- അക്കിത്തം അച്യുതന്‍ നമ്പൂതിരി
ഒരു ചെറിയ വിത്തില്‍ നീര്‍ത്തുള്ളി വീഴുന്നു;
ഒരു ചെറിയ വൃക്ഷമെണീറ്റു നില്‍ക്കുന്നു!
ഇടിമിന്നലേറ്റതു നിലം പതിച്ചിട്ടോ,
പൊടിയുന്നു, വെയില്‍കാറ്റുമഴകളാല്‍ തനിയേ?
ഉണ്ടൊരു മരത്തിലും ഞാനെന്ന ഭാവം!
മിണ്ടുവാനുള്ള ചെറുനാവില്ല പക്ഷേ!
വൃക്ഷം വെറും വൃക്ഷമ,ല്ലതില്‍പ്പെട്ടു
പക്ഷി,മൃഗ,മര്‍ത്യ പ്രപഞ്ചം മുഴുക്കേ,
പക്ഷി പാടും, മൃഗം കരയും, മനുഷ്യന്‍
പാടിക്കരഞ്ഞു ചിരിക്കയും ചെയ്‌വൂ.
ചിരിയിലവസാനിപ്പൂ ജീവപ്രപഞ്ച-
പ്പരവയിലുയിര്‍ക്കൊണ്ട നുര മുഴുവനല്ലോ!
ഞാനെന്ന ഭാവമെവിടുന്നു തെളിയുന്നു,
പ്രാണന്‍റെ ചലമഹിമയെവിടെ വിളയുന്നു?
അറിയില്ലെനിയ്ക്കൊന്നുമെന്നറിയുമ്പോള്‍
അറിവിന്‍റെ നിറകുടമാവുന്നു മര്‍ത്യന്‍.
അറിവിന്‍റെ പര്യായമീ പ്രപഞ്ചത്തില്‍
ഒരു വാക്ക് മാത്രമാണതുതന്നെ വിനയം.
വിത്തെന്ന ശബ്ദത്തിലുള്ള പരമാര്‍ത്ഥം
വിദ്യയെന്നുടനേ മനസ്സിലാവുന്നു.
No comments:
Post a Comment