Sunday, December 31, 2023

അയല്‍വക്കം

 


 

 

  

 

 - വി ഉണ്ണിക്കൃഷ്ണന്‍ നായര്‍

 

ചുറ്റുമിഗൃഹത്തിന്നു കൂറ്റന്‍ കന്മതില്‍ കെട്ടി-

ചെറ്റുമന്യരുമായിട്ടിടപാടില്ലാതാക്കാന്‍

 

ഒട്ടുമേ വെളിച്ചവും കാറ്റുമേല്‍ക്കാതേ തഴു-

തിട്ടു ജാലകങ്ങളും വാതിലും ബന്ധിപ്പിക്കുവാന്‍

 

അത്രമേലവദ്യമോ ബാഹ്യമാനവലോകം

മിത്ര ബാന്ധവഭാവത്തിന്നതെന്തനര്‍ഹമോ?

 

വീശട്ടെ ചതുരന്തമാരുതനെന്‍ തോട്ടത്തില്‍

വൈശദ്യമെന്‍ മുറ്റത്തിനേകട്ടെ ദിവാകരന്‍

 

ദീപ്തമാകട്ടെ താരാപഥത്തില്‍ നിന്നെമ്പാടും

വ്യാപ്തമാം പ്രകാശത്താലെന്‍റെ വീടെല്ലാടവും.

 

കൈവിളക്കിലെച്ചെറു നാളത്തിനെളുതല്ല

ജീവിതസന്ധാരണോചിതമാമൊളി തൂകാന്‍.

 

പനിനീര്‍പ്പൂവിന്മണമേറ്റുകൊണ്ടയല്‍ വീട്ടിന്‍

വനിയ്ക്കകം പെരുമാറിടും ചെറുതെന്നല്‍

 

അനിയന്ത്രിതമിങ്ങും വന്നു മാലതീപ്രതാ-

നിനിയെപ്പുണരട്ടെ സമഭാവനയോടെ.

 

നിതരാം നിര്‍ല്ലേപനാമജഗല്‍പ്പ്രാണന്‍ തൊട്ടാല്‍

ക്ഷതമേല്‍ക്കുകയില്ല സൗമനസ്യത്തിന്നൊട്ടും.

 

നൈമിശാരണ്യത്തിലെപ്പൂര്‍വ്വ താപസര്‍ കണ്ട

ഭൂമിയിലല്ലല്ലോ നാം നാള്‍ കഴിക്കുവതിപ്പോള്‍.

 

അന്നത്തെ ലോകം ജംബുദ്വീപ ഭാരതവര്‍ഷം

ഇന്നതിന്‍ പരിധി സപ്താര്‍ണ്ണവ തീരത്തോളം.

 

ഭൂവലയത്തിന്‍ വ്യാസമത്രമേല്‍ വര്‍ദ്ധിക്കിലും

കേവലമയല്‍വക്കക്കാര്‍ നമുക്കെല്ലാവരും.


മുഖമെവിടെ?


 

 

 

 

 

 

- വിഷ്ണു നാരായണന്‍ നമ്പൂതിരി

 

 

ചിത്രം:

"മുഖമെവിടെ?"- ഞാന്‍ പകച്ചു ചോദിപ്പൂ:

മുനി പോല്‍ മൂകനായിരിപ്പൂ ചങ്ങാതി.

പനയന്നാര്‍ കാവിലെഴുന്നള്ളത്തിന്‍റെ

പടമെന്നോര്‍ത്തീയാള്‍ വരച്ച ചിത്രത്തില്‍

കൊടിയു,ണ്ടാനകള്‍, കുടതഴകളും,

കടുനിറം ചുറ്റിപ്പുരുഷാരങ്ങളും,

ഒരുത്തനുമെന്നാല്‍ മുഖമില്ലീ, വിദ്വാന്‍

മുഴുപ്പിരിയനോ, മഹാവേദാന്തിയോ?

