Sunday, September 7, 2025

നോമ്പിന്‍റെ ഓര്‍മ്മയില്‍ കുഞ്ഞിപ്പുവിന്‍റെ വിജയഗാഥ


 

 

 

 

 

 

 

- മമ്മൂട്ടി

 

      ഷൂട്ടിങ്ങിനുവേണ്ടിയാണ് ആ ഫാക്ടറിയില്‍ ഞാനെത്തിയത്. ഷെഡ്ഡില്‍ 2 വിദേശ കാറുകള്‍ നിര്‍ത്തിയിരിക്കുന്നത് കണ്ടു. മനസ്സില്‍ ചെറിയ കുശുമ്പും കുന്നായ്മയും അപ്പോഴേക്കും തല പൊക്കിയിരുന്നു. 'ആരെടാ രണ്ട് ഫോറിന്‍ കാറും കൊണ്ട് നടക്കുന്നവന്‍!' - എന്ന് മനസ്സില്‍ തോന്നി.

    ഞാന്‍ ചെന്ന് ഇറങ്ങുമ്പോഴേക്കും പ്രൊഡക്ഷന്‍സിലെ ആളുകളും ഫാക്ടറി ഉദ്യോഗസ്ഥര്‍ വന്നു പറഞ്ഞു:
"എം ഡി-യുടെ മുറിയിലിരിക്കാം."

"വേണ്ട. എനിക്ക് ഇവിടെ എവിടെയെങ്കിലുമൊരു സ്ഥലം മതി."

"എം ഡി കാണണം എന്ന് പറഞ്ഞു."

അതൃപ്തി മറച്ചുപിടിച്ചു പറഞ്ഞു: "കാണാലോ."

     

    അയാള്‍ക്ക് കാശുണ്ടെങ്കില്‍ അത് കയ്യിലിരിക്കട്ടെ എന്നായിരുന്നു മനസ്സില്‍. ചെറിയ കാര്യങ്ങള്‍ക്കുപോലും അസൂയ വരുന്ന കാലമാണത്. എത്ര വലിയ ഫാക്ടറിയുടമ ആണെങ്കിലും അങ്ങോട്ടു വിളിപ്പിക്കാതെ ഇറങ്ങി വന്നാലെന്താണ് എന്നും മനസ്സില്‍ തോന്നി. വന്നിരിക്കുന്നത് എത്രയോ ആരാധകരുള്ള മമ്മൂട്ടിയല്ലേ?!

     

    കുറച്ചുകഴിഞ്ഞപ്പോള്‍ മുതലാളി ഇറങ്ങിവന്നു. ഖദറിട്ട തൂവെള്ള മുണ്ടുടുത്തൊരു തടിയന്‍.

"എന്താടോ തനിക്ക് എന്‍റെ മുറിയിലേക്ക് വരാന്‍ വയ്യേ?"

കേട്ട ഉടനെ ദേഷ്യം വന്നു. 'ഇവനാരാണ് എന്നെ എന്നെ എടോ പോടോ എന്നൊക്കെ വിളിക്കാന്‍?'

"മടിക്കാതെ ഇങ്ങോട്ട് വാടോ. താന്‍ സിനിമാ നടനായതൊക്കെ ശരി തന്നെ."

"പിന്നെ വരാം." - കനപ്പിച്ച് മറുപടി പറഞ്ഞു.

"ഇങ്ങനെ ഗൌരവം കാണിക്കാതെ. തനിക്കെന്നെ മനസ്സിലായില്ലേ?" - ആ ചോദ്യത്തിലൊരു തന്‍റെടവും അടുപ്പവും ഉണ്ടായിരുന്നു.

"ഞാന്‍ പണ്ടത്തെ കുഞ്ഞിപ്പുവാണെടോ."

     

    ഫ്ലാഷ്ബാക്ക് പോലെ മനസ്സിലൂടെ 25 കൊല്ലം കടന്നുപോയി.

    എന്‍റെയൊരു ബന്ധുവിന്‍റെ വീടിന്‍റെ വരാന്തയില്‍ നോമ്പു കാലത്ത് കഞ്ഞികുടിക്കാന്‍ പാത്രവുമായി കാത്തുനിന്നിരുന്ന കുട്ടിയുടെ മുഖം തെളിഞ്ഞുനിന്നു. നോമ്പുകാലത്ത് ഞാന്‍ ആ ബന്ധുവീട്ടില്‍ പലപ്പോഴും പോകുമായിരുന്നു. പള്ളിയില്‍ വച്ചാണ് ആ പയ്യനെ ഞാന്‍ ആദ്യം കാണുന്നത്. എല്ലാ നമസ്ക്കാര സമയത്തും അവന്‍ പള്ളിയിലുണ്ടാകും. എന്നോട് ഭവ്യതയോടെയാണ് ആ കുട്ടി എന്നും സംസാരിച്ചിട്ടുള്ളത്; ഞാനാണെങ്കില്‍ വലിയ വീട്ടിലെ ബന്ധു എന്ന ഗമയോടെയും. അന്ന് പത്ത് വയസ്സേ പ്രായം കാണൂ. വീടിന്‍റെ വരാന്തയില്‍ കഞ്ഞിക്കുവേണ്ടി പാത്രവുമായി അവന്‍ കാത്തുനില്‍ക്കുമ്പോള്‍ ഞാന്‍ ഗമയില്‍ വീട്ടിലേക്ക് കയറിപ്പോകും. അതേ പയ്യനിതാ മുന്നില്‍, അപ്രതീക്ഷിത രൂപത്തില്‍ നില്‍ക്കുന്നു.

    അയാള്‍ പിന്നീട് കഷ്ടപ്പാടിന്‍റെയും വളര്‍ച്ചയുടെയും ഈശ്വര കാരുണ്യത്തിന്‍റെയും കഥ പറഞ്ഞു. ഇപ്പോള്‍ ഇതുപോലെ അഞ്ച് ഫാക്ടറികളുണ്ട്. അനുജന്മാരാണ് പലതും നടത്തുന്നത്. പെങ്ങന്മാരെയെല്ലാം വലിയ വീടുകളിലേക്ക് കെട്ടിച്ചുകൊടുത്തു. സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത വിധം അദ്ദേഹം സാമ്രാജ്യം വലുതാക്കിയിരുന്നു. ലോകം മുഴുവന്‍ പലതവണ സഞ്ചരിച്ചു. പക്ഷെ, ഒരേയൊരു കുഴപ്പം. ഷുഗര്‍, പ്രഷര്‍, അള്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളതിനാല്‍ ഭക്ഷണം കഴിക്കാന്‍ വയ്യ. ഡോക്ടര്‍ പറയുന്ന പച്ചക്കറിയും ഒരുപിടി ചോറുമായി കഴിയുന്നു. പണ്ട് കഞ്ഞിക്കുവേണ്ടി കാത്തുനിന്നിരുന്ന കുട്ടി ഏത് ഭക്ഷണവും കിട്ടാവുന്ന അവസ്ഥയിലും പട്ടിണി കിടക്കുന്നുവെന്നര്‍ത്ഥം.

