Thursday, December 18, 2014

മദർ തെരേസയ്ക്കു മരണമുണ്ടെങ്കിൽ








- ബാലചന്ദ്രൻ ചുള്ളിക്കാട് 

നരബലി കൊണ്ട്
കുരുതിയടുന്ന 
രുധിരകാളി തൻ 
പുരാണഭൂമിയിൽ 
പരദേശത്തു നി-
ന്നൊരു പിറാവുപോൽ 
പറന്നു വന്നതാം 
പരമസ്നേഹമേ,
പല നൂറ്റാണ്ടായി
മകുടമോഹത്തിൻ
മരണശംഖൊലി
മുഴങ്ങുമീ മണ്ണിൽ 
ജനകനില്ലാതെ,
ജനനിയില്ലാതെ,
കുലവും ജാതിയും 
മതവുമില്ലാതെ,
തെരുവിൽ വാവിട്ടു 
കരയും ജീവനെ 
ഇരുകയ്യാൽ വാരി-
യെടുത്തു ചുംബിക്കും 
മഹാകാരുണ്യത്തിൻ
മനുഷ്യരൂപമേ,
ഒരു വെളിച്ചത്തിൻ 
വിമലജീവിതം
വെറുമൊരു ചാര-
കഥയെന്നെണ്ണുന്ന
തിമിരകാലത്തി-
ന്നടിമയായ ഞാൻ 
നറും മുലപ്പാലി-
ലലക്കിയ നിൻറെ 
തിരുവസ്ത്രത്തുമ്പിൽ
നിണം പുരണ്ടൊരെൻ
കരം തുടചോട്ടെ.

മഹാപരിത്യാഗം 
മറന്ന ഭാരതം
മദർതെരേസയെ
മറക്കുമെങ്കിലും 
മദർ തെരേസയ്ക്കു
മരണമുണ്ടെങ്കിൽ
മരണമല്ലയോ
മഹിത ജീവിതം?                    
        

Friday, June 13, 2014

എന്തിന് ?









- ചങ്ങമ്പുഴ കൃഷ്ണപിള്ള

കാലമിമ്മട്ടു കടന്നുപോകും
കാണുന്നതോരോന്നകന്നുമായും 
അത്രയ്ക്കടുത്തവർ നമ്മൾ പോലു-
മശ്രുവാർത്തങ്ങനെ വേർപിരിയും!
ജീവിതം ജീവിതം സ്വപ്നമാത്രം 
കേവലമേതോ നിഴലുമാത്രം 
ഉൽക്കടചിന്തയും കണ്ണുനീരു-
മുഗ്രവിഷാദവും വേദനയും 
എന്നാലവയ്ക്കിടയ്ക്കങ്ങുമിങ്ങും 
മിന്നിപ്പൊലിയുന്ന പുഞ്ചിരിയും 
ആരാരിപ്രശ്നമപഗ്രഥിക്കു-
മാരിതിൻ സത്യം തെരഞ്ഞെടുക്കും?
ഈ മണൽക്കാട്ടി,ലീ മൂടൽമഞ്ഞിൽ 
നാമെന്തിനന്യോന്യം കണ്ടു മുട്ടി?

Friday, November 1, 2013

ജയജയ കേരള വസുധേ മഹിതേ!







                    - എന്‍ ഗോപാലപിള്ള

മുത്തും വൈരവുമൊത്തു കലര്‍ത്തി-
ക്കോര്‍ത്തൊരു ഹാരപരമ്പര തിരളും
തിരുമുല്‍ക്കാഴ്ചകള്‍ വീണ്ടും വീണ്ടും
തൃക്കാല്‍ക്കല്‍ത്തിരമാലക്കൈയ്യാല്‍
വാരിക്കൂട്ടിക്കുമ്പിട്ടീടു-
ന്നാരെപ്പശ്ചിമ പാരാവാരം
അമ്മഹിമോജ്ജ്വലയാമെന്നമ്മേ!
ജയജയ കേരള വസുധേ മഹിതേ!

അണുവായണുവില്‍ മഹത്തില്‍ മഹത്തായ്
തവതൃപ്പാദം തഴുകും മണലിന്‍
തരിയുടെകരളിലൊതുങ്ങീടുന്നൊരു
ഭുവനാവനസംഹാരക്ഷമമാം
തേജസ്സറിവോര്‍ തേടുന്നമ്മേ!
ജയജയ കേരള വസുധേ മഹിതേ!

