Saturday, January 19, 2019

ആ വിളി

                         - കൃഷ്ണന്‍ പറപ്പിള്ളി

പടിയ്ക്കല്‍ പാടം നോക്കി
          നില്‍ക്കയായിരുന്നു ഞാന്‍
പഠിയ്ക്കും കാലത്തോമല്‍
          പ്രകൃതി വിളിയ്ക്കവേ.

വിളികേട്ടെന്നാകിലു-
          മന്നൊന്നുമിന്നേപ്പോലെ
വിളി തന്‍ പൊരുളറി-
          ഞ്ഞീല ഞാന്‍ വേണ്ടും മട്ടില്‍.

നെല്‍ക്കതിരോരോന്നുമ-
          ന്നെന്നോടായെന്തോ ചൊല്ലി
നില്‍പ്പതായ് തോന്നീ, ശീലും-
          ശൈലിയുമറിഞ്ഞീല.

ഇന്നു ഞാന്‍ വിദ്യാലയം
          വെടിഞ്ഞെന്‍ വീട്ടില്‍നിന്നു-
മിങ്ങതി ദൂരത്തെത്തി;
          ഇന്നുമാ വിളി കേള്‍പ്പൂ.

എന്‍ കര്‍മ്മരംഗം മാറീ; 
          കാഴ്ചകള്‍ മാറീ ചുറ്റും 
എങ്കിലും കരളുമായ്‌ 
          പൊല്‍ക്കതിരുരുമ്മുന്നു.

കതിരിന്നുരുമ്മലില്‍
          നിന്നുദിച്ചീടുന്നൊരു
കനകദ്യുതിയിലാ-
          പ്പൊരുളും തെളിയുന്നു. -

'നിത്യത നില്‍പൂ ചാരെ-
          ജ്ജീവിത കേദാരത്തില്‍
വിത്തിടാന്‍, വിളനില-
          മൊരുക്കൂ കളപോക്കി'.

(നാഷണല്‍ ബുക്ക് ട്രസ്റ്റ്, ഇന്ത്യ പ്രസിദ്ധീകരിച്ച 'മലയാള കാവ്യസംഗ്രഹം' എന്ന പുസ്തകത്തിലാണ് ഞാനീ കവിത കണ്ടത്. ശ്രീ. ജി. ശങ്കരക്കുറുപ്പ് ആണ് ഈ സംഗ്രഹത്തിന്‍റെ സമ്പാദകന്‍.)

Tuesday, June 26, 2018

പുലര്‍കാലം










- കാവാലം നാരായണപ്പണിക്കര്‍

ആരമ്പത്തീരമ്പത്തൂരമ്പത്തെരമ്പം
ആലോലുല ചേലുല പാലുല
കെഴക്കു നെരെ
മലയ്ക്കു മേലേ
പഴുക്കാപ്പാക്കിന്‍റെ പഴുപ്പും, മുഴപ്പും, കൊഴുപ്പും
തട്ടിയൊടഞ്ഞ വെടലത്തേങ്ങാ-
ച്ചിരിപ്പും, തരിപ്പും, തെറിപ്പും

പൂവന്‍കോഴീടെ, താമരക്കോഴീടെ ചാറ്റും
തൊറതൊറച്ചാറ്റും
പൊരപ്പൊറത്തിരുന്നോണ്ടുദിതെളി
തെളി തെളിച്ചാറ്റും, തൊറതൊറച്ചാറ്റും
കട്ടക്കട്ടക്കൂരിരുട്ട്, തട്ടിത്തട്ടിത്തെറിപ്പിച്ചോ-
ണ്ടാരമ്പത്തീരമ്പത്തൂരമ്പത്തെരമ്പം

ചക്കരപ്പാട്ട് മുക്കറയിട്ടേ
പാതിരാമണലിന്‍റെ
തിട്ടയ്ക്കുപെട്ടേ
ചാത്തന്‍റെ കുടിനീര്, തെളിനീര്, മരനീര്
തര്തര്ത്തരിച്ചേ.
മരനീര്, തലനീര്, തെറിതെറിത്തെറിച്ചേ

കെഴക്കത്തെ വരമ്പത്ത്
കളക്കറ്റ, പിടിക്കറ്റ
തുടുതുടത്തുടിച്ചേ
കുടിക്കറ്റ, കുതിക്കറ്റ
ചൊകചൊകച്ചൊടിച്ചേ.

(ശ്രീ. അരവിന്ദന്‍ സംവിധാനം ചെയ്ത കുമ്മാട്ടി എന്ന സിനിമയില്‍ പ്രഭാതഗീതമായി ഇത് ഉപയോഗിച്ചിട്ടുണ്ട്.)                                                                            

Sunday, February 25, 2018

ബാബുരാജ്

- പി. ഭാസ്ക്കരന്‍

ജാലകോപാന്തത്തിങ്കല്‍ മേടപ്പൂനിലാവിന്‍റെ
പാലല തുളുമ്പുന്നൂ; ഹോട്ടലിന്‍ മട്ടുപ്പാവില്‍
പാര്‍ട്ടിയിലാരോ നീട്ടിപ്പാടുന്നു ബാബുരാജിന്‍
പാട്ടുകള്‍; സുഹൃദ്'വൃന്ദമാസ്വദിക്കുന്നൂ പേര്‍ത്തും!

