Sunday, July 15, 2012

തെറ്റും തിരുത്തും

-എം ടി വാസുദേവന്‍‌ നായര്‍ 


   സ്കൂള്‍ വിട്ട് നേരെ നടന്നത് ഭരതയ്യരുടെ 'ഭാസ്കരവിലാസ'ത്തിലേക്കാണ്.പതിവില്‍ക്കവിഞ്ഞ ക്ഷീണമുണ്ടായിരുന്നു.'എക്സ്ട്രാ വര്‍ക്ക്' മുറയ്ക്കുപെട്ടതു കാരണം ഏഴു പിരിയഡും ജോലിയുണ്ടായിരുന്നു.ചൂടുള്ള കാപ്പി ഊതിക്കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് സമീപത്തുനിന്ന് ആരോ ചോദിക്കുന്നത്:
   "വാസുവല്ലേ ഇത്?"
   നോക്കിയപ്പോള്‍ കൃഷ്ണന്‍ മാസ്റ്റരാണ്!
   കൃഷ്ണന്‍ മാസ്റ്റരാണെന്നു മനസ്സിലാക്കാന്‍ ഒരു സമയം വേണ്ടി വന്നു.കാലത്തിനു മനുഷ്യശരീരത്തില്‍ അത്രയധികം പരിവര്‍ത്തനങ്ങള്‍ വരുത്താമല്ലോ...!എന്നാലും മാസ്റ്റരെന്നെ തിരിച്ചറിഞ്ഞു.
   "മാഷെവിടുന്നാ" 
   "ഗുരുവായൂര്ന്ന് വര്വാ.വണ്ടിക്ക് കുറച്ചുകഴീണന്നേ സാമി പറഞ്ഞത്."      
   ഞാന്‍ ഒരു കാപ്പിക്കുകൂടി ഓര്‍ഡര്‍ കൊടുത്ത് മാസ്റ്ററുടെ അടുത്തേക്ക് നീങ്ങിയിരുന്നു. 
   ''വന്നു കേറ്യപ്പളേ എനിക്ക് സംശയം തോന്നി.എട്ടുപത്ത്‌ കൊല്ലായില്ല്യേ കണ്ടിട്ട്?...''
   മാഷ്‌ ഉള്ളു തുറന്നു ചിരിച്ചു.
   ''ഞാന്‍ മാഷിരിക്കണേടത്തേയ്ക്കു നോക്കീല്ല്യ.''
   ശരിയാണ്.ഒമ്പതോ പത്തോ കൊല്ലങ്ങള്‍ക്കുമുമ്പ് കണ്ടതാണ്.ആ കാലം കൊണ്ട് എന്നില്‍ പല മാറ്റങ്ങളും വന്നിട്ടുണ്ടാകും.പക്ഷെ അതിലധികം മാറ്റങ്ങള്‍ കൃഷ്ണന്‍ മാസ്റ്ററിലാണ് വന്നു ചേര്‍ന്നിരിക്കുന്നത്.തടിച്ചുകൊഴുത്തിരുന്ന ആ ശരീരം വല്ലാതെ ചടച്ചിട്ടുണ്ട്.ദേഹത്തില്‍ അല്പാല്പം പിഞ്ഞിയ മുറിക്കയ്യന്‍ ഷര്‍ട്ടാണ്.വേഷ്ടി വയലറ്റു കരയിലുള്ളതു തന്നെ.എന്നാലും വല്ലാതെ മുഷിഞ്ഞിട്ടുണ്ട്. നെറ്റിയില്‍ ചന്ദനക്കുറി.തല പകുതിയിലധികം നരച്ചു കഴിഞ്ഞിരിക്കുന്നു.
   "ഇപ്പോള്‍ ഇവിടെയാണോ?" 
   "അതെ."
   "ഉദ്യോഗം?"
   "മാഷാണ്.ഹൈസ്കൂളില്‍."
   മാസ്റ്റര്‍ അദ്ഭുദത്തോടെ എന്നെയൊന്നു നോക്കി.
   "ആങ്ങ്ഹാ...!അപ്പോള്‍ ബി.ടി യൊക്കെ കഴിഞ്ഞോ?"
   "ഇല്ല.ബി.ടീ ക്കു പോണം."
   "കാണാറില്ലെങ്കിലും വിവരമൊക്കെ അന്വേഷിക്കാറുണ്ട്. നിങ്ങള്‍ക്കൊക്കെ ഭാവിയുണ്ട്."   ഞാന്‍ വെറുതെയൊന്നു മൂളുക മാത്രം ചെയ്തു.
   കാപ്പി വന്നു.മാസ്റ്റര്‍ കാപ്പി മോന്തിക്കുടിക്കുന്നതിനിടയ്ക്കു ചോദിച്ചു:
   "പണ്ടത്തെ സെറ്റുകാരുടെയൊക്കെ വിവരണ്ടോ?"
   "അപ്പുണ്ണിക്കു ക്ഷയമാണ്.മരിക്കയേ ഉള്ളുവെന്നാണ് കേട്ടത്...പാച്ചന്‍ മലയായിലാണത്രേ."
   "പാവം അപ്പുണ്ണി.ഒക്കെ എന്തുശിരുള്ള മക്കളായിരുന്നു!"
   "മാഷിപ്പോള്‍ ഏത് സ്കൂളിലാ?"
   മാസ്റ്റര്‍ സ്ഥലപ്പേരു പറഞ്ഞു.തുടര്‍ന്നു കുശലങ്ങള്‍ പലതും പറഞ്ഞു.മാസ്റ്റര്‍ക്കിപ്പോള്‍ ആറു കുട്ടികളുണ്ടത്രേ.അമ്മിണി മിസ്ട്രസ്സിനെപ്പറ്റി ചോദിക്കണമെന്നുണ്ടായിരുന്നു.പക്ഷെ ചോദിക്കാന്‍ ഒരു മടി.
   "ഇപ്പഴും സ്കൂളില്‍പ്പോവാന്‍ തോണി കടക്കണം. തോണീലിരിക്കുമ്പോള്‍ നിങ്ങളെ ഓര്‍മ്മവരാറുണ്ട്.വാസുവിന് ഓര്‍മ്മയില്ലേ?"
   "ഉണ്ട്,സര്‍."
   അപരാധ ബോധാത്താലാവനം എന്റെ സ്വരം താണിരുന്നു.മാസ്റ്ററോടു പലതും പറയണമെന്നുണ്ടായിരുന്നു. അഞ്ചു ശിഷ്യന്മാരുടെ പശ്ചാത്താപം,ഒരു തെര്‍മോഫ്ലാസ്കിന്റെ കഥ...അങ്ങിനെ പലതും...
   "വാസു അറിഞ്ഞോ...?"
   "എന്ത്?"
   "അമ്മിണി മിസ്ട്രസ്സ് മരിച്ചു."-
   തികച്ചും അപ്രതീക്ഷിതമായിരുന്നു ആ വാര്‍ത്ത.     
   "ഞാനറിഞ്ഞില്ല!എന്നേ..?"
   "നാലുകൊല്ലം മുന്‍പേ...ടൈഫോയഡായിരുന്നു."
   സ്റ്റേഷനില്‍ നിന്ന് വണ്ടി ബ്ലോക്കായതറിയിക്കുന്ന മണി മുഴങ്ങി.
മാസ്റ്റര്‍ സഞ്ചിയും കുടയുമെടുത്ത് പോകാനൊരുങ്ങി.
   "അപ്പോ...ഞാന്‍ പോകട്ടെ...ഇന്യെപ്പഴെങ്കിലും ഇങ്ങനെ കാണാം..."
   എനിക്ക് പറയാനുണ്ടായിരുന്നു.പക്ഷെ വാക്കുകള്‍ കിട്ടിയില്ല.
   "ഓര്‍മ്മയുണ്ടായിരിക്ക്യാ..."
   ഞാന്‍ കൈകൂപ്പി നിശ്ശബ്ദം യാത്ര പറഞ്ഞു.
   റോഡരികിലൂടെ ലോഡ്ജിനെ ലക്ഷ്യമാക്കി നടക്കുമ്പോള്‍ ഞാന്‍ പലതും ഓര്‍ത്തുപോയി...
   ഒമ്പതു കൊല്ലങ്ങള്‍ക്കുശേഷം മാസ്റ്ററെ വീണ്ടും കാണുകയാണ്. വേദനയൂറുന്ന സ്മരണകള്‍ പലതും ഹൃദയത്തില്‍ നുരഞ്ഞു പൊങ്ങുകകയാണ്.പിന്നെ,ആ പാവപ്പെട്ട അമ്മിണിമിസ്ട്രസ്സ്!അവരുടെ ആത്മാവിനു ഞാന്‍ നിത്യശാന്തി നേരുന്നു.
   അന്നത്തെ കൃഷ്ണന്‍മാസ്റ്റര്‍ ക്ലാസ്സിലെ പോക്കിരിസംഘത്തെ വിറപ്പിച്ചിരുന്ന ഒരു സിംഹക്കുട്ടനായിരുന്നു.ഇന്നോ!താങ്ങാനാവാത്ത കുടുംബഭാരവും ജീവിതക്ലേശങ്ങളും ഞെരുക്കിയൊടിച്ച ഒരു പാവപ്പെട്ട മനുഷ്യന്‍...
   ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുകയാണ്.
   വീട്ടില്‍ നിന്ന് രണ്ടു നാഴിക ദൂരെ ഒരു ഹയര്‍ എലിമെണ്ടറി സ്കൂളുണ്ട്.ചുറ്റുപാടില്‍ അങ്ങനെയൊരു വിദ്യാഭ്യാസ സ്ഥാപനം മാത്രമേയുള്ളൂ.പുഴയുടെ മറുകരയ്ക്കാണ് സ്ക്കൂള്‍.
   എനിക്കന്നു പതിനഞ്ചു വയസ്സു പ്രായമാണ്. പ്രായത്തെക്കവിഞ്ഞ വളര്‍ച്ചയുണ്ട്.ക്ലാസ്സിലെ കാരണവന്മാരില്‍ ഒരാളായി ഞാനും എണ്ണപ്പെട്ടിരുന്നു.   
