Monday, January 3, 2022

എങ്ങനെ ഞാന്‍ അറിയിക്കും!



 




- അനില്‍ പനച്ചൂരാന്‍



എങ്ങനെ ഞാന്‍ അറിയിക്കും - എന്‍ മനസ്സിനെ -

എങ്ങനെ ഞാന്‍ വെളിവാക്കും!

വാക്കുകള്‍ക്കുള്ളിലൊതുക്കുവാനാവില്ല

വിങ്ങുന്ന ഹൃത്തിന്‍ വികാരം - ഇതിനപ്പുറം -

എങ്ങനെ ഞാന്‍ അറിയിക്കും!


ഇഷ്ടം പറഞ്ഞറിയിക്കാന്‍

എന്‍ നാവിനിന്നെത്രയോ കഷ്ടം!

ആകാശത്തോളമല്ലതിനപ്പുറം

ആരോമലേ നിന്നോടിഷ്ടം - ഇതിനപ്പുറം -

എങ്ങനെ ഞാന്‍ അറിയിക്കും!


ഏറെ നാള്‍ കാണാതിരുന്നിട്ടും

ഏറിയെന്നുള്ളിലെ മൂകാനുരാഗം.

കാണി നേരം നിന്നെ കാണാതിരുന്നാ-

ലിന്നെന്തിനോ ഹൃത്തടം നീറും - ഇതിനപ്പുറം -

എങ്ങനെ ഞാന്‍ അറിയിക്കും!


(DC Booksന്‍റെ യൂട്യൂബ് ചാനലില്‍ കൊടുത്തിട്ടുള്ള ഒരു വീഡിയോയില്‍ നിന്നാണ് ഈ കവിത ലഭിച്ചത്. കവി തന്നെ ഈ കവിത ചൊല്ലുന്ന ഒരു വീഡിയോ ആണ്.

അതില്‍ കവി ഈ കവിതയുടെ ഉദ്ഭവത്തെപ്പറ്റി പറയുന്നുണ്ട്. 'ഒരു കവിത എഴുതിത്തരുമോ?' എന്ന് തങ്ങളുടെ പ്രണയത്തിന്‍റെ ആദ്യകാലത്ത് അദ്ദേഹത്തിന്‍റെ ഭാര്യ ചോദിച്ചതിനെത്തുടര്‍ന്ന് എഴുതിയതാണ് ഇത്. കവിതയെന്ന്‍ പറയാന്‍ പറ്റുമോ അതോ പാട്ടെന്നാണോ പറയാന്‍ പറ്റുക എന്നൊരു ചിന്തയും ആ വരികളും അദ്ദേഹം ഈ വീഡിയോയില്‍ പങ്കിടുന്നു.)

Ⓒ DCBooks

Sunday, January 2, 2022

പൂക്കളെപ്പറ്റി ഒരു ക്ഷണിക കവിത





- ഗീതാ ഹിരണ്യന്‍


ഓര്‍മ്മയാണ്

     ഉണ്ണി ഒരിക്കല്‍ ചോദിച്ചിരുന്നു.

     എന്‍റെ കൂട്ടുകാരന്‍ - ഉണ്ണി.

     കൈതപ്പൂ കിട്ടീട്ടുണ്ട്, വേണോ?

     മരപ്പെട്ടിയിലിട്ടോളൂ

     ഉടയാടകള്‍ക്കു മണം കൊള്ളാന്‍.

ഓര്‍മ്മയില്‍ മാത്രമേ

     എനിക്കിന്നു കൈത പൂക്കുന്നുള്ളു.

     കാല്‍പ്പെട്ടിയിലെ കൈതപ്പൂ

     മണം കൊള്ളുന്ന ഉടയാടകളും

     പൂക്കളും കാലവും ഗ്രാമവും

     എത്ര ദൂരെ ഇന്ന്.


പൂക്കളെപ്പറ്റി പറയൂ, നീ ആവശ്യപ്പെടുന്നു.

     പൂക്കളെപ്പറ്റിയോ,

     എന്താണതിലിത്ര പറയാന്‍!

     പൂക്കളില്ലാതെയായിട്ടില്ലല്ലോ

     ഇന്നും ഉദ്യാനങ്ങളില്‍?

