Monday, May 30, 2022

ആദ്യ സാഹിത്യം


  





- ഇടപ്പള്ളി രാഘവന്‍ പിള്ള



ശാന്തസുന്ദരമയമായിടും ശരല്‍ക്കാല-

സാന്ധ്യരാഗാഭയെങ്ങും പരന്നിടുമ്പോള്‍,

പാര്‍വണശശിതന്‍റെ പാലൊളിപ്പട്ടുസാരി

പാരിടവധൂടിയെയുടുപ്പിക്കുമ്പോള്‍,

മെത്തിന കുതുകത്താല്‍ പത്രികള്‍ കളസ്വനാ-

ലെത്തിടും രജനിയെപ്പുകഴ്ത്തിടുമ്പോള്‍,

തന്നലക്കരങ്ങളാല്‍ താളം പിടിച്ചുകൊണ്ടും;

വെണ്ണുരപ്പൂപ്പുഞ്ചിരി പൊഴിച്ചുകൊണ്ടും

ഉണ്മയിലലസമേ പാഞ്ഞിടും തടിനിതന്‍

വെണ്മണല്‍വിരിപ്പിട്ട പുളിനം തന്നില്‍,

ഏകനായിരുന്നതിതുഷ്ടനായ് തടിനിയും

നാകവും മാറിമാറിസ്സമീക്ഷിക്കുന്ന,

പ്രാകൃതരൂപനാകുമാദിപുമാന്‍റെ പരി-

പൂതമാം മനസ്സൊന്നു തുടിച്ചിരിക്കും;

മെച്ചത്തിലവന്‍ തന്‍റെ മാനസമനന്തമാം

സച്ചിത്സ്വരൂപംതന്നില്‍ ലയിച്ചിരിക്കും;

പെട്ടെന്നാ ഹൃദയമാം താരു വഴിഞ്ഞു പുറ-

പ്പെട്ടതാം മകരന്ദഝരികയല്ലോ;

വാഗ്ദേവിതന്‍ നല്‍സ്തന്യപീയൂഷ,മല്ലെന്നാകി-

ലാദ്യസാഹിത്യമായിട്ടറിവൂ ലോകം.

Friday, April 29, 2022

എന്‍റെ ജന്മഭൂമി






- പാലാ നാരായണന്‍ നായര്‍ 


പ്രകൃതി പരിപൂര്‍ണ്ണയായര്‍ച്ചിച്ചു നിന്നിടും

സുകൃതിമണിമണ്ഡപമാണെന്‍റെ ജന്മഭൂ.

അനവരതമതിനുടയ ലളിതമൃദുലാഭയാ-

ലമലയവളവിചലിതകുതുകമായ ധാത്രിയാം.

സുഖവിഭവപരിമിളിത മധുരമധുലീലയാല്‍

മമ ജനനിയുലകിനൊരു കുസുമമണിവാടിയാം.

മലയഗിരിസാനുവില്‍ ചെന്തളിര്‍പ്പട്ടണി-

ഞ്ഞിളകിയുലയും ലതാപാണികളങ്ങനെ.

കളകളമുതിര്‍ത്തുകൊണ്ടെങ്ങും പറക്കുമ-

ക്കിളികള്‍ കളിയാടും വനപ്പടര്‍പ്പങ്ങനെ.

ഉദയകിരണങ്ങള്‍ വന്നൂറുന്നധിത്യക-

യ്ക്കുപരിയുണരുന്ന പുല്‍ക്കൂമ്പുകളങ്ങനെ.

അവിടവിടെ വാര്‍മഴവില്ലൊളിയോലുമാ-

റടവിയിലെ മഞ്ഞുനീര്‍ത്തുള്ളികളങ്ങനെ.

സുരഭിലദലാധരം പേര്‍ത്തും ചലിക്കവേ

പരിചിലിടറും മലര്‍ത്തൊത്തുകളങ്ങനെ.

മതഗളിതനിസ്വനം തൂകിച്ചിരിച്ച വന്‍

മലയരുവി പാഞ്ഞണഞ്ഞീടുന്നതങ്ങനെ.

മതി മതി! മനോജ്ഞമാം നാടേ! ഭവല്‍കലാ-

പടുതയിവനെങ്ങനെ പാടുവാനായിടും?

Wednesday, April 27, 2022

അര്‍ത്ഥാന്തരങ്ങള്‍

 






- എന്‍ മോഹനന്‍ 



     വെറുതെ വിട്ടിരിക്കുന്നു എന്ന കോടതിവിധിയുടെ മുന്നിലും, അര്‍ത്ഥം മനസിലാകാതെ, അവള്‍ പകച്ചു നിന്നു. ജീവിതത്തില്‍ ഇതുവരെ നേരിടേണ്ടി വന്നിട്ടുള്ള മറ്റുപലേ സന്ദര്‍ഭങ്ങളിലുമെന്നപോലെ.

      കൊലപാതകം താന്‍ ചെയ്തതാണെന്ന് സ്വയം കോടതിയില്‍ പറഞ്ഞിരുന്നതാണല്ലോ. വക്കീലന്മാരുടെയും ജഡ്ജിമാരുടെയുമൊക്കെ ചോദ്യങ്ങള്‍ക്ക് പലപ്പോഴും അതാവര്‍ത്തിച്ചതുമാണല്ലോ. കീഴ്ക്കോടതികളില്‍...മേല്‍ക്കോടതികളില്‍...എല്ലാം...