 

 

ജാഥ:

ഇതെന്തതിശയം! പകലറുതിയില്‍

ഇളവേറ്റു പടിപ്പുരയില്‍ ഞാന്‍ നില്‍ക്കെ

ഒരു മഹാജാഥ കടന്നുപോയെന്നെ:

ശരായിയും കളസവുമണിഞ്ഞവര്‍

കമനീയമായ തലപ്പാവുള്ളവര്‍,

കഴല്‍വെയ്പില്‍ക്കടുക്കണിശമുള്ളവര്‍,

അവര്‍ നേതാക്കന്മാര്‍ നിമന്ത്രിപ്പൂ തമ്മില്‍-

""എവിടെ നിന്മുഖം?", "എവിടെ നിന്‍മുഖം?"

 

 

 ഛായ:

ഉരുകുമെണ്ണയില്‍പ്പിടയും പാറ്റ പോല്‍

ഉഴലുമിപ്പാവം മഹാജനത്തോടു-

സഹതാപത്തിന്‍റെയുറവു വിങ്ങുമെ-

ന്നുയിരിന്നാഴത്തിലുരുളു പൊട്ടവേ,

മിഴിനീരൊപ്പാന്‍ ഞാനുയര്‍ത്ത കൈലേസ്സില്‍

തടയുന്നീലൊന്നും: ഇതെന്തു ശൂന്യത!

പിടഞ്ഞന്ധാളിച്ചു, വിറച്ച ഞാന്‍ മണി-

യറയില്‍പ്പാഞ്ഞെത്തിച്ചുമര്‍ക്കണ്ണാടിയില്‍

ഒരു നോക്കേ നോക്കീ;- എനിക്കും കോളറിന്‍

മുകളിലെന്തയ്യോ! മുഖമൊന്നില്ലെന്നോ?                                                                            

നാന്ദി


 
 
 
 
 
 
 
 
 
 
     പുത്തനായിട്ട് ഒരു മാസിക തുടങ്ങുമ്പോള്‍ പേരെടുത്ത ആംഗലമാസികകളില്‍ ഏതെങ്കിലും ഒന്നിനെ ചൂണ്ടിക്കൊണ്ട് 'ആ മാതൃകയില്‍ ഇതാ ഞങ്ങളും ഒന്നുതുടങ്ങുന്നു' എന്ന് പറയുന്ന ഒരു പതിവ് നമ്മുടെ നാട്ടില്‍ സാധാരണയായിട്ടുണ്ട്. അങ്ങനെ, മോഡേണ്‍ റിവ്യൂ-വിന്‍റെയും ഇന്ത്യന്‍ റിവ്യൂ-വിന്‍റെയും ഒക്കെ മാതൃക പിടിച്ച് ആരംഭിച്ച മലയാളമാസികകള്‍ എല്ലാവരും ധാരാളം കണ്ടിട്ടുണ്ടാകും. പക്ഷെ നമ്മുടെ ഭാഗ്യദോഷമെന്ന് വിചാരിച്ചാല്‍ മതി; കാലം അധികം ചെല്ലാതെ തന്നെ മാതൃകയും പോയി മാസികയും പോയി എന്നായിത്തീര്‍ന്നു കലാശം.
 
     അതുകൊണ്ട് ഇന്ന് ആരെങ്കിലും ആ പഴയ ചിട്ടയില്‍ 'ഞങ്ങള്‍ മാസിക തുടങ്ങാന്‍ പോകുന്നു' എന്നൊക്കെ പറഞ്ഞാല്‍ അത് വായനക്കാരില്‍ ഒരു അല്‍പഹാസം മാത്രമേ ഉളവാക്കൂ. എങ്കിലും ആ മട്ടില്‍ ഒരു പ്രസ്താവന ചെയ്യാന്‍ ഞങ്ങള്‍ മുതിരുന്നു. അതൊരു ബലഹീനത തന്നെയാണെന്ന് വയ്ക്കുക. എന്നാലും പറയട്ടെ, ടൈംസ്‌ ലിറ്റററി സപ്ലിമെന്‍റ് എന്നൊരു വാരികയുണ്ടല്ലോ, ലണ്ടന്‍ ടൈംസ്‌-ന്‍റെ ഒരു അനുബന്ധമെന്ന നിലയ്ക്ക്. അത്തരത്തിലൊന്നാണ് ഞങ്ങളുടെ ധ്യാനത്തിലിരിക്കുന്ന രൂപം.
 