     (മരിച്ചവരെപ്പറ്റി,

     പൊയ്പ്പോയതേപ്പറ്റി,

     മാത്രം നമുക്കുള്ളു സ്തുതികള്‍)


മുകള്‍നില തുറസ്സിലെ മണ്‍ചട്ടികളിലെ

     പൂക്കള്‍ക്കു നിറവും ഇല്ലാതെയായില്ല.

     മഞ്ഞ,

     ഊത,

     ചുവപ്പ്,

     കുങ്കുമം.

പക്ഷേ,

     എന്‍റെ പൂക്കളില്ലാതെയായി

     ദൂരെ കാട്ടില്‍

     വയല്‍വരമ്പില്‍

     കുളങ്ങരകളില്‍

     - ഹാ! എന്‍റെ പൂക്കള്‍.

നീ പറയുന്നു-

     പൂക്കളെപ്പറ്റി എഴുതൂ.

     ഏതു പൂവ് കുട്ടി?

     എന്‍റെ പൂവ് പണ്ടേ പൊയ്പ്പോയില്ലേ?

ഞാന്‍,

     പൂക്കളില്ലാത്ത

     ഉദ്യാനമാകുന്നു.


(2002 ഏപ്രില്‍ മാസത്തിലെ പച്ചക്കുതിരയില്‍ നിന്നും എടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്.

ഇതിനോടു ചേര്‍ത്ത് കൊടുത്തിട്ടുള്ള കുറിപ്പില്‍ ഇങ്ങനെ പറയുന്നു :

ഈ കവിത ഗീതാ ഹിരണ്യന്‍, 1998 ഒക്ടോബര്‍ 16ന് എസ്.ഉഷയ്ക്കയച്ച ഒരു കത്താണ്. ഈ വരികളെത്തുടര്‍ന്ന് ഗീത എഴുതി -

"പൂവിനെപ്പറ്റി ഇതാ ഒരു ക്ഷണരചന. പക്ഷെ, ഞാനിത് മിനുക്കിയെടുക്കുന്നുണ്ട്. പിന്നെ..."

പിന്നീടത് മിനുക്കിയെടുത്തതായി കാണുന്നില്ല. വിലാസം തെറ്റി, തിരിച്ചുവന്ന ഈ കത്ത് ഹിരണ്യനാണ് പച്ചക്കുതിരയ്ക്ക് അയച്ചു തന്നത്.)

IMAGEⒸ

Friday, December 31, 2021

ഇത് നീണ്ടയാത്ര


 





- ഓ എന്‍ വി കുറുപ്പ്



ഒരു സഹസ്രാബ്ദമീ നൂറ്റാണ്ടിന്‍ ചുമല്‍പിടി-

ച്ചൊടുവിലെപ്പടിയില്‍ വന്നിടറി നില്‍ക്കേ,

ഹൃദയഭാരത്തോടെ സാക്ഷികളായി നാം

വിട നല്‍കി നിശബ്ദം നിന്നിടുമ്പോള്‍,

പിറകില്‍ വിദൂരത്തിലെങ്ങുനിന്നോ നൂറു-

സ്വരകലാപങ്ങളിരമ്പിടുന്നൂ,

വിതയേറ്റി വിള കാത്തു കതിര്‍കൊയ്തു പാടുന്ന

തലമുറകള്‍ തന്നാത്മ ഹര്‍ഷനാദം.

അറിയപ്പെടാത്തോരപാരതയോടതിന്‍

പൊരുള്‍ തേടുമാത്മാവിന്‍ ധ്യാനമന്ത്രം,

അധികാരമത്തര്‍തന്‍ പടകേളി; മുറിവേറ്റൊ-

രടിമകള്‍ തന്‍ ദീനരോദനങ്ങള്‍.

അവര്‍ തച്ചുടയ്ക്കും വിലങ്ങുകള്‍ തന്‍ ചെത്തം;

അവശര്‍ തന്നധികാരക്കൊയ്ത്തിന്‍ മേളം;

ഉയരും വെണ്‍പ്രാവിനായൊളിയമ്പു കൂര്‍പ്പിക്കും

പുതുനിഷാദര്‍തന്‍ കൊലച്ചിരികള്‍;

മധുരമാം രാംധുന്‍, വെടിയൊച്ച; താതന്‍റെ

മരണമൊഴി: "ഹേ റാം!" ദിശകള്‍ ഭേദി-

ച്ചുയരും വിലാപങ്ങള്‍; നൂറു കലാപങ്ങള്‍;

ഉയിരറ്റുവീഴ്വോര്‍ തന്നാര്‍ത്തനാദം.