   മുതിര്‍ന്ന കുട്ടികളായ ഞങ്ങള്‍ അഞ്ചു പേര്‍ക്ക് ഒരു സെറ്റുണ്ടായിരുന്നു.അപ്പുണ്ണിയായിരുന്നു ആ സംഘത്തിന്റെ അനിഷേധ്യനേതാവ്.'പോക്കിരിസെറ്റെ'ന്ന പേരിലാണ് ഞങ്ങളുടെ സംഘടന അറിയപ്പെട്ടിരുന്നത്.ക്ലാസ്സിലെ ഏറ്റവും പുറകിലുള്ള രണ്ടു ബഞ്ചുകളിലാണ് ഞങ്ങള്‍ ഇരിക്കുക. മുന്‍വശത്തെ  ബഞ്ചുകളിലെ പിള്ളേരുടെ തലയ്ക്കു ചൊട്ടാനും മാസ്റ്ററില്ലാത്ത സമയത്ത് പെണ്‍കുട്ടികളുടെ തലയ്ക്കുമീതെ പോകത്തക്കവിധം വിമാനം പരപ്പിക്കാനും മറ്റും ആ സ്ഥാനമാണ് സൗകര്യം.
   സംഘത്തിനു വ്യക്തമായ ഒരു പരിപാടിയുണ്ടായിരുന്നു. വിദ്യാര്‍ത്ഥിനികള്‍ക്കും അധ്യാപകന്മാര്‍ക്കും അവരര്‍ഹിക്കുന്ന ചില ഓമനപ്പേരുകള്‍ കൊടുക്കുക.കൂട്ടത്തില്‍ പറയട്ടെ, അന്നത്തെ 'പൂത്താങ്കീരി'യും 'വെളിച്ചപ്പാ'ടും 'ഒണക്കലും' മറ്റും,ഇന്ന് നാലും അഞ്ചും കുഞ്ഞുങ്ങളുടെ അമ്മമാരാണ്.
   വിദ്യാര്‍ത്ഥികളില്‍ സംഘത്തിന്റെ പൊതുപ്രവര്‍ത്തനത്തിനു തടസ്സമായി നില്‍ക്കുന്നവരെ ശിക്ഷിക്കാന്‍ നിയമമുണ്ടായിരുന്നു.അതറിയുന്നവരാണ് വിദ്യാര്‍ത്ഥികളിലധികം പേരും.അതുകൊണ്ട് എല്ലാവരും ഞങ്ങളുടെ അവകാശങ്ങളെ വകവച്ചുതന്നിരുന്നു.
   അധ്യാപകന്മാര്‍ ഞങ്ങളുടെ പൊതുശത്രുക്കളായിരുന്നു. ക്ലാസ്സില്‍വച്ച് അധ്യാപകന്മാരുമായി വഴക്കുകൂടാത്ത ദിവസമില്ല. അടിയും പുറത്താക്കലും വളരെ സാധാരണമാണ്. ഗുരുതരമായ കേസ്സുകള്‍ നാലഞ്ചെണ്ണമെങ്കിലും ആഴ്ചയിലുണ്ടാവാതിരിക്കില്ല. പെണ്‍കുട്ടികളുടെ പുസ്തകത്തില്‍ പ്രത്യക്ഷപ്പെടുന്ന പ്രേമലേഖനങ്ങള്‍, വിദ്യാര്‍ത്ഥികളുമായുള്ള സായുധസമരങ്ങള്‍, ബോര്‍ഡില്‍ പ്രത്യക്ഷപ്പെടാറുള്ള പ്രണയത്തിന്റേതായ ചില ഫോര്‍മുലകള്‍...അങ്ങിനെ കാരണങ്ങള്‍ സുലഭമായിരുന്നു.
   ഞാനും ഭാസ്കരനും അവരാനും കേവലം ആജ്ഞാനുവര്‍ത്തികള്‍ മാത്രമായിരുന്നു.നേതാവായി അപ്പുണ്ണിയും 'ആനപ്പാച്ചന്‍' എന്നാ പേരില്‍ അറിയപ്പെട്ടിരുന്ന പരമേശ്വരനുമായിരുന്നു പ്രധാനികള്‍.അവര്‍ കല്‍പ്പിക്കുന്നതെന്തും ഞങ്ങള്‍ക്ക് അനുസരിക്കാതെ നിവൃത്തിയില്ല.കാരണം,ആനപ്പാച്ചന്റെ മടക്കിപ്പിടിച്ച ഇടി സുപ്രസിദ്ധമാണ്.യാതൊരും ദയയുംകൂടാതെ നേതാവ് അപ്പുണ്ണി വിധിയും പറയും:'കൊടുക്കടാ പാച്ചാ...!'
   ആ പരിതസ്ഥിതിയില്‍ അവര്‍ കല്‍പ്പിക്കുന്നതെന്തും അനുസരിക്കുകയേ ഞങ്ങള്‍ക്ക് നിവൃത്തിയുള്ളൂ.
   അപ്പുണ്ണിക്ക് അന്ന് ഇരുപതുവയസ്സ് പ്രായമുണ്ട്. ഹെഡ്മാസ്റ്ററൊഴികെ മറ്റാരും അവനെ അടിക്കാന്‍ ധൈര്യപ്പെട്ടില്ല.അവന്‍ പഠിപ്പ് അത്ര സാരമായി കണക്കാക്കിയിരുന്നില്ല്ല.അതിലും പ്രധാനമായ കാര്യങ്ങള്‍ പലതും അവനു ചെയ്യാനുണ്ട്!
    ഒരിക്കല്‍ മലയാളം പഠിപ്പിക്കുന്ന വിദ്വാന്‍ മാസ്റ്റര്‍ അടിക്കാന്‍ കയ്യോങ്ങിയപ്പോള്‍ അപ്പുണ്ണി ശാന്തമായി പറഞ്ഞു:
   "മാഷേ,തടിതൊട്ട് കളിക്കണ്ട."
   മാസ്റ്റര്‍ ചൂളിപ്പോയി.എന്നാലും ധൈര്യംവിടാതെ ചോദിച്ചു:
   "എന്തെടാ അടിച്ചാല്‍?"
   "അതപ്പോള്‍ കാണാം."
   മാസ്റ്റര്‍ വിയര്‍ത്തുപോയി.
   "പഠിക്കാനല്ലേ ക്ലാസ്സില്‍ വരുന്നത്?"
   "പഠിക്കാനല്ല.നഷ്ടം മാഷക്കല്ലല്ലോ?"
   മാസ്റ്റര്‍ അടങ്ങി.
   പോക്കിരിസംഘത്തിന്റെ വിജയപതാകയാണ് അന്ന് അപ്പുണ്ണി ഉയര്‍ത്തിയത്.
   അപ്പുണ്ണിയെക്കാളും ഞാന്‍ ഭയപ്പെട്ടിരുന്നത് ആനപ്പാച്ചനെയാണ്.അവന്റെ തടിമിടുക്കു മുഴുവന്‍ അവന്‍ തന്റെ ഇടിയില്‍ കാണിക്കാറുണ്ട്. 
   ആയിടയ്ക്കാണ് കൃഷ്ണന്‍മാസ്റ്റര്‍ വന്നത്.'നരിച്ചീറെ'ണ്ണ പേരിലറിയപ്പെട്ടിരുന്ന കിഴവന്‍ സ്വാമിക്ക് പകരമാണ് കൃഷ്ണന്‍ മാസ്റ്റര്‍ വന്നത്.
   കണക്കുക്ലാസ്സില്‍ 'ചടപട'യെന്ന് ഒതുക്കുകള്‍ ചാടിക്കയറി മാസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.അലക്കിത്തേച്ച ഷര്‍ട്ടും മുണ്ടും. രണ്ടാംമുണ്ട് കോടിയാണ്.ചീകി മിനുക്കിയ തലമുടി.കാലില്‍ കരയുന്ന ചെരുപ്പ്.കാഴ്ചയില്‍ ഒരു മുപ്പതുവയസ്സ് തോന്നും.
   മാസ്റ്റര്‍ ഗൌരവത്തില്‍ കസേരയുടെ കൈ പിടിച്ചുകൊണ്ട് നിന്ന് ക്ളാസ്സിലൊട്ടാകെയൊന്നു കണ്ണോടിച്ചു.
തലയുയര്‍ത്തിപ്പിടിച്ചുകൊണ്ട് പട്ടാളമുറയില്‍ മാസ്റ്റര്‍ ഞങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അപ്പുണ്ണി ഞങ്ങളെ അര്‍ത്ഥം വച്ചൊന്നു നോക്കി.ഒരു കൊട്ട ചിരട്ട ചൊരിഞ്ഞ പോലെ ഞങ്ങള്‍ ഒന്നിച്ചൊരു ചിരി പാസാക്കി. 
   "സിറ്റ് ഡൌണ്‍."
   എല്ലാവരും ഇരുന്നു.
   മാസ്റ്ററുടെ ശബ്ദം ഉയര്‍ന്നു.
   "ഈ ക്ലാസ്സില്‍ കഴുതകളുണ്ടെന്നു ഞാന്‍ വിചാരിച്ചില്ല. മനുഷ്യരെ പഠിപ്പിക്കാനേ ഞാന്‍ പഠിച്ചിട്ടുള്ളു."
   പുറകിലെ ബഞ്ചിലൊരിടത്തുനിന്ന് ഒരു ശബ്ദം പൊങ്ങി:
   "എന്നാല്‍ കുത്തനെ നടക്കാം."
   "ആരാണാ പറഞ്ഞ വീരന്‍?"
   ഉത്തരമില്ല.
   "ആണത്തമുള്ളവരാണെങ്കില്‍ കാണട്ടെ.ആരാണ്?"
   "ഞാനാണ് സാര്‍."
   അപ്പുണ്ണി ഒരു വെല്ലുവിളിപോലെ എഴുന്നേറ്റു നിന്നു.
   "എന്താ പറഞ്ഞത്?"
   "മാഷ്‌ പറഞ്ഞു,പഠിപ്പിക്കാന്‍ വയ്യാന്ന്...അപ്പോള്‍..."
   അപ്പുണ്ണി തലയൊന്നു ചൊറിഞ്ഞ്,ഒരു വിനയഭാവമഭിനയിച്ചു...ക്ലാസ്സില്‍ ഒരു ചിരി വ്യാപിച്ചു.
   "എന്നോട് കല്‍പ്പിക്കാന്‍ താനാരാ?"
