ഞാൻ പണ്ട് എറണാകുളത്ത് ഒരു സ്പോർട്സ് കമ്പനിയുടെ ഏജന്‍റ് ആയി പ്രവർത്തിച്ചിരുന്നു. കളിക്കോപ്പുകളുടെ സാമ്പിളുകളുമായി എന്നും പട്ടണം ചുറ്റും. ഫുൾസ്യൂട്ടിലാണ് കറക്കം. സംഗതി സൈക്കിളിൽ. ഹാറ്റും ടൈയ്യും ഉണ്ട്. ചുരുളൻ മുടി. കാലിൽ സ്റ്റൈലൻ ഷൂ.
ഹോസ്റ്റലിലായിരുന്നു താമസം. ശാപ്പാടൊക്കെ ഹോട്ടലുകളിൽ നിന്ന്. അന്ന് രണ്ടണ കൊടുത്താൽ ഒരു ഊണ് കിട്ടും. സംഗതി കുശാൽ - ആറു പൈസക്ക് ഒരു ഊണ്! പിന്നെ ചായയ്ക്കോ? കേവലം കാൽ രൂപ! അങ്ങനെ ജീവിതം സുന്ദരമായി കഴിഞ്ഞുവരികയായിരുന്നു.
ഒരു ദിവസം ഞാൻ ഷണ്മുഖം റോഡിലൂടെ സൈക്കിളിൽ വരികയാണ്. നല്ല സ്പീഡ്. ചെറിയ ഇറക്കം. സാമ്പിൾപ്പെട്ടി സൈക്കിളിന്റെ വിളക്കുകാലിൽ തൂക്കിയിട്ടിരിക്കുകയായിരുന്നു. ഇറക്കത്തുവച്ച് ഹാൻഡിൽ പൊട്ടി. സാമ്പിൾപ്പെട്ടി സൈക്കിളിന്റെ ചക്രത്തിൽ കുടുങ്ങി. സൈക്കിൾ മറിഞ്ഞു. ഞാനും തെറിച്ചുവീണു. എല്ലാം പെട്ടെന്ന് കഴിഞ്ഞു.
ഞാൻ കോട്ടും ഹാറ്റും ഒക്കെ ഊരി. ദേഹത്ത് നല്ല പരിക്കുണ്ട്. നടക്കാൻ തീരെ വയ്യ. എങ്ങനെയോ ഹോസ്റ്റലിൽ എത്തി. അവിടെ കിടന്നു. കൈയ്യിലുണ്ടായിരുന്ന പണം ഒരാഴ്ച കൊണ്ട് തീർന്നു. കച്ചവടം ഇല്ലല്ലോ. അതിനാൽ സ്പോർട്സ് സാമഗ്രികളുടെ സാമ്പിൾ വിറ്റു. അതും തീർന്നപ്പോൾ കുറെ ദിവസം പട്ടിണി!
കാലിലെ പരിക്കു മാറിയപ്പോൾ മെല്ലെ പുറത്തിറങ്ങി. ഒരു ജോലി വേണം. പലയിടത്തും അന്വേഷിച്ചു. ആരും ഗൗനിക്കുന്ന മട്ടില്ല. മുഖലക്ഷണം നോക്കിയായിരുന്നു ഞാൻ ജോലി ചോദിച്ചത്. മുഖം കണ്ടാൽ അറിയാം, ജോലി തരുമോ എന്ന്.
അങ്ങനെ ഒരു ദിവസം ഞാനൊരു മുഖം കണ്ടു. ഒരു ചെറിയ മുറി. അതിൽ ഒരു മനുഷ്യൻ ഒറ്റയ്ക്കിരിക്കുന്നു.
പുറത്തൊരു ബോർഡുണ്ട്: 'ജയകേസരി'
അയാള്‍ അതിന്‍റെ പത്രാധിപരാണ് : പത്മനാഭ പൈ.
ഞാൻ നേരെ അകത്തേക്ക് കയറിച്ചെന്നു.
"ഇരിക്കൂ." : അയാൾ പറഞ്ഞു.
"ഞാൻ ഇരിക്കാൻ വന്നതല്ല, ഒരു ജോലി വേണം." : ഞാൻ പറഞ്ഞു.