     ബോധമില്ലാതെ കിടന്നുറങ്ങിയിരുന്ന ഭര്‍ത്താവിനെ ചിരവ കൊണ്ട് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. ഇപ്പോഴും ഓര്‍മ്മയുണ്ട്...ഒറ്റ അടിയ്ക്ക്...

     അതിനുമുമ്പ് അയാള്‍ പതിവുപോലെ കുടിച്ചു, കൂത്താടി, ലക്കില്ലാതെവന്ന്, പതിവുപോലെതന്നെ അബലെ അടിച്ചുവീഴ്ത്തിച്ചവിട്ടി പരവശയാക്കി. തൊട്ടടുത്ത് തുണിത്തൊട്ടിലില്‍ ഉറങ്ങിക്കിടന്നിരുന്ന അവരുടെ പിഞ്ചുകുട്ടി, ശബ്ദവും ലഹളയും കേട്ടിട്ടാവും, ഞടുങ്ങിത്തെറിച്ചുണര്‍ന്ന്‍ കൈകാലടിച്ച് ഉറക്കെ വാവിട്ടു കരഞ്ഞു. പരവശയായിരുന്നെങ്കിലും, പരിഭ്രാന്തിയോടെ കുട്ടിയെ വാരിയെടുത്തു പുണര്‍ന്ന് സാന്ത്വനിപ്പിക്കുവാനാഗ്രഹിച്ചു നീങ്ങവേ, അയാള്‍ അവളെ വീണ്ടും തൊഴിച്ചു. ഒന്നു പകച്ചു, തുടര്‍ന്ന് കറങ്ങി ഉലഞ്ഞു വീണു. പിന്നെ എന്താണുണ്ടായാതെന്നോര്‍മ്മയില്ല. ബോധം കേട്ടിരുന്നു.

     ഉണര്‍ന്നപ്പോള്‍ സന്ധയുടെ അരണ്ട വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പതുക്കെ പരിസരബോധമുണ്ടായപ്പോള്‍, മനസ്സിലായി, താന്‍ വെറും തറയില്‍ കിടക്കുകയാണ്. ദേഹമാസകലം നൊമ്പരം. ഒന്നും വയ്യ. അനങ്ങിയാല്‍ വേദന. പൊടുന്നനെ കുട്ടിയെപ്പറ്റി ഓര്‍മ്മ വന്നു. അങ്കലാപ്പോടെ, കൊടുംവേദനയില്‍ പിടഞ്ഞെഴുന്നേറ്റ് തൊട്ടിലില്‍ നോക്കാന്‍ ശ്രമിക്കുമ്പോള്‍ കണ്ടു.

- തൊട്ടില്‍ ചുവട്ടിലെ ചാണകത്തറയില്‍ കുട്ടി കിടക്കുന്നു. ചലനമില്ലാതെ! തലയുടെ ഒരുവശം പൊട്ടിയൊലിച്ച ചോര കട്ട പിടിച്ച്! നൊന്തുകരഞ്ഞ് ബോധമറ്റ് കിടക്കുകയാവണം.

     അവള്‍ കുട്ടിയെ വാരിക്കോരിയെടുത്ത് ഉമ്മവച്ചും ഉഴിഞ്ഞും ഊയലാട്ടിയുമൊക്കെ നോക്കിയിട്ടും, അതിന് അനക്കമുണ്ടയില്ല. മരിച്ചിട്ടുണ്ടാവും എന്ന ക്രൂരസത്യം, മനസ്സില്‍ വന്നുതറച്ചത് പതുക്കെയാണ്. ആ ഭീതിയില്‍ വിറച്ച് കുട്ടിയുടെ ചലനമറ്റ ശരീരം നോക്കി സ്തബ്ധയായി നില്‍ക്കുമ്പോഴാണ്, യാദൃശ്ചികമായി കണ്ടത്:

- അടുത്ത മുറിയിലെ കട്ടിലില്‍ അയാള്‍ കിടക്കുന്നു. മലര്‍ന്നടിച്ച് കൂര്‍ക്കം വലിച്ചു കിടന്നുറങ്ങുന്നു.

     അവള്‍ ഓടി അടുക്കലെത്തി, അയാളെ കുലുക്കി വിളിച്ചു... അലറി വിളിച്ചു.

"കാലമാടാ! എന്‍റെ കുഞ്ഞിനെ എന്തുചെയ്തെന്നു പറ...എനിക്കതിനെ തിരിച്ചു താ...തിരിച്ചു താ..."

     ഭര്‍ത്താവ് കേട്ടില്ല, മിണ്ടിയില്ല. ബോധശൂന്യമായ ഉറക്കത്തിലായിരുന്നുവല്ലോ. തല്ലിയലച്ചു വിളിച്ചിട്ടും അയാള്‍ അനങ്ങിയില്ല. മദ്യത്തിന്‍റെ മദോന്മത്തതയില്‍ കിറുങ്ങിക്കിടന്നു. വീണ്ടും വീണ്ടും വിളിച്ചിട്ടും വിളിച്ചലമുറയിട്ടിട്ടും അനങ്ങിയതേയില്ല.

     കുട്ടിയുടെ നിശ്ചലദേഹം അവളെ വല്ലാതെ ഭീതിപ്പെടുത്തിത്തുടങ്ങിയിരുന്നു. മരണത്തിന്‍റെ കരിനിഴല്‍ കാട്ടി വെറളി പിടിപ്പിച്ചിരുന്നു. ക്രമേണ അവള്‍ക്കതുറപ്പായി. കുട്ടി മരിച്ചിരിക്കുന്നു. ആ കറുത്ത സത്യം ഒരു കാളസര്‍പ്പത്തെപ്പോലെ അവളെ കൊത്തി...ഇനി? ഇനി...?