    പഴയ കഞ്ഞിക്കാരന്‍ പയ്യന്‍ എന്‍റെ മുന്നില്‍ മഹാസൗധം പോലെ വളര്‍ന്നത് പെട്ടെന്നാണ്. ഓരോ പ്രതിബന്ധങ്ങളെയും സ്വന്തം മനക്കരുത്തുകൊണ്ട് മറികടന്ന അയാള്‍ സത്യത്തില്‍ ജീവിതത്തോട് പ്രതികാരം ചെയ്യുകയായിരുന്നു. കഷ്ടപ്പാടും ദുരിതവും സമ്മാനിച്ച ജീവിതത്തോട് വളര്‍ച്ച കൊണ്ട് ചെയ്യുന്ന പ്രതികാരം. അയാളുടെ ലക്ഷ്യങ്ങള്‍ ഒരിക്കലും പ്രതിമാസ ശമ്പളത്തിലോ നല്ല വീടിലോ ഒതുങ്ങുന്നതായിരുന്നില്ല. ഓരോന്ന് നേടുമ്പോഴും ലക്ഷ്യങ്ങളെ കുഞ്ഞിപ്പു കൂടുതല്‍ ഉയരങ്ങളിലേക്ക് കയറ്റിവിട്ടു. പിന്നീട് അവയ്ക്കു പിറകേ പോയി അവയെ കയ്യടക്കി. ഓരോ പര്‍വ്വതശിഖരം കീഴടക്കുമ്പോഴും അതിലും വലിയൊരു ശിഖരം കീഴടക്കാന്‍ ബാക്കി തരണേ എന്ന് പ്രാര്‍ത്ഥിക്കുന്ന പര്‍വ്വതാരോഹകന്‍റെ മനസ്സാണ് കുഞ്ഞിപ്പുവിനെന്ന് അന്ന് എനിക്ക് തോന്നി.

    എം ടി വാസുദേവന്‍ നായരുടെ നോവലുകളില്‍ ഇത്തരം കഥാപാത്രങ്ങളെ കണ്ടിട്ടുണ്ടെങ്കിലും ജീവിതത്തില്‍ കണ്ടുമുട്ടിയപ്പോള്‍ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത ഭക്തിയാണ് അയാളോട് തോന്നിയത്. അയാളുടെ ആദ്യകാല അനുഭവങ്ങള്‍ കേട്ടപ്പോള്‍ തോന്നി, വേറെയാരെങ്കിലും ആയിരുന്നെങ്കില്‍ തകര്‍ന്നുതരിപ്പണമാകുമായിരുന്നെന്ന്. പട്ടിണി കിടക്കുമ്പോഴും കുഞ്ഞിപ്പു സ്വപ്‌നങ്ങള്‍ കണ്ടു. അവയിലേക്കുള്ള വഴിയന്വേഷിച്ചു.

    ഇന്നത്തെ കുട്ടികള്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞാല്‍പ്പോലും ചിന്തിക്കുന്നത് ആത്മഹത്യയെക്കുറിച്ചാണ്. അവരുടെ മുന്നില്‍ ജീവിതത്തോടുള്ള പോരാട്ടമെന്ന അജണ്ടയേയില്ല. എഞ്ചിനീയറിങ്ങിനും മെഡിസിനും പഠിക്കുന്ന, നല്ല ബുദ്ധിയുണ്ട് എന്ന് നാം കരുതുന്ന, കുട്ടികള്‍ പോലും പോകുന്നത് കീഴടങ്ങലിന്‍റെ വഴിയേയാണ്.

    വഴക്ക് പറഞ്ഞതിന്‍റെ പേരില്‍ മരണത്തിലേക്ക് പോയ കുട്ടികളുടെ പടം പത്രത്തില്‍ കാണുമ്പോള്‍, 'ഈ കുഞ്ഞുങ്ങള്‍ക്ക് എന്തുപറ്റി?' എന്ന് തോന്നിയിട്ടുണ്ട്. ഊതിക്കെടുത്തുന്നത് എത്രയോ പേരുടെ സ്വപ്നങ്ങളിലേക്കുള്ള വെളിച്ചത്തിന്‍റെ തിരിയാണെന്ന് കടന്നുപോകുന്നവരറിയുന്നില്ല. തകര്‍ക്കുന്നത് പലരുടെയും നെഞ്ചാണെന്നും അവരറിയുന്നില്ല.

    മറ്റൊരു കൂട്ടര്‍ രക്ഷിതാക്കളോടും വ്യവസ്ഥിതിയോടുമുള്ള പ്രതികാരം തീര്‍ക്കുന്നത് മയക്കുമരുന്ന് ഉപയോഗിച്ചും സ്വയം ക്രിമിനലുകളായുമാണ്. മയക്കുമരുന്നില്‍ നിന്ന് മോചനം നേടിവന്നൊരു കുട്ടിയുടെ മുഖം ഞാനോര്‍ക്കാറുണ്ട്. തകര്‍ന്നു തരിപ്പണമായി എല്ലാം നഷ്ടപ്പെട്ടൊരു മുഖം. കുഞ്ഞിപ്പുവിന്‍റെ നെഞ്ചിലുണ്ടായിരുന്ന ചൂടിന്‍റെ ചെറിയൊരംശം ഉണ്ടായിരുന്നെങ്കില്‍ ആ കുട്ടി ലഹരിയുടെ തളര്‍ച്ചയിലേക്ക് പോകില്ലായിരുന്നു.

    എന്‍റെ പഴയ നാട്ടുകാരന്‍ കാണിച്ചുതന്നത് പ്രതികാരത്തിന്‍റെ മറ്റൊരു മുഖമാണ്. പലപ്പോഴും നമുക്ക് അപരിചിതമായ മുഖം. തിരമാലപോലെ വന്ന കഷ്ടപ്പാടുകളെ അതിലേക്കിറങ്ങി നീന്തിനീന്തി അയാള്‍ പരാജയപ്പെടുത്തിയിരിക്കുന്നു. 

    പ്രതിസന്ധികള്‍ക്ക് മുന്നില്‍ മെഴുകുതിരി നാളം പോലെ ആടുന്ന കുട്ടികള്‍ ഓര്‍ക്കേണ്ടത് അവരുടെ രക്ഷിതാക്കളുടെ മുഖമാണ്. അല്ലാതെ പരാജയത്തിന്‍റെ മുഖമല്ല.


കവി പാടിയത് മന്ത്രംപോലെ നമുക്ക് മനസ്സില്‍ സൂക്ഷിക്കാം:

        ജീവിതം നല്‍കാന്‍ മടിക്കുന്നതൊക്കെയും
        ജീവിച്ചു ജീവിതത്തോടു ഞാന്‍ വാങ്ങിടും.   

 

(ഏറെ പ്രിയപ്പെട്ട ശ്രീ. മമ്മൂട്ടി എഴുതിയ, അദ്ദേഹത്തിന്‍റെ ഏതാനും ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ കാഴ്ചപ്പാട് എന്ന പുസ്തകത്തില്‍നിന്നുമെടുത്താണ് ഈ രചന ഇവിടെ ചേര്‍ത്തിരിക്കുന്നത്. 2002 നവംബര്‍ 15നാണ് അദ്ദേഹം ഇത് എഴുതിയത്. കറന്‍റ് ബുക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.)

Friday, January 31, 2025

സ്വാര്‍ത്ഥനായ ഭൂതം



 

 

 

 

 

 

- ഓസ്കര്‍ വൈല്‍ഡ് / ഈശ്വരന്‍ നമ്പൂതിരി എച്ച്   

 

            എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ, സ്‌കൂൾ വിട്ട് വരുന്നവഴി, ആ കുട്ടികൾ ഭൂതത്തിന്‍റെ ഉദ്യാനത്തിൽ കളിക്കാൻ പോവുക പതിവായിരുന്നു.

            ഇളംപച്ചപ്പുല്ലു വിരിച്ച, മനോഹരമായൊരു വലിയ ഉദ്യാനമായിരുന്നു അത്. മാനത്തെ താരങ്ങളെപ്പോലെ പുല്ലിനു മുകളിൽ അവിടെയുമിവിടെയും ഉയർന്നുനില്‍ക്കുന്ന മനോഹരമായ പുഷ്‌പങ്ങൾ. അതു കൂടാതെ പന്ത്രണ്ട് പീച്ച് മരങ്ങളും അവിടെ ഉണ്ടായിരുന്നു. വസന്തകാലത്ത് അവയിൽ ഇളം ചുവപ്പും വെളുപ്പും നിറങ്ങളിലുള്ള കോമള കുസുമങ്ങൾ വിടർന്നിരുന്നു. ശരത്കാലത്ത് ഇവ പഴങ്ങളാൽ സമൃദ്ധമായിരുന്നു. മരക്കൊമ്പിലിരുന്നു മനോഹരമായി പാടുന്ന കിളികൾ. അതു കേൾക്കവേ കുട്ടികൾ കളിനിർത്തി ആ പാട്ടിൽ മുഴുകുന്നതും പതിവായിരുന്നു. അത്ര മനോഹരമായിരുന്നു അവയുടെ കൂജനം.