അരികിലൊരു കൊച്ചുമുറിയില്‍ നിര്‍ന്നിദ്രനായ്
തിരിഞ്ഞും മറിഞ്ഞും ഞാന്‍ മെത്തയിലുരുളുമ്പോള്‍
ഓര്‍മ്മ തന്‍ ഹാര്‍മോണിയം മൃദുവായ് മൂളീടുന്നൂ;
ഓരോരോ ദിനരാത്രക്കട്ടകള്‍ ചലിക്കുന്നൂ!

പരക്കുന്നുവോ ചുറ്റും ബീഡി തന്‍ പുക? ചുറ്റും
ചുരക്കുന്നുവോ സംഗീതാംബ തന്‍ മുല? രാഗ-
സാഗരം കടഞ്ഞതിന്‍ മാധുരീസുധ? ആരീ-
ശോകാര്‍ദ്രഗാനം പാടി മുറിയിലിരിക്കുന്നു?

ബാബുവോ? അതെ, ബാബു തന്നെ-യാക്കള കണ്ഠം
വേപമാനമാമൊരു വേണുനാളികയെപ്പോല്‍
ശ്യാമസുന്ദരരാവില്‍ നിര്‍വൃതി വര്‍ഷിക്കുന്നൂ;
വ്യോമാന്തരത്തില്‍ മുകില്‍ക്കടമ്പു പുഷ്പിക്കുന്നൂ!

നിലാവില്‍ വീണ്ടും ബാബു മൂളുന്നു, വിരഹത്തിന്‍
ബിലാവല്‍ രാഗം; നേര്‍ത്ത വിരല്‍ത്തുമ്പുകള്‍ സ്വയം
കോര്‍ക്കുന്നൂ സ്വരങ്ങളാല്‍ മാലകള്‍, നിഷ്പന്ദയായ്
താനമായ്, പിന്നെ സ്വരസ്ഥാനങ്ങള്‍ കാണിക്കുന്ന
ഗാനമാ,യാ ഗീതികാനിര്‍ത്ധരി പ്രവഹിക്കെ
തരളീകൃതമെന്‍റെ ഹൃദയസ്പന്ദം മന്ദം
തബലയ്ക്കൊപ്പം ത്രീതാള്‍ച്ചൊല്ലുകള്‍ കൊട്ടീടുന്നൂ!

രാത്രി തന്‍ തമാലത്തില്‍ യാമങ്ങള്‍ കൊഴിഞ്ഞതും,
പിറ്റേന്നു പുലര്‍ന്നതും, മറ്റൊരു ദിനത്തിലെ
കൃത്യബാഹുല്യത്തിന്‍റെ നുകമെന്‍ കഴുത്തിങ്കല്‍
കെട്ടുവാന്‍ ഉഷസ്സെന്‍ മുറിയിലണഞ്ഞതും
അറിഞ്ഞേന്‍ ഞാ,നെന്നാലുമെഴുന്നേറ്റില്ല - ബാബു
അരികിലിരുന്നു ഭൂപാളി തുടങ്ങുന്നു!

മിഴികള്‍ പൂട്ടുന്നു ഞാന്‍; തളിയില്‍ ക്ഷേത്രത്തില്‍ നി-
ന്നൊഴുകിപ്പരന്നതാം ശംഖനാദവും മൊയ്തീന്‍-
പള്ളിയില്‍ നിന്നെത്തിയ ബാങ്കുമെന്‍ മാര്‍ത്തട്ടിന്‍റെ
ഉള്ളില്‍നിന്നുയര്‍ന്നീടും തബലാത്ധംകാരവും
ബാബുവിന്‍ ഭൂപാളി തന്‍ ശ്രുതിയില്‍ ലയിക്കുന്നു;
പാപികളായുള്ളോരെ ത്രിവേണി വിളിക്കുന്നു!

(ശ്രീ. ജമാല്‍ കൊച്ചങ്ങാടിയുടെ പ്രയത്നഫലമായി പുറത്തിറങ്ങിയ, 'ബാബുരാജ്' എന്ന പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന ഒരു കവിതയാണ് ഇത്. ഇതേ പേരില്‍ ആ പുസ്തകത്തില്‍ ശ്രീ. യൂസഫലി കേച്ചേരി രചിച്ച ഒരു കവിത കൂടിയുണ്ട്. ആ കവിത കഴിഞ്ഞ വര്‍ഷം മേയ് മുപ്പതാം തീയതി ഈ ബ്ലോഗില്‍ ചേര്‍ത്തിരുന്നു.)

Wednesday, January 17, 2018

കപോതപുഷ്പം

- കുമാരനാശാന്‍

ഇതരസൗരഭവീചിയെ മേന്‍മയാല്‍
വിധുരമാക്കിയിളം കുളിര്‍വായുവില്‍
എതിരകന്നിവിടെ പ്രസരിപ്പൊരീ-
മധുരഗന്ധമഹോ! മതിമോഹനം

ഭ്രമരനീലദലാവലികള്‍ക്കുമേല്‍
വിമലമായ് മലര്‍മഞ്ജരിയൊന്നിതാ
കമഠമുള്ളിലെഴുന്ന കുളത്തില്‍ നീര്‍-
ക്കുമിളതന്‍ നിരപോല്‍ വിലസുന്നുതേ!

