാതൃഭൂമി ആഴ്ചപ്പതിലേക്ക് അയയ്ക്കുകയെന്ന കടുംകൈ അയാൾ കാട്ടി. അതിന്‍റെ അന്ത്യം പത്രാധിപരുടെ ചവറ്റുകുട്ടയിൽത്തന്നെയെന്ന് നല്ല ഉറപ്പുള്ളതുകൊണ്ട് സ്റ്റാമ്പൊട്ടിച്ച മടക്കക്കവർ പാഴാക്കാൻ അയാളൊട്ടു മിനക്കെട്ടുമില്ല. ആഴ്ചതോറുമുള്ള ഈ രണ്ട് കഥകളുടെ വീതംവയ്പ്പില്‍ ഒന്ന് നാട്ടിലെ പഴയ തലമുറയ്ക്ക്, മറ്റേത് ഡൽഹിയിലെ തലതിരിഞ്ഞവർക്ക്- അങ്ങനെയായിരുന്നു അന്നത്തെ സമ്പ്രദായം. അങ്ങനെ മാസവിഹിതമായ നാലു കഥകളിൽ കടന്നുകൂടുക എന്നത് അസാധ്യമെന്ന് അയാൾക്ക് നന്നായറിയാമായിരുന്നു.

        പക്ഷേ, രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ പത്രാധിപരുടെ സ്വന്തം കൈപ്പടയിലുള്ള മറുപടി തപാലിലും ഒരു മാസത്തിനുള്ളിൽ നമ്പൂതിരിയുടെ ചിത്രത്തോടെ കഥ അച്ചടിച്ച വാരിക കൊണാട്ട് പ്ലേസിലെ മലയാളിക്കടയിലും വന്നെത്തിയപ്പോൾ തികച്ചും വിസ്മയകരമായൊരു ലോകത്തേക്ക് എടുത്തുയര്‍ത്തപ്പെട്ടതുപോലെ അയാൾക്ക് തോന്നി.

        ഇത് ഒരാളുടെ മാത്രം കഥയല്ല. ആ കാലഘട്ടത്തിലെ പലരുടെയും. അതിനു കാരണക്കാരനായതാകട്ടെ, എം.ടി. വാസുദേവൻ നായർ എന്ന, അധികം സംസാരിക്കാത്ത, അതുകൊണ്ടുതന്നെ അഹങ്കാരി എന്ന ദുഷ്പ്പേര് സമ്പാദിച്ച ഒരു പത്രാധിപരായിരുന്നു.

        രണ്ടു കൊല്ലത്തിനുശേഷം കോഴിക്കോട് ടൗൺഹാളിൽ വച്ചുനടന്ന പുസ്തകപ്രകാശനത്തിൽ വച്ചാണ് എം.ടി എന്ന പത്രാധിപരെ ഞാൻ ആദ്യമായി നേരിൽ കാണുന്നത്. അപ്പോഴേക്കും ഞാൻ വേറൊരു ജോലിയുമായി കേരളത്തിലേക്ക് മടങ്ങിയിരുന്നു. അന്നദ്ദേഹം പ്രകാശിപ്പിച്ച പുതിയ എഴുത്തുകാരുടെ പത്ത് കഥാസമാഹാരങ്ങളിൽ എന്‍റെ പുസ്തകവും ഉൾപ്പെട്ടിരുന്നു. തുടക്കക്കാരനായ എന്നെ സദസ്സിന് പരിചയപ്പെടുത്തുമ്പോൾ ഒരു കണ്ടെത്തലിന്‍റെ ഭാവം ആ മുഖത്ത് കാണാനായില്ല. മറിച്ച്, തന്‍റെ ചുമതല നിര്‍വഹിക്കുന്ന ഒരു കാരണവരുടെ ഗൗരവമായിരുന്നു അവിടെ. പക്ഷെ, എന്നെ സംബന്ധിച്ചിടത്തോളം അത് വലിയൊരു അനുഭവമായിരുന്നു. ആദ്യത്തെ കഥ തന്നെ മാതൃഭൂമിയിൽ വരിക, രണ്ടു കൊല്ലത്തിനുള്ളിൽ ഒരു സമാഹാരമിറങ്ങുക - ഇതൊക്കെ അസാധ്യമായിരുന്നു അക്കാലത്ത്.