            "നമുക്കിവിടെ എന്തൊരാനന്ദമാണ്!" കുട്ടികൾ ആർത്തുവിളിച്ചുല്ലസിച്ചു.

            ഒരുനാൾ ഭൂതം തിരിച്ചെത്തി. അവൻ തന്‍റെ സുഹൃത്തും നരഭോജിയുമായ കോർണിഷിനെ സന്ദർശിക്കാൻ പോയതായിരുന്നു. എന്നിട്ട് അവനോടൊപ്പം നീണ്ട ഏഴു വർഷം ചെലവഴിച്ചു. ഏഴു വർഷം കഴിഞ്ഞപ്പോഴാണ് വളരെ മിതഭാഷിയായ ഭൂതം, തനിക്കു പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞത്. അപ്പോൾ അവൻ തന്‍റെ കൊട്ടാരത്തിലേക്കു മടങ്ങാൻ നിശ്ചയിച്ചു. അവൻ തിരിച്ചെത്തിയപ്പോൾ കുട്ടികൾ തന്‍റെ ഉദ്യാനത്തിൽ കയറി കളിക്കുന്നതാണ് കണ്ടത്.

            "നിങ്ങളിവിടെ എന്തെടുക്കുന്നു?" - കാർക്കശ്യം നിറഞ്ഞ സ്വരത്തിൽ അയാൾ അലറി. പേടിച്ചരണ്ട കുട്ടികൾ ഓടിയകന്നു.

            "എന്‍റെ ഉദ്യാനം എനിക്കുമാത്രം സ്വന്തമാണ്." - ഭൂതം പറഞ്ഞു - "ആർക്കുമത് മനസ്സിലാകും. ഞാനാരെയും ഇതിനുള്ളിൽ കളിക്കാൻ അനുവദിക്കില്ല. ഇതെന്‍റെ മാത്രമാണ്."

            അതുകൊണ്ട് ഭൂതം തന്‍റെ ഉദ്യാനത്തിനുചുറ്റും വലിയൊരു മതിൽ കെട്ടിയുയർത്തി, എന്നിട്ടൊരു മുന്നറിയിപ്പും എഴുതി പ്രദർശിപ്പിച്ചു:
'
അതിക്രമിച്ചു കടക്കുന്നവർ ശിക്ഷിക്കപ്പെടും'

            അത് തീർത്തും സ്വാര്‍ത്ഥനായൊരു ഭൂതമായിരുന്നു.

            ആ പാവം കുട്ടികൾ! അവർക്കിപ്പോൾ കളിക്കാനിടമില്ലാതായി. അവർ തെരുവിൽ കളിക്കാൻ ശ്രമിച്ചു. എന്നാലവിടം മുഴുവൻ പൊടിയും കൂർത്ത കല്ലുകളുമായിരുന്നു. അതുകൊണ്ട് അവർക്കവിടം ഇഷ്‌ടപ്പെട്ടില്ല. പഠനം കഴിഞ്ഞുവരുമ്പോൾ മതിലിനുള്ളിലെ മനോഹരമായ ഉദ്യാനത്തെപ്പറ്റി സംസാരിച്ചുകൊണ്ട് അവരതിനുചുറ്റും പതിവായി നടക്കാറുണ്ട്.

            "നമുക്ക് ഇതിനുള്ളിൽ എന്തൊരു ആഹ്ളാദമായിരുന്നു!' - അവർ പരസ്പരം പറഞ്ഞു.

            അങ്ങനിരിക്കെ വസന്തകാലമെത്തി. നാട്ടിലെങ്ങും പൂക്കളും കുരുവികളും ആയി. എന്നാൽ സ്വാര്‍ത്ഥനായ ഭൂതത്തിന്‍റെ ഉദ്യാനത്തിൽ മാത്രം കാപ്പാട്ടും ശിശിരകാലം തന്നെയായിരുന്നു. കുട്ടികളെത്താത്ത ആ ഉദ്യാനത്തിൽ പാടാൻ കിളികൾ മെനക്കെട്ടില്ല; കൂടാതെ മരങ്ങള്‍ പൂക്കാനും മറന്നുപോയി. ഒരിക്കലൊരു സുന്ദരിയായ പൂവ് പുല്ലുകൾക്കിടയിൽ നിന്നും തന്‍റെ തല പുറത്തുനീട്ടി നോക്കി. എന്നാൽ അവിടെ പതിപ്പിച്ചിരിക്കുന്ന മുന്നറിയിപ്പുകണ്ട ആ പൂവ്, കുട്ടികളെയോർത്ത് ദുഃഖിക്കുകയും തിരിച്ചു മണ്ണിലേക്കു തലതാഴ്ത്തി നിദ്രയിലേക്ക് മടങ്ങുകയും ചെയ്‌തു. ആ സമയത്തും സന്തോഷിച്ചിരുന്നവർ രണ്ടു പേരേ ഉണ്ടായിരുന്നുള്ളൂ - മഞ്ഞും ശൈത്യവും.

            "വസന്തം ഈ പൂന്തോട്ടത്തെ മറന്നിരിക്കുന്നു." - അവർ സന്തോഷം പ്രകടിപ്പിച്ചു. - "ഇനി നമുക്കു വർഷം മുഴുവൻ ഇവിടെ കഴിയാം." - മഞ്ഞ്, അവളുടെ വലിയ വെളുത്ത മേലങ്കികൊണ്ട് പുല്ലു മുഴുവൻ മൂടി. അതേസമയം ശൈത്യം മരങ്ങളെ മുഴുവൻ വെള്ളിയണിയിച്ചു. അവർ പിന്നീട് വടക്കൻ കാറ്റിനെക്കൂടി തങ്ങളോടൊപ്പം കൂടാൻ വിളിച്ചു. ക്ഷണം സ്വീകരിച്ച് അവനെത്തി. രോമക്കുപ്പായത്തിൽ പൊതിഞ്ഞെത്തിയ അവൻ പകൽ മുഴുവൻ ഉദ്യാനത്തിലുടനീളം അലറിവിളിച്ചു നടന്നു, ചിമ്മിനിക്കുഴലുകളെ കാറ്റടിച്ച് താഴെ വീഴ്ത്തി. "ഇതൊരു നല്ല സ്ഥലംതന്നെ." - അവൻ പറഞ്ഞു, "നമുക്ക് ആലിപ്പഴം പൊഴിക്കുന്ന കാറ്റിനെക്കൂടി വിളിക്കാം." അങ്ങനെ ആലിപ്പഴക്കാറ്റും അവിടെത്തി. കൊട്ടാരത്തിന്‍റെ മേല്‍ക്കൂരയിലേക്ക് കനത്ത ആലിപ്പഴവൃഷ്ടി നടത്തിക്കൊണ്ട് ദിവസവും മൂന്നു മണിക്കൂർ അവനവിടെ തകർത്താടി. കൊട്ടാരത്തിന്‍റെ ഓടുകൾ മിക്കവാറും തകർന്നുകഴിഞ്ഞപ്പോൾ അവൻ ഉദ്യാനത്തിനുചുറ്റും കഴിയുന്നത്ര വേഗത്തിൽ വീശാൻ തുടങ്ങി. നരച്ച വേഷം ധരിച്ച അവന്‍റെ ശ്വാസം മഞ്ഞുപോലെ തണുത്തതായിരുന്നു.