ധവളമാം സ്ഫടികച്ചിമിഴീവിധം
നവസുഗന്ധമൊടൊന്നു തുറന്നതോ?
അവികലം മണിയാര്‍ന്നതി നിര്‍മ്മല-
ച്ഛവിയൊടും പുതുചിപ്പി വിടര്‍ന്നതോ?

അതിവിചിത്ര മനോഹര ശില്‍പ്പമി-
പ്പുതിയ പൂംകരകൌശലശാലയില്‍
ഇതിനൊടൊത്തൊരു ദന്തമയങ്ങളാം
കൃതികളില്ല വിധേ, വിഭുതന്നെ നീ!

അഹഹ! നിര്‍മ്മല ലോല മനോജ്ഞമീ-
വിഹഗമെങ്ങനെ വന്നിതിനുള്ളിലായ്
ഗഹനമേ വിധിചേഷ്ട പിറാവിതില്‍
സഹജമോ, നിഴലോ, മിഴിമായയോ!

ഒരു വികാരവുമെന്നിയഹോ! ഖഗം
മരുവിടുന്നിതു മൌനസമാധിയില്‍
പറവയില്‍ ചിലതുണ്ടവതാരമായ്,
പറയുമങ്ങനെയാഗമവേദികള്‍

ഭുവനതത്ത്വവുമന്തവുമൊന്നുമേ
വിവരമില്ല, പഠിച്ചു വലഞ്ഞിതേ!
ഇവനതെന്‍ പരിശുദ്ധ കപോതികേ,
ഭവതിയോരുകിലമ്പിനോടോതണേ!                

(DOVE ORCHID എന്ന പുഷ്പത്തെപ്പറ്റി എഴുതി 10-03-1092(കൊല്ലവര്‍ഷം)ല്‍, ആത്മപോഷിണിയില്‍ പ്രസിദ്ധപ്പെടുത്തിയതാണ്‌ ഈ കവിത)               
                                            

Saturday, January 6, 2018

വഴി വെട്ടുന്നവരോട്

- എന്‍. എന്‍. കക്കാട്


ഇരുവഴിയില്‍ പെരുവഴി നല്ലൂ
പെരുവഴി പോ ചങ്ങാതി.
പെരുവഴി കണ്മുന്നിലിരിക്കെ
പുതുവഴി നീ വെട്ടുന്നാകില്‍
പലതുണ്ടേ ദുരിതങ്ങള്‍.
വഴിവെട്ടാന്‍ പോകുന്നവനോ
പല നോമ്പുകള്‍ നോല്‍ക്കേണം;
പല കാലം തപസ്സു ചെയ്ത്
പല പീഡകളേല്‍ക്കണം.

കാടുകളില്‍ കഠിനത കുറുകിയ
കല്ലുകളും കോമ്പല്ലുകളും
നട്ടുച്ച കിനിഞ്ഞു തിളങ്ങും
കാട്ടാറിന്‍ കുളിരുകളില്‍
നീരാടി തുറുകണ്ണുകളില്‍
ഉതിരക്കൊതി കത്തിച്ച്
ഇതളു പുതച്ചരളുന്നു
പശിയേറും വനവില്ലികള്‍.
വഴിവെട്ടാന്‍ പോയവരെല്ലും
മുടിയും തലയോട്ടിയുമായി
അവിടെത്താന്‍ മറ്റൊരു കുന്നായ്
മരുവുന്നു ചങ്ങാതി.
കാടിനകം പുക്കവരാരും
തന്നിണയെ പൂണ്ടില്ലല്ലോ.
കാടിനകം പുക്കവരാരും
തന്നില്ലം കണ്ടില്ലല്ലോ.

ഒരുമട്ടാ കുന്നു കടന്നാല്‍
കരമുട്ടിയ പുഴയല്ലോ.
വിരല്‍ വെച്ചാല്‍ മുറിയുമൊഴുക്കും
മലരികളും കയവും ചുഴിയും
പാമ്പുകള്‍ ചീങ്കണ്ണികളുണ്ടതില്‍
അതു നീന്തണമക്കരെയെത്താന്‍.

അതു നീന്താമെന്നാലപ്പുറ-
മുണ്ടിനിയും പുഴ രണ്ടെണ്ണം.
കടുവിഷമാണൊന്നില്‍, മറ്റതി-
ലെരിതീയും ചങ്ങാതി.
കാവലുമുണ്ടൊന്നില്‍ വിഷപ്പുക
തേവിവിടും പൂതത്താന്‍,
മറ്റതിലോ തീക്കനല്‍ കാറി-
ത്തുപ്പും നെടുനെട്ടനരക്കന്‍
ദംഷ്ട്രകളും വിഷവും തീയും
പറ്റാത്തൊരു കവചം നേടി.