        അദ്ദേഹത്തിന്‍റെ മേശപ്പുറത്ത് നിത്യവും തപാലിൽ വന്നെത്തുന്ന സാഹിത്യക്കൂമ്പാരങ്ങളുടെ സ്ഥിതി പിൽക്കാലത്ത് നേരിൽ കണ്ടപ്പോൾ ഞെട്ടിപ്പോയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഒന്ന് മാത്രമായിരുന്നില്ലേ എന്‍റെ കൈക്രിയയും? എന്‍റെ കൈയും അന്ന് കണ്ടെത്തപ്പെട്ടില്ലായിരുന്നെങ്കിൽ ഒടുങ്ങിപ്പോകുമായിരുന്നില്ലേ എന്‍റെ സാഹിത്യജീവിതം? എന്‍റെ മാത്രമല്ല, പില്‍ക്കാലത്ത് പ്രശസ്തരായ പത്തുപന്ത്രണ്ട് കഥാകൃത്തുക്കളുടെയെങ്കിലും. ഒരുപക്ഷെ, അവരിൽ പലർക്കും പിന്നീട് വേറെ ഏതെങ്കിലും വഴികൾ തുറന്നുകിട്ടിയെന്നുവരാം. പക്ഷെ, തക്കസമയത്ത് സാധ്യമാകുന്ന ഇത്തരം വലിയ ബ്രേക്കുകളിൽ നിന്ന് കിട്ടുന്ന ഊർജ്ജം ചെറുതല്ല.

        പിന്നീടൊരിക്കല്‍, വ്യക്തിപരമായി നല്ല അടുപ്പമായശേഷം ഈ കണ്ടെത്തലിന്‍റെ രഹസ്യത്തെപ്പറ്റി ഞാൻ അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. ഇത്രയും വലിയൊരു കൂമ്പാരത്തിൽ നിന്ന് എങ്ങനെ സാധ്യമാകുന്നു. ആ കണ്ടെത്തൽ? പതിവുപോലെ കനം കുറഞ്ഞ മീശയുടെ അറ്റം തിരുപ്പിടിച്ചുകൊണ്ട് ആ പത്രാധിപര്‍ പറഞ്ഞത് ഇപ്പോഴും നല്ല ഓർമ്മയുണ്ട്: 'ആദ്യത്തെ രണ്ടോ മൂന്നോ പാരഗ്രാഫ് വായിക്കുമ്പോഴേക്കും വ്യക്തമാകും. മുന്നോട്ടുപോകണോ വേണ്ടയോ എന്ന്.' വരികൾക്കിടയിൽ എവിടെയോ മറഞ്ഞിരിക്കുന്ന ആ 'പൊരി', ആ 'സ്പാർക്ക്' തിരിച്ചറിയാനുള്ള കണ്ണ് അദ്ദേഹത്തിനുണ്ടായിരുന്നു.

        എന്തായാലും, എനിക്കത് വലിയൊരു പാഠമായി. മൂന്നാം പാരയ്ക്കപ്പുറം വായനക്കാരനെ കൊണ്ടുപോകേണ്ട ചുമതല എഴുത്തുകാരനുതന്നെ. പില്‍ക്കാലത്ത് പുതിയ തലമുറയുടെ ചില ക്ലിഷ്ടമായ രചനകളിലൂടെ കടന്നുപോകുമ്പോഴെല്ലാം ലളിതമായ ഈ തത്ത്വം ഞാൻ ഓർത്തു പോകാറുണ്ട്.