   "മാഷന്ന്യല്ലേ പറഞ്ഞത് പഠിപ്പിക്കാനറിയില്ലാന്ന്."
   "എടോ,കഴുതകളെ പഠിപ്പിക്കാനറിയില്ലാന്നാ പറഞ്ഞത്.താന്‍ കഴുതയാണോ?"
   നിശ്ശബ്ദത.അപ്പുണ്ണിക്ക് ഉത്തരം മുട്ടിപ്പോയി.ക്ലാസ്സ് മുഴുവന്‍ മാസ്റ്ററുടെ വിജയത്തെ അംഗീകരിച്ച മട്ടാണ്.പുതിയ മാസ്റ്റര്‍ ആള്‍ ചില്ലറക്കാരനല്ല!
   ആനപ്പാച്ചന്‍,നേതാവിനെ സഹായിക്കാന്‍ ചാടിയെണീറ്റു.
   "സാര്‍!മാഷ്‌,വെറുതെ ആളെ അവമാനിക്കുകയാണ്."
   മാസ്റ്റര്‍ അവജ്ഞയോടെ അവനെ ഒന്നുനോക്കി.എന്നിട്ട് ചോദിച്ചു.
   "താന്‍ ഇയാളുടെ വക്കീലാണല്ലേ?ഫീസില്ലാത്ത വക്കീല്?"
   ആനപ്പാച്ചനും കൊമ്പുകുത്തി.
   "രണ്ടാളും ഇരിക്കിന്‍."
   അപ്പുണ്ണിയും ആനപ്പാച്ചനും ഇളിഭ്യതയോടെ ഇരുന്നു.പിന്നെ ആ പീരിയഡില്‍ കുഴപ്പമൊന്നുമുണ്ടായില്ല.മാസ്റ്റര്‍ കണക്കെടുത്തു.
   അപ്പുണ്ണിയെയും ആനപ്പാച്ചനെയും അവമാനിച്ചതില്‍ ഞങ്ങള്‍ക്ക് അടങ്ങാത്ത പ്രതിഷേധമുണ്ടായിരുന്നു. കൃഷ്ണന്‍മാസ്റ്ററെ നമ്പര്‍ വണ്‍ ശത്രുവായി പോക്കിരിസെറ്റ് അംഗീകരിച്ചു.
   കൃഷ്ണന്‍ മാസ്റ്റര്‍ കുട്ടികളെ അടിക്കില്ല.പക്ഷെ ആ നാക്കിനു കഠാരിയെക്കാളും മൂര്‍ച്ചയുണ്ട്.കുറിക്കുകൊള്ളുന്ന ആ പരിഹാസം ആത്മാവിലോളം ഇറങ്ങിച്ചെല്ലും.മാസ്റ്ററുടെ വാചാലതയുടെ മുമ്പില്‍ പലപ്പോഴും ഞങ്ങള്‍ മുട്ടുകുത്തിപ്പോകും.എങ്കിലും ഞങ്ങള്‍ കീഴടങ്ങാന്‍ ഭാവമില്ലായിരുന്നു.
   ഞങ്ങളും കൃഷ്ണന്‍ മാസ്റ്ററും തമ്മിലുള്ള സമരം കുട്ടികള്‍ക്ക് രസിക്കാന്‍ വകയുണ്ടാക്കിക്കൊടുത്തു. ക്രമേണ മറ്റുള്ളവരുടെ കണ്ണില്‍ ഞങ്ങള്‍ക്കുണ്ടായിരുന്ന സ്ഥാനം താഴുന്നില്ലേ എന്നൊരു ഭയവും.
   കാര്യം ഗൌരവമാവുകയാണ്.മാസ്റ്റര്‍ ഞങ്ങളെ പരിഹസിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ആര്‍ത്തു ചിരിക്കുന്നു!പോരെ കുഴപ്പം?
   ക്ലാസ്സില്‍ അനങ്ങാതിരുന്നാല്‍ കുഴപ്പമില്ലല്ലോ എന്നോര്‍ത്ത്, പഴയ പാരമ്പര്യത്തെ വിസ്മരിച്ചുകൊണ്ട് ഞങ്ങള്‍ നിശ്ശബ്ദരായി നോക്കി.പക്ഷെ മാസ്റ്റര്‍ വിട്ടില്ല.സമരം തീര്‍ന്നിട്ടില്ലാത്തപോലെ,നിഗൂഡമായ വെല്ലുവിളിയെന്നോണം ,ചോദിക്കും:"എന്താ മാന്യന്മാര്‍ തളര്‍ന്നു പോയോ?"
   ഞങ്ങളുടെ അമര്‍ഷം വര്‍ദ്ധിച്ചുവന്നു.എല്ലാവരും ഈ പ്രശ്നത്തെപ്പറ്റി തലപുകഞ്ഞാലോചിച്ചു.'മാസ്റ്ററെ അങ്ങനെ വെറുതെ വിട്ടുകൂടാ'.എല്ലാവരും അതിനോടു യോജിക്കുന്നവരാണ്.പക്ഷെ എന്താണ് ചെയ്യേണ്ടത്?
   കുഴഞ്ഞുമറിഞ്ഞുകിടക്കുകയായിരുന്ന ആ പ്രശ്നത്തിനു പൊടുന്നനെ ഒരു പരിഹാരമുണ്ടായി.
   അവറാന്‍ ഒരു ദിവസം ഉച്ചയ്ക്ക് സംഘത്തിന്റെ മുമ്പാകെ പ്രഖ്യാപിച്ചു:
   "കൂട്ടരേ,വയി കണ്ടു."                    
   എല്ലാവരുടെയും മുഖം വികസിച്ചു.അവറാന്റെ തല നിറച്ചും കളിമണ്ണാണെന്ന വിശ്വാസം തെറ്റാണ്!
   "കാര്യം പറ."
   എല്ലാരും തിരക്കുകൂട്ടി.
   "നില്‍ക്ക്.ഒരു ബീഡി കാട്ട്."
   ആനപ്പാച്ചന്‍ അവറാന് ബീഡി സത്കരിച്ചു.
   'തമാശ കേള്‍ക്കണോ?കൃഷ്ണന്‍മാഷും അമ്മിണിമിസ്ട്രസ്സും കൂടി ഇത്തിരി...ദിലാണ്.'
   അമ്മിണി മിസ്ട്രസ്സ് സ്കൂളില്‍ ആകെയുള്ള 'ടീച്ചറാ'ണ്. അവര്‍ക്ക് ചെറുപ്പമാണ്.ദൌര്‍ഭാഗ്യത്തിന് ഞങ്ങള്‍ക്കവരുടെ ക്ലാസ്സൊന്നുമില്ലായിരുന്നു.
   'ആരു പറഞ്ഞെടാ?'
   എല്ലാര്‍വര്‍ക്കും സ്പിരിട്ടു കയറി.
   'അവറാന്‍ പറേണ്.കാര്യം നേരാ.ബേണെങ്ങി തെളിവുണ്ട്...'
തെളിവുകള്‍ ഹാജരാക്കപ്പെട്ടു.ഒന്ന്:ഉച്ചക്കും ഇന്റര്‍വെല്‍ സമയങ്ങളിലും കൃഷ്ണന്‍മാസ്റ്ററും അമ്മിണിമിസ്ട്രസ്സും തമ്മില്‍ സംസാരിക്കുന്നത് അവറാന്‍ കണ്ടിട്ടുണ്ട്. രണ്ട്: സാധാരണയായി മാസ്റ്റര്‍മാരില്‍ ആരുമായും സംസാരിക്കാത്ത അമ്മിണി മിസ്ട്രസ്സ് ഇത്രയും ലോഗ്യം കൂടുന്നതില്‍ എന്തോ ഉണ്ട്.മൂന്ന്:കഴിഞ്ഞ ശനിയാഴ്ച അമ്മിണി മിസ്ട്രസ്സിന്റെ പടിക്കലൂടെ വൈകുന്നേരം പോയിരുന്ന കുപ്പായക്കാരന്‍, അവറാന്റെയും ആനപ്പാച്ചന്റെയും പൊതുസുഹൃത്തായ ബീഡിതെറുപ്പുകാരന്‍ കുഞ്ഞാലിയുടെ അറിവില്‍, കൃഷ്ണന്‍മാസ്റ്ററാണ്.
   തെളിവുകള്‍ തൃപ്തികരമായി തോന്നി.
   അമ്മിണി മിസ്ട്രസ്സും കൃഷ്ണന്‍ മാസ്റ്ററും തമ്മിലുണ്ടെന്നു പറയപ്പെടുന്ന രഹസ്യബന്ധത്തിനു വലിയ പ്രസിദ്ധി കൊടുക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.അത് മാസ്റ്റര്‍ക്കൊരിടിവാകും.
   രണ്ടുദിവസം കൊണ്ട് സ്കൂളിനകത്തും പുറത്തും അതു പരസ്യമായി.പല സംഭവങ്ങള്‍ക്കും താന്‍ ദൃക്സാക്ഷിയാണെന്നു കൂടി അവറാന്‍ പടച്ചവനെ വിളിച്ച് സത്യം ചെയ്തു.
   പാഠപുസ്തകത്തില്‍ നിന്നെടുത്ത ഒരീരടിയെ ഭാസ്കരന്‍ എളുപ്പത്തില്‍ പാരഡിയാക്കി.
   'കൃഷ്ണനൊരുന്നാളമ്മിണിമേലൊരു
   തൃഷ്ണ ഭവിച്ചു വളഞ്ഞു വശായി...'
   പിറുപിറുപ്പുകള്‍ മാസ്റ്ററുടെ കാതിലും എത്താതിരുന്നില്ല. മാസ്റ്റര്‍ കേട്ടില്ലെന്നു നടിച്ചു.
   പക്ഷെ കൃഷ്ണന്‍ മാസ്റ്ററുടെ ക്ഷമ ഒരു ദിവസം നശിക്കുക തന്നെ ചെയ്തു.നാലുമണിക്ക് ശേഷം ഗെയിറ്റില്‍നിന്ന്, അമ്മിണി മിസ്ട്രസ്സ് കടന്നുപോവുമ്പോള്‍ അപ്പുണ്ണിയും ആനപ്പാച്ചനും ചേര്‍ന്നുപാടി.
   'കൃഷ്ണനൊരുന്നാള്‍...'
