Thursday, September 7, 2023

പിരിഞ്ഞിട്ടും പിരിയാത്ത സ്നേഹം


 

 

 

 

 

 

 

- മമ്മൂട്ടി

 

     വക്കീല്‍പണി തുടങ്ങിയ കാലം. തുടങ്ങിയ കാലമെന്ന് പറയുമ്പോള്‍ അത് അധികം നീണ്ടുനിന്നിട്ടില്ലെന്ന് അറിയാമല്ലോ. നിയമം, കോടതി, കേസ് എന്നെല്ലാം കേട്ടാല്‍ ആകെയൊരു പരിഭ്രമമാണ്. ആദ്യമായി കോടതിക്കു മുന്നില്‍ വാദിച്ച ദിവസം എനിക്ക് മുട്ടിടിക്കുകയായിരുന്നു. അന്നെല്ലാം കോടതികളില്‍നിന്ന് കോടതികളിലേക്ക് നടന്ന് കേസ് കേട്ടുപഠിക്കുകയാണ് ചെയ്തത്.

     മഞ്ചേരി കോടതിയിലെ ആ കേസ് ഞാനാദ്യം ശ്രദ്ധിച്ചത് കേസുകളിലുള്ള താത്പര്യം കൊണ്ടാണ്. പ്രായം അറുപത് കഴിഞ്ഞ നല്ല സുന്ദരിയായൊരു ഭാര്യയും കൃഷിക്കാരനെപ്പോലെയുള്ള ലളിതവസ്ത്രധാരിയായ എഴുപത്തിരണ്ടുകാരന്‍ ഭര്‍ത്താവും. എല്ലാ കക്ഷികളെയും പോലെ അവരും അതികാലത്ത് കോടതി വരാന്തയിലെത്തും. മിക്കപ്പോഴും വൈകുന്നേരം വരെ അവിടെത്തന്നെ കാണും. ഭര്‍ത്താവിനെതിരെ ചെലവിനു കിട്ടാന്‍ ഭാര്യ കേസ് കൊടുത്തിരിക്കുകയാണ്. അന്ന് മഞ്ചേരി കോടതിയില്‍ ഇത്തരം ധാരാളം കേസുകളുണ്ട്. പലതും സത്യസന്ധമായ കേസുകള്‍. ചിലത് ബന്ധുക്കള്‍ തമ്മിലുള്ള പോരിന്‍റെ പേരില്‍ കൊടുത്ത കേസുകള്‍. ഭാര്യയ്ക്കോ ഭര്‍ത്താവിനോ അതില്‍ പങ്കുണ്ടാകില്ല.

     പതുക്കെപ്പതുക്കെ ഞാനിവരെ ശ്രദ്ധിക്കാന്‍ തുടങ്ങി. സ്ത്രീ വന്നിരിക്കുന്നത് അവരുടെ സഹോദരന്മാരുടെ കൂടെയാണ്. കണ്ടാലറിയാം കേസ് നടത്തുന്നത് സഹോദരന്മാരുടെ ആവശ്യമാണെന്ന്. ഭര്‍ത്താവ് ബസ്സില്‍ കയറി ആരുടെയും തുണയില്ലാതെ വരും.

     കോടതിക്കകത്ത് തലങ്ങും വിലങ്ങും പോരാടുമെങ്കിലും ഞങ്ങള്‍ കുട്ടിവക്കീലന്മാര്‍ ഒരു സിഗരറ്റ് മാറി വലിക്കുകയും ഒരു ചായ പകുത്തു കുടിക്കുകയും ചെയ്യുന്നവരാണ്. പക്ഷെ കൂട്ടില്‍ നില്‍ക്കുന്ന കക്ഷികളുടെ മുന്നില്‍ ഈ സൌഹൃദമൊന്നും കാണിക്കാറില്ല. കേസ് ജയിക്കാനും അവതരിപ്പിക്കുന്ന കാര്യങ്ങള്‍ കോടതിക്ക് മുന്നില്‍ ഉറപ്പിക്കാനും ഞങ്ങള്‍ കടിച്ചുകീറും. മാനുഷിക പരിഗണനയില്‍ ചോദ്യം ചോദിക്കാതിരുന്നാല്‍ കേസ് കുളമാകും.

     ഈ വൃദ്ധന്‍റെ കേസിലും സ്ഥിതി മറിച്ചായിരുന്നില്ല. അദ്ദേഹത്തോട് കടുത്ത ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ വളരെ പതിഞ്ഞ ഭാഷയില്‍ ഉത്തരം പറഞ്ഞുകൊണ്ടിരുന്നു. അത് കേള്‍ക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചത് സ്ത്രീയുടെ മുഖമായിരുന്നു. ഭര്‍ത്താവിനോടുള്ള മാഞ്ഞുപോകാത്ത സ്നേഹവും ബഹുമാനവും ആ മുഖത്തുണ്ടായിരുന്നു. ഓരോ ചോദ്യവും അവരുടെ നെഞ്ചിലും കൂടി തറയ്ക്കുന്നുണ്ടെന്ന് ഉറപ്പായിരുന്നു.

     വിചാരണയ്ക്കുശേഷം കൂട്ടില്‍ നിന്നിറങ്ങുമ്പോള്‍ അയാള്‍ ഭാര്യയെയൊന്ന് നോക്കും. അയാളുടെ മുഖത്ത് വിങ്ങിപ്പൊട്ടാന്‍ നില്‍ക്കുന്ന കുറേ വിചാരങ്ങള്‍ കാണാമായിരുന്നു.