മദകരിമസ്തകമുരയുന്നേരം
ചോരും സൗരഭപൂരം ചേരും
ചന്ദനവനസംഹതിയാല്‍ മരതക-
രഞ്ജിത മൌലിയെഴും മലയത്താല്‍
സന്തതസംരക്ഷിതയാമമ്മേ!
ജയജയ കേരള വസുധേ മഹിതേ!

അമൃതുനിറഞ്ഞുതുളുമ്പും കാഞ്ചന-
കലശം പേറും കേരാവലിയും
നവമാണിക്യം മരതകമെന്നിവ
കോര്‍ത്തുടനീളം ചാര്‍ത്തിയ മുളകിന്‍-
കൊടികളെഴും ദ്രുമതതിയും പവിഴ-
ത്തൊങ്ങല്‍ തിളങ്ങും കമുകിന്‍ നിരയും
താവകഭൂതി വളര്‍ത്തുന്നമ്മേ!
ജയജയ കേരള വസുധേ മഹിതേ!

ഒരു നാളും വരളാതൊരു പുഴകളി-
ലൊഴുകും തെളിനീര്‍ തെളുതെളെ നിറയും
സരസികള്‍ നിന്‍കവിഹൃത്തുകളെപ്പോല്‍
നിഴലിപ്പിക്കുന്നുലകും വാനും 
പ്രകൃതിയുമെങ്ങിങ്ങല്ലാതമ്മേ?
ജയജയ കേരള വസുധേ മഹിതേ!

മധുരിക്കുന്നൊരു വാക്കും നോക്കും
നടയും വടിവും കരളുമിയന്നോര്‍
മഹിളാത്വത്തിനു ജായാത്വത്തിനു
മാതൃത്വത്തിനു മാതൃകയായോര്‍
പുത്രികള്‍ തവ ശുഭധാത്രികളമ്മേ!
ജയജയ കേരള വസുധേ മഹിതേ!

എതിരിടുവോര്‍ക്കു ഭയങ്കരരായൊ-
ത്തൊരുമിപ്പോര്‍ക്കഭയങ്കരരായോര്‍
ബുദ്ധിയില്‍ വിദ്യയില്‍ വീര്യവിഭൂതിയി-
ലൌദാര്യത്തിലുമഗ്രിമരായോര്‍
തവ സുതരവരൊടു സമരാരമ്മേ!
ജയജയ കേരള വസുധേ മഹിതേ!

ശങ്കരഭഗവത്പാദര്‍ തുടങ്ങി
ശ്രീനാരായണ ഗുരുവരെയുള്ളൊരു
യതിവരര്‍,നിന്‍ കിളിതന്‍കളമൊഴിയിലു-
മദ്വൈതാമൃതധാര പൊഴിച്ചോര്‍,
കൂത്തില്‍,കഥകളിയില്‍,ഫലിതോക്തികള്‍
തള്ളിത്തുള്ളും തുള്ളപ്പാട്ടില്‍,
കലകള്‍ക്കായ് ശ്രീകോവില്‍ കിളര്‍ത്തിയ
സുകൃതികള്‍ മണ്ണിനെ വിണ്ണാക്കിടുവോര്‍
നിന്‍ പാലമൃതു നുകര്‍ന്നോരമ്മേ!
ജയജയ കേരള വസുധേ മഹിതേ!

മലയഹിമാലയ ഗിരിവരരാലും
പൂര്‍വ്വാപരവര ജലധികളാലും
പരിതോവൃതമാം ഭാരതഭൂവിന്‍
പെരുമയുമൊരുമയുമൊത്തു പുലര്‍ത്തി
സുതരാം സുതഹിതരതയായമ്മേ!
ജയജയ കേരള വസുധേ മഹിതേ!


         

Friday, July 5, 2013

നൈരാശ്യം

-വൈക്കം മുഹമ്മദ്‌ ബഷീര്‍   









   "ജീവിതം വളരെ താണനിലയില്‍ നിന്നാരംഭിച്ച്, യൌവനത്തിന്‍റെ തുടക്കത്തില്‍ ഒരു തെരുവുതെണ്ടിയായി അലഞ്ഞ്,ഒടുവില്‍ പട്ടാളക്കാരനായി ചേര്‍ന്ന് പടിപടിയായി ഉയര്‍ന്ന്,അവസാനം ഒരു മഹാഭൂഖണ്ടത്തിന്‍റെ ഭരണാധികാരിയായി സകലരുടേയും ബഹുമാനാദരങ്ങള്‍ക്കു പാത്രമായി ലോകത്തിന്‍റെ ശ്രദ്ധയെ ഹഠാദാകര്‍ശിച്ച ആ മഹാന്‍റെ മരണത്തിനു തൊട്ടുമുമ്പ് അദ്ദേഹത്തിന്‍റെ മുഖത്തു നിഴലിച്ച നൈരാശ്യഭാവത്തെപ്പറ്റി ചോദ്യം ചെയ്തവരോട്‌ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്:
   