   ഞങ്ങള്‍ കിങ്കരന്മാരെപ്പോലെ സമീപത്തു തന്നെ ഉണ്ടായിരുന്നു.
   അമ്മിണി മിസ്ട്രസ് തിരിഞ്ഞു നോക്കിയപ്പോള്‍ എല്ലാവരും ചേര്‍ന്നൊരു ചിരി.
   മിസ്ട്രസ്സിന്റെ മുഖം മങ്ങി.കണ്ണുകള്‍ തുടച്ചുകൊണ്ടാണവര്‍ നടന്നത്.
   അപ്പോഴാണ്‌ സംഹാരരുദ്രനെപ്പോലെ കൃഷ്ണന്‍മാസ്റ്റര്‍ ഞങ്ങളുടെ മുമ്പില്‍ ചാടിവീണത്.
   'ആണ്‍കുട്ടികളാണെന്നു പറഞ്ഞാല്‍ പോരെടാ,ആണത്തം വേണം.പെണ്ണുങ്ങള്‍ പോകുമ്പോള്‍ കൂക്കി വിളിക്കാനേ നിങ്ങള്‍ക്കാവൂ.'
   'ഹ...ഹ...ഹ...'
   ഞങ്ങള്‍ വീണ്ടും ചിരിച്ചു.മാസ്റ്റര്‍ പറഞ്ഞതെല്ലാം ആ ചിരിയില്‍ ചോര്‍ന്നുപോയി.
   അടുത്ത ദിവസം ഞങ്ങള്‍ അഞ്ചുപേരെ ഓഫീസ്റൂമിലേക്ക്‌ വിളിച്ചു.
   ഹെഡ്മാസ്റ്റര്‍ അധികമൊന്നും വിസ്തരിച്ചില്ല.
   'മേലില്‍ ഇങ്ങനെ വല്ലതും കേട്ടാല്‍ ഡിസ്മിസ് ചെയ്യും.ഓര്‍ത്തുകൊള്ളിന്‍.കൈനീട്ട്...'വഴിക്ക് വഴിയായി കൈകള്‍ നീണ്ടു.
   രണ്ടു കൈയ്യിലുമായി ഓരോരുത്തര്‍ക്കും പന്ത്രണ്ടെണ്ണം വീതം കിട്ടി.എന്റെയും ഭാസ്കരന്റെയും മാത്രം കണ്ണില്‍ വെള്ളംനിറഞ്ഞു.വേദന ചവച്ചിറക്കിക്കൊണ്ട് ഞങ്ങള്‍ ക്ലാസ്സിലേക്ക് പോകുമ്പോള്‍ കൃഷ്ണന്‍മാസ്റ്റര്‍ വരാന്തയുടെ അറ്റത്തുനിന്ന് ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. അമര്‍ഷത്തോടെയല്ല, അവജ്ഞയോടെ...
   ഉച്ചക്ക് ചായകുടിയും ബീടിവലിയും കഴിഞ്ഞ് ഇരിക്കുമ്പോള്‍ ചുവന്നുവിങ്ങിയ കൈപ്പത്തി തടവിക്കൊണ്ട് ആനപ്പാച്ചന്‍ പ്രഖ്യാപിച്ചു:
   'ഉയിര് പോയാലും ശരി,ഞാനേഡ് മാഷേ കാച്ചും.' 
എന്നിട്ട് അഭിപ്രായമറിയാന്‍ നേതാവിന്റെ മുഖത്തുനോക്കി. 
   'അത്രയ്ക്ക് ധൈര്യമുണ്ടോ?'
   'ഉണ്ട്!'
   'എന്നാല്‍ കാച്ചേണ്ടത് ഹേഡ്മാഷേയല്ല.ഒക്കേറ്റിനും കാരണം ആ....'
   അപ്പുണ്ണി പല്ലു കടിച്ചു.
   അപ്പുണ്ണിയും ആനപ്പാച്ചനും ചേര്‍ന്ന്‍ ഗാഡമായി ആലോചിച്ചു.അവസാനം ഒരു പോംവഴിയുണ്ടായി.
   വൈകുന്നേരം സ്കൂള്‍ വിട്ടപ്പോള്‍ നേതാക്കള്‍ കല്പിച്ചു.'ആരും പുസ്തകമെടുക്കരുത്.എല്ലാം പീടികയില്‍ വെച്ചാല്‍മതി.'
   പുസ്തകങ്ങളെല്ലാം തുന്നല്‍ക്കാരന്‍ സെയ്താലിയുടെ പീടികയില്‍ സൂക്ഷിച്ചു.
  'നീന്താനറിയാത്തോര് ആരെങ്കിലുമുണ്ടോടാ?'
   ആരുമില്ല.എന്നാലും എല്ലാര്‍ക്കും ഭയമുണ്ട്.
   'എന്തിനാടാ പേടി?ഉസ്റില്ലാത്ത നായക്കള്.'
   അപ്പുണ്ണിക്ക് കലികയറിയിരിക്കുകയാണ്.
   ആനപ്പാച്ചന്‍ സത്യംചെയ്തു.
   'ഉയിര് പോയാലും വേണ്ടില്ല,നിങ്ങളെ ഞാന്‍ രക്ഷിച്ചോണ്ട്.'
   ഇടി വാങ്ങുവാന്‍ ഇഷ്ടമില്ലാത്തതുകൊണ്ട് ഞാന്‍ മറുത്തൊന്നും പറഞ്ഞില്ല.ഞങ്ങള്‍ പുഴവക്കത്തെത്തി.
   പുഴയില്‍ അധികം വെള്ളമില്ല.നടുവില്‍ കുറച്ചു
സ്ഥലത്തുമാത്രം ഒരാള്‍ നിന്നാല്‍ കാണാത്തവിധത്തില്‍ വെള്ളമുണ്ട്.
   വലിയ വഞ്ചിയിലാണ് സാധാരണ ഞങ്ങള്‍ പുഴകടക്കുക. നാലഞ്ചു പെണ്‍കുട്ടികളും തോണിയിലുണ്ടാവുന്നതുകൊണ്ട് തമാശയ്ക്ക് വകയുണ്ടാവും.
   കടവത്ത് മറ്റൊരു കൊതുമ്പുതോണിയുണ്ട്. ഞങ്ങളെക്കൊണ്ടുള്ള ഉപദ്രവത്തില്‍ നിന്നൊഴിയാനോ എന്തോ,അതിലാണ് കൃഷ്ണന്‍മാസ്റ്റര്‍ പുഴകടക്കുക.
   പതിവിനു വിപരീതമായി ഞങ്ങള്‍ ആ കൊച്ചുതോണിയില്‍ കയറി.കൈത്തണ്ടയിലെ കൊച്ചു സഞ്ചിയില്‍ തെര്‍മോഫ്ലാസ്ക്കും കക്ഷത്ത്‌ പുസ്തകവും ഒരു വലിയ കൊളമ്പ്കുടയുമായി മാസ്റ്റര്‍ ഒരറ്റത്ത് സ്ഥലം പിടിച്ചിരുന്നു.
   ഭാസ്കരന് തോണി കടക്കേണ്ട.അവന്റെ വീട് സ്കൂളിന്നടുത്തുതന്നെയാണ്.അവന്‍ കടവത്തൊരിടത്തുനിന്ന് നോക്കുകയായിരുന്നു.
   ഞങ്ങള്‍ നാലുപേരും കടത്തുകാരന്‍ ചെറുക്കനും കൃഷ്ണന്‍മാസ്റ്ററും കൂടിയായപ്പോള്‍ തോണിയുടെ വക്ക് ജലനിരപ്പിനടുത്തെത്തിക്കഴിഞ്ഞിരുന്നു.
   തോണി നടുവിലെത്തിയപ്പോള്‍ ആനപ്പാച്ചന്‍ ഒന്നു പുളഞ്ഞു.തോണി വല്ലാതെ ഇളകി.
   അപ്പുണ്ണിയും ആനപ്പാച്ചനും നേരത്തെതന്നെ ആ രംഗം ആസൂത്രിതം ചെയ്തിരുന്നു.
   അപ്പുണ്ണി കയര്‍ത്തു:
   'എന്തെടാ തോണി ഇളക്കുന്നത്?'
   പാച്ചനും ശുണ്ഠി കയറി:
   'എന്തെടാ ഇളക്ക്യാല്?തോണി നിന്റെ തറവാട്ടു സ്വത്തോ?' 
   'പിന്നെ നിന്ത്യാ?'
   'പോയി പണി നോക്കടാ.'
   'അടിച്ച് ഞാന്‍...'
   രണ്ടുപേരും എഴുന്നേറ്റു നിന്നു.ആനപ്പാച്ചന്‍ അപ്പുണ്ണിയെ പിടിച്ചുന്തി.അപ്പുണ്ണി വെള്ളത്തില്‍ വീണ ഉടനെ തോണിയുടെ വക്കില്‍ പിടികൂടി.
   തോണി മറഞ്ഞു.
   നിശ്ചയമനുസരിച്ച് അവറാനും ഞാനും നിലവിളിച്ചു.
   അധികം കഷ്ടപ്പെടാതെ എല്ലാവരും നീന്തിക്കയറി.
അവസാനമായി കരപറ്റിയത് കൃഷ്ണന്‍ മാസ്റ്ററാണ്. നോക്കുമ്പോള്‍ കുടയും ചെരുപ്പും തെര്‍മോ ഫ്ലാസ്ക്കും ഇല്ല!
   ഷര്‍ട്ടും മുണ്ടും പിഴിഞ്ഞ്,തലതോര്‍ത്തി,ഞങ്ങള്‍ കുത്തനെ നടന്നു.
   അടുത്തദിവസം മാസ്റ്റര്‍ സ്കൂളില്‍ വന്നില്ല.പിറ്റേ ദിവസവും...ഞങ്ങള്‍ അദ്ഭുതപ്പെട്ടു.ഒരാഴ്ച മുഴുവന്‍ മാസ്റ്റര്‍ ലീവായിരുന്നു. 
   മാസ്റ്റര്‍ക്ക് പനിയാണെന്ന് ചിലര്‍.കോഴിക്കോട്ട് പോയിരിക്കയാണെന്ന് മറ്റുചിലര്‍ പറഞ്ഞത്.
   ആ വെള്ളിയാഴ്ച രണ്ടാമത്തെ കല്പനയ്ക്ക് സ്കൂള്‍ പൂട്ടി.