     ഭാര്യയുടെ വിചാരണ നടക്കുമ്പോള്‍ വൃദ്ധന്‍ കൂട്ടില്‍ നില്‍പ്പുണ്ട്. പ്രായവും സ്ത്രീത്വവും കടന്നുപോകുന്നതായിരിക്കും പലപ്പോഴും കോടതിയുടെ മുന്നില്‍ നിന്നുള്ള ചോദ്യങ്ങള്‍. സ്ക്കൂളിന്‍റെ വരാന്ത പോലും കാണാത്ത ആ സ്ത്രീ എതിര്‍വിചാരണ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും വക്കീല്‍ പഠിപ്പിച്ചതൊക്കെ മറന്നു.

     നാടന്‍ഭാഷയില്‍ കളങ്കമില്ലാത്ത വാക്കുകളില്‍ അവര്‍ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. കള്ളം പറയേണ്ടി വരുന്നതിലെ വിങ്ങല്‍ അവരുടെ വാക്കുകളില്‍ പ്രകടമായിരുന്നു. ഭര്‍ത്താവിന്‍റെ ക്രൂരതയേയും സ്നേഹമില്ലായ്മയേയും പീഡനത്തേയും കുത്തഴിഞ്ഞ ജീവിതത്തേയും കുറിച്ച് വക്കീല്‍ അവരോട് ചോദിച്ചപ്പോള്‍ കേട്ടുനിന്ന വൃദ്ധന്‍റെ കണ്ണുകള്‍ പതുക്കെ നിറഞ്ഞു. ഒരാശ്രയത്തിനുവേണ്ടി അയാള്‍ നാലുവശത്തേക്കും കണ്ണോടിച്ചു. താങ്ങിനുവേണ്ടി കൂടിന്‍റെ അഴികളിലേക്ക് കയ്യൂന്നി ചേര്‍ന്നുനിന്ന് ഭാര്യയെയൊന്ന് നോക്കി. മനസ്സിലുള്ളത് പറയാനാകാതെ ആ സ്ത്രീ പൊട്ടിപ്പൊട്ടിക്കരഞ്ഞു.

     അവരുടെ നിലവിളി കോടതിയിലുള്ള ഓരോരുത്തരുടെയും നെഞ്ചിലൂടെ കടന്നുപോയെന്നാണ് ഞാന്‍ കരുതുന്നത്. പെറുക്കിപ്പെറുക്കി പറയുന്ന വാക്കുകള്‍ക്കിടയില്‍ എവിടെയോ വച്ച് ആ സ്ത്രീ ഒരു ഏങ്ങലോടെ 'നിയ്ക്ക് വയ്യ' എന്നും പറഞ്ഞ് കൂട്ടില്‍ തളര്‍ന്നുവീണു. കോടതിയില്‍ മൊട്ടുസൂചിയിട്ടാല്‍ കേള്‍ക്കാവുന്ന നിശബ്ദത.

     പെട്ടെന്ന് അയാള്‍ കൂട്ടില്‍നിന്നറങ്ങി ഭാര്യയെ താങ്ങി എഴുന്നേല്‍പ്പിച്ചു. തോളിലെ തോര്‍ത്തു കൊണ്ട് മുഖം തുടച്ച ശേഷം നെഞ്ചോടുചേര്‍ത്ത് നിര്‍ത്തി പതുക്കെ നടന്നു തുടങ്ങി.

     കോടതിയുടെയോ വക്കീലിന്‍റെയോ അനുമതിയില്ലാതെ അവരെ കുട്ടികളെ തോളത്ത് ചേര്‍ത്തു പിടിക്കുന്നതുപോലെ പിടിച്ച് അയാള്‍ വക്കീലന്മാര്‍ക്കിടയിലൂടെ പുറത്തിറങ്ങി. പടിയിറങ്ങുംമുമ്പ് തിരിഞ്ഞുനിന്ന് ഞങ്ങളെ നോക്കിയപ്പോള്‍ ആ കണ്ണുകളില്‍ കണ്ടത് പകയല്ലായിരുന്നു. കോടതികള്‍ക്ക് അളക്കാന്‍ പറ്റാത്ത ആഴങ്ങളിലുള്ള സ്നേഹമായിരുന്നു. 22 വര്‍ഷംമുമ്പ് വീട്ടില്‍നിന്ന് ഇറക്കിവിടപ്പെട്ട ആ മനുഷ്യന്‍ അതിനുശേഷം അന്ന് ആദ്യമായി തന്‍റെ ഭാര്യയെ തൊടുകയായിരുന്നു; അവരോട് സംസാരിക്കുകയായിരുന്നു. വീട്ടുകാരുടെ കുടിപ്പകയ്ക്കിടയിലും അവരിരുവരും വാക്കുകള്‍ പോലുമില്ലാതെ വെറും നോട്ടം കൊണ്ട് നെഞ്ചിലെ അണയാത്ത സ്നേഹം കൊണ്ടുനടന്നു. കൊടുങ്കാറ്റുകള്‍ക്കിടയിലൂടെ കെടാതെയൊരു നെയ്‌ വിളക്ക് കൊണ്ടുപോകുന്നതുപോലെ. അന്ന് ആ കേസ് അവധിക്കുവച്ചു. പിന്നീടൊരിക്കലും ഒരവധിക്കും അവരിരുവരും കോടതിയില്‍ വരികയുണ്ടായില്ല.

     അച്ഛനെയോ അമ്മയെയോ മക്കളെയോ വാക്കുകൊണ്ട് തള്ളിപ്പറഞ്ഞാലും നിയമം കൊണ്ട് ബന്ധം വേര്‍പ്പെടുത്താനാകില്ല. പക്ഷേ, ഭാര്യയെയും ഭര്‍ത്താവിനെയും നിയമം കൊണ്ട് വേര്‍പ്പെടുത്താം. അച്ഛനും അമ്മയും മക്കളും എല്ലാം ഉണ്ടാകുന്നതും എല്ലാ ബന്ധങ്ങളുടെ അടിത്തറയും ഇതാണുതാനും. സ്നേഹം കൊണ്ടുമാത്രം ചേര്‍ക്കപ്പെട്ട ഈ ബന്ധം നിയമം കൊണ്ട് വേര്‍പ്പെടുത്താനാകില്ലെന്ന് അന്നെനിക്ക് ബോധ്യമായി.