പലകാലം കൊണ്ടിവ താണ്ടി
പുതുവഴി നീ വെട്ടുന്നാകില്‍
ആ വഴിയേ പൂമാലകളും
തോരണവും കുലവാഴകളും
നിറപറയും താലപ്പൊലിയും
കുരവകളും കുത്തുവിളക്കും
പൊന്‍പട്ടം കെട്ടിയൊരാന-
ക്കൊമ്പനുമമ്പാരിയുമായി
ഊരെഴുനള്ളിപ്പോം നിന്നെ.
വഴിവെട്ടിയ ഞങ്ങടെ മൂപ്പനെ
വഴിപോല്‍ മാനിക്കണമല്ലോ.

പകലങ്ങനെ മേളം കൂട്ടി-
ക്കഴിയുമ്പോളന്തി കറുക്കും.
നിഴലുകള്‍ മേഞ്ഞണയും മേട്ടില്‍
പാലകാഞ്ഞിരം പൂത്തുചൊരിഞ്ഞ്
ചരലുകളില്‍ മണമിഴയുമ്പോള്‍
വഴിവില്ലിയൊഴിക്കാന്‍ നിന്നെ
ബലി ചെയ്'വോം കാളിക്കൊടുവില്‍.
ദീവെട്ടിച്ചോപ്പിലിരുട്ടില്‍
നെഞ്ചു കുളിര്‍ത്തമ്മ രസിക്കും.

അമ്മ തകും പാലച്ചോട്ടില്‍,
നന്‍മ തകും പാറക്കൂട്ടില്‍,
വഴിവെട്ടിയ ഞങ്ങടെ മൂപ്പനു
മണ്ഡപമൊന്നുടനുണ്ടാക്കും.
വഴിപാടായ് കാലാകാലം
'വഴിവെട്ടും വേല' കഴിക്കും.

പലവഴിയില്‍ പെരുവഴിയേതെ-
ന്നെങ്ങള്‍ക്കു പകപ്പു പെടായ്'വാന്‍
പെരുമൂപ്പന്‍വഴി,യെന്നതിനെ
തൃപ്പേരു വിളിപ്പാമല്ലോ.

നീ വെട്ടിയ വഴിയിലൊരുത്തന്‍
കാല്‍കുത്തി,യശുദ്ധി വരുത്താന്‍
ഇടയാകാതെങ്ങളു കാപ്പോം
ഇനി നീ പോ ചങ്ങാതി.

പെരുവഴിയേ പോകും ഞങ്ങള്‍
പുതുവഴി വഴിപാടിനു മാത്രം.  

Friday, June 30, 2017

മൂത്താശാരി


- മലയാറ്റൂര്‍ രാമകൃഷ്ണന്‍

   പതിനേഴു കൊല്ലങ്ങള്‍ക്ക് മുമ്പാണ് ഈ സംഭവം നടന്നത്. വടക്കന്‍ പറവൂര്‍ ജില്ലാക്കോടതിയില്‍ ആരംഭക്കാരന്‍ അഡ്വക്കേറ്റായി ഞാന്‍ കഴിയുന്ന കാലം.

   കക്ഷികളും കേസുമൊന്നുമില്ല. എന്നും റിക്ഷയില്‍ കയറി കോടതിയിലെത്തും. ആദ്യത്തെ ഒരു മണിക്കൂര്‍ മുന്‍സിഫ്‌ കോടതിയിലിരിക്കും. പിന്നെ, കോണി കയറി ജില്ലാ കോടതിയിലെത്തും.

   കൂടെക്കൂടെ സെഷന്‍സ് കേസുകളുണ്ടാകും.(മറ്റുള്ളവര്‍ നടത്തുന്നത്). സാക്ഷി വിസ്താരം കേട്ടുകൊണ്ടിരിക്കാന്‍ രസമുണ്ട്. അപ്പോഴൊക്കെയും ഒരാഗ്രഹം തോന്നും : ഒരു കൊലക്കേസില്‍ പ്രതിഭാഗം വക്കീലായി ഹാജരാകണം.

   അതിനൊരു മാര്‍ഗ്ഗമേയുള്ളു. സ്വന്തമായി വക്കീലിനെ ഏര്‍പ്പെടുത്താന്‍ കഴിവില്ലാത്തവര്‍ കൊലപാതകം നടത്തണേ എന്ന് പ്രാര്‍ത്ഥിയ്ക്കുക. അത്തരം പ്രതികള്‍ക്ക് സര്‍ക്കാര്‍ തന്നെ വക്കീലിന്‍റെ ഏര്‍പ്പാട് ചെയ്തു കൊടുക്കും. സ്വാതന്ത്യം കിട്ടിക്കഴിഞ്ഞിരുന്നെങ്കിലും അന്നും ഇതിന് പേര് പറഞ്ഞുപോന്നത് 'ക്രൌണ്‍ ഡിഫന്‍സ്' എന്നാണ്.