        എഴുപതുകളിലെ സമ്പന്നമായ കോഴിക്കോടന്‍ സൗഹൃദസദസ്സുകൾ മറക്കാനാവുന്നില്ല. ഒഴിവുകിട്ടുമ്പോഴൊക്കെ കോഴിക്കോട്ടേക്ക് വണ്ടി പിടിച്ച് ആ കൂട്ടായ്മയിൽ ചെന്നിരിക്കുക എന്നത് വലിയൊരു അനുഭവമായിരുന്നു. എം.ടി, എൻ.പി, തിക്കോടിയൻ, പട്ടത്തുവിള, അരവിന്ദൻ.... എന്തൊരു അരങ്ങ്.

         ആയിടെ വായിച്ച ഏറ്റവും പുതിയ പുസ്തകത്തെപ്പറ്റി അവർ വാശിയോടെ ചർച്ച ചെയ്യുന്നത്, തർക്കിക്കുന്നത്, കൗതുകത്തോടെ കേട്ടുകൊണ്ടിരിക്കുമ്പോഴാണ് കാര്യമായ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ചെന്നുകയറിയ മഹാപ്രപഞ്ചത്തിന്‍റെ ആഴവും പരപ്പും വലിയൊരു തിരിച്ചറിവായി, ആധിയായി പിന്തുടരാൻ തുടങ്ങിയത്. ആ അരങ്ങിലെ ആചാര്യസ്ഥാനത്തിരുന്ന് വായിച്ച, വായിക്കേണ്ട പുസ്തകങ്ങളെപ്പറ്റി വിവരിക്കുമ്പോൾ അധികമൊന്നും സംസാരിക്കാത്ത എം.ടി വാചാലനാകാറുണ്ട്. ഒരുപക്ഷെ, എന്‍റെ ലക്ഷ്യമില്ലാത്ത വായനയ്ക്ക് ഒരു ചിട്ടയും ദിശയും കിട്ടിയത് ഈ കൂട്ടായ്മയിൽനിന്നാണ്. സമകാലീനരുടെ കൂട്ടത്തിൽ എം.ടി.യെപ്പോലെ ലോകസാഹിത്യവുമായി ഇത്രയേറെ ഗാഢമായി ബന്ധം പുലർത്തുന്ന സർഗാത്മക എഴുത്തുകാരനോ പത്രാധിപരോ കാണുമെന്ന് തോന്നുന്നില്ല. അതാകട്ടെ, വെറും വായനയിൽ ഒതുങ്ങുന്നതുമല്ല. അസാമാന്യമായ ഓർമ്മശക്തിയുടെ പിൻബലം കൊണ്ട് പണ്ടെന്നോ വായിച്ചത് ഓർത്തെടുത്തു പറയാനും അപഗ്രഥിക്കാനുമുള്ള ആ കഴിവ് പലപ്പോഴും എന്നെ വല്ലാതെ വിസ്മയിപ്പിച്ചിട്ടുണ്ട്.

        ജന്മസിദ്ധമായ ഈ വാസനാബലമാണ് പല തലമുറകളിലെ എഴുത്തുകാരെ ഒരേപോലെ പ്രചോദിപ്പിക്കുന്ന സാഹിത്യപത്രാധിപരെന്ന അത്യപൂർവമായ സ്ഥാനം നിലനിറുത്തുവാൻ അദ്ദേഹത്തെ സഹായിച്ചത്.

        നീണ്ട കാലത്തെ പരിചയത്തിനിടയില്‍ എന്‍റെ എഴുത്തിനെപ്പറ്റി ഒരിക്കലും എന്നോട് നേരിട്ട് പറഞ്ഞിട്ടില്ല. ചില മൂളലുകളിലൂടെ, കൈയാംഗ്യങ്ങളിലൂടെ എന്തെങ്കിലും സൂചന കിട്ടിയാലായി. എങ്ങനെ എഴുതണമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെങ്കിലും എങ്ങനെ എഴുതരുതെന്ന കാര്യത്തില്‍ അദ്ദേഹത്തിന്‍റെ മനസ്സ് വായിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുപോലെ ദീർഘസംഭാഷണങ്ങളിൽ പോലും മറ്റുള്ളവരുടെ എഴുത്തിനെപ്പറ്റി പറയാതിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. തന്നെ തുടർച്ചയായി പൊതുവേദികളിൽ ആക്രമിച്ചു കൊണ്ടിരുന്ന ഒരു മുതിർന്ന എഴുത്തുകാരനെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ ഒഴിഞ്ഞുമാറാനാണ് അദ്ദേഹം നോക്കാറ്.