     എന്‍റെ ഭാര്യയോടൊരു വാക്ക് കടുപ്പിച്ചു പറയുമ്പോള്‍ പോലും ഓര്‍ക്കുന്നത് ആ മനുഷ്യന്‍റെ തുളുമ്പിയ കണ്ണുകളെയാണ്. വെറുമൊരു കൊച്ചു തെന്നലില്‍പ്പോലും അണഞ്ഞുപോകുന്ന ബന്ധങ്ങളെ ഞാനെത്രയോ തവണ കോടതിയിലും ജീവിതത്തിലും കണ്ടിട്ടുണ്ട്. അന്നു ഞാന്‍ കല്യാണം കഴിച്ചിട്ടില്ല. എനിക്കൊരു ഭാര്യയുണ്ടാകുമ്പോള്‍ അവരെ ഞാന്‍ ഇതുപോലെ സ്നേഹിച്ചുകൊള്ളാമെന്ന് പലപ്പോഴും പ്രതിജ്ഞയെടുത്തിട്ടുണ്ട്. കൈക്കുമ്പിളോളം സ്നേഹം കയ്യിലുണ്ടെന്നതിന്‍റെ പേരില്‍ അഹങ്കരിക്കുന്ന ഞാന്‍ അന്നുകണ്ടത് കടലായിരുന്നു. സ്നേഹത്തിന്‍റെ കലര്‍പ്പില്ലാത്ത കടല്‍. ഓര്‍മ്മയുടെ ആ കടല്‍ത്തീരത്ത് നില്‍ക്കുന്നതുപോലും മനസ്സ് കുളിര്‍പ്പിക്കുന്നു. നമുക്കും അവരെപ്പോലെ സ്നേഹിക്കാം.

 

(ഏറെ പ്രിയപ്പെട്ട ശ്രീ. മമ്മൂട്ടി എഴുതിയ, അദ്ദേഹത്തിന്‍റെ ഏതാനും ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ കാഴ്ചപ്പാട് എന്ന പുസ്തകത്തില്‍നിന്നുമെടുത്താണ് ഈ രചന ഇവിടെ ചേര്‍ത്തിരിക്കുന്നത്. 2002 നവംബര്‍ 1നാണ് അദ്ദേഹം ഇത് എഴുതിയത്. കറന്‍റ് ബുക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.)

Tuesday, August 29, 2023

ആവണിത്തിങ്കള്‍


 

 

 

- ഗിരീഷ്‌ പുത്തഞ്ചേരി

 

 

അമ്പിളിവട്ടത്തില്‍...

ആലവട്ടത്തില്‍...

അമ്പാരിച്ചന്തമോടെ...

അത്തപ്പൂച്ചമയമിണക്കി

തൃക്കാക്കര വന്നിറങ്ങീ

തിരുവോണം നാള്!

തകതരികിട ധിമിധിമിതോം

തിരുതുടിയുടെ മേളത്തില്‍

തമ്പേറിന്‍ തൃത്താളം

തകൃതത്തിമൃതത്തോം!

 

നാക്കിലയില്‍ച്ചന്ദനവും

നറുകദളിപ്പൊന്‍പഴവും

നന്നാഴിപ്പുന്നെല്ലും

പൂത്തുണര്...

പൂവട്ടി പൊലിച്ചുണര്...

പൂപ്പാട്ടിന്‍ ശ്രുതിയുണര്...

കളമെഴുതാന്‍ കൈവിരലുണര്...

കിളിമകളേ തുയിലുണര്!

 

ചിറ്റാമ്പല്‍ പൂത്തുവിണര്‍ത്തും

ചിത്തിരയുടെ പാല്‍ക്കടലാടി...

തൃക്കാക്കരയമ്പലനടയില്‍

തിരുശംഖില്‍ തീര്‍ത്ഥമൊരുങ്ങി!

മലയാളപ്പഴമകളുണര്...

മാവേലിപ്പാട്ടുകളുണര്...

നിറയോ നിറ നിറ നിറ

പൊലിയുടെ

കണിമലരേയുണരുണര്!

 

(മാതൃഭൂമി ബുക്സ് പുറത്തിറക്കിയ ഗിരീഷ്‌ പുത്തഞ്ചേരിയുടെ കവിതകള്‍ എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്. ഒരു കവിത എന്നതിലപ്പുറം, പല്ലവി, അനുപല്ലവി, ചരണം എന്ന മട്ടില്‍ ഒരു ഗാനം കണക്കെയാണ് അദ്ദേഹം ആവണിത്തിങ്കള്‍ എന്ന ഈ കവിത രചിച്ചിരിക്കുന്നത്.)

Sunday, July 30, 2023

സംതൃപ്തന്‍


 

 

 

 

 - ബാലചന്ദ്രന്‍ ചുള്ളിക്കാട്

 

അയാള്‍ ആരുമാകാം.

 

ജീവിതം അയാള്‍ക്ക് സ്വൈരം കൊടുത്തില്ല.

വിരമിക്കാന്‍ ഒരു ചാരുകസേര കൊടുത്തില്ല.

ഇണ ചേരാന്‍ ഒരിടം,

ഒരു പാത്രം മറവി,

ഇരവിലോ രാവിലോ

ഭയരഹിതമായ ഒരു നിമിഷം - ഒന്നും കൊടുത്തില്ല.

 

എന്നാല്‍ അയാളോ?

ജീവിക്കുന്ന ഓരോ നിമിഷത്തിനും

വാടക കൊടുത്തു.