     ഇപ്പോള്‍ ടൈംസ്‌-ന്‍റെ ആ വാരിക കണ്ടിട്ടുള്ളവര്‍ വിചാരിക്കുകയാണ് - 'ഓഹോ, ഗ്രന്ഥനിരൂപണം മാത്രമുള്ള ഒരു മാസിക, അല്ലേ?'. അല്ല, അതുമാത്രമല്ല, ഗ്രന്ഥനിരൂപണങ്ങള്‍ ഉണ്ട്. എന്നാലും അതുകൊണ്ടുമാത്രം ഒരു മലയാള മാസികയ്ക്ക് കഴിഞ്ഞുകൂടാനൊത്തുവെന്ന് വരികയില്ല.  ഒന്നാമത്, അത്ര വളരെ ഗ്രന്ഥങ്ങൾ മലയാളത്തിൽ മാസാമാസം ഉണ്ടാകുന്നില്ല. രണ്ടാമത്, ഭിന്നരുചികളായ വായനക്കാരെ രസിപ്പിക്കുക എന്നത് ഒരാവശ്യവുമാണ്. അതുകൊണ്ട് മലയാളഗ്രന്ഥങ്ങളുടെ നിരൂപണങ്ങൾക്കു പുറമേ ഇംഗ്ലീഷ് ഗ്രന്ഥങ്ങളെപ്പറ്റിയുള്ള ലഘുചർച്ചകൾ, ചിരപ്രതിഷ്ഠിതങ്ങളായ വിശ്വസാഹിത്യ കൃതികളെപ്പറ്റിയുള്ള വിസ്തൃതമായ പഠനങ്ങൾ ഇങ്ങനെ പലതും ഞങ്ങൾ ഉദ്ദേശിക്കുന്നു. പിന്നെ നിങ്ങൾക്കു സുപരിചിതരും ഈഷല്‍ പരിചിതരും ആയ വിദേശീയ സാഹിത്യകാരന്മാരെപ്പറ്റിയുള്ള ലേഖനങ്ങളും മുറയ്ക്ക് ഉണ്ടായിരിക്കും. ഈ മട്ടില്‍ ഗ്രന്ഥനിരൂപണത്തിന് പ്രാമുഖ്യം കൊടുത്തു കൊണ്ട് ഒരു മാസിക, കേരള ഗ്രന്ഥാലയ സംഘത്തിന്‍റെ മേൽനോട്ടത്തിലും എം.ആർ.കെ.സി-യുടെ (സി കുഞ്ഞുരാമ മേനവൻ) ചുമതലയിലും ഒരിക്കൽ നടത്തിത്തുടങ്ങിയതാണ്. പക്ഷേ ഒരു ലക്ഷത്തിലധികം അത് മുന്നോട്ടു പോയിട്ടില്ല എന്നാണ് ഓർമ്മ.
 