   ഒരു ധീരകൃത്യം എന്ന നിലയ്ക്കു പ്രവര്‍ത്തിച്ചതാണത്. പക്ഷെ ആ സംഭവത്തെപ്പറ്റി ആരും പിന്നീട് സംസാരിച്ചില്ല. എല്ലാവര്‍ക്കും അക്കാര്യത്തില്‍ അസ്വസ്ഥത തോന്നി. ഓരോരുത്തരുടെയും ഹൃദയം മന്ത്രിച്ചു:
   'ചെയ്യേണ്ടിയിരുന്നില്ല...ചെയ്യേണ്ടിയിരുന്നില്ല...'
   'ആ  കൊളമ്പ് കുട പുതീതായിരുന്നു.'
   'ആ തെര്‍മ്മോഫ്ലാസ്ക്കിന് ആറുറുപ്പിക വെലീണ്ട്.അതിന്റെ മോളില്‍ കഴുകന്റ്യാ ചിത്രം.'
   'ആട്ടിന്‍തോലായിരുന്നു ചെരിപ്പ്.അതാ കരേണ്.'
   മാസ്റ്ററുടെ നഷ്ടപ്പെട്ട സാധനങ്ങളെപ്പറ്റി ഓര്‍ക്കുമ്പോള്‍ വ്യസനം തോന്നി.
   തോണി മറച്ചതാണെന്നു മാസ്റ്റര്‍ക്ക് മനസ്സിലായിക്കാണുമോ?
   ആനപ്പാച്ചന്റെ സംശയം അതായിരുന്നു.            
   സ്കൂള്‍ തുറന്ന ദിവസം മാസ്റ്റര്‍ വന്നിരിക്കുന്നു.തികച്ചും ആഹ്ലാദഭരിതനായിത്തന്നെയാണ് മാസ്റ്റര്‍ ക്ലാസ്സില്‍ കയറി വന്നത്.അപരാധബോധത്തോടെ ഞങ്ങള്‍ തല കുനിച്ചിരുന്നു.
   മാസ്റ്റര്‍ പാഠമെടുത്തില്ല.നിശ്ശബ്ദം ആ കസേരയിലങ്ങനെ ഇരുന്നു.അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എഴുന്നേറ്റു ഞങ്ങളോട് യാത്ര പറഞ്ഞു.
   അപ്പോഴാണ്‌ ഞങ്ങള്‍ക്കു കാര്യം മനസ്സിലാവുന്നത്; മാസ്റ്റര്‍ക്ക് സ്ഥലംമാറ്റമായിരിക്കുന്നു.
   'എങ്ങോട്ടാ സാര്‍?'   പെണ്‍കുട്ടികളിലാരോ ചോദിച്ചു.
   മാസ്റ്റര്‍ സ്ഥലത്തിന്റെ പേരു പറഞ്ഞു.
   'മാഷെന്നാ പോണ്?'
   'നാളെ.'
   ബെല്ലടിച്ചു.ഒരിക്കല്‍ക്കൂടി മാസ്റ്റര്‍ ക്ലാസ്സിനോട് യാത്ര പറഞ്ഞു. അദ്ദേഹത്തിന്റെ സ്വരം ഇടറിയിരുന്നു.
   പന്ത്രണ്ടുമണിക്കു മുന്‍പായി മാസ്റ്റര്‍ സ്കൂള്‍ വിട്ടു.
   വൈകുന്നേരം ഞങ്ങള്‍ ഒത്തുകൂടി.എല്ലാവരുടെയും മുഖം മ്ലാനമായിരുന്നു.
   'നമ്മള് ചെയ്തത് കഷ്ടായി.'
   അപ്പുണ്ണി നിശ്ശബ്ദത ഭഞ്ജിച്ചു.
   'നമുക്ക് മാഷേ കണ്ട് തെറ്റ് പറയണം.'
   ആനപ്പാച്ചന്റെ അഭിപ്രായം എല്ലാവരും ശരിവച്ചു.
   'മ്മള് മാഷേ ബല്ലാണ്ട് സുയിപ്പാക്കി.'
   അവറാന്റെ സ്വരത്തിനല്പം വിഷാദം മുറ്റിനിന്നിരുന്നു.
   അപ്പുണ്ണിക്കു പെട്ടെന്ന് ഭൂതോദയമുണ്ടായി.
   'കേള്‍ക്കിനെടാ.നിങ്ങളെ ഓരോരുത്തരുടേം കയ്യില്‍ എത്ര കാശുണ്ട്?'
   ഓരോരുത്തരും സമ്പാദ്യത്തിന്റെ തുക പറഞ്ഞു.
   എല്ലാംകൂടി രണ്ടുറുപ്പിക കഷ്ടിയാണ്‌.
   'അതുകൊണ്ടായില്ല.പാച്ചന്റെ കയ്യില്‍ നേര്‍ത്തെ കണ്ട പണോ?'
   'അത് കുറിക്കു കൊടുക്കാനാ.അച്ഛന്‍ തന്നതാ.അഞ്ചുറുപ്യ.'
   'ആരടെ കുറിക്കാ?'
   'മയ്മുട്ടീടെ.'
   'ഓനോട്‌ പോയി ചാവാന്‍ പറ.പണമെടുക്ക്.'
   'അച്ഛന്‍...'-ആനപ്പാച്ചന്‍ മുക്കിമൂളി.
   'അതിനൊക്കെ വഴിയുണ്ടെടാ.പണമെടുക്ക്.'
   ആനപ്പാച്ചന്റെ അഞ്ചുറുപ്പിക കൂടി പുറത്തുവന്നപ്പോള്‍ ഏഴുറുപ്പികയായി.
   'നിങ്ങളിവിടെ ഇരിക്കിന്‍.ഞാന്‍ വര്ണു.'
   അപ്പുണ്ണി തുന്നല്‍ക്കാരന്‍ സെയ്ദാലിയുടെ സൈക്കിളില്‍കയറി എങ്ങോട്ടോ പറന്നുപോയി.
   രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവന്‍ തിരിച്ചെത്തി. നോക്കിയപ്പോള്‍ കയ്യില്‍ ഒരു തെര്‍മോഫ്ലാസ്ക്കുണ്ട്.
   'നമുക്ക് മാഷക്കു കൊടുക്കണം.'
   എല്ലാവര്‍ക്കും സന്തോഷമായി.ആനപ്പാച്ചന്‍ മാത്രം മൂകത പാലിച്ചു. 
   ഞങ്ങള്‍ തോണി കടന്ന് മാസ്റ്ററുടെ വീടന്വേഷിച്ചു ധൃതിയില്‍ നടന്നു.ആ തെര്‍മ്മോഫ്ലാസ്ക് മാസ്റ്റര്‍ക്കു സമ്മാനിച്ച് മാസ്റ്ററോടു തെറ്റ് പറഞ്ഞിട്ടുവേണം വീട്ടിലെത്താന്‍.
   അംശംമേനോന്റെ വീട്ടിലാണ് കൃഷ്ണന്‍മാസ്റ്റര്‍ താമസമെന്ന് കേട്ടിട്ടുണ്ട്.അംശംമേനോന്റെ വീടേതാണെന്നു ചോദിച്ചുകൊണ്ട് ഞങ്ങള്‍ നടന്നു.
   സന്ധ്യയുടെ മങ്ങിയ വെളിച്ചത്തിലാണ് ഞങ്ങളവിടെ എത്തിച്ചേര്‍ന്നത്.
   ഉമ്മറത്തെ പടിയില്‍ ആരോ ഇരിക്കുന്നുണ്ട്.
   മുറ്റത്തു നിന്നുകൊണ്ട് ഞങ്ങള്‍ പറഞ്ഞു:
   'മാഷേ ഒന്നു കാണണം.'
   'ആരാത്?'
   'ഞങ്ങളാ...സ്കൂള്‍കുട്ട്യോളാ.മാഷേ ഒന്നു കാണണം.'
   'മാഷ്‌ അഞ്ചുമണീടെ വണ്ടിക്കുപോയി.'
   തെര്‍മ്മോഫ്ലാസ്കും തൂക്കിപ്പിടിച്ച്,തലതാഴ്ത്തി അപ്പുണ്ണി തിരിഞ്ഞു നടന്നു.പിറകെ ഞങ്ങളും.
   ആറുറുപ്പിക വിലയുള്ള ആ തെര്‍മ്മോഫ്ലാസ്ക്ക് ആനപ്പാച്ചനു വിട്ടു കൊടുത്തു.അവനതു വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യാം.ആര്‍ക്കും പ്രതിഷേധമില്ല!
   കുറിപ്പണംകൊണ്ട് ആ സാധനം വാങ്ങിയ വകയ്ക്ക് ആനപ്പാച്ചന് ഒരു കാഞ്ഞിരത്തിന്റെ വടി പൊളിയുന്നതുവരെ അച്ഛന്റെ വകയായി അടി കിട്ടി.സംഭവം ഞങ്ങളറിയുന്നത്‌ പിറ്റേന്ന് ആനപ്പാച്ചന്‍ ചാടിപ്പോയെന്നറിയുമ്പോഴാണ്...
   ഞങ്ങള്‍ പാശ്ചാതപിച്ചത് കൃഷ്ണന്‍മാസ്റ്റര്‍ അറിഞ്ഞുകാണുമോ?ഞാന്‍ സ്വയം ചോദിച്ചുപോവുകയാണ്...
   എട്ടാംക്ലാസ്സ് വിട്ടതില്‍പ്പിന്നെ ഞാന്‍ ആ പഴയ സുഹൃത്തുക്കളെ കണ്ടിട്ടില്ല.അപ്പുണ്ണി രാഷ്ട്രീയ പ്രവര്‍ത്തകനായി.കുരച്ചു ചോരതുപ്പി മരണത്തിന്റെ വായില്‍കിടന്ന് അവന്‍ പിടയുകയാവും...പരമേശ്വരന്‍ മലയായിലാണ്.ഭാസ്കരനും അവറാനും എവിടെയാണാവോ? 
   ഞാന്‍ ലോഡ്ജിലെത്തി.അകത്തുനിന്ന് എന്റെ കൂട്ടുകാരന്‍ മൂളുകയാണ്.
   'ഇനി നാടകമാടാന്‍ മുടിയാത്.'
   ഞാന്‍ നെടുവീര്‍പ്പിട്ടു.