അവനിഗര്‍ഭത്തിലണുസ്ഫോടനം; ബോധി-

തരുവിലെപ്പക്ഷി തന്നാക്രന്ദനം;

- പിറകില്‍ നിന്നെത്തുമീയാരവാരങ്ങള്‍ ത-

ന്നിടയിലും മര്‍ത്ത്യത കാത്തുനില്‍ക്കേ,

തുടുവെളിച്ചത്തിന്‍റെ ചൂട്ടും തെളിച്ചതാ

പുതുസഹസ്രാബ്ദം പടിക്കലെത്തി-


ഇതു നീണ്ടയാത്ര, നിരന്തരയാത്ര, ഒ-

ന്നിളവേല്‍ക്കുവാന്‍ നമുക്കെങ്ങുനേരം?


(1999 ജൂണ്‍ ലക്കം ഗ്രന്ഥാലോകത്തില്‍ പ്രസിദ്ധീകരിച്ച ഈ കവിത, 2018 ഡിസംബറിലെ ഗ്രന്ഥാലോകത്തില്‍ നിന്നുമെടുത്താണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

IMAGE Ⓒ

Thursday, December 30, 2021

കുഞ്ഞിമോന്‍







- കുഞ്ഞുണ്ണി


ഒരു നാട്ടിലൊരു വീട്ടി-

ലൊരു കുട്ടി പിറന്നു


ആ കുട്ടിയൊരു നല്ല

കുട്ടിയായിരുന്നു


ആ നല്ല കുട്ടിക്കൊരു

നല്ല പേരു വേണം


ഒരു നല്ല പേരിനമ്മ

വീട്ടിലൊക്കെത്തപ്പി


ഒരു നല്ല പേരിനച്ഛന്‍

നാട്ടിലൊക്കെത്തെണ്ടി


പേരു തെണ്ടീട്ടച്ഛനുടെ

കാലൊക്കെയും തേഞ്ഞു


പേരു തപ്പീട്ടമ്മയുടെ

കൈയൊക്കെയും തേഞ്ഞു


കുഞ്ഞേയെന്നു വിളിച്ചുകൊ-

ണ്ടച്ഛനടുത്തെത്തി


മോനേയെന്നു വിളിച്ചുകൊ-

ണ്ടമ്മയടുത്തെത്തി


കുഞ്ഞിമോനെന്നൊരു നല്ല

പേരവനു കിട്ടി


(1979 നവംബര്‍-ഡിസംബര്‍ ലക്കം ഗ്രന്ഥാലോകം മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്ന ഈ കൊച്ചുകവിത, 2018ലെ ഡിസംബര്‍ ലക്കം ഗ്രന്ഥാലോകത്തില്‍ നിന്നുമെടുത്താണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

IMAGE Ⓒ

Tuesday, November 30, 2021

മൂന്നു കവിതകള്‍





- കെ അയ്യപ്പപ്പണിക്കര്‍



* കരച്ചില്‍ *

അവന്‍ മരിച്ചു, അവള്‍ കരഞ്ഞില്ല.

അവന്‍ മരിച്ചു, എങ്കിലും അവള്‍ കരഞ്ഞില്ല.

അവന്‍ മരിച്ചു, പക്ഷെ അവള്‍ കരഞ്ഞില്ല.

അവള്‍ എന്തിനു കരയണം?


* കാര്‍ *

ഇതാണെന്‍റെ കാര്‍.

മുന്‍സീറ്റിലാണ് ഞാന്‍ എപ്പോഴും.

ഞാന്‍ തന്നെ ഇതോടിക്കുന്നു.

പിറകില്‍ ഒരാള്‍ ഇരിക്കുന്നുണ്ട്,

എന്‍റെ ഒപ്പം അയാള്‍ ഇരിക്കുകയില്ല.

അയാള്‍ കാറിന്‍റെ വെറും ഓണര്‍ മാത്രം.


* അങ്കലാപ്പ് *

അങ്കലാപ്പിന്‍റെ അപ്പന്‍

ഇന്നലെ ആപ്പീസില്‍ വന്നിരുന്നു.