   "ജീവിതാന്ത്യം അടുത്തുപോയതിലല്ല, വിപുലമായിരുന്നല്ലോ എന്‍റെ ജീവിത പരിപാടി!എല്ലാം പരിപൂര്‍ണവിജയത്തോടു കൂടിയാണ് പര്യവസാനിക്കുന്നത്. എങ്കിലും കഴിഞ്ഞുപോയ കാലത്തില്‍ അതിവിദൂരമായ ഒരു നിമിഷത്തില്‍ എനിക്കുണ്ടായ ദാഹം ഈ അന്തിമ നിമിഷത്തിലും എന്‍റെ ആത്മാവിനെ വരട്ടിക്കൊണ്ടിരിക്കുന്നു.
   സഫലമാകാത്ത ആഗ്രഹം;ഇനി ആരാലും സാധിപ്പിച്ചു തരാവുന്ന ഒന്നല്ല.ഇതുവരെ പലരുമായി എഴുതി പ്രസിദ്ധപ്പെടുത്തിയ വിശ്വവിഖ്യാതമായ എന്‍റെ ജീവചരിത്രങ്ങളില്‍ ഒന്നിലും വന്നിട്ടില്ലാത്ത ഒരു സംഭവം...
ആ ഗ്രന്ഥങ്ങള്‍ വായിക്കുന്നവരൊക്കെയും ഞാന്‍ മഹാഭാഗ്യശാലി എന്നാണു കരുതുക!
   ഞാന്‍ നിസ്സാരനും തെരുവുതെണ്ടിയുമായിരുന്നു.എന്‍റെ യൌവനാരംഭത്തില്‍ കോമളാംഗിയായ ഒരു യുവതിയെ എന്തിലും മീതെയായി ഞാന്‍ സ്നേഹിച്ചിരുന്നു...
   അന്നെനിക്ക് വീടും കുടിയും ഒന്നുമുണ്ടായിരുന്നില്ല...ഈ മഹാപ്രപഞ്ചത്തില്‍ ഞാന്‍ തനിച്ചായിരുന്നു.ആഹാരത്തിനു വഴിയില്ലാതെ,കിടക്കാന്‍ ഇടമില്ലാതെ ഹതാശനായി ഞാനലയുകയായിരുന്നു.
   അന്നൊരു ഉച്ചസമയത്ത്,കഠിനമായ വെയിലില്‍ നടന്നുതളര്‍ന്ന് ഞാനെന്‍റെ പ്രേമഭാജനത്തിന്‍റെ വസതിയില്‍ കയറിച്ചെന്നു.സ്നേഹശീതളമായ ഒരു വാക്കിനല്ല;വെറും ഒരു പാത്രം തണുത്ത വെള്ളത്തിന്.
   പക്ഷെ ദയലേശമില്ലാതെ അവള്‍ പറഞ്ഞു:
'ഇത് അഗതിമന്ദിരമല്ല.' 
   ഞാന്‍ പറഞ്ഞു:
'ഞാന്‍ ദാഹിച്ചുതളര്‍ന്ന് വീഴാന്‍ പോകുന്നു.ഒരു പാത്രം വെള്ളം...'
   പക്ഷെ അവളെന്നെ ആട്ടി ഓടിച്ചു.
'ഹെഡാ...ശല്യങ്ങള്‍ കയറിവരുന്നത് നോക്ക്!പോയി മരിക്ക്..!പോ...!'
   ആ സംഭവം എനിക്ക് മറക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും അവള്‍ക്കത് സാധിച്ചു.
   പ്രതാപവും ശക്തിയും എനിക്കു ലഭിച്ച് ഒന്നിനും വിഷമം ഇല്ലാതായിത്തീര്‍ന്നപ്പോള്‍....പ്രേമവുംകൊണ്ട് അവളും എന്‍റെ അടുത്തുവന്നു.
   ഒരുപാത്രം തണുത്ത വെള്ളമല്ല...എന്തും...എന്തുംതരുവാന്‍ അവള്‍ സന്നദ്ധയായി.ഈ നാട്ടിലേക്കും ധനികയായി സന്തുഷ്ടിയോടെയാണ് അവള്‍ മരിച്ചത്.
   ഒന്നുള്ളത്...ഞാന്‍ അവളെ സ്നേഹിച്ച് ആരാധിച്ചിരുന്ന കാലത്ത് അവളുടെ കൈയാല്‍ ഒരുപാത്രം വെള്ളംപോലും എനിക്ക് ലഭിച്ചില്ലല്ലോ...!"
   