(1986- ല്‍ പുറത്തിറങ്ങിയ 'കൊച്ചുതെമ്മാടി' എന്ന ചലച്ചിത്രത്തിനു ആധാരമായ കഥ.)        

Sunday, June 17, 2012

സ്പന്ദിക്കുന്ന അസ്ഥിമാടം








- ചങ്ങമ്പുഴ





അബ്ദമൊന്നു കഴി,ഞ്ഞിതാ വീണ്ടു-
മസ്സുദിനമതെന്‍ മുന്നിലെത്തി
ഇച്ചുരുങ്ങിയ കാലത്തിനുള്ളി-
ലെത്ര കണ്ണീര്‍പ്പുഴകളൊഴുകി!
അത്തലാലലം വീര്‍പ്പിട്ടു വീര്‍പ്പി-
ട്ടെത്ര കാമുക ഹൃത്തടം പൊട്ടി!
കാലവാതമടിച്ചെത്രകോടി
ശ്രീലപുഷ്പങ്ങള്‍ ഞെട്ടറ്റുപോയി!
പൊട്ടിടാത്തതെന്തെന്നിട്ടുമയ്യോ,
കഷ്ട,മിക്കൊച്ചു നീര്‍പ്പോള മാത്രം!
                                                                
ദുഃഖചിന്തേ,മതിമതി,യേവം
ഞെക്കിടായ്ക നീയെന്‍ മൃദുചിത്തം!
ഇസ്സുദിനത്തിലെങ്കിലുമല്പം
വിശ്രമിക്കാനെനിക്കുണ്ടു മോഹം
ആകയാ,ലിന്നകമലിഞ്ഞെന്നി-
ലേകണേ നീയതിനനുവാദം!
സല്ലപിച്ചു കഴിച്ചിടട്ടിന്നാ
നല്ലകാല സ്മൃതികളുമായ് ഞാന്‍...!
സുപ്രഭാതമേ,നീയെനിക്കന്നോ- 
രപ്സരസ്സിനെക്കാണിച്ചു തന്നു.
ഗേഹലക്ഷ്മിയായ് മിന്നുമൊരോമല്‍-
സ്നേഹമൂര്‍ത്തിയെക്കാണിച്ചു തന്നു.
പ്രാണനുംകൂടിക്കോള്‍മയിര്‍ക്കൊള്ളും 
പൂനിലാവിനെക്കാണിച്ചു തന്നു.
മന്നില്‍ ഞാനതിന്‍ സര്‍വ്വസ്വമാമെ-                    ന്നന്നുകണ്ടപ്പോഴാരോര്‍ത്തിരുന്നു!
കര്‍മ്മബന്ധപ്രഭാവമേ,ഹാ,നിന്‍-
നര്‍മ്മലീലകളാരെന്തറിഞ്ഞു!
                                                                                           
മായയില്‍ ജീവകൊടികള്‍ തമ്മി-
ലീയൊളിച്ചുകളികള്‍ക്കിടയില്‍,
ഭിന്നരൂപപ്രകൃതികള്‍ കൈക്കൊ-
ണ്ടൊന്നിനൊന്നകന്നങ്ങിങ്ങു പോകാം.
കാലദേശങ്ങള്‍,പോരെങ്കി,ലോരോ
വേലികെട്ടി പ്രതിബന്ധമേകാം
ഉണ്ടൊരു കാന്തശക്തിയെന്നാലും
കണ്ടുമുട്ടുവാന്‍ ദേഹികള്‍,ക്കെന്നാല്‍!
എന്നുകൂടിയിട്ടെങ്കിലും,തമ്മി-
ലൊന്നു ചേര്‍ന്നവ നിര്‍വൃതിക്കൊള്ളും!
മര്‍ത്ത്യനീതി വിലക്കിയാല്‍പ്പോലും
മത്തടിച്ചു കൈകോര്‍ത്തു നിന്നാടും!
അബ്ധി,യപ്പോ,ഴെറുമ്പുചാല്‍ മാത്രം!
ഹാ,വിദൂര ധ്രുവ യുഗം,മുല്ല-
പ്പൂവിതളിന്റെ വക്കുകള്‍ മാത്രം!

മൃത്തു മൃത്തുമായൊത്തൊരുമിച്ചാല്‍
മര്‍ത്ത്യനീതിക്കു സംതൃപ്തിയായി.
ജീവനെന്താട്ടെ,മാംസം കളങ്കം
താവിടാഞ്ഞാല്‍ സദാചാരമായി
ഇല്ലതില്‍ക്കവിഞ്ഞാവശ്യമായി-
ട്ടില്ലതിനന്യതത്ത്വവിചാരം!
കേണുഴന്നോട്ടെ ജീവന്‍ വെയിലില്‍
കാണാം മാംസപിണ്ഡം തണലില്‍...!                                                                                                        
പഞ്ചത ഞാനടഞ്ഞെന്നില്‍ നിന്നെന്‍-
പഞ്ചഭൂതങ്ങള്‍ വേര്‍പെടും നാളില്‍
പൂനിലാവലതല്ലുന്ന രാവില്‍,
പൂവണിക്കുളിര്‍മാമാരക്കാവില്‍,
കൊക്കുരുമ്മി,ക്കിളി മരക്കൊമ്പില്‍,
മുട്ടിയിരിക്കുമ്പൊ,ഴേവം,
രാക്കിളിക,ളന്നെന്നസ്ഥിമാടം
നോക്കി,വീര്‍പ്പിട്ടു വീര്‍പ്പിട്ടു പാടും.