അയാളെ കണ്ട് എല്ലാരും എഴുന്നേറ്റപ്പോള്‍

അയാള്‍ അങ്കലാപ്പിലായി.

ജീവനക്കാര്‍ സമരത്തിലായിരുന്നതുകൊണ്ട്

സൌമ്യമായിത്തന്നെ സംസാരിച്ചുനോക്കി.

അയാള്‍ വീണ്ടും അങ്കലാപ്പിലായി.

"എന്‍റെ മകനെ അന്വേഷിച്ചാണ്

ഞാന്‍ വന്നത്" - എന്നയാള്‍  പറഞ്ഞു.

"ആരാണ് മകന്‍?" എന്ന്

ആരോ ചോദിച്ചപ്പോള്‍

അയാള്‍ വീണ്ടും അങ്കലാപ്പിലായി.

ഒടുവില്‍ മകന്‍ വന്ന്

"അപ്പാ" എന്നു വിളിച്ചപ്പോള്‍

അപ്പോഴും അയാള്‍ അങ്കലാപ്പിലായി.


(2002 ഏപ്രില്‍ മാസത്തില്‍ ഇറങ്ങിയ, DC ബുക്ക്സിന്‍റെ പച്ചക്കുതിര എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒന്നാണ് ഇത്.)

Sunday, November 28, 2021

ഓമനത്തിങ്കള്‍ക്കിടാവോ






- ഇരയിമ്മന്‍ തമ്പി



ഓമനത്തിങ്കള്‍ക്കിടാവോ - നല്ല -

കോമളത്താമരപ്പൂവോ?


പൂവില്‍ നിറഞ്ഞ മധുവോ - പരി -

പൂര്‍ണേന്ദു തന്‍റെ നിലാവോ?


പുത്തന്‍ പവിഴക്കൊടിയോ - ചെറു -

തത്തകള്‍ കൊഞ്ചും മൊഴിയോ?


ചാഞ്ചാടിയാടും മയിലോ - മൃദു -

പഞ്ചമം പാടും കുയിലോ?


തുള്ളുമിളമാന്‍ കിടാവോ - ശോഭ -

കൊള്ളുന്നൊരോമല്‍ക്കൊടിയോ?


ഈശ്വരന്‍ തന്ന നിധിയോ - പര -

മേശ്വരിയേന്തും കിളിയോ?


പാരിജാതത്തിന്‍ തളിരോ - എന്‍റെ -

ഭാഗ്യദ്രുമത്തിന്‍ ഫലമോ?


വാത്സല്യരത്നത്തെ വയ്പ്പാന്‍ - മമ -

വാച്ചൊരു കാഞ്ചനച്ചെപ്പോ?


ദൃഷ്ടിക്കു വച്ചൊരമൃതോ - കൂരി -

രുട്ടത്തു വച്ച വിളക്കോ?


കീര്‍ത്തിലതയ്ക്കുള്ള വിത്തോ - എന്നും -

കേടുവരാതുള്ള മുത്തോ?


ആര്‍ത്തിതിമിരം കളവാന്‍ - ഉള്ള

മാര്‍ത്താണ്ഡദേവ പ്രഭയോ?


സൂക്തിയില്‍ കണ്ട പൊരുളോ - അതി -

സൂക്ഷ്മമാം വീണാരവമോ?


വമ്പിച്ച സന്തോഷവല്ലീ - തന്‍റെ -

കൊമ്പതില്‍ പൂത്ത പൂവല്ലീ?


പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ - നാവി -

നിച്ഛ നല്‍കുന്ന കല്‍ക്കണ്ടോ?


കസ്തൂരി തന്‍റെ മണമോ - നല്ല -

സത്തുക്കള്‍ക്കുള്ള ഗുണമോ?


പൂമണമേറ്റൊരു കാറ്റോ - ഏറ്റം -

പൊന്നില്‍ക്കലര്‍ന്നൊരു മാറ്റോ?


കാച്ചിക്കുറുക്കിയ പാലോ - നല്ല -

ഗന്ധമെഴും പനിനീരോ?


നന്മ വിളയും നിലമോ - ബഹു -

ധര്‍മ്മങ്ങള്‍ വാഴും ഗൃഹമോ?