     ഈ മാസികയിൽ സഹജീവികൾ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞ ചില ലേഖനങ്ങളുടെ തർജ്ജമകളും സംഗ്രഹങ്ങളും ചേർത്തിട്ടുണ്ട്. തുടരെ ചേർക്കാൻ ഉദ്ദേശിക്കുന്നുമുണ്ട്. അതെന്തിന് എന്നാണെങ്കിൽ, പറയാം. മനുഷ്യർക്ക് പൊതുവേ വിശ്രമം കുറഞ്ഞും തിരക്കുകൾ കൂടിയും വരുന്ന ഒരു കാലമാണല്ലോ ഇത്. മാസികകളുടെ എണ്ണമാണെങ്കിൽ വളരെ വർദ്ധിച്ചുമിരിക്കുന്നു. ഈ പരിതസ്ഥിതിയിൽ കാണേണ്ടതെല്ലാം ഒരാൾ കാണുമെന്നോ കണ്ടാൽ തന്നെയും എല്ലാം വായിക്കുമെന്നോ ഒന്നും നാം പ്രതീക്ഷിച്ചുകൂടാ. അതുകൊണ്ട് സാരഗ്രാഹികളായ വായനക്കാർക്ക് ഒരെണ്ണത്തിന്‍റെ പാരായണം കൊണ്ട് കിട്ടാവുന്നത്ര ഗുണം കിട്ടട്ടെ എന്നാണ് ഞങ്ങളുടെ ആഗ്രഹം.
 
    
ഈ മാസിക ഗ്രന്ഥശാലാസംഘത്തിന്‍റെ മുഖപത്രമാണെന്ന് പൊതുജനങ്ങൾ ഇതിനകം ധരിച്ചിരിക്കുമല്ലോ. അതുകൊണ്ട് ഗ്രന്ഥശാലാ കാര്യങ്ങൾക്ക് ഇതിൽ വിശേഷാൽ സ്ഥാനം ഉണ്ടായിരിക്കും. തന്നെയുമല്ല, ഗ്രന്ഥാലയക്കാർക്ക് ഇതൊരു നിർദ്ദേശിക കൂടിയായിരിക്കും; പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിലുൾപ്പെടെ എല്ലാ കാര്യങ്ങളിലും.
 
     ചുരുക്കത്തിൽ നന്നായി നടത്തണമെന്ന് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. അതിന് സഹൃദയ ലോകത്തിന്‍റെ പിന്തുണ ഉണ്ടായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

 

(ഗ്രന്ഥാലോകം മാസികയുടെ ആദ്യത്തെ മുഖപ്രസംഗമാണ് ഇത്. മാസികയുടെ ആദ്യ പത്രാധിപനായിരുന്ന എസ് ഗുപ്തൻ നായർ 1949 ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലത്താണ്  എഴുതിയിരിക്കുന്നത്. ഗ്രന്ഥാലോകം മാസികയുടെ 2018 ഡിസംബര്‍ ലക്കത്തിലെ, ചരിത്രപഥം എന്ന ഭാഗത്ത് നിന്നുമെടുത്താണ് ഈ മുഖപ്രസംഗം ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

Saturday, December 30, 2023

മണ്‍തരി


 
 
 
 
 
 
 
 
 
 
 
എന്‍ തങ്കക്കുഞ്ഞിളം കൈവിരലാലൊരു
മണ്‍തരി നുള്ളിയെന്‍ കൈയില്‍ വച്ചു.
 
ചന്തം തിരളുമാച്ചെങ്കവിള്‍ ചുംബിച്ചാ-
നന്തിക്കതിരോനുമെന്നെപ്പോലെ.
 
കുട്ടി തന്‍ സമ്മാനം ദൃഷ്ട്യാ നുകര്‍ന്നതി-
ലൊട്ടിടയ്ക്കച്ഛനും കുട്ടിയായ്പ്പോയ്.
 
ആരെയും കൊച്ചുകിടാങ്ങളെപ്പോലാക്കാന്‍
പോരുമിന്നേതു പരമാണുവും.
 
ഭൂമണ്ഡലത്തിനെക്കൊഞ്ചിപ്പറയുന്നി-
തീ മഞ്ജുരൂപത്തിലീ മണ്‍തരി.
 