"താരകകളേ,കാണ്മിതോ നിങ്ങള്‍
താഴെയുള്ളൊരീ പ്രേതകുടീരം?
ഹന്ത,യിന്നതിന്‍ ചിത്തരഹസ്യ-
മെന്തറിഞ്ഞു,ഹാ ദൂരസ്ഥര്‍ നിങ്ങള്‍?
പാല പൂത്ത പരിമളമെത്തി-
പ്പാതിരയെപ്പുണര്‍ന്നൊഴുകുമ്പോള്‍;
മഞ്ഞണിഞ്ഞു മദാലസയായി
മഞ്ജുചന്ദ്രിക നൃത്തമാടുമ്പോള്‍,
മന്ദമന്ദം പൊടിപ്പതായ്ക്കേല്‍ക്കാം
സ്പന്ദനങ്ങളിക്കല്ലറയ്ക്കുള്ളില്‍!
പാട്ടു നിര്‍ത്തി,ചിറകുമൊതുക്കി-
ക്കേട്ടിരിക്കുമതൊക്കെയും നിങ്ങള്‍.
അത്തുടിപ്പുകളൊന്നിച്ചു ചേര്‍ന്നി-
ട്ടിത്തരമൊരു പല്ലവിയാകും:
                                                                                       
'മണ്ണടിഞ്ഞു ഞാ,നെങ്കിലുമിന്നും
എന്നണുക്കളി,ലേവ,മോരോന്നും,
ത്വല്‍പ്രണയസ്മൃതികളുലാവി
സ്വപ്നനൃത്തങ്ങളാടുന്നു,ദേവി...!'                                                               
താദൃശോത്സവമുണ്ടോ,കഥിപ്പിന്‍
താരകകളേ,നിങ്ങള്‍തന്‍ നാട്ടില്‍?


(19/10/1944 - ല്‍ എഴുതിയ കവിതയാണിത്.) 

Thursday, June 7, 2012

പാറ്റകളുടെ ലോകം

                          




-മലയാറ്റൂര്‍ രാമകൃഷ്ണന്‍. 

പുതിയ കൂറത്തമ്പുരാന്‍,പാറ്റജ്ഞന്‍ മുപ്പത്തെട്ടാമന്റെ അരിയിട്ടുവാഴ്ച അഴുക്കുചാല്‍ തീരത്തില്‍വച്ച് നടന്നു, മന്ത്രതന്ത്രവിധികളനുസരിച്ച്.മഹാപണ്ഡിതനും,അഞ്ഞൂറുവയസ്സ് പ്രായമുള്ളവനുമായ തന്ത്രി കോക്ക്റോച്ച് ശര്‍മ്മന്‍, കൂടിയിരുന്ന പാറ്റമഹാജനങ്ങളോട് തദവസരത്തില്‍ ഇപ്രകാരം പറഞ്ഞു:                                 "പാറ്റകളേ...കൂറകളേ...ഈ ഭൂമിയും ഇതിലുള്ള സമസ്ത മാലിന്യങ്ങളും നമുക്ക്,നമുക്കുമാത്രം, അവകാശപ്പെട്ടതത്രേ. ഈ സമസ്തമാലിന്യങ്ങളെയും ഈ ഭൂമിയെത്തന്നെയും മുപ്പത്തേഴാം പാറ്റജ്ഞന്‍ തമ്പുരാനെപ്പോലെ ഭരിക്കാനും, മാലിന്യത്തില്‍ നിന്ന് മാലിന്യത്തിലേക്ക് നയിക്കാനും ഇന്ന് കിരീടമണിഞ്ഞ മുപ്പത്തെട്ടാമാനും സാധിക്കട്ടെ!"
"സാധിക്കട്ടെ...സാധിക്കട്ടെ...!"-കൂറക്കൂട്ടം ആര്‍ത്തു വിളിക്കുകയും കുരവയിടുകയും ചെയ്തു.
"മറന്നുകൂടാ!മറന്നുകൂടാ!"
"പ്രബുദ്ധരായ പാറ്റകളേ,കൂറകളേ!നമ്മുടെയിടയില്‍ ചിന്താക്കുഴപ്പമുണ്ടാക്കാന്‍ ചില രാജ്യദ്രോഹികള്‍ ശ്രമിക്കുന്നുണ്ടെന്ന കാര്യം മറന്നുകൂടാ!"-തന്ത്രി തന്റെ നീളന്‍ തലക്കൊമ്പുകള്‍ ചലിപ്പിച്ചുകൊണ്ട് പ്രഖ്യാപിച്ചു.
"പാറ്റജ്ഞന്‍ വംശത്തിനുമുമ്പ് ഈ ഭൂമിയില്‍ വാണിരുന്നത് മറ്റൊരു വര്‍ഗമാണെന്ന് ഈ രാജ്യദ്രോഹികള്‍ പറയുന്നു-മനുഷ്യവര്‍ഗ്ഗം പോലും!അങ്ങനെയൊന്നുണ്ടോ?"-തന്ത്രി കോക്ക്റോച്ച് ശര്‍മ്മന്‍ ചോദിച്ചു.
"ഹില്ലാ!ഹില്ലാ!"
"ആദിയില്‍ ഭൂമിയുണ്ടായി;പിന്നെ പാറ്റകളുണ്ടായി.അതല്ലേ നമ്മുടെ വിശ്വാസം?അതല്ലേ നേര്?"-തന്ത്രി ശര്‍മ്മന്‍ ചുറ്റും നോക്കി.
"ഹതെ!ഹതെ!"
"പാറ്റശാസ്ത്രത്തില്‍ നമ്മുടെ ഡോക്ടര്‍ കുറാന്യോസിസ് പറഞ്ഞുവച്ചിരിക്കുന്നതും ഇതുതന്നെയല്ലേ?"-തന്ത്രി ശര്‍മ്മന്‍ ചോദിച്ചു.
"ഹതെ!ഹതെ!" എന്ന് പാറ്റക്കൂട്ടം.                                     അപ്പോള്‍ ഒരു ഒറ്റയാന്‍ ശബ്ദമുയര്‍ന്നു:"ഗുരോ,ഒരു സംശയം..."
തന്ത്രി കോക്ക്റോച്ച് ശര്‍മ്മന്‍ മുന്‍കാലുകൊണ്ട് ചുണ്ടു തുടച്ചശേഷം പറഞ്ഞു:
"സംശയം പാറ്റകള്‍ക്ക് വിധിക്കപ്പെട്ടതല്ല!എങ്കിലും ചോദിക്ക്..."
"നാം ഒരു ആദിരൂപത്തെ വന്ദിക്കുന്നില്ലേ,ഗുരോ?"-ഒറ്റയാന്‍ ശബ്ദമുയര്‍ത്തിയ പാറ്റ നിവര്‍ന്നുനിന്നു.
"ഉവ്വ്.നാം ഒരു പുരാതന സംസ്കാരത്തിന്റെ ഉടമകളാണ്.നമുക്ക് നമ്മുടേതായ മിത്തുകള്‍ ഉണ്ട്."
"ഗുരോ,ആ ആദിരൂപമല്ലേ ഈ ദുനിയാവിനെ പാറ്റലോകമാക്കിയത്?"
"അതെ,വത്സാ!ആദിരൂപം തീ തുപ്പി.ആകാശം ചുട്ടുപഴുത്ത ചെമ്പു തകിടായിത്തീര്‍ന്നു.എങ്ങും വന്‍കൂണുകള്‍ മുളച്ചു.അവ എങ്ങും വ്യാപിച്ചു.മണ്ണിലും വിണ്ണിലും അവ പ്രസരിച്ചു. ഒടുങ്ങാത്ത ചൂടിനുശേഷം വന്നത് നിത്യമായ ഇരുട്ടാണ്‌. സംവത്സരങ്ങള്‍ കഴിഞ്ഞു.മറ്റെല്ലാം മാഞ്ഞുപോയപ്പോഴും നാം മണ്ണിനടിയില്‍ പുതഞ്ഞുകിടന്നു.ഒടുവില്‍ മാനം തെളിഞ്ഞു. നാം പുറത്തുവന്നു.ഈ ഗോളം നമ്മുടേതു മാത്രമായി. അങ്ങനെയാണ് മകനേ,ആദിരൂപം നമുക്കീ സ്വര്‍ഗരാജ്യം തന്നത്."
"ഗുരോ,പാറ്റജ്ഞന്‍ മുപ്പത്തേഴാമന്റെ അരിയിട്ടുവാഴ്ച നടക്കുമ്പോള്‍ ഞാന്‍ വെറും മുട്ടയായിരുന്നു.അതിനാല്‍ കണ്ടിട്ടില്ല...കേട്ടിട്ടേയുള്ളൂ..."
"എന്ത്?"
"ആദിരൂപം ഹാജരായെന്നും മുപ്പത്തേഴാമന്‍ തമ്പുരാനെ അനുഗ്രഹിച്ചെന്നും..."
"വത്സാ,അങ്ങനെ നടന്നു."
"ഗുരോ ഇന്നെന്താണ് ആദിരൂപം ഹാജരാകാത്തത്?"
"മടയാ!അതിന്റെ മുഹൂര്ത്തമാടുക്കുന്നു."-തന്ത്രി കോക്ക്റോച്ച് ശര്‍മ്മന്‍ ചുറ്റും നോക്കി.'ആരവിടെ?' എന്നു വിളിച്ചു.
കാവിനിറമുള്ള നൂറ്റൊന്നു കൂറകള്‍ ഒരു അഴുക്കുചാലില്‍ നിന്നും പുറത്തുവന്ന്,അണിനിരന്നു.
"മന്ത്രോച്ചാരണം നടക്കട്ടെ!"-തന്ത്രി കല്‍പ്പിച്ചു.
കാവിനിറമുള്ള നൂറ്റൊന്നു കൂറകളും ഒന്നിച്ചു വിളിക്കാന്‍ തുടങ്ങി-
"റേയ്ഗാ....റേഗാ...!
റേയ്ഗാ....റേഗാ...!"
വിളി,ദിഗന്തങ്ങളെ കുലുക്കുന്ന കോറസ്സായി വളര്‍ന്നപ്പോള്‍ അഴുക്കുപറ്റിയ തറ പിളര്‍ന്നുകൊണ്ട് ഒരു മുതുക്കന്‍ പാറ്റ പുറത്തുവന്നു.അതിന്റെ ഉടലില്‍ സ്ട്രൈപ്പുകളും നക്ഷത്രപ്പുള്ളികളുമുണ്ടായിരുന്നു. മുതുക്കന്‍ പാറ്റ ഒരു കാല്‍ വാളെന്നപോലെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തുള്ളാന്‍ തുടങ്ങി.
മുതുക്കന്‍ അലറി - 
"ഹി...ഹി...!ഞാന്‍ ആദിരൂപം! റേയ്ഗന്‍..."
തന്ത്രി പാറ്റക്കൂട്ടത്തോടു പറഞ്ഞു:
"മുട്ടുകുത്തുവിന്‍!ഈ സ്വര്‍ഗ്ഗരാജ്യം നമുക്കുതന്ന റേഗസ്വരൂപത്തെ വന്ദിക്കുവിന്‍!"
എല്ലാ പാറ്റകളും മുട്ടുകുത്തി,കാവിനിറമുള്ള നൂറ്റൊന്നു പാറ്റകളടക്കമുള്ളവ.
പുതിയ തമ്പുരാനായ പാറ്റജ്ഞന്‍ മുപ്പത്തെട്ടാമന്റെ ശിരസ്സില്‍ മുതുക്കന്‍ പാറ്റ കയറി;കുറേനേരം തുള്ളിക്കൊണ്ട് നിന്നു.
"സര്‍വ്വാനുഗ്രഹങ്ങളും!എല്ലാ ആശ്ശിസ്സുകളും!"-മുതുക്കന്‍ പാറ്റ ആശീര്‍വദിച്ചു.പിന്നെ കിതച്ചുകൊണ്ട് താഴെയിറങ്ങി; ബോധംകെട്ട് വീണു.
തന്ത്രി കോക്ക്റോച്ച് ശര്‍മ്മന്‍ ആജ്ഞാപിച്ചു:
"ഭക്തന്മാരേ...ഉണരുവിന്‍!"
പാറ്റക്കൂട്ടം നിവര്‍ന്നു നിന്നു.
എല്ലാ പാറ്റകളും കണ്ടുനില്‍ക്കെ,തന്ത്രി ലേശം അഴുക്കും ലേശം മലിനജലവും കലര്‍ത്തി മുതുക്കന്‍പാറ്റയുടെ വായിലൊഴിച്ചു കൊടുത്തു.
മുതുക്കന്‍ പാറ്റയ്ക്ക്‌ ബോധം തെളിഞ്ഞു.
സ്ട്രൈപ്പുകളും നക്ഷത്രപ്പുള്ളികളുമുള്ള മുതുക്കന്‍ ഓടി, ഏറ്റവുമടുത്ത അഴുക്കുചാലിലേക്ക്.മുതുക്കന്‍ അന്തര്‍ദ്ധാനം ചെയ്തപ്പോള്‍,തന്ത്രി കോക്ക്റോച്ച് വര്യന്‍ അരിയിട്ടുവാഴ്ച്ചയുടെ മിച്ചം നടപടികളിലേക്കു കടന്നു.