   നവാഗതര്‍ക്ക് എഴുന്നേറ്റു നില്‍ക്കാനും സാക്ഷികളെ വിസ്തരിക്കാനും കേസ് 'പ്രസംഗിക്കാനും' കിട്ടുന്ന ഈ അസുലഭസന്ദര്‍ഭം വിരളമായേ ഉണ്ടാകാറുള്ളു. സെഷന്‍സ് ജഡ്ജിയെ ക്ലബ്ബില്‍ വച്ചു കാണുക. അദ്ദേഹമൊന്നിച്ച് ബ്രിഡ്ജ് കളിക്കുക മുതലായവയെല്ലാം ഈ സന്ദര്‍ഭം കാത്തിരിക്കുന്ന പുതുവക്കീലന്‍മാരുടെ ഉപായങ്ങളാണ്.

   മാസങ്ങള്‍ ചെന്നപ്പോള്‍ എന്‍റെ ഭാഗ്യതാരം ഉദിച്ചു. തൊടുപുഴയ്ക്കടുത്തുള്ള ഒരു ഗ്രാമപ്രദേശത്തില്‍ അറുപത്തഞ്ചു വയസ്സെത്തിയ ഒരു മൂത്താശാരി, സ്വന്തം മകളെ അമ്മിക്കല്ലിന്‍റെ പിള്ളക്കല്ല് കൊണ്ട് വയറിലിടിച്ചുകൊന്നു. മകള്‍ അവിവാഹിതയും ഗര്‍ഭിണിയുമായിരുന്നു. മൂത്താശാരിയുടെ ക്രൌണ്‍ ഡിഫന്‍സ് എനിക്കു കിട്ടി.

സബ്ജയിലില്‍ ഞാന്‍ ചെന്നു. മൂത്താശാരിയെ കണ്ടു. എന്തു ചോദിച്ചാലും മറുപടി പറയാത്ത ഒരു മനുഷ്യന്‍. കേസിന്‍റെ രേഖകള്‍ ഞാന്‍ പഠിച്ചു.
കുറ്റത്തിനുള്ള പ്രേരണ : അവിവാഹിതയായ മകള്‍ ഗര്‍ഭം ധരിച്ചതിലുള്ള അപമാനം.
സംഭവം കണ്ട രണ്ടു സാക്ഷികള്‍ : മൂത്താശാരിയുടെ മകനും മകന്‍റെ കൂട്ടുകാരനായ മറ്റൊരു ചെറുപ്പക്കാരനായ ആശാരിയും.
കൂനിന്മേല്‍ കുരു പോലെ, മൂത്താശാരി മജിസ്ട്രേറ്റു മുമ്പാകെ സുദീര്‍ഘമായ കുറ്റസമ്മതവും നല്‍കിയിരിക്കുന്നു.

   മകളുടെ ഗര്‍ഭത്തെപ്പറ്റി സംഭവദിവസമാണ് ആദ്യമായി മൂത്താശാരി അറിഞ്ഞതെന്നും പൊടുന്നനെ ഉണ്ടായ പ്രകോപനം നിമിത്തം കൊല നടത്തിയെന്നുമാണ് പ്രൊസിക്യൂഷന്‍ കേസ്സ്. ഇത് അസംഭവ്യമാണെന്ന് എനിക്കു തോന്നി. പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റില്‍ അഞ്ചു മാസത്തെ ഗര്‍ഭമാണെന്ന് പറഞ്ഞിരിക്കുന്നു. സാധാരണ ഗതിയില്‍ മുമ്പുതന്നെ മൂത്താശാരി ഇക്കാര്യം അറിഞ്ഞിരിക്കയില്ലേ? മൂത്താശ്ശാരിക്ക് പ്രകോപനമുണ്ടായ പോലെ മകനും അപമാനഭീതിയും പ്രകോപനവും ഉണ്ടാവരുതേ? കൊല്ലാന്‍ മകനും പ്രേരണയുണ്ടെന്ന് സൂചിപ്പിച്ചാലെന്ത്? ഇങ്ങനെയൊക്കെ ഞാന്‍ ചിന്തിച്ചു.

   ഒന്നാം സാക്ഷി, പ്രതിയുടെ മകനായിരുന്നു. ഞാന്‍ നീട്ടിപ്പിടിച്ചൊരു ക്രോസ് വിസ്താരം നടത്തി. എനിക്ക് പ്രയോജനകരമായ ചില മറുപടികള്‍ കിട്ടി. സഹോദരിക്ക് ഗര്‍ഭമാണെന്ന കാര്യം അയല്‍വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. കാണത്തക്കവിധം വയറ് മുഴച്ചിരുന്നു. ജോലി സ്ഥലത്തുവച്ച് ഇക്കാര്യം പറഞ്ഞ് സ്നേഹിതന്മാര്‍ തന്നെ കളിയാക്കിയിട്ടുണ്ട്. തനിക്ക് അപമാനം തോന്നി; ദേഷ്യവും.

   "നിങ്ങളുടെ അച്ഛനും മുമ്പുതന്നെ അറിയാമായിരുന്നില്ലേ, ഗര്‍ഭത്തിന്‍റെ കാര്യം?" - ഞാന്‍ ചോദിച്ചു.

   "സംഭവദിവസാണ് അറിഞ്ഞത്."