പൈ അതുകേട്ട് ചിരിച്ചു.
"ഞാൻ ഇതിന്‍റെ പത്രാധിപരാണ്. എഴുത്തുകാരനും പ്രൂഫ് വായനക്കാരനും വില്‍പ്പനക്കാരനും ഞാൻ തന്നെ. ഇനി വേറെ ജോലിയൊന്നുമില്ല."
എനിക്ക് അതുകേട്ടപ്പോൾ ചിരി വന്നു. പക്ഷെ അയാളുടെ മുഖലക്ഷണം! ഞാൻ വീണ്ടും നോക്കി.
"കഥയെഴുതാൻ അറിയാമോ? കഥയെഴുതിത്തന്നാൽ പൈസ തരാം." - അയാൾ പറഞ്ഞു.
ഞാൻ സമ്മതിച്ചു.
ഞാനുടനെ ഹോസ്റ്റലിലേക്ക് മടങ്ങി.
എനിക്കാണെങ്കിൽ കഥ എഴുതണമെന്ന തോന്നൽ നേരത്തെയുണ്ട്.
പക്ഷേ, എന്തിനെപ്പറ്റിയെഴുതും? എന്‍റെ മുറിയിൽനിന്ന് നോക്കിയാൽ റോഡ്. ഞാൻ റോഡിലേക്കുനോക്കി കുറേദിവസം കിടന്നതാണല്ലോ. അവിടെ ഒരു പൈപ്പുണ്ട്. പൊതുവക. അതില്‍നിന്ന് വെള്ളം പിടിക്കാന്‍ ധാരാളം പെണ്ണുങ്ങൾ തടിച്ചുകൂടാറുണ്ട്. സുന്ദരികള്‍! പക്ഷെ അവര്‍ക്കൊക്കെ കാമുകന്മാര്‍ ഹോസ്റ്റലിൽ ഉണ്ടായിരുന്നു. അവരെ മനസാ വരിച്ചവർ. എനിക്കാണെങ്കിൽ ഒന്നിനെയും കിട്ടിയില്ല!
അങ്ങനെയിരിക്കുമ്പോഴാണ് ഒരു കറുമ്പിക്കൂനി. അവളെ ആർക്കും വേണ്ട. അവൾ വെള്ളം കുടിക്കാൻ വന്നാൽ ആരും തിരിഞ്ഞുനോക്കില്ല. ഞാൻ വിചാരിച്ചു, 'അവളെ ചാമ്പ്യൻ ചെയ്താലോ?' ഞാനവളെ എടുത്തു.
അന്ന് ഇത്തരം കറുമ്പിക്കൂനികളെപ്പറ്റി ആരും കഥകൾ എഴുതിയിട്ടില്ല. രാജാക്കന്മാരെപ്പറ്റിയും രാജകുമാരികളെപ്പറ്റിയും മറ്റുമായിരുന്നു കഥകൾ. ഇത്തരം കറുമ്പിക്കൂനി. അവളെ ആർക്കുവേണം? ഇവളുടെ കഥ ആർക്കു വായിക്കണം? എങ്കിലും എഴുതി.
അവൾ വെള്ളമെടുക്കാൻ വന്നു. ഞാൻ അവളെ നോക്കി കഥയെഴുതി. അവളുടെ പേരൊന്നും എനിക്കറിയില്ല. ഞാൻ അവൾക്ക് ഒരു പേരിട്ടു - തങ്കം. എൻറെ തങ്കം!
എന്‍റെ ആദ്യത്തെ കഥ അതാണ് - എന്‍റെ തങ്കം.
ഞാൻ കഥയുമായി നേരെ ജയകേസരി പത്രാധിപരുടെ മുറിയിലെത്തി. ആ കഥ ജയകേസരിയിൽ അച്ചടിച്ചുവന്നു. ജയകേസരിയില്‍ ഞാൻ രണ്ടുമൂന്നു കഥകൾ കൂടി എഴുതി. ജയകേസരിയുടെ മുമ്പില്‍ ഒരു ചായപ്പീടിക ഉണ്ടായിരുന്നു. അവിടെ ഞാൻ പറ്റായി. അധികം നേരവും ഞാന്‍ ജയകേസരി ഓഫീസിൽ ഇരിക്കും. ചിലപ്പോൾ പ്രൂഫ് വായന. പിന്നെ സൊറ പറഞ്ഞിരിക്കും.
