ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിൻ
നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം;
ആരാദ്ധ്യനതോർത്തീടുകിൽ ഞങ്ങൾക്കവിടുന്നാം
നാരായണമൂർത്തേ! ഗുരു നാരായണമൂർത്തേ!
അൻപാർന്നവരുണ്ടോ പരവിജ്‌ഞാനികളുണ്ടോ
വൻപാകെ വെടിഞ്ഞുള്ളവരുണ്ടോയിതുപോലെ
മുൻപായി നിനച്ചൊക്കെയിലും ഞങ്ങൾ ഭജിപ്പൂ
നിൻപാവനപാദം ഗുരു നാരായണമൂർത്തേ!
അന്യർക്കു ഗുണം ചെയ്‌വതിന്നായുസ്സു വപുസ്സും
ധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ്‌വൂ;
സന്യാസികളില്ലിങ്ങനെയില്ലില്ലമിയന്നോർ
വന്യാശ്രമമേലുന്നവരും ശ്രീ ഗുരുമൂർത്തേ!
വാദങ്ങൾ ചെവിക്കൊണ്ടു മതപ്പോരുകൾ കണ്ടും
മോദസ്‌ഥിരനായങ്ങു വസിപ്പൂ മലപോലെ
വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവൻ താൻ
ഭേദാദികൾ കൈവിട്ടു ജയിപ്പൂ ഗുരുമൂർത്തേ!
മോഹാകുലരാം ഞങ്ങളെയങ്ങേടെയടിപ്പൂ
സ്നേഹാത്മകമാം പാശമതിൽക്കെട്ടിയിഴപ്പൂ;
ആഹാ ബഹുലക്ഷം ജനമങ്ങേത്തിരുനാമ-
വ്യാഹാരബലത്താൽ വിജയിപ്പൂ ഗുരുമൂർത്തേ!
അങ്ങേത്തിരുവുള്ളൂറിയൊരൻപിൻ വിനിയോഗം
ഞങ്ങൾക്കു ശുഭം ചേർത്തിടുമീ ഞങ്ങടെ 'യോഗം'
എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ
മങ്ങാതെ ചിരം നിൻ പുകൾപോൽ ശ്രീ ഗുരുമൂർത്തേ!
തൻപോലെയുറുമ്പാദിയെയും പാർത്തിടുമങ്ങേ-
ക്കൻപോടുലകർത്ഥിപ്പു ചിരായുസ്സു ദയാബ്ധേ!
മുൻപോൽ സുഖമായ് മേന്മ തൊടുന്നോർക്കരുളും കാൽ-
തുമ്പോടിനിയും വാഴ്ക ശതാബ്ദം ഗുരുമൂർത്തേ!
(1916ല്‍ എഴുതിയ ഈ കവിത, ശ്രീനാരായണ ഗുരുദേവനെ കുമാരനാശാന്‍ പ്രത്യക്ഷമായി പരാമര്‍ശിക്കുന്ന അപൂര്‍വ്വം രചനകളില്‍ ഒന്നാണ്.)
No comments:
Post a Comment