        എഴുതിത്തെളിഞ്ഞശേഷം അയച്ച ഒരു കഥയാണ് എം.ടി ആദ്യമായി മടക്കി അയച്ചത്. അന്ന് പറഞ്ഞത് നല്ല ഓർമ്മയുണ്ട്:- 'ഇന്ന് നിങ്ങൾ എന്തെഴുതി അയച്ചാലും ഞങ്ങൾ പ്രസിദ്ധീകരിച്ചുവെന്നു വരും. അതുകൊണ്ട് സ്വന്തം രചനയുടെ ശുദ്ധി കാക്കേണ്ട ചുമതല അവനവനുതന്നെയാണ്. ഇത് കൈയ്യില്‍ വയ്ക്കുക. കുറേനാള്‍ കഴിഞ്ഞ് വീണ്ടും വായിച്ചു നോക്കിയിട്ട്, കൊള്ളാമെന്ന് തോന്നുന്നുവെങ്കിൽ അയച്ചുതരിക. തീർച്ചയായും പ്രസിദ്ധീകരിക്കാം.'

        കുറേനാള്‍ കഴിഞ്ഞ് ഒരിക്കല്‍ക്കൂടി വായിച്ചു നോക്കിയതോടെ വീണ്ടും അയയ്ക്കേണ്ട ഭാരം ഇല്ലാതായി.

        അതൊരു വലിയ പാഠമായിരുന്നു. എഴുത്തുകാരൻ സ്വയം കാത്തുവയ്ക്കേണ്ട ഗുണനിലവാരത്തെപ്പറ്റി ഒരു പത്രാധിപര്‍ ഓർമ്മപ്പെടുത്തുന്നു.

        എന്തായാലും ഒരു കാര്യം ഉറപ്പിച്ചു പറയാം: 'എം.ടി എന്ന പത്രാധിപര്‍ എനിക്കു തന്നത് പ്രോത്സാഹനമായിരുന്നില്ല; മറിച്ച്, ഉണര്‍വായിരുന്നു. അത് കിട്ടിയതാകട്ടെ അദ്ദേഹം പറയാതെ പറഞ്ഞ ഒട്ടേറെ കാര്യങ്ങളിലൂടെയായിരുന്നു.'

        എന്‍റെ സമകാലീനരില്‍ ചിലര്‍ അദ്ദേഹത്തെ ഗുരുവെന്ന് വിശേഷിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പ് തോന്നിയിട്ടില്ല. കാരണം, ആചാര്യ പീഠത്തില്‍ ഇരുത്തി, വിഗ്രഹമാക്കി ചുരുക്കിയാല്‍, ഒരു കാലഘട്ടത്തിന് മുഴുവൻ തണലായി എന്‍റെ ഉള്ളിൽ ഒരുകാലത്ത് പന്തലിച്ചു നിന്നിരുന്ന ആല്‍മരത്തിന് ഉണക്കം വീഴുമെന്ന് ഞാൻ ഭയപ്പെടുന്നു. ഗുരുവായില്ലെങ്കിലും എന്‍റെ എഴുത്തുജീവിതത്തിൽ ഉടനീളം അദ്ദേഹത്തിന്‍റെ അജ്ഞാന സാന്നിധ്യം അനുഭവിച്ചിട്ടുണ്ട്. കാരണം, എന്‍റെ എല്ലാ പ്രധാനപ്പെട്ട കഥകളും നോവലുകളും കടന്നുപോയിട്ടുള്ളത് ആ കൈകളിലൂടെയാണ്. നല്ലതും ചീത്തയുമായി ഞാൻ എഴുതിക്കൂട്ടുന്നതെല്ലാം ആദ്യം തൊടുന്നയാൾ അതിന്‍റെ ഉദാരതയിലൂടെ പകരുന്ന ചൈതന്യത്തെ ഗുരുത്വം എന്ന് വിശേഷിപ്പിക്കാമെങ്കിൽ അതെനിക്ക് ഏറെ വിലപ്പെട്ടതാണുതാനും. അതുകൊണ്ടുതന്നെ വിധേയത്വത്തിന്‍റെ ഭാരമില്ലാതെ എം.ടി എന്ന വ്യക്തിയെ അദ്ദേഹത്തിന്‍റെ എല്ലാ ശക്തിദൗര്‍ബല്യങ്ങളോടെയും സ്നേഹിക്കാനും ആദരിക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്.