ദാഹം കളയും ജലമോ - മാര്‍ഗ്ഗ -

ഖേദം കളയും തണലോ?


വാടാത്ത മല്ലികപ്പൂവോ - ഞാനും -

തേടിവച്ചുള്ള ധനമോ?


കണ്ണിന്നു നല്ല കണിയോ - മമ -

കൈവന്ന ചിന്താമണിയോ?


ലാവണ്യ പുണ്യനദിയോ - ഉണ്ണി -

ക്കാര്‍വര്‍ണന്‍ തന്‍റെ കണിയോ?


ലക്ഷ്മീ ഭഗവതി തന്‍റെ - തിരു -

നെറ്റിമേലിട്ട കുറിയോ?


എന്നുണ്ണിക്കൃഷ്ണന്‍ ജനിച്ചോ - പാരി -

ലിങ്ങനെ വേഷം ധരിച്ചോ?


പത്മനാഭന്‍ തന്‍ കൃപയോ - ഇനി -

ഭാഗ്യം വരുന്ന വഴിയോ?


IMAGE Ⓒ ANNA ROSE BAIN

Sunday, October 31, 2021

ഒരു തൈ നടുമ്പോള്‍


  




- ഓ എന്‍ വി കുറുപ്പ്


ഒരു തൈ നടുമ്പോള്‍

ഒരു തണല്‍ നടുന്നൂ!


നടു നിവര്‍ക്കാനൊരു

കുളുര്‍നിഴല്‍ നടുന്നൂ.


പകലുറക്കത്തിനൊരു

മലര്‍വിരി നടുന്നൂ.


മണ്ണിലും വിണ്ണിന്‍റെ

മാറിലെച്ചാന്തുതൊ-

ട്ടഞ്ജനമിടുന്നൂ.


ഒരു വസന്തത്തിന്നു

വളര്‍പന്തല്‍ കെട്ടുവാന്‍

ഒരു കാല്‍ നടുന്നൂ.


ആയിരം പാത്രത്തി-

ലാത്മഗന്ധം പകര്‍-

ന്നാടുമൃതുകന്യയുടെ-

യാര്‍ദ്രത നടുന്നൂ.


തളിരായുമിലയായു-

മിതള്‍ വിരിയുമഴകായു-

മിവിടെ നിറമേളകള്‍

മിഴികളില്‍  നടുന്നൂ.


ശാരികപ്പെണ്ണിന്നു

താണിരുന്നാടാനൊ-

രൂഞ്ഞാല്‍ നടുന്നൂ.

കിളിമകള്‍പ്പെണ്ണിന്‍റെ

തേന്‍കുടം വയ്ക്കാനൊ-

രുറിയും നടുന്നൂ.

അണ്ണാറക്കണ്ണനും

പൊന്നോണമുണ്ണുന്ന

പുകിലുകള്‍ നടുന്നൂ.


കൊതിയൂറി നില്‍ക്കുന്ന

കുസൃതിക്കുരുന്നിന്‍റെ

കൈ നിറയെ മടി നിറയെ

മധുരം നടുന്നൂ.


ഒരു കുടം നീരുമായ്

ഓടുന്ന മുകിലിനും

ഒളിച്ചുപോം കാറ്റിനും

ഒന്നിച്ചിറങ്ങാന്‍

ഒതുക്കുകള്‍ നടുന്നൂ!


കട്ടുമതിയാവാത്ത

കാട്ടിലെക്കള്ളനും

നാട്ടിലെക്കള്ളനും

നടുവഴിയിലെത്തവേ

വാനോളമുയരത്തില്‍

വാവല്‍ക്കരിങ്കൊടികള്‍

കാട്ടുവാന്‍ വീറെഴും 

കൈയുകള്‍ നടുന്നൂ.


ഒരു തൈ നടുമ്പോള്‍

പല തൈ നടുന്നൂ!

പല തൈ നടുന്നൂ,

പല തണല്‍ നടുന്നൂ!


(DC ബുക്ക്സ് പ്രസിദ്ധീകരിച്ച ഭൂമിക്ക് ഒരു ചരമഗീതം എന്ന സമാഹാരത്തില്‍ നിന്നാണ് ഈ കവിത എടുത്തിരിക്കുന്നത്.)