   അതിനാരും ഒരുപശാന്തി നിര്‍ദേശിച്ചില്ല.ആരാലും സാധിക്കാവുന്ന ഒന്നായിരുന്നില്ലല്ലോ.....! വലിയ നൈരാശ്യത്തോടുകൂടി ആ മഹാന്‍ അങ്ങനെ മരണമടയുകയാണുണ്ടായത്..."

   ഈ സംഭവം ഇതുപോലെ എന്നോടു പറഞ്ഞ മനുഷ്യനോട് ഇതിന്‍റെ ഗുണപാഠമെന്തെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് ഇതുമാത്രമാണ്:
"ഓ...ഒന്നുമില്ല;വെറും ഒരു ഓര്‍മ്മ മാത്രം..."        

Tuesday, June 18, 2013

പ്രകൃതിയും കവിയും

 - എം പി അപ്പൻ 


മണ്ണില്‍ നിന്നൊരു പൂവു 
    നിര്‍മ്മിച്ചു പ്രകൃതിയാള്‍
കണ്ണിനും കരളിനും 
    കുളിര്‍മയരുളുവാന്‍
രാമണീയകമേറു-
    മാ നവസൂനം കണ്ടു
കോള്‍മയിര്‍ക്കൊണ്ടു കവി
    വിസ്മയ വിമശനായ്‌.
ചന്തമാര്‍ന്നൊരു പുഷ്പം
    നിര്‍മ്മിച്ചു കവി,യുള്ളില്‍ 
പൊന്തിടും നവോന്മേഷം
    തിരതല്ലുകയാലേ... 
തേജസ്സു വീശിരണ്ടും
    രണ്ടുരീതിയില്‍;ഏതി-
ന്നോജസ്സുകൂടീടുമെ-
    ന്നോതുവാന്‍ കഴിഞ്ഞീലാ.
* * * * * * * * * *
കാമനീയകമേലും
    രണ്ടു പൂവിനും മീതെ 
കാലത്തിന്‍ തരംഗങ്ങള്‍ 
    പാഞ്ഞുപോയധൃഷ്യമായ്
പാഴ്മണ്ണില്‍പ്പിറന്നതാം
    സുമത്തിന്‍ പ്രഭാപൂരം 
ഹാ!മങ്ങിമറഞ്ഞുപോയ്‌
    ചെന്തീതന്‍ ജ്വാലയ്ക്കൊപ്പം;
ഭാവനാ സന്താനമാം 
    സുന്ദരപ്രസൂനമോ
ഭാസുരതരമായി
    വിളങ്ങീ വെണ്‍ താരപോല്‍.              

(കവിത എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത് എങ്കിലും ഇതൊരു ഗീതകം ആണ്...)


Sunday, April 28, 2013

അക്ഷരം










-കാവാലം നാരായണപ്പണിക്കര്‍ 



വാക്കൊരു ദേഹം;
അര്‍ത്ഥമതിന്‍ ദേഹി.
കാതലറ്റ വാക്ക്;
കാഴ്ചയറ്റ കണ്ണ്.
പൊഴിയരുതേ നിങ്ങടെ മൊഴിമുത്ത് 
മൊഴിവിലയറിയാത്തവരുടെ മുമ്പില്‍.

ചുണ്ടില്‍ നിന്നും കഥ-
യുണ്ടായതു മനസ്സില്‍.
മറ്റുളവരുടെ ചെവിയിലതിന്‍
മാറ്റലകളടിച്ചിട്ടവരുടെ-
യറ്റം കാണാത്ത മനസ്സുകളില്‍
മാറ്റൊലിയാകുന്നു.
അക്ഷരത്തിനില്ലാ നാശം.
പൊരുളറിവീലെങ്കിലുമതിനെ-
പ്പൊരുത്തമായ് നിനയ്ക്കണം.
യുക്തിതന്‍ ദുര്‍ബ്ബലമായ 
മുഴക്കോലാലതിനെ-
യളക്കരുതേ...