        മുമ്പേ പറഞ്ഞ ആ കാരണവര്‍ സ്ഥാനം ഒരിക്കല്‍ക്കൂടി കാണാനായത് പലവിധ തിരക്കുകൾക്കിടയിലും എന്‍റെ രണ്ടു മക്കളുടെയും വിവാഹത്തിൽ പങ്കെടുക്കാൻ അദ്ദേഹം സമയം കണ്ടെത്തിയപ്പോഴാണ്.

        നേരനുഭവങ്ങള്‍ ഒരുപാടുണ്ട്. അവയില്‍ പലതും വ്യക്തിപരമായതുകൊണ്ട് അവയൊക്കെ ഒഴിവാക്കി എം.ടി എന്ന പത്രാധിപരിലേക്ക് ചുരുക്കുകയാണ് ഈ ലേഖനം.

        ഉള്ളിൽ ഏറെ നാളുകളായി ഊറിക്കിടന്നിരുന്ന ആശയത്തിന് ഒരു പാണ്ഡവപുരത്തിന്‍റെ ആകൃതി കൊടുക്കാനുള്ള നിമിത്തമായത് എം.ടിയുടെ പ്രേരണയായിരുന്നു. ഒരർത്ഥത്തിൽ അതൊരു വലിയ നിയോഗം കൂടിയായി; എനിക്കും അദ്ദേഹത്തിനും. എഴുപതുകളുടെ നടുവിൽ, ഒരു ഇടവേളയ്ക്കുശേഷം എം.ടി ആഴ്ചപ്പതിപ്പിൽ തിരിച്ചെത്തിയ കാലം. അന്ന് ഞാൻ തിരുവനന്തപുരത്തായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു ദിവസം ഓഫീസിലിരിക്കുമ്പോൾ പൊടുന്നനെ എം.ടിയുടെ ട്രങ്ക് കോള്‍ വരുന്നു: 'അന്തർജനത്തിന്‍റെ അഗ്നിസാക്ഷി തീരാന്‍ പോകുന്നു. പകരം കൊടുക്കാന്‍ പറ്റിയതൊന്നും ഇവിടെയില്ല. സേതു നോവല്‍ വല്ലതും എഴുതുന്നുണ്ടോ?'

        ഞാൻ ശരിക്കും നടുങ്ങിപ്പോയി. മാതൃഭൂമി നോവൽ ആവശ്യപ്പെടുന്നു! അതും താരതമ്യേന പുതിയൊരു എഴുത്തുകാരനോട്, കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. പക്ഷെ, മുമ്പൊന്നും ഇങ്ങനെ പറയാത്ത ആളുടെ സ്വരത്തിലെ നിർബന്ധഭാവം കാര്യത്തിന്‍റെ ഗൗരവം വെളിവാക്കി.

        കുറച്ചെഴുതി തൃപ്തിയാകാതെ മാറ്റിവച്ച നോവൽഭാഗത്തെപ്പറ്റി സൂചിപ്പിച്ചപ്പോൾ അത് തുടർന്നുകൂടേ എന്നായി അടുത്ത ചോദ്യം. അതായത് അഗ്നിസാക്ഷിക്ക് പകരം പ്രധാനപ്പെട്ട ഒരു നോവൽ വേണം. അത് ഞാൻ തന്നെ എഴുതുകയും വേണം.