നമ്മെപ്പോലെത്രയോ ജീവികളുണ്ടാവാം
കര്‍മ്മത്താല്‍ കൈയ് നൊന്തുകൊണ്ടിതിലും.
 
അല്ലെങ്കിലംബരചാരിതന്‍ നക്ഷത്ര-
മല്ലിതോരോന്നുമെന്നാര്‍ക്കറിയാം?
 
അന്യസൗരഗ്രഹ മണ്ഡലമൊന്നിതി-
ലന്തര്‍ഭവിച്ചിട്ടുണ്ടെന്നും വരാം.
 
പപ്പടപ്രായമാര്‍ന്നേതിനോ പൂര്‍ണ്ണത-
യ്ക്കണ്ണിനൊക്കെച്ചെറുതു തന്നെ.
 
പാരിനിപ്പൈതങ്ങള്‍ തന്‍ കഴല്‍ തട്ടുമ്പോള്‍-
ക്കോരിത്തരിപ്പതോ മണ്‍തരികള്‍?
 
അപ്പരാശക്തി തന്‍ വാത്സല്യവായ്‌പ്പിനെ
തപ്പിക്കുറിച്ചിടുമക്ഷരങ്ങള്‍
 
ബ്രഹ്മാണ്ഡകോടിയെക്കൂടി വിളക്കിടും
നിര്‍മ്മാതാവിന്‍റെ പശപ്പൊടികള്‍.
 
കാരണരൂപത്തിന്‍ നല്‍പ്രതിബിംബത്തെ-
ക്കാണിക്കും കണ്ണാടിച്ചില്‍ത്തരികള്‍.
 
എമ്മട്ടു നിങ്ങളെത്തൊട്ടു തലോടേണ്ടു
ചുമ്മാ വലുതായ മല്‍ക്കരങ്ങള്‍?
 
അല്ലെങ്കിലേതൊരു മണ്‍തരിക്കുള്ളിലു-
മില്ലാഞ്ഞതൊന്നുമില്ലെങ്ങുമെങ്കില്‍
 
ഈയൊരു കാല്‍ക്ഷണത്തിങ്കലൊതുങ്ങാതെ-
യില്ലൊരു കാലാന്തരവുമെങ്കില്‍
 
ഇപ്പരമാണുവും ബ്രഹ്മാണ്ഡമൊക്കെയു-
മെപ്പോഴുമിങ്ങു ഞാന്‍ പുല്‍കി നില്‍പ്പൂ.

Friday, December 29, 2023

ദീര്‍ഘയാത്ര


 
 
 
 
 
 
 
 
 
അഴലിന്‍ കരിനിറം പൂണ്ട മണ്ണില്‍
നിഴലിച്ചോരാനന്ദമെന്‍റെ ജീവന്‍.
 
കൃതിയും നിയതിയുമെന്‍റെ കൈകള്‍;
അതുരണ്ടും വീശി നടക്കുമീ ഞാന്‍.

വഴിയിലുഷസ്സിന്‍റെ പൊന്നിന്‍കിണ്ണം
വഴിയുമാ മുന്തിരിച്ചാറു മോന്തും.
 
അഴകിയ താരങ്ങള്‍ തങ്ങുമല്ലിന്‍
വഴിയമ്പലത്തില്‍ക്കിടന്നുറങ്ങും.
 
എഴുന്നേ,റ്റടഞ്ഞ മിഴി തുറന്നാല്‍
പഴയ പടിക്കേ നടക്കും പിന്നെ.
 
മറവിതന്‍ മാറാപ്പെടുപ്പാന്‍ മാത്രം
മറവിയുണ്ടായിട്ടില്ലിത്ര നാളും.
 
അവസാനമെന്നെന്‍റെ ദീര്‍ഘയാത്ര-
യ്ക്കെവിടെച്ചെന്നെത്തും ഞാ,നാര്‍ക്കറിയാം?
 