നാമറിയാത്ത വിനാശമെഴാത്ത മഹത്താം 
മാന്ത്രികശക്തി തുടിച്ചിടു-
മക്ഷരമൊരു പുഷ്പം.
ഒരു പൂവാടി പടുക്കാന്‍,ശലഭങ്ങളെ-
യൊരുപാടാകര്‍ഷിക്കാന്‍,
പൂത്തു തളിര്‍ത്തു കൊഴിഞ്ഞു പുലര്‍ച്ചയ്ക്കു
പുനര്‍ജ്ജനി തേടാന്‍,
നിത്യോദയ നിത്യാസ്തമനക്രിയ വിരചിക്കാ-
നക്ഷരലക്ഷം കാലത്തിന്‍ ജപമാലയില്‍
മുത്തുകളായി വിരാജിക്കുന്നു.  

Friday, April 26, 2013

ഗാന്ധിയും കാക്കയും ഞാനും

-ഓ എന്‍  വി കുറുപ്പ്











"കാണാന്‍ ചേലില്ലെന്നാലും കറു-
പ്പാണല്ലോ നിറമെന്നാലും,
നോട്ടം ചരിഞ്ഞിട്ടെന്നാലും,സ്വര-
മേറ്റം പരുഷമാണെന്നാലും
കാക്കകള്‍ പാവങ്ങള്‍!"അമ്മ പറഞ്ഞൊരാ
വാക്കുകളിന്നും ഞാനോര്‍ക്കുന്നൂ.
എങ്കിലുമിന്നൊരു കാക്കയെ കല്ലെറി-
ഞ്ഞെന്നതിന്‍ പാപം ഞാന്‍ പേറുന്നു!

"മുട്ടോളമെത്തുന്ന മുണ്ടുടുത്തേ,വടി
കുത്തി നടന്നൊരു മുത്തച്ഛന്‍;
മുന്‍വരിപ്പല്ലു രണ്ടില്ലേലും
പുഞ്ചിരിച്ചേലുള്ള മുത്തച്ഛന്‍;
സ്വാതന്ത്ര്യത്തിരുമന്ത്രം നമ്മുടെ
നാവില്‍ കുറിച്ചതു ചൊല്ലിച്ചു;
നമ്മെ പിച്ച നടത്തിച്ചു;
നമ്മള്‍ക്കായി പ്രാര്‍ത്ഥിച്ചു;
നമ്മള്‍ക്കായ് വെടികൊണ്ടു മരിച്ചൂ!
നമ്മള്‍ മറക്കൊരുനാളും!...

അക്കഥയങ്ങനെയച്ഛന്‍ ചൊല്ലിയ-
തൊക്കെയുമെന്നും ഞാനോര്‍ക്കുന്നൂ!
എങ്കിലും ഗാന്ധിപ്രതിമയില്‍ കല്ലെറി-
ഞ്ഞെന്നതിന്‍ പാപം ഞാന്‍ പേറുന്നൂ!          

നഗരത്തിലെ നാല്‍ക്കവലയില്‍ നാലാ-
ളെകരമെഴുന്നൊരു കല്‍ത്തറമേല്‍
പോയ ജയന്തിക്കാരോ ചാര്‍ത്തിയൊ-
രായതമാല്യച്ചരടോടെ
ഒട്ടുകുനിഞ്ഞും മുന്നോട്ടാഞ്ഞും
നില്‍ക്കും ഗാന്ധിജിതന്‍ ശിരസ്സില്‍
കാക്കയിരിപ്പു-പുരീഷമൊലിച്ചൂ-!
നാല്‍ക്കവലയിലീ ഞാന്‍ നില്‍പൂ!

ഓർക്കാനെന്തിനി? ഇക്കൈയാലെയാ
കാക്കതൻ നേർക്കൊരു കല്ലെറിഞ്ഞൂ!
കാക്ക കരഞ്ഞു പറന്നേ പോയതിൻ 
കാഷ്ഠമൊലിക്കും ശിരസ്സിൻമേൽ
കല്ലുപതിക്കുന്നു;താഴേ നിന്നിതു 
കണ്ടു ഞാൻ കൈകൾ ഞെരിക്കുന്നു!
അപ്പൊഴും ഗാന്ധി ചിരിക്കുന്നു!
അപ്പുറം കാക്കയിരിക്കുന്നു!

എങ്കിലുമിന്നൊരു കാക്കയെ കല്ലെറി-
ഞ്ഞെന്നതിൻ പാപം ഞാനേൽക്കുന്നു!
എങ്കിലും ഗാന്ധിപ്രതിമയിൽ കല്ലെറി-
ഞ്ഞെന്നതിൻ പാപം ഞാൻ പേറുന്നു!