        നോക്കാമെന്നുപറഞ്ഞ് അവസാനിപ്പിച്ചുവെങ്കിലും വളരെയേറെ ജനശ്രദ്ധ ആകർഷിച്ച അഗ്നിസാക്ഷിയെ പിന്തുടരേണ്ട നോവൽ എന്നത് വലിയൊരു ഭാരമായപ്പോൾ എന്‍റെ സ്വസ്ഥത നഷ്ടപ്പെട്ടു. എന്തെങ്കിലും ഒഴികഴിവ് പറഞ്ഞ് പിന്മാറിയാലോ എന്നായിരുന്നു ആദ്യത്തെ ആലോചന. എന്തോ, അതിന് മനസ്സ് വന്നില്ല. തീയതി വച്ച് നോവൽ എഴുതിക്കൊടുക്കാൻ കഴിവുള്ള എത്രയോ എഴുത്തുകാർ ഉണ്ടായിട്ടും അദ്ദേഹം എന്തിന് എന്നെ സമീപിച്ചു? എന്‍റെ ആദ്യ പത്രാധിപര്‍ എന്നില്‍ അര്‍പ്പിച്ച ആ വലിയ വിശ്വാസം എന്നെ വിനീതനാക്കി, കര്‍മ്മനിരതനാക്കി. ആ വലിയ തിരിച്ചറിവാകട്ടെ ഒരര്‍ത്ഥത്തില്‍ സേതു എന്ന എഴുത്തുകാരന്‍റെ മറുപിറവി കൂടിയായിരുന്നു.

        എന്തായാലും, അതൊരു വലിയ തുടക്കമായി. ആ നിമിഷം തൊട്ട് ഞാൻ തികച്ചും വേറൊരു ലോകത്തായി. അജ്ഞേയമായൊരു മായാവലയം എനിക്കു ചുറ്റും താനേ ഉയര്‍ന്നു. ദുരൂഹമായൊരു ഉള്‍പ്രേരണയുടെ പിൻബലത്തിൽ, ഞാൻ അജ്ഞാതമായ ഭൂഭാഗങ്ങളിലൂടെ ഒരു ദീർഘസഞ്ചാരത്തിൽ ഏർപ്പെടുകയായി. ഇടതടവില്ലാതെയുള്ള എഴുത്ത്. തട്ടിയും തടഞ്ഞും കിടന്ന രചനയ്ക്ക് താനേ ഒഴുക്കും ഓജസ്സും കിട്ടിയതുപോലെ.

        അങ്ങനെയായിരുന്നു പാണ്ഡവപുരത്തിന്‍റെ പിറവി. എന്‍റെ ചിത്രവുമായി ആഴ്ചപ്പതിപ്പിൽ പരസ്യം വരുമ്പോൾ അവർക്ക് നോവലിന്‍റെ  കയ്യെഴുത്തുപ്രതി കിട്ടിയിരുന്നില്ല. പിന്നീടാണ് ആദ്യത്തെ ചില അധ്യായങ്ങൾ എത്തിച്ചുകൊടുത്തത്. പുസ്തകമാക്കുന്നതിനുമുമ്പ് കുറെ മാറ്റിയെഴുതി, വെട്ടിയൊതുക്കി, നോവല്‍ ഒരു പരുവത്തിലാക്കിയെങ്കിലും ഇങ്ങനെയൊരു അനുഭവം എനിക്ക് ആദ്യമായിരുന്നു; ഒരുപക്ഷെ, അന്നത്തെ മാതൃഭൂമിയ്ക്കും. (പിന്നീട്, ഇതുപോലെ മറ്റൊരു അനുഭവമുണ്ടായത് കുങ്കുമത്തില്‍ മലയാറ്റൂരിന്‍റെ യന്ത്രം നിൽക്കാറായ സമയത്ത് ഇത്തരമൊരു ആവശ്യവുമായി പത്രാധിപരായ സാക്ഷാല്‍ ഉറൂബ് എന്നെ സമീപിച്ചപ്പോഴാണ്. എന്‍റെ എക്കാലത്തെയും വലിയ ആരാധ്യപുരുഷന്‍റെ മുമ്പില്‍ തോറ്റു കൊടുക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. തീരെ തയ്യാറെടുപ്പില്ലാതെ രൂപം കൊടുത്ത ആ നോവൽ വേണ്ടത്ര ശരിയായില്ലെന്നത് വേറൊരു കാര്യം.)