ഹോട്ടലിലെ പറ്റു വർദ്ധിച്ചപ്പോൾ പത്മനാഭ പൈ അറിഞ്ഞു. പൈ എനിക്ക് പതിനൊന്നണ തന്നു. ആ പതിനൊന്നണയാണ് എന്‍റെ ജീവിതത്തിൽ കഥയിൽ നിന്ന് കിട്ടുന്ന ആദ്യത്തെ പ്രതിഫലം. അതുകൊണ്ടു ഞാൻ കടംവീട്ടി. അങ്ങനെ ഞാനൊരു കഥാകൃത്തായി.
ജയകേസരിയില്‍ വന്ന കഥ പില്‍ക്കാലത്ത് പുസ്തകരൂപത്തില്‍ അച്ചടിച്ചിട്ടുണ്ട്. 1954ല്‍ വിശപ്പ് എന്ന കഥാസമാഹാരം മംഗളോദയം ഇറക്കിയപ്പോൾ 'എന്‍റെ തങ്കം' കൂടി ഞാൻ അതിൽ ഉൾപ്പെടുത്തി. പുസ്തകത്തിൽ ചേർത്തപ്പോൾ തങ്കം എന്നു മാത്രമാക്കി. 'എന്‍റെ തങ്കം' എഴുതിയത് ഏത് വർഷമാണെന്ന് കൃത്യമായി ഓർക്കുന്നില്ല. ആ കഥ എനിക്കൊരു അത്ഭുതം തന്നെയാണ്. പത്രാധിപര്‍ പറഞ്ഞിട്ട് എഴുതിയ കഥ. അത്തരമൊന്നാണ് വിശപ്പിന്‍റെ വിളി.
സാധാരണ ഞാൻ എഴുതുമ്പോൾ കഥ ക്ലീനായി മനസ്സിൽ വന്നുചേരാറുണ്ട്. എന്നാൽ 'എന്‍റെ തങ്കം' എഴുതുമ്പോൾ സത്യത്തിൽ അങ്ങനെയൊരു അനുഭവം ഇല്ലായിരുന്നു. മഴവില്ലൊളിയാൽ പൊന്നുടുപ്പിട്ട വസന്തപ്രഭാതമായിട്ടാണ് ആ കറുമ്പിക്കൂനി എന്‍റെ മുമ്പിൽ വെള്ളം പിടിക്കാൻ വന്നത്!
അവള്‍ ഇപ്പോഴും എന്‍റെ മനസ്സിലുണ്ട്. അവളുടെ നിറം തനിക്കറുപ്പാണ്. കറുപ്പല്ലാത്ത ഭാഗം എന്നുപറയാവുന്നത് കണ്ണിന്‍റെ വെള്ള മാത്രമേയുള്ളു. പല്ലും നഖവും പോലും കറുത്തതുതന്നെ. തങ്കം ചിരിക്കുമ്പോൾ അവളുടെ മുഖത്തിനുചുറ്റും ഒരു പ്രകാശം. പക്ഷെ അത് അന്ധകാരത്തിന്‍റെ മൂടുപടമിട്ടതാണ്. കറുത്തചിമ്മിനിയിൽനിന്ന് പരക്കുന്ന വെളിച്ചത്തിന്‍റെ ഒരു കാളിമ...
DC ബുക്ക്സ് പുറത്തിറക്കിയ 'ബഷീറിന്‍റെ സമ്പൂര്‍ണ്ണകൃതികള്‍'-ല്‍ നിന്നുമെടുത്താണ് ഇത് ഇവിടെ ചേര്‍ത്തിരിക്കുന്നത്. ജീവിതം ഒരനുഗ്രഹം എന്ന കൃതിയുടെ ഭാഗമായുള്ള ഈ ലേഖനം 1991ലാണ് എഴുതപ്പെട്ടിട്ടുള്ളത്. 1937ലാണ് എന്‍റെ തങ്കം ജയകേസരിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.