   "നിങ്ങളും അയല്‍ക്കാരും മുമ്പേ അറിഞ്ഞിരുന്ന ഒരു കാര്യം സംഭവദിവസം വരെ നിങ്ങളുടെ അച്ഛന്‍ അറിയാഞ്ഞതെന്ത്?"

   മറുപടിയില്ല.

   ഞാന്‍ നാടകീയമാംവണ്ണം ഒരു ചോദ്യം കൂടി ചോദിച്ചു:
"അവിവാഹിതയായ സഹോദരിയുടെ ഗര്‍ഭധാരണം നിങ്ങള്‍ക്ക് അപമാനം വരുത്തിയതുകൊണ്ട് നിങ്ങള്‍ തന്നെയല്ലേ കൊല നടത്തിയത്?"

   ജഡ്ജി എന്നെ മിഴിച്ചുനോക്കി.

   "എന്‍റെ ചോദ്യം റിക്കാര്‍ഡ് ചെയ്യണം. യുവര്‍ ഓണര്‍." - ഞാനപേക്ഷിച്ചു

   രണ്ടാം സാക്ഷി, പ്രതിയുടെ മകന്‍റെ കൂട്ടുകാരനായിരുന്നു. ചീഫ് വിസ്താരത്തില്‍ സംഭവം കണ്ടതായി അയാള്‍ പറഞ്ഞു. ഒന്നാം സാക്ഷിയും അയാളും കൂടി ഒന്നിച്ചൊരു സ്ഥലത്ത് പണിയെടുക്കുകയാണ്. ഉച്ചഭക്ഷണത്തിന് ഒന്നാം സാക്ഷി ക്ഷണിച്ചതനുസരിച്ച്, പ്രതിയുടെ വീട്ടില്‍ വന്നതാണ്‌. ചെന്നു കയറിയപ്പോള്‍ കണ്ടത് മകളുടെ വയറില്‍ പിള്ളക്കല്ലുകൊണ്ടിടിക്കുന്ന പ്രതിയെയാണ്.

   ഈ സാക്ഷിയെ തകര്‍ക്കാതെ രക്ഷയില്ല. ഞാന്‍ ഓരോന്ന് ചോദിച്ചു തുടങ്ങി. ഒന്നാം സാക്ഷിയെ പരിചയപ്പെട്ടത് ഒന്നരക്കൊല്ലം മുമ്പ്, ഒരു ഉത്സവസ്ഥലത്തുവച്ചാണെന്ന് അയാള്‍ പറഞ്ഞു. പിന്നെ കാണുന്നത് സംഭവത്തിന്‌ മൂന്നു ദിവസം മുമ്പാണ്. ഒന്നിച്ചു ജോലി ചെയ്യാനിടയായത് ആകസ്മികമായിട്ടാണ്. ഉച്ചഭക്ഷണം ജോലിസ്ഥലത്തുതന്നെ കിട്ടും. ജോലിസ്ഥലവും പ്രതിയുടെ വീടുമായി മൂന്നു മൈല്‍ അകലമുണ്ട്. ഊണിനുശേഷം അന്ന് വീണ്ടും പണിയുണ്ടായിരുന്നു. എന്നുവച്ചാല്‍ വീണ്ടും മൂന്നു മൈല്‍ നടന്നു. ഇങ്ങനെയങ്ങോട്ടു ചോദിച്ചപ്പോള്‍, ഈ സാക്ഷിയുടെ ചീഫിലെ മൊഴി ആടുന്നതായി കോടതിക്ക് തോന്നിക്കാണണം. 

   "ഊണു കഴിക്കാനല്ല, സംഭവം കാണാന്‍വേണ്ടിത്തന്നെ പ്രതിയുടെ വീട്ടിലേയ്ക്കു പോയതാണെന്ന് തോന്നും." - ജഡ്ജി പ്രോസിക്യൂട്ടറെ നോക്കിക്കൊണ്ട് ഇംഗ്ലീഷില്‍ പറഞ്ഞു.

   എനിക്ക് നേരിടാനുള്ള അടുത്ത ദുര്‍ഘടം ആ കുറ്റസമ്മതമായിരുന്നു. അതു തെളിയിക്കാന്‍ മജിസ്ട്രേറ്റ് സാക്ഷിക്കൂട്ടില്‍ കയറി. കുറ്റസമ്മതം രേഖപ്പെടുത്തുമ്പോള്‍ പ്രതിയുടെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടതായി അദ്ദേഹം എഴുതിവച്ചിട്ടുണ്ട് - അതിനുള്ള കാരണസഹിതം. പ്രതിക്ക് ചുഴലിദീനമുണ്ട്. ചുഴലി വന്നപ്പോള്‍ താഴെ വീണുണ്ടായതാണ് പരിക്കുകള്‍. എന്‍റെ നല്ല കാലമെന്നേ പറയേണ്ടൂ. പ്രോസിക്യൂട്ടര്‍, ചീഫ് വിസ്താരത്തില്‍ ചുഴലിദീനത്തിന്‍റെ കാര്യമോ പരിക്കുകളുടെ കാര്യമോ എടുത്തു ചോദിച്ചില്ല.

