ഇരമ്പും പകൽച്ചൂടും പൊടിയും
ദാഹങ്ങളുമിരവേട്ടയും ക്രൗരങ്ങളുമൊഴിഞ്ഞും
ഒളിഞ്ഞും പതുങ്ങിയും നഗരം കടന്നേൻ ഞാൻ.
താന്തനായ്
നിശ്ചിന്തനായ്
നഗരപ്രാന്തത്തിലെ
ചെമ്മൺപാതയിലിറങ്ങീ ഞാൻ.
(ഭാഗ്യമാരുമേ പിന്തുടരുന്നീലിപ്പോളെന്നെ!)
പാതിവറ്റിയ ജീവനാഡികൾതോറും
ആ തിരമണം ചേർന്ന
വെൺ-
കുളിർ-
തെന്നൽ
നിറഞ്ഞും
ചുറ്റിപ്പിണഞ്ഞും
തളിർത്തും തഴയ്ക്കവെ,
ശാന്തവുമുദാരവുമായൊരെൻ വീട്ടിൽ
അഭയം പ്രാപിച്ചു ഞാൻ!
(ഹാവൂ, പിന്നിലില്ലാരും!)
സ്വേച്ഛമാമൊരു രാത്രിയും കൂടി
മോഷ്ടിച്ചു പാതാളത്തിൽനിന്ന്
സൂത്രത്തിൽ കൊണ്ടിങ്ങു പോന്നേൻ,
വിയർപ്പും പൊടിയുമായ്
ചളികെട്ടിയ ഫയൽക്കെട്ടുകൾ
ഇപ്പടിപ്പുരതൻ ചുമർപൊത്തിൽ
ഇറക്കിസ്സൂക്ഷിക്കട്ടെ.
ഇതിലുണ്ടേറെ കദ്രുപുത്രന്മാരുറങ്ങുന്നു.
നോട്ടുകൾ
താക്കീതുകൾ
വിശദീകരണങ്ങൾ...
(ശാന്തവുമുദാരവുമായ വീടശുദ്ധപ്പെടരുതല്ലോ!)
ചുട്ട കൽപ്പടവുകൾതോറും
മഞ്ഞുവീണുയരുന്ന ഗന്ധവും
കാട്ടുപൊന്തകളുടെ ശ്യാമച്ഛായയും
കുളത്തിലെ
സ്വച്ഛമാം ജലത്തിന്റെ കുളിരും-
ഞാനീ ശുദ്ധിയിൽ മുഴുകട്ടെ.
കത്തുമീ നിലവിളക്കിന്‍റെ
ശോണച്ഛായയിൽ
തിളങ്ങുമോട്ടുകിണ്ണത്തിലെ
ചൂടുകഞ്ഞിത,ന്നാവിയും
ചുന നീലിച്ച കണ്ണിമാങ്ങതൻ സ്വാദും
ഈറനാം ചുരുൾമുടിച്ചാർത്തിലെ
കൈതപ്പൂവിൻ ഗന്ധവും
കൈത്തണ്ടകളിലെ വർണ്ണരാജിയും
നിർദ്ദന്തമാം ശിശുവിന്‍റെ
വളയും ചുണ്ടിൽ പൂക്കും സ്മിതവും
ഉറങ്ങും കുഞ്ഞിൻ
കൺപോളകളിൽ
വിരിയും സംശുദ്ധിയും-
ഇതല്ലെങ്കിൽ സ്വർഗ്ഗമെന്തിനി വേറെ?
(മോഷ്ടിച്ച മുതലിന്റെ വിലയിന്നറിയുന്നു ഞാൻ).
No comments:
Post a Comment