അടിക്കുറിപ്പ് : പണ്ടേ ബര്‍ട്രന്‍ഡ് റസ്സല്‍ പറഞ്ഞുവച്ചിട്ടുണ്ട്,ഒരു അണുയുദ്ധം നടന്നാല്‍....പിന്നെ ഈ ഭൂമി,പാറ്റകള്‍ക്കു മാത്രമുള്ളതാണെന്ന്. 

Friday, May 4, 2012

ആനവേലി


-കാവാലം നാരായണപ്പണിക്കര്‍ 



കാട്ടാനെ മെരുക്കാന്‍ താപ്പാനയുണ്ട്...
താപ്പാനെ മെരുക്കാന്‍ പാപ്പാനുണ്ട്...
പാപ്പാനെ മെരുക്കാന്‍ പടച്ചോനുണ്ട്...
പടച്ചോനെ മെരുക്കാനാരുണ്ട്...?    
പടച്ചോന്‍ പോട്ടക്കള്ളു കുടിച്ചിട്ട് 
പരണപ്പുറത്തങ്ങിരുന്നാലോ?
താണനിലത്തെത്താരിപ്പറിയാതെ-
യില്ലാവലിപ്പം വെച്ചാലോ?
വേണ്ടാതനത്തിനു കോപ്പിട്ടിരുന്നാല്‍
വേറെ പടച്ചോനെ നോക്കണ്ടേ?
ചെവിമറയാലേ ദേഹം കാണാതെ 
ആനയറിഞ്ഞില്ലാനവലിപ്പം.    
ആനയ്ക്കു പാപ്പാന്‍‌ തുമ്പിക്കൈവഴി 
ഒരുപറക്കള്ളു ചെരിക്കുന്നു.   
കള്ളുകുടിച്ചിട്ടു തടിപിടിച്ചിട്ടും  
വക്കയിലെപ്പിടി വഴുതിയില്ലാ.
ആനപ്പാപ്പാന്‍ കള്ളില്‍ക്കുളിച്ചപ്പോള്‍    
ആനപ്പുറത്തു പടച്ചോനായി... 
മോളിലിരുന്നു തോട്ടിപിടിച്ചാല്‍ 
ചെങ്കോലെടുത്ത ഗമയുണ്ട്.
ഗമകൊണ്ടു കാല്‍നടക്കാരെ വിരട്ടുന്നു,
ആനയെത്തന്നെ വിരട്ടുന്നു.
മേലെമാനത്തു വലിയപടച്ചോനെ
മേല്‍പ്പോട്ടു നോക്കി വിരട്ടുന്നു.
കള്ളിന്റെ ലഹരിയില്‍ ചെങ്കോലെടുത്തിട്ട്
ചെങ്കോല്‍പ്പിടിയോ വഴുതുന്നു.
നാട്ടില്‍പ്പടച്ചോന്‍ നായകവേഷത്തി-
ലാടുന്നു തിരിയുന്നു മറിയുന്നു.
ആനപ്പുറമൊരു പൂനപ്പുറമാക്കി
ആഴക്കുണ്ടില്‍ വീഴുന്നു.
വീഴില്ലെന്നു വീമ്പു പറഞ്ഞവന്‍
വീണേ,വീണെന്നാനയറിഞ്ഞേ...
ചെവിമറപ്പിന്നില്‍ക്കാലുണ്ടെന്ന്
ആനയറിഞ്ഞു തൊഴിക്കുന്നു.
നാട്ടില്‍പ്പടച്ചോന്‍ കാലൊടിഞ്ഞിട്ട്
കള്ളിറങ്ങീട്ടു കരയുന്നു.
ആനയ്ക്കാന ബലമറിയാഞ്ഞാ-
ലണ്ടനടകോടന്‍ പാപ്പാനാകും.
അണ്ടനടകോടനല്ലാതെവനെയും
പാപ്പാന്‍‌വേലയ്ക്കു കിട്ടുകില്ലാ.
പാപ്പാനായവന്‍ കള്ളുകുടിക്കും;
കള്ളുകുടിച്ചാല്‍ കാലുറയ്ക്കില്ലാ;
കാലുറയ്ക്കാതെ പിമ്പിരികൊണ്ടാല്‍
ആനപ്പുറത്തൂന്നു താഴെവീഴും.
താഴത്തുവീണാല്‍ തിരിഞ്ഞുനോക്കാന്‍
നായക്കുട്ടിയും കാണില്ലാ.
ആനയ്ക്കു പാപ്പാന്‍‌ കൂടിയേ തീരൂ...
ആനയ്ക്കു പൂനയായ്ത്തീരാനും വയ്യാ...
വയ്യാത്ത വേലയ്ക്കാനേ നടത്താന്‍
അയ്യയ്യോ പാപ്പാനെക്കൊണ്ടേ നടക്കൂ...
പാപ്പാനെ കണ്ടുപിടിച്ചെന്നു വന്നാല്‍
പാപ്പാനു കള്ളുകുടിക്കാണ്ടു വയ്യാ...
കുടിച്ചാല്‍ പടച്ചോനാകാണ്ടും വയ്യാ;
പടച്ചോനാന കയാറാണ്ടും വയ്യാ...
പമ്പരംപോലെ കറങ്ങാണ്ടും വയ്യാ; 
തലച്ചുറ്റില്‍ വയ്യാതെയാകാണ്ടും വയ്യാ...
വയ്യാതെയായാല്‍ പടച്ചോനായാലും 
വയ്യാവേലിക്കല്‍,ആനവേലിക്കല്‍       
ഇന്തത്തുടിനോന്നു വീഴാണ്ടും വയ്യാ....!

(22/06/1984)