        മാതൃഭൂമി ഓണപ്പതിപ്പിലെ എഴുത്ത് അംഗീകാരത്തിന്‍റെ അവസാനവാക്കായി കണക്കാക്കപ്പെട്ടിരുന്ന കാലത്ത് വളരെ നേരത്തേതന്നെ എനിക്ക് അതിലേക്ക് പ്രവേശനം കിട്ടിയിരുന്നു. ഓണക്കാലമാകുമ്പോൾ ആ കത്തിനുവേണ്ടി ഞാൻ കാത്തിരിക്കാറുമുണ്ട്. വിശേഷാല്‍പ്രതികളിലെ എഴുത്തിനെപ്പറ്റി ചിലർ പരിഹാസപൂർവ്വം പറയുന്നതിനോട് എനിക്കൊരിക്കലും യോജിക്കാൻ കഴിഞ്ഞിട്ടില്ല. കാരണം, എന്‍റെ പല നല്ല കഥകളും വന്നിട്ടുള്ളത് വിശേഷാല്‍പ്രതികളിലാണ്. അതിനുപിറകില്‍ എം.ടി അടക്കമുള്ള ചില പത്രാധിപരുടെ സ്നേഹപൂർവ്വമായ നിർബന്ധങ്ങളുണ്ടായിരുന്നു. ഉള്ളില്‍ എന്നോ കുറിച്ചിട്ട, പല കാരണങ്ങൾകൊണ്ട് നീട്ടിക്കൊണ്ടുപോയ കഥാശകലങ്ങൾക്ക് കണിശമായ രൂപം കൊടുക്കുന്നതില്‍ ഇത്തരം ചില നിർബന്ധങ്ങളും ഡെഡ് ലൈനുകളും പ്രയോജനപ്പെടാറുണ്ട്.

        എന്‍റെ നോവലുകളിൽ തികച്ചും വ്യത്യസ്തമായ രചനയെന്ന് പല നല്ല വായനക്കാരും ചൂണ്ടിക്കാട്ടുന്ന കൈമുദ്രകളുടെ കൈയെഴുത്തുപ്രതിയിലൂടെ കടന്നുപോയശേഷം അദ്ദേഹം പറഞ്ഞത് 'ഇത് വായിക്കപ്പെടുക വരുംകാലങ്ങളിലായിരിക്കും' എന്നാണ്. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം അതിന്‍റെ  ആദ്യത്തെ അധ്യായം തുഞ്ചൻപറമ്പിലെ സ്മൃതിമണ്ഡപത്തിൽ വായിക്കുകയും ചെയ്തു. എന്തായാലും, അന്നത്തെ പറച്ചിലിൽ ഒരു പ്രവാചക സ്വഭാവം എനിക്ക് കാണാനായി. ആ നോവൽ വേണ്ടത്ര ശ്രദ്ധയോടെ വായിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ഉണ്ടായില്ല. അതുകൊണ്ടുതന്നെ ഏതോ ഒരുകാലത്ത് നടന്നേക്കാവുന്ന ഒരു ഗാഢമായ വായനയ്ക്കായി ആ പുസ്തകം കാത്തുവയ്ക്കുകയാണ് ഞാന്‍!

        കാരണം, അസാമാന്യമായ ദൂരക്കാഴ്ചയുള്ള ഈ പത്രാധിപരുടെ പ്രവചനങ്ങള്‍ തെറ്റാന്‍ വഴിയില്ല.

 

(J R പ്രസാദ് സമാഹരിച്ച്, D C BOOKS പ്രസിദ്ധീകരിച്ച 'പത്രാധിപര്‍ എംടി - M T THE EDITOR' എന്ന പുസ്തകത്തില്‍നിന്നുമെടുത്താണ് ഈ ഭാഗം ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

No comments: