Tuesday, December 31, 2024

ചരിത്രത്തിന്‍റെ ശ്മശാനഭൂമികള്‍

 

 

 

 

 

 

 

 

 

- എം ടി വാസുദേവന്‍ നായര്‍

         

        മാർപാപ്പയുടെ അരമനയും സെന്‍റ് പോൾസ് പള്ളിയും നോക്കി ചത്വരത്തില്‍ നിന്നാൽ ചുറ്റും ഒഴുകുന്നത് പല നാടുകളിൽ നിന്നു വരുന്ന സന്ദർശകരാണ്. 71ന് ശേഷം ഞാൻ വീണ്ടും റോമിൽ വന്നതാണ്. ആവശ്യമൊന്നുമില്ല. പിരിഞ്ഞുപോയ ചെറിയ ജോലിക്കാർ പണ്ട് ജോലി ചെയ്ത സ്ഥാപനങ്ങൾ വെറുതെ കണ്ടുനിൽക്കാറുണ്ടല്ലോ. അതേ മനോഭാവമാണെന്ന് പറയാം.

        വത്തിക്കാന്‍ റേഡിയോയിലെ മലയാള വിഭാഗത്തിലെ സുഹൃത്ത് ചോദിച്ചു: 'എന്തൊക്കെ മാറ്റമാണ് വന്നത്?' 'ആൾക്കൂട്ടം. പണ്ടത്തേതിനേക്കാൾ എത്രയോ ഇരട്ടി ആൾക്കൂട്ടം. ഭക്തരെക്കാൾ എത്രയോ മടങ്ങ് വിനോദസഞ്ചാരികൾ.

        ചെറിയ വാടകയ്ക്ക് മുറികൾ കിട്ടാൻ പ്രയാസം. ഫ്രാങ്ക്ഫർട്ടിൽ നിന്ന് ആനീ സ്വീബല്‍ പലവട്ടം വിളിച്ചതിന്‍റെ ഫലമായിട്ടാണ് തിയോളജിയിൽ ഉപരിപഠനം നടത്തുന്ന ജോൺ സാപ്ടിന്‍റെ രണ്ടു മുറികൾ ഉറപ്പിച്ചത്.

        മുപ്പത്താറ് വർഷം മുമ്പ് വന്നപ്പോൾ ഞാൻ തനിച്ചായിരുന്നു. വത്തിക്കാൻ പരിസരത്തിലെ പല വീടുകളും മുറികൾ വാടകയ്ക്ക് കൊടുത്തിരുന്നു. ഡോളറിന് ആറുറുപ്പിക ഉണ്ടായിരുന്ന കാലത്ത് മുറിക്ക് മൂന്ന് ഡോളർ കൊടുത്താൽ മതി. ഇപ്പോൾ വളരെ ഇടത്തരത്തിൽപ്പെട്ട ഹോട്ടലിൽ തൊണ്ണൂറ് യൂറോ കൊടുക്കണം. വീട്ടുമുറികൾ വളരെ നേരത്തെ സന്ദർശകരിൽപ്പെട്ട കുടുംബങ്ങൾ ബുക്ക് ചെയ്തിരിക്കുന്നു.

        വത്തിക്കാൻ ഇപ്പോഴും ഒരത്ഭുതമാണ്. മഹാരഹസ്യം പോലെയാണ്. ഡാവിഞ്ചി കോഡിന്‍റെ  കർത്താവായ ഡാൻ ബ്രൗൺ വളരെ മാസങ്ങൾ ഇവിടെ താമസിച്ച് ഗവേഷണം നടത്തിയിട്ടുണ്ടെന്ന് വായനക്കാരനായ ഫാദർ വിൻസെന്‍റ് അറയ്ക്കൽ പറഞ്ഞു. അദ്ദേഹം വാത്തിക്കാനിലെ ആരോഗ്യ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പിനോട് ബന്ധപ്പെട്ട് നടത്തുന്ന ഉപജാപങ്ങളും കൊലപാതകങ്ങളുമാണ് ഡാൻ ബ്രൗൺ 'എയ്ഞ്ചൽസ് ആൻഡ് ഡെമോൺസ്'-ല്‍ എഴുതിയത്. ഡാവിഞ്ചി കോഡ് വന്ന ശേഷമാണ് ഈ നോവൽ ബെസ്റ്റ് സെല്ലർ ആയത്. ഡാനിയൽ സിൽവയുടെ കൺഫെസർ, വത്തിക്കാന്‍റെ സ്വകാര്യ ചാരസംഘടനയെ പറ്റിയാണ്. ഒരു ശുദ്ധഗതിക്കാരൻ മാർപാപ്പ രണ്ടാം ലോക മഹായുദ്ധകാലത്ത് തന്‍റെ  ഒരു മുൻഗാമി, നാസി നേതാക്കൾക്ക് ജൂതരെ നശിപ്പിക്കുവാൻ സഹായം നൽകിയതിന്‍റെ തെളിവുകൾ കണ്ടെത്തുകയും ജൂതസമൂഹത്തോട് മുഴുവൻ മാപ്പ് പറയാനൊരുങ്ങുകയും ചെയ്യുകയാണ്. അത് തടയാനും, വേണ്ടിവന്നാൽ മാർപാപ്പയെത്തന്നെ വധിക്കാനും ഈ സ്വകാര്യ സംഘടന ശ്രമിക്കുന്നുണ്ട്. അതാണ് കൺഫെസര്‍.

        ഇപ്പോഴും പല രഹസ്യങ്ങളും സൂക്ഷിച്ചു വെക്കുന്ന ഈ കൊട്ടാരം ഇനിയും ത്രില്ലറെഴുത്തുകാർക്ക് വിഷയമായേക്കും.

        വീണ്ടും സിസ്റ്റിൻ ചാപ്പലില്‍ പോണം. കുറെ സമയം ചെലവഴിക്കണം. ക്യൂ കണ്ടപ്പോൾ അത്ഭുതപ്പെട്ടു. മുമ്പ് വന്നപ്പോൾ ഞാൻ പലപ്പോഴും കയറിപ്പോയിട്ടുണ്ട്. രണ്ട് മണിക്കൂറും 40 മിനിറ്റും ക്യൂവില്‍ നിന്ന ശേഷമാണ് ആനിയും ഞാനും ഇത്തവണ അകത്തു കയറിയത്. ക്യൂവില്‍ മുമ്പേ സ്ഥലം പിടിച്ചവരുമായി പണം കൊടുത്ത് സ്ഥലം കൈമാറാൻ ആനി ഒരു ശ്രമം നടത്തി. എല്ലാം സംഘങ്ങളായി വന്നവരാണ്. ട്രാവൽ ഏജൻസികൾ നേരത്തെ അവരുടെ ടിക്കറ്റ് വാങ്ങിയതാണ്. പറ്റില്ല.

        കോൺ ഇഗ് ഗുല്‍ഡണ്‍ (Conn Iggulden) എന്ന ഇംഗ്ലീഷുകാരൻ നാല് വോള്യങ്ങളായി ജൂലിയസ് സീസറുടെ ചരിത്രമെഴുതിയിട്ടുണ്ട്. അദ്ദേഹവും റോമിൽ വന്ന് കുറേക്കാലം താമസിച്ചിരുന്നു. ഗംഭീരമായ ഒരു ചരിത്രനോവലാണതെന്ന് ഫാദര്‍ അറയ്ക്കൽ ശിപാർശ ചെയ്തു. (പോരുമ്പോൾ ഫാദർ അതെനിക്ക് സമ്മാനമായി  തന്നു.)

        ഞങ്ങൾ നടക്കുന്ന ഈ റോഡ് പണ്ട് ഒരു സ്വകാര്യ വഴിയായിരുന്നു. ബോർജിയ വെപ്പാട്ടിയെ സന്ദർശിക്കാൻ വേണ്ടി പ്രത്യേകമുണ്ടാക്കിയത്.

        കൊളോസിയത്തിലേക്കും നീണ്ട ക്യൂവാണ്. അടിമകളെയും ആദ്യകാല വിശ്വാസികളെയും വിശക്കുന്ന സിംഹത്തിന് ഇട്ടുകൊടുത്ത് ചക്രവർത്തിയും കുടുംബാംഗങ്ങളും രസിച്ച വിശാലമായ അങ്കത്തട്ട്. 'ക്വോവോദിസ്' ഓർമിക്കാം; പീറ്റര്‍ ഉസ്ത്തിനോവിനേയും. പക്ഷെ റോമിലെ സഞ്ചാരികൾ പലരും ഇപ്പോഴും ഓർമ്മിക്കുന്നത് 'റോമൻ ഹോളിഡേ' ആണ്. ഈ പടവുകളിൽ ഇരുന്നാണ് ഗ്രെയ്സ് കെല്ലിയും ഗ്രിഗറി പെക്കും സംസാരിച്ചത്. പഴയ തലമുറക്കാർക്ക് ഗ്രിഗറി പെക്കും ഗ്രെയ്സ് കെല്ലിയും ഇപ്പോഴും പ്രിയപ്പെട്ട താരങ്ങളാണല്ലോ.

        റോം ഒരു നഗരം മാത്രമായിരുന്നില്ല. ഗ്രീസും ഈജിപ്തും പിടിച്ചടക്കിയ ഭരണാധികാരികൾക്ക് മധ്യധരണ്യാഴി ഒരു കളിപ്പൊയ്കയായി മാറി. മറിയൂസും സുല്ലയും എതിർപ്പുകളുണ്ടാക്കുമെന്ന് തോന്നിയവരെ മുഴുവൻ കൊന്നുകളഞ്ഞു. 73 BCയില്‍ സ്പാർട്ടക്കസിന്‍റെ നേതൃത്വത്തിൽ അടിമകൾ പോരാടി സ്വാതന്ത്ര്യം നേടി. പക്ഷെ, സ്പാർട്ടക്കസിനെ തോൽപ്പിച്ച ക്രാസസ്സിനും ഏകാധിപതിയാവാനായിരുന്നു മോഹം. ആറായിരം അടിമകളെ റോമിലേക്കുള്ള വഴികളിൽ കഴുവിലേറ്റി അയാൾ തന്‍റെ കരബലവും ആയുധബലവും  പ്രഖ്യാപിച്ചു. പിന്നീട് വന്ന പോംപേയ്ക്കും ജൂലിയസ് സീസറിനും ഇതേ മോഹം തന്നെ ആയിരുന്നു - ഏകാധിപത്യം. രാജാവല്ല , രാജാവിനേക്കാള്‍ വലിയ ദൈവമാണെന്ന് ജനങ്ങൾ അംഗീകരിക്കണം. ജൂലിയസ് സീസര്‍ സ്വയം നിര്‍മ്മിച്ച ക്ഷേത്രത്തിൽ തന്‍റെ പ്രതിമ സ്ഥാപിച്ചു. 'അജയ്യനായ ദൈവത്തിന്' എന്നായിരുന്നു പ്രതിമയുടെ വിശേഷണമായി രേഖപ്പെടുത്തിയത്.

        മഹായുദ്ധങ്ങളുടെ ശ്മശാനഭൂമിയിലാണ് വര്‍ഷങ്ങള്‍ക്കുശേഷം ഞാൻ വീണ്ടും എത്തിയിരിക്കുന്നത്.

        ദൈവത്തേക്കാൾ അജയ്യനായ സീസറെ അടുത്ത സുഹൃത്തുക്കൾ കുത്തിക്കൊന്ന സെനറ്റ് മന്ദിരം ദാ, ഈ സ്ഥലത്തായിരുന്നു. പണ്ട് വന്നപ്പോൾ എനിക്ക് തുണയായി കിട്ടിയ ചരിത്രവിദ്യാർത്ഥി പറഞ്ഞത് ഞാന്‍ വീണ്ടും ഓർത്തുപോയി. ചക്രവർത്തിമാർ വിജയാഘോഷത്തിൽ നിർമ്മിച്ച സൗധങ്ങൾ പലതിന്‍റെയും അവശിഷ്ടങ്ങളാണ് ഇപ്പോഴുള്ളത്. കീഴടക്കിയ നാടുകളിൽനിന്ന് കൊണ്ടുവന്ന അത്ഭുത വസ്തുക്കളിൽ ചിലതൊക്കെ മ്യൂസിയത്തിലുണ്ട്. ചക്രവർത്തിമാരുടെ പേരുകളും കാലക്രമങ്ങളുമൊക്കെ ഇപ്പോൾ ചരിത്ര വിദ്യാർത്ഥികൾക്കേ അറിയൂ. ചില പഴമൊഴികൾ നീറോവിനെപ്പോലെയുള്ളവരുടെ പേരുകൾ നിലനിർത്തുന്നുണ്ടെങ്കിലും.

        എല്ലാ പടയോട്ടങ്ങളും യുദ്ധവിജയങ്ങളും എത്ര നിസ്സാരമായി കാലം മായ്ച്ചുകളയുന്നു എന്ന് ചിതറിയ കല്ലുകളുടെയും വീണുകിടക്കുന്ന സ്തൂപങ്ങളുടെയും ഇടയിലൂടെ നടക്കുമ്പോൾ നാം ഓർമിക്കുന്നു.

        പക്ഷെ, ബോത്തിച്ചെല്ലിയുടെയും     മൈക്കലാഞ്ചലോവിന്‍റെയും മറ്റും മഹത്തായ സൃഷ്ടികൾക്കു മുമ്പിൽ നിൽക്കുമ്പോൾ നാം മനസ്സിൽ ഈ മഹാപ്രതിഭകളെ വന്ദിക്കുന്നു. കാലം മായ്ക്കാതെ തലമുറകൾക്കായി കരുതിവച്ച അത്ഭുത സ്മാരകങ്ങൾ നിലനിൽക്കുന്നു.

        ഒരു ട്രാവൽ ഏജൻസിയിൽ ജോലി നോക്കുന്ന മനോജ് ഞങ്ങൾക്കൊരു കാറ് തന്നു. വാടക വേണ്ട. ഡ്രൈവർക്ക് ഭക്ഷണവും ടിപ്പും കൊടുത്താൽ മതി.

        വത്തിക്കാൻ പരിസരത്തിൽ കാറിന്‍റെ ആവശ്യമില്ല. വാഹനങ്ങളുടെയും ആളുകളുടെയും തിരക്ക്. സാല്‍വത്തോര്‍ എന്ന ഡ്രൈവർക്ക് മറ്റു ഭാഷകളൊന്നും അറിയില്ല. ഇംഗ്ലീഷും ജർമ്മനും ആനിക്കറിയാം. കാര്യമില്ല. പിന്നെ കൈയാംഗ്യത്തിന്‍റെ സഹായത്തോടെ മലയാളം പറഞ്ഞു - 'ഞങ്ങൾ ഭക്ഷണം കഴിച്ച് വിശ്രമിക്കും. നാലുമണിക്ക് സാൽവത്തോര്‍ ഇവിടെ വരണം. നാലുമണിക്ക്.'

        സാൽവത്തോർ ശരിവെക്കുന്നു. കണ്ടില്ലേ, സാല്‍വത്തോറിന് കാര്യം മനസ്സിലായി. ഭാഷയറിയാത്ത സാൽവത്തോറാണ് കീറ്റ്സിന്‍റെയും ശവകുടീരത്തിൽ കൊണ്ടുപോയത്. അത്ഭുതം! പിറ്റേന്ന് ഞങ്ങൾ ഫ്ലോറൻസിലേക്ക്. ദാന്തെയുടെ നഗരം. മൈക്കലാഞ്ചലോ ജനിച്ചുവളര്‍ന്നത് അവിടെയാണ്. ഫ്ലോറൻസിലെ മ്യൂസിയത്തിലാണ് മൈക്കലാഞ്ചലോയുടെ പ്രശസ്തമായ മാർബിൾ ശില്‍പ്പം. മ്യൂസിയത്തിലേക്ക് കയറാൻ ഒരു മണിക്കൂറിലേറെ ക്യൂവിൽ നിന്നു.

        ഫ്ലോറന്‍സുകാരനായ സാല്‍വത്തോറിന് ഞങ്ങള്‍ ആ നഗരം കാണാൻ വന്നതിൽ പ്രത്യേകം സന്തോഷമുണ്ട്. ജർമ്മനറിയാവുന്ന ഒരു സഞ്ചാരിയെ കൂട്ടി സാൽവത്തോര്‍ വന്നു. കുറച്ചുകൂടി ഞങ്ങൾക്കു പറഞ്ഞുതരാനുണ്ട്. സാന്‍ടാ ക്രോച്ചേ പള്ളി കാണണം. അവിടെ മാക്യവെല്ലിയുടെയും മൈക്കലാഞ്ചലോവിന്‍റെയും ശവകുടീരങ്ങളുണ്ട്. മൈക്കലാഞ്ചലോ ശിൽപ്പിയായിരുന്നു. കൂടുതൽ ശില്‍പ്പങ്ങൾ ചെയ്യാനായിരുന്നു താല്‍പര്യം. റോമിലെ ഭരണാധികാരികൾ നിർബന്ധിച്ചാണ് സിസ്റ്റിന്‍ ചാപ്പലിലെ ചിത്രങ്ങൾ വരയ്ക്കാൻ കൊണ്ടുപോയത്. മിക്കവാറും നാലുവർഷം ചാപ്പലില്‍ തടവിലിട്ട പോലെയായിരുന്നു എന്നാണ് സാല്‍വത്തോർ പറയുന്നത്.

        വത്തിക്കാനില്‍ തിരിച്ചെത്തിയപ്പോൾ സാല്‍വത്തോര്‍ ആനിക്ക് ഒരു ഉപദേശം കൊടുത്തു. ഒരു ജനപ്രവാഹവും ശില്‍പ്പങ്ങളുമുള്ള സ്ഥലം ആനിക്കറിയാം. അവിടെ എന്നെ കൊണ്ടുപോണം. കണ്ടുപോരുമ്പോൾ തലചുറ്റി പിന്നിലേക്ക് കുറച്ച് കാശെറിയണം. വീണ്ടും വേഗം വരാൻ റോമിലെ ദൈവങ്ങൾ അനുഗ്രഹിക്കുമത്രേ!

        ആനിയുടെ നിര്‍ബന്ധം കൊണ്ട് പിറ്റേന്ന് മറ്റൊരു ടാക്സിയില്‍ പോയി ഉഴിഞ്ഞിടാനും മറന്നില്ല. വീണ്ടും റോം വിളിക്കുമായിരിക്കും.

        സിസ്റ്റിൻ ചാപ്പലിലേയും ഫ്ലോറൻസ് അക്കാദമിയിലെയും  ശില്‍പ്പങ്ങളും ചിത്രങ്ങളും എന്നെ വിളിച്ചുകൊണ്ടേയിരിക്കും എന്നത് ഉറപ്പാണ്.

 

(മാതൃഭൂമിയുടെ യാത്രയില്‍ 2008 സെപ്റ്റംബർ മാസം പ്രസിദ്ധീകരിച്ച ഈ യാത്രാവിവരണം, സജി തോമസ്‌ സമാഹരിച്ച്, മാതൃഭൂമി ബുക്ക്സ് പുറത്തിറക്കിയ 'ധനുഷ്കോടി മുതല്‍ സഹാറ വരെ' എന്ന കൃതിയില്‍നിന്നുമെടുത്താണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

Friday, December 27, 2024

മരണത്തിന്‍റെ മുഖം

 


 

 

 

 

 

- മലയാറ്റൂർ രാമകൃഷ്ണൻ

        

        വീണ്ടും അയാള്‍ കണ്ണ് തുറക്കുമെന്ന് ആരും വിചാരിച്ചതല്ല. എങ്കിലും എല്ലാവരും കാത്തുനിന്നു. അവര്‍ക്കെല്ലാം തിരക്കുണ്ടായിരുന്നു. പക്ഷെ, എങ്ങനെ പോകാനാണ്? മക്കള്‍, മക്കളുടെ മക്കള്‍, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍... വന്നുപോയില്ലേ? ഇനി അവസാനം കാണാതെ പോകാന്‍ വയ്യ. മര്യാദകേടാകും.

        ആരെയും ബുദ്ധിമുട്ടിക്കാതെ മരിക്കണമെന്നായിരുന്നു അയാളുടെ ആഗ്രഹം. ആരോഗ്യമുള്ള കാലത്ത് അയാള്‍ പറയുമായിരുന്നു: 'കിടന്നു നരകിക്കാതെ പോകണം. ആര്‍ക്കും ഭാരമാകരുത്.

        തിന്നും കുടിച്ചും പ്രേമിച്ചും ഭോഗിച്ചും ശണ്ഠയുണ്ടാക്കിയും സ്ഥാനമാനങ്ങൾ നേടിയും വളർന്ന മനുഷ്യനാണ്. മുന്നും പിന്നും നോക്കാതെ ജീവിച്ച മനുഷ്യൻ. നല്ലവനെന്നു ചിലർ കരുതി. തെമ്മാടിയാണെന്ന് ചിലർ വിധിച്ചു. പണ്ടുപണ്ടുതന്നെ, എതിർപ്പ് അയാളുടെ ചോരയേക്കാൾ കട്ടിയുള്ള പുളിച്ച തേനായിരുന്നു. ആ തേനിലും ചൂടുള്ള ചോരയിലും അയാൾ നീന്തിത്തുടിച്ചു. അറുപത് കഴിഞ്ഞിട്ടും തലമുടി നരച്ചില്ല. കാമം കൊഴിഞ്ഞുവീണില്ല. അറുപത്തിയെട്ടെത്തിയപ്പോള്‍ എങ്ങുനിന്നോ മാറാത്ത ഒരു ചുമ അയാളുടെ കനത്ത നെഞ്ചിന്‍കൂടിൽ കടന്നുകൂടി. ചുമച്ചുതീരുമ്പോൾ അയാൾ ചിരിക്കുമായിരുന്നു. അറുപത് കടന്ന ഭാര്യയുടെ എല്ലുന്തിയ അരക്കെട്ടിലമര്‍ത്തിപ്പിടിച്ചുകൊണ്ടയാൾ പറയുമായിരുന്നു: "മരണം ഉൾക്കടമായ ഒരു വികാരമൂർച്ചയുടെ ശീഘ്രവിമോചനസൗഖ്യത്തോടെ വന്നെത്തണം." സ്വയം തൃപ്തിപ്പെടാനെന്നോണം അയാൾ കൂട്ടിച്ചേർക്കുമായിരുന്നു- "എനിക്കങ്ങനെ തന്നെ വരുമെടീ."

        പിന്നെയും രണ്ടു കൊല്ലങ്ങൾ കഴിഞ്ഞു.

        അക്കാലമത്രയും അയാൾ വീടിനകത്ത് ചുറ്റിക്കറങ്ങി നടന്നു. മുറ്റത്ത് വളരുന്ന തെറ്റിക്കും മന്ദാരത്തിനും വെള്ളമൊഴിച്ചു.

        പിന്നീടയാൾ ഒരു ബോറായി.

        അനേകം വർഷങ്ങൾക്കുമുമ്പ്- എന്നു പറഞ്ഞാൽ മതിയോ, പത്തൊമ്പതു വയസ്സുള്ളപ്പോൾ- പഠിച്ച ഒരു പാഠത്തെപ്പറ്റി കിഴവിയായ ഭാര്യയോട് ഉപന്യസിക്കാൻ തുടങ്ങി. കൂടെക്കൂടെ. ബോറൻ മട്ടിൽ.

        "എടീ. ബി.എ.യ്ക്ക് ഞാനൊരു പാഠം പഠിച്ചു. പ്രോസ് ടെക്സ്റ്റിൽ. സ്റ്റീവൻസന്‍റെ വക- പേര് ഫ്രഞ്ചിൽ.'എ ട്രിപ്ളേ.'

        "എന്നുവച്ചാല്‍?"

        "മൂന്ന് തവണ ഉരുക്കിക്കട്ടിയായ..."

        അപ്പോളയാൾക്കു നീണ്ട ചുമ വന്നു.

        "ഒന്നുറങ്ങൂ."

        "എടീ, നമ്മുടെ ആദ്യരാത്രി ഓർമ്മയുണ്ടോ?"

        "ഒന്നുറങ്ങു."

        "ലോകത്തിലെ ഏറ്റവും വലിയ ധീരനാരാടീ?"

        കിഴവിയായ ഭാര്യ മിണ്ടിയില്ല. കൊളംബസ്സാവാം - അലക്സാണ്ടറാവാം - നെപ്പോളിയനാകാം - അഭൗതിക തലങ്ങളിലാണെങ്കിൽ ബുദ്ധനും ക്രിസ്തുവും ശങ്കരനുമാകാം. വേണ്ട, ഒന്നും പറയണ്ട. ഒന്നുറങ്ങട്ടെ.

        അയാള്‍ ചരിഞ്ഞു. ഉരുണ്ടു. പിന്നെയും ചുമച്ചു. മലർന്നു. ഇപ്പോൾ മുഖം ശാന്തമായിരുന്നു.

        അടുത്ത ദിവസമാണ് കിഴവിയായ ഭാര്യ മക്കൾക്ക് കമ്പിയും കേബിളും അയച്ചത്.

        വേൾഡ് ബാങ്കിൽ ജോലിയുള്ള മകൻ.

        കുവൈറ്റിൽ പണിയെടുക്കുന്ന മകളുടെ ഭർത്താവ്.

        അവിടംവരെയൊന്നുമെത്താത്ത രണ്ടാമത്തെ മകൻ, സുൽത്താൻ ബത്തേരിയിലെ ഡെപ്യൂട്ടി തഹസിൽദാർ. എല്ലാവരും വന്നെത്തി.

        വിളിക്കപ്പെടാത്ത ബന്ധുക്കളും പരിചയക്കാരും വന്നെത്തി.

        എല്ലാവരും തിരക്കുള്ളവർ.

        ജോലിയുള്ളവർ.

        ലീവില്ലാത്തവർ.

        മരണം വികാരമൂർച്ചയുടെ ശീഘ്രവിമോചന സുഖത്തോടും വേഗതയോടും വന്നണഞ്ഞില്ല.

        വന്നെത്തിയവരെല്ലാം ബുദ്ധിമുട്ടിലായി. വന്നുപോയില്ലേ? ഇനി അവസാനം കാണാതെ പോകുന്നതെങ്ങനെ?

        രാത്രി വളരെ വൈകി.

        ചുമയുടെ വടംവലിയിൽ കുരുങ്ങി അയാൾ പിടഞ്ഞു. ഉരുണ്ടു. അയാളുടെ ഒത്ത ശരീരം പെട്ടെന്ന് ശുഷ്കമായി. ഒരു തുണിപ്പാവ പോലെ അയാൾ അശക്തനായി ചുരുണ്ടുകിടന്നു.

        അയാൾ മരിക്കുകയായിരുന്നു.

        കാലിന്‍റെ പെരുവിരല്‍ തൊട്ട് കഴുത്തിന്‍റെ മുഴയും ഞരമ്പുകളും വരെ അയാൾ മരിച്ചു.

        അപ്പോൾ അയാളുടെ എഴുപത് വയസ്സെത്തിയ തലച്ചോറില്‍ ചിന്തകളുടെ അനുസ്യൂതമായ സ്ഖലനമുണ്ടായി.

        ഞാൻ.

        ജനിച്ചപ്പോൾ അശക്തന്‍.

        മനസ്സൊരു മൃഗത്തിന്‍റെ.

        കാലം ചെന്നപ്പോൾ ഞാൻ കണ്ടു, കേട്ടു, പഠിച്ചു, അറിഞ്ഞു, ശക്തനായി, പിന്നെ... വിവേകിയായി.

        മനസ്സിനൊപ്പം ഞാൻ ശരീരവും വളർത്തി. ഇന്നത് ശുഷ്കം, ജീര്‍ണ്ണം. നിര്‍ജ്ജീവം.

        ഇക്കഴിഞ്ഞ 70 വർഷങ്ങൾക്കെന്തർത്ഥം?

        ജയിക്കുന്നതാര്?

        മരണം തന്നെ.

        അപ്പോൾ അകലെനിന്ന് ഒരു വിമാനത്തിന്‍റെ മൂളല്‍ കേട്ടു.

        മരിച്ചുതുടങ്ങിയ തലച്ചോറിൽ ഇക്കാറസ്സിന്‍റെ ചിത്രമുയര്‍ന്നു. മൂവായിരം കൊല്ലം മുമ്പ് പറക്കാന്‍ ശ്രമിച്ചവൻ. ശരീരത്തിൽ ചിറകുകള്‍ വച്ചുകെട്ടി കടലിലേക്കു കുതിച്ചവന്‍. അന്ന് അവൻ പറന്നില്ലെങ്കിലും ഈ മരിക്കുന്ന വേളയിൽ ഞാനൊരു വിമാനത്തിന്‍റെ ഇരമ്പൽ കേൾക്കുന്നു.

        അയാൾ അവസാനമായി കണ്ണുതുറന്നു.

        മുറിയിലാരുമില്ല.

        ഭാര്യ പോലും.

        നേരം വെളുത്തോ?

        കോഴി കൂവുകയാണോ?

        ആകാശം ചുവക്കുന്നു.

        മന്ദാരത്തിന്‍റെയും തെറ്റിയുടെയും ഇതളുകൾ വിരിയുന്നു. വയലേലകളില്‍ പ്രകാശം പരക്കുന്നു. പുല്‍ക്കൊടികള്‍ ധിക്കാരത്തോടെ എഴുന്നുനിൽക്കുന്നു. കുട്ടികളുടെ പൊട്ടിച്ചിരി എങ്ങുനിന്നോ ഉയരുന്നു. എവിടെയോ കാമുകൻ കാമുകിയുടെ നനവാര്‍ന്ന ചുണ്ട് നുണയുന്നു. ഞാൻ മരിക്കുന്നു. ഞാനെന്‍റെ ജന്മംകൊണ്ട് ഒരു നെല്ലിടയെങ്കിലും ജീവിതത്തിന്‍റെ മേന്മയ്ക്ക് പകിട്ടേകി. ആ ജോലി തുടർന്നുപോകും. അത് മിച്ചമുള്ളവര്‍ വരാനിരിക്കുന്നവര്‍ ചെയ്യും. അപ്പോൾ... ജയിക്കുന്നതാര്?

        ജീവിതം തന്നെ.

(പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ കലക്ടര്‍ എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ കഥ ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

Wednesday, December 25, 2024

അലയുന്നവന്‍റെ അത്താഴം


 

 

 

 

 

- എ അയ്യപ്പന്‍

 

        കുരുടനും മുണ്ടനും സുന്ദരനും മക്കളായിപ്പിറന്നപ്പോൾ സുന്ദരനെ മാത്രം സ്നേഹിക്കുന്നതാണ് എന്നിലെ പിതാവെങ്കിൽ ഞാനെങ്ങനെ അച്ഛന്മാരുടെ ഗണത്തിൽപ്പെടും? 

        എന്‍റെ എഴുതപ്പെട്ട കവിതകളിൽ മുണ്ടന്മാരും കുരുടന്മാരും സുന്ദരന്മാരും പിറന്നു​. അതിൽ സുന്ദരരൂപം പൂണ്ടവയെമാത്രം ഒക്കത്തെടുത്തു താലോലിച്ചാൽ, എന്നിലെ കവി കവികൾക്ക് ഒരപവാദമാകും. രചനയിൽ വൈകല്യം പുരണ്ട എന്‍റെ കവിതകൾപോലും എനിക്ക് പ്രിയപ്പെട്ടവയാണ്. ഒരു കവിയ്ക്ക് അയാളുടെ ഒരു കവിത മാത്രം പ്രിയപ്പെട്ടതായി കാണാനാവില്ല. കുറെ കവിതകൾ ചേർന്നതാണ് അയാളുടെ ജീവിതം തന്നെ.

        സ്വര്‍ണ്ണപ്പണിക്കാരുടെ കുടുംബത്തിലാണ് എന്‍റെ പിറവി. അക്കൂട്ടത്തില്‍ തലതിരിഞ്ഞൊരു കരടായി ഞാൻ മാത്രം. ബാക്കിയെല്ലാവരും കാശുണ്ടാക്കി കാറിൽ യാത്ര ചെയ്യുന്ന കൂട്ടർ. അവരുടെ പിടിക്കണക്കുകളിൽ പെടാത്തതുകൊണ്ട് ആ ഭാഗത്തേക്കെങ്ങും ഞാൻ പോകാറുമില്ല. സുബ്ബലക്ഷ്മിയുണ്ട്, ഒരു പെങ്ങളായി. അവിടേയ്ക്കും പോക്കില്ല. വീടില്ല. കുടുംബമില്ല. അച്ഛനില്ല. അമ്മയില്ല. ബന്ധുക്കളില്ല. കുറേ കൂട്ടുകാർ മാത്രം.

        ഇന്നിവിടെയെങ്കിൽ നാളെ മറ്റൊരിടം. കഴിഞ്ഞ നാള്‍ പാളയത്തൊരു കടത്തിണ്ണയിൽ ഇരുന്നുറങ്ങി രാത്രിപോക്കി. പോലീസ് ഭീതിയാല്‍ കിടന്നുറക്കം ഉപേക്ഷിക്കുകയായിരുന്നു.

        അച്ഛന്‍ അറുമുഖം. അച്ഛന്‍റെ മരണത്തിന് പൊട്ടാസ്യം സൈനൈഡിന്‍റെ ചുവയുണ്ടായിരുന്നത്രേ. സ്വയം ചെയ്തതല്ല. ഒരു മദ്യസൽക്കാരത്തിൽ ചാരായത്തില്‍ കലർത്തി 'ഇന്നാ ഇതിരിക്കട്ടെ' എന്ന സ്റ്റൈലില്‍ സുഹൃത്തിന്‍റെ മഹാമനസ്കത എന്നാണ് കഥ.

        അമ്മ മുത്തമ്മാള്‍, കൂലിപ്പണി ചെയ്താണ് ഞങ്ങൾക്ക് അരവയറിനെങ്കിലും വകയുണ്ടാക്കിയിരുന്നത്. പട്ടിണി ഇന്നും അന്നും കുറവല്ല. ഞാനറിയാതെതന്നെ എനിക്ക് മറ്റുള്ളവരുടെ ഒരുപാട് ദയയ്ക്ക് പാത്രമായി ജീവിക്കേണ്ടിവന്നിട്ടുണ്ട്. അധ്വാനിക്കുകയും നന്നായി പ്രതിഫലം പറ്റുകയും ചെയ്യുമ്പോൾപോലും കൂട്ടുകാർ എന്‍റെ ജീവിതത്തിന് ഉറപ്പുനൽകുന്നു. അവർ നൽകുന്ന ചോറ്, എന്‍റെ ആമാശയാഗ്നി കെടുത്തുന്നു.

        വൈദ്യശാസ്ത്രത്തിന്‍റെ കണക്ക് തെറ്റിച്ചൊരാൾ; ഡോക്ടർമാർ എന്നെ കാണുന്നത് 'ഇയാൾ ഇതിപ്പോഴുമുണ്ടോ?' എന്നൊരു ഭാവത്തിലും. മെഡിസിനും ആൽക്കഹോളും ഒത്താണ് കഴിക്കുന്നത്. കാരണം എനിക്ക് മരിക്കുന്നത് ഇഷ്ടമല്ല.

        അത്തത്തിൽ പിറന്ന് നാല്‍പ്പത്തിനാലില്‍ അറുപതിന്‍റെ രൂപവും ആകാരവുമുള്ള ഇവന് അത്താഴത്തിന് മുട്ടുള്ള ദിവസങ്ങളാണേറെയും. അപ്പോളെനിക്കൊരു കവിത ഓർമ്മവരുന്നു. എന്നിലെ എന്നെ കോറിയിട്ടിട്ടുള്ള കവിത- 'അത്താഴം.' 

    കാറപകടത്തിൽപ്പെട്ടു മരിച്ച
    വഴിയാത്രക്കാരന്‍റെ ചോരയിൽ ചവുട്ടി
    ആൾക്കൂട്ടം നില്‍ക്കേ,
    മരിച്ചവന്‍റെ പോക്കറ്റിൽനിന്നും പറന്ന
    അഞ്ചുരൂപയിലായിരുന്നു എന്‍റെ കണ്ണ്.
 
    ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍.
    എന്‍റെ കുട്ടികൾ; വിശപ്പ് എന്ന നോക്കുകുത്തികൾ
    ഇന്നത്താഴം ഇതുകൊണ്ടാവാം.
    ഈ രാത്രിയിൽ അത്താഴത്തിന്‍റെ
    രുചിയോടെ ഉറങ്ങുന്ന എന്‍റെ മക്കൾ;
    അരവയറോടെ അച്ചിയും ഞാനും.'

(എന്‍റെ സുഹൃത്ത് സിവിക് ചന്ദ്രന്‍റെ 'പ്രേരണ'യില്‍ അടിച്ചുവന്നു.)

 

          അവന്‍റെ മരണം എനിക്കു പ്രശ്നമല്ല. അവന്‍റെ മരണത്തേക്കാൾ എനിക്കു പ്രധാനം അവന്‍റെ പോക്കറ്റിൽനിന്നും പറന്ന അഞ്ചു രൂപയായിരുന്നു. അത്രയ്ക്കും വിശപ്പ് എനിക്കുണ്ടായിരുന്നു. മരിച്ചുകിടക്കുന്നവന്‍റെ പോക്കറ്റിൽനിന്നും രൂപ അടിച്ചുമാറ്റുക എന്നത് ക്രൂരമാണ്. അതും ഞാൻ ചെയ്തിട്ടുണ്ട്. കൂട്ടുകാരുടെ പോക്കറ്റിൽനിന്നും ഇപ്പോഴും രൂപ അടിച്ചുമാറ്റും. ചോദിച്ചാൽ തരില്ല.

        ഗദ്യകവിതയാണെങ്കിലും 'അത്താഴ'ത്തിന് ഒരു മുഴക്കം ഉണ്ടെന്നാണെന്‍റെ വിശ്വാസം. വൃത്തം ഒപ്പിച്ചാണ് ഇതെഴുതിയിരുന്നതെങ്കിൽ ഇന്നുള്ള മുഴക്കം കിട്ടുമായിരുന്നു എന്നും തോന്നുന്നില്ല.

        ഗദ്യത്തെ കാവ്യവത്ക്കരിക്കുന്നതിലാണ് എനിക്ക് താല്‍പര്യം. വൃത്തബദ്ധമായ കവിതകളും എഴുതാറുണ്ട്. വേനൽ മഴ, ഗ്രീഷ്മം തന്ന കിരീടം തുടങ്ങിയവ അക്കൂട്ടത്തിൽപ്പെടും.

    "ഗ്രീഷ്മമേ, സഖീ, നമുക്കൊരൂഷ്മള ദീപ്തിയാര്‍-

    ന്നൊരീ മധ്യാഹ്നവേനല്‍."

    ('ഗ്രീഷ്മം തന്ന കിരീട'ത്തില്‍ നിന്ന്.)

          

        പെൺപേരിൽ ആദ്യ കവിതകളെഴുതി- 'സരസ്വതി'. പേരിൽത്തന്നെയൊരു കവിത്വമുണ്ടെന്നു തോന്നി. അയ്യപ്പൻ എന്ന പേരിൽ കവിത അയച്ചാൽ പത്രാധിപന്മാർ കരുതും- 'എടാ, ഇതേതു കേസ്, അയ്യപ്പനോ?'. ചവറ്റുകുട്ടയിൽ. അതിനായിരുന്നു ഈ പേരുമാറ്റം. പിന്നെപ്പിന്നെ അവർ തന്നെ പറഞ്ഞു, അയ്യപ്പനായിത്തന്നെ നിന്നോളാൻ.

        ഒരു കവിത തന്നെ പല പേരിൽ കൊടുത്തു പണം പറ്റിയിട്ടുണ്ട്. പുട്ടടി തന്നെ ലക്ഷ്യം. ഒരു കവിത തന്നെ തലക്കെട്ടുമാറ്റി പലയിടത്തു കൊടുക്കും. ഇപ്പോഴങ്ങനൊന്നും ചെയ്യാറില്ല. പഴയതുപോലെ എഴുത്തും ഇല്ല. കുറേ എഴുതിക്കഴിയുമ്പോൾ നന്നായേ എഴുതാവൂ എന്ന തോന്നലുണ്ടാവും. അപ്പോൾ വേഗത കുറയും.

        മലയാളത്തിൽ ചങ്ങമ്പുഴയും ഇടപ്പള്ളിയും എന്‍റെ അടുപ്പക്കാരാകുന്നു. അവരുടെ ജീവിതങ്ങളും ദുരന്തപൂർണ്ണങ്ങളായി. എനിക്കും സ്നേഹബന്ധങ്ങൾ ഉണ്ടായി. അവരൊക്കെ രക്ഷപ്പെട്ടെന്നുവേണം പറയാന്‍. എനിക്കു നഷ്ടവും!

        അത്താഴമുട്ടുമായ് അലയുന്ന ഞാൻ സ്വയം ചുമക്കുന്ന ചുമടുകളുമായി ഈ വഴിയോരങ്ങൾ താണ്ടട്ടെ, മരിക്കാൻ മനസ്സില്ലാത്തവനായി.

(എ അയ്യപ്പന്‍ രചിച്ച ഓര്‍മ്മക്കുറിപ്പുകള്‍ ആയ 'തെറ്റിയോടുന്ന സെക്കന്‍റ് സൂചി'-യില്‍ നിന്നുമെടുത്താണ് ഇതിവിടെ ചേര്‍ത്തിരിക്കുന്നത്.

ഫേബിയന്‍ ബുക്ക്സ് ആണ് ഈ പുസ്തകം പുറത്തിറങ്ങിയത്.)

വിക്ക്


  

 

 

- സച്ചിദാനന്ദന്‍

 

വിക്ക് വൈകല്യമല്ല.

ഒരു സംസാരരീതിയാണ്‌.

 

വാക്കിനും അര്‍ത്ഥത്തിനുമിടയ്ക്കു വരുന്ന

ചില മൌനങ്ങളെയാണ്

നാം വിക്കെന്നു വിളിക്കുന്നത്.

വാക്കിനും പ്രവൃത്തിയ്ക്കുമിടയ്ക്കുള്ള മൌനങ്ങളെ

മുടന്തെന്നു വിളിക്കുംപോലെ തന്നെ.

 

ഭാഷയ്ക്കു മുമ്പാണോ വിക്കുണ്ടായത്

അതോ ഭാഷയ്ക്കു ശേഷമോ?

ഭാഷയുടെ ഒരു പ്രാദേശിക വ്യതിയാനമാണോ വിക്ക്,

അതോ സ്വയം ഒരു ഭാഷയോ;

ഈ ചോദ്യങ്ങള്‍ക്കുമുമ്പില്‍

ഭാഷാശാസ്ത്രജ്ഞര്‍ വിക്കുന്നു.

 

ഓരോ കുറി വിക്കുമ്പോഴും നാം

അര്‍ത്ഥങ്ങളുടെ ദൈവത്തിന്

ഒരു ബലി നല്‍കുകയാണ്.

ഒരു ജനത ഒന്നിച്ചു വിക്കുമ്പോള്‍

അവരുടെ മാതൃഭാഷ വിക്കാകുന്നു;

ഇപ്പോള്‍ നമ്മുടേതെന്നപോലെ.

 

മനുഷ്യനെസൃഷ്ടിച്ചപ്പോള്‍

ദൈവവും വിക്കിയിരിക്കണം.

അതുകൊണ്ടാണ് മനുഷ്യരുടെ

എല്ലാ വാക്കുകളും ദുരൂഹമായത്

അതുകൊണ്ടാണ് മനുഷ്യരുടെ

പ്രാര്‍ത്ഥനകള്‍ മുതല്‍ കല്‍പ്പനകള്‍ വരെ

എല്ലാം വിക്കുന്നത്.

 

കവിതയെപ്പോലെ.

Friday, July 5, 2024

ഒരു കറുമ്പിപ്പെണ്ണും പത്രാധിപരും


 

 

 

 

 - വൈക്കം മുഹമ്മദ്‌ ബഷീര്‍

 

     ഞാൻ പണ്ട് എറണാകുളത്ത് ഒരു സ്പോർട്സ് കമ്പനിയുടെ ഏജന്‍റ് ആയി പ്രവർത്തിച്ചിരുന്നു. കളിക്കോപ്പുകളുടെ സാമ്പിളുകളുമായി​ എന്നും പട്ടണം ചുറ്റും. ഫുൾസ്യൂട്ടിലാണ് കറക്കം. സംഗതി സൈക്കിളിൽ. ഹാറ്റും ടൈയ്യും ഉണ്ട്. ചുരുളൻ മുടി. കാലിൽ സ്റ്റൈലൻ ഷൂ.

    ഹോസ്റ്റലിലായിരുന്നു താമസം. ശാപ്പാടൊക്കെ ഹോട്ടലുകളിൽ നിന്ന്. അന്ന് രണ്ടണ കൊടുത്താൽ ഒരു ഊണ് കിട്ടും. സംഗതി കുശാൽ - ആറു പൈസക്ക് ഒരു ഊണ്! പിന്നെ ചായയ്ക്കോ? കേവലം കാൽ രൂപ! അങ്ങനെ ജീവിതം സുന്ദരമായി കഴിഞ്ഞുവരികയായിരുന്നു.

    ഒരു ദിവസം ഞാൻ ഷണ്മുഖം റോഡിലൂടെ സൈക്കിളിൽ വരികയാണ്. നല്ല സ്പീഡ്. ചെറിയ ഇറക്കം. സാമ്പിൾപ്പെട്ടി സൈക്കിളിന്റെ വിളക്കുകാലിൽ തൂക്കിയിട്ടിരിക്കുകയായിരുന്നു. ഇറക്കത്തുവച്ച് ഹാൻഡിൽ പൊട്ടി. സാമ്പിൾപ്പെട്ടി സൈക്കിളിന്റെ ചക്രത്തിൽ കുടുങ്ങി. സൈക്കിൾ മറിഞ്ഞു. ഞാനും തെറിച്ചുവീണു. എല്ലാം പെട്ടെന്ന് കഴിഞ്ഞു.

    ഞാൻ കോട്ടും ഹാറ്റും ഒക്കെ ഊരി. ദേഹത്ത് നല്ല പരിക്കുണ്ട്. നടക്കാൻ തീരെ വയ്യ. എങ്ങനെയോ ഹോസ്റ്റലിൽ എത്തി. അവിടെ കിടന്നു. കൈയ്യിലുണ്ടായിരുന്ന പണം ഒരാഴ്ച കൊണ്ട് തീർന്നു. കച്ചവടം ഇല്ലല്ലോ. അതിനാൽ സ്പോർട്സ് സാമഗ്രികളുടെ സാമ്പിൾ വിറ്റു. അതും തീർന്നപ്പോൾ കുറെ ദിവസം പട്ടിണി!

    കാലിലെ പരിക്കു മാറിയപ്പോൾ മെല്ലെ പുറത്തിറങ്ങി. ഒരു ജോലി വേണം. പലയിടത്തും അന്വേഷിച്ചു. ആരും ഗൗനിക്കുന്ന മട്ടില്ല. മുഖലക്ഷണം നോക്കിയായിരുന്നു ഞാൻ ജോലി ചോദിച്ചത്. മുഖം കണ്ടാൽ അറിയാം, ജോലി തരുമോ എന്ന്.

    അങ്ങനെ ഒരു ദിവസം ഞാനൊരു മുഖം കണ്ടു. ഒരു ചെറിയ മുറി. അതിൽ ഒരു മനുഷ്യൻ ഒറ്റയ്ക്കിരിക്കുന്നു.

പുറത്തൊരു ബോർഡുണ്ട്: 'ജയകേസരി'

അയാള്‍ അതിന്‍റെ പത്രാധിപരാണ് : പത്മനാഭ പൈ.

    ഞാൻ നേരെ അകത്തേക്ക് കയറിച്ചെന്നു.

    "ഇരിക്കൂ." : അയാൾ പറഞ്ഞു.

    "ഞാൻ ഇരിക്കാൻ വന്നതല്ല, ഒരു ജോലി വേണം." : ഞാൻ പറഞ്ഞു. 

    പൈ അതുകേട്ട് ചിരിച്ചു.

    "ഞാൻ ഇതിന്‍റെ പത്രാധിപരാണ്. എഴുത്തുകാരനും പ്രൂഫ് വായനക്കാരനും വില്‍പ്പനക്കാരനും ഞാൻ തന്നെ. ഇനി വേറെ ജോലിയൊന്നുമില്ല."

    എനിക്ക് അതുകേട്ടപ്പോൾ ചിരി വന്നു. പക്ഷെ അയാളുടെ മുഖലക്ഷണം! ഞാൻ വീണ്ടും നോക്കി.

    "കഥയെഴുതാൻ അറിയാമോ? കഥയെഴുതിത്തന്നാൽ പൈസ തരാം." - അയാൾ പറഞ്ഞു.

    ഞാൻ സമ്മതിച്ചു.

    ഞാനുടനെ ഹോസ്റ്റലിലേക്ക് മടങ്ങി.

    എനിക്കാണെങ്കിൽ കഥ എഴുതണമെന്ന തോന്നൽ നേരത്തെയുണ്ട്.

    പക്ഷേ, എന്തിനെപ്പറ്റിയെഴുതും? എന്‍റെ മുറിയിൽനിന്ന് നോക്കിയാൽ റോഡ്. ഞാൻ റോഡിലേക്കുനോക്കി കുറേദിവസം കിടന്നതാണല്ലോ. അവിടെ ഒരു പൈപ്പുണ്ട്. പൊതുവക. അതില്‍നിന്ന് വെള്ളം പിടിക്കാന്‍ ധാരാളം പെണ്ണുങ്ങൾ തടിച്ചുകൂടാറുണ്ട്. സുന്ദരികള്‍! പക്ഷെ അവര്‍ക്കൊക്കെ കാമുകന്മാര്‍ ഹോസ്റ്റലിൽ ഉണ്ടായിരുന്നു. അവരെ മനസാ വരിച്ചവർ. എനിക്കാണെങ്കിൽ ഒന്നിനെയും കിട്ടിയില്ല!

    അങ്ങനെയിരിക്കുമ്പോഴാണ് ഒരു കറുമ്പിക്കൂനി. അവളെ ആർക്കും വേണ്ട. അവൾ വെള്ളം കുടിക്കാൻ വന്നാൽ ആരും തിരിഞ്ഞുനോക്കില്ല. ഞാൻ വിചാരിച്ചു, 'അവളെ ചാമ്പ്യൻ ചെയ്താലോ?' ഞാനവളെ എടുത്തു.

    അന്ന് ഇത്തരം കറുമ്പിക്കൂനികളെപ്പറ്റി ആരും കഥകൾ എഴുതിയിട്ടില്ല. രാജാക്കന്മാരെപ്പറ്റിയും രാജകുമാരികളെപ്പറ്റിയും മറ്റുമായിരുന്നു കഥകൾ. ഇത്തരം കറുമ്പിക്കൂനി. അവളെ ആർക്കുവേണം? ഇവളുടെ കഥ ആർക്കു വായിക്കണം? എങ്കിലും എഴുതി.

    അവൾ വെള്ളമെടുക്കാൻ വന്നു. ഞാൻ അവളെ നോക്കി കഥയെഴുതി. അവളുടെ പേരൊന്നും എനിക്കറിയില്ല. ഞാൻ അവൾക്ക് ഒരു പേരിട്ടു - തങ്കം. എൻറെ തങ്കം!

    എന്‍റെ ആദ്യത്തെ കഥ അതാണ് - എന്‍റെ തങ്കം.

    ഞാൻ കഥയുമായി നേരെ ജയകേസരി പത്രാധിപരുടെ മുറിയിലെത്തി. ആ കഥ ജയകേസരിയിൽ അച്ചടിച്ചുവന്നു. ജയകേസരിയില്‍ ഞാൻ രണ്ടുമൂന്നു കഥകൾ കൂടി എഴുതി. ജയകേസരിയുടെ മുമ്പില്‍ ഒരു ചായപ്പീടിക ഉണ്ടായിരുന്നു. അവിടെ ഞാൻ പറ്റായി. അധികം നേരവും ഞാന്‍ ജയകേസരി ഓഫീസിൽ ഇരിക്കും. ചിലപ്പോൾ പ്രൂഫ് വായന. പിന്നെ സൊറ പറഞ്ഞിരിക്കും.

    ഹോട്ടലിലെ പറ്റു വർദ്ധിച്ചപ്പോൾ പത്മനാഭ പൈ അറിഞ്ഞു. പൈ എനിക്ക് പതിനൊന്നണ തന്നു. ആ പതിനൊന്നണയാണ് എന്‍റെ ജീവിതത്തിൽ കഥയിൽ നിന്ന് കിട്ടുന്ന ആദ്യത്തെ പ്രതിഫലം. അതുകൊണ്ടു ഞാൻ കടംവീട്ടി. അങ്ങനെ ഞാനൊരു കഥാകൃത്തായി.

    ജയകേസരിയില്‍ വന്ന കഥ പില്‍ക്കാലത്ത് പുസ്തകരൂപത്തില്‍ അച്ചടിച്ചിട്ടുണ്ട്. 1954ല്‍ വിശപ്പ് എന്ന കഥാസമാഹാരം മംഗളോദയം ഇറക്കിയപ്പോൾ 'എന്‍റെ തങ്കം' കൂടി ഞാൻ അതിൽ ഉൾപ്പെടുത്തി. പുസ്തകത്തിൽ ചേർത്തപ്പോൾ തങ്കം എന്നു മാത്രമാക്കി. 'എന്‍റെ തങ്കം' എഴുതിയത് ഏത് വർഷമാണെന്ന് കൃത്യമായി ഓർക്കുന്നില്ല. ആ കഥ എനിക്കൊരു അത്ഭുതം തന്നെയാണ്. പത്രാധിപര്‍ പറഞ്ഞിട്ട് എഴുതിയ കഥ. അത്തരമൊന്നാണ് വിശപ്പിന്‍റെ വിളി.

    സാധാരണ ഞാൻ എഴുതുമ്പോൾ കഥ ക്ലീനായി മനസ്സിൽ വന്നുചേരാറുണ്ട്. എന്നാൽ 'എന്‍റെ തങ്കം' എഴുതുമ്പോൾ സത്യത്തിൽ അങ്ങനെയൊരു അനുഭവം ഇല്ലായിരുന്നു. മഴവില്ലൊളിയാൽ പൊന്നുടുപ്പിട്ട വസന്തപ്രഭാതമായിട്ടാണ് ആ കറുമ്പിക്കൂനി എന്‍റെ മുമ്പിൽ വെള്ളം പിടിക്കാൻ വന്നത്!

    അവള്‍ ഇപ്പോഴും എന്‍റെ മനസ്സിലുണ്ട്. അവളുടെ നിറം തനിക്കറുപ്പാണ്. കറുപ്പല്ലാത്ത ഭാഗം എന്നുപറയാവുന്നത് കണ്ണിന്‍റെ വെള്ള മാത്രമേയുള്ളു. പല്ലും നഖവും പോലും കറുത്തതുതന്നെ. തങ്കം ചിരിക്കുമ്പോൾ അവളുടെ മുഖത്തിനുചുറ്റും ഒരു പ്രകാശം. പക്ഷെ അത് അന്ധകാരത്തിന്‍റെ മൂടുപടമിട്ടതാണ്. കറുത്തചിമ്മിനിയിൽനിന്ന് പരക്കുന്ന വെളിച്ചത്തിന്‍റെ ഒരു കാളിമ...

 

DC ബുക്ക്സ്‌ പുറത്തിറക്കിയ 'ബഷീറിന്‍റെ സമ്പൂര്‍ണ്ണകൃതികള്‍'-ല്‍ നിന്നുമെടുത്താണ് ഇത് ഇവിടെ ചേര്‍ത്തിരിക്കുന്നത്. ജീവിതം ഒരനുഗ്രഹം എന്ന കൃതിയുടെ ഭാഗമായുള്ള ഈ ലേഖനം 1991ലാണ് എഴുതപ്പെട്ടിട്ടുള്ളത്. 1937ലാണ് എന്‍റെ തങ്കം ജയകേസരിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.

Tuesday, January 23, 2024

ബാന്‍ഗന്‍ഗട്ട്


 
 
 
 
 
 
 
 
 
     ഇടയ്ക്കെല്ലാം ഒരു ഞെട്ടലോടെ നാമെല്ലാം കേട്ടറിയുന്നതാണ് സുഷുപ്തി മരണങ്ങൾ. ഉറങ്ങാൻ പോവുമ്പോൾ യാതൊരു അസ്വസ്ഥതയും ഉണ്ടായിരുന്നില്ല എന്ന് ചില കൂട്ടരുടെ ഉറ്റവർ പറയുമ്പോൾ മറ്റു ചിലരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പറയാനുണ്ടാവുന്നത് വേറെ ചില കഥകളാണ്. മക്കളുടെ ഭാവിയെപ്പറ്റിയുമൊക്കെ പരേതൻ തലേന്നാൾ പറഞ്ഞിട്ടുണ്ടാകും. യാത്രാമൊഴി എന്ന് പിന്നീട് തോന്നുന്ന ചില വാക്കുകൾ, വാചകങ്ങൾ, അങ്ങനെയുള്ള ചിലത് ​എല്ലാക്കാലത്തേക്കും ഓർത്തുവയ്ക്കാനുണ്ടാവും ഇവർക്ക്. ചിലർ മരണം മുൻകൂട്ടിക്കണ്ടതുപോലെ ക്ഷേത്രദർശനം, വഴിപാട് എന്നിവ പതിവിന് വിപരീതമായി നടത്തിയെന്നിരിക്കും. വിദൂരസ്ഥലത്തെ അടുത്ത ബന്ധുക്കളോട് സമ്പർക്കം നടത്തുക, കണക്ക് തീർക്കുക ഒക്കെ ചെയ്തുവെന്നു വരും. കല്യാണങ്ങൾക്കോ മറ്റോ പോയി നന്നായി ഭക്ഷണമൊക്കെ കഴിച്ച് ഉറങ്ങിയവരാണ് ചില സന്ദർഭങ്ങളിൽ പിറ്റേന്ന് ശാന്തരായി നിത്യനിദ്രയിലാണ്ടവരായി കാണപ്പെടുന്നത്.
     ഡോക്ടർമാർ ഈ Sleep Deathനെ, 'ബാൻഗന്‍ഗട്ട് (Bangungut) എന്ന ഓമനപ്പേരിട്ട് വിളിക്കുന്നു. സുഷുപ്തി മരണങ്ങൾക്ക് ഫിലിപ്പിനോ ഭാഷയിൽ പറയുന്ന പേരാണിത്. ജപ്പാൻകാർ ഇതിനെ പൊക്കുരി (Pokkuri) എന്നും തായ്‌ലൻഡുകാർ ലായ്-തായ് (Lai-Tai) എന്നും പറയുന്നു. പോസ്റ്റ്മോർട്ടം പരിശോധനയിൽ മിക്കപ്പോഴും കാരണമൊന്നും വെളിപ്പെടാറില്ല. ഹൃദയധമനിക്കോ മറ്റോ കാണുന്ന ചെറിയ രോഗാവസ്ഥകളെ അവലംബിച്ച് ഹൃദ്രോഗം എന്നൊരു കാരണം പറഞ്ഞൊഴിയുകയാണ് ചില അവസരങ്ങളിലെങ്കിലും അവർ. ഇവ യദൃശ്ചയാ സംഭവിക്കുന്ന മസ്തിഷ്കനിഷ്ഠമായ മരണമാവാനാണ് കൂടുതൽ സാധ്യത. ഒരു പൂവ് ഞെട്ടറ്റു വീഴുന്നതുപോലെ, ഒരു മൃദുഗാനം നിലയ്ക്കുന്നതുപോലെ ഉള്ള പ്രശാന്തമരണങ്ങളാണ് ഇവ. ജീവിച്ചു തീരുന്നതിനിടയിൽ മനസ്സിൽ ഇത്തരമൊരു മരണം സൃഷ്ടിച്ച ആഘാതം സൂക്ഷിക്കാത്തവർ ആരുമുണ്ടാവില്ല. സാഹിത്യകാരനും സിനിമാ സംവിധായകനുമായ പത്മരാജന്‍റെ മരണം ഇത്തരത്തില്‍ ഒന്നായിരുന്നു.
 