ഓരോ സ്വപ്നത്തിനും നികുതി കൊടുത്തു.

അന്യരെ വില്‍ക്കാനറിയാത്തതുകൊണ്ട്

തന്നെത്തന്നെ വിറ്റുതീര്‍ത്തു.

സുഖവും ദുഃഖവും സഹിച്ചുസഹിച്ച്

അയാള്‍ വിളഞ്ഞു കടുത്തു.

 

എങ്കിലും

ചിലരെ സ്നേഹിക്കുന്നതുകൊണ്ട്

അയാള്‍ നിരാശനാകുന്നില്ല.

ചിലരാല്‍ സ്നേഹിക്കപ്പെടുന്നതുകൊണ്ട്

അയാള്‍ ആനന്ദിക്കാതിരിക്കുന്നില്ല.

അതിലധികം ആഗ്രഹിക്കാത്തതുകൊണ്ട്

അയാള്‍ ആത്മഹത്യ ചെയ്യുന്നില്ല.

 

ഒരു നിമിഷം പോലും

പൊരുതാതിരിക്കുന്നുമില്ല.

ഒടുവില്‍,

തോറ്റിട്ടും കളി തുടരുന്ന

ഈ ചതുരംഗക്കാരനോട്‌

പത്രക്കാര്‍ ചോദിച്ചു:

     "താങ്കള്‍ക്ക് മടുത്തില്ലേ?"

അയാള്‍ പറഞ്ഞു:

     "ഞാന്‍ സംതൃപ്തനാണ്."

 (കലാകൌമുദിയുടെ 1982 ഡിസംബര്‍ 19 ലക്കത്തില്‍ വന്ന ഈ കവിത, ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ ഗസല്‍ എന്ന കവിതാസമാഹരത്തില്‍ നിന്നുമെടുത്താണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്)

Thursday, July 20, 2023

കണ്ണീരിന്‍റെ വികാസം


 

 

 

 

 

- ഓ എം അനുജന്‍

 

അറിയുക, ഞാനീയുലകി-

ന്നവിരത ബാഷ്പവികാസം,

വിശാലവാനില്‍ ഗാഡാംലിംഗന-

നിലീനമങ്ങു കിടക്കെ,

എന്നിലൊതുങ്ങാദ്ദുഖം

മിന്നല്‍പ്പിണരുകളായി;

ഉള്‍ക്കളഭിത്തി തകര്‍ക്കും രോദന-

മുഗ്രമൊരിടിരവമായി

തകര്‍ന്നു നിന്നേന്‍ തെല്ലിടയേവം;

ക്ഷണികം സ്വര്‍ഗ്ഗാഭോഗം!

മലതന്‍ കുളിര്‍ ചുംബനമേ-

റ്റലിയും കണ്ണീര്‍ച്ചാലായ് ഞാ-

നൊഴുകി വാനിന്‍ കവിളില്‍ക്കൂടി-

പ്പൊള്ളും ധരയുടെ മാറില്‍

കരഞ്ഞു വീര്‍ത്തൊരു വിണ്‍ കണ്ണില്‍

കലങ്ങിനിന്നൂ ചെങ്കതിരോന്‍.

പരുത്ത പാറക്കല്ലുകളപ്പോള്‍

സ്നേഹോഷ്മളമാം ഹൃദയം

തുറന്നുതന്നൂ സദയം;

കണ്ടേനങ്ങെന്നഭയം,

അകമേയെന്നെയുറക്കി-ശ്ശില

ശിശിരിത നിദ്രയില്‍ മുങ്ങി; - ഉടല്‍

വെള്ളത്തുണിയാല്‍ മൂടി- ഒരു

കന്യക വന്നു തലോടി- ഞാ-

നവളുടെ പാണിതലത്തില്‍ കുളിരില്‍ മ-

യങ്ങിയുറങ്ങീ പല മാസം; ബീജം

മണ്ണിന്നടിയില്‍പ്പോലെ.

അദമ്യമാമെന്നുടലാവാഹി-

ച്ചുള്ളിലുറക്കിയ ശിലയോടകമേ,

നന്ദി വിജ്രുംഭിതമായ് മേ- പൊട്ടി-

ത്തകരുകയായീ ശിലയും

കല്ലുമുടയ്ക്കും കണ്ണീരില്‍

കാഠിന്യത്തെത്തഴുകുകയായ്

സ്നേഹച്ചൂടാല്‍പ്പകലോ,നപ്പോള്‍

വീണ്ടുമുണര്‍ന്നേന്‍ കുതി കൊണ്ടേന്‍

പൂവിരി തോട്ടം കാലില്‍

കണ്ടകമേല്‍പ്പിക്കാനോ

സ്വാഗതമോതീ താഴ്മയൊടപ്പോള്‍

കാനനസാനുതലങ്ങള്‍!

സമതലമെത്തിയ നേരം 

സമാശ്വസിച്ചേന്‍ പാരം; ഇ-

ത്തടിനിയൊലിച്ചങ്ങെത്തും- ഇനി

തടവിയലാതലകടലില്‍

അവിടെ ജനിച്ചവളല്ലേ, പക്ഷെ

മുടക്കി നിന്നൂ വഴി നീളെ,

ജീവിതമൂല്യമുരയ്ക്കും

നികഷോപലമെന്നോണം.

ഉലകിന്‍ കണ്ണീര്‍ മുഴുവന്‍- തന്‍

ഹൃദയാന്തത്തിലൊതുക്കും- അല-

കടലിന്‍ കരളിലൊളിച്ചേന്‍ ഞാന്‍

നിരതന്‍ കൈവിരലേല്‍ക്കെ- ച്ചിര-

രുജയുടെ തന്ത്രി മുറിഞ്ഞു;

എവിടെയുമലിയാതുള്ളെന്‍-

മിഴിനീരവിടെയലിഞ്ഞു.