   "നോ ക്രോസ്" , എന്ന് പറഞ്ഞു ഞാന്‍.

   തെളിവെടുപ്പ് തീര്‍ന്നു.

   ഞാന്‍ സബ്ബ്ജയിലില്‍ വീണ്ടും ചെന്നു. മൂത്താശാരിയോട് സംസാരിച്ചു. പിറ്റേന്ന് ജഡ്ജി ചോദ്യങ്ങള്‍ ചോദിക്കും - മൂത്താശാരിയോട്, ക്രിമിനല്‍ നടപടി നിയമം 342-ആം വകുപ്പനുസരിച്ച്, പ്രതികൂല സാഹചര്യങ്ങളെല്ലാം പ്രതിയുടെ ശ്രദ്ധയില്‍ കോടതി പെടുത്തേണ്ടതാണ്.

   പ്രോസിക്യൂഷന്‍ തെളിവിനെപ്പറ്റി എന്തു ചോദിച്ചാലും ഒറ്റ മറുപടിയേ പറയാവൂ എന്ന് ഞാന്‍ എന്‍റെ പ്രതിയെ പഠിപ്പിച്ചു.  - "എനിക്കോ വയസ്സായി, എന്‍റെ മോനെങ്കിലും നന്നായിരിക്കട്ടെ."

   ഒന്നുകൂടി പറഞ്ഞുകൊടുത്തു. ചുഴലിദീനമുണ്ടോ എന്ന് ജഡ്ജി ചോദിക്കും. ഇല്ലെന്ന് പറഞ്ഞേക്കണം. 

   കോടതി സമ്മേളിച്ചു. പ്രതിക്കൂട്ടില്‍ നിന്നും മൂത്താശാരിയെ നീതിന്യായപീഠത്തിനരികില്‍ കൊണ്ടുനിറുത്തി. 

   ജഡ്ജി : "___ മാസം ___ തീയതി ___ മണി ___ സമയത്ത് നിങ്ങള്‍ മരിച്ചുപോയ ശാരദയെ അമ്മിക്കല്ലിന്‍റെ പിള്ളക്കല്ലുകൊണ്ട് ഇടിച്ചതു കണ്ടെന്ന് ഒന്നും രണ്ടും സാക്ഷികള്‍ പറയുന്നു. അതിനെപ്പറ്റി വല്ലതും പറയാനുണ്ടോ?"

   മൂത്താശാരി : "എനിക്കോ വയസ്സായി. എന്‍റെ മോനെങ്കിലും നന്നായിരിക്കട്ടെ."

   ജഡ്ജി : "അവിവാഹിതയായ ശാരദ ഗര്‍ഭിണിയാണെന്ന വിവരം സംഭവദിവസം മാത്രമാണ് നിങ്ങള്‍ അറിഞ്ഞതെന്ന്.."

   മൂത്താശാരി : "എനിക്കോ വയസായി.."

   എന്‍റെ പ്രതി ഒന്നാംതരം നടനാണെന്ന് എനിക്കു തോന്നി. കുനിഞ്ഞുനിന്ന്, തൊഴുതുപിടിച്ചു കൊണ്ടാണ് പറയുന്നത്.

   "എനി മോര്‍ ക്വസ്റ്റ്യന്‍സ്?" - ജഡ്ജി എന്നോട് ചോദിച്ചു.

   "ചുഴലിദീനമുണ്ടോ എന്ന് ചോദിക്കണം, യുവര്‍ ഓണര്‍."

   ജഡ്ജി ചോദിച്ചു.

   മൂത്താശാരി ഉറക്കെ പറഞ്ഞു : "ഇല്ല"

   ഞാന്‍ കേസ് ജയിച്ചുകഴിഞ്ഞിരുന്നു.

   ശാരദയെ കൊല്ലാന്‍ വേണ്ട പ്രകോപനം ഒന്നാം സാക്ഷിക്ക് - മൂത്താശാരിയുടെ മകന് - ഉണ്ട്. മകനെ രക്ഷിക്കാന്‍ മൂത്താശാരി ശ്രമിക്കുകയാണ്. ഒന്നാം സാക്ഷി കൊലപാതകിയാണോ എന്നതല്ല പ്രശ്നം, മൂത്താശാരിയല്ല കൊല നടത്തിയതെന്ന് കരുതാന്‍ ന്യായമുണ്ട്. രണ്ടാം സാക്ഷി ഉച്ചഭക്ഷണത്തിന് വന്നെന്നും കൃത്യം കണ്ടെന്നും വിശ്വസിക്കാന്‍ വയ്യ. അതൊരു കെട്ടുകഥയാണെന്ന് വ്യക്തം - വിചാരണസമയത്ത് കോടതി തന്നെ പരാമര്‍ശിച്ചപോലെ. 

   "കുറ്റസമ്മതത്തെപ്പറ്റി എന്തു പറയുന്നു?" - ജഡ്ജി അന്വേഷിച്ചു.