      ജനുവരിയിലെ ഒരു തണുത്ത പ്രഭാതത്തിലാണ് വായനക്കാരും ചലച്ചിത്രാസ്വാദകരുമടങ്ങുന്ന തന്‍റെ ആരാധകരെയൊക്കെ ഞെട്ടിച്ചുകൊണ്ടുള്ള പത്മരാജന്‍റെ മരണം. കോഴിക്കോട്, തന്‍റെ ചിത്രമായ ഞാൻ ഗന്ധർവന്‍-ന്‍റെ പ്രചരണാർത്ഥം നടത്തിയ, അതിന്‍റെ പ്രമുഖപ്രവർത്തകർ സംബന്ധിച്ച, ഒരു ചടങ്ങിനുശേഷം താമസിച്ചാണ് അദ്ദേഹം ഉറങ്ങാൻ കിടന്നത്. ഹോട്ടൽമുറിയിൽ തന്‍റെ പതിവനുസരിച്ച്, നിലത്ത് ഷീറ്റ് വിരിച്ച്, സമീപത്ത് കൂജയിൽ കുടിക്കാനുള്ള വെള്ളവുമായാണ് കിടന്നത് എന്ന് മറ്റുള്ളവർ പറയുന്നു. ഒരു സുഹൃത്തും മുറിയിൽ ഉണ്ടായിരുന്നു. ഉറങ്ങിക്കിടന്നിടത്ത് മരിച്ചുകിടക്കുന്ന അദ്ദേഹത്തെയാണ് പിറ്റേന്ന് പ്രഭാതത്തിൽ മറ്റുള്ളവർ കണ്ടത്. ചിത്രത്തിന്‍റെ പ്രവർത്തകരും പ്രധാന നടന്മാരായ നിതീഷ് ഭരദ്വാജ്, എം ജി സോമൻ  തുടങ്ങിയവരും കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മൃതദേഹത്തെ അനുഗമിച്ചിരുന്നു. അവരാണ് മൃതദേഹം ടേബിളിലേക്ക് എടുത്തുവച്ചത്. മറ്റുള്ളവർ പുറത്ത് തിക്കിത്തിരക്കി, ഒരുനോക്കുകാണാൻ.

     പ്രശാന്തഭാവത്തിൽ ഒരു നിദ്രയിലെന്നവണ്ണം തന്‍റെ ഉജ്ജ്വലനേത്രങ്ങൾ മിക്കവാറും അടഞ്ഞ്, കൈകൾ നെഞ്ചിൽ പിണച്ചുവച്ച് നേരെ നിവർന്ന് അദ്ദേഹം കിടന്നു. പേശീദാര്‍ഡ്യം (Rigormortis) മുഖഭാവം വലിച്ചുമുറുക്കുന്ന തരത്തിൽ ആയി കാണപ്പെട്ടില്ല. നിറവ്യത്യാസമൊന്നും മുഖത്തും മറ്റിടങ്ങളിലും ഉണ്ടായിരുന്നില്ല. (ഹൃദയാഘാതം മൂലം നടക്കുന്ന സാധാരണ മരണങ്ങളില്‍ മിക്കവാറും കണ്ണുകൾ കലങ്ങി, മുഖം കുറച്ചു വിങ്ങിയും നീലിച്ചും, മൂക്കിലൂടെ ചോരയെടുത്തും മറ്റുമാണ് കാണപ്പെടുക. ശ്വാസതടസ്സം ഉണ്ടായതിന്‍റെ അടയാളങ്ങളാണ് ഇവ). തിങ്ങിനിറഞ്ഞ മുടിയും താടിയുമൊക്കെ അലങ്കോലപ്പെടാതെയും ശുഭ്രവസ്ത്രങ്ങൾ ഉടയാതെയും ദ്രവങ്ങൾ വീണ് മലിനപ്പെടാതെയും പത്മരാജൻ പോസ്റ്റ്മോർട്ടം ടേബിളിൽ കിടന്നു. കുളിമുറി വിട്ടിറങ്ങിയപ്പോഴെന്നവണ്ണം ത്വക്ക്, കൈകാലുകൾ ഇവ പുതുമയോടെ കാണപ്പെട്ടു. വലതു കൈയും കൈവിരലുകളും ഞാൻ പ്രത്യേകം നോക്കി നിന്നു. സർഗ്ഗപ്രതിഭ തന്നിലൊതുങ്ങിപ്പോവാതെ അനുവാചകരിലെത്തിക്കാൻ അദ്ദേഹത്തെ തുണച്ച വിരലുകളാണ്. ചിന്തകൾക്കൊത്ത് എന്നും ചലിച്ച ആ വിരലുകൾ അദ്ദേഹത്തിന്‍റെ ചേതന പറന്നുപോയതുമാത്രം അറിഞ്ഞില്ല എന്നുതോന്നി. ഉറങ്ങാൻ കിടന്നപ്പോഴുള്ളതുപോലെതന്നെ ഇടത് കൈമുട്ടിനുള്ളിൽ നെഞ്ചോട് ചേർന്നിരുന്നു അവ.

      അദ്ദേഹത്തിന്‍റെ സഹോദരൻ എറണാകുളത്തെ ഡോ. പത്മജനെ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ ചികിത്സയ്ക്കായി കണ്ടിരുന്നു. കണങ്കാൽവരെ മുടിയുള്ള ഭാര്യ ഡോ. ജയകുമാരിയെയും കർട്ടന് പിറകില്‍ കണ്ട ഓർമ്മയുണ്ട്. ഡോ. പത്മജനും ഹൃദയസംബന്ധിയായി അകാലത്തിൽ മരണമടഞ്ഞതായി കേട്ടു. പത്മരാജന്‍ തന്‍റെ മരണത്തിന് ഏതാനും നാൾ മുമ്പ് കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ ദർശനം നടത്തിയതായും പറഞ്ഞുകേട്ടു. ഒരുപക്ഷെ, തന്‍റെ സർഗ്ഗചേതന തിരികെ നൽകാനാവാം.

     എന്‍റെ സഹപ്രവർത്തകനായ മറ്റൊരു ഡോക്ടറാണ് പത്മരാജന്‍റെ ജഡപരിശോധന നടത്തിയത്. നിതീഷ് ഭരദ്വാജ് അന്ന് മഹാഭാരതം ടെലി-സീരിയലിലെ കൃഷ്ണനായും ഞാൻ ഗന്ധർവനിലെ ഗന്ധര്‍വനായും സ്ത്രീകളുടെ പ്രിയനടനായി മാറിയിരുന്നു. ഓമനത്തമുള്ള മുഖഭാവങ്ങൾ അദ്ദേഹത്തിന്‍റെ പ്രത്യേകതയായതിനാലാവാം, നഴ്സിങ്  വിദ്യാർത്ഥിനികൾ മോർച്ചറിക്കകത്ത് പാലിക്കേണ്ട ഔചിത്യം മറന്നുകൊണ്ട് അദ്ദേഹത്തെ ആകെ പൊതിഞ്ഞ്, കവിളുകൾ നുള്ളി മുറിവേൽപ്പിച്ചുകളഞ്ഞു. എല്ലാവരെയും ശകാരിച്ച് മാറ്റേണ്ടിവന്നു, പോസ്റ്റ്മോർട്ടം തുടങ്ങാൻ. ആ നേരമൊക്കെ ഞങ്ങൾ പത്മരാജന്‍റെ ജഡത്തിനരികിൽനിന്നു. ഡീനര്‍ മോഹൻദാസ് ബനിയന്‍റെ വലതുചുമൽ മുറിച്ചപ്പോൾ ഞാൻ പുറത്തുകടന്നു.

     പുറത്ത് ഇടനാഴിയിൽ ഭിത്തിചാരി കണ്ണീരടക്കാനാവാതെ നിതീഷ് നിൽപുണ്ടായിരുന്നു. നടൻ സോമൻ കലങ്ങിയ കണ്ണുകളുമായി പുറത്തുവന്ന് എന്നെ നോക്കി. എന്നിട്ട് ചോദിച്ചു: "ഡോക്ടർക്കും എന്നെപ്പോലെ തന്നെ, അല്ലേ? ഈ കാഴ്ച കാണാൻ പറ്റുന്നില്ല അല്ലേ?". അതേയെന്ന് ഞാന്‍ തലയിളക്കി. അതങ്ങനെയാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നേർപരിശോധന (Intimate Examination) പൊതുവേ ഡോക്ടർമാർ നടത്താറില്ല. നിഷ്പക്ഷ നിരീക്ഷണം നടത്താനാവില്ല എന്നതുകൊണ്ടുതന്നെ. കൂടെ നിൽക്കുകയോ റിപ്പോർട്ടുകൾ വായിക്കുകയോ ചെയ്യാറില്ല. തൊഴിൽപരമായ ഒരു നൈതികതയുടെ ഭാഗമാണ് അത്. പക്ഷേ, പത്മരാജൻ എനിക്ക് ആരായിരുന്നു?

     പത്മരാജനെ എനിക്ക് നേരിട്ട് പരിചയമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍റെ  കഥകളിലെ കഥാപാത്രങ്ങൾ, അവരുടെ മനോവ്യാപാരങ്ങൾ, സംഭാഷണം തുടങ്ങിയവയേക്കാളേറെ എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രത്യേകതയാണ് കഥാകാരനിൽ ഞാൻ കണ്ടെത്തിയത്. ആ കഥകളുടെ പശ്ചാത്തലം, കുഞ്ഞുങ്ങൾക്ക് കിടന്നുറങ്ങാൻ മാത്രം വലിപ്പമുള്ള ഇലയെന്നോ, കരിയില വീണുമൂടിയ മുറ്റമെന്നോ, വെട്ടിച്ചെറുതാക്കി നിർത്താത്ത ക്രോട്ടണ്‍ ചെടിയെന്നോ ഉള്ള ചെറുസൂചനകളിൽക്കൂടി ഒരു Jumanji കളിയിലെ ഡൈസ് എറിഞ്ഞപോലെ ഭയചകിതയാക്കുന്ന ഒരു പശ്ചാത്തലത്തിലേക്ക് പലപ്പോഴും എന്നെ കൂട്ടിക്കൊണ്ടുപോയി. നിത്യജീവിതത്തിൽ ഒരിക്കലും ഞാൻ കണ്ടിട്ടില്ലാത്തതും എന്നാൽ പകലുറക്കം ഞെട്ടിച്ച പേടിസ്വപ്നങ്ങളിൽക്കൂടി നന്നേ പരിചയമുള്ളതുമായ സ്ഥലങ്ങളിലേക്ക്. അവിടെയൊക്കെ അദ്ദേഹവും നേരിലോ സ്വപ്നത്തിലോ പോയിവന്നിരിക്കണമെന്ന തോന്നൽ.
     വൈദ്യശാസ്ത്രം ഇതിനെ ദേജാവു (Deja vu) എന്ന് പറയുന്നുവെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം വാസ്തവം തന്നെ. ടി. പി. കിഷോറിന്‍റെ രചനകളും എനിക്ക് ഇതേവിധമാണ് അനുഭവപ്പെട്ടിരുന്നത്.
 
     ഹൃദ്രോഗസംബന്ധിയായ ത്വരിതമരണങ്ങൾ ലോക വ്യാപകമാണ്. പരക്കെ അറിയപ്പെടുന്ന ഹൃദയധമനികളുടെ അടയൽ മൂലമുള്ള ഹൃദ്രോഗം കൂടാതെ, ഹൃദയത്തിന്‍റെ മിടിപ്പിന്‍റെ താളക്രമം, അവയുടെ വ്യവസ്ഥാപിതമായ വൈദ്യുത തരംഗവ്യാപനം(Conduction of Impulse) ഇവയെ ബാധിക്കുന്നതും ത്വരിതമരണത്തിന് ഇടയാക്കുന്നതുമായ നിരവധി രോഗ-അപചയ അവസ്ഥകളുണ്ട്. അതിലൊന്നാണ് ബാന്‍ഗന്‍ഗട്ട്. ഇന്ത്യൻ ഡോക്ടർമാർ ഇതിനെ പൊതുവേ SUNDS (Sudden Unexpected Nocturnal Death Syndrome) എന്നാണ് പറയുന്നത്. Brugada എന്നുപേരായ തരംഗവ്യാപനത്തെ ബാധിക്കുന്നതും ത്വരിതമരണത്തിന് ഇടയാക്കുന്നതും ചിലപ്പോഴെങ്കിലും ECG പരിശോധന വഴി കണ്ടെത്താനാവുന്നതുമായ മറ്റൊരിനമാണ് ഇരുപത് ശതമാനം ത്വരിതമരണത്തിനും കാരണം.
 
      കേരളത്തിലെ പത്രങ്ങളിലൊക്കെ വ്യാപകമായി റിപ്പോർട്ട് വരുന്ന 'കുഴഞ്ഞുവീണു മരിച്ചു' എന്ന സംഭവം Romano Ward Disease എന്നൊരിനം താളഭ്രംശമാണെന്ന് തോന്നുന്നു. സോഡിയം ചാനലോപ്പതി എന്നറിയപ്പെടുന്ന ജനിതക തകരാറുകളാണ് ഈ മരണങ്ങൾക്ക് ആധാരമായി പറയപ്പെടുന്നത്. മിക്കവയും മുൻപരിശോധനയിൽ കണ്ടെത്താനാവാത്തത്. പോസ്റ്റ്മോർട്ടം പരിശോധനയിൽ ഘടനാപരമായ തകരാറൊന്നും ഹൃദയത്തിൽ കണ്ടെത്താനാവില്ലതന്നെ. പരിചയസമ്പന്നരായ വിദഗ്ധർ നടത്തുന്ന വളരെ ശ്രദ്ധാപൂർവ്വമായ പരിശോധനയിൽ കൂടിയേ ഇവയിൽ ചിലതിന്‍റെ ഹൃദയസംബന്ധിയായ തകരാറുകൾ പോസ്റ്റ്മോർട്ടത്തിൽ വെളിപ്പെടുകയുള്ളു. ധാരാളം സമയമെടുത്തുള്ള പരിശോധനയും Histopathology (നേരിയതാക്കിയ ഭാഗങ്ങൾ നിറങ്ങൾ ചേർത്ത് സൂക്ഷ്മദർശിനിയിലൂടെ നോക്കുന്നത്) പരിശോധനയും വേണ്ടിവരും. ഡോ. M. ബലരാമൻ നായരും RCCയിൽ ഉണ്ടായിരുന്ന ഡോ. C C കർത്തായും ആണ് ആദ്യകാലത്ത് എനിക്ക് ഹൃദയത്തിന്‍റെ ഡിസക്ഷൻ പഠിപ്പിച്ചുതന്നത്. ഈ പരിശീലനം പിൽക്കാലത്ത് വളരെയേറെ ഉപകരിച്ചു.
 
     എന്നാൽ ഏറെ അത്ഭുതപ്പെടുത്തിയതും സഹായകമായതും മറ്റുചില കാര്യങ്ങളാണ്. വിവരങ്ങൾ അറിയാനും കൈമാറാനും നമ്മുടെ നാട്ടിലെ ആൾക്കാർ കാണിക്കുന്ന ഔത്സുക്യവും വേദനാജനകമായ സന്ദർഭങ്ങളിലും പരിശോധനാഫലം ഏറ്റുവാങ്ങാനുള്ള പക്വതയും സന്മനസ്സുമാണ് അത്. സത്യസന്ധമായി മരണം വിശകലനം ചെയ്യണമെന്ന അവരുടെ ശാഠ്യം തന്നെയാണ് നിയമത്തിന്‍റെയോ നിയമ-ആഭ്യന്തര വകുപ്പിന്‍റെയോ കാര്യമായ സഹായമൊന്നും ഇല്ലാഞ്ഞിട്ടും ഫോറന്‍സിക് വകുപ്പിനെ നിലനിര്‍ത്തുന്നത്; ദുർഘടങ്ങൾ നേരിട്ടിട്ടും ഈ ജോലിയിൽ തുടരാനും ഇതെഴുതാനും പ്രേരകമായിട്ടുള്ളതും.

 

(പ്രശസ്തഫോറന്‍സിക് വിദഗ്ദ്ധയായ ഡോ.ഷേര്‍ളി വാസു എഴുതി, DC ബുക്സ് പുറത്തിറക്കിയ 'പോസ്റ്റ്മോര്‍ട്ടം ടേബിള്‍' എന്ന കൃതിയില്‍ നിന്നുമെടുത്താണ് ബാന്‍ഗന്‍ഗട്ട് എന്ന ഈയൊരു ഭാഗം ഇവിടെ ചേര്‍ത്തിരിക്കുന്നത്.)    

Tuesday, January 16, 2024

സങ്കീര്‍ത്തനം


 

 

 

 

- കുമാരനാശാന്‍

 

ചന്തമേറിയ പൂവിലും ശബളാബമാം
ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്ര-
ചാതുരി കാട്ടിയും
ഹന്ത! ചാരുകടാക്ഷമാലകളര്‍ക്ക-
രശ്മിയില്‍ നീട്ടിയും
ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങു-
മീശനെ വാഴ്ത്തുവിന്‍!
 
സാരമായ് സകലത്തിലും മതസംഗ്രഹം
ഗ്രഹിയാത്തതായ്
കാരണാന്തരമായ് ജഗത്തിലുയര്‍ന്നു
നിന്നിടുമൊന്നിനെ
സൌരഭോല്‍ക്കടനാഭികൊണ്ടു മൃഗം കണ-
ക്കനുമേയമായ്
ദൂരമാകിലുമാത്മഹാര്‍ദ്ദഗുണാസ്പദത്തെ
നിനയ്ക്കുവിന്‍!
 
നിത്യനായക, നീതിചക്രമതിന്‍-
തിരിച്ചിലിനക്ഷമാം
സത്യമുള്‍ക്കമലത്തിലും സ്ഥിരമായ്‌
വിളങ്ങുക നാവിലും
കൃത്യഭൂ വെടിയാതെയും മടിയാതെയും
കരകോടിയില്‍
പ്രത്യഹം പ്രഥയാര്‍ന്നപാവന കര്‍മ്മ-
ശക്തി കളിക്കുക!
 
സാഹസങ്ങള്‍ തുടര്‍ന്നുടന്‍ സുഖഭാണ്ഡ-
മാശു കവര്‍ന്നുപോം
ദേഹമാനസ ദോഷസന്തതി ദേവ
ദേവ, നശിക്കണേ
സ്നേഹമാം കുളിര്‍പൂനിലാവു പരന്നു
സര്‍വ്വവുമേകമായ്
മോഹമാമിരുള്‍ നീങ്ങി നിന്‍റെ മഹത്വ-
മുള്ളില്‍ വിളങ്ങണേ!
 
ധര്‍മ്മമാം വഴി തന്നില്‍ വന്നണയുന്ന
വൈരികളഞ്ചവേ,
നിര്‍മ്മലദ്യുതിയാര്‍ന്ന നിശ്ചയഖഡ്ഗ-
മേന്തി നടന്നുടന്‍
കര്‍മ്മസീമ കടന്നുപോയ് കളിയാടുവാ-
നരുളേണമേ
ശര്‍മ്മവാരിധിയില്‍ കൃപാകര, ശാന്തിയാം
മണിനൗകയില്‍

 

(കൊല്ലവര്‍ഷം 1905 വൃശ്ചികമാസക്കാലത്ത് ഒരു സംഘത്തിനുവേണ്ടി എഴുതി പ്രതിഭ മാസികയില്‍ പ്രസിദ്ധീകരിച്ച ഈ കവിത ഒരുപാട് വിദ്യാലയങ്ങളില്‍  പ്രാര്‍ത്ഥനാഗാനമായിചൊല്ലിയിരുന്നു. ആശാന്‍റെ, ബാലസാഹിത്യകൃതിയായ പുഷ്പവാടിയില്‍ നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

കേള്‍ക്കാംആകാശവാണിയ്ക്ക് വേണ്ടി എം ജി രാധാകൃഷ്ണന്‍ ഈണമിട്ട് ജി വേണുഗോപാലും സംഘവും ചൊല്ലിയത്.

കേള്‍ക്കാം, ഈ കവിതയുടെ തുടക്കഭാഗം, 1984ല്‍ പുറത്തിറങ്ങിയ സന്ധ്യക്കെന്തിന് സിന്ദൂരം എന്ന ചിത്രത്തിലെ, ശ്യാം സംഗീതം നിര്‍വഹിച്ച് എസ് ജാനകി പാടിയത്. ഇതിന്‍റെ തുടക്കത്തില്‍ 'ചന്തമേറിന' എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.