     എവിടെനിന്നെന്നറിയാത്ത തീരുമാനം സ്വയം വന്നെത്തുകയായിരുന്നു.

     എന്‍റെ കുഞ്ഞ് പൊയ്പ്പോയിരിക്കുന്നു. അതിനെ കൊന്നവന്‍ ഇതാ ഇവിടെ, മലര്‍ന്നുകിടന്നുറങ്ങുന്നു.

     പിന്നെ ഒന്നും ആലോചിച്ചതേയില്ല.

     മുന്നില്‍ ആദ്യം കണ്ട ആ സാധനം, കൈയ്യില്‍ കിട്ടിയ ആ ആദ്യ ആയുധം - ആ തടിച്ചിരവ - വലിച്ചെടുത്ത്, കട്ടിലില്‍ കിടന്നുറങ്ങിയിരുന്ന ആ പിശാചിന്‍റെ തലയ്ക്കുതന്നെ നോക്കി വീക്കി. ഒത്ത നടുക്കുതന്നെ കൊണ്ടിരിക്കണം. ഉച്ചിയില്‍ നിന്ന് ചോര ചീറ്റുന്നതു കണ്ടു. അതിഭീകരവും ഞടുക്കിത്തെറിപ്പിക്കുന്നതുമായ ഒരലര്‍ച്ചയുമുണ്ടായി. പൊട്ടിത്തകര്‍ന്ന ശിരസ്സോടെ, ആ ശരീരം ഉരുണ്ട് താഴെവീണു.

     അതിനിടയില്‍ മറ്റൊരു സംഭവവും ഉണ്ടായി. അലര്‍ച്ച കേട്ട് ഞെട്ടി വിറച്ചിട്ടാവും, കുട്ടിയുടെ കരച്ചില്‍ അകത്തെ മുറിയില്‍നിന്നുയര്‍ന്നു. ഒരീര്‍ച്ചവാളിന്‍റെ മൂര്‍ച്ചയോടെ അന്തരീക്ഷം കീറി മുറിച്ച് അത് പൊന്തി. ഉയര്‍ന്നുയരെപ്പൊന്തി.

     അവള്‍ ഓടിച്ചെന്ന് അതിനെയെടുത്ത് ഉമ്മവച്ചോമ നിച്ചു. പൈന്‍ ചേര്‍ത്തുവച്ചുകിടത്തി, മാറോടടുക്കിപ്പിടിച്ച്, മുലപ്പാല് നല്‍കി. കുട്ടി ഈമ്പി ഈമ്പി കുടിക്കവേ, ഉണ്ടായ ആ പരസ്പര ലഹരിയില്‍ - മാതൃത്വത്തിന്‍റെയും വാത്സല്യത്തിന്‍റെയും ആര്‍ദ്രശൈശവഭാവവാസനകളുടെയും ലഹരിയില്‍ ലയിച്ചു മയങ്ങി. രണ്ടാളും മയങ്ങി.

     ആ ഉറക്കത്തിന്‍റെ നടുവില്‍ വന്ന പോലീസുകാരാണുണര്‍ത്തിയത്. അവരോടെല്ലാം പറഞ്ഞതാണല്ലോ, തുറന്നുപറഞ്ഞതാണല്ലോ:

"എന്‍റെ കുഞ്ഞിനെ കൊല്ലാന്‍ നോക്കിയവനെ ഞാന്‍ കൊന്നു. അന്തസ്സായി അടിച്ചുകൊന്നു. എവിടെയും സമ്മതിക്കാം, എപ്പോഴും സമ്മതിക്കാം."

     പിന്നെന്തിനീ നീണ്ടുവളഞ്ഞ വിസ്താരം? മൊഴി? സാക്ഷി? വിശദീകരണം? മറുപടി?

     എന്തായാലും ഇതാ ഒടുവില്‍, ഒരു നൂറ്റാണ്ടിന്‍റെ ഒടുവില്‍, ഒരു ഹീന മനുഷ്യജന്മത്തിന്‍റെ ജീര്‍ണ്ണ യൌവനമദ്ധ്യത്തില്‍, ലോക്കപ്പുകള്‍, കോടതികള്‍, ഹൈക്കോടതികള്‍, എണ്ണിയാല്‍ തീരാത്ത ചടങ്ങുകള്‍. അവയ്ക്കെല്ലാമൊടുവില്‍ പറയുന്നു :

- 'നിന്നെ വെറുതെ വിട്ടിരിക്കുന്നു. കുട്ടിയെ രക്ഷിക്കുവാനുള്ള ശ്രമത്തില്‍ പറ്റിപ്പോയതാണല്ലോ' - പകച്ചു കേട്ടിരിക്കുകയല്ലാതെന്തു ചെയ്യണം!?

     ഭര്‍ത്താവിന്‍റെ അച്ഛന്‍ തന്നെയാണ് വന്ന് തനിക്കനുകൂലമായ മൊഴി കൊടുത്തിരിക്കുന്നത്. മകനുമായുള്ള തന്‍റെ വിവാഹത്തിനുതന്നെ എതിരായിരുന്ന അച്ഛന്‍! ആ വൈരാഗ്യത്തില്‍, ഒരിക്കല്‍പ്പോലും കൊച്ചുപേരക്കുട്ടിയെ കാണാനായിപ്പോലും, വീട്ടില്‍ വന്നിട്ടില്ലാത്ത അച്ഛന്‍!! ആ അച്ഛന്‍റെ മൊഴിയില്‍ തനിക്ക് മോചനം!!!