(ശൂരനാട്ടു കുഞ്ഞന്‍പിള്ള തയ്യാറാക്കിയ മലയാളകവിതകളുടെ സമാഹാരമായ മലയാള കാവ്യരത്നാകാരം എന്ന കൃതിയില്‍നിന്നുമെടുത്താണ് ഈ ചെറുകവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്. സാഹിത്യ അക്കാദമിയാണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.)

Thursday, December 28, 2023

റാണി


 

 

 

 

- പാബ്ലോ നെരൂദ

 

ഞാന്‍ നിന്നെ റാണിയെന്നു

പേരു ചൊല്ലി വിളിയ്ക്കുന്നു.

നിന്നേക്കാള്‍ ഉയരം കൂടിയവര്‍-

ഒരുപാടുണ്ട്; ഉയരം കൂടിയവര്‍!

നിന്നേക്കാള്‍ പരിശുദ്ധരായവര്‍-

ഒരുപാടുണ്ട്; പരിശുദ്ധര്‍!

നിന്നേക്കാള്‍ സൗന്ദര്യമുള്ളവര്‍-

ഒരുപാടുണ്ട്; സൗന്ദര്യമുള്ളവര്‍!

പക്ഷെ, നീയാണ് റാണി.


തെരുവുകളിലൂടെ നടന്നുനീങ്ങുമ്പോള്‍

ആരും നിന്നെ തിരിച്ചറിയുന്നില്ല.

ആരും നിന്‍റെ പളുങ്കുകിരീടം കാണുകയില്ല.

നീ ചവിട്ടിനടക്കുന്ന മരതകപരവതാനിയിലേക്ക്

ആരും നോക്കുകയില്ല; ആ സാങ്കല്‍പ്പികപരവതാനി.

 

നീ പ്രത്യക്ഷയാകുമ്പോള്‍ നദികളെല്ലാം

എന്‍റെയുള്ളില്‍ ആര്‍ത്തിരമ്പുന്നു.

മണികള്‍ ആകാശത്തെ പിടിച്ചുലയ്ക്കുന്നു.

ഒരു സങ്കീര്‍ത്തനം ഭൂമിയെ മുഖരിതമാക്കുന്നു.

 

നീയും ഞാനും മാത്രം, നമ്മള്‍ മാത്രം,

എന്‍റെ പ്രണയമേ,

അതിനായി നമുക്ക് കാതോര്‍ക്കാം.

 

 

The Queen

I have named you queen.

There are taller than you, taller.

There are purer than you, purer.

There are lovelier than you, lovelier.

But you are the queen.

 

When you go through the streets

No one recognizes you.

No one sees your crystal crown, no one looks

At the carpet of red gold

That you tread as you pass,

The nonexistent carpet.

 

And when you appear

All the rivers sound

In my body, bells

Shake the sky,

And a hymn fills the world.

 

Only you and I,

Only you and I, my love,

Listen to it.

 

(ഫേബിയന്‍ ബുക്ക്സ്, നീയും ഞാനും മാത്രം എന്ന പേരില്‍ പുറത്തിറക്കിയ, പാബ്ലോ നെരൂദയുടെ പ്രണയകവിതകളുടെ വിവര്‍ത്തനസമാഹരത്തില്‍ നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്. സീത വിജയകുമാര്‍ ആണ് കവിതകളുടെ വിവര്‍ത്തനം നടത്തിയിരിക്കുന്നത്.)

Wednesday, December 27, 2023

ഭാരതം


 

 

 

 

 

- മലയാറ്റൂര്‍ രാമകൃഷ്ണന്‍

 

പ്രധാനമന്ത്രി മലമുകളില്‍നിന്നും ചോദിച്ചു-

   "പ്രജകളേ, നിങ്ങള്‍ എന്തിനെപ്പറ്റി ചിന്തിക്കുന്നു?"