            "വസന്തം വന്നെത്താൻ ഇത്ര താമസിക്കുന്നതെന്താണ്? ഇത് എനിക്ക് മനസ്സിലാകുന്നില്ല." - ജനാലയ്ക്കരികിലിരുന്ന്, പുറത്തെ തണുത്തുറഞ്ഞ വെളുത്ത ഉദ്യാനത്തിലേക്കുനോക്കി സ്വാര്‍ത്ഥനായ ഭൂതം അത്ഭുതപ്പെട്ടു - "ഈ കാലാവസ്ഥയ്ക്ക് എന്നെങ്കിലുമൊരു വ്യത്യാസമുണ്ടാകുമായിരിക്കും."

            എന്നാൽ വസന്തമൊരിക്കലും അവിടെ വന്നില്ല; അതുപോലെതന്നെ വേനലും. ശരത്കാലമെത്തി എല്ലാ ഉദ്യാനങ്ങൾക്കും സുവർണഫലങ്ങൾ നല്‍കിയപ്പോഴും അവൾ സ്വാര്‍ത്ഥനായ ഭൂതത്തിനുമാത്രം ഒന്നും നല്‍കിയില്ല. "അവൻ അത്യധികം സ്വാർഥനാണ്." - അവൾ പറഞ്ഞു.

            അങ്ങനെ അവിടെപ്പോഴും തണുപ്പുകാലം തുടർന്നു. മരങ്ങൾക്കിടയിൽ വടക്കൻകാറ്റും ആലിപ്പഴക്കാറ്റും മഞ്ഞും ശൈത്യവും എല്ലായ്പ്പോഴും അവരുടെ നൃത്തം തുടർന്നുകൊണ്ടിരുന്നു.

            ഒരു പ്രഭാതത്തിൽ കട്ടിലിൽ ഉണർന്നു കിടക്കുകയായിരുന്ന ഭൂതം മനോഹരമായൊരു പാട്ടു കേൾക്കാനിടയായി. അവന്‍റെ കാതുകൾക്ക് അതിമധുരമായിത്തീർന്ന ആ ഗീതം, അതുവഴി കടന്നുപോയ രാജകീയ സംഗീതജ്ഞർ ആലപിച്ചതാണ് എന്ന് അവൻ വിചാരിച്ചു. വാസ്തവത്തിൽ അവന്‍റെ ജനലിന് പുറത്തിരുന്നു പാടിക്കൊണ്ടിരുന്ന ഒരു ലിനറ്റ് കിളി ആയിരുന്നു അത്. എന്നാൽ ആ ഉദ്യാനത്തിലൊരു കിളി പാടുന്നതു കേട്ടിട്ട്  വളരെക്കാലമായതിനാൽ ഭൂതത്തിന് അത് ലോകത്തിലെ ഏറ്റവും മികച്ച സംഗീതമായി തോന്നി. ഭൂതത്തിന്‍റെ തലയ്ക്കു മുകളിൽ നൃത്തം ചവിട്ടിക്കൊണ്ടിരുന്ന ആലിപ്പഴക്കാറ്റ് ഉടൻ തന്നെ നിശ്ചലമായി; വടക്കൻകാറ്റ് തന്‍റെ അലർച്ച നിർത്തി; അതോടൊപ്പം പാതി തുറന്ന കിളിവാതിലിലൂടെ ഒരു സുഗന്ധം ഉള്ളിൽ പരന്നു. "ഒടുവിൽ വസന്തം വന്നെത്തിക്കഴിഞ്ഞുവെന്ന് എനിക്ക് തോന്നുന്നു." - ഭൂതം പറഞ്ഞു. അവൻ കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റ് പുറത്തേക്കു നോക്കി.

            അപ്പോൾ കണ്ടതോ?

            അത്യാശ്ചര്യകരമായൊരു ദൃശ്യമായിരുന്നു അവൻ കണ്ടത്. മതിലിൽ ഒരു ചെറിയ പൊത്തിൽക്കൂടി കുട്ടികൾ ഉദ്യാനത്തിലേക്കു നുഴഞ്ഞുകയറിയിരിക്കുന്നു. മരക്കൊമ്പുകളിൽ കയറിയിരിക്കുകയാണവർ. ഭൂതത്തിന് കാണാവുന്ന എല്ലാ മരത്തിലും ഒരു കൊച്ചുകുട്ടിയെങ്കിലുമുണ്ട്. കുട്ടികൾ തിരിച്ചെത്തിയതിൽ സന്തുഷ്‌ടരായ മരങ്ങൾ സ്വയം വസന്തം വിരിയിച്ച് പൂക്കളാൽ മൂടപ്പെട്ടിരിക്കുന്നു. അവർ കുട്ടികളുടെ തലയ്ക്ക് മുകളില്‍ കൈകൾ വീശിനില്‍ക്കുന്നു. ആഹ്ളാദകൂജനങ്ങൾ മുഴക്കി കിളികൾ പറന്നു നടക്കുന്നു. പുല്ലുകൾക്കിടയിലൂടെ തലപൊക്കി നോക്കുന്ന പൂക്കൾ പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്നു. അതൊരു രമണീയമായ ദൃശ്യമായിരുന്നു.

            എന്നാൽ അപ്പോഴും ഉദ്യാനത്തിന്‍റെ ഒരു ഭാഗത്ത്, ഏറ്റവും അങ്ങേയറ്റത്തു മാത്രം, അപ്പോഴും ശൈത്യമായിരുന്നു. അവിടെ ഒരു കൊച്ചുകുഞ്ഞും നില്‍പ്പുണ്ട്. മരക്കൊമ്പിൽ പിടിച്ചുകയറാനാകാത്തത്ര ചെറുതായിരുന്നു ആ കുട്ടി. കരഞ്ഞുകൊണ്ട് അവനവിടെ അലക്ഷ്യമായി നടക്കുകയാണ്. അവിടത്തെ പാവം മരമാകട്ടെ ഇപ്പോഴും മഞ്ഞുകൊണ്ടു മൂടപ്പെട്ടിരിക്കുന്നു. ശൈത്യവും വടക്കൻകാറ്റും ഇപ്പോഴുമവിടെ ചുറ്റിക്കറങ്ങുന്നു. "കയറൂ, മുകളിലേക്ക് ചാടിക്കയറൂ കുഞ്ഞേ." - മരം പറഞ്ഞു. അതിന്‍റെ ശാഖകൾ ആകാവുന്നത്ര താഴേക്കു വളച്ചു. പക്ഷേ, ആ കുട്ടി തീരെ ചെറുതായിരുന്നു.

            പുറത്തേക്കു നോക്കിനിന്ന ഭൂതത്തിന്‍റെ മനസ്സലിഞ്ഞു. "ഞാനെത്ര സ്വാര്‍ത്ഥനായിരുന്നു!" - അവൻ പറഞ്ഞു - "വസന്തം ഇത്രയും കാലം എത്താതിരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോഴെനിക്കു മനസ്സിലായി. ഞാനാ കുട്ടിയെ മരത്തിൽ കയറ്റിയിരുത്തും. എന്നിട്ട് ആ മതിലിടിച്ച് തകർക്കും. എന്‍റെ ഉദ്യാനം ഇനിയെന്നും കുട്ടികളുടെ കളിസ്ഥലമായിരിക്കും." - അവന് താൻ ചെയ്തതിലെല്ലാം അത്യധികം ദുഃഖം തോന്നി.