   "അത് സ്വീകാര്യമല്ല. കുറ്റസമ്മതം രേഖപ്പെടുത്തുമ്പോള്‍ പ്രതിയുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. അതിന്‍റെ കാരണം മജിസ്ട്രേട്ടിനെ വിസ്തരിച്ചപ്പോള്‍, പ്രോസിക്യൂഷന്‍ വിശദീകരിച്ചിട്ടില്ല. പ്രതി പറയുന്നത് അയാള്‍ക്ക് ചുഴലിദീനമില്ലെന്നാണ്."

   മൂത്താശാരിയെ വെറുതെ വിട്ടു.

   തൊടുപുഴയ്ക്ക് പോകാന്‍ ഞാനയാള്‍ക്ക് പത്തു രൂപ നല്‍കി. 

   പോകുമ്പോള്‍, വല്ലാതെ ചിരിച്ചുകൊണ്ട് അയാള്‍ എന്നോട് പറഞ്ഞു : 
"കൊന്നത് ഞാന്‍ തന്നെയാ...!"     

Tuesday, May 30, 2017

ബാബുരാജ്











- യൂസഫലി കേച്ചേരി  

കല്ലായ ചിത്തവും രാഗാര്‍ദ്രമാക്കുവാന്‍
കല്ലായി കാണിക്ക വെച്ച കല്‍ഹാരമേ,
ഭാവഗാനങ്ങളെ നര്‍ത്തനം ചെയ്യിച്ച
ബാബുരാജ്, അങ്ങയ്ക്കൊരായിരം കൂപ്പുകൈ -
മൊട്ടുമായെത്തും നിശീഥങ്ങളിപ്പോഴും
തൊട്ടുണര്‍ത്തീടുമെന്‍ കാവ്യാങ്കുരങ്ങളില്‍
മുറ്റിത്തെഴുക്കും മധുകണമത്രയും
മുത്തിക്കുടിക്കാനണയും സ്മൃതിയിലെന്‍
പാട്ടുകാരാ, ചാരെയെത്തി ഹാര്‍മോണിയം
മീട്ടിയിരിക്കുന്നു നീ സുമിതാര്‍ദ്രനായ്.

പഞ്ചമം പാടും കുയിലും മധുരമായ്
കൊഞ്ചുന്ന പൈതലും കാട്ടുപൂഞ്ചോലയും 
നെറ്റിവേര്‍പ്പൊപ്പുവാനെത്തുന്ന തെന്നലും
നെഞ്ചില്‍ മുറിവേറ്റ പാഴ്മുളം കൂട്ടവു-
മല്ലാതെ പോകിലും വിശ്വപ്രകൃതി ത-
ന്നുത്തമ ശിഷ്യനായ് പാഴ്ത്തിരിയില്‍ നിന്ന്
കത്തിച്ച പന്തം കണക്കേ ജ്വലിച്ചു നീ.

നിന്‍റെ സിരാരക്തധാരയില്‍ പൈതൃക-
ത്തിന്‍റെയമൃതം വിലയിച്ചിരിക്കണം;
എങ്കിലും നിന്നുടെ ശൈശവ കൌമാര
സങ്കടങ്ങള്‍ നെയ്ത തിക്താനുഭൂതിയാല്‍
ആസ്വാദകര്‍ക്ക് മധു വിളമ്പാന്‍ നിന്‍റെ
ആത്മാവിന്‍ തന്ത്രിയുലച്ചതാകാം വിധി.

താവും വിശപ്പില്‍ വയറൊന്നമര്‍ത്തുവാന്‍
താനേ ചലിച്ച നിന്‍ താന്തമാം കയ്യുകള്‍
സഞ്ജനിപ്പിച്ച രടിതങ്ങള്‍, പിന്നെ നിന്‍
സംഗീതയജ്ഞത്തിന്‍ താളമായെന്നുമാം
കണ്ണുനീര് കലര്‍ത്തി സ്വയം നിന്‍റെ
കമ്രരാഗങ്ങളെ സ്വാദിഷ്ടമാക്കി നീ
ഓര്‍മ്മയിലിന്നുമൊളി മങ്ങിടാതിരു-
കര്‍മ്മുകമായിത്തിളങ്ങുമെന്‍ മിത്രമേ
എന്‍റെയും നിന്‍റെയും കാവ്യസംഗീതൈക്യ-
ത്തിന്‍റെ പയസ്വനി നിത്യം നനയ്ക്കുന്ന
മാമകഹൃത്തില്‍ മലരിട്ട വാങ്മയ
മാലതീമാലിക ചാര്‍ത്താം ഭവാന്നു ഞാന്‍.
കല്ലായ ചിത്തവും രാഗിലമാക്കുവാന്‍
കല്ലായിയില്‍ നിന്നണഞ്ഞ പൊന്‍ഹംസമേ,
ഭാവുകമാനസം കോരിത്തരിപ്പിച്ച
ബാബുരാജ്, അങ്ങയ്ക്കൊരായിരം കൂപ്പുകൈ.                                         
(ജമാല്‍ കൊച്ചങ്ങാടിയുടെ പ്രയത്നഫലമായി പുറത്തിറങ്ങിയ, 'ബാബുരാജ്' എന്ന പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന ഒരു കവിതയാണിത്.)