പ്രജകള്‍ പറഞ്ഞു-

   "ഞങ്ങള്‍ ചിന്തിയ്ക്കുന്നില്ല. കാരണം, ഞങ്ങള്‍ കഴിഞ്ഞുകൂടുന്നു."

   "അതെങ്ങനെ?" - എന്ന് പ്രധാനമന്ത്രി.

   "വരള്‍ച്ചയ്ക്കിടയില്‍ വെള്ളം കിട്ടുന്ന ദിനങ്ങളുണ്ട്.മണ്ണ് മാന്തിയാല്‍വേരോ കിഴങ്ങിന്‍ കഷണമോ കിട്ടും. ഏതവസ്ഥയിലും പണ്ടേ മുണ്ട് മുറുക്കിയുടുക്കാനും പട്ടിണിയും ഏകാദശിയും നോറ്റ് കഴിയാനുമാണല്ലോ നാം പഠിച്ചിട്ടുള്ളത്." - ജനം കൂട്ടത്തോടെ കരഞ്ഞു.

കാര്‍ട്ടൂണിലെ കത്തനാര്‍കഷണ്ടി പോലുള്ള തന്‍റെ കൊച്ചുപപ്പടവൃത്തത്തില്‍, ശിരസ്സില്‍, തടകിക്കൊണ്ട് യുവാവായ പ്രധാനന്‍ പറഞ്ഞു-

   "നിങ്ങള്‍ മടിയന്മാര്‍... പത്തൊമ്പതാം നൂറ്റാണ്ടുകള്‍... കാളവണ്ടിയുഗത്തില്‍ കഴിയുന്നവര്‍... ഞാന്‍ ഹിറ്റ്ലറുടെ സിദ്ധാന്തം പറയുകയല്ല. ഞാന്‍ റേസിസ്റ്റ് അല്ല. റേസും രക്തവും ഒന്നല്ല. പക്ഷെ രക്തത്തിലെ വ്യത്യാസങ്ങളാണ് തലമുറകള്‍ക്ക് ഊര്‍ജ്ജം പകരുന്നത്. നിങ്ങള്‍ തൊട്ടയലത്തെ പെണ്‍കുട്ടികളെ വേള്‍ക്കുന്നു. ജനപ്പെരുപ്പം ഉണ്ടാകുന്നു. നിങ്ങളുടെ കുറ്റസമ്മതമനുസരിച്ചുതന്നെ, നിങ്ങള്‍ ചിന്തിക്കുന്നില്ല. ഇല്ല പ്രഭോ!"

   "നിങ്ങള്‍ നാളെയെപ്പറ്റി ചിന്തിക്കുന്നുണ്ടോ?"

   "പ്രധാനാ, ഇന്ന് കഴിഞ്ഞല്ലേ നാളെ വരൂ... ഇന്നത്തെ അവസ്ഥ തന്നെ മഹാകഷ്ടം."

   "നിങ്ങള്‍ പതിവായി 'കാമായ്' സോപ്പ് തേച്ച് കുളിക്കുന്നുണ്ടോ?"

   "കുളി കഷ്ടിയാണ്‌."

   "ഉപയോഗിക്കുന്ന സോപ്പ്?"

   "ഇഞ്ച... ചിലപ്പോള്‍ പയറുപൊടി.."

   "വെറുതെയല്ല നാറുന്നത്. വെറുതെയല്ല ഭാരതം ഉലകസദസ്സുകളില്‍ നാറുന്നത്."

   "പ്രഭോ...പ്രധാനാ... ഞങ്ങള്‍ എന്താണാവോ ചെയ്യേണ്ടത്?" - ജനം നെഞ്ചില്‍ മദ്ദളമടിച്ച് കരഞ്ഞു.

   "നിങ്ങള്‍ പ്രകൃതിയെ സ്നേഹിക്കുന്നില്ലേ?"

   "പ്രഭോ, ഞങ്ങള്‍ മണ്ണിന്‍റെ മക്കളല്ലേ?"