            അവൻ താഴേക്കു പടികളിറങ്ങി, മുൻവാതിൽ പതുക്കെത്തുറന്ന് ഉദ്യാനത്തിലേക്കു കടന്നു. എന്നാൽ, അവനെക്കണ്ട് പേടിച്ചരണ്ട കുട്ടികൾ ഓടിരക്ഷപ്പെട്ടു. ഉദ്യാനം വീണ്ടും മഞ്ഞുകാലത്തിന്‍റെ പിടിയിലായി. ഉദ്യാനത്തിന്‍റെ അങ്ങേയറ്റത്തുനിന്നിരുന്ന കൊച്ചുകുട്ടി മാത്രമേ ഓടാതിരുന്നുള്ളൂ. അവന്‍റെ കണ്ണുകൾ കണ്ണീരാൽ നിറഞ്ഞിരുന്നതിനാൽ ഭൂതം വരുന്നത് അവൻ കണ്ടിരുന്നില്ല. അവന്‍റെ പിന്നിലേക്ക് പതുങ്ങിയെത്തിയ ഭൂതം അവനെ സാവധാനം കൈയിലെടുത്ത് മരത്തിന് മുകളിലിരുത്തി. ഉടനെതന്നെ മരം പൂക്കൾ വിടർത്തി; പക്ഷികൾ പാട്ടുപാടിക്കൊണ്ടു വന്നെത്തി; ആ കൊച്ചുകുട്ടി കൈകൾ വിരിച്ച് ഭൂതത്തിന്‍റെ കഴുത്തിൽ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കി. ഇതു കണ്ട മറ്റു കുട്ടികൾ, ഭൂതം ഇപ്പോളൊരു ക്രൂരനല്ലെന്ന് മനസ്സിലാക്കി ഓടിത്തിരിച്ചെത്തി. അവര്‍ക്കൊപ്പം വസന്തകാലവും തിരികെയെത്തി.

            "കുഞ്ഞുങ്ങളേ, ഇനിമുതൽ ഇത് നിങ്ങളുടെ ഉദ്യാനമാണ്." - ഭൂതം പറഞ്ഞു. അവൻ തന്‍റെ വലിയ മഴുവെടുത്ത് മതിൽ വെട്ടിപ്പൊളിച്ചു. പന്ത്രണ്ടു മണിക്ക് ചന്തയിലേക്കുപോയ ആളുകൾ കണ്ടത്, അങ്ങേയറ്റം മനോഹരമായ ഉദ്യാനത്തിൽ കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്ന ഭൂതത്തെയാണ്.

            പകൽ മുഴുവൻ അവർ കളികൾ തുടർന്നു. സന്ധ്യയായപ്പോൾ കുട്ടികൾ ഭൂതത്തിനോട് യാത്രപറയാനെത്തി.

            “പക്ഷേ, നിങ്ങളുടെയാ കൊച്ചുകൂട്ടുകാരനെവിടെ?' - ഭൂതം ചോദിച്ചു - “ഞാൻ മരത്തിൽ കയറ്റിയിരുത്തിയ കുഞ്ഞ്, അവനെവിടെ?" - തനിക്കൊരുമ്മ നല്‍കിയ ആ കുട്ടിയെയാണ് ഭൂതത്തിന് ഏറ്റവുമധികം ഇഷ്ടമായത്.

            "ഞങ്ങൾക്കറിയില്ല." - കുട്ടികൾ പറഞ്ഞു - “അവൻ പോയിരിക്കുന്നു."

            "നിങ്ങളവനോട് നാളെയും തീർച്ചയായും ഇവിടെ വരാൻ പറയണം." -  ഭൂതം പറഞ്ഞു. എന്നാൽ കുട്ടികൾക്ക് അവനെ അറിയില്ലെന്നും മുമ്പു കണ്ടിട്ടില്ലെന്നും എവിടെയാണ് താമസം എന്നറിയില്ലെന്നും ആയിരുന്നു മറുപടി. അതുകേട്ട ഭൂതത്തിന് വളരെയധികം സങ്കടമായി.

            പിന്നീട് എല്ലാ സായാഹ്നത്തിലും സ്കൂൾ വിട്ടു വരുന്നവഴി, കുട്ടികൾ ഭൂതത്തിനടുത്തുവരികയും അവരൊരുമിച്ചു കളിക്കുകയും പതിവായി. എന്നാൽ, ഭൂതം ഏറ്റവുമധികം സ്നേഹിച്ചിരുന്ന ആ കുട്ടിയെ മാത്രം പിന്നീടൊരിക്കലും കാണുകയുണ്ടായില്ല. അവന് എല്ലാ കുട്ടികളോടും വാത്സല്യ മുണ്ടായിരുന്നു; എങ്കിലും തന്‍റെ ആദ്യസുഹൃത്തായ ആ കുട്ടിയെ കാണാൻ അവൻ വളരെയധികം കൊതിച്ചിരുന്നു. ഇടയ്ക്കൊക്കെ അവൻ പറയും, "ഞാനവനെക്കാണാൻ എത്രമാത്രം ആഗ്രഹിക്കുന്നു!"

            കാലം കടന്നുപോയി. ഭൂതത്തിന് പ്രായമേറെയായി; അവൻ അവശനായി. ഇപ്പോളവന് കുട്ടികൾക്കൊപ്പം കളിക്കാനാകില്ല; എങ്കിലും ഉമ്മറത്തൊരു ചാരുകസേരയുമിട്ട് അതിൽ കിടന്നുകൊണ്ട് തന്‍റെ ഉദ്യാനത്തെയും കുട്ടികൾ കളിക്കുന്നതും ഒക്കെ അവൻ വീക്ഷിക്കും. "എനിക്കൊരുപാട് സുന്ദര പുഷ്പങ്ങളുണ്ട്" - അവൻ പറഞ്ഞു - "എന്നാൽ എല്ലാറ്റിനെക്കാളും മനോഹരമായ പുഷ്പങ്ങൾ കുഞ്ഞുങ്ങൾ തന്നെയാണ്."

            ഒരു ശൈത്യകാല പ്രഭാതത്തിൽ, വസ്ത്രം ധരിക്കുന്നതിനിടെ അവൻ ജനലിൽക്കൂടി നോക്കി. ഇപ്പോളവന് ശൈത്യത്തെ പേടിയില്ല. കാരണം, ഇത് പൂക്കൾ വിശ്രമിക്കുന്ന, വസന്തകാലമുറങ്ങുന്ന ഒരു ചെറിയ സമയം മാത്രമാണെന്ന് അവനറിയാം.

            പെട്ടന്ന് അവൻ അത്ഭുതപ്പെട്ട് കണ്ണുകൾ തിരുമ്മി, അവിടേക്ക് വീണ്ടും വീണ്ടും നോക്കി. ആശ്ചര്യകരമായൊരു ദൃശ്യമായിരുന്നു അത്. ഉദ്യാനത്തിന്‍റെ അങ്ങേമൂലയിൽ നിറയെ വെള്ളപ്പൂക്കളുമായി ഒരു മരം. അതിന്‍റെ എല്ലാ ശാഖകളിലും താഴേക്കു തൂങ്ങിക്കിടക്കുന്ന സ്വർണ-വെള്ളിപ്പഴങ്ങൾ. അതിനു ചുവട്ടില്‍ ഭൂതം സ്നേഹിക്കുന്ന ആ കൊച്ചുകുട്ടി.

            ആഹ്ളാദചിത്തനായ ഭൂതം താഴേക്ക് ഓടിയിറങ്ങി പൂന്തോട്ടത്തിലേക്കു ചെന്നു. തിരക്കുപിടിച്ച് പുല്ലിനു മുകളിൽക്കൂടി ഓടി ആ കുട്ടിയുടെ അടുത്തെത്തി. എന്നാൽ ആ കുട്ടിയുടെ മുഖത്തിനടുത്തേക്ക് കുനിഞ്ഞ ഭൂതം കോപത്താൽ ജ്വലിച്ചു. "ആർക്കാണ് നിന്നെയിങ്ങനെ മുറിവേല്‍പ്പിക്കാൻ ധൈര്യം?" - അവൻ ചോദിച്ചു. എന്തെന്നാൽ ആ കുഞ്ഞിന്‍റെ കൈത്തലങ്ങളിലും കാല്‍പ്പാദങ്ങളിലും ഈ രണ്ട് ആണിയടിച്ചതിന്‍റെ പാടുകളുണ്ടായിരുന്നു.