പ്രശാന്തഭാവത്തിൽ ഒരു നിദ്രയിലെന്നവണ്ണം തന്‍റെ ഉജ്ജ്വലനേത്രങ്ങൾ മിക്കവാറും അടഞ്ഞ്, കൈകൾ നെഞ്ചിൽ പിണച്ചുവച്ച് നേരെ നിവർന്ന് അദ്ദേഹം കിടന്നു. പേശീദാര്‍ഡ്യം (Rigormortis) മുഖഭാവം വലിച്ചുമുറുക്കുന്ന തരത്തിൽ ആയി കാണപ്പെട്ടില്ല. നിറവ്യത്യാസമൊന്നും മുഖത്തും മറ്റിടങ്ങളിലും ഉണ്ടായിരുന്നില്ല. (ഹൃദയാഘാതം മൂലം നടക്കുന്ന സാധാരണ മരണങ്ങളില്‍ മിക്കവാറും കണ്ണുകൾ കലങ്ങി, മുഖം കുറച്ചു വിങ്ങിയും നീലിച്ചും, മൂക്കിലൂടെ ചോരയെടുത്തും മറ്റുമാണ് കാണപ്പെടുക. ശ്വാസതടസ്സം ഉണ്ടായതിന്‍റെ അടയാളങ്ങളാണ് ഇവ). തിങ്ങിനിറഞ്ഞ മുടിയും താടിയുമൊക്കെ അലങ്കോലപ്പെടാതെയും ശുഭ്രവസ്ത്രങ്ങൾ ഉടയാതെയും ദ്രവങ്ങൾ വീണ് മലിനപ്പെടാതെയും പത്മരാജൻ പോസ്റ്റ്മോർട്ടം ടേബിളിൽ കിടന്നു. കുളിമുറി വിട്ടിറങ്ങിയപ്പോഴെന്നവണ്ണം ത്വക്ക്, കൈകാലുകൾ ഇവ പുതുമയോടെ കാണപ്പെട്ടു. വലതു കൈയും കൈവിരലുകളും ഞാൻ പ്രത്യേകം നോക്കി നിന്നു. സർഗ്ഗപ്രതിഭ തന്നിലൊതുങ്ങിപ്പോവാതെ അനുവാചകരിലെത്തിക്കാൻ അദ്ദേഹത്തെ തുണച്ച വിരലുകളാണ്. ചിന്തകൾക്കൊത്ത് എന്നും ചലിച്ച ആ വിരലുകൾ അദ്ദേഹത്തിന്‍റെ ചേതന പറന്നുപോയതുമാത്രം അറിഞ്ഞില്ല എന്നുതോന്നി. ഉറങ്ങാൻ കിടന്നപ്പോഴുള്ളതുപോലെതന്നെ ഇടത് കൈമുട്ടിനുള്ളിൽ നെഞ്ചോട് ചേർന്നിരുന്നു അവ.
അദ്ദേഹത്തിന്‍റെ സഹോദരൻ എറണാകുളത്തെ ഡോ. പത്മജനെ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ ചികിത്സയ്ക്കായി കണ്ടിരുന്നു. കണങ്കാൽവരെ മുടിയുള്ള ഭാര്യ ഡോ. ജയകുമാരിയെയും കർട്ടന് പിറകില്‍ കണ്ട ഓർമ്മയുണ്ട്. ഡോ. പത്മജനും ഹൃദയസംബന്ധിയായി അകാലത്തിൽ മരണമടഞ്ഞതായി കേട്ടു. പത്മരാജന്‍ തന്‍റെ മരണത്തിന് ഏതാനും നാൾ മുമ്പ് കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ ദർശനം നടത്തിയതായും പറഞ്ഞുകേട്ടു. ഒരുപക്ഷെ, തന്‍റെ സർഗ്ഗചേതന തിരികെ നൽകാനാവാം.