   "വികൃതികളേ, ഉറുമ്പിനെക്കണ്ട് പഠിക്കുക!"

   "എന്താണ് പ്രഭോ പഠിക്കേണ്ടത്?"

   "ഇഡിയറ്റുകളേ, തേനീച്ചകളെക്കണ്ട് പഠിക്കുക."

   "മനസ്സിലായില്ല പ്രധാനാ!"

   "നിങ്ങള്‍ അണ്ണാനെക്കണ്ടെങ്കിലും പഠിക്കുമോ?"

   "ആ നവോദയം പറഞ്ഞുതരൂ പ്രധാനാ!"

പ്രധാനന്‍ ഒരു സിനിമാപ്പോസില്‍ നിന്നുകൊണ്ട് പ്രഖ്യാപിച്ചു -

   "ഉറുമ്പ് മഴക്കാലത്തേക്കുള്ള വിഭവങ്ങള്‍ വേനല്‍ക്കാലത്തുതന്നെ സംഭരിക്കുന്നു. തേനീച്ച മറ്റൊരു വരള്‍ച്ചയെ ഭയന്ന്, ഇന്നേ തേന്‍ ശേഖരിച്ച് സ്വന്തം ഉടലില്‍ നിന്നുണ്ടാക്കിയ മെഴുകുകൂടുകളില്‍ നിറച്ചുവയ്ക്കുന്നു. പണ്ട് ശ്രീലങ്കയിലേക്ക് പാലം പണിത അണ്ണാറക്കണ്ണനും ഭാവിയിലേക്ക് വേണ്ടി ചക്കക്കുരുവും പുളിങ്കുരുവും ഡെപ്പോസിറ്റ് ചെയ്യുന്നു. സംസ്ക്കാരത്തിന്‍റെ ആരംഭം കുറിച്ചതവരാണ്. ഈ ജീവികള്‍!... നിങ്ങള്‍ വിവരം കെട്ടവര്‍, സംസ്ക്കാര വിരുദ്ധന്മാര്‍!"

   "പ്രഭോ!" - ജനക്കൂട്ടത്തില്‍നിന്നും ഒരൊറ്റയാന്‍ ശബ്ദമുയര്‍ന്നു, കൂക്കല്‍ പോലെ.

   "ആരവന്‍?" - എന്ന് പ്രധാനന്‍.

ഒറ്റയാന്‍ ചോദിച്ചു-

   "സ്വിറ്റ്സര്‍ലന്‍ഡിലുമുണ്ടോ ചേര്‍ത്തുവയ്ക്കുന്ന ഉറുമ്പും തേനീച്ചയും അണ്ണാനും?"

 

ഈ സംഭവത്തിനുശേഷമാണ് ഭരണഘടനയിലെ 12001 (A)-B വകുപ്പ് പ്രകാരം നാട്ടില്‍ സമാധാനമുണ്ടായത്.

ജനം ഇല്ലാതായി.

ഉറുമ്പും തേനീച്ചകളും അണ്ണാന്മാരും ഭാരതമാകെ ഓടിയും പറന്നും ഇഴഞ്ഞും നടന്നു.

"നല്ല ഹൈമവതഭൂമി!" - ഒരു കള്‍ച്ചറല്‍ സംഘത്തില്‍ കലര്‍ന്ന് വിദേശത്തേക്ക് പോയ സ്പെഷ്യല്‍ തേനീച്ചകള്‍ പാടി... നീട്ടിപ്പാടി.

ബാഹ്യലോകം കീഴടങ്ങി.

ജയ്‌ ഹിന്ദ്‌!

 

(മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതിയ ഏതാനും കഥകളുടെ സമാഹാരമായ കലക്ടര്‍ എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ കഥ ഇവിടെ ചേര്‍ത്തിരിക്കുന്നത്. പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.)