            ആർക്കാണ് നിന്നെയിങ്ങനെ മുറിവേല്‍പ്പിക്കാൻ ധൈര്യം?" - ഭൂതം ആർത്തട്ടഹസിച്ചു - “പറയൂ, എന്നോടു പറയൂ. ഞാനെന്‍റെ വലിയ വാളെടുത്ത് അവനെ അരിഞ്ഞുവീഴ്ത്താം."

            പാടില്ല." - ആ കുട്ടി പറഞ്ഞു - "ഇത് സ്നേഹത്തിന്‍റെ മുറിവുകളാണ്."

            "ആരാണ് നീ?" - ഭൂതം ചോദിച്ചു. അജ്ഞാതമായൊരു ഭീതി (ഭക്തി) അവനിൽ നിറഞ്ഞു. അവൻ ആ കുട്ടിയുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു.

            ഭൂതത്തിന്‍റെ മുമ്പിൽ പുഞ്ചിരിച്ചുകൊണ്ട് ആ കുട്ടി പറഞ്ഞു: “ഒരിക്കൽ നിങ്ങളെന്നെ നിങ്ങളുടെ ഉദ്യാനത്തിൽ കളിക്കാനനുവദിച്ചു. ഇന്ന് നീ എന്നോടൊപ്പം എന്‍റെ ഉദ്യാനത്തിലേക്ക്, സ്വർഗ്ഗത്തിലേക്ക്, വരും."

            അടുത്ത സായാഹ്നത്തിൽ കളിക്കാനായി അവിടേക്ക് ഓടിയെത്തിയ കുട്ടികൾ കണ്ടത് നിറയെ വെള്ളപ്പൂക്കൾകൊണ്ടു മൂടിനില്ക്കുന്ന ഒരു മരച്ചുവട്ടിൽ മരിച്ചുകിടക്കുന്ന ഭൂതത്തിനെയാണ്.

 

(D C BOOKS പ്രസിദ്ധീകരിച്ച, 'ഓസ്കര്‍ വൈല്‍ഡ് - ലോകോത്തര കഥകള്‍' എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ കഥ ഇവിടെ ചേര്‍ത്തിരിക്കുന്നത്. അനശ്വരസാഹിത്യകാരനായ ഓസ്കര്‍ വൈല്‍ഡിന്‍റെ ഏതാനും കൃതികളുടെ വിവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചിരിക്കുന്നത് ഈശ്വരന്‍ നമ്പൂതിരി എച്ച് ആണ്. THE SELFISH GIANT എന്ന കഥയുടെ വിവര്‍ത്തനമാണ് സ്വാര്‍ത്ഥനായ ഭൂതം.)

Thursday, January 30, 2025

എന്‍റെ ഗുരുനാഥന്‍


 
 
 
 
 
 
 
 
 
 
ലോകമേ തറവാടു തനിക്കീ ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍;
ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍.
 
താരകാമണിമാല ചാര്‍ത്തിയാലതും കൊള്ളാം!
കാറണിച്ചളി നീളെപ്പുരണ്ടാലതും കൊള്ളാം;
ഇല്ലിഹ സംഗം ലേപമെന്നിവ, സമസ്വച്ഛ-
മല്ലയോ വിഹായസ്സ,വ്വണ്ണമെന്‍ ഗുരുനാഥന്‍.
 
ദുര്‍ജ്ജന്തുവിഹീനമാം ദുര്‍ല്ലഭതീര്‍ത്ഥഹ്രദം,
കജ്ജളോദ്ഗമമില്ലാത്തോരു മംഗളദീപം.
പാമ്പുകള്‍ തീണ്ടീടാത്ത മാണിക്യമഹാനദി,
പാഴ്‌നിഴലുണ്ടാക്കാത്ത പൂനിലാവെന്നാചാര്യന്‍.


ശസ്ത്രമെന്നിയേ ധര്‍മ്മസംഗമം നടത്തുന്നോന്‍,
പുസ്തകമെന്യേ പുണ്യാദ്ധ്യാപനം പുലര്‍ത്തുന്നോന്‍.
ഔഷധമെന്യേ രോഗം ശമിപ്പിപ്പവന്‍, ഹിംസാ-
ദോഷമെന്നിയേ യജ്ഞം ചെയ്‌വവനെന്നാചാര്യന്‍.


ശാശ്വതമഹിംസയാണമ്മഹാത്മാവിന്‍ വ്രതം;
ശാന്തിയാണവിടേയ്ക്കു പരദേവത പണ്ടേ;
ഓതുമാറുണ്ടദ്ദേഹ:"മഹിംസാമണിച്ചട്ട-
യേതുടവാളിന്‍ കൊടും വായ്ത്തല മടക്കാത്തൂ?"


ഭാര്യയെക്കണ്ടെത്തിയ ധര്‍മ്മത്തിന്‍ സല്ലാപങ്ങ-
ളാര്യസത്യത്തിന്‍ സദസ്സിങ്കലെസ്സംഗീതങ്ങള്‍.
മുക്തിതന്‍ മണിമയക്കാല്‍ത്തളക്കിലുക്കങ്ങള്‍,
മുറ്റുമെന്‍ ഗുരുവിന്‍റെ ശോഭനവചനങ്ങള്‍.


പ്രണയത്താലേ ലോകം വെല്ലുമീ യോദ്ധാവിന്നോ,
പ്രണവം ധനുസ്സാ,ത്മാവാശുഗം, ബ്രഹ്മം ലക്ഷ്യം;
ഓംകാരത്തെയും ക്രമാലലിയിച്ചലിയിച്ചു
താന്‍ കൈക്കൊള്ളുന്നു തുലോം സൂക്ഷ്മമാമംശം മാത്രം.


ക്രിസ്തുദേവന്‍റെ  പരിത്യാഗശീലവും, സാക്ഷാല്‍-
ക്കൃഷ്ണനാം ഭഗവാന്‍റെ ധര്‍മ്മരക്ഷോപായവും,
ബുദ്ധന്‍റെയഹിംസയും, ശങ്കരാചാര്യരുടെ
ബുദ്ധിശക്തിയും, രന്തിദേവന്‍റെ ദയാവായ്പും,

ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും, മുഹമ്മദിന്‍
സ്ഥൈര്യവു,മൊരാളില്‍ച്ചേര്‍ന്നൊത്തുകാണണമെങ്കില്‍
ചെല്ലുവിന്‍ ഭവാന്മാരെന്‍ ഗുരുവിന്‍ നികടത്തി-ലല്ലായ്കിലവിടുത്തെച്ചരിത്രം വായിക്കുവിന്‍!


ഹാ! തത്ര ഭവല്‍പ്പാദമൊരിയ്ക്കല്‍ ദര്‍ശിച്ചെന്നാല്‍-
ക്കാതരനതിധീരന്‍, കര്‍ക്കശന്‍ കൃപാവശന്‍!
പിശുക്കന്‍ പ്രദാനോല്‍ക്കന്‍, പിശുനന്‍ സുവചന-
ന,ശുദ്ധന്‍ പരിശുദ്ധ;നലസന്‍ സദായാസന്‍!


ആതതപ്രശമനാമത്തപസ്വിതന്‍ മുന്നി-
ലാതതായിതന്‍ കൈവാള്‍ കരിംകൂവളമാല്യം;
കൂര്‍ത്ത ദംഷ്ട്രകള്‍ ചേര്‍ന്ന കേസരിയൊരു മാന്‍കു-
ഞ്ഞാ,ര്‍ത്തേന്തിത്തടംതല്ലും വന്‍കടല്‍ കളിപ്പൊയ്ക!


കാര്യചിന്തനംചെയ്യും നേരമന്നേതാവിന്ന്
കാനനപ്രദേശവും കാഞ്ചനസഭാതലം;
ചട്ടറ്റ സമാധിയിലേര്‍പ്പെടുമാ യോഗിക്ക്
പട്ടണ നടുത്തട്ടും പര്‍വ്വതഗുഹാന്തരം!