എങ്ങുമടങ്ങാതുള്ളെന്‍-

തിങ്ങലുമവിടെയടങ്ങി; പക്ഷെ

എന്നിലെ വേദന, യെന്നിലെ മിഴിനീ-

രെല്ലാമുള്‍ക്കൊണ്ടതുപോലെ,

എന്നിലെ വിങ്ങലുമെന്നിലെ വീര്‍പ്പും

തന്നിലൊതുക്കിയ പോലെ

കടലിതു പാടുകയല്ലോ

കണ്ണീരിന്‍റെ വികാസം.

 

(പ്രശസ്ത കവി ഒളപ്പമണ്ണയുടെ സഹോദരനായ ഓ എം അനുജന്‍ എഴുതിയ ഈ കവിത നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച മലയാള കാവ്യസംഗ്രഹം എന്ന പുസ്തകത്തില്‍ നിന്നുമെടുത്താണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.

മലയാളത്തിന്‍റെ പ്രിയകവി ജി ശങ്കരക്കുറുപ്പ് ആണ് ഈ കൃതിയിലെ കവിതകള്‍ തിരഞ്ഞെടുത്തത്.)

Wednesday, July 5, 2023

വൈക്കം മുഹമ്മദ്‌ ബഷീര്‍ എന്ന ഞാന്‍


 

 

 

 

 

 - വൈക്കംമുഹമ്മദ്‌ ബഷീര്‍

 

     വൈക്കംമുഹമ്മദ്‌ ബഷീര്‍ എന്ന ഞാന്‍ തലയോലപ്പറമ്പിലാണ് ജനിച്ചത്. തലയോലപ്പറമ്പുകാരനായ ഞാന്‍ ഒരാളെ രക്ഷിക്കാന്‍ വേണ്ടിയാണ് വൈക്കം മുഹമ്മദ്‌ ബഷീറായത്. സര്‍ സി.പി-ക്കെതിരെ തിരുവിതാംകൂറില്‍ ജോറായി സമരം നടക്കുന്ന കാലം. ഞാന്‍ സചിവോത്തമനെ വിമര്‍ശിച്ചും പരിഹസിച്ചും ലേഖനങ്ങളും നാടകങ്ങളും എഴുതി. ഇതൊക്കെ എഴുതുന്ന മുഹമ്മദ്‌ ബഷീറിനെത്തേടി പോലീസ് നടന്നു. അവര്‍ക്ക് പരവൂര്‍കാരന്‍ മുഹമ്മദ് ബഷീറിനെ ആയിരുന്നു സംശയം. ആ സാധുമനുഷ്യനെ രക്ഷിക്കാന്‍ വേണ്ടി പേര് ഒന്നുകൂടി വ്യക്തമാക്കാന്‍ തീരുമാനിച്ചു. തലയോലപ്പറമ്പ് എന്ന സ്ഥലപ്പേര് കൂട്ടിച്ചേര്‍ത്താല്‍ പേരിനു നീളം കൂടും. അതുകൊണ്ട് താലൂക്കിന്‍റെ പേരു ചേര്‍ത്ത് വൈക്കം മുഹമ്മദ്‌ ബഷീര്‍ എന്നെഴുതി. പരവൂര്‍ മുഹമ്മദ്‌ ബഷീര്‍ രക്ഷപ്പെട്ടു.

     എന്‍റെ ബാപ്പ, കായി അബ്ദുറഹ്മാന്‍ ഉത്പതിഷ്ണുവായിരുന്നു. മുസ്ലീങ്ങള്‍ വിദ്യാഭ്യാസം ചെയ്താല്‍ കാഫിറായിപ്പോകുമെന്ന് മുസ്ലിയാക്കന്മാര്‍ പ്രസംഗിച്ചും വിദ്യാഭ്യാസത്തിന് പോകുന്നവരെ ഒറ്റപ്പെടുത്തിയും വിലസുന്ന കാലം. വക്കം മൌലവിയും മറ്റും ആധുനിക വിദ്യാഭ്യാസത്തിനുവേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ബാപ്പ ഞങ്ങള്‍ മക്കളെ സ്ക്കൂളിലയച്ചു. ആദ്യം തലയോലപ്പറമ്പ് മുഹമ്മദന്‍ സ്കൂളിലും പിന്നീട് വൈക്കം ഇംഗ്ലീഷ് ഹൈസ്കൂളിലും.

     അന്നു പത്രങ്ങള്‍ വളരെക്കുറവാണ്. വായനക്കാരും കുറവ്. വിദ്യാഭ്യാസമില്ലാത്തതുതന്നെ കാരണം. വീട്ടില്‍ പത്രം വരുത്തിയിരുന്നു. വാര്‍ത്തകള്‍ കേള്‍ക്കാന്‍ അയല്‍ക്കാരും വരും. അവരെ വായിച്ചു കേള്‍പ്പിക്കുന്ന ഡ്യൂട്ടി എനിക്കാണ്‌. ഞാന്‍ സ്റ്റൈലായി അങ്ങനെ വായിക്കും.