     എന്നാലും ഇനി എവിടെ പോകും? എന്തിനായി പോകും? എങ്ങനെ പോകും?

     അങ്ങനെ പകച്ചിരിക്കുമ്പോഴാണ് ആ അച്ഛന്‍... വധിക്കപ്പെട്ടവന്‍റെ അച്ഛന്‍ അടുക്കല്‍ എത്തുന്നത്.

അയാള്‍ പറഞ്ഞു : "വരൂ മോളേ!"

     അര്‍ത്ഥം മനസ്സിലാക്കാനാവാതെ അവള്‍ അമ്പരന്നു നിന്നതേയുള്ളൂ.

അയാള്‍ വീണ്ടും പറഞ്ഞു : "നിന്നെ വീട്ടിലേക്ക് കൊണ്ടുപോകാനാണ്‌ ഞാന്‍ വന്നത്... വരൂ..."

     അപ്പോഴും അവള്‍ അനങ്ങിയില്ല. വീട്ടിലേക്കോ? ഏത് വീട്? ആരുടെ വീട്?

     അവളുടെ മുഖത്തെ ശൂന്യത കണ്ട് വൃദ്ധന്‍ വീണ്ടും പറഞ്ഞു : "വിഷമിക്കേണ്ട. നിന്നെ എന്നും കൊല്ലാക്കൊല ചെയ്തിരുന്നവനല്ലേ?നിന്നെയും കുട്ടിയെയും ശരിക്കും കൊല്ലുന്നതിനുമുമ്പ്, നീ അവനെ കൊന്നുപോയീന്നല്ലേ ഉള്ളൂ! സാരമില്ല ഞാന്‍ അവന്‍റെ അച്ഛനാണ്. എന്നും എനിക്കവനെ അറിയാം. അച്ഛനായിപ്പോയിട്ടും അറിയാം. ശരിക്കും അറിയാം."

     ഇപ്പോഴും ഒരര്‍ത്ഥവും പിടികിട്ടാതെ അവള്‍ പകച്ചു. പിന്നെയും മടിച്ചറച്ചുനില്‍ക്കുന്നതുകണ്ട് ആ അച്ഛന്‍ വീണ്ടും പറഞ്ഞു:

"നമുക്ക് ആ പിഞ്ചുകുട്ടിയെ വളര്‍ത്തണ്ടേ? അതെന്തു പിഴച്ചു, അച്ഛനുമമ്മയും ഇല്ലാതെ വളരുവാന്‍...? മുലപ്പാല്‍ കിട്ടാതെ വളരുവാന്‍...?അതെങ്കിലും തന്‍റെ തന്തേപ്പോലെ തലതിരിഞ്ഞു വളരാതിരിക്കണ്ടേ...? പറയൂ... അതിനതിന്‍റെ അമ്മേടെ സ്നേഹോം വാത്സല്യോം കിട്ടി വളരണ്ടേ...? മനസ് നിറഞ്ഞു വളരണ്ടേ...?

     ഇപ്പോള്‍ പൊടുന്നനെ അവളുടെ മുഖം മാറി. എന്തോ, ഏതോ ഒരര്‍ത്ഥത്തിന്‍റെ പൊരുള്‍ മനസ്സില്‍ തിടംവച്ചു വളര്‍ന്നു. മുഖത്തെ വിളര്‍ച്ചയില്‍, ഉത്കണ്ഠയും സ്നേഹവും വേദനയും വയ്യായ്കയും എല്ലാം നിറം കലര്‍ത്തി. കുട്ടിയുടെ ഓര്‍മ്മ അവളെ വല്ലാതെ തളര്‍ത്തി. അവള്‍ വെറും ഒരമ്മ മാത്രമായി മാറി, അലമുറ പോലെ ചോദിച്ചു :

"ഉവ്വോ? അവനെന്നെയോര്‍ത്ത്, വാശി പിടിക്കുന്നുവോ? കാണാന്‍ കൊതിച്ച് കരയുന്നുവോ?"

     മറുപടിക്ക് കാക്കാതെ ചാടി എഴുന്നേറ്റ് വീണ്ടും പറഞ്ഞു:

"ഇതാ ഞാന്‍ വരുന്നു...വരുന്നു...എനിക്കവനെ കാണണം...എനിക്കവനെ കാണണം...എനിക്കെന്‍റെ മോനെ...."

     തുടര്‍ന്ന് മുന്നില്‍ നിറകണ്ണുകളോടെ നിന്ന വൃദ്ധന്‍റെ കാല്‍ക്കല്‍ മുമ്പിട്ടു വീണ് കെഞ്ചി:

"അച്ഛാ! ഈ പാപിയെ ഒന്നു കൊണ്ടുപോകൂ... എന്‍റെ പൊന്നുകുട്ടനെ ഒന്നു കാട്ടിത്തരൂ..."

     അവളെ ചുമലില്‍ പിടിച്ചുയര്‍ത്തി, ചേര്‍ത്തു പിടിച്ച് ശിരസ്സില്‍ ചുംബിച്ച് വൃദ്ധന്‍ ആശ്വസിപ്പിച്ചു:

"നീ പാപിയല്ല മോളേ! ഭാഗ്യഹീന... വെറും വെറും ഒരു ഭാഗ്യഹീന. വിധിയുടെ കെടുതിയില്‍പ്പെട്ട് ഗതികെട്ട ഒരു പാവം പെണ്ണ്. സാരമില്ല... എല്ലാം മറക്കൂ... വരൂ... നിനക്കച്ഛനായി സ്വീകരിക്കുവാന്‍ തോന്നിയ, മറ്റൊരു ഭാഗ്യഹീനനായ, ഈ വൃദ്ധന്‍റെ ഒപ്പം പോന്നോളൂ..."