ശുദ്ധമാം തങ്കത്തെത്താനല്ലയോ വിളയിപ്പ-
തിദ്ധര്‍മ്മകൃഷകന്‍റെ സല്‍ക്കര്‍മ്മം വയല്‍തോറും?
സിദ്ധനാമവിടുത്തെത്തൃക്കണ്ണോ, കനകത്തെ-
യിദ്ധരിത്രിതന്‍ വെറും മഞ്ഞമണ്ണായിക്കാണ്മൂ!


ചാമരചലനത്താലിളിച്ചുകാട്ടും പിശാ-
ചാമഹാവിരക്തനു പൂജ്യസാമ്രാജ്യശ്രീയും!
ഏതു പൂങ്കഴലിന്നുമഴല്‍ തോന്നായ്‌വാനാരീ
സ്വാതന്ത്ര്യദുര്‍ഗാദ്ധ്വാവില്‍ പട്ടുകള്‍ വിരിക്കുന്നൂ.

അത്തിരുവടി വല്ല വല്‍ക്കലത്തുണ്ടുമുടു-
ത്തര്‍ദ്ധനഗ്നനായല്ലോ മേവുന്നൂ സദാകാലം!

ഗീതയ്ക്കു മാതാവായ ഭൂമിയേ ദൃഢമിതു-
മാതിരിയൊരു കര്‍മ്മയോഗിയെ പ്രസവിക്കൂ;
 
ഹിമവദ്വിന്ധ്യാചല മദ്ധ്യദേശത്തേ കാണൂ
-
ശമമേ ശീലിച്ചെഴുമിത്തരം സിംഹത്തിനെ!

ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര
മംഗളം കായ്ക്കും കല്‍പപാദപമുണ്ടായ് വരൂ!
നമസ്തേ ഗതതര്‍ഷ! നമസ്തേ ദുരാധര്‍ഷ!
നമസ്തേ സുമഹാത്മന്‍! നമസ്തേ ജഗദ്‌ഗുരോ!

Sunday, January 26, 2025

വിത്തിലെ വിദ്യ

 


 

 

 

 

 


 - അക്കിത്തം അച്യുതന്‍ നമ്പൂതിരി

 

ഒരു ചെറിയ വിത്തില്‍ നീര്‍ത്തുള്ളി വീഴുന്നു;
ഒരു ചെറിയ വൃക്ഷമെണീറ്റു നില്‍ക്കുന്നു!
ഇടിമിന്നലേറ്റതു നിലം പതിച്ചിട്ടോ,
പൊടിയുന്നു, വെയില്‍കാറ്റുമഴകളാല്‍ തനിയേ?
 
ഉണ്ടൊരു മരത്തിലും ഞാനെന്ന ഭാവം!
മിണ്ടുവാനുള്ള ചെറുനാവില്ല പക്ഷേ!
വൃക്ഷം വെറും വൃക്ഷമ,ല്ലതില്‍പ്പെട്ടു
പക്ഷി,മൃഗ,മര്‍ത്യ പ്രപഞ്ചം മുഴുക്കേ,
പക്ഷി പാടും, മൃഗം കരയും, മനുഷ്യന്‍
പാടിക്കരഞ്ഞു ചിരിക്കയും ചെയ്‌വൂ.
ചിരിയിലവസാനിപ്പൂ ജീവപ്രപഞ്ച-
പ്പരവയിലുയിര്‍ക്കൊണ്ട നുര മുഴുവനല്ലോ!
 
ഞാനെന്ന ഭാവമെവിടുന്നു തെളിയുന്നു,
പ്രാണന്‍റെ ചലമഹിമയെവിടെ വിളയുന്നു?
അറിയില്ലെനിയ്ക്കൊന്നുമെന്നറിയുമ്പോള്‍
അറിവിന്‍റെ നിറകുടമാവുന്നു മര്‍ത്യന്‍.
അറിവിന്‍റെ പര്യായമീ പ്രപഞ്ചത്തില്‍
ഒരു വാക്ക് മാത്രമാണതുതന്നെ വിനയം.
വിത്തെന്ന ശബ്ദത്തിലുള്ള പരമാര്‍ത്ഥം
വിദ്യയെന്നുടനേ മനസ്സിലാവുന്നു.

Thursday, January 16, 2025

ഗുരു

 


 

 

 

 

 

- കുമാരനാശാന്‍

 

ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിൻ
നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം;
ആരാദ്ധ്യനതോർത്തീടുകിൽ ഞങ്ങൾക്കവിടുന്നാം
നാരായണമൂർത്തേ! ഗുരു നാരായണമൂർത്തേ!

അൻപാർന്നവരുണ്ടോ പരവിജ്‌ഞാനികളുണ്ടോ
വൻപാകെ വെടിഞ്ഞുള്ളവരുണ്ടോയിതുപോലെ
മുൻപായി നിനച്ചൊക്കെയിലും ഞങ്ങൾ ഭജിപ്പൂ
നിൻപാവനപാദം ഗുരു നാരായണമൂർത്തേ!

അന്യർക്കു ഗുണം ചെയ്‌വതിന്നായുസ്സു വപുസ്സും
ധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ്‌വൂ;
സന്യാസികളില്ലിങ്ങനെയില്ലില്ലമിയന്നോർ
വന്യാശ്രമമേലുന്നവരും ശ്രീ ഗുരുമൂർത്തേ!

വാദങ്ങൾ ചെവിക്കൊണ്ടു മതപ്പോരുകൾ കണ്ടും
മോദസ്‌ഥിരനായങ്ങു വസിപ്പൂ മലപോലെ
വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവൻ താൻ
ഭേദാദികൾ കൈവിട്ടു ജയിപ്പൂ ഗുരുമൂർത്തേ!

മോഹാകുലരാം ഞങ്ങളെയങ്ങേടെയടിപ്പൂ
സ്നേഹാത്മകമാം പാശമതിൽക്കെട്ടിയിഴപ്പൂ;
ആഹാ ബഹുലക്ഷം ജനമങ്ങേത്തിരുനാമ-
വ്യാഹാരബലത്താൽ വിജയിപ്പൂ ഗുരുമൂർത്തേ!

അങ്ങേത്തിരുവുള്ളൂറിയൊരൻപിൻ വിനിയോഗം
ഞങ്ങൾക്കു ശുഭം ചേർത്തിടുമീ ഞങ്ങടെ 'യോഗം'
എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ
മങ്ങാതെ ചിരം നിൻ പുകൾപോൽ ശ്രീ ഗുരുമൂർത്തേ!

തൻപോലെയുറുമ്പാദിയെയും പാർത്തിടുമങ്ങേ-
ക്കൻപോടുലകർത്ഥിപ്പു ചിരായുസ്സു ദയാബ്ധേ!
മുൻപോൽ സുഖമായ് മേന്മ തൊടുന്നോർക്കരുളും കാൽ-
തുമ്പോടിനിയും വാഴ്ക ശതാബ്ദം ഗുരുമൂർത്തേ!

(1916ല്‍ എഴുതിയ ഈ കവിത, ശ്രീനാരായണ ഗുരുദേവനെ കുമാരനാശാന്‍ പ്രത്യക്ഷമായി പരാമര്‍ശിക്കുന്ന അപൂര്‍വ്വം രചനകളില്‍ ഒന്നാണ്.)   

Tuesday, January 7, 2025

മോഷ്ടിച്ചെടുത്ത രാത്രി

 


 

 

 

 

- എന്‍ എന്‍ കക്കാട്

 

ഇരമ്പും പകൽച്ചൂടും പൊടിയും
ദാഹങ്ങളുമിരവേട്ടയും ക്രൗരങ്ങളുമൊഴിഞ്ഞും
ഒളിഞ്ഞും പതുങ്ങിയും നഗരം കടന്നേൻ ഞാൻ.
താന്തനായ്
നിശ്ചിന്തനായ്
നഗരപ്രാന്തത്തിലെ
ചെമ്മൺപാതയിലിറങ്ങീ ഞാൻ.
(ഭാഗ്യമാരുമേ പിന്തുടരുന്നീലിപ്പോളെന്നെ!)