     പാഠപുസ്തകത്തിനപ്പുറത്തും വൈക്കം താലൂക്കിന് വെളിയിലും ഉള്ള ലോകത്തെക്കുറിച്ച് ഈ പത്രവായന എന്നെ ബോധവാനാക്കി. സ്വാതന്ത്ര്യസമരത്തിന്‍റെ ചൂടില്‍ എന്‍റെ മാതൃഭൂമി തിളച്ചുമറിയുകയാണെന്നു ഞാന്‍ മനസ്സിലാക്കി. വൈക്കം ക്ഷേത്രപ്രവേശന സത്യഗ്രഹം നടന്നുകൊണ്ടിരിക്കുകയാണ്. സ്കൂളില്‍ പോകുന്ന വഴി സത്യഗ്രഹികളുടെ അടുത്തുപോകും. പന്തലില്‍ അവരോടൊപ്പം കുറേസമയം ഇരിക്കും. അക്കാലത്താണ് ഗാന്ധിജി സത്യഗ്രഹികളെ സന്ദര്‍ശിക്കാന്‍ വന്നത്. ഞാന്‍ കണ്ടു. തുറന്ന കാറില്‍ ചിരിച്ചുകൊണ്ട് ഗാന്ധിജി. തിരക്കിനിടയിലൂടെ തുളച്ചുകയറി ഞാന്‍ കാറിനടുത്തെത്തി. ഞാന്‍ ഗാന്ധിജിയെ തൊട്ടു. എന്നെ നോക്കി ഗാന്ധിജി ചിരിച്ചു. ഞാന്‍ ഖദര്‍ സ്ഥിരമായി ധരിച്ചു തുടങ്ങി. അതിന് രാജഭക്തനായ ഹെഡ്മാസ്റ്റര്‍ എന്നെ തല്ലി. ഞാന്‍ ഖദര്‍ ഉപേക്ഷിച്ചില്ല.

     ബ്രിട്ടീഷ് ഭരണത്തിലുള്ള മലബാറില്‍ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട് നടക്കുകയാണ്. തിരുവിതാംകൂറിലും കൊച്ചിയിലും സമരമില്ല, നാട്ടുരാജ്യങ്ങളാണ്. കോഴിക്കോട്ട് ഉപ്പുസത്യഗ്രഹം നടന്നുകൊണ്ടിരിക്കുന്നു. ഞാന്‍ വീട്ടില്‍നിന്നും ഒളിച്ചോടി കോഴിക്കോട്ടെത്തി. കള്ളവണ്ടി കയറിയാണ്. അല്‍ അമീന്‍ പത്രത്തില്‍ എന്‍റെ നാട്ടുകാരനായ സൈദുമുഹമ്മദ്‌ ജോലി ചെയ്യുന്നുണ്ട്. അദ്ദേഹത്തെ കാണാന്‍ പോയി. ആള്‍ സ്ഥലത്തില്ല. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ബല്ലാരി ജയിലില്‍ തടവില്‍ കഴിയുകയാണ്. ഇനിയെന്തുചെയ്യും? പരിചയക്കാരും സഹായികളും ഇല്ല. കൈയ്യില്‍ കാല്‍ക്കാശില്ല. ആപ്പീസിനുള്ളില്‍ ചൂടുപിടിച്ച വര്‍ത്തമാനം നടക്കുന്നുണ്ട്. എനിക്ക് താത്പര്യം തോന്നിയില്ല. സന്ധ്യയായി. കോലായില്‍ ഇരുന്നു. പിന്നെ ചുരുണ്ടുകൂടി കിടന്നു. അങ്ങനെ ഉറങ്ങാതെ ഏറെ നേരം കിടന്നിരിക്കണം. മുറ്റത്ത് ഒരു ടോര്‍ച്ചുലൈറ്റിന്‍റെ മിന്നിച്ചയും ഷൂസിന്‍റെ ബലമായ ചവിട്ടും.

"ആരാ പുറത്തുകിടക്കുന്നത്?" - ചോദ്യം എന്നോടായിരുന്നു.

"ഞാന്‍ ഇവിടത്തുകാരനല്ല. പറഞ്ഞാല്‍ അറിയില്ല." - ഞാന്‍ അറിഞ്ഞു.

"എന്നാലും പറയൂ." - ദീര്‍ഘകായനായ ആ മനുഷ്യന്‍ നടന്നുമുന്നിലെത്തി.

ഞാന്‍ അല്‍പ്പം ദേഷ്യത്തോടെ പറഞ്ഞു - "ഞാന്‍ ഇവിടത്തുകാരനല്ല. പറഞ്ഞാല്‍ അറിയില്ല."

അതേ ഗൗരവത്തില്‍ത്തന്നെ അദ്ദേഹം ചോദിച്ചു - "ഊണു കഴിച്ചോ?"

"ഇല്ല."

     പേരും മേല്‍വിലാസവും ഇല്ലാതെ തന്നെ ഊണുകഴിഞ്ഞ് ലോഡ്ജില്‍ പായും തലയിണയുമായി സുഖശയനം ചെയ്യുമ്പോള്‍ ഞാന്‍ മനസ്സിലാക്കി, അതാണ് മുഹമ്മദ്‌ അബ്ദുറഹ്മാന്‍.

     ഞാന്‍ സ്വാതന്ത്ര്യസമരപോരാളിയായി സമരം ചെയ്തു. അടിയും ഇടിയും കൊണ്ടു. ലോക്കപ്പുകളിലും ജയിലുകളിലും കിടന്നു. ഇന്ത്യ സ്വതന്ത്രയായി. വെട്ടിമുറിച്ചു ചോരയൊഴുകി അംഗഭംഗം വന്ന ഇന്ത്യ. ഞാന്‍ രാഷ്ട്രീയം വിട്ടുജീവിക്കണമല്ലോ. എനിക്ക് ഒരുപാട് അനുഭവങ്ങളുണ്ട്. അതില്‍ ചിലത് ഞാന്‍ കഥയാക്കി. അങ്ങനെ എഴുത്തുകാരനായി. എന്‍റെ മുന്നില്‍ ഇരുട്ടും വെളിച്ചവും ഇടകലര്‍ന്നുനിന്ന മുസ്ലീം സമുദായമുണ്ടായിരുന്നു. അതിനെക്കുറിച്ചും ചിലതൊക്കെ എഴുതി. ബാല്യകാലസഖിയുടെ സ്ക്രിപ്റ്റ് വായിച്ചുകേട്ട മുസ്ലീം പ്രസാധകര്‍ക്ക് അത് മുസ്ലീം സമുദായത്തെ ആക്ഷേപിക്കുന്നതാണെന്ന് തോന്നി.