പുറത്ത് ഇടനാഴിയിൽ ഭിത്തിചാരി കണ്ണീരടക്കാനാവാതെ നിതീഷ് നിൽപുണ്ടായിരുന്നു. നടൻ സോമൻ കലങ്ങിയ കണ്ണുകളുമായി പുറത്തുവന്ന് എന്നെ നോക്കി. എന്നിട്ട് ചോദിച്ചു: "ഡോക്ടർക്കും എന്നെപ്പോലെ തന്നെ, അല്ലേ? ഈ കാഴ്ച കാണാൻ പറ്റുന്നില്ല അല്ലേ?". അതേയെന്ന് ഞാന്‍ തലയിളക്കി. അതങ്ങനെയാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നേർപരിശോധന (Intimate Examination) പൊതുവേ ഡോക്ടർമാർ നടത്താറില്ല. നിഷ്പക്ഷ നിരീക്ഷണം നടത്താനാവില്ല എന്നതുകൊണ്ടുതന്നെ. കൂടെ നിൽക്കുകയോ റിപ്പോർട്ടുകൾ വായിക്കുകയോ ചെയ്യാറില്ല. തൊഴിൽപരമായ ഒരു നൈതികതയുടെ ഭാഗമാണ് അത്. പക്ഷേ, പത്മരാജൻ എനിക്ക് ആരായിരുന്നു?
(പ്രശസ്തഫോറന്‍സിക് വിദഗ്ദ്ധയായ ഡോ.ഷേര്‍ളി വാസു എഴുതി, DC ബുക്സ് പുറത്തിറക്കിയ 'പോസ്റ്റ്മോര്‍ട്ടം ടേബിള്‍' എന്ന കൃതിയില്‍ നിന്നുമെടുത്താണ് ബാന്‍ഗന്‍ഗട്ട് എന്ന ഈയൊരു ഭാഗം ഇവിടെ ചേര്‍ത്തിരിക്കുന്നത്.)
(കൊല്ലവര്‍ഷം 1905 വൃശ്ചികമാസക്കാലത്ത് ഒരു സംഘത്തിനുവേണ്ടി എഴുതി പ്രതിഭ മാസികയില്‍ പ്രസിദ്ധീകരിച്ച ഈ കവിത ഒരുപാട് വിദ്യാലയങ്ങളില്‍ പ്രാര്‍ത്ഥനാഗാനമായിചൊല്ലിയിരുന്നു. ആശാന്‍റെ, ബാലസാഹിത്യകൃതിയായ പുഷ്പവാടിയില്‍ നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്.)
കേള്‍ക്കാം, ആകാശവാണിയ്ക്ക് വേണ്ടി എം ജി രാധാകൃഷ്ണന്‍ ഈണമിട്ട് ജി വേണുഗോപാലും സംഘവും ചൊല്ലിയത്.
കേള്‍ക്കാം, ഈ കവിതയുടെ തുടക്കഭാഗം, 1984ല്‍ പുറത്തിറങ്ങിയ സന്ധ്യക്കെന്തിന് സിന്ദൂരം എന്ന ചിത്രത്തിലെ, ശ്യാം സംഗീതം നിര്‍വഹിച്ച് എസ് ജാനകി പാടിയത്. ഇതിന്‍റെ തുടക്കത്തില്‍ 'ചന്തമേറിന' എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.
ചുറ്റുമിഗൃഹത്തിന്നു കൂറ്റന്‍ കന്മതില്‍ കെട്ടി-
ചെറ്റുമന്യരുമായിട്ടിടപാടില്ലാതാക്കാന്‍
ഒട്ടുമേ വെളിച്ചവും കാറ്റുമേല്‍ക്കാതേ തഴു-
തിട്ടു ജാലകങ്ങളും വാതിലും ബന്ധിപ്പിക്കുവാന്‍
അത്രമേലവദ്യമോ ബാഹ്യമാനവലോകം
മിത്ര ബാന്ധവഭാവത്തിന്നതെന്തനര്‍ഹമോ?
വീശട്ടെ ചതുരന്തമാരുതനെന്‍ തോട്ടത്തില്‍
വൈശദ്യമെന്‍ മുറ്റത്തിനേകട്ടെ ദിവാകരന്‍
ദീപ്തമാകട്ടെ താരാപഥത്തില്‍ നിന്നെമ്പാടും
വ്യാപ്തമാം പ്രകാശത്താലെന്‍റെ വീടെല്ലാടവും.