പാതിവറ്റിയ ജീവനാഡികൾതോറും
ആ തിരമണം ചേർന്ന
വെൺ-
കുളിർ-
തെന്നൽ
നിറഞ്ഞും
ചുറ്റിപ്പിണഞ്ഞും
തളിർത്തും തഴയ്ക്കവെ,
ശാന്തവുമുദാരവുമായൊരെൻ വീട്ടിൽ
അഭയം പ്രാപിച്ചു ഞാൻ!
(ഹാവൂ, പിന്നിലില്ലാരും!)

സ്വേച്ഛമാമൊരു രാത്രിയും കൂടി
മോഷ്ടിച്ചു പാതാളത്തിൽനിന്ന്
സൂത്രത്തിൽ കൊണ്ടിങ്ങു പോന്നേൻ,
വിയർപ്പും പൊടിയുമായ്
ചളികെട്ടിയ ഫയൽക്കെട്ടുകൾ
ഇപ്പടിപ്പുരതൻ ചുമർപൊത്തിൽ
ഇറക്കിസ്സൂക്ഷിക്കട്ടെ.
ഇതിലുണ്ടേറെ കദ്രുപുത്രന്മാരുറങ്ങുന്നു.
നോട്ടുകൾ
താക്കീതുകൾ
വിശദീകരണങ്ങൾ...
(ശാന്തവുമുദാരവുമായ വീടശുദ്ധപ്പെടരുതല്ലോ!)

ചുട്ട കൽപ്പടവുകൾതോറും
മഞ്ഞുവീണുയരുന്ന ഗന്ധവും
കാട്ടുപൊന്തകളുടെ ശ്യാമച്ഛായയും
കുളത്തിലെ
സ്വച്ഛമാം ജലത്തി
ന്‍റെ കുളിരും-
ഞാനീ ശുദ്ധിയിൽ മുഴുകട്ടെ.

കത്തുമീ നിലവിളക്കിന്‍റെ
ശോണച്ഛായയിൽ
തിളങ്ങുമോട്ടുകിണ്ണത്തിലെ
ചൂടുകഞ്ഞിത,ന്നാവിയും
ചുന നീലിച്ച കണ്ണിമാങ്ങതൻ സ്വാദും
ഈറനാം ചുരുൾമുടിച്ചാർത്തിലെ
കൈതപ്പൂവിൻ ഗന്ധവും
കൈത്തണ്ടകളിലെ വർണ്ണരാജിയും
നിർദ്ദന്തമാം ശിശുവിന്‍റെ
വളയും ചുണ്ടിൽ പൂക്കും സ്മിതവും
ഉറങ്ങും കുഞ്ഞിൻ
കൺപോളകളിൽ
വിരിയും സംശുദ്ധിയും-
ഇതല്ലെങ്കിൽ സ്വർഗ്ഗമെന്തിനി വേറെ?
(മോഷ്ടിച്ച മുതലി
ന്‍റെ വിലയിന്നറിയുന്നു ഞാൻ).

Friday, January 3, 2025

അനാഥന്‍



 

 

 



- അനില്‍ പനച്ചൂരാന്‍

 

ഇടവമാസപ്പെരുംമഴ പെയ്ത രാവതില്‍

കുളിരിന്നു കൂട്ടായി ഞാന്‍ നടന്നൂ!

ഇരവിന്‍റെ നൊമ്പരം പോലൊരു കുഞ്ഞിന്‍റെ

തേങ്ങലെന്‍ കാതില്‍ പതിഞ്ഞൂ!

 

തെരുവിന്‍റെ കോണിലാ പീടികത്തിണ്ണയില്‍

ഒരു കൊച്ചുകുഞ്ഞിന്‍ കരച്ചില്‍!

ഇരുളും തുരന്നു ഞാനവിടേക്കു ചെല്ലുമ്പോള്‍

ഇടനെഞ്ചറിയാതെ തേങ്ങി!

 

നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ

പീടികത്തിണ്ണയില്‍ കണ്ടൂ!

നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു

ചോരപ്പുതപ്പിട്ട കുഞ്ഞും!

അരികത്തടുത്തിതാ ചാവാലിനായ്ക്കളും

ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും!

അമ്മയുടെ നോവാറിയില്ല; ആ ഭ്രാന്തി-

കണ്ണടച്ചെന്നേയ്ക്കുമായി...!

 

ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്ന്

പാലില്ല, പാല്‍നിലാവില്ല!

ഈ തെരുവിന്നൊരനാഥനെത്തന്നിട്ടു പോയവള്‍

തെറിവാക്ക് പറയുന്ന ഭ്രാന്തി!

 

രാത്രിയുടെ ലാളനയ്ക്കായിത്തുണ തേടി

ആരൊക്കെയോ വന്നുപോയി.

കൂട്ടത്തിലാരോ കൊടുത്തുവാ ഭ്രാന്തിയ്ക്ക്

ഉദരത്തിലൊരു തുള്ളി ബീജം!

 

ഇങ്ക്വിലാബിന്‍ മക്കളാരുമറിഞ്ഞില്ലീ

ഉദരത്തിലെ രാസമാറ്റം.

ഉലകത്തിലെവിടെയും തകിടം മറിയുന്ന

ഭരണത്തിലല്ലയോ നോട്ടം!

 

ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന

രാവുകളത്രയോ മാഞ്ഞു.

മാഞ്ഞില്ല മാനുഷാ നീ ചെയ്,തനീതി തന്‍

തെളിവായി ഭ്രൂണം വളര്‍ന്നു!

 

ഉടുതുണിയ്ക്കില്ലാത്ത മറുതുണി കൊണ്ടവള്‍

ഗര്‍ഭം പുതച്ചു നടന്നൂ!

അവളറിയാതവള്‍ യജ്ഞത്തിലെ പാപ-

ഭുക്കായി ദുഷ്കീര്‍ത്തി നേടി!

ഈ തെരുവിലവളെക്കല്ലെറിഞ്ഞൂ കിരാതരാം

പകല്‍മാന്യ മാര്‍ജ്ജാരവര്‍ഗ്ഗം!

ഈ തെരുവിന്നൊരനാഥനെത്തന്നിട്ടു പോയവള്‍

തെറിവാക്ക് പറയുന്ന ഭ്രാന്തി!

 

ഒരു ജഡവും തുടിക്കുന്ന ജീവനും

ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍

കണ്ടവര്‍, കണ്ടില്ലയെന്നു നടിപ്പവര്‍,

നിന്ദിച്ചുകൊണ്ടേയകന്നൂ!

 

ഞാ,നിനിയെന്തെന്നറിയാതെ നില്‍ക്കവേ

എന്‍ കണ്ണിലൊരുതുള്ളി ബാഷ്പം!

ഈ തെരുവില്‍പ്പിറക്കുന്ന തെണ്ടിക്കുവേണ്ടി

ഈ കവിതയും ദുഃഖവും മാത്രം!

 

ഇവിടെ കേള്‍ക്കാം ഈ കവിത കവിയുടെ ശബ്ദത്തില്‍.

ഇവിടെ കേള്‍ക്കാം ഈ കവിത മകള്‍ക്ക് എന്ന ചിത്രത്തില്‍ രമേഷ് നാരായണ്‍ ഈണമിട്ട് ബാലചന്ദ്രന്‍ ചുള്ളിക്കാട് ചൊല്ലിയത്.

ഇവിടെ കേള്‍ക്കാം അതേ ചിത്രത്തില്‍, ചിത്രത്തിന്‍റെ സംവിധായകന്‍ കൂടിയായ ജയരാജിന്‍റെ മകള്‍ ധനു ജയരാജ് പാടിയത്.