     പത്രക്കാര്‍ എന്നോട് ഒരിക്കല്‍ ചോദിച്ചു - "താങ്കളുടെ സാഹിത്യരചനകള്‍ മുസ്ലീം സമുദായത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടോ?" - എന്ന്.

     അന്ന് ഞാന്‍ പറഞ്ഞു - "എന്‍റെ സമുദായം അക്ഷരാഭ്യാസം ഇല്ലാത്തവരാണ്. അവര്‍ വായിക്കാതെ എങ്ങനെ എനിക്ക് അവരെ സ്വാധീനിക്കാന്‍ കഴിയും?"

     ഇന്ന് ആ നില മാറി. വിദ്യാഭ്യാസരംഗത്ത് ഏറ്റവും പിന്നില്‍ നിന്ന മലപ്പുറം ജില്ലയില്‍ മുസ്ലീം പെണ്‍കുട്ടികള്‍ പോലും വലിയ വലിയ ഡിഗ്രികള്‍ നേടിക്കഴിഞ്ഞു. പല കാര്യങ്ങളെക്കുറിച്ചും എനിക്ക് പലരും കത്തയയ്ക്കാറുണ്ട്. ഇത് വിദ്യാഭ്യാസം വരുത്തിയ മാറ്റമാണ്. വിദ്യാഭ്യാസം നിര്‍ബന്ധമാണെന്നും സംസ്ക്കാരമുണ്ടാവണമെന്നും വൃത്തിയായി ജീവിക്കുകയും മറ്റുള്ളവര്‍ക്ക് മാതൃകയാവുകയും ചെയ്യണമെന്നും അനുകമ്പയും കാരുണ്യവും വിശ്വാസത്തിന്‍റെ ഭാഗമാണെന്നും ഞാന്‍ എന്‍റെ കൃതികളിലൂടെ പറഞ്ഞു. ഇന്ന് സമുദായത്തില്‍ അന്ധവിശ്വാസവും അനാചാരവും കുറെയൊക്കെ ഇല്ലാതായി. ഇനിയും ഒരുപാട് മാറ്റം വരാനുണ്ട്. ഞാന്‍ ശുഭാപ്തിവിശ്വാസിയാണ്.  കരുണാമയനായ സര്‍വ്വശക്തന്‍ ഈ രാജ്യത്തെയും ജനങ്ങളെയും പ്രപഞ്ചങ്ങളായ എല്ലാ പ്രപഞ്ചങ്ങളെയും കാത്തുരക്ഷിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

എല്ലാവര്‍ക്കും നന്മ നേരുന്നു.

ശുഭം.

 

(DC BOOKS പുറത്തിറക്കിയ ബഷീര്‍-സമ്പൂര്‍ണ്ണകൃതികള്‍ എന്ന കൃതിയില്‍നിന്നും എടുത്താണ് ഇത് ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

Saturday, June 17, 2023

ഹൃദയമുള്ള സര്‍പ്പം


 

 

 

 

 

- ചങ്ങമ്പുഴ കൃഷ്ണപിള്ള


 

തെറ്റിദ്ധരിച്ചിതന്നെന്നെ നീപോലു,മെന്‍-

കഷ്ടകാലത്തിന്‍റെ ശക്തിമൂലം.

ആരെന്തു ചൊല്‍കിലും ചഞ്ചലമാവുകി-

ല്ലാ മനസ്സെന്നു ഞാന്‍ വിശ്വസിച്ചു.

അല്ലലാണെല്ലാമെനിക്കു, നിന്‍ കണ്മുന-

ത്തെല്ലൊന്നിലേ ചെറ്റു ശാന്തിയുള്ളൂ.

ദുസ്സഹമാണെനി,ക്കേവ,മേതും വെറും

ദുശ്ശങ്കമൂലം ജലാര്‍ദ്രമായാല്‍!

ശത്രുക്കളാണെനിക്കൊക്കെ, നീ മാത്രമേ

മിത്രമായിന്നെനിക്കുള്ളു മന്നില്‍

ലോകമെമ്മട്ടെല്ലാമെന്നെപ്പഴിക്കിലും

ശോകാര്‍ത്തനല്ലതിലൊന്നിലും ഞാന്‍.

നീ മാത്രമൊന്നെന്നെ വിശ്വസിച്ചാല്‍ മതി

നീറുമല്ലെങ്കിലെന്നന്തരംഗം!

വഞ്ചിക്കയില്ലയേ, നിന്നെ മാത്രം പ്രിയേ,

നെഞ്ചിടിപ്പറ്റു ഞാന്‍ വീഴുവോളം!

ചെഞ്ചോര വാര്‍ത്തു പിടയ്ക്കുകില്‍ കൂടിയും

ചഞ്ചലമാവുകില്ലെന്‍ ഹൃദയം.

എന്നെ നീ വിസ്മരിച്ചാലും, മറക്കില്ല

നിന്നെ ഞാനെന്‍ കണ്ണടയുവോളം!

 

സര്‍പ്പമാകാം ഞാന്‍, വിഷം വമിക്കാ,മുഗ്ര-

ദര്‍പ്പവുമുണ്ടാമെനിക്കു, പക്ഷേ-

അത്രയ്ക്കുമാത്രം മനസ്വിനിയാണു നീ-

കൊത്തുകയില്ല ഞാന്‍ നിന്നെമാത്രം!

ഓടക്കുഴല്‍വിളിയായ നിന്മുന്നില്‍നി-

ന്നാടും ഫണം വിരിച്ചോമനേ, ഞാന്‍!