     നടന്നുതുടങ്ങിയ ആ വൃദ്ധന്‍റെ പിന്നാലെ ഒരു പാവയെപ്പോലെ അവള്‍ നടന്നു.

     വിളിച്ചുകൊണ്ടുപോകുവാന്‍ വന്ന ആ വൃദ്ധന്‍റെ സ്വന്തം മകനെ കൊന്ന, ചെന്നെടുത്ത് പുണര്‍ന്നു വളര്‍ത്തുവാന്‍ വെമ്പുന്ന ശിശുവിന്‍റെ സ്വന്തം അച്ഛനെ കൊന്ന, അവള്‍ ആ പുതിയ അച്ഛന്‍റെ പിന്നാലെ നടന്നു.

....എനിക്കെന്‍റെ കുട്ടി....കുട്ടി....

....കുട്ടീ!!!

....ഈശ്വരാ! എന്‍റെ കുട്ടി....

Thursday, March 31, 2022

പുതിയ വീട്





- മാധവിക്കുട്ടി


     അമ്മച്ചി മകന്‍ നീട്ടിയ കടലാസുകളില്‍ യാതൊരു സങ്കോചവും കൂടാതെ തന്‍റെ കയ്യൊപ്പ് പതിച്ചുകൊടുത്തു. തിരുവല്ലയിലെ പഴയ വീട് വിറ്റ്‌ കഴിയുന്നതും വേഗം, തന്നെയും അപ്പച്ചനെയും ഒരു പുതിയ വീട്ടില്‍ താമസിപ്പിക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്ന് കുറുവച്ചന്‍ പറഞ്ഞുവല്ലൊ.

     മഴക്കാലത്ത് പലയിടത്തും ചോര്‍ന്നിരുന്നു. കെട്ടുറപ്പില്ലാത്ത വീട്. പ്രിയപ്പെട്ടതെങ്കിലും തണുപ്പ് തട്ടാതെ അകത്തുകഴിയാന്‍ വിഷമം അനുഭവപ്പെട്ടിരുന്നു.

     മകന്‍റെ ഭാര്യ വടക്കേ ഇന്ത്യാക്കാരിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥയും. എന്നിട്ടും തങ്ങളെ ഒരുമാസക്കാലം വിശ്രമിക്കാനായി പൂനയിലേക്ക് ക്ഷണിച്ചുവരുത്തി. ഭാഷ ഒരു പ്രശ്നമായിരുന്നു. പക്ഷെ, അന്യത്വം അനുഭവപ്പെട്ടതേയില്ല. ഇടയ്ക്കിടെ ആ സ്ത്രീ അപ്പച്ചനെയും തന്നെയും നോക്കി മനോഹരമായി പുഞ്ചിരിച്ചു. ഒന്നിച്ച് ഭക്ഷണം കഴിച്ചു. കുറുവച്ചന്‍ ഭാഗ്യവാനാണെന്ന് തോന്നിപ്പോയി.

     കുറുവച്ചന് ഉദ്യോഗം ഉണ്ടായിരുന്നില്ല. പലപ്പോഴും വര്‍ത്തമാനക്കടലാസുകളില്‍ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടു, എം ഐ വര്‍ഗീസ്‌ എന്ന യഥാര്‍ത്ഥനാമത്തില്‍. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളെപ്പറ്റിയാണ് കുറുവച്ചന്‍ എഴുതിയത്. ലേഖനങ്ങള്‍ക്ക് കാര്യമായ പ്രതിഫലമൊന്നും കിട്ടിയില്ല. പക്ഷെ, ഭാര്യ ധനികയായിരുന്നു, സമൂഹത്തില്‍ ആദരണീയയും. കുരുവച്ചന്‍ ഭാഗ്യവാനാണെന്ന് തിരുവല്ലക്കാരും പറഞ്ഞിരുന്നു, പ്രത്യേകിച്ചും വികാരി സക്കറിയാ അച്ചന്‍.

     ദുബായ്ക്കാരന്‍ ഒരു മുസ്ലീമാണ് തങ്ങളുടെ വീട് വാങ്ങിക്കുന്നത് എന്ന്‍ കുറുവച്ചന്‍ പറഞ്ഞു. അതുപൊളിച്ച് അവിടെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് നിര്‍മ്മിക്കാന്‍ ഉദ്ദേശ്യമുണ്ടെന്നും കേട്ടു. കുറുവച്ചനെ പിച്ചവയ്പ്പിച്ച മുറ്റത്ത് ഇനി കച്ചവടക്കാര്‍ ഇരിക്കും. അവര്‍ കൂടുതല്‍ ധനികരാവും. വര്‍ക്കത്തുള്ള സ്ഥലമാണ്‌. യാതൊരു വിപത്തും തങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്നില്ല.

     ഒരു മാസം പോയത് എത്ര വേഗത്തോടെയാണ്! സമയം പോയത് അറിഞ്ഞതേയില്ല.

     വീടുവിറ്റ കാശ് എവിടെയെന്ന് അമ്മച്ചി പലതവണയും ഭര്‍ത്താവിനോട് ചോദിച്ചു. ഉത്തരം പറഞ്ഞില്ല. മകനോട് ചോദിക്കാന്‍ ധൈര്യപ്പെട്ടില്ല. പുതിയ വീടിന് എത്ര വിലയായി എന്ന് ഒരിക്കല്‍ ചോദിച്ചു. 