കൈവിളക്കിലെച്ചെറു നാളത്തിനെളുതല്ല
ജീവിതസന്ധാരണോചിതമാമൊളി തൂകാന്‍.
പനിനീര്‍പ്പൂവിന്മണമേറ്റുകൊണ്ടയല്‍ വീട്ടിന്‍
വനിയ്ക്കകം പെരുമാറിടും ചെറുതെന്നല്‍
അനിയന്ത്രിതമിങ്ങും വന്നു മാലതീപ്രതാ-
നിനിയെപ്പുണരട്ടെ സമഭാവനയോടെ.
നിതരാം നിര്‍ല്ലേപനാമജഗല്‍പ്പ്രാണന്‍ തൊട്ടാല്‍
ക്ഷതമേല്‍ക്കുകയില്ല സൗമനസ്യത്തിന്നൊട്ടും.
നൈമിശാരണ്യത്തിലെപ്പൂര്‍വ്വ താപസര്‍ കണ്ട
ഭൂമിയിലല്ലല്ലോ നാം നാള്‍ കഴിക്കുവതിപ്പോള്‍.
അന്നത്തെ ലോകം ജംബുദ്വീപ ഭാരതവര്‍ഷം
ഇന്നതിന്‍ പരിധി സപ്താര്‍ണ്ണവ തീരത്തോളം.
ഭൂവലയത്തിന്‍ വ്യാസമത്രമേല്‍ വര്‍ദ്ധിക്കിലും
കേവലമയല്‍വക്കക്കാര്‍ നമുക്കെല്ലാവരും.
ചിത്രം:
"മുഖമെവിടെ?"- ഞാന്‍ പകച്ചു ചോദിപ്പൂ:
മുനി പോല്‍ മൂകനായിരിപ്പൂ ചങ്ങാതി.
പനയന്നാര്‍ കാവിലെഴുന്നള്ളത്തിന്‍റെ
പടമെന്നോര്‍ത്തീയാള്‍ വരച്ച ചിത്രത്തില്‍
കൊടിയു,ണ്ടാനകള്‍, കുടതഴകളും,
കടുനിറം ചുറ്റിപ്പുരുഷാരങ്ങളും,
ഒരുത്തനുമെന്നാല്‍ മുഖമില്ലീ, വിദ്വാന്‍
മുഴുപ്പിരിയനോ, മഹാവേദാന്തിയോ?
ജാഥ:
ഇതെന്തതിശയം! പകലറുതിയില്‍
ഇളവേറ്റു പടിപ്പുരയില്‍ ഞാന്‍ നില്‍ക്കെ
ഒരു മഹാജാഥ കടന്നുപോയെന്നെ:
ശരായിയും കളസവുമണിഞ്ഞവര്‍
കമനീയമായ തലപ്പാവുള്ളവര്‍,
കഴല്‍വെയ്പില്‍ക്കടുക്കണിശമുള്ളവര്‍,
അവര്‍ നേതാക്കന്മാര്‍ നിമന്ത്രിപ്പൂ തമ്മില്‍-
""എവിടെ നിന്മുഖം?", "എവിടെ നിന്‍മുഖം?"
ഛായ:
ഉരുകുമെണ്ണയില്‍പ്പിടയും പാറ്റ പോല്‍
ഉഴലുമിപ്പാവം മഹാജനത്തോടു-
സഹതാപത്തിന്‍റെയുറവു വിങ്ങുമെ-
ന്നുയിരിന്നാഴത്തിലുരുളു പൊട്ടവേ,
മിഴിനീരൊപ്പാന്‍ ഞാനുയര്‍ത്ത കൈലേസ്സില്‍
തടയുന്നീലൊന്നും: ഇതെന്തു ശൂന്യത!
പിടഞ്ഞന്ധാളിച്ചു, വിറച്ച ഞാന്‍ മണി-
യറയില്‍പ്പാഞ്ഞെത്തിച്ചുമര്‍ക്കണ്ണാടിയില്‍
ഒരു നോക്കേ നോക്കീ;- എനിക്കും കോളറിന്‍
മുകളിലെന്തയ്യോ! മുഖമൊന്നില്ലെന്നോ?