കാണിക്കപോലുമില്ലെന്‍ വിഷപ്പല്ലുകള്‍

പ്രാണനും പ്രാണനായുള്ള നിന്നെ!

 

സര്‍പ്പത്തിനുണ്ടൊരുജ്ജ്വലസൌന്ദര്യം

സത്തമേ, നീയതു കണ്ടറിഞ്ഞു

എന്നല്ല, നീയതില്‍ക്കണ്‍കുളുര്‍ത്തങ്ങനെ

നിന്നതിന്‍ വിസ്തൃതമാം ഫണത്തില്‍,

പൂവിതള്‍കൂടിയും തൊട്ടാല്‍, മുറിപ്പെട്ടു

നോവു,മിളം കൈവിരലുകളാല്‍

ദേഹം പുളകത്തില്‍ മൂടി മൂടി സ്വയം

സ്നേഹപുരസ്സരമോമനിച്ചു!

ഓരോ വിരലും മുറിഞ്ഞു മുറിഞ്ഞയ്യോ

ചോരയൊലിച്ചിട്ടുമോമനിച്ചു!

ലോകം മുഴുവന്‍ വെറുക്കുമതിനു, നീ-

യേകി, നിന്നാര്‍ദ്രമാമന്തരംഗം!-

മന്ദഹസിക്കുമാക്കുന്ദപുഷ്പത്തിലും

സുന്ദരമായുള്ളൊരന്തരംഗം-

അംഗുലീസ്പര്‍ശത്തിലാ വീണക്കമ്പിപോല്‍

സംഗീതം സ്പന്ദിക്കുമന്തരംഗം!

 

സന്ദേഹമില്ലുഗ്രസര്‍പ്പത്തിനുംകൂടി

നന്ദികേടില്ലാ മനുഷ്യനോളം!

നന്നായ് നിനക്കതറിയാം-കൃതജ്ഞനാ-

ണെന്നുമിസ്സര്‍പ്പം, നീ വിശ്വസിക്കൂ!

സന്നദ്ധനാണതിന്‍ പ്രാണനുംകൂടി, നിന്‍

മന്ദസ്മിതത്തിനായ് സന്ത്യജിക്കാന്‍!

മേദുരസ്നേഹാര്‍ദ്രമായൊരാക്കണ്ണുക-

ളാദര്‍ശമൂര്‍ത്തിയായ്ക്കാണ്മിതെന്നെ-

നിന്ദ്യസര്‍പ്പത്തിനെ-ത്തീവ്രമാമീമന-

സ്പന്ദമെമ്മട്ടൊന്നടക്കിടും ഞാന്‍!

ദേവി, നീ കാണുമീമട്ടില്‍, നിന്മുന്നില്‍ ഞാന്‍

ദേവനായ് നില്‍ക്കും മരിക്കുവോളം!

തെറ്റിദ്ധരിക്കരുതെന്നെ നീ മേലില്‍- ഞാന്‍

തെറ്റുചെയ്യില്ല നിന്നോടു ചെറ്റും!....

 

('പ്രൊഫസര്‍ എം കെ സാനു തിരഞ്ഞെടുത്ത മലയാളത്തിന്‍റെ പ്രിയ കവിതകള്‍' എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്. 1944 ഒക്ടോബര്‍ 19നാണ് ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഈ കവിത പ്രസിദ്ധീകരിക്കുന്നത്.)

Monday, May 1, 2023

പ്രണയമെഴുതുക...


 

 

 

- ഗിരീഷ്‌ പുത്തഞ്ചേരി

 

 

പ്രണയമെഴുതുക...

വിരലിന്‍റെ തൂവലാല്‍-

ക്കരളിന്‍റെ ഭിത്തിമേല്‍,

കറ കലരുമന്തരാത്മാവിന്‍റെ പാറമേല്‍!

 

മുറുകുന്ന മുജ്ജന്മബന്ധങ്ങളില്‍, നമ്മ-

ളുരുകുന്ന സൂര്യസംഗീതക്കിടക്കമേല്‍...

അന്ധമാക്കപ്പെടുന്നെന്നു തോന്നിക്കുന്ന

രതിബന്ധനത്തിന്‍റെ താളക്കുടുക്കമേല്‍...

കല്ലേറ്റു മുറിയുന്ന കാലടിപ്പൂക്കളില്‍...

കല്യാണസൌഗന്ധികത്തിന്‍ ദളങ്ങളില്‍!

 

പ്രണയമെഴുതുക...

തൂവെളിച്ചത്തിന്‍റെ-

തുടുമുഖശ്രീകളില്‍,

തുയിലുണരൂ മഹസ്സിന്‍റെയശ്വവേഗങ്ങളില്‍!

 

ഏകാന്തയാമങ്ങളിറ്റുവീഴുന്നൊരീ-

യവസാനരാവിന്‍റെയാകാശനാഭിയില്‍...

ധ്യാനിച്ചു നില്‍ക്കും നിലാവിന്‍റെ നെറ്റിമേല്‍

നാദം വിതുമ്പുന്ന നഗ്നസാരംഗിയില്‍...

കനിവാര്‍ന്നു നില്‍ക്കുന്ന, കടലാവുമോര്‍മ്മയില്‍...

കല്പാന്തമേഘം പിളര്‍ക്കുന്ന മിന്നലില്‍...!

 

പ്രണയമെഴുതുക...

വിറകൊണ്ട വിരലിനാല്‍ നീ നിന്‍റെ

വിരഹസന്താപത്തിന്‍റെ വീണാമുഖങ്ങളില്‍...

പ്രണയമെഴുതുക... പ്രണയമെഴുതുക...!

 

(മാതൃഭൂമി ബുക്ക്സ് പുറത്തിറക്കിയ ഗിരീഷ്‌ പുത്തഞ്ചേരിയുടെ കവിതകള്‍ എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്.)