മകന്‍ പറഞ്ഞു : ''അമ്മച്ചി അതിനെപ്പറ്റിയൊന്നും ചിന്തിക്കണ്ട. ഒരാഴ്ചയ്ക്കകം പൂനയില്‍നിന്ന് നമുക്ക് പുറപ്പെടാം.''

"വീട് തിരുവല്ലയില്‍ത്തന്നെയാണോ?" - അമ്മച്ചി ചോദിച്ചു.

"അടുത്താണ്. ഒന്നാംതരം കെട്ടിടം. അമ്മച്ചിയെയും അപ്പച്ചനെയും ശുശ്രൂഷിക്കാന്‍ ആളുകളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്."

"അതൊന്നും വേണ്ട. ഞാന്‍ ഉണ്ടാക്കിയ ചോറും മത്സ്യക്കറിയും മാത്രമേ നിന്‍റെ അപ്പച്ചന്‍ കഴിക്കുള്ളു." - അമ്മച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു.

     പൂനയില്‍നിന്ന് വിമാനത്തിലാണ് കുറുവച്ചന്‍ തന്‍റെ മാതാപിതാക്കളെ കൊച്ചിയിലേക്ക് എത്തിച്ചത്. ഒരു രാത്രി ഹോട്ടലില്‍ ഉറങ്ങി. രാവിലെ ടാക്സിയെടുത്ത് യാത്രയായി.

     തന്‍റെ പുതിയ ഗൃഹം കാണാന്‍ അമ്മച്ചി ധൃതി പിടിച്ചു.

"ഓടിട്ട പെരയാണോ കുറുവച്ചാ." - അവര്‍ ചോദിച്ചു.

     മകന്‍ ഒന്നും പറഞ്ഞില്ല.

     ഒടുവില്‍ ടാക്സി നിന്നത് വിശാലമായ ഒരു മാളികയ്ക്ക് പുറത്താണ്. കാവല്‍ക്കാരന്‍ ഓടിവന്ന് ഗേറ്റ് തുറന്നു. വൃദ്ധസദനം എന്നാ പേര് ഗേറ്റിന് മുകളില്‍ ആര്‍ക്കും വായിക്കാമായിരുന്നു.

"നമുക്ക് വഴി തെറ്റിയോ മോനേ?" - അമ്മച്ചി ചോദിച്ചു.

"ഇല്ല. ഇവിടെ കുറച്ചുകാലം താമസിച്ചാല്‍ മതി. മറ്റേ വീട് റെഡിയായിട്ടില്ല. മഴക്കാലം കഴിഞ്ഞാല്‍ ഉടനെ ആ വീട്ടിലേക്ക് താമസം മാറ്റാം." - കുറുവച്ചന്‍ പറഞ്ഞു.

     പിന്നീട് അമ്മച്ചിക്ക് തന്‍റെ മകനെ കാണാന്‍ ഭാഗ്യമുണ്ടായില്ല. അപ്പച്ചന്‍ മരിച്ചിട്ടും കുറുവച്ചന്‍ വന്നില്ല. കുറുവച്ചന്‍ ഭാര്യയോടൊപ്പം സ്വിറ്റ്സര്‍ലന്‍ഡില്‍ പോയിരിക്കയാണെന്ന് അച്ചനും കന്യാസ്ത്രീകളും അമ്മച്ചിയെ അറിയിച്ചു. 'ബന്ധുക്കളെ അറിയിക്കണ്ടേ?' എന്ന് അവരില്‍ ഒരാള്‍ ചോദിച്ചു. ബന്ധുക്കളുടെ പേരുകള്‍ ഓര്‍മ്മയില്‍ വന്നില്ല.

"എനിക്ക് ആരെയും ഓര്‍മ്മയില്ല." - അമ്മച്ചി ഒരു പകച്ച നോട്ടത്തോടെ പിറുപിറുത്തു.


(2007 ഓഗസ്റ്റ് 10നുള്ള സമകാലിക മലയാളം  വാരികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ കഥ മാധവിക്കുട്ടിയുടെ അസമാഹൃത കഥകളുടെയും നാടകങ്ങളുടെയും തിരക്കഥയുടെയും സമാഹാരമായ 'സ്ത്രീ'-യില്‍ നിന്നുമെടുത്താണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. D C Books ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.)

Image 

Wednesday, March 30, 2022

ഭാരതം!

 






- ഓ വി വിജയന്‍


     മഹാഭാരതം കേട്ടെഴുതുന്നതിന്‍റെ തിരക്ക്. വ്യാസന് കേട്ടെഴുത്തുകാരനെ വിശ്വാസമായിരുന്നു.

"ഗണേശന് ചുരുക്കെഴുത്ത് പിഴയ്ക്കില്ല." - മഹര്‍ഷി പറഞ്ഞു.

     അതുകൊണ്ട് അദ്ദേഹം ചൊല്ലിക്കൊടുത്തത് പുറകോട്ടുചെന്ന് വായിച്ചു നോക്കാന്‍ മെനക്കെട്ടില്ല.

     എന്നാല്‍ ഭഗവത്‌ഗീതയില്‍ 'ചാതുര്‍വര്‍ണ്യം മയാസൃഷ്ടം' എന്ന ഭാഗം കഴിഞ്ഞപ്പോള്‍, അത് സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതാണെന്ന് വ്യാസന് തോന്നുകയും, അക്കാരണത്താല്‍ പ്രസിദ്ധീകരണത്തിനുമുമ്പ് ഒന്നുകൂടി തിരുത്തണമെന്ന് നിശ്ചയിക്കുകയും ചെയ്തു.

     ഗണേശന്‍ അന്ന് വരുന്നതിനുമുമ്പുതന്നെ ഈ വീണ്ടുവായന കഴിയ്ക്കാനായി വ്യാസന്‍ താളിയോലകള്‍ പുറത്തെടുത്തു. അദ്ദേഹം നടുങ്ങി. ഭഗവാന്‍ തന്നെയാണ് ജാതി സൃഷ്ടിച്ചതെന്നിരിക്കിലും അധകൃതര്‍ക്ക്, ലത്തീന്‍ ക്രിസ്ത്യാനികള്‍ക്കടക്കം, ഒട്ടധികം ആനുകൂല്യങ്ങള്‍ അവിടുന്ന് എഴുതിവച്ചിരുന്നു. ആ ശ്ലോകങ്ങള്‍ കാണാനില്ല.

     ഗണേശന്‍ വന്നപ്പോള്‍ ഇക്കാര്യം വ്യാസന്‍ പറഞ്ഞു. ഗണേശന്‍ അഹന്തക്കാരനാണെന്ന് നമുക്കറിയാമല്ലോ. താന്‍ എഴുതുന്ന വേഗതയില്‍, മിനിട്ടിന് എണ്‍പത് വാക്ക്, വ്യാസന്‍ ദ്രുതകവനം ചെയ്യണം എന്നായിരുന്നുവല്ലോ അവന്‍റെ നിര്‍ബന്ധം.

     ഏതായാലും നഷ്ടപ്പെട്ട ശ്ലോകങ്ങളെ പിന്നെപ്പോഴെങ്കിലും എഴുതാമെന്ന് സമാധാനിച്ച് വ്യാസന്‍ കവനം തുടര്‍ന്നു.

     എഴുതിവരുന്ന മഹാഭാരതം മാത്രമല്ല, മറ്റ് പല ഗ്രന്ഥങ്ങളുടെയും ഓലത്താളുകള്‍ കാണാനില്ലാതായിരിക്കുന്നുവെന്ന് വ്യാസന്‍ മനസ്സിലാക്കി. അപ്പോള്‍ ഒരോലത്താളിന്‍റെ കെട്ട് നിലത്തുകിടക്കുന്നത് കണ്ടു. അതിനെയെടുത്ത് പരിശോധിച്ചുനോക്കി. മനസ്സില്‍ കൈപ്പുറ്റ സംശയം നിറഞ്ഞു. ഏതും ഉരിയാടാതെ മഹര്‍ഷി വിളക്കണച്ചു കാത്തിരുന്നു.

     പാതിരയ്ക്ക് കിരുകിരാ ശബ്ദം. ഇരുട്ടില്‍ ഒരു നീണ്ട മുഖം ചുവട്ടില്‍നിന്ന് പൊങ്ങിവരുന്നു. വായതുറന്ന് അത് താളിയോലക്കെട്ടുകളുടെ നേര്‍ക്കടുക്കുന്നു. ഇപ്പോള്‍ പൈശാചികങ്ങളായ വെളുത്ത പല്ലുകള്‍ കാണാം. അവ ഓലക്കെട്ടുകളെ ആക്രമിക്കുകയാണ്.

     വ്യാസന്‍ വടിയെടുത്ത് ആ ജന്തുവിന്‍റെ പുറത്തു തല്ലി. അത് നിലവിളിച്ചുചാടി ജനാലയിലൂടെ പുറത്തേയ്ക്കോടി.

     നിലാവില്‍ വ്യാസമഹര്‍ഷി വ്യക്തമായി കണ്ടു. ഒരു പടുകൂറ്റന്‍ എലി - ഗണപതിയുടെ എലി.

     വ്യാസനും ഗണേശനും ഒന്നും ചെയ്യാന്‍ വയ്യാത്ത പരുവമായി. രണ്ടുപേര്‍ക്കും ചൊല്ലുന്നതിലും എഴുതുന്നതിലും താത്പര്യമില്ലാതായി. എഴുതിയിട്ടെന്തു കാര്യം! അസ്തിത്വവാദികള്‍ പറയുന്നതുപോലെ എല്ലാം എലിതിന്നുപോകുന്നു.

     മഹാഭാരതത്തിലെ വിടവുകള്‍ നികത്തപ്പെടാതെ കിടന്നു; ഇന്നും കിടക്കുന്നു. എലി കരണ്ടു പോയതാണെന്ന് പറഞ്ഞാല്‍ മൌലികവാദികള്‍ ബഹളമുണ്ടാക്കും. പക്ഷെ നല്ലവന്മാരായ മൌലികവാദികള്‍ ഇങ്ങനെയും പറയുന്നു:

"ഭഗവാനാണ് ജാതിയുണ്ടാക്കിയതെന്ന് പറയുന്നത് ശരിതന്നെ. എന്നാല്‍ സംവരണവും ഭഗവാന്‍ സൃഷ്ടിച്ചു. ആ വിവരങ്ങളാണ് കള്ളനായ ഈ എലി കരണ്ടുതിന്നത്. എത്ര ശതമാനമാണ് സംവരണമെന്ന കാര്യത്തില്‍ ഭഗവാന്‍റെ നിയമം നമുക്ക് ലംഘിച്ചു കൂടാ. ആ കണക്കുകളെല്ലാം എലി തിന്നുപോയി. ഭഗവാന്‍ വീണ്ടും അവതരിച്ച് കണക്കുകള്‍ വെളിവാക്കുന്നതുവരെ സംവരണം പ്രായോഗികമാക്കാതിരിക്കുകയാണ് നല്ലത്."

     കേട്ടെഴുതിയ്ക്കുന്നതിന്‍റെ പ്രശ്നങ്ങള്‍ ഇതൊക്കെയാണ്.

Monday, February 28, 2022

വിധി








പ്രതി ചോദിച്ചു :
"ആരാണ് വാദി?"

പ്രോസിക്യൂട്ടര്‍ വാദിയെ ചൂണ്ടിക്കാണിച്ചു.

പ്രതി ചിരിച്ചു.
"ഇത് വാദിയുടെ അനിയനാണ്."

കോടതി അത് ശ്രദ്ധിക്കുകയും കുറിച്ചെടുക്കുകയും ചെയ്തു.

"വാദിയെ ഞാന്‍ കൊന്നു. വാദി മരിച്ചുപോയി. കൊലക്കുറ്റത്തില്‍ വാദി മൃതനാണ്. വാദിയില്ലാതെ എങ്ങനെ പ്രതിയുണ്ടാകുന്നു? കേസുണ്ടാകുന്നു? കോടതിയുണ്ടാകുന്നു?"

"ആരുണ്ടായാലും ആരില്ലാതായാലും നിങ്ങള്‍ കുറ്റവാളി തന്നെയല്ലേ?" - കോടതി ചോദിച്ചു.

"പരാതിക്കാരനുണ്ടാകുമ്പോഴാണ് കുറ്റമുണ്ടാകുന്നത്. കുറ്റവാളിയെ തേടുന്നത്. ഇത്തരുണത്തില്‍ പരാതിക്കാരന്‍ മണ്‍മറഞ്ഞിരിക്കുന്നു."

"പരാതിക്കാരന്‍ അനിയനാണ്."

"അനിയനെ ഞാന്‍ കൊന്നില്ല. കൊല്ലാന്‍ ശ്രമിക്കപോലും ചെയ്തില്ല."

കോടതി വിഷമിച്ചു. വിധി പിറ്റേന്നേക്ക് മാറ്റിവച്ചു.

പിറ്റേന്നത്തെ വിധി -
"വാദി ഹാജരില്ലാത്തതുകൊണ്ട് കേസ് തള്ളിയിരിക്കുന്നു. പ്രതിക്ക് പോകാം."

കഥ ഇവിടെ തീര്‍ന്നു.

ചരിത്രം : പ്രസ്തുത വിധി മുതലാണത്രേ കൊലക്കുറ്റത്തിന് വാദി സര്‍ക്കാര്‍ ആയത്.

Thursday, February 10, 2022

ദലമര്‍മ്മരങ്ങള്‍

 







- ഗിരീഷ് പുത്തഞ്ചേരി 



പാടുന്നൂ വിഷുപ്പക്ഷികള്‍, മെല്ലെ

മേടസംക്രമസന്ധ്യയില്‍...

ഒന്നു പൂക്കാന്‍ മറന്നേപോയൊരു

കൊന്നതന്‍ കുളിര്‍ച്ചില്ലമേല്‍...


കാറ്റു തൊട്ടുവിളിച്ചു മെല്ലെ നിന്‍

കാതിലോരോന്നു ചൊല്ലവെ...

കേട്ടുവോ, നിന്‍റെ ബാല്യകാലത്തിന്‍

കാല്‍ച്ചിലമ്പിലെ മര്‍മ്മരം...


മാവുപൂത്ത തൊടികളും, മുറ്റ-

ത്താദ്യം പൂവിട്ട മുല്ലയും...

ആറ്റുതീരത്തിലഞ്ഞിക്കാവിലെ

ആര്‍ദ്രമാം ശംഖനാദവും...


നന്മ തോറ്റുവാനെത്തും പാണന്‍റെ

നന്തുണിപ്പാട്ടിന്നീണവും...

ഒറ്റത്താമര മാത്രം പൂവിടും

പുണ്യകാലപ്പുലരിയും...


രാത്രിയില്‍, മുളംകാട്ടില്‍ നിന്നാരോ-

മൂളും, ഹിന്ദോളരാഗവും...

സ്വപ്നത്തില്‍ മാത്രം കണ്ട ഗന്ധര്‍വന്‍

സത്യത്തില്‍, മുന്നില്‍ നില്‍പ്പതും...


ഏതോ ലജ്ജയാല്‍, നീ മുഖം, തുടു-

ത്താകെ വാടിത്തളര്‍ന്നതും...

ഓര്‍മ്മകള്‍, മഞ്ഞുപാളികള്‍ മാറ്റി

ഇന്നും നിന്നെ വിളിക്കവേ...

സ്നേഹസാന്ദ്രമായ് പൂക്കുന്നു, നീയീ

പാഴ്ത്തൊടിയിലെ കൊന്നപോല്‍...


(ശ്രീ. V K പ്രകാശ്‌ സംവിധാനം നിര്‍വഹിച്ച്, 2000ല്‍ പുറത്തിറങ്ങിയ പുനരധിവാസം എന്ന ചിത്രത്തില്‍ ഈ കവിത ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സംഗീതം നല്‍കി ആലപിച്ചത് ശ്രീ. G വേണുഗോപാല്‍ ആണ്. അദ്ദേഹവും മകന്‍, അരവിന്ദ് വേണുഗോപാലും ചേര്‍ന്ന് ഈ കവിത (ഗാനം) ആലപിക്കുന്ന മറ്റൊരു വേര്‍ഷന്‍ ഇവിടെ ആസ